Saturday, November 9, 2024

ad

Homeകവര്‍സ്റ്റോറിപലസ്തീന്‍: പ്രതിരോധത്തിന്റെ കവിത

പലസ്തീന്‍: പ്രതിരോധത്തിന്റെ കവിത

“പലസ്തീന്‍ അറബികളുടേതാണ്, 
ഇംഗ്ലണ്ട് ബ്രിട്ടീഷുകാരുടെയും 
ഫ്രാന്‍സ് ഫ്രഞ്ചുകാരുടെയും 
ആയിരിക്കുംപോലെ തന്നെ”

– മഹാത്മാ ഗാന്ധി ( 1938)

1948ല്‍ പലസ്തീന്‍ സയണിസ്റ്റുകളുടെ കയ്യില്‍ അകപ്പെട്ടതോടെ അവിടത്തെ അറബ് ജനതയുടെ സംഖ്യയിലും ജീവിതഘടനയിലും കാര്യമായ മാറ്റങ്ങളുണ്ടായി. ആയിരത്തില്‍ അഞ്ഞൂറ് ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു. 11 പട്ടണങ്ങള്‍ വിജനമായി. നാട്ടില്‍ ജീവിതം തുടര്‍ന്ന രണ്ടു ലക്ഷത്തോളം അറബികളില്‍ മുക്കാല്‍ ഭാഗത്തിന്റെയും ഉപജീവനമാര്‍ഗ്ഗം കൃഷി ആയിരുന്നു. നഗരങ്ങള്‍ മിക്കവയും യുദ്ധകാലത്തും പിന്നീടുമായി ഒഴിപ്പിക്കപ്പെട്ടു. അറബ് രാഷ്ട്രീയ- സാംസ്കാരികജീവിതത്തിന്റെ കേന്ദ്രങ്ങളായിരുന്നു ആ നഗരങ്ങള്‍. സയണിസ്റ്റുകള്‍ ക്രമേണ അവയെ ചുറ്റിവളഞ്ഞു മര്‍ദ്ദനമുറകള്‍ നടപ്പാക്കാന്‍ തുടങ്ങി. അറബ് വ്യക്തിത്വത്തിന്റെ എല്ലാ സവിശേഷതകളും നശിപ്പിക്കുകയും പുതിയ ജീവിതരീതികളും ചിന്താക്രമങ്ങളും അടിച്ചേല്‍പ്പിച്ച് അറബികളെ തങ്ങളുടെ രാഷ്ട്രീയ-–സാഹിത്യ ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കുകയുമായിരുന്നു അവരുടെ ലക്‌ഷ്യം. അന്നുവരെയും പലസ്തീൻ സാഹിത്യം ഇരുപതാം നൂറ്റാണ്ടിലെ അറബ് സാഹിത്യത്തിന്റെ മുഖ്യധാരയുടെ ഭാഗമായിരുന്നു. അന്ന് സാഹിത്യത്തെ നയിച്ചിരുന്ന ലെബനീസ്, ഈജിപ്ഷ്യന്‍, സിറിയന്‍ എഴുത്തുകാരുടെ സ്വാധീനം അതില്‍ പ്രകടമായിരുന്നു. അറേബ്യന്‍ തലസ്ഥാനനഗരങ്ങളില്‍ നിന്നാണ് പ്രധാന പലസ്തീൻ എഴുത്തുകാര്‍ പ്രചോദനവും പ്രോത്സാഹനവും സ്വീകരിച്ചിരുന്നത്.

1948 നു ശേഷം പലസ്തീന് പുറത്തു കഴിയേണ്ടി വന്ന എഴുത്തുകാരുടെ പലസ്തീനിയന്‍ സാഹിത്യം ‘നാടുകടത്തലിന്റെ സാഹിത്യം’ എന്ന് പേരിടാവുന്ന ഒരു നവസാഹിത്യപ്രസ്ഥാനത്തിന്നു ജന്മം നല്‍കി. കവിതയിലാണ് പുതിയ സങ്കേതങ്ങളും ഭാവ-രൂപങ്ങളും അധികവും പ്രതിഫലിച്ചത്. ദേശീയത കവിതയുടെ പുതിയ ഊര്‍ജ്ജകേന്ദ്രമായി മാറി. അറേബ്യയിലും വിദേശങ്ങളിലും ഉയര്‍ന്നു വന്ന ആധുനികകവിതയോട് അത് ഒരു സംഭാഷണം ആരംഭിച്ചു എന്നു പറയാം. അതോടെ അതിവൈകാരികമായിരുന്ന കവിതയുടെ പഴയ രീതികള്‍ ദുര്‍ബ്ബലമായി, സാമ്പ്രദായികരൂപങ്ങളില്‍ നിന്നും കുതറി മാറി. ചിലപ്പോള്‍ ആഴമേറിയ ദുഃഖമായും ചിലപ്പോള്‍ പ്രതിഷേധമായും അറബ് കവികള്‍ സ്വന്തം പ്രതികരണങ്ങള്‍ രേഖപ്പെടുത്തി. അത് തങ്ങളുടെ പുതിയ യാഥാര്‍ത്ഥ്യം ആവിഷ്കരിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു.

അധിനിവേശിത പലസ്തീനിലെ അവസ്ഥയുടെ സവിശേഷതകളെ ഇങ്ങനെ സംഗ്രഹിക്കാം:

1. അവശേഷിച്ച പലസ്തീന്‍കാരില്‍ അധികം പേരും എഴുത്തുകാരുടെയോ കലാകാരരുടെയോ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാന്‍ മാത്രം സാംസ്കാരിക പശ്ചാത്തലം ഉള്ളവരായിരുന്നില്ല.

2. ഗ്രാമീണവിഭാഗത്തില്‍ നിന്നുവരുന്ന വാസനയുള്ള ചെറുപ്പക്കാരെ സ്വീകരിച്ച് പ്രോത്സാഹിപ്പിക്കാറുള്ള അറബ് പട്ടണങ്ങള്‍ ശത്രുവിന്റെ കയ്യില്‍ ആയിരുന്നു.

3. അറബ് ജനത അറബ് രാജ്യങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടുപോയിരുന്നു.

4. അറബികളുടെ മേല്‍ ഭീകരമായ ആധിപത്യം അടിച്ചേല്‍പ്പിച്ച സയണിസ്റ്റുകള്‍ അറബ് ജനതയുടെ മേല്‍ പലതരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനും അവരുടെ സാഹിത്യം സെന്‍സര്‍ ചെയ്യുവാനും ആരംഭിച്ചു.

5. പ്രസിദ്ധീകരണം, വിതരണം ഇവ മിക്കവാറും അസാദ്ധ്യമാക്കുന്നവയായിരുന്നു പുതിയ നിയന്ത്രണങ്ങള്‍.

6. അറബികള്‍ക്ക് വിദേശഭാഷകള്‍ പഠിക്കാന്‍ ഒരു സൗകര്യവും ഉണ്ടായിരുന്നില്ല. ഹൈസ്കൂളില്‍ പോകാന്‍ തന്നെ വളരെ കുറച്ചു പേര്‍ക്കേ അനുവാദം ഉണ്ടായിരുന്നുള്ളൂ; കോളേജിലാകട്ടെ ആര്‍ക്കും ചേരാന്‍ അനുമതി ഇല്ലായിരുന്നു. പീഡനത്തിന്റെ ഇരുട്ടില്‍ ഇരുന്നാണ് അറബ് ജനത സ്വയം നിലനിര്‍ത്താനും ആവിഷ്കരിക്കാനും മാര്‍ഗ്ഗങ്ങള്‍ തേടിയത്.

എന്നിട്ടും അവര്‍ ഇപ്പോള്‍ തങ്ങളുടേതായ, ജീവന്‍ തുടിക്കുന്ന, ഒരു പ്രതിരോധസാഹിത്യത്തിനു പിറവി നല്‍കിയിരിക്കുന്നു. ഈ പ്രതിരോധത്തിന്റെ ആദ്യത്തെ തരംഗം കവിതയിലാണ് പ്രത്യക്ഷപ്പെട്ടത് എന്നത് സ്വാഭാവികമായിരുന്നു: കവിതയ്ക്കു വായില്‍ നിന്ന് വായിലേക്ക് സഞ്ചരിക്കാനും പ്രസിദ്ധീകരിക്കപ്പെടാതെ തന്നെ ജനങ്ങളിലെത്താനും കഴിയുമല്ലോ. അതുകൊണ്ടു തന്നെ ആദ്യകാലത്തെ പ്രതിരോധകവിത സാമ്പ്രദായികമായ രൂപങ്ങള്‍ ആണ് സ്വീകരിച്ചത്, ചൊല്ലാനും കാണാതെ പഠിക്കാനും പെട്ടെന്ന് വികാരം ഉണര്‍ത്താനും കഴിവുള്ള പഴയ രൂപങ്ങളാണ് ആദ്യം ഉപയോഗിക്കപ്പെട്ടത്. പലതും പ്രണയകവിതകള്‍ ആയിരുന്നു, അതിന്നുള്ളില്‍ കവികള്‍ പ്രതിരോധത്തിന്റെ സന്ദേശങ്ങള്‍ ഒളിച്ചുകടത്തി. 1920-കളില്‍ തന്നെ സാധാരണ പലസ്തീന്‍കാര്‍ക്ക് അത്തരം പാട്ടുകള്‍ പരിചിതമായിരുന്നു. അത് ആ നാടിന്റെ ചരിത്രത്തില്‍ ഒരുപങ്കു വഹിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന്, 1936-ല്‍ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്ന ഒരു പലസ്തീന്‍കാരന്‍, കഴുമരത്തിലേക്ക് പോകുമ്പോള്‍ പെട്ടെന്ന് ഉണ്ടാക്കിപ്പാടിയ ഒരു പാട്ട് എല്ലാ പലസ്തീന്‍കാര്‍ക്കും അറിയാം, അതിന്റെ അര്‍ഥം ഏതാണ്ട് ഇങ്ങനെ : “ഹേ, രാത്രീ, അല്‍പ്പം കൂടി നില്‍ക്കൂ, തടവുകാരന്‍ അവന്റെ പാട്ട് പൂര്‍ത്തിയാക്കട്ടെ. പുലരി വരുമ്പോഴേക്കും അവന്റെ ചിറകുകള്‍ പറക്കും, തൂക്കിക്കൊല്ലപ്പെട്ടവന്‍ കാറ്റില്‍ കിടന്നാടും. രാത്രീ, വേഗം കുറയ്ക്കൂ, ഞാന്‍ എന്റെ ഹൃദയം നിന്നിലേയ്ക്ക് പകരട്ടെ. ഞാന്‍ ആരാണെന്നും എന്റെ വിഷമങ്ങള്‍ എന്തെല്ലാമെന്നും നീ മറന്നുപോയോ? കഷ്ടം, എന്റെ വിനാഴികകള്‍ നിന്റെ കൈവിരലുകളിലൂടെ ഊര്‍ന്നുപോയിരിക്കുന്നു. ഞാന്‍ ഭയം കൊണ്ടാണ് കരയുന്നതെന്നു കരുതരുതേ, എന്റെ കണ്ണീര്‍ എന്റെ നാടിനു വേണ്ടിയാണ്, വീട്ടില്‍ അച്ഛന്‍ ഇല്ലാതെ വിശന്നു കരയുന്ന ചിറക് മുളച്ചിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയും. ഞാന്‍ പോയാല്‍ ആര്‍ അവര്‍ക്ക് തീറ്റ കൊടുക്കും? എന്റെ സഹോദരര്‍ എനിക്കും മുന്‍പേ കഴുമരത്തില്‍ തൂങ്ങി. എന്റെ പങ്കാളി ഏകാകിനിയായി കരഞ്ഞുകൊണ്ട് എങ്ങിനെ കാലംപോക്കും? എന്റെ രാജ്യം സഹായം ആവശ്യപ്പെട്ടപ്പോള്‍ അവളുടെ വളകള്‍ പോലും ഞാന്‍ ഊരിക്കൊടുത്തു.”

ഏതാണ്ട് പത്തു വര്‍ഷം ഇത്തരം ജനകീയമായ പാട്ടുകളാണ് കവിതയായി പലസ്തീനില്‍ ഉണ്ടായത്. ഈ പാട്ടുകള്‍ വിവാഹപ്പുലരികളിലും സായാഹ്നസുഹൃദ്സംഗമങ്ങളിലും എല്ലാം ആലപിക്കപ്പെട്ടു, അവയുടെ വികാരം വെറും നടത്തങ്ങളെപ്പോലും വെടിയുണ്ടകളെ പേടിക്കാത്ത പ്രകടനങ്ങള്‍ ആക്കി മാറ്റി. ഒരു പാട് കവികള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു, മറ്റുള്ളവര്‍ക്ക് സയണിസ്റ്റുകള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതും ഏശാതെ വന്നപ്പോള്‍ പല കവികളും കൊല്ലപ്പെട്ടു, യോഗങ്ങള്‍ നിരോധിക്കപ്പെട്ടു.

അതുകൊണ്ട് കവിത ഇല്ലാതായില്ല, അഞ്ചു കൊല്ലം അത് ഒളിവില്‍ പോയി, ഇരട്ടി ശക്തിയോടെ തിരിച്ചുവന്നു. അറുപതുകളുടെ ആരംഭത്തോടെ ഒരു പുതിയ സാഹിത്യതരംഗം ഉയര്‍ന്നുവന്നു. ധീരത, ചൈതന്യം, ശുഭപ്രതീക്ഷ, നിഷേധം ഇവയായിരുന്നു ഈ പുതിയ സാഹിത്യത്തിന്റെ സ്വഭാവങ്ങള്‍. നാടുവിട്ടവര്‍ സങ്കടത്തിന്റെ രചനകള്‍ നടത്തുമ്പോള്‍, ഇവിടെ തുടര്‍ന്നവരെ സംബന്ധിച്ച് അറബ് വ്യക്തിത്വം തന്നെ പൊരുതുന്ന വ്യക്തിത്വമായി മാറി എന്നു പറയാം. പരാജയബോധം ഇപ്പോള്‍ നിഷേധത്തിന് വഴിമാറി; തങ്ങളുടെ ക്രൂരസാഹചര്യങ്ങളെ മുഖത്തോടു മുഖം നോക്കാന്‍ പലസ്തീനിലെ അറബികളും അവരിലെ എഴുത്തുകാരും ധൈര്യം നേടി. ഇത് ഒട്ടും അനായാസമായ തെരഞ്ഞടുപ്പായിരുന്നില്ല. ഈ പുതിയ കവിത അതിന്റെ പുതിയ സങ്കേതങ്ങളും കണ്ടെത്തിയതോടെ എല്ലാ അറബ് നാടുകളിലും അതിന്റെ സ്വാധീനം പ്രകടമാകാന്‍ തുടങ്ങി.

എങ്ങിനെയാണ് പുതിയ കവികള്‍ പഴയ കവിതയെ മാറ്റിയെടുത്തത്? 1. മുന്‍കവിതയില്‍ ധാരാളമായി ഉണ്ടായിരുന്ന പ്രണയം ഇപ്പോള്‍ ജന്മനാടിനോടുള്ള സ്നേഹവുമായി ഉദ്ഗ്രഥിക്കപ്പെട്ടു. സ്ത്രീയും ഭൂമിയും ഒന്നായി മാറിയതോടെ സ്നേഹം വിമോചനത്തിന്റെ പ്രതീകമായി. 2. ആക്ഷേപഹാസ്യം ശക്തമായി ഉപയോഗിക്കപ്പെട്ടു. ശത്രുവിനെയും സഖ്യശക്തികളെയും അവരുടെ പീഡനയന്ത്രങ്ങളെയും കയ്ക്കുന്ന പരിഹാസം കൊണ്ട് നേരിടാന്‍ കവികള്‍ കരുത്തു നേടി. എല്ലാ പരാജയവും താത്കാലികമാണെന്നും നീതി നടപ്പാവുക തന്നെ ചെയ്യുമെന്നും ഈ കവികള്‍ സൂചിപ്പിച്ചു. 3. ശത്രുവിനെ തുറന്നുകാട്ടാനും തങ്ങളുടെ പോരാളികളുടെ വീര്യത്തിനു മുന്നില്‍ അവര്‍ നിസ്സാരരാണെന്നു പ്രഖ്യാപിക്കാനും എഴുത്തുകാര്‍ക്ക് കഴിഞ്ഞു.

ഇതിനു പിറകിലെ ഒരു ശക്തി 1948 നു മുന്‍പേ ബ്രിട്ടീഷുകാരെ എതിര്‍ത്തിരുന്ന ഗ്രാമീണ അറബ് ജനതയാണ്. അവരാണ് ഏറ്റവും തീവ്രമായി ആക്രമിക്കപ്പെട്ടത്. ഇപ്പോള്‍, തൊണ്ണൂറു ശതമാനത്തില്‍ നിന്ന് വെറുമൊരു ന്യൂനപക്ഷമായി ചുരുക്കപ്പെട്ട അവരുടെ ജീവിത സാഹചര്യങ്ങള്‍ അസഹനീയമായി, ഭക്ഷണം പോലും ദുര്‍ലഭമായി . ഇതിനു പിറകില്‍ സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും ശക്തികള്‍ ആണെന്നും അവരാണ് സയണിസ്റ്റുകളെ എല്ലാ രീതിയിലും പിന്തുണയ്ക്കുന്നതെന്നും ജനങ്ങള്‍ക്ക് വ്യക്തമായി. ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവന്ന, സയണിസ്റ്റുകളുടെ വിദ്വേഷരാഷ്ട്രീയത്തെ ബുദ്ധി കൊണ്ടും വികാരം കൊണ്ടും നേരിടുന്ന, പുതിയ പ്രതിരോധ സാഹിത്യം അറബിഭാഷയിലെ പുരോഗമനസാഹിത്യത്തിന്റെ ഭാഗം തന്നെയാണ്.

കവിതയിലെ ഈ പരിവര്‍ത്തനത്തിന്റെ മുഖ്യ ചാലകശക്തി മഹ്-മൂദ് ദര്‍വീഷ് ( 1941-–2008) ആയിരുന്നു. അറബ് കവിതയില്‍ മാത്രമല്ല, ലോകകവിതയില്‍ തന്നെ മുന്‍പന്തിയില്‍ നിന്ന കവിയായിരുന്നു ദര്‍വീഷ്. റഷ്യയില്‍ ഉന്നതപഠനം നടത്തിയ ദര്‍വീഷിനു ഇസ്രായേലി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്തബന്ധമുണ്ടായിരുന്നു. ആദ്യകവിതാസമാഹാരം, ‘ചിറകില്ലാത്ത പക്ഷികള്‍’പത്തൊമ്പതാം വയസ്സില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് 30 കവിതാസമാഹാരങ്ങളും 10 ഗദ്യസമാഹാരങ്ങളും . താമസം അധികവും രാമള്ളയില്‍ ആയിരുന്നു. എഴുത്തുകാരിയായിരുന്ന റാണാ ഖബ്ബാനി ആയിരുന്നു ആദ്യത്തെ ജീവിതപങ്കാളി. പിന്നീട് ഈജിപ്ഷ്യന്‍ വിവര്‍ത്തക ആയിരുന്ന ഹയാത് ഹീനിയെ വിവാഹം കഴിച്ചു. പലസ്തീൻ ലിബറേഷന്‍ ആര്‍മി അംഗം എന്ന നിലയില്‍ ഇസ്രായേലിലേക്ക് ദർവീഷിന്റെ പ്രവേശനം ഇസ്രയേൽ ഗവൺമെന്റ് തടഞ്ഞു. പലസ്തീന്‍ വിമോചനത്തിന്റെ ജീവശ്വാസം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഹൃദ്രോഗിയായിരുന്ന അദ്ദേഹം ഹൃദയാഘാതം മൂലം ടെക്സാസിലെ ഒരു ആശുപത്രിയില്‍ ആണ് മരണമടഞ്ഞത്. പലസ്തീന്‍-–ഇസ്രയേല്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെടണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പലസ്തീന്‍ വിമോചനപ്രസ്ഥാനത്തിലെ വിഭാഗീയതയ്ക്ക് അദ്ദേഹം എതിരായിരുന്നു, ഹാമാസിനെ താലിബാന്‍ പോലുള്ള ഒരു ഇസ്ലാമിക തീവ്രവാദ ശക്തി ആയാണ് ദര്‍വീഷ് കണ്ടത്. ദർ–വീഷിന്റെ പിറകേ ഒരുപാട് കവികള്‍ പലസ്തീന്‍ മോചനത്തിന്നായി ഉയര്‍ന്നു വന്നു. ഇന്നത്തെ പ്രധാന പലസ്തീന്‍ കവി നജ്വാന്‍ ദര്‍വീഷ് ആണ്. തൌഫീക്ക് സയ്യദ്‌, സമീ അല്‍ കാസ്സേം, സലേം ജുബ്രാന്‍, അസ്മാ അസയ്സേ തുടങ്ങി പല കവികളും രംഗത്തുണ്ട്.

ഒരുതരം അനുപാതവുമില്ലാത്ത, യുദ്ധത്തിന്റെ അന്തര്‍ദേശീയ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി സ്ത്രീകളെയും കുട്ടികളെയുംവരെ ആക്രമിക്കുന്ന, ആശുപത്രികള്‍ പോലും ബോംബിടുന്ന, ഐക്യരാഷ്ട്രസഭയുടെ അഞ്ചു ഘടകങ്ങളും വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചിട്ടും ആക്രമണം തുടരുന്ന, സയണിസ്റ്റ് ഭീകരതയാണ് ഇപ്പോള്‍ പലസ്തീനില്‍ ബാക്കിയായ ചെറിയ വിഭാഗം അറബ് ജനതയെ എന്ന പോലെ അവരുടെ എഴുത്തുകാരെയും തുറിച്ചുനോക്കുന്നത്. 

പാലസ്തീനിയന്‍ കവിതകള്‍
പരിഭാഷ: സച്ചിദാനന്ദന്‍

അസാദ്ധ്യം
തൌഫീക്ക് സയ്യദ്
ഒരാനയെ സൂചിക്കുഴയിലൂടെ കടത്തിവിടുക,
നക്ഷത്രസമൂഹത്തില്‍ നിന്ന്
ഒരു വറുത്ത മീനിനെ പിടിക്കുക.
സൂര്യനെ ഊതിക്കെടുത്തുക,
കാറ്റിനെ തടവിലിടുക,
മുതലയെക്കൊണ്ട് സംസാരിപ്പിക്കുക :
ഇതെല്ലാം
മര്‍ദ്ദനം കൊണ്ട് ഒരു വിശ്വാസത്തിന്റെ
തിളക്കം കെടുത്തുന്നതിനേക്കാള്‍, അഥവാ
ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ പ്രയാണത്തിന്റെ
ഒരു ചുവടു പോലും തടുക്കുന്നതിനെക്കാള്‍
നിങ്ങള്‍ക്ക് എത്രയോ കൂടുതല്‍ എളുപ്പമാണ്.

പ്രതികരണം
മഹ്മൂദ് ദര്‍വീഷ്
എന്റെ പ്രിയനാടേ, എന്റെ ചങ്ങലകള്‍ എന്നെ
ഗരുഡന്റെ വീര്യം പഠിപ്പിക്കുന്നു,
ശുഭാപ്തിവിശ്വാസിയുടെ വാത്സല്യവും.
എനിക്കറിയില്ലായിരുന്നു നമ്മുടെ തൊലിക്കടിയില്‍
അരുവികളുടെ വിവാഹവും കൊടുംകാറ്റുകളുടെ
ജനനവും നടക്കുന്നുണ്ടെന്ന്.
അവരെന്നെ ഒരു ഇരുണ്ട അറയിലടച്ചു,
എന്റെ ഹൃദയം സൂര്യന്മാരുടെ പന്തങ്ങള്‍ കൊണ്ട് ജ്വലിച്ചു
അവരെന്റെ കാര്‍ഡ് നമ്പര്‍ ചുവരില്‍ കുറിച്ചിട്ടു,
ചുവരില്‍ കതിര്‍ക്കുലകളുടെ ഒരു വയല്‍ വിളഞ്ഞു
അവര്‍ എന്റെ കൊലപാതകിയുടെ മുഖം ചുവരില്‍ വരച്ചു
കോതിയ മുടിയുടെ നിഴലുകള്‍ ആ മുഖം മായ്ച്ചു
ഞാന്‍ എന്റെ പല്ലുകള്‍ കൊണ്ട് രക്തം പുരണ്ട
നിന്റെ മുഖം കോറിയിട്ടു, എന്റെ വിരഹവേദനയുടെ
പാട്ടുകള്‍ എഴുതിയിട്ടു. ഇരുളിന്റെ മാംസത്തില്‍
ഞാന്‍ എന്റെ പരാജയം എടുത്തെറിഞ്ഞു
വെയിലിന്റെ മുടിയില്‍ ഞാന്‍ എന്റെ വിരലുകളാഴ്ത്തി
എന്റെ മേല്‍ക്കൂരയില്‍ കയറിയ അക്രമികള്‍ക്ക്
എന്റെ ഭൂകമ്പങ്ങളുടെ ജനലുകള്‍ തുറക്കാനേ കഴിഞ്ഞുള്ളു
എന്റെ നെറ്റിയുടെ തിളക്കം മാത്രമേ അവര്‍ കാണൂ
എന്റെ ചങ്ങലകളുടെ കിലുക്കം മാത്രമേ അവര്‍ കേള്‍ക്കൂ
എന്റെ ലക്ഷ്യത്തിന്റെ കുരിശില്‍ എന്നെ അവര്‍ കത്തിച്ചു കളഞ്ഞാല്‍
ഞാന്‍ ഒരു വിപ്ലവകാരിയുടെ ഉടുപ്പിട്ട പുണ്യവാളനായി മാറും

പലസ്തീനിയന്‍ കാമുകന്‍
മഹ്മൂദ് ദര്‍വീഷ്
ഹൃദയത്തിലെ ഒരു മുള്ളു പോലെയാണ്
നിന്റെ കണ്ണുകള്‍, എന്നെ നീറ്റുമ്പോഴും
എനിക്ക് ആരാധിക്കാന്‍ തോന്നുന്നവ
ഞാന്‍ അവയെ കൊടുങ്കാറ്റില്‍ നിന്ന് കാക്കുന്നു
രാത്രിയിലൂടെയും ദുഃഖത്തിലൂടെയും
അവയെ ആഴത്തില്‍ തുളച്ചുകടക്കുന്നു
ആ മുറിവിലൂടെ ആയിരം നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു
എന്റെ വര്‍ത്തമാനം അവയുടെ ഭാവിയെ
എന്റെ ആത്മാവിനെക്കാള്‍ പ്രിയപ്പെട്ടതാക്കുന്നു
നമ്മുടെ കണ്ണുകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍
ഒരിക്കല്‍ നാം ഈ ഗേറ്റിനു പിറകില്‍
ഇരട്ടകളായിരുന്നു എന്ന് മറന്നുപോകുന്നു
നിന്റെ വാക്കുകള്‍ എന്റെ സംഗീതമായിരുന്നു
ഞാന്‍ വീണ്ടും അത് പാടാന്‍ ശ്രമിച്ചു, പക്ഷേ
ആ പനിനീര്‍ച്ചുണ്ടില്‍ ശൈത്യകാലം താമസമാക്കിയിരുന്നു
നിന്റെ വാക്കുകള്‍ ഒരു കുരുവിയെപ്പോലെ
പറന്നകന്നു, എന്റെ വാതിലും തണുത്ത ഇറയവും
നിന്റെ പിറകേ, നിനക്കായി ആശിച്ചു പറന്നു പോയി
നമ്മുടെ കണ്ണാടികള്‍ തകര്‍ന്നു, വ്യസനം വര്‍ദ്ധിച്ചു
അപ്പോള്‍ നമ്മള്‍ ശബ്ദത്തിന്റെ ചീളുകള്‍ പെറുക്കിയെടുത്തു
പക്ഷേ നമ്മുടെ ജന്മനാടിനെക്കുറിച്ചു വിലപിക്കാന്‍
മാത്രമേ നാം പഠിച്ചുള്ളൂ. നാം അവ ഒന്നിച്ച് നട്ടുവളര്‍ത്തും
നമ്മുടെ ഗിഥാറിന്റെ കമ്പികളില്‍, നമ്മുടെ ദുരന്തത്തിന്റെ
മേല്‍ക്കൂരയില്‍, വളഞ്ഞുപോയ അമ്പിളിക്കലകള്‍ക്കും
കല്ലുകള്‍ക്കും വേണ്ടി നാം ആ ഗീതം പാടും
പക്ഷേ ഹാ, ഞാന്‍ നിന്റെ ശബ്ദം മറന്നല്ലോ,
നിന്റെ വേര്‍പാടുകൊണ്ടാണോ എന്റെ മൗനം കൊണ്ടാണോ
നമ്മുടെ ഗിഥാര്‍ തുരുമ്പു പിടിച്ചത്?
ഞാന്‍ നിന്നെ തുറമുഖത്തുവെച്ചു കണ്ടു,
ബന്ധുക്കളില്ലാത്ത ഏകാന്തയാത്രിക,
ഒരു പെട്ടി പോലും കയ്യിലില്ലാതെ
അനാഥനെപ്പോലെ ഞാന്‍ ഓടി വന്നു,
പൂര്‍വ്വികരുടെ വിവേകം നിറഞ്ഞ ആ ചൊല്ലുമായി:
എങ്ങനെയാണ് ഒരു തോട്ടത്തെ മുഴുവന്‍ തടവറയില്‍ അടയ്ക്കുക,
അഥവാ നാടുകടത്തുക, ഒരു തുറമുഖത്തേയ്ക്കു പറഞ്ഞു വിടുക?
എന്നിട്ടും, യാത്രാക്ഷീണവും ഉപ്പിന്റെയും പ്രത്യാശകളുടെയും
ഗന്ധവും ഉണ്ടായിട്ടും, എങ്ങനെയാണ് അതിനു
നിത്യഹരിതമായിരിക്കാന്‍ കഴിയുക?
ഞാന്‍ എന്റെ ഡയറിയില്‍ കുറിച്ചിടുന്നു:
ഞാന്‍ മധുരനാരങ്ങ ഇഷ്ടപ്പെടുന്നു, തുറമുഖങ്ങളെ വെറുക്കുന്നു
ഞാന്‍ പിന്നെയുമെഴുതുന്നു: ഞാന്‍ തുറമുഖത്തു നിന്നു,
മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു, നാരങ്ങയുടെ തൊലി മാത്രമേ
നമ്മുടെ കയ്യിലുള്ളൂ, എന്റെ പിറകിലോ , മരുഭൂമിയും.
ഞാന്‍ നിന്നെ മുള്‍ച്ചെടികള്‍ നിറഞ്ഞ മലകളില്‍ കണ്ടു,
അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരോ പിന്തുടരുന്ന
ആടുകളില്ലാത്ത ഒരിടയന്‍.
നീയായിരുന്നു എന്റെ പൂന്തോട്ടം , ഞാന്‍ വാതിലില്‍
മുട്ടി വിളിക്കുന്ന ഒരപരിചിതന്‍, ഹൃദയത്തില്‍
ഹൃദയം മുട്ടിവിളിക്കുന്നവന്‍. കതകും , ജനലും
സിമന്റും കല്ലും എല്ലാം എണീറ്റ്‌ നിന്നു.
ഞാന്‍ശപഥം ചെയ്യുന്നു: എന്റെ കണ്ണിമ കൊണ്ട്
ഞാന്‍ നിനക്കായി ഒരു തൂവാല നെയ്യും
അതില്‍ നിന്റെ കണ്ണുകള്‍ക്കായി ഒരു കവിത
തുന്നിച്ചേര്‍ക്കും, അതില്‍ രക്തസാക്ഷികളെക്കാളും
ചുംബനങ്ങളെക്കാളും പ്രിയതരമായ
ഒരു വരി ഞാന്‍ എഴുതും: “ അവള്‍
പാലസ്തീന്‍കാരിയായിരുന്നു, ഇപ്പോഴുമതെ.”
ഞാന്‍ കൊടുങ്കാറ്റിലേക്ക് എന്റെ വാതിലുകള്‍
മലര്‍ക്കെ തുറന്നിട്ടു.
എന്റെ കന്യകയായ സുഹൃത്തേ, എന്റെ
വിശ്വസ്തയായ ഗോതമ്പേ,
നിന്റെ കണ്ണുകള്‍ പാലസ്തീനിയന്‍ ആണ്,
നിന്റെ പച്ചകുത്ത്, നിന്റെ പേര് പാലസ്തീനിയന്‍ ആണ്,
നിന്റെ സ്വപ്‌നങ്ങള്‍, നിന്റെ ആധികള്‍,
നിന്റെ ശിരോവസ്ത്രം പാലസ്തീനിയന്‍ ,
നിന്റെ പാദങ്ങള്‍, നിന്റെ ആകാരം,
നിന്റെ വാക്കുകളും നിന്റെ മൗനവും
പാലസ്തീനിയന്‍, നിന്റെ ശബ്ദം പാലസ്തീനിയന്‍,
നീ ജീവിതത്തിലും മരണത്തിലും പാലസ്തീനിയന്‍
ഞാന്‍ നിന്നെ എന്റെ പഴയ പുസ്തകങ്ങളില്‍
സൂക്ഷിച്ചു വെയ്ക്കുന്നു, എന്റെ പാട്ടുകള്‍ക്കുള്ള അഗ്നിയായി.

ഭ്രഷ്ടന്‍
സലേം ജുബ്രാന്‍
സൂര്യന്‍ അതിര്‍ത്തിയിലൂടെ നടക്കുന്നു
തോക്കുകള്‍ നിശ്ശബ്ദമാകുന്നു
ഒരു വാനമ്പാടി തുല്ക്കാരേമില്‍ പ്രഭാതഗീതം ആരംഭിക്കുന്നു,
പിന്നെ കിബ്ബുറ്റ്സിലെ പക്ഷികളുമൊത്ത്
അത്താഴം കഴിക്കാന്‍ പറന്നുപോകുന്നു.
ഒരു കഴുത്ത ഒറ്റയ്ക്ക് കാവല്‍ സൈന്യത്തിന്റെ
കണ്ണുവെട്ടിച്ച് സുരക്ഷാരേഖയിലൂടെ കടന്നുപോകുന്നു
പക്ഷേ എന്റെ മാതൃനാടേ, നിന്റെ ആകാശത്തിനും
എന്റെ കണ്ണുകള്‍ക്കുമിടയ്ക്കു നീണ്ടുകിടക്കുന്ന
ഒരതിര്‍ത്തി നിന്റെ ഈ ഭ്രഷ്ടപുത്രന്റെ
കാഴ്ചയില്‍ ഇരുട്ട് നിറയ്ക്കുന്നു.

തടവറയില്‍ നിന്ന് ഒരു കത്ത്
സമീ അല്‍ കാസ്സെം
അമ്മേ, എന്റെ ചങ്ങാതിമാര്‍ എന്നെ തേടി വന്നപ്പോള്‍
നിങ്ങള്‍ കരഞ്ഞു ,അതെന്നെ വേദനിപ്പിക്കുന്നു
പക്ഷേ അമ്മെ, ജീവിതത്തിന്റെ മഹത്വം
എന്റെ തടവറയിലാണ് പിറവിയെടുക്കുന്നത്
ഞാന്‍ വിശ്വസിക്കുന്നു- എന്റെ അന്ത്യ സന്ദര്‍ശകന്‍
പാതിരായ്ക്ക് വരുന്ന ഒരു കുരുടന്‍ വവ്വാല്‍ ആയിരിക്കില്ല
എന്റെ അന്ത്യസന്ദര്‍ശകന്‍ പകല്‍വെളിച്ചമായിരിക്കും

എല്ലാം നഷ്ടപ്പെട്ടവന്റെ കത്ത്
സമീ അല്‍ കാസ്സെം
എന്റെ ആഹാരം വേണ്ടെന്നുവെയ്ക്കാന്‍
ഞാന്‍ തയ്യാറാണ്, എന്റെ വസ്ത്രവും
കിടക്കയും വില്‍ക്കാന്‍,ഒരു കല്ലുവെട്ടുകാരനോ
ചുമട്ടുകാരനോ ആകാന്‍, തെരുവുതൂപ്പുകാരനാകാന്‍.
ഞാന്‍ ആഹാരം തേടി ചാണകത്തില്‍ തപ്പാം,
നഗ്നനാവാം, പട്ടിണി കിടക്കാം, എന്നാലും,
ഹേ, വെളിച്ചത്തിന്റെ ശത്രു, നിന്നോട് ഞാന്‍
സന്ധി ചെയ്യുകയില്ല, അവസാനശ്വാസം വരെ
ഞാന്‍ പൊരുതും. എന്റെ അവസാനത്തെ ചാണ്‍
ഭൂമിയും കട്ടെടുത്തോളൂ, എന്റെ യൗവനത്തെ
ജയിലറകളില്‍ തളച്ചിട്ടോളൂ, മുത്തച്ഛന്‍ എനിക്ക്
ബാക്കിവെച്ചതെല്ലാം കട്ടെടുത്തോളൂ:
മേശ-കസേരകള്‍, ഉടുപ്പുകള്‍, ഭരണികള്‍,
എന്റെ കവിതകളും പുസ്തകങ്ങളും തീയിട്ടോളൂ,
എന്റെ ഇറച്ചി നായയ്ക്ക്‌ തീറ്റി കൊടുത്തോളൂ
നിങ്ങളുടെ ഭീതിയുടെ ദുഃസ്വപ്നം
എന്റെ ഗ്രാമത്തില്‍ അടിച്ചേല്‍പ്പിച്ചോളൂ
വെളിച്ചത്തിന്റെ ശത്രു, ഞാന്‍ സന്ധി ചെയ്യില്ല
അവസാനം വരെ പൊരുതും.
വെളിച്ചത്തിന്റെ ശത്രു, തുറമുഖത്തിലുണ്ട്
ആഹ്ളാദത്തിന്റെ സൂചനകള്‍, പ്രവചനങ്ങള്‍,
ആനന്ദത്തിന്റെ ആരവങ്ങള്‍, പാട്ടുകള്‍
ചക്രവാളത്തില്‍ ഒരു കപ്പല്‍പായ് കാറ്റിനെ
ചെറുത്തുനില്‍ക്കുന്നു, ആഴക്കടലിനെയും.
തന്നെ വിഴുങ്ങിയ സമുദ്രത്തില്‍ നിന്ന്
യുലിസ്സസ് മടങ്ങിവരികയാണ്, സൂര്യന്‍ മടങ്ങിവരുന്നു,
പുറത്താക്കപ്പെട്ടവര്‍ മടങ്ങി വരുന്നു
അവര്‍ക്കുവേണ്ടി ഞാന്‍ ശപഥം ചെയ്യുന്നു:
ഞാന്‍ സന്ധി ചെയ്യുകയില്ല, അവസാനം വരെ പൊരുതും.

സഫദ്
സലേം ജുബ്രാന്‍
സഫദ്*, ഞാന്‍ ഒരന്യനാണ്, സഫദ്, നീയുമതെ
വീടുകള്‍ എന്നെ സ്വാഗതം ചെയ്യുന്നു, പക്ഷേ അവയിലെ
താമസക്കാര്‍ എന്നെ ആട്ടിയോടിക്കുന്നു :
ഹേ, അറബീ, നീ എന്തിനാണ് ഈ തെരുവുകളില്‍
അലഞ്ഞുതിരിയുന്നത്? നിന്റെ അഭിവാദ്യത്തിന്
ഒരാളും പ്രത്യഭിവാദ്യം ചെയ്യില്ല.
നിന്റെ ബന്ധുക്കള്‍ ഇവിടെ ഉണ്ടായിരുന്നു,
പിന്നെ അവര്‍ പോയി, ആരും ഇവിടെ ബാക്കിയില്ല
എന്റെ ചുണ്ടുകളില്‍ ഒരു പുലരിയുടെ ചിത കത്തുന്നു
എന്റെ കണ്ണുകളില്‍ ഒരു സിംഹത്തിന്റെ അപമാനം
വിട, സഫദ്, വിട!
*സഫദ് (സഫ്ദ് എന്നും സഫേദ് എന്നും പേരുണ്ട്):
ഇസ്രായേലിലെ ഉയരം കൂടിയ ഒരു വടക്കന്‍ പ്രദേശം

പാട്ട് എന്ന ഒരു നാട്
നജ്വാന്‍ ദര്‍വീഷ്
ഞാന്‍ പാട്ട് എന്ന ഒരു നാട്ടിലാണ് ജീവിക്കുന്നത്
പാടുന്ന അസംഖ്യം സ്ത്രീകള്‍ എന്നെ ഒരു പൗരനാക്കി
നാലു ദിശയിലും നിന്നുള്ള പാട്ടുകാര്‍ എനിക്കായി
പുലരികളും രാവുകളുമുള്ള നഗരങ്ങള്‍ കെട്ടിയുണ്ടാക്കി
മനുഷ്യന്‍ ലോകത്തൂടെ അലയും പോലെ
ഞാന്‍ എന്റെ നാട്ടിലൂടെ അലഞ്ഞു.
എന്റെ നാട് ഒരു പാട്ടാണ്
അത് തീര്‍ന്നാലുടന്‍ ഞാന്‍
പിന്നെയും അഭയാര്‍ത്ഥിയാകുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × four =

Most Popular