Wednesday, May 8, 2024

ad

Homeകവര്‍സ്റ്റോറിഅധിനിവേശത്തിലമർന്ന ഗാസയുടെ ശബ്ദം

അധിനിവേശത്തിലമർന്ന ഗാസയുടെ ശബ്ദം

ഹമീദ് അൻസാരി (മുൻ ഉപരാഷ്ട്രപതി)

രോപണ – പ്രത്യാരോപണങ്ങളുടെയും അമേരിക്കയുടെ നാണംകെട്ട പക്ഷപാതിത്വത്തിന്റെയും ഇടയിൽ ഗാസയിലെ സംഘർഷം രൗദ്രഭാവം കെെക്കൊള്ളുമ്പോൾ, ഹമാസിന്റെ മുതിർന്ന നേതാവ് മൗസ അബു മർസൗക്കിന്റെ വാക്കുകൾ ഓർമിക്കുന്നത് പ്രസക്തമായിരിക്കും. മർസൗക്ക് ഒക്ടോബർ 13ന് രാഷ്ട്രീയ സമീപനത്തെക്കുറിച്ച് ‘ദി ന്യൂയോർക്കർ’ മാസികയോട് പറഞ്ഞത് ഇപ്രകാരമാണ്: ഞങ്ങളുടെ ചില അവകാശങ്ങൾ ലഭിക്കുന്നതിനുവേണ്ടി എല്ലാ മാർഗങ്ങളും ഞങ്ങൾ പരീക്ഷിച്ചു നോക്കി – എല്ലാ അവകാശങ്ങൾക്കും വേണ്ടിയായിരുന്നില്ല. അനുരഞ്ജനത്തിന്റെ വാതിലുകൾ മുട്ടിനോക്കി. പക്ഷേ, അതു ഞങ്ങൾക്കായി തുറക്കപ്പെട്ടില്ല. തിരഞ്ഞെടുപ്പിന്റെ വാതിലുകൾ മുട്ടിവിളിച്ചു. എന്നാൽ അതും ഞങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടു. എല്ലാവർക്കും വേണ്ടിയുള്ള ഒരു രാഷ്ട്രീയ പ്രമാണത്തിനുവേണ്ടിയും ഞങ്ങൾ ശ്രമിച്ചു. ഞങ്ങൾ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രമാണ്, അൽപം സമാധാനം, അതിനായി ഞങ്ങളുടെ ചുരുക്കം ചില അവകാശങ്ങൾ അനുവദിക്കപ്പെടണം. എന്നാൽ അവർ ഇതൊന്നും ചെവിക്കൊണ്ടില്ല. അദ്ദേഹം തുടർന്നു പറയുന്നതിങ്ങനെ: ‘‘എല്ലാ മാർഗങ്ങളും ഞങ്ങൾ പരീക്ഷിച്ചു. സങ്കീർണമായ ഈ കുഴമറിച്ചിലിൽനിന്ന് പുറത്തുകടക്കാനുള്ള ഒരു രാഷ്ട്രീയ വഴിയും ഞങ്ങൾ കണ്ടില്ല. ഞങ്ങൾ അമേരിക്കയോട് സംസാരിച്ചു, യൂറോപ്പിനോട് സംസാരിച്ചു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടുന്നതിനുവേണ്ടിയായിരുന്നു അത്. അല്ലാതെ വലിയ നേട്ടങ്ങൾക്കൊന്നും വേണ്ടിയായിരുന്നില്ല. രണ്ടു രാഷ്ട്രങ്ങൾ എന്ന 1948ലെ സങ്കൽപത്തിലേക്ക് ചുവടുറപ്പിക്കുന്നതിനുള്ള ഒരു നടപടിയും പക്ഷേ ഉണ്ടായില്ല. ഞങ്ങൾ കീഴടക്കപ്പെട്ട ജനതയായി മാറിയിരിക്കുകയാണ്.

മുൻകാലങ്ങളിലെ സംഘർഷ സന്ദർഭങ്ങളിലെല്ലാം ഇസ്രയേലിന്റെ അതിർത്തിക്കപ്പുറത്താണ് യുദ്ധം നടത്തിയതെന്ന് മർസൗക്ക് കൂട്ടിച്ചേർത്തു. ‘‘ഇതാദ്യമായാണ് പലസ്തീൻകാർ അതിർത്തി കടന്ന് അവരുടെ ചരിത്ര ഭൂമിയിൽ യുദ്ധം ചെയ്യുന്നത്’’. അജയ്യമായിരിക്കുന്നതിന്റെ പരിവേഷമാകെ സംഘർഷം തകർത്തുകളഞ്ഞിരിക്കുകയാണ്.

ടെൽ അവീവിന്റെ പ്രതികരണം
ഹമാസിന്റെ ആക്രമണത്തോട് ഇസ്രയേലിന്റെ പ്രതികരണം എങ്ങനെയാണെന്ന് നോക്കുക, ഗാസയുടെ വടക്കൻ പ്രദേശത്തുനിന്ന് പലസ്തീൻകാരെയാകെ ഒഴിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ഇതിനായി ഉപരോധം ഏർപ്പെടുത്തുന്നു. ഭക്ഷണം വെട്ടിക്കുറയ്ക്കുന്നു, വെള്ളവും വെെദ്യുതിയുമൊക്കെ വിഛേദിക്കുന്നു. ഗാസയുടെ അതിർത്തികളിൽ മൂന്നുലക്ഷത്തോളം സെെനികരെ വിന്യസിക്കുകയും ചെയ്തിരിക്കുന്നു. ഗാസയുടെ വടക്കൻ മേഖല പൂർണമായും കെെയടക്കുകയും, തങ്ങളുടെ ആധിപത്യം ഗാസ മേഖലയിൽ വ്യാപിപ്പിക്കുകയുമാണ് ഇസ്രയേൽ ഇതിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി കൂടുതൽ ഇസ്രായേലുകാർക്ക് ഗാസയിൽ കുടിയേറ്റത്തിനുള്ള അവസരമൊരുക്കുകയുമാണ് അവരുടെ ലക്ഷ്യം. 1948 മെയ് 14ന് ഇസ്രയേൽ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ട സന്ദർഭം പലസ്തീൻകാരുടെ ഓർമകളിലേക്ക് വീണ്ടും വരികയാണ്. പലസ്തീനിൽ നിയമാനുസൃതം അധിവസിച്ചിരുന്ന 6,56,000 പലസ്തീൻകാർക്ക് അവിടം വിട്ടു പോകേണ്ടിവന്നു. ചരിത്രകാരൻ പോൾ ജോൺസൺ തന്റെ വിഖ്യാത കൃതിയായ ‘യഹൂദ ചരിത്ര’ത്തിൽ (പേജ് 521) പറയുന്നത് ഉദാരമതികളായ ഭരണാധികാരികളുടെ നിലപാടിനെപ്പോലും ഭീകരതയുടെ ശാസ്ത്രീയ ഉപയോഗത്തിലൂടെ തകർത്തു എന്നാണ്. അതായത് യൂറോപ്പിൽ ജർമൻകാർ നടത്തിയ യഹൂദ കുരുതിക്ക് വില നൽകേണ്ടിവന്നത് പലസ്തീൻകാരാണ്.

നിലവിലെ ഇസ്രയേൽ ഭരണനേതൃത്വത്തിന്റെ പ്രത്യയശാസ്ത്ര ആഭിമുഖ്യവും അവഗണിക്കാൻ കഴിയില്ല. അവർ പലസ്തീൻകാരെ നാസികളുമായി താരതമ്യപ്പെടുത്തി ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നത്. വലതുപക്ഷ സയണിസത്തിന്റെ ആദരണീയനായ ആദ്യപഥികൻ വ്ളാദിമിർ ജബോട്ടിൻസ്കി 1923ൽ പറഞ്ഞതിന്റെ ആവർത്തനം തന്നെയാണ് ഇത്. കോളനിവാഴ്ചയുടെ സാഹസികതയാണ് സയണിസം മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ അത് സായുധസേനയുമായി ചേർന്നാണ് നിൽക്കുന്നതും. ജൂത ബയണറ്റുകൾ കൊണ്ടുള്ള കോട്ടകൾ സൃഷ്ടിക്കാതെ പലസ്തീൻകാർ ഒഴിഞ്ഞുപോകില്ലെന്ന് അദ്ദേഹം പണ്ടേ പ്രവചിച്ചിരുന്നതാണ്. അതുവഴി ഒരു പുതിയ വംശം രൂപപ്പെടുകയും ചെയ്യും; കൂടുതൽ അഭിമാനബോധമുള്ള ഉദാരമതികളെങ്കിലും ആക്രമണോൽസുകരായ വംശം ഉയർന്നുവരികയും ചെയ്യും എന്നാണ് ജബോട്ടിൻസ്കി പറഞ്ഞത്.

ഈ വിഷയത്തിൽ പതിറ്റാണ്ടുകളായി ലോകശക്തികൾ തുടരുന്ന കണ്ണടച്ചിരുട്ടാക്കൽ നയത്തിന്റെ -ഫലമായി ഈ കാഴ്ചപ്പാട് കൂടുതൽ ഊട്ടിയുറപ്പിക്കപ്പെട്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സുരക്ഷാസമിതി (UN Security Council) യുടെ എണ്ണമറ്റ പ്രമേയങ്ങൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പല പ്രമേയങ്ങളും, മുൻ പ്രമേയങ്ങളുടെ ആവർത്തനം മാത്രമായിരുന്നു. ചിലത്, പുതിയ ചില നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എന്നാൽ ഈ പ്രമേയങ്ങൾ ഓരോന്നും യഥാർത്ഥ കുറ്റവാളികളെ ചൂണ്ടിക്കാണിക്കുന്നതിൽനിന്നും ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന്, 2016 ഡിസംബറിലെ 2334–ാം നമ്പർ പ്രമേയത്തിൽ, കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കുകയും, പലസ്തീൻ/ഇസ്രയേൽ എന്ന ദ്വിരാഷ്ട്ര കാഴ്ചപ്പാട് നടപ്പാക്കണമെന്ന് ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.

2020 സെപ്തംബറിൽ എബ്രഹാം കരാറുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സുരക്ഷാസമിതിയുടെ നിലപാടിൽ വ്യതിയാനം വരുത്തി. തർക്കപ്രദേശത്തെ സംഘർഷങ്ങൾ ഒഴിവാക്കണമെന്ന ‘നിഷ്കളങ്കമായ’ നിലപാടാണ് അവർ മുന്നോട്ടുവെച്ചത്. എന്നാൽ അതിന്റെ കാരണങ്ങൾ അവർ നിരാകരിക്കുകയായിരുന്നു. ഭൂപരിധി വർദ്ധിപ്പിക്കുക എന്ന ഇവ രണ്ടിന്റെയും ലക്ഷ്യം ഫലവത്തായതുമില്ല.

അജയ്യത എന്നൊന്ന് ഇല്ലാതായി
വളരെ സൂക്ഷ്മതയോടെയാണ് ഇസ്രയേൽ ഗാസ ഓപ്പറേഷൻ ഔദേ-്യാഗികമായി നടത്തുന്നത്. ഇതിനായി അവർ ഹമാസിനെ തകർക്കുന്നു; ഹമാസിന്റെ സെെനിക സന്നാഹങ്ങളെ നശിപ്പിക്കുന്നു. ഗാസ ചീന്തിൽനിന്നുള്ള ഭീഷണിയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ മെനയുന്നു, ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിന് പരമാവധി സമ്മർദ്ദം ചെലുത്തുന്നു; അതിർത്തിയിലെ പൗരരുടെ പ്രശ്നത്തെ പിന്തുണയ്ക്കുന്നു. ഇതിനൊക്കെ അവർക്ക് ഗാസയിലേക്ക് പോകേണ്ടതുണ്ട്. അബ്ദുൽ ബാരിയെപ്പോലുള്ള അറബ് പംക്തികാരന്മാർ പറയുന്നത്, അടുത്തയിടെയുണ്ടായ യുദ്ധത്തിൽ ഇസ്രയേലിന് രണ്ട് സുപ്രധാന ആയുധങ്ങൾ നഷ്ടപ്പെട്ടുവെന്നാണ്. ഒന്ന് അവരുടെ മേലുണ്ടായിരുന്ന കളങ്കം. രണ്ട് ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശേഷി. എന്നാലിത് ഇസ്രയേലിന്റെ മുൻ പ്രധാനമന്ത്രിമാരായ യെഹൂദ് ഓൾമെർട്ടിന്റെയും ഏരിയൽ ഷാരോണിന്റെയും ആക്രമണ നീക്കങ്ങളേക്കാൾ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്.

ഇപ്പോഴത്തെ സംഘർഷത്തിൽ അമേരിക്കയുടെയും അവരുടെ സഖ്യത്തിലുള്ള ചില രാഷ്ട്രങ്ങളുടെയും പ്രതികരണം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്രയേലിന്റെ ആയുധസന്നാഹത്തിലെ ചോർച്ചയെപ്പറ്റി അവർക്കു ധാരണയുണ്ടോ? ഗാസയ്ക്കപ്പുറത്തേക്കു പടരുന്ന സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയും അവർക്ക് അറിയാമോ?

പ്രസക്തമായ പ്രശ്നങ്ങൾ
2023 ഒക്ടോബർ 16ന് തോമസ് എൻ ഫ്രീഡ്മാൻ, ന്യൂയോർക്ക് ടെെംസിൽ നടത്തിയ പ്രവചനം ഇതിന്റെ വരുംവരായ്കകളിലേക്ക് വിരൽചൂണ്ടുന്നതാണ്: ‘‘ഇപ്പോൾ ഇസ്രയേൽ ഗാസയിലേക്കു പോകുന്നത് എബ്രഹാം കരാറിനെ തവിടുപൊടിയാക്കും. എന്നുമാത്രമല്ല, അമേരിക്കയുടെ രണ്ട് സുപ്രധാന സഖ്യശക്തികളായ ഇൗജിപ്തിനെയും ജോർദാനെയും അസ്ഥിരപ്പെടുത്തുകയും ചെയ്യും. എന്നുമാത്രമല്ല സൗദി അറേബ്യയുമായുള്ള സാധാരണ ബന്ധം സ്ഥാപിക്കൽ അസാധ്യമാക്കുകയും ചെയ്യും. ഇതെല്ലാം അവരുടെ തന്ത്രപരമായ തിരിച്ചടികളായി മാറും. ഇത് ആത്യന്തികമായി ഹമാസിന് പശ്ചിമതീരത്ത് ഇടപെടാനും അവിടെ ജുത കുടിയേറ്റക്കാരും പലസ്തീൻകാരും തമ്മിലുള്ള യുദ്ധത്തിൽ ഇടപെടാനും കഴിയും. മൊത്തത്തിൽ ഇത് ഇസ്രയേലിനെ സാമ്രാജ്യത്വശക്തികളുമായി കൂട്ടിയിണക്കാനുള്ള ഇറാന്റെ തന്ത്രത്തിന് സഹായകമാകുകയും ചെയ്യും. അങ്ങനെ അത് ജുത ജനാധിപത്യത്തെ അതിനുള്ളിൽനിന്നു തന്നെ ദുർബലപ്പെടുത്തുകയും ചെയ്യും.

ഫ്രീഡ്മാൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിൽ ശരി കണ്ടെത്തുന്ന ജോബെെഡൻ, ബന്യാമിൻ നെതന്യാഹുവിൽനിന്ന് വ്യക്തമായ ഉത്തരം തേടേണ്ടതുണ്ട്. ഇസ്രയേൽ ഹമാസിനെ തകർത്ത് ഇല്ലാതാക്കിയാൽ പിന്നെ ഗാസ ഭരിക്കുന്നത് ആരായിരിക്കും? ഗാസ ഭരിക്കാൻ ഇസ്രയേൽ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ഇപ്പോൾ അവിടെ പൂർണമായും തകർന്ന അടിസ്ഥാന സൗകര്യമേഖല അവർ എങ്ങനെ പുനർനിർമിക്കും? ഇല്ലെങ്കിൽ പിന്നെ ആര് അത് ചെയ്യും? തെക്കൻ ഗാസയിൽ മാനുഷികമായ പ്രതിസന്ധി എപ്പോൾ തലപൊക്കുമെന്നാണ് ഇസ്രയേൽ കരുതുന്നത്? ഗാസയിൽ പുനരധിവാസം ഇസ്രയേൽ ലക്ഷ്യംവെക്കുന്നുണ്ടോ? ഗാസയുടെ അതിർത്തികൾ ഇസ്രയേൽ മാനിക്കുമോ? പശ്ചിമതീരത്ത് പലസ്തീൻ മേധാവിത്വം പുനഃസ്ഥാപിക്കുന്നതിന് അവരെ സഹായിക്കാനുള്ള വല്ല പദ്ധതിയും ഇസ്രയേലിന്റെ ചിന്തയിലുണ്ടോ?

ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പേരിൽ ഹമാസിനെ ജോബെെഡൻ ശക്തിയായ ഭാഷയിൽ അപലപിക്കുകയുണ്ടായി. എന്നാൽ അതിനുള്ള സമയമായോ? സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ പ്രൊഫസർ ആന്റണി എച്ച് കോഡ്സ്മാന്റെ അഭിപ്രായത്തിൽ, ഈ സംഘർഷത്തിൽ നിഷ്പക്ഷരായി നിലയുറപ്പിച്ചിട്ടുള്ള രാജ്യങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ വിശ്വസനീയരായ രാഷ്ട്രങ്ങളും വ്യക്തികളും അന്താരാഷ്ട്രതലത്തിൽ നടത്തുന്ന അനേ-്വഷണം ആവശ്യമാണ്.

അബു മൗർസൗക്കിന്റെ അവകാശവാദത്തിന് പ്രസക്തിയുണ്ടെന്നും കരുതേണ്ടിയിരിക്കുന്നു. തിടുക്കപ്പെട്ട് ഏതെങ്കിലുമൊരു പക്ഷത്ത് നിലയുറപ്പിക്കുകയല്ല വേണ്ടത്. 

കടപ്പാട്: ദ ഹിന്ദു, ഒക്ടോബർ 27

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − sixteen =

Most Popular