Saturday, November 23, 2024

ad

Homeകവര്‍സ്റ്റോറിപലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലോകം

പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലോകം

ആർ അരുൺകുമാർ

ലസ്തീനിലെ ഗാസയ്ക്കുമേൽ ഏറ്റവും ഭീകരവും ക്രൂരവും നിന്ദ്യവുമായ കടന്നാക്രമണമാണ് ഇസ്രയേൽ ഇപ്പോൾ നടത്തുന്നത്. 2023 ഒക്ടോബർ 28 ആയപ്പോൾ ഇസ്രയേലിന്റെ ബോംബാക്രമണത്തിലും കരയുദ്ധത്തിലും കൂടി ഏഴായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. പുറത്തുവന്ന ഒരു റിപ്പോർട്ടുപ്രകാരം ഓരോ 15 മിനിറ്റിനുമിടയിൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുണ്ട്. ആശുപത്രികൾ, യുഎൻ അഭയകേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവയെല്ലാം ഇസ്രായേലിന്റെ ആക്രമണ ലക്ഷ്യമാണ്. ഭക്ഷണസാധനങ്ങളും കുടിവെള്ളവും മരുന്നുകളും ഇന്ധനവും വെെദ്യുതിയുമെല്ലാം ഗാസ നിവാസികൾക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സമ്പൂർണ ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് ഇസ്രയേൽ ഗാസയെ സമ്മർദത്തിലാക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ ഗാസയെ കീഴടങ്ങാൻ നിർബന്ധിതമാക്കാനാണ് ഇസ്രയേൽ നീക്കം; എന്നിട്ട് ഗാസയെ സ്വന്തം അധിനിവേശത്തിൻകീഴിലാക്കുകയും പലസ്തീൻകാരെ പിന്നെയും അവിടെനിന്ന് ആട്ടിയോടിക്കുകയും ചെയ്യുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം.

തൽക്ഷണം വാർത്തകളും ഓർമയും ലഭ്യമാകുന്ന തികച്ചും വാണിജ്യവൽകൃതമായ ഒരു ലോകത്ത് സാമ്രാജ്യത്വം, നിരപരാധികളായ നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നതിനെ ഭാവി തലമുറകളുടെ അറിവിലേക്കായി ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ഒരു കൂട്ടം സ്ഥിതിവിവര കണക്കുകളായി മാറ്റുകയാണ്. ഇരകളെ കുറ്റവാളിയായും കുറ്റവാളിയെ ഇരയായുംമുദ്ര കുത്തുന്നതിനുള്ള പ്രചാരണം കൊണ്ടുപിടിച്ചു നടക്കുകയാണ്.

2020ൽ ഐക്യരാഷ്ട്ര സഭ പലസ്തീനിൽ 52 വർഷത്തിലധികം പഴക്കമുള്ള ഇസ്രയേലി അധിനിവേശ പ്രദേശത്തെ ‘‘ആധുനിക ലോകത്തിലെ ഏറ്റവും ദെെർഘ്യമേറിയ സംഘർഷഭരിതമായ അധിനിവേശമായാണ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര പൊതുസഭ ഇസ്രയേലിനെ ഏറ്റവുമധികം വെറുക്കപ്പെട്ട രാജ്യമെന്ന നിലയിലാണ് അവതരിപ്പിച്ചത്. 2020ൽ ഐക്യരാഷ്ട്ര പൊതുസഭ ഇസ്രയേലിനെ അപലപിച്ചുകൊണ്ട് 17 പ്രമേയങ്ങളാണ് അംഗീകരിച്ചത്; അതേസമയം ഇത്തരത്തിലുള്ള 6 പ്രമേയങ്ങൾ മാത്രമാണ് മറ്റു പല രാജ്യങ്ങളെയും സംബന്ധിച്ച് അംഗീകരിച്ചത്; അതായത്, മറ്റെല്ലാ രാജ്യങ്ങളെയും അപലപിച്ചതിനെക്കാൾ മൂന്നിരട്ടി തവണയാണ് യുഎൻ പൊതുസഭ ഇസ്രയേലിനെ അപലപിച്ചിട്ടുള്ളത്. ഇത് ഇസ്രയേലിന്റെ മറ്റു പ്രദേശങ്ങളെ ആക്രമിച്ച് പിടിച്ചെടുക്കൽ നയത്തിനെതിരെയുള്ളതും പലസ്തീൻ എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതുമായ ലോക പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമാണ്.

ഇസ്രയേലിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ടും അടിയന്തരമായും വെടിനിർത്തൽ നടപ്പാക്കണമെന്നും സമ്പൂർണമായും തകർക്കപ്പെട്ടിരിക്കുന്ന ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടും ലക്ഷക്കണക്കിനാളുകളാണ് ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രകടനങ്ങൾ നടത്തുന്നത്. ഒട്ടേറെ രാജ്യങ്ങളിലെ ഗവൺമെന്റുകൾ പ്രതിഷേധങ്ങളെയും പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനെയും നിരോധിച്ചുകൊണ്ട് ജനങ്ങൾ തെരുവിലിറങ്ങുന്നതിനെ വിലക്കുകയാണ്. ഈ നിയന്ത്രണങ്ങളെല്ലാം ഉണ്ടായിട്ടും ലോകത്തുടനീളമുള്ള നഗരങ്ങളിൽ ലക്ഷക്കണക്കിനാളുകളാണ് തടിച്ചുകൂടുന്നത്. തങ്ങളുടെ ഗവൺമെന്റുകൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നാണ് ഈ ജനങ്ങളാകെ ആവശ്യപ്പെടുന്നത്.

ലണ്ടനിൽ മൂന്ന് ലക്ഷത്തിലധികം ആളുകൾ അണിനിരന്നാണ് പലസ്തീനെ ആക്രമിക്കുന്നതിനെതിരായി റാലി നടത്തിയത്; ഒരിക്കലല്ല ഒരാഴ്ചയ്ക്കിടയിൽ രണ്ട് തവണയാണ് ഇങ്ങനെ റാലി നടത്തിയത്. ലബനണിലും ഇറാനിലും ഇറാഖിലും തുർക്കിയിലും ജോർദാനിലും യെമനിലും ഈജിപ്തിലും മൊറോക്കോയിലും ഇൻഡോനേഷ്യയിലും ബംഗ്ലാദേശിലും റോമിലും ഡബ്ലിനിലും ഗ്ലാസ്ഗോയിലും ജനീവയിലും സിഡ്നിയിലും ടൊറോന്റോവിലും സ്വീഡനിലും ഡെന്മാർക്കിലും ലോകത്തെ മറ്റനേകം രാജ്യങ്ങളിലും വമ്പിച്ച പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്.

നിരവധി സ്ഥലങ്ങളിൽ ജൂതർ തന്നെ തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെ ഇസ്രയേൽ നടത്തുന്ന ക്രൂരകൃത്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്. അമേരിക്കയിൽ ഇസ്രയേലിനെതിരായ പ്രതിഷേധ പ്രകടനങ്ങൾ നയിക്കുന്നതുതന്നെ ജൂതരുടെ സംഘങ്ങളാണ്; അവർ വാഷിങ്ടണിലെ കാപ്പിറ്റോൾ ഹില്ലിലേക്ക് മാർച്ച് ചെയ്തു. സമാനമായ പ്രതിഷേധ പ്രക്ഷോഭങ്ങൾ ന്യൂയോർക്കിലും ലോസ്ഏഞ്ചലസിലും ഡെട്രോയിറ്റിലും നടത്തപ്പെട്ടു. ഇസ്രയേലിന്റെ നയങ്ങളെ വിമർശനപരമായി കാണുന്ന യൂറോപ്പിൽ ജീവിക്കുന്ന നിരവധി ജൂതവിഭാഗങ്ങൾ ഗാസയിൽ ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ യൂറോപ്പിലുടനീളം പൊട്ടിപ്പുറപ്പെടുന്ന പ്രകടനങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ഗ്ലാസ്ഗൊ മുതൽ ലണ്ടൻ വരെ, പാരീസ് മുതൽ ബാഴ്സലോണ വരെ നിരവധി ജൂതർ, ഉപരോധത്തിൽപ്പെട്ട് കഷ്ടപ്പെടുന്ന ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നടന്ന പലസ്തീൻ അനുകൂല റാലികളിൽ പങ്കെടുത്തു.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ ജീവിക്കുന്ന ഇസ്രയേലി പൗരർക്ക് മാത്രം വേണ്ടിയുള്ള ഒരു ഓൺലെെൻ പെറ്റീഷൻ വെബ്സെെറ്റിൽ പ്രചരിച്ചുപ്പികൊണ്ടിരിക്കുകയാണ്. അതിൽ രേഖപ്പെടുത്തപ്പെട്ട ഒപ്പുകളുടെ എണ്ണം നിശ്ചയിച്ച ലക്ഷ്യവും കവിഞ്ഞ് 50 ശതമാനത്തിലേറെയായിരിക്കുന്നു. ഗാസ ചീന്തിൽ ജീവിക്കുന്ന 23 ലക്ഷത്തിലധികം വരുന്ന ജനങ്ങൾക്കുമേൽ ലക്കും ലഗാനുമില്ലാതെ ബോംബു വർഷിക്കുന്നത് ഉടൻ നിർത്തുന്നതിനുവേണ്ടി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് വ്യക്തമായി ആഹ്വാനം ചെയ്യുന്നതാണ് ആ പെറ്റീഷൻ; ആസന്നമായിരിക്കുന്ന, ഗാസയിലേക്കുള്ള കരമാർഗേണയുള്ള വിനാശകരമായ ആക്രമണം തടയണമെന്നും അതിൽ ആവശ്യപ്പെടുന്നു. വീണ്ടും അത് തുടരുന്നു, ‘‘അതിഭീകരവും അഭൂതപൂർവവുമായ മാനുഷിക ദുരന്തമുഖത്തുനിന്ന് എത്രയുംവേഗം പിൻവാങ്ങണമെന്ന് ഇസ്രയേലി ഗവൺമെന്റിനുമേൽ സമ്മർദ്ദം ചെലുത്തേണ്ടതാണ്. ആയിരക്കണക്കിനാളുകൾക്ക് ഇനിയുമധികം ജീവൻ നഷ്ടപ്പെടുന്നതിനുമുമ്പുതന്നെ അതു നടപ്പാക്കണം. തടവുകാരെയും ബന്ദികളെയും കെെമാറുന്നത് എത്രയും വേഗം നടപ്പാക്കാനുള്ള കരാറിലേർപ്പെടണമെന്ന് ഞങ്ങൾ ഇസ്രയേൽ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു. അതുപോലെതന്നെ സാധാരണ പൗരർക്ക് കടന്നുപോകാനും അവർക്കുവേണ്ട സാധനങ്ങൾ എത്തിക്കാനും വേണ്ട സുരക്ഷിതമായ മാനുഷിക ഇടനാഴി അനുവദിക്കാനും ഗാസയിലേക്ക് മെഡിക്കൽ സംവിധാനങ്ങൾക്കുവേണ്ട വെെദ്യുതിയും ഇന്ധനവും എത്തിക്കാനും തയ്യാറാകണമെന്ന് ഞങ്ങൾ ഇസ്രയേലി ഗവൺമെന്റിനോട് അഭ്യർഥിക്കുന്നു’’.

ഇസ്രയേലിലെ കമ്യൂണിസ്റ്റുകാരായ എംപിമാരെ ഇസ്രയേൽ പാർലമെന്റായ നെസ്സറ്റിൽനിന്നും അവർ പലസ്തീനെ പിന്തുണയ്ക്കുകയും ആക്രമണങ്ങൾ അടിയന്തരമായും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതുകൊണ്ട് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇസ്രയേലിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികളെയും അധ്യാപകരെയും അവർ പലസ്തീനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ സസ്പെൻഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ആണ്. ഇസ്രയേലിനുള്ളിൽ കഴിയുന്ന ഒട്ടേറെ അറബി പൗരരെ അവരുടെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ തീവ്രവലതുപക്ഷ സയണിസ്റ്റ് സംഘങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പീഡിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. യുദ്ധകാലാവശ്യങ്ങളുടെ പേരിൽ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു തന്നെ വിലക്കേർപ്പെടുത്തിയിരിക്കുന്നു. ഇസ്രയേൽ ആക്രമണത്തിനെതിരെ പ്രതിഷേധിക്കുന്നവരെയെല്ലാം ഒരു ബസിനുള്ളിൽ കുത്തിനിറച്ച് താൻ ഗാസയിലേക്ക് നാടുകടത്തും എന്നാണ് ഇസ്രയേലിലെ പൊലീസ് മേധാവി പ്രസ്താവിച്ചത്. ഈ നിയന്ത്രണങ്ങളും കടന്നാക്രമണങ്ങളുമെല്ലാമുണ്ടായിട്ടും ഇസ്രയേലി പൗരർ നിശബ്ദരായിരിക്കുകയല്ല. മറിച്ച് സാധ്യമായ എല്ലാവിധത്തിലും അവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

ഇസ്രയേലിനുള്ളിലും ലോകത്താകെയും പൊതുജനാഭിപ്രായം ശക്തമായി എതിരായിരുന്നിട്ടും ഇസ്രയേൽ ആക്രമണവുമായി മുന്നോട്ടുപോവുകയാണ്. അതിന്റെ കാരണം അമേരിക്കയുടെ പശ്ചിമേഷ്യയിലെ വിഭവസമ്പന്നമായ വിശ്വസ്ത സഖ്യകക്ഷിയ്ക്ക്, ഇസ്രയേലിന് അമേരിക്ക നൽകുന്ന അചഞ്ചലമായ പിന്തുണ തന്നെയാണ്.

ഗാസയ്ക്കുമേൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിന്റെ അനുരണനങ്ങൾ പശ്ചിമേഷ്യയിലുടനീളം ആഞ്ഞടിക്കുകയാണ്. ലബനണെയും സിറിയയെയും ഈജിപ്തിനെയും ഇസ്രയേൽ ആക്രമണലക്ഷ്യമാക്കിയിരിക്കുന്നു. ഈ രാജ്യങ്ങൾ പലസ്തീന് പിന്തുണ നൽകുന്നതിന്റെ പേരിലാണത്. ഈ ആക്രമണങ്ങളെല്ലാമുണ്ടായിട്ടും, ലോകമൊട്ടുക്കുമുള്ള ജനങ്ങൾ പലസ്തീനോട് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ചുകൊണ്ട് വൻതോതിൽ മുന്നോട്ടുവരികയാണ്. ഫ്രാൻസും ജർമനിയും പലസ്തീനോടുള്ള എല്ലാവിധ ഐക്യദാർഢ്യ പ്രകടനങ്ങളെയും നിരോധിച്ചിരിക്കുന്നു. പലസ്തീൻ പതാക പ്രദർശിപ്പിക്കുന്നതുപോലും ഈ രാജ്യങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഈ നിരോധനമെല്ലാമുണ്ടായിട്ടും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ പ്രൗ-ഢമായ പാരമ്പര്യം പേറുന്ന, മഹാത്മാഗാന്ധിയും സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മറ്റ് ഉന്നത നേതാക്കളും പലസ്തീനോട് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ച പാരമ്പര്യമുള്ള നമ്മൾ പലസ്തീൻ ജനതയോട് തോളോടുതോളുരുമ്മിനിൽക്കണം ഇന്ത്യക്കാരായ നമ്മൾ വെറും മനുഷ്യജീവികൾ മാത്രമല്ല മനുഷ്യത്വമുള്ളവരുമാണ്. പലസ്തീനോടുള്ള നമ്മുടെ ഐക്യദാർഢ്യപ്രകടനങ്ങളിൽ ഇത് വ്യക്തമാക്കപ്പെടണം.

എന്നാൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് ഗാസയിലേക്ക് മാനുഷിക സഹായങ്ങളെത്തിക്കണമെന്നാവശ്യപ്പെടുന്ന ഐക്യരാഷ്ട്ര പ്രമേയത്തിലെ വോട്ടെടുപ്പിൽനിന്ന് ലജ്ജാകരമാംവിധം വിട്ടുനിൽക്കുകയാണുണ്ടായത്. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ചതുപോലെയുള്ള ബിജെപി ഗവൺമെന്റിന്റെ വിദേശനയത്തിലെ ചുവടുമാറ്റത്തിന്റെ തുടർച്ചയാണ്. മോദി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്താകെ പ്രതിഷേധമുയർന്നുവന്നപ്പോൾ വിദേശകാര്യമന്ത്രാലയം ദ്വിരാഷ്ട്ര പരിഹാരത്തിനും പലസ്തീനുമുള്ള പിന്തുണ ആവർത്തിച്ചു പറയാൻ നിർബന്ധിതമായി. എന്നിട്ടും ഏറ്റവും ഒടുവിൽ നടന്ന ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പിൽപോലും ഇന്ത്യാ ഗവൺമെന്റ് നമ്മുടെ മുൻകാല നിലപാടുകളിൽനിന്നു വ്യത്യസ്തമായി പലസ്തീനോട് പൂർണമനസ്സോടെ ചേർന്നുനിൽക്കാൻ തയ്യാറായിട്ടില്ല.
പലസ്തീനോടുള്ള നമ്മുടെ ഐക്യദാർഢ്യം കെട്ടിപ്പടുത്തുകൊണ്ട് ജനകീയ സമ്മർദ്ദം ശക്തിപ്പെടുത്തുമ്പോൾ മാത്രമേ പലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന നിലപാടിലേക്ക് നമ്മുടെ ഗവൺമെന്റിനെ വീണ്ടും എത്തിക്കാൻ കഴിയൂ. നമ്മുടെ ഐക്യദാർഢ്യ പ്രക്ഷോഭത്തിന്റെ കരുത്തിലൂടെ നമ്മുടെ ശബ്ദം നാം ലോകത്തെ കേൾപ്പിക്കണം. അപ്പോൾ മാത്രമേ പലസ്തീൻ പ്രശ്നത്തിലും ബിജെപി ഗവൺമെന്റ് ഇന്ത്യയിലെ ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കഴിയൂ. ഇത് നമ്മളെയും നമ്മുടെ രാജ്യത്തെയും അഭിമാനം കൊള്ളിക്കും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × three =

Most Popular