കമ്യൂണിസ്റ്റ് – വർക്കേഴ്സ് പാർട്ടികളുടെ 23–ാമത് സാർവദേശീയയോഗം ചേരുന്നത്, പലസ്തീനിലെ ഗാസയ്ക്കുനേരെ അമേരിക്കയുടെ ജൂനിയർ പങ്കാളിയായ ഇസ്രയേൽ അഭൂതപൂർവമായ ഒരാക്രമണം അഴിച്ചുവിട്ടിരിക്കുന്ന വേളയിലാണ്. ഗാസയ്ക്കുനേരെ കർക്കശമായ ഉപരോധം ഏർപ്പെടുത്തുമെന്നും എന്നെന്നേയ്ക്കുമായി ‘മിഡിൽ ഈസ്റ്റി’നെ മാറ്റിമറിക്കുമെന്നുമാണ് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വളരെ അപകടകരമായ സ്ഥിതിവിശേഷമാണ്; ലോകസമാധാനത്തെ സംബന്ധിച്ചിടത്തോളം ഇത് ഗുരുതരമായ ഒരു ഭീഷണിയുമാണ്. പലസ്തീനോട് തങ്ങളുടെ അചഞ്ചലമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ലോകത്തെ എല്ലാ കമ്യൂണിസ്റ്റ് – വർക്കേഴ്സ് പാർട്ടികളും പുരോഗമന വാദികളും സമാധാന പ്രേമികളുമായ എല്ലാ ശക്തികളും ഒത്തൊരുമിച്ച് കെെകോർക്കേണ്ടതിന് വളരെയേറെ പ്രാധാന്യമുണ്ട്. ‘മിഡിൽ ഈസ്റ്റി’നെ (നമ്മെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യ) മാറ്റേണ്ടതുണ്ടെങ്കിൽ, 1967നുമുൻപുള്ള അതിർത്തിയോടെയും കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കിയും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട് ഇസ്രയേൽ തന്നെയാണ് മാറ്റത്തിനു വിധേയമാകേണ്ടത്. സമാധാനവും പുരോഗതിയും ജനാധിപത്യവും തുല്യതയും നിലനിൽക്കുന്ന ഒരു മേഖലയായാണ് പശ്ചിമേഷ്യ മാറേണ്ടത്.
ചിലിയിലെ സാൽവദോർ അലന്ദെ ഗവൺമെന്റിനെതിരായി അമേരിക്കൻ പിന്തുണയോടെ നടന്ന പട്ടാള അട്ടിമറിയുടെ അമ്പതാം വാർഷികം കൂടിയാണ് ഈ വർഷം. ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും അവരുടെ അനുഭാവികളും നിഷ്-ഠൂരമായി കൊല ചെയ്യപ്പെടുകയും ജയിലുകളിൽ അടയ്ക്കപ്പെടുകയും ചെയ്തു. ഇത്തരത്തിൽ കൊല്ലപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളിൽ ലോക പ്രശസ്ത കവി പാബ്ലോ നെരൂദയും ഗായകൻ വിക്ടർ ഹാറയും ഉൾപ്പെടുന്നു. ഈ അട്ടിമറി കേവലം പോപ്പുലർ യൂണിറ്റി ഗവൺമെന്റിനെ പുറത്താക്കാൻ വേണ്ടി മാത്രമായിരുന്നില്ല, മറിച്ച് നവലിബറലിസം എന്ന ആലങ്കാരികപദപ്രയോഗത്തിൻ കീഴിൽ പുത്തൻ സാമ്പത്തികനയങ്ങൾ നടപ്പാക്കാനുള്ള പരീക്ഷണശാലയായി ചിലിയെ മാറ്റാൻ വേണ്ടിക്കൂടിയാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾ ഒന്നടങ്കം പട്ടാള അട്ടിമറിക്കും സാമ്പത്തികമായ ഈ കീഴ്പ്പെടുത്തലിനും പിന്തുണ നൽകിയിരുന്നു. അലന്ദെ തിരഞ്ഞെടുക്കപ്പെട്ട ആദ്യദിനം മുതൽതന്നെ ‘ദി ഇക്കണോമിസ്റ്റ്’ അലന്ദെ ഗവൺമെന്റിനെതിരായ പ്രചാരണവും തുടങ്ങിക്കഴിഞ്ഞിരുന്നു; ആ മാഗസിൻ പട്ടാള അട്ടിമറിക്ക് പിന്തുണയും നൽകി. ചിലിയിൽ ആഭ്യന്തരയുദ്ധം നടക്കണമെന്നു പോലും അത് വാദിച്ചിരുന്നു. കമ്യൂണിസ്റ്റുകാർക്കും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്കും എതിരായും സാമ്രാജ്യത്വ ഇടപെടലുകൾക്കനുകൂലമായും കോർപറേറ്റ് മാധ്യമങ്ങൾ വഹിച്ച പങ്കിന്റെ ഉത്തമദൃഷ്ടാന്തമാണിത്.
സഖാക്കളേ,
നാമിന്ന് പുതിയൊരു വലതുപക്ഷ കടന്നാക്രമണത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇറ്റലിയിലെപ്പോലെ ഫാസിസത്തിന്റെ വക്താക്കൾ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുകയാണ്. വിവിധ രൂപങ്ങളിലുള്ള വിഭാഗീയ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് ഇത്തരം ശക്തികൾ ദ്രുതഗതിയിൽ കരുത്താർജിച്ചു വരുന്നത്. വിവിധ രാജ്യങ്ങളിൽ പിന്തുടരുന്ന സാമ്പത്തികനയങ്ങൾക്കെതിരായി വർധിച്ചുവരുന്ന ജനകീയ അസംതൃപ്തിയാണ് ഇവയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നത്.
നാണയപ്പെരുപ്പം വർധിച്ചുകൊണ്ടിരിക്കുന്നു; ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലകൾ കുതിച്ചുയരുന്നത് ഇതിന്റെ പ്രതിഫലനമാണ്. 2023 ഫെബ്രുവരിക്കും മെയ് മാസത്തിനും ഇടയ്ക്കുള്ള ലഭ്യമായ ഡാറ്റപ്രകാരം താഴ്ന്ന വരുമാനമുള്ള 60 ശതമാനത്തിലധികം രാജ്യങ്ങളിലും ഇടത്തരം വരുമാനമുള്ള 70 ശതമാനത്തിലധികം രാജ്യങ്ങളിലും നാണയപ്പെരുപ്പം 5 ശതമാനത്തിലും അധികമാണ്; അവയിൽ പലതിന്റെയും നാണയപ്പെരുപ്പം ഇരട്ട അക്കത്തിൽ എത്തിയിരിക്കുന്നു. 163 രാജ്യങ്ങളിൽ 80 ശതമാനത്തോളം എണ്ണത്തിൽ ഭക്ഷ്യസാധന വിലക്കയറ്റം മൊത്തം വിലക്കയറ്റത്തെക്കാൾ അധികമായിരിക്കുന്നു. നാണയപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനായി പലിശനിരക്ക് വർധിപ്പിക്കുന്നതുപോലെയുള്ള ആക്രമണാത്മക നാണയ നയങ്ങൾ പിന്തുടരുകയാണ്. പലിശനിരക്ക് വർധിപ്പിക്കുന്നത് തൊഴിലില്ലായ്മ വർധിക്കുന്നതിനും യഥാർഥവേതനത്തിൽ ഇടിവുണ്ടാകുന്നതിനും ഇടയാക്കുന്നു; അങ്ങനെ തൊഴിലാളിവർഗത്തിന്റെയും സാമാന്യജനങ്ങളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു.
യഥാർഥത്തിൽ, തൊഴിലാളികളുടെ യഥാർഥ വേതനം കുത്തനെ ഇടിയുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഐഎൽഒയുടെ അഭിപ്രായത്തിൽ 2022 ന്റെ ആദ്യപകുതിയിൽ പ്രതിമാസ യഥാർഥ വേതനം 0.9 ശതമാനം കണ്ട് ഇടിഞ്ഞു; 2006നു ശേഷമുണ്ടായ ആദ്യത്തെ നിഷേധ വളർച്ചയാണിത്. ചെെനയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചുണ്ടായ സവിശേഷമായ ഉയർന്ന വേതന വളർച്ചയെ മാറ്റിനിർത്തിയാൽ യഥാർഥ വേതന വളർച്ചയിൽ 1.9 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഒഇസിഡിയുടെ റിപ്പോർട്ടുപ്രകാരം 2023ന്റെ ആദ്യപാദത്തിൽ 34 രാജ്യങ്ങളിൽ 31 എണ്ണത്തിലും യഥാർഥ വേതനത്തിൽ ഇടിവുണ്ടായി.
യഥാർഥ കൂലിയിലുണ്ടായ ഈ ഇടിവുപോലും മുതലാളിമാരെ തൃപ്തിപ്പെടുത്തുന്നില്ല. സമ്പദ്ഘടനയിലേക്ക് ഇനിയും കുറച്ചുകൂടി ‘അധികം വേദന’ അടിച്ചേൽപ്പിക്കണമെന്നാണ് അവർ പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇങ്ങനെ വേദന അടിച്ചേൽപ്പിക്കാൻ കൂലി കുറയ്ക്കുകയും തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുകയും ചെലവു ചുരുക്കലിനായിമുണ്ട് കൂടുതൽ ഇറുക്കി ഉടുക്കുകയും ചെയ്യണമെന്നതാണ് അവരുടെ ആവശ്യം. മൊത്തത്തിൽ തൊഴിലാളിവർഗത്തിനും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും മേൽ കൂടുതൽ കനത്ത ഭാരം അടിച്ചേൽപ്പിച്ചുകൊണ്ട് ലാഭം പെരുപ്പിക്കണമെന്നതാണ് അവരുടെ ലക്ഷ്യം.
ഇങ്ങനെ അധികഭാരം അടിച്ചേൽപ്പിക്കുന്നതിനെതിരെ പല രാജ്യങ്ങളിലും ഉശിരൻ തൊഴിലാളിവർഗ സമരവേലിയേറ്റങ്ങൾക്കാണ് നാമിന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലും ബ്രിട്ടനിലും ഫ്ര-ാൻസിലും ഇത്തരം മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സമരങ്ങൾ അനുകൂല ഘടകമാണ്. ഈ തൊഴിലാളിവർഗ സമരങ്ങളെ മാർക്സിസം– ലെനിനിസം സംബന്ധിച്ച ശാസ്ത്രീയ ധാരണ നൽകിക്കൊണ്ട് പാകപ്പെടുത്തിയെടുക്കണം; അങ്ങനെ വർഗചൂഷണത്തോടു പൊരുതാൻ ആവശ്യമായ പ്രത്യയശാസ്ത്രപരമായ ആയുധം തൊഴിലാളിവർഗത്തിന് നൽകണം.
വർഗബോധത്തിന്റെ വളർച്ചയെയും തങ്ങളുടെ വർഗപരമായ അധീശാധിപത്യത്തിനുനേരെ വെല്ലുവിളി ഉയരുന്നതിനെയും ഭയക്കുന്ന ഭരണവർഗങ്ങൾ പ്രത്യയശാസ്ത്രപരമായ ആക്രമണത്തിന്റെ ഒരു രൂപമായ മാധ്യമങ്ങളെയാണ് ഇതിനെതിരെ ഉപയോഗിക്കുന്നത്. മഹാഭൂരിപക്ഷം മാധ്യമസ്ഥാപനങ്ങളും ഭീമൻ കോർപറേഷനുകളുടെ നിയന്ത്രണത്തിലാണ്; മൂലധനത്തോടും ലാഭം പരമാവധിയാക്കുന്നതിനോടുമാണ് സഹജമായിതന്നെ അവയുടെ താൽപ്പര്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത്. വസ്തുതകളെ അവ വളച്ചൊടിക്കുകയും സത്യം ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കുകയും ചെയ്യുന്ന രീതിയിൽനിന്നു തന്നെ കോർപറേറ്റ് മാധ്യമങ്ങളുടെ പക്ഷപാതിത്വം നമുക്ക് മനസ്സിലാക്കാൻ കഴിയും. അവയുടെ റിപ്പോർട്ടുകളിൽ തൊഴിലാളിവർഗത്തിന്റെ കഷ്ടപ്പാടുകളും അവരുടെ സമരങ്ങളുമെല്ലാം അപൂർവമായി മാത്രമേ ഇടം പിടിക്കാറുള്ളൂ. വലതുപക്ഷ രാഷ്ട്രീയ പ്രചാരണത്തിന് അളവറ്റ ഇടവും പ്രാധാന്യവുമാണ് അവ നൽകുന്നത്. വംശീയത, പ്രാദേശികവാദം, മൗലികവാദം, മതപരമായ വിഭാഗീയത, പുരുഷാധിപത്യം, തീവ്രവാദം, നവഫാസിസം എന്നിങ്ങനെയുള്ള വിഭാഗീമായ ആശയങ്ങളെയാണ് അവ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്നത്.
ഇൗ പ്രക്രിയയുടെ ഭാഗമായി ചരിത്രപരമായ വസ്തുതകൾ ഇരുട്ടിലാക്കപ്പെടുകയാണ്. ചരിത്രത്തിന്റെ പേരിൽ കെട്ടുകഥകളാണ് ജനങ്ങൾക്ക് നൽകുന്നത്. കോളനി വാഴ്ചയ്ക്കെതിരായ സമരത്തിലും ഫാസിസത്തിനെതിരായ യുദ്ധത്തിലും സാമൂഹിക പരിഷ്കരണത്തിനും സമത്വാധിഷ്ഠിത വ്യവസ്ഥ സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള സമരത്തിലും കമ്യൂണിസ്റ്റുകാർ വഹിച്ച പങ്ക് അവഗണിക്കപ്പെടുകയാണ്. അതിനുപകരം കമ്യൂണിസവും ഫാസിസത്തെപ്പോലെ തന്നെയാണെന്നും കമ്യൂണിസ്റ്റ് ഭരണവും സേ-്വച്ഛാധിപത്യവാഴ്ചയും സമമാണെന്നും വരുത്തിത്തീർക്കാനാണ് അവർ ശ്രമിക്കുന്നത്. ഈ തരത്തിൽ അതിനീചമായ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ കാംപെയ്ൻ നടന്നുകൊണ്ടിരിക്കുകയാണ്.
സഖാക്കളേ, ഈ തരത്തിലുള്ള ആക്രമണങ്ങൾക്കും വളച്ചൊടിക്കലുകൾക്കും എതിരായി നാം ബോധപൂർവം പ്രത്യയശാസ്ത്ര സമരം നടത്തുന്നില്ലയെങ്കിൽ, അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ഇപ്പോഴത്തെ അധീശാധിപത്യത്തെ വെല്ലുവിളിക്കാനും ആത്യന്തികമായി ചൂഷണാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയെ തകർക്കാനും ആവശ്യമായ വർഗഐക്യം കെട്ടിപ്പടുക്കാൻ നമുക്ക് കഴിയില്ല.
വലതുപക്ഷ ശക്തികളെ സമ്പൂർണമായി പരാജയപ്പെടുത്താൻ നമ്മുടെ സമരം ബഹുമുഖമായിരിക്കണമെന്ന് ഞങ്ങളുടെ പാർട്ടി കോൺഗ്രസുകൾ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്,. തിരഞ്ഞെടുപ്പുകളിൽ ഈ ശക്തികളെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കൊപ്പം നാം അവയ്ക്കെതിരെ രാഷ്ട്രീയ–സാമ്പത്തിക–സാംസ്കാരിക–സാമൂഹിക–പ്രത്യയശാസ്ത്ര മണ്ഡലങ്ങളിലും പൊരുതേണ്ടതുണ്ട്. വലതുപക്ഷ ശക്തികൾക്കെതിരായ ഞങ്ങളുടെ സമരങ്ങളിൽനിന്നു ലഭിച്ച അനുഭവപാഠത്തെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ ഈ നിഗമനത്തിൽ എത്തിയത്.
ഞങ്ങളുടെ രാജ്യത്ത്, ബിജെപിയെന്ന വലതുപക്ഷ രാഷ്ട്രീയപാർട്ടിയുടെ നേതൃത്വത്തിലുള്ള സേ-്വച്ഛാധിപത്യ ഗവൺമെന്റാണെന്ന കാര്യം നിങ്ങൾക്കെല്ലാം അറിവുള്ളതാണല്ലോ. ആർഎസ്എസ് എന്ന അതിന്റെ മാതൃസംഘടന മുന്നോട്ടുവയ്ക്കുന്ന വീഭാഗീയമായ മത പ്രത്യയശാസ്ത്രമാണ് ബിജെപിയെ നയിക്കുന്നത്. ഗവൺമെന്റ് നവലിബറൽ പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധതയുള്ളതാണ്; നവലിബറലിസം തീവ്ര മുതലാളിത്തമാണ്; അതിന്റെ അടിത്തറയാകട്ടെ സ്വകാര്യവൽക്കരണവും. കൃഷിയിൽ കോർപറേറ്റുകൾക്ക് കടന്നുവരാനുള്ള വഴിതുറന്നിടാനാണ് ശ്രമിക്കുന്നത്. ഇന്നേവരെ വിദേശമൂലധനത്തിന് കടന്നുവരാൻ കഴിയാതിരുന്ന ഇന്ത്യൻ സമ്പദ്ഘടനയിലെ പൊതുമേഖലാ സ്ഥാപനങ്ങളും പൊതുമേഖലയാകെയും അന്താരാഷ്ട്ര ധനമൂലധനത്തിന‍് കടന്നുവരാനുള്ള വഴിയൊരുക്കപ്പെട്ടിരിക്കുന്നു. പരിസ്ഥിതി നാശം വരുത്തുംവിധം പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നതിന് കോർപറേറ്റുകളെ സഹായിക്കുന്നതിനായി വനസംരക്ഷണ നിയമങ്ങളിൽ വെള്ളം ചേർത്തിരിക്കുന്നു.
ഈ ആഭ്യന്തര നയങ്ങൾ അനുപേക്ഷണീയമായും വിദേശനയത്തിലും പ്രതിഫലിക്കുന്നു. ആഗോള ‘തെക്കൻ മേഖല’യ്ക്കൊപ്പമെന്ന വമ്പൻ വാചകമടികളെല്ലാം നടത്തുന്നുണ്ടെങ്കിലും രാജ്യത്തെ സർക്കാർ അമേരിക്കയുമായി അധികമധികം അടുപ്പം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ചരിത്രത്തിൽ ഇതാദ്യമായി പലസ്തീനു നേരെ ഇസ്രയേൽ നടത്തുന്ന ഇപ്പോഴത്തെ ആക്രമണത്തിൽ തങ്ങൾ ഇസ്രയേലിനൊപ്പമാണെന്ന് ഇന്ത്യാ ഗവൺമെന്റ് തുറന്ന് വ്യകതമാക്കിയിരിക്കുകയാണ്. അമേരിക്കയുമായും അതിന്റെ സഖ്യകക്ഷികളുമായുമുള്ള ഇന്ത്യാ ഗവൺമെന്റിന് പ്രതിരോധ–സുരക്ഷാബന്ധങ്ങൾ ഞങ്ങളുടെ പരമാധികാരവും സ്വാശ്രയത്വവും അടിയറവച്ചും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്; പൊതുജനാഭിപ്രായത്തെ പൂർണമായും അവഗണിച്ചിരിക്കുകയാണ്; ജനാധിപത്യപരമായും നിയമാനുസൃതമായും ഗവൺമെന്റിനെ ചോദ്യം ചെയ്യുന്നവരെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുകയാണ്.
നവലിബറൽ സാമ്പത്തികനയങ്ങൾ ഒരു പാക്കേജായാണ് വരുന്നത്; ജനാധിപത്യാവകാശങ്ങൾക്ക് വിലങ്ങിടുന്നത് അതിന്റെ അനിവാര്യമായ അനന്തരഫലമാണ്. അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവുമെല്ലാം ഈ ആക്രമണത്തിന്റെ ആദ്യ ഇരകളാണ്. ഭരണവർഗങ്ങളുടെ തീട്ടൂരങ്ങൾക്കനുസരിച്ച് നിൽക്കാത്ത മാധ്യമസ്ഥാപനങ്ങളെ സാധ്യമായ എല്ലാ ഭരണകൂട ഉപകരണങ്ങളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അടച്ചുപൂട്ടാൻ നിർബന്ധിതരാക്കുകയുമാണ്. ഇത്തരത്തിലുള്ള നിരവധി സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും ആക്രമിക്കപ്പെടുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.
തൊഴിൽനിയമ പരിഷ്കാരത്തിന്റെ പേരിൽ സംഘടിക്കാനുള്ള അവകാശം വലിയതോതിൽ അസാധ്യമാക്കപ്പെടുകയാണ്. അനുരഞ്ജനത്തിനും പണിമുടക്കിനുമുള്ള അവകാശം ഇല്ലാതാക്കപ്പെടുന്നു. പൊതുഇടങ്ങളിൽ പ്രതിഷേധം അസാധ്യമാക്കിയിരിക്കുന്നു. പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും കിരാത നിയമങ്ങൾക്ക് രൂപം നൽകുകയാണ്. പാർലമെന്റിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും പോലെയുള്ള ബൂർഷ്വാ ജനാധിപത്യ സ്ഥാപനങ്ങളെയും ജൂഡീഷ്യറിയെപോലും തങ്ങളുടെ അജൻഡയുമായി മുന്നോട്ടുപോകാൻ പറ്റുംവിധം പൂർണമായും കെെപ്പിടിയിലൊതുക്കുകയാണ്. ഈ നീക്കങ്ങൾ ഭരണകൂടത്തിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും യഥാർഥ സ്വഭാവം തുറന്നു കാണിക്കുന്നതാണ്; അത് തിരിച്ചറിയാൻ ജനങ്ങളെ സഹായിക്കുന്നതുമാണ് ഈ നീക്കങ്ങൾ.
തങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിന് മതപരവും വിഭാഗീയവുമായ വിദേ-്വഷം പ്രചരിപ്പിക്കപ്പെടുകയാണ്. മുസ്ലീം ന്യൂനപക്ഷങ്ങൾക്കുനേരെ നിരന്തരം കൃത്യമായ ആക്രമണമഴിച്ചുവിടുകയുമാണ്. സങ്കുചിത ദേശീയ വികാരം ഇളക്കി വിട്ടുകൊണ്ട് വിഭാഗീയമായ അടവുകൾ പ്രയോഗിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തെ, പ്രത്യേകിച്ചും കോളനി വാഴ്ചയ്ക്കെതിരായ സമരത്തെ, വക്രീകരിച്ച് ജനങ്ങൾക്കുമുന്നിൽ അവർ അവതരിപ്പിക്കുന്നു. ഈ ലക്ഷ്യങ്ങൾക്കനുയോജ്യമായ വിധം പാഠപുസ്തകങ്ങൾ തിരുത്തിയെഴുതപ്പെടുന്നു. അന്ധവിശ്വാസങ്ങളും കെട്ടുകഥകളും കുന്നുകൂട്ടുന്നതിനും സയൻസിനെയും യുക്തിചിന്തയെയും കുഴിച്ചുമൂടുന്നതിനുമാണ് അവർ ശ്രമിക്കുന്നത്.
കോർപറേറ്റ് മാധ്യമങ്ങൾ, അവയുടെ വർഗസ്വഭാവം പോലെ തന്നെ, സർക്കാരിന്റെ ഈ ചെയ്തികളുടെയെല്ലാം സജീവ വക്താക്കളായി മാറിയിരിക്കുന്നു. തൊഴിലാളിവർഗത്തിന്റെയും കർഷകജനതയുടെയും ട്രേഡ് യൂണിയനുകളുടെയും യുവജനങ്ങളുടെയും വിദ്യാർഥികളുടെയും സ്ത്രീകളുടെയും മറ്റു മർദിത –ചൂഷിത ജനവിഭാഗങ്ങളുടെയും കമ്യൂണിസ്റ്റുകാരുടെയും മറ്റു പുരോഗമന ശക്തികളുടെയും സമരങ്ങളെക്കുറിച്ച് അപൂർവമായി മാത്രമേ പരാമർശിക്കപ്പെടാറുള്ളൂ. സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാർ, മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ പ്രവർത്തിക്കുന്നതിന്റെ പരിമിതികളെല്ലാമുണ്ടായിട്ടും, പ്രത്യേകിച്ചും കേന്ദ്ര സർക്കാർ’ സാമ്പത്തികമായി ശ്വാസംമുട്ടിക്കുമ്പോഴും, നടപ്പാക്കുന്ന ബദൽ നയങ്ങളെയും മാധ്യമങ്ങൾ അവഗണിക്കുകയാണ്. അവയുടെ ലക്ഷ്യം വ്യക്തമാണ്; നവലിബറലിസത്തിനും മുതലാളിത്തത്തിനുമുള്ള ബദലുകളെകുറിച്ചൊന്നും ജനങ്ങൾ അറിയരുതെന്നതാണ് അവയുടെ ലക്ഷ്യം. ‘ചരിത്രത്തിന്റെ അന്ത്യമായി’ എന്ന അവയുടെ പരാജയപ്പെട്ട സിദ്ധാന്തത്തിൽത്തന്നെ അള്ളിപ്പിടിച്ചിരിക്കാനാണ് അവ ശ്രമിക്കുന്നത്.
അനുഭവങ്ങളിൽനിന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടത് വലതുപക്ഷ കടന്നാക്രമണത്തെയും നമ്മുടെ രാജ്യത്തേക്കുള്ള അന്താരാഷ്ട്ര ധനമൂലധനത്തിന്റെ നുഴഞ്ഞുകയറ്റത്തെയും പരാജയപ്പെടുത്തുന്നതിന് ശക്തമായ ഒരു കമ്യൂണിസ്റ്റു പാർട്ടി ആവശ്യമാണെന്നാണ്. ഇത് സാധ്യമാകണമെങ്കിൽ തൊഴിലാളികളെയും കർഷകരെയും കർഷകത്തൊഴിലാളികളെയും അടിസ്ഥാനപരമായ മാറ്റത്തിനായി പൊരുതാൻ തയ്യാറുള്ള ചൂഷിതരും മർദിതരുമായ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് അണിനിരത്താൻ നമുക്ക് കഴിയണം. മാറിവരുന്ന ലോകത്തെ ഒാരോ പ്രധാന സംഭവ വികാസങ്ങൾക്കുമൊപ്പം ഓരോ രാജ്യത്തെയും മൂർത്തമായ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായി വിശകലനം ചെയ്യുകയും നമ്മുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ,പ്രത്യയശാസ്ത്ര സമരങ്ങൾക്ക് മൂർച്ച കൂട്ടുകയും ചെയ്താൽ മാത്രമേ അതിനു സാധ്യമാവുകയുള്ളു.
ധീരരായ നമ്മുടെ സഖാക്കൾ അതെല്ലാം നിർവഹിക്കാൻ പ്രതിജ്ഞാബദ്ധരാണ്.
സാമ്രാജ്യത്വം തുലയട്ടെ!
സാർവദേശീയ കമ്യൂണിസ്റ്റ് സൗഹൃദം നീണാൾവാഴട്ടെ! സോഷ്യലിസം നീണാൾ വാഴട്ടെ! ♦