കേരള രാഷ്ട്രീയചരിത്രത്തിൽ ഏറ്റവും മികച്ച സംഘാടകരായി എടുത്തുകാട്ടാൻ എത്രയോ അധികം പേരുകളുണ്ട്. അതിൽ ഒന്നാം പംക്തിയിലെ അവിഭാജ്യമായ പേരത്രെ കെ എ കേരളീയൻ. കേരളത്തിൽ അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തമായ കേന്ദ്രമായി പഴയ ചിറക്കൽ താലൂക്ക് ചാഞ്ചാട്ടമില്ലാതെ തുടരുന്നത് അത്രയും കരുത്തുറ്റ അടിത്തറയുള്ളതിനാലാണ്. ആ അടിത്തറ പാകുന്നതിന് നേതൃത്വം നൽകിയവരിൽ പ്രധാനിയാണ് കേരളീയൻ. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകസെക്രട്ടറി പി.കൃഷ്-ണപിള്ള കെ.പി.ആർ.ഗോപാലനെക്കുറിച്ചെഴെുതിയ ലഘുലേഖയായ കേരളത്തിലെ ബോൾഷെവിക് വീരൻ എന്നലേഖനത്തിൽ പറഞ്ഞ ഒരു ഭാഗം നോക്കുക ‘‘ചിറക്കൽ താലൂക്കിന്റ വല്ല മുക്കിലും മൂലയിലും കൃഷിക്കാർക്ക് വല്ല ബുദ്ധിമുട്ടുകളും ഉണ്ടായെന്നിരിക്കട്ടെ, അപ്പോൾ കാണാം അവർ നേരിട്ട് കല്യാശ്ശേരിയിലേക്ക്- കെ.പി.ആറിനെയോ കേരളീയനെയോ കാണാൻപോകുന്നത്. കേരളീയനവിടെയില്ലെങ്കിൽ തീർച്ചയായും കെ.പി.ആർ. ഉണ്ടാകും. എല്ലാ അഖിലകേരള സംഘടനകളിലും ചിറക്കൽ താലൂക്കിന്റെ പ്രതിനിധി കേരളീയനായിരിക്കുൂം. പക്ഷേ ഏതെങ്കിലും ഒരു യോഗത്തിനോ സമ്മേളനത്തിനോ അദ്ദേഹത്തിന്റെ പേര്- അഭിപ്രായപ്പെട്ടുനോക്കുക. ഉടനദ്ദേഹം പറയും, കെ.പി.ആർ.വരും. സംഘടിപ്പിക്കാനും സംഭരിക്കാനും കാര്യം നടത്താനും കഴിവുള്ള ആൾ കെ.പി.ആർ.ആണ്. കെ.പി.ആർ. വാസ്-തവത്തിൽ കേരളീയന്റെ പ്രവർത്തനത്തിനുള്ള ആയുധമാണ്. അതൊരു വൻപിച്ച ചുമതലയാണ്’’.
കെ.പി.ആറിനെക്കുറിച്ച് നമുക്ക് വിശദമായി പറയാനുണ്ടെങ്കിലും കേരളീയൻ‐കെ.പി.ആർ. വിപ്ലവസാഹോദര്യത്തിന്റെ തുടക്കത്തിലേക്ക്- ഇപ്പോൾത്തന്നെ എത്തിനോക്കാതിരിക്കാനാവില്ല. കൃഷ്ണപിള്ള ചൂണ്ടിക്കാട്ടിയ കല്യാശ്ശേരി എങ്ങനെയാണ് ആദ്യകാലത്ത് ചുവപ്പിന്റെ തലസ്ഥാനമായതെന്ന് അറിയാതെ മുന്നോട്ടുപോകാനാവില്ല.
നിയമലംഘനസമരത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട കേരളീയനും കെ.പി.ആറുമെല്ലാം ജയിൽ മുക്തരാകുന്നത് 1933ലാണ്. ജയിലിൽവെച്ച് കെ.പി.ആറും കേരളീയനും ഭാരതീയനും കെ.പി.ഗോപാലനുമെല്ലാം ഉത്തരേന്ത്യൻ വിപ്ലവകാരികളുമായി അടുപ്പത്തിലാകുന്നതും തീവ്രവാദത്തിലേക്കാകർഷിക്കപ്പെടുന്നതും ഭാരതീയനെക്കുറിുള്ള ലേഖനത്തിൽ നാം ഓർത്തു. തൊട്ടുമുമ്പ് എ.വി.യെക്കുറിുള്ള ലേഖനത്തിലും ഉത്തരേന്ത്യൻ ബന്ധവും തീവ്രവാദബന്ധവും കണ്ടു. ജയിൽമുക്താനായശേഷം ആദ്യം കേരളീയൻ കെ.പി.ആറിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയാണ്. കേരളീയൻ കെ.പി.ആറിനോട് പറയുകയാണ് “നമ്മളൊക്കെ ജയിലിലായതോടെ ഇവിടെ കോൺഗ്രസ് തകർന്നുപോയെന്നാണ് സർക്കാരും പോലീസുമൊക്കെ വിചാരിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇല്ലെന്ന് തെളിയിക്കാൻ നമുക്കൊരു ജാഥ നടത്തണം. കല്യാശ്ശേരിയിൽനിന്ന് പഴയങ്ങാടിവരെ..’ അങ്ങനെ അതിന് തീരുമാനമാകുന്നു. കുറെ ദിവസത്തെ ശ്രമംകൊണ്ട്- ആറേഴാളുകളെ സംഘടിപ്പിക്കാനായി. ആ ജാഥയോടെയാണ് കല്യാശ്ശേരി വീണ്ടും രാഷ്ട്രീയമായി ഉണരുന്നത്-. കെ.പി.ആറിന്റെ വീട്ടിൽ താമസിച്ചും അവിടെനിന്ന് ഭക്ഷണംകഴിച്ചും കേരളീയൻ കല്യാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങുകയായി. അടുത്തതായി കെ.പി.ആർ. സംഘടിപ്പിച്ചുകൊടുത്ത ഒരു വാടകവീട്ടിലായി താമസം. വാടക സമം പൂജ്യമാണ്. കെ.പി.ആറിന്റെ അനിയൻ കെ.പി.ആർ. രയരപ്പനും ഇ.കെ.നായനാരുടെ ജ്യേഷ്-ഠൻ ഇ.നാരായണൻ നായനാരും പോള കുമാരൻ മാഷും (മൊറാഴ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു) അടക്കമുള്ള ചെറുപ്പക്കാരാണ് സന്തതസഹചാരികൾ. ഏതാനും മാസങ്ങൾക്കകം കല്യാശ്ശേരിയിൽ ഒരു വായനശാല തുടങ്ങാൻ കേരളീയന്റെ ശ്രമം. കെ.പി.ആർ. സ്ഥലം കണ്ടെത്തുന്നു. വായനശാലക്ക്- കെ.പി.ആർ. തന്നെ പേരിടുന്നു. അതാണ് ശ്രീ ഹർഷൻ സ്-മാരകവായനശാല. അടുത്തതായി കേരളീയൻ സന്തതസഹചാരികളോടൊപ്പം നീങ്ങുന്നത്- ബക്കളത്തേക്കാണ്. സംസ്-കൃതപണ്ഡിതനും ആയുർവേദ വൈദ്യരുമായ തറോൽ കണ്ണൻ ഗുരുക്കളുടെ വീട്ടിലേക്ക്-. മുറ്റത്തെത്തി നിന്നപ്പോൾ പ്രതാപശാലിയായ ഗുരുക്കളുടെ ഘനഗംഭീരമായ ചോദ്യം ആരാ, എന്താ? മറുപടി പറഞ്ഞത്- കെ.പി.ആർ.രയരപ്പനാണ്. കേരളീയനാണ്. ഗുരുക്കളുടെ ചോദ്യം വീണ്ടും സംസ്-കൃതം അറിയുമോ? അല്പാല്പമെന്ന് കേരളീയന്റെ മറുപടി. അപ്പോഴതാ വീണ്ടും ചോദ്യം വ്യാകരണം ഉണ്ടാക്കിയത്- ആരാണ്… പാണിനി എന്ന് കേരളീയന്റെ മറുപടി. അപ്പോ വിവരമുണ്ടല്ലോ… ഇനി ബക്കളത്തുവന്നാൽ ഇവിടെയാണ് ഭക്ഷണം… ഗുരുക്കൾക്ക് നന്നായി ബോധിച്ചു. എന്താ വന്നതെന്നായി അടുത്ത ചോദ്യം. നമുക്ക് ഈനാട്ടിൽ ഒരു വായനശാലയുണ്ടാക്കണം എന്ന കേരളീയൻ. അതിന് ഞാനെന്ത് വേണമെന്ന് ഗുരുക്കൾ. സ്ഥലം വേണമെന്ന് കേരളീയൻ. എങ്കിൽ നടക്കൂ എന്ന് ഗുരുക്കൾ. ബക്കളത്ത് തന്റെ ഉടമസ്ഥതയിലുള്ള രണ്ടുമുറി കടയിലേക്കാണ് വൈദ്യർ അവരെ നയിച്ചത്. കട നടത്തിപ്പുകാരനായ മണിയമ്പാറ കുഞ്ഞമ്പുവിനോട് ഗുരുക്കൾ ആജ്ഞാസ്വരത്തിൽ പറഞ്ഞു, കുഞ്ഞമ്പൂ, നിന്റെ സാധനങ്ങളെല്ലാം ഒരു മുറിയിലേക്ക് മാറ്റ്. മറ്റേ മുറി നമുക്ക് വായനശാലയാക്കണം. അങ്ങനെയാണ് മൊറാഴ വില്ലേജിൽ ആദ്യമായി വായനശാലയും കർഷകസംഘം ഓഫീസും കോൺഗ്രസ് ഓഫീസുമെല്ലാമായി ഒരു കേന്ദ്രമുണ്ടാകുന്നത്-. ഗുരുക്കളുടെ അനുജനായ കുട്ട്യപ്പയെ കേരളീയൻ പാട്ടിലാക്കി. കുട്ട്യപ്പ പ്രസിഡന്റായാണ് കർഷകസംഘമുണ്ടാക്കിയത്-. പിന്നീട്- കല്യാശ്ശേരിയിലോ ബക്കളത്തോ വരുന്ന ദിവസങ്ങളിലെല്ലാം കേരളീയൻ ആ വായനശാലയിലെത്തും. മുറ്റത്ത് നിന്ന് പ്രസംഗിക്കും. ദിവസേനയെന്നോണം കേൾവിക്കാർ കൂടിക്കൂടിവന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് കേന്ദ്രമായി മൊറാഴയെ, ആന്തൂരിനെ മാറ്റിയെടുക്കുന്നതിനുള്ള തറകെട്ടുകയായിരുന്നു കേരളീയൻ. ആ വായനശാലയാണിന്ന് തറോൽ കണ്ണൻ ഗുരുക്കൾ സ്മാരകവായനശാലയായി പുനർനാമകരണം ചെയ്ത് പ്രവർത്തിക്കുന്നത്-.
അടുത്തതായി സന്തതസഹചാരികളായ ചെറുപ്പക്കാരോടൊപ്പം കേരളീയൻ പറശ്ശിനി മുത്തപ്പൻ മടപ്പുരയിലേക്ക് പോകുന്നു. അവിടത്തെ മടയൻ തന്റെ നാട്ടുകാരനാണ്, ചെറുതാഴക്കാരൻ. പറശ്ശിനി മടപ്പുരയും കരക്കാട്ടിടം നായനാരും തമ്മിൽ വലിയ തർക്കത്തിലാണ്. ഹൈക്കോടതിയിൽ കേസുനടക്കുന്നു. കരക്കാട്ടിടത്തിന്റെ വകയായ കടമ്പേരി ദേവസ്വത്തിന്റെ കീഴിലാണ് മടപ്പുര എന്നും അതിനാൽ ഉടമസ്ഥാവകാശം കരക്കാട്ടിടം ജന്മികുടുംബത്തിനാണെന്നുമാണ് വാദം. കേസ് കൊടുമ്പിരികൊള്ളവേയാണ് കേരളീയൻ മടപ്പുരയിലെത്തുന്നത്. എന്താ വന്നതെന്ന മടയന്റെ ചോദ്യത്തിന് കേരളീയന്റെ ഉത്തരം കൃഷിക്കാരുടെ സംഘമുണ്ടാക്കാനെന്ന്. ആർക്കെതിരെയാണ് സംഘമെന്ന ചോദ്യത്തിന് കരക്കാട്ടിടം പോലത്തെ ജന്മിമാർക്കെതിരായെന്ന മറുപടി. ഇനി നിങ്ങൾ ഇവിടെ താമസിേച്ചോ, ഇവിടെനിന്ന് ഉണ്ടോളൂ, കമ്യൂണിസ്റ്റുകാർക്ക് ഇവിടെ താമസിക്കാം, ഉണ്ണാം…. മടയൻ കേരളീയനിൽ നന്നായി പ്രസാദിച്ചു. അങ്ങനെയാണ് പറശ്ശിനിയുടെ ചുവപ്പിന് തുടക്കം കുറിച്ചത്. പാർട്ടി നിരോധിക്കപ്പെട്ട കാലത്തും മടപ്പുരയിലെ കരിഞ്ചിയേടത്തി കമ്മ്യൂണിസ്റ്റുകാർക്ക് ഒരു കലം ചോറവിടെ കരുതിവെച്ചു.
പറശ്ശനിക്കടവിന്റെ അക്കരയാണ് കൊളരേി. അവിടെ ഭാരതീയമന്ദിരത്തിലാണ് കേരളത്തിൽ കർഷകസംഘം ആദ്യം രൂപീകരിക്കുന്നത്. അതിന്റെ പ്രസിഡന്റെ ഭാരതീയനും സെക്രട്ടറി കേരളീയനുമാണെന്ന് നേരത്തെ സൂചിപ്പിുകഴിഞ്ഞതാണ്. പറശ്ശിനിയിൽ കേരളീയന് ഓഫീസ് സൗകര്യവും മടയൻ അനുവദിച്ചു. ആ മേഖലയിലെ കൃഷിക്കാരെയും കള്ളുചെത്ത് തൊഴിലാളികളെയും സംഘടിപ്പിച്ചു. അക്കൂട്ടത്തിൽനിന്ന് കുഞ്ഞിക്കണ്ണൻ എന്ന പ്രവർത്തകനെ മികച്ച കേഡറായി വളർത്തി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചുകൊണ്ടാണ് കർഷകസംഘത്തിന്റെ ചിറക്കൽ താലൂക്ക് സമ്മേളനം 1936‐ൽ അവിടെ നടത്തിയത്. അതിലാണ് കെ.പി.ആർ. പ്രസിഡന്റും കേരളീയൻ സെക്രട്ടറിയുമായി താലൂക്ക് കർഷകസംഘം നിലവിൽവന്നത്. സംഘത്തിന്റെ ഓഫീസ് കല്യാശ്ശേരിയിൽ ആറോൺമിൽ തൊഴിലാളിയായ ഈ അപ്പയുടെ വീട്ടിലാണ് പ്രവർത്തിച്ചത്. കേരളീയൻ അവിടെ താമസിച്ച് താലൂക്കിലാകെ സഞ്ചരിച്ചു. കെ.പി.ആർ.ഗോപാലന്റെ നിർദേശാനുസരണം കെ.പി.ആർ. രയരപ്പനും കെ.വി.നാരായണൻ നമ്പ്യാരും ഓഫീസിലെ സഹായികൾ. കേരളീയന് കെ.പി.ആറിന്റെ വീട്ടിൽനിന്ന് കൃത്യമായി ചോറുകൊണ്ടുകൊടുക്കുന്നത് കെ.പി.ആർ.രയരപ്പന്റെ അധികുമതല.
പറശ്ശിനിയിൽ കോരൻമാഷുടെ വീട്ടിലെ മുകളിലത്തെ മുറിയാണ് കേരളീയന്റെ ഓഫീസ്. സർക്കുലറുകളും കൊടിയുമെല്ലാം അവിടെയാണ് സൂക്ഷിക്കുക. പുലർച്ചെ കിഴക്കൻമലയോരത്തേക്ക് പോകുന്ന ചരക്കുതോണികളിൽ കളളുതോണികളിലാണ് അതെല്ലാം ഓരോ സ്ഥലത്തേക്കും കൊടുത്തയക്കുക. സമരകാലങ്ങളിൽ കേരളീയനും തോണിയിൽ കയറും ഓരം ചേർന്നുപോകുന്ന തോണിയിൽ നിന്ന് മെഗഫോണിൽ പ്രസംഗിക്കുകയും സമരഗാനങ്ങൾ ആലപിക്കുകയും ചെയ്‌തുകൊണ്ട് കേരളീയൻ ഉണ്ടാകും.
ചെറുതാഴത്ത്- കുഞ്ഞിമംഗലം അധികാരി വാരിക്കൽ പടിഞ്ഞാറേ വീട്ടിൽ കുഞ്ഞിരാമൻ നായരുടെയും മാവിലായിക്കടുത്ത് കാടാച്ചിറയിലെ കടയപ്രത്ത് പാർവതിയമ്മയുടെയും മകനായി 1908 ഏപ്രിൽ 15നാണ് കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാർ ജനിച്ചത്. കുഞ്ഞപ്പ എങ്ങനെ കേരളീയനായി എന്ന് ഭാരതീയനെക്കുറിച്ചുള്ള അധ്യായത്തിൽ നാം വിശദീകരിച്ചു. ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ വിളക്കുംതറ മൈതാനത്ത് പൊതു യോഗം സംഘടിപ്പിച്ചതിന് അറസ്റ്റിലാവുകയും കോടതിയിൽ പേര് ചോദിച്ചപ്പോൾ പറയാതെ ഒടുവിൽ നിർബന്ധിപ്പോൾ കേരളീയൻ എന്ന് പറയുകയും അത് സ്ഥിരമാവുകയുമായിരുന്നു. കുഞ്ഞിമംഗലം ബോഡ് സ്കൂളിൽ അഞ്ചാംക്ലാസ് വരെ പഠിച്ച കുഞ്ഞപ്പയെ പിന്നീട് സംസ്കൃതം പഠിപ്പിച്ച് ജ്യോത്സ്യനാക്കാനാണ് പിതാവ് താല്പര്യപ്പെട്ടത്-. അതിന് വഴങ്ങാതെ പിതൃഗൃഹം വിട്ട് മാതൃഗൃഹത്തലേക്ക്- പോയ കുഞ്ഞപ്പ പെരളശ്ശേരി സ്-കൂളിൽ ചേർന്നു. അവിടെ ബന്ധുകൂടിയായ എ.കെ.ഗോപാലൻ അധ്യാപകനാണ്. എ.കെ.ജി. രാഷ്ട്രീയത്തിൽ എത്തിക്കഴിഞ്ഞിട്ടില്ല. കേരളീയനടക്കം അംഗമായ ഉപ്പുസത്യഗ്രഹജാഥയെ വരവേറ്റുകൊണ്ടാണ് എ.കെ.ജി. രാഷ്ട്രീയത്തിൽ സജീവമാകുന്നത്-. പെരളശ്ശേരി സ്-കൂളിൽ രണ്ടുവർഷം പഠിച്ചശേഷം പയ്യന്നൂർ സ്-കൂളിലേക്ക്- മാറുകയാണ്. വീണ്ടും പിതൃഗൃഹത്തിൽ താമസം. എന്നാൽ സ്-കൂൾ ഫൈനൽ പൂർത്തിയാക്കാനായില്ല. പിതാവ്- മുമ്പ്-്- ലക്ഷ്യമിട്ടതുപോലെ സംസ്-കൃതം പഠിക്കാൻ തഞ്ചാവൂരിലേക്ക്- പോവുകയാണ് കുഞ്ഞപ്പ. അവിടെ മഹകാവി പി.കുഞ്ഞിരാമൻ നായർ സതീർഥ്യൻ. പിന്നീട്- അവിടെനിന്ന് 1927‐ഓടെ കാഞ്ഞങ്ങാട്ട്- വിദ്വാൻ പി.കേളുനായരും എ.സി.കണ്ണൻ നായരുമെല്ലാം ചേർന്ന് നടത്തുന്ന വിജ്ഞാനദായിനി ദേശീയപാഠശാലയിൽ ചേരുന്നു. അവിടെ അധ്യാപകനായി കോൺഗ്രസ്- നേതാവ്- കെ.ടി.കുഞ്ഞരാമൻ നമ്പ്യാർ. സഹപാഠിയായി കെ.മാധവൻ. അവിടെ പഠിക്കുമ്പോഴാണ് 1928‐ലെ നാലാം കേരളരാഷ്ട്രീയ സമ്മേളനം പയ്യന്നൂരിൽ നടക്കുന്നത്-. നടത്തിപ്പ്- നേതൃത്വം വിദ്വാൻ പി.കേളുനായർ. കെ.മാധവനോടൊപ്പം കുഞ്ഞപ്പയും പയ്യന്നൂരിൽ കോൺഗ്രസ്- സമ്മേളനത്തിന്റെ പ്രവർത്തനത്തിൽ. നെഹ്-റുവിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പൂർണസ്വരാജ്- പ്രമേയം പാസാക്കുന്നു. ആവേശത്തോടെ തിരികെയെത്തിയ കുഞ്ഞപ്പ മുഴുവൻസമയവും കോൺഗ്രസ്- പ്രവർത്തനത്തിലേക്ക്. 1930‐ലെ ഉപ്പ്-സത്യാഗ്രഹജാഥയിലും ഉപ്പ്- കുറുക്കൽ സമരത്തിലും മുൻനിരപങ്കാളിത്തം.
നിയമലംഘനത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയവെ ഭാരതീയനും കേരളീയനും കെ.പി.ഗോപാലനും ഉത്തരേന്ത്യൻ വിപ്ലവകാരികളുമായി ബന്ധംവെക്കുകയും തീവ്രവാദത്തിലേക്ക്- ആകർഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്-്-. ബംഗാളിലെ അനുശീലൻ സമിതിയുടെ ഘടകമായി തീവ്രവാദി സംഘടന രൂപീകരിക്കാൻ ഒരുമ്പെടുന്നുമുണ്ട്-. അത്- മുളയിലേ പരാജയപ്പെടുകയും കൃഷ്-ണപിള്ളയുടെ സ്വാധീനത്തിൽ ആ ചിന്തയിൽ മാറ്റംവരികയുമാണ്. 1934‐35 കാലത്ത് കോഴിക്കോട്ട് തിരുവണ്ണൂർ കോട്ടൺമില്ലിലും മറ്റം തൊഴിലാളി പണിമുടക്ക് നടക്കുമ്പോൾ കൃഷിക്കാരടക്കമുള്ള മറ്റു ജനവിഭാഗങ്ങളുടെ പിന്തുണ തേടാനും സമരത്തിന് സഹായം സംഭരിക്കാനും നേതൃത്വം നൽകാൻ കേരളീയനെയാണ് കൃഷ്-ണപിള്ള ചുമതലപ്പെടുത്തിയത്-. ആ പ്രവർത്തനങ്ങൾക്കിടെയാണ് കോൺഗ്രസ്- സോഷ്യലിസ്റ്റ് പാർട്ടിയുടെ മലബാർ കമ്മിറ്റി യോഗത്തിൽ കേരളീയൻ കർഷകപ്രസ്ഥാനം പ്രത്യേകമായി സംഘടിപ്പിച്ച് ജന്മിത്ത ചൂഷണത്തിനെതിരെ പൊരുതണമെന്ന് നിർദേശിക്കുന്ന ഒരു രേഖ അവതരിപ്പിക്കുന്നത്-. കൃഷ്-ണപിള്ളയ്-ക്ക്- അത്- ഏറെ മതിപ്പുണ്ടാക്കി. കർഷകപ്രസ്ഥാനം ആദ്യം ചിറക്കൽ താലൂക്കിൽ രൂപീകരിച്ച്- വ്യാപിപ്പിക്കാം എന്ന തീരുമാനത്തോടെ കേരളീയനെ ചിറക്കിലിലേക്ക്- അയയ്‌ക്കുകയാണ് സഖാവ്-. ആദ്യത്തെ സംഘം കൊളേരിയിലാവട്ടെ എന്നും ഭാരതീയമന്ദിരത്തിൽത്തന്നെ വേണമെന്നും ഭാരതീയൻ ഉണ്ടാകുന്നത്- ഗുണകരമാവുമെന്നും സഖാവ്- നിർദേശിച്ചു. കൊളരേിയിലാവട്ടെ അതിനുള്ള ഭൗതികസാഹചര്യം രൂപപ്പെട്ടിട്ടുമുണ്ടായിരുന്നു. അതായത്- മുരത്ത ജന്മിത്ത ചൂഷണത്തിൽ നാട്ടുകാർ പൊറുതിമുട്ടിയിരിക്കുയാണ്. ഭാരതീയനാണെങ്കിൽ രാഷ്ട്രീയ വീക്ഷണത്തോടെയല്ലെങ്കിലും ചൂഷണത്തിനെതിരെ സമരാസക്തനായിരുന്നു. എന്നാൽ കടുത്ത ഭക്തനും ക്ഷേത്രവിശ്വാസിയുമായ ഭരാതീയനെ എങ്ങനെ ഒരു ഇടതുപക്ഷ സംഘടനയിൽ കൊണ്ടുനടക്കാനാവുമെന്ന് കേരളീയൻ അമ്പരന്നു. കേരളീയനെക്കുറിച്ച് ഭാരതീയന്റെ പരാതി സംസ്-കൃതത്തിലും പുരാണേതിഹാസങ്ങളിലും പണ്ഡിതനെങ്കിലും കടുത്ത നാസ്-തികനാണ് എന്നതാണ്. പുരാണേതിഹാസങ്ങളെയും വിശ്വാസത്തെയും തരംകിട്ടുമ്പോഴെല്ലാം അവമതിക്കുന്നുവെന്ന ആരോപണവും. കൃഷ്-ണപിള്ളയുടെ നിർദേശാനുസരണം പലതവണ ചർച്ച നടത്തിയിട്ടും അവർ സമവായത്തിലെത്തിയില്ല. ഒടുവിൽ കൃഷ്-ണപിള്ള ഏൽപിച്ച ദൗത്യം കേരളീയൻ വിജയകരമായി പൂർത്തിയാക്കുകതന്നെ ചെയ്-തു. ഭാരതീയന്റെ വീട്ടിൽത്തന്നെ രൂപീകരണയോഗം, ഭാരതീയൻ തന്നെ പ്രസിഡന്റ്-. കൊളേരി കർഷകസംഘത്തിന്റെ സെക്രട്ടറിയായ കേരളീയൻ ചിറക്കൽ താലൂക്ക്- സംഘം സെക്രട്ടറിയായി, തുടർന്ന് അഖിലമലബാർ കർഷകസംഘം സെക്രട്ടറിയായി. കൃഷിക്കാരൻ എന്ന മാസികയുടെ പത്രാധിപരായി. കമ്യൂണിസ്റ്റ്- പാർട്ടിയുടെ പിണറായി പാറപ്രം സമ്മേളനത്തിൽ പങ്കുകൊണ്ടു. ചിറക്കൽ താലൂക്ക്- പാർട്ടി സെക്രട്ടറിയായി, പിന്നീട്- അവിഭക്ത പാർട്ട-ിയുടെ മലബാർ മേഖലാ ചുമതലക്കാരനും കേരള സംസ്ഥാന സെക്രട്ടേറിയറ്റംഗവും കേന്ദ്ര കമ്മിറ്റി അംഗവുമെല്ലാമായി പ്രവർത്തിച്ചു. ജയിലിലും ഒളിവിലുമായി വർഷങ്ങൾ നീണ്ട ത്യാഗോജ്ജ്വലപ്രവർത്തനം. ആ മഹനീയമായ വിപ്ലവപ്രവർത്തനങ്ങളെയാകെ വിവരിക്കുകയല്ല, ആ സവിശേഷ നേതൃവൈഭവത്തിന്റെ, ബഹുജനങ്ങൾക്കിടയിലെ സംഘടനാപ്രവർത്തനത്തിന്റെ താരതമ്യമേയില്ലാത്ത മേന്മയുടെ സൂചനകൾ നൽകുക മാത്രമാണിവിടെ.
തൊള്ളായിരത്തി നാല്പതുകളിൽ വസൂരി പടർന്നുപിടിച്ചപ്പോൾ ആതുരശുശ്രൂഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ കേരളീയൻ നടത്തിയ പ്രവർത്തനത്തെക്കുറിച്ച്- ഡോ.പി.കെ.ആർ.വാരിയർ ഒരു സർജന്റെ ഓർമക്കുറിപ്പുകൾ എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്-. 1945‐ൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വസൂരി വ്യാപിച്ചു. നൂറുകണക്കിനാളുകൾ പരിചരണമില്ലാതെ മരിച്ചു. പാർട്ടിയുടെ നിർദേശാനുസരണം, മദിരാശിയിൽനിന്ന് എം.ബി.ബി.എസ്-. വിദ്യാർഥിയായ പി.കെ.ആർ.വാരിയർ, ആന്ധ്രയൽനിന്നുള്ള ഡോ.കാശനാഥ്- തുടങ്ങിയവരടങ്ങിയ സംഘം കണ്ണൂരിലെത്തി. ചെങ്ങളായിയിൽ ബോട്ടിൽ എത്തിയ അവരെ രോഗബാധിതമേഖലകളിലേക്ക്- കേരളീയനാണ് നയിച്ചത്-. കാടുംമേടും താണ്ടി ഒറ്റയടിപ്പാതയിലൂടെയുള്ള ആ യാത്രക്കിടയിൽ എള്ളെരിഞ്ഞിയിലും മറ്റു മലയോരമേഖലകളിലും കേരളീയൻ ഓരോ കുടിലിലും കയറുന്നു. അവർക്ക്- പറയാൻ പരാതികളേറെ. അവർ അടുത്ത സ്ഥലത്തേക്ക്- കേരളീയനെ അനുഗമിക്കുന്നു. ഏതുവീട്ടിലെത്തിയാലും ആ വീട്ടുകാരനാകുന്ന കേരളീയന്റെ പെരുമാറ്റവും അദ്ദേഹത്തോടുള്ള ജനങ്ങളുടെ സ്-നേഹവായ്-പ്പും അദ്-ഭുതപ്പെടുത്തിയെന്നും ആ മേഖലയിൽ മറ്റൊരു കൊടിയും ഭാവിയിൽ പാറില്ലെന്നുതോന്നിപ്പോയെന്നുമാണ് ഡോ.വാരിയർ എഴുതിയത്-.
കേരളീയന്റെ കാഡർ റിക്രൂട്ട്-മെന്റിനെക്കുറിച്ച് രണ്ട്- ഉദാഹരണം മാത്രം ഇവിടെ ചേർക്കട്ടെ. 1939‐ൽ പത്താം കേരളരാഷ്ട്രീയസമ്മേളനം ബക്കളത്ത്- കോൺഗ്രസ്- സോഷ്യലിസ്-റ്റ് നേതൃത്വത്തിൽ സംഘടിപ്പിക്കുയാണ്. അവിടേക്ക്- മലപ്പട്ടത്തുനിന്ന് പ്രതിനിധിയായെത്തിയതാണ് അളോറ ഗോവിന്ദൻ നമ്പ്യാർ. അദ്ദേഹം അനന്തരവനായ കുഞ്ഞിക്കണ്ണനെയും ഒപ്പം കൂട്ടിയിരുന്നു. കുഞ്ഞിക്കണ്ണൻ എട്ടാംതരം പാസായി ആയിടെ സ്-കൂളിൽ അധ്യാപകനായതാണ്. എങ്കിലും കുട്ടി. ഗോവിന്ദൻ നമ്പ്യാരോടൊപ്പം ഒരു ചെറുബാല്യക്കാരനെ കണ്ട്- കേരളീയൻ അടുത്തുവന്നു. ഈ കുട്ടിയാരാ എന്ന് ചോദ്യം. മരുമകനെന്ന് മറുപടി. ഈ കുട്ടിയെ പ്രസ്ഥാനത്തിന് വിട്ടുതരണമെന്ന് കേരളീയൻ. കാവുമ്പായി സമരനായകനായ എ.കുഞ്ഞിക്കണ്ണൻ കർഷകപ്രസ്ഥാനത്തിന്റെ, കമ്മ്യൂണിസ്റ്റ്- പാർട്ടിയുടെ മുഴുവൻസമയ പ്രവർത്ത-കനായി പോരാളിയായി അങ്ങനെ റിക്രൂട്ട്- ചെയ്യപ്പെടുകയാണ്.
തൊള്ളായിരത്തി മുപ്പതുകളുടെ അവസാനകാലത്ത്- ഒരുദിവസം കേരളീയൻ കയരളത്ത്- ക്യാമ്പ്- ചെയ്യുകയാണ്. വായനശാലയിലാണ് ക്യാമ്പ്-. വാനശാലയുടെ മുമ്പിലത്തെ വയലിൽ കുട്ടികളുടെ ചടുകുടു കളി. അൽപം നീണ്ടുതടിച്ച ഒരു പയ്യൻ ദൂരെനിന്ന് നടന്നുവരുന്നതുകണ്ട്- മറ്റു കുട്ടികൾ പരിഭ്രമിക്കുന്നു. എന്താ കാര്യം എന്നുചോദിപ്പോൾ അവൻ മഹാ പോക്കിരിയാണെന്നും കളി നിർത്തിവെച്ച്- അവനെക്കൂടി കൂട്ടിയില്ലെങ്കിൽ അടിയാവുമെന്നും മറുപടി. ആ കുട്ടിയാണ് അറാക്കൽ കുഞ്ഞിരാമൻ. അറാക്കൽ അടക്കമുള്ള കുട്ടികളുടെ കളി മുഴുവൻ കാണുകയാണ് കേരളീയൻ. അന്നുതന്നെ റിക്രൂട്ട്-മെന്റും നടന്നുകഴിഞ്ഞു‐ കർഷകസംഘത്തിന്റെയും കമ്മ്യൂണിസ്റ്റ്- പാർട്ടിയുടെയും ഉശിരൻപോരാളിയായി കേരളീയന്റെ ശിക്ഷണത്തിൽ അറാക്കൽ. മൊറാഴ സംഭവത്തിലെ നായകരിലൊരാളായ അറാക്കൽ. നാല്പതുകളിലെ സമരങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവുംകൂടുതൽക്കാലം ജയിലിൽ കഴിയേണ്ടിവന്ന കമ്യൂണിസ്-റ്റുകാരൻ.
എം.പി.യോ മന്ത്രിയോ എം.എൽ.എ.യോ ഒന്നുമായില്ലെങ്കിലും മലബാറിലെ മുൻതലമുറ ജനമനസ്സിൽ ഏറ്റവും പ്രയപ്പെട്ടസ്ഥാനംനേടിയ വിപ്ലവകാരിയായിരുന്നു കേരളീയൻ.