പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നടന്ന റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. അതിനെ തുടര്‍ന്ന് തന്റെ പരാമര്‍ശത്തില്‍ ശശി തരൂര്‍ മാപ്പ് പറയുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാം ഒരു യാദൃച്ഛികമായ നാക്ക് പിഴവാണ് എന്ന രീതിയില്‍ വിലയിരുത്തപ്പെടുന്ന സ്ഥിതിയുമുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ സംഭവിച്ചത് നാക്ക് പിഴവല്ലെന്നും മറിച്ച് അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നയസമീപനത്തിന്റെ ഭാഗമാണെന്നുമുള്ള യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്.
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലത്ത് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിന് അനുകൂലമായിരുന്നു. 1917þലെ ബല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ സയണിസത്തിന്റെ താല്‍പര്യത്തിന് അനുസൃതമായ വിധത്തില്‍ ബ്രിട്ടന്‍ ഏകപക്ഷീയമായി ജൂതരാജ്യം പ്രഖ്യാപിച്ചതിനെ ഗാന്ധിജിയും, നെഹ്റുവും ശക്തമായി എതിര്‍ക്കുകയാണുണ്ടായത്.
ജൂതരുടെ അവസ്ഥയില്‍ തനിക്ക് അനുകമ്പയുണ്ടെങ്കിലും പാലസ്തീന്‍ മേഖലയില്‍ ജൂതരാഷ്ട്ര സ്ഥാപനം എന്നത് തെറ്റായ നടപടിയാണെന്നാണ് ഗാന്ധിജി വിലയിരുത്തിയത്. 1938 നവംബര്‍ 26 ന് ഹരിജനില്‍ എഴുതിയ ദി ജ്യൂസ് എന്ന ലേഖനത്തില്‍ ഇങ്ങനെ അദ്ദേഹം പറഞ്ഞു: ‘‘ഇംഗ്ലണ്ട് എങ്ങനെയാണോ ഇംഗ്ലീഷുകാരുടേതായത്, ഫ്രാന്‍സ് എങ്ങനെയാണോ ഫ്രഞ്ചുകാരുടേതായത് അതുപോലെ തന്നെ പലസ്തീന്‍ അറബികളുടേതാണ്”. ഇക്കാര്യത്തില്‍ ഒരു സംശയവും ഗാന്ധിജിക്കുണ്ടായിരുന്നില്ല. ഇന്ത്യയിലേക്ക് കടന്നുവരാനുള്ള ബ്രിട്ടന്റെ താല്‍പര്യമാണ് ഇതിനു പിന്നിലുള്ളതെന്ന് നെഹ്റു വ്യക്തമാക്കി.
ലോകത്തുയര്‍ന്നുവന്ന ഇത്തരം ചര്‍ച്ചകളുടേയും, ലോകരാഷ്ട്ര രംഗത്ത് ഉയര്‍ന്നുവന്ന സോവിയേറ്റ് റഷ്യയുടെ സ്വാധീനത്തിന്റേയും പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ ഇക്കാര്യം ചര്‍ച്ച ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് 1948þല്‍ ഇത് സംബന്ധിച്ച ഒരു പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിക്കുന്നത്. ഇസ്രയേലും, പലസ്തീനും എന്ന നിലയില്‍ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചു. ഭൂപരിധികളും നിശ്ചയിച്ചു. പലസ്തീനില്‍ ജൂതരാഷ്ട്രം എന്നത് അറബ് ജനതയ്ക്ക് പൊതുവില്‍ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ സാമ്രാജ്യത്വ ശക്തികളുടെ സഹായത്തോടെ പലസ്തീനായി നീക്കിവെച്ച പ്രദേശങ്ങള്‍ പോലും കൈവശമാക്കി മുന്നോട്ടുപോകുന്ന നിലപാട് ഇസ്രയേല്‍ സ്വീകരിച്ചു.
സാമ്രാജ്യത്വ ശക്തികളുടെ സാഹായത്തോടെ ഇസ്രയേല്‍ നടത്തിയ നീക്കങ്ങളെ ഇന്ത്യ അംഗീകരിക്കാത്തതുകൊണ്ട് തന്നെ ഇസ്രയേലുമായി ഒരു നയതന്ത്ര ബന്ധവും രാജീവ് ഗാന്ധിയുടെ കാലംവരെ കോണ്‍ഗ്രസ് പുലര്‍ത്തിയില്ല. പി.എല്‍.ഒയെ ഏക പലസ്തീന്‍ പ്രതിനിധിയായി അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യമായും ഇന്ത്യ മാറി. യാസര്‍ അറഫാത്തിന് അക്കാലത്ത് നല്‍കിയ പ്രാധാന്യം ഈ നിലപാട് വ്യക്തമാക്കുന്നതുമാണ്.
ഇന്ത്യ പരമ്പരാഗതമായി കൈക്കൊണ്ട പലസ്തീന്‍ അനുകൂല നയം തിരുത്തപ്പെടുന്നത് 1992 ലാണ്. അന്ന് നരസിംഹ റാവുവിന്റെ കാലത്ത് ഇന്ത്യ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. 1993 ല്‍ അന്നത്തെ ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരെസ് ഡല്‍ഹി സന്ദര്‍ശിച്ചു. ഇസ്രയേലില്‍ നിന്ന് ആയുധം വാങ്ങുന്ന നിലപാട് ഇന്ത്യ മുന്നോട്ടുവെച്ചു. ഇസ്രയേലിന്റെ അക്രമങ്ങളെപ്പോലും അപലപിക്കാന്‍ പറ്റാത്തവിധം ഇന്ത്യയുടെ നയങ്ങള്‍ ദുര്‍ബലമായി. കോണ്‍ഗ്രസിന്റെ ഈ ചുവടുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വേണം ശശി തരൂരിന്റെ പ്രസംഗത്തേയും, നിലപാടുകളേയും വിലയിരുത്താന്‍.
ഇസ്രയേല്‍ ദിനപത്രമായ ഹാരെറ്റ്സില്‍ 2009 ജനുവരി 23–ന് ഈ നയത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ലേഖനം ശശി തരൂര്‍ ‘ഇന്ത്യയുടെ ഇസ്രയേല്‍ അസൂയ ’എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ലേഖനത്തില്‍ അദ്ദേഹം ഇസ്രയേല്‍ അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് നടത്തിയത്. ഇത് സംബന്ധിച്ച് അദ്ദേഹം ആ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇസ്രയേലി വിമാനങ്ങളും ടാങ്കുകളും ഗാസയില്‍ കനത്ത നാശനഷ്ടം വരുത്തുമ്പോള്‍ ഇന്ത്യയിലെ ചില നേതാക്കളും നയതന്ത്രജ്ഞരും അസാധാരണ താല്‍പര്യത്തോടെ ആ നടപടികളെ വീക്ഷിക്കുന്ന കാര്യം ഈ ലേഖനത്തില്‍ പറയുന്നുണ്ട്. അതോടൊപ്പം ഈ സംഭവത്തോട് സഹാനുഭൂതി ചില നേതാക്കള്‍ പ്രകടിപ്പിച്ചത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്.
ഇന്ത്യയും ഇസ്രയേലും ഒരേ ശത്രുക്കളെയാണ് നേരിടുന്നത് എന്ന കാഴ്ചപ്പാടും ഇതില്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇത്തരം ഘട്ടത്തില്‍ ഇസ്രയേലിന് ഭീകരാക്രമണങ്ങളെ നേരിടാന്‍ കഴിയുമ്പോള്‍ ഇന്ത്യക്ക് പറ്റുന്നില്ലെന്ന വിമര്‍ശനവും മുന്നോട്ടുവെക്കുന്നുണ്ട്. ഇത്തരത്തില്‍ പലസ്തീന്‍ ജനത നടത്തുന്ന പോരാട്ടത്തെ ഭീകര പ്രവര്‍ത്തനം മാത്രമായി ചിത്രീകരിക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്. ഐക്യരാഷ്ട്ര സഭയോ, ഇന്ത്യയോ ഹമാസിനെപ്പോലും ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല എന്നോര്‍ക്കണം. ഈ ഘട്ടത്തിലാണ് ഇത്തരം പരാമര്‍ശം തരൂർ മുന്നോട്ടുവെക്കുന്നത്. യു.പി.എ സര്‍ക്കാരിന്റെ പലസ്തീന്‍ നയവും, ശശി തരൂരിന്റെ പ്രസംഗവും ചേര്‍ത്തുവെച്ച് പരിശോധിച്ചാല്‍ മുസ്ലീംലീഗിന്റെ പ്രകടനത്തില്‍ തരൂര്‍ നടത്തിയ സമ്മേളനത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഒരു മാപ്പുകൊണ്ട് മാറുന്നതല്ല ഇത്തരം നിലപാടുകളെന്ന് തിരിച്ചറിയേണ്ടതുണ്ട്.
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലമായതോടെ ഇസ്രയേലിന്റെ അതിക്രമങ്ങളെപ്പറ്റി ശക്തമായി പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യയെത്തി. അങ്ങനെ സയണിസ്റ്റുകളെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നയങ്ങളുടെ കുഴലൂത്തുകാരായി ഇന്ത്യ മാറി.
കോണ്‍ഗ്രസ് തുടര്‍ന്ന ഈ നയം കൂടുതല്‍ ശക്തമായി ബി.ജെ.പി മുന്നോട്ടുകൊണ്ടുപോകുകയാണ് ചെയ്തത്. വിദേശ നയത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസും, ബിജെപിയും ഒരേ നയമാണ് പിന്തുടരുന്നത്. 2017 ജൂലൈ 4 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്നു. ‘‘ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളുടേയും സൗഹൃദം അരക്കിട്ടുറപ്പിക്കുകയും, ഉഭയകക്ഷി ബന്ധം തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്ക് ഉയരുകയും ചെയ്യുന്നു”. അങ്ങനെ മോദിയുടെ സന്ദര്‍ശനം യുഎസ് – ഇസ്രയേല്‍ – ഇന്ത്യ എന്ന പുതിയ സമവാക്യത്തിലേക്ക് എത്തിച്ചേര്‍ന്നു. കോണ്‍ഗ്രസ് തുറന്നിട്ട വഴിയിലൂടെ ബി.ജെ.പി നടന്നുനീങ്ങി എന്നര്‍ത്ഥം. അതിലൂടെ മൂന്നാംലോക രാജ്യങ്ങളുടെ നേതൃസ്ഥാനത്തുനിന്ന് അമേരിക്കയുടെ സാമന്തരായി ഇന്ത്യ മാറുകയും ചെയ്തു. കോണ്‍ഗ്രസിനെ ഈ വഴിയിലേക്ക് നയിച്ചതിനു പിന്നില്‍ ശശി തരൂരിനെ പോലുള്ളവരുടെ കാഴ്ചപ്പാടുകളും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടാകാം. ♦