Thursday, May 9, 2024

ad

Homeകവര്‍സ്റ്റോറിആദ്യം വന്നത് സയണിസ്റ്റ് ഭീകരത

ആദ്യം വന്നത് സയണിസ്റ്റ് ഭീകരത

മണിശങ്കർ അയ്യർ

1940കളുടെ തുടക്കം മുതലെങ്കിലും, ഇസ്രയേലിന്റെ പിൽക്കാലത്തെ പല പ്രധാനമന്ത്രിമാരും സയണിസ്റ്റ് ഭീകരതയുടെ ഭാഗമായിരുന്നു; സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഈ ഭീകരത നിലനിന്നപ്പോൾ മിണ്ടാതിരുന്നവർ ഇപ്പോൾ ഹമാസ് ഭീകരതയെ അപലപിക്കാൻ ലോകത്തോട് ആഹ്വാനം ചെയ്യുന്നത് വിരോധാഭാസമാണ്. അതിലും വിരോധാഭാസമെന്നു പറയട്ടെ, അറബിയിലും ഹീബ്രുവിലും ‘‘പ്രതിരോധം’’ എന്ന് അർഥമുള്ള ‘‘ഹമാസ്’’ (Hamaas) എന്ന പത്രമായിരുന്നു സയണിസ്റ്റുകളുടെ മാധ്യമശബ്ദം. എബ്രഹാം സ്റ്റേണിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പായ ലേഹി (ഇസ്രയേൽ വിമോചനപ്പോരാളികളുടെ ഹീബ്രുവിലെ ചുരുക്കപ്പേര്) യുടെ മുഖപത്രമായിരുന്നു അത്. ഈ ഗ്രൂപ്പിൽനിന്നും വേറിട്ട വിഭാഗം സ്റ്റേൺ ഗാങ് (Stern Gang) എന്നു വിളിക്കപ്പെട്ടു. പിൽക്കാലത്ത് ഇസ്രയേൽ പ്രധാനമന്ത്രിയായ (1977–1983) മെനാച്ചെം ബെഗിൻ ആയിരുന്നു സ്റ്റേൺ ഗാങ്ങിലെ ഏറ്റവും കുപ്രസിദ്ധനായ അംഗം.

‘‘പലസ്തീനിൽ ആത്യന്തികമായി ജൂത സെെനിക ആധിപത്യം’’ ഉറപ്പാക്കുന്നതിന് രൂപകൽപന ചെയ്യപ്പെട്ട ‘‘ജൂത സെെന്യം’’ എന്ന് ബ്രിട്ടീഷ് കൊളോണിയൽ സെക്രട്ടറി മാൽക്കം മക്ഡൊണാൾഡ് വിശേഷിപ്പിച്ച സയണിസ്റ്റ് ശക്തികളുടെ ഔദ്യോഗിക സായുധസേനാ വിഭാഗമായ ‘ഹഗാന്ന’യുടെ സഹകരണം 1930കളുടെ അവസാനത്തോടെ, സയണിസ്റ്റു ഭീകരവാദികൾ തേടുകയും അത് അവർ നേടുകയും ചെയ്തു. ഹഗാന്നയുടെ ‘ക്രാക്ക് ഫോഴ്സ്’ എന്നറിയപ്പെടുന്ന പാൽമക്കിന്റെ സഹകരണവും അകമഴിഞ്ഞ പിന്തുണയും ഇവർക്ക് ലഭിച്ചു. ഭീകരത, വിധ്വംസക പ്രവർത്തനം, ക്രൂരമായ നരഹത്യ എന്നിവയിലെല്ലാം പ്രത്യേക പരിശീലനം സിദ്ധിച്ച, കാഴ്ചയിലും സംസാരത്തിലും അറബുകളെപ്പോലെ തോന്നിക്കുന്ന കിഴക്കുനിന്നുള്ള ജൂതരായിരുന്നു ഇതിൽ ഭൂരിഭാഗവും. ഇസ്രയേലിൽ പിൽക്കാലത്ത് പ്രധാനമന്ത്രി യിഗാൽ അലോൺ, രാജ്യത്ത് പിൽക്കാലത്ത് പ്രതിരോധമന്ത്രിയായ കുപ്രസിദ്ധനായ മോഷെ ദയാൻ, പിൽക്കാലത്ത് ഇസ്രയേൽ നെസ്സറ്റിന്റെ സ്പീക്കറായ ഇസാക്ക് ഷമീർ എന്നിവരും പാൽമക്ക് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നു. ഈ ഗ്രൂപ്പുകളെല്ലാം അങ്ങേയറ്റം നിശ്ചയദാർഢ്യത്തോടെയുള്ള തീവ്രവാദ ഗ്രൂപ്പായ ഇർഗുൻ സ്-വായ് ല്യൂമിയുമായി (പൊതുവെ ഇർഗുൻ എന്നറിയപ്പെട്ടിരുന്ന നാഷണൽ മിലിട്ടറി ഓർഗനെെസേഷൻ) ഒത്തുചേർന്നിരുന്നു. യിഷു (പലസ്തീനിലേക്കുള്ള ജൂത കുടിയേറ്റക്കാരെ ഹീബ്രുവിൽ പറയുന്നത്) വിന്റെ ഭൂരിപക്ഷ പ്രതിനിധിയാകുമെന്ന് ബ്രിട്ടീഷ് തിരഞ്ഞെടുപ്പധികാരികൾ കരുതിയിരുന്ന ജൂത ഏജൻസിയെ എതിർത്തിരുന്ന റിവിഷനിസ്റ്റ് പാർട്ടിയുടെ ഭീകരവാദ വിഭാഗമാണ് ഇർഗുൻ. ഇസ്രയേൽ രാഷ്ട്രത്തിനായുള്ള ഈ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത് ‘പൊതുപോരാട്ടത്തെ നിയന്ത്രിക്കുന്ന ഒരൊറ്റ ഏജൻസി’’യായ ‘‘ടെനുവാത് ഹമേരി ഹായ്-വ്രി’’ (ജൂത ചെറുത്തുനിൽപ്പ് പ്രസ്ഥാനം) പ്രസ‍്ഥാനമാണ്. ഇത് പ്രവർത്തിച്ചിരുന്നത് ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻഗുറിയന്റെയും രണ്ടാമത്തെ പ്രധാനമന്ത്രി ഗോൾഡ മീറിന്റെയും നേതൃത്വത്തിലുള്ള, അതുവരെ അക്രമരഹിതമായി പ്രവർത്തിച്ച ജൂത ഏജൻസിയുടെ അനുഗ്രഹാശിസ്സുകളോടെയാണ്.

സയണിസ്റ്റ് പ്രസ്ഥാനം ഭീകരവാദ സ്വഭാവം കെെവരിക്കുന്നത്, ലോക സയണിസ്റ്റ് കോൺഗ്രസിനെ പ്രതിനിധീകരിച്ചിരുന്ന ലണ്ടൻ ആസ്ഥാനമായുള്ള ചെയിംവീസ്മാനും പലസ്തീനിലെ പോളിഷ് കുടിയേറ്റക്കാരനും തീവ്രവാദിയുമായ വ്ളാഡിമിർ ജബോട്ടിൻസ്കിയും തമ്മിൽ അഭിപ്രായത്തിന്റെയും തന്ത്രത്തിന്റെയും കാര്യത്തിലുണ്ടായ മൂർച്ചയേറിയ ഭിന്നതമൂലമാണ്. ജൂതർക്കായി പലസ്തീനിൽ ‘‘മാതൃഭൂമി’’ നൽകുമെന്ന 1917ലെ ബാൽഫോർ പ്രഖ്യാപനം നടപ്പാക്കാൻ വെയ്സ്മാനും ഒപ്പം റോത്ത്ഷിൽഡും ബ്രിട്ടീഷ് ഗവൺമെന്റിനുമേൽ സമ്മർദ്ദം ചെലുത്തി. പലസ്തീനിനുള്ളിൽ ജൂത ഏജൻസിയുടെ തലവനായ ബെൻഗുറിയോണായിരുന്നു വെയ്സ്മാനെ പ്രതിനിധീകരിച്ചത്. പോളണ്ടിലെ തുടർച്ചയായ ജൂതവിരുദ്ധ വംശഹത്യയിൽ മുപ്പത് ലക്ഷം ജൂതർ ഭീകരമാംവിധം ദുരിതമനുഭവിക്കുന്നതിന് സാക്ഷ്യംവഹിച്ച പോളണ്ടുകാരനായ ജബോട്ടിൻസ്കി സ്ഥാപിച്ച റിവിഷനിസ്റ്റ് പാർട്ടി അവരെ അതിശക്തമായി എതിർത്തു. ജൂതരാഷ്ട്രം യാഥാർഥ്യമാക്കാൻ വെയ്സ്മാനും ബെൻഗുറിയോണും ബ്രിട്ടീഷ് സാമ്രാജ്യത്തോട് തോളോടുതോൾ ചേർന്നപ്പോൾ അതേസമയം ജബോട്ടിൻസ്കിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന റിവിഷനിസ്റ്റുകളും ഭീകരവാദത്തിലൂടെയും തെരുവിൽ പോരാടിയും ഇസ്രയേൽ വിജയം നേടണമെന്നു ശഠിച്ചു. അങ്ങനെ ജബോട്ടിൻസ്കി, ഇർഗുൺ സ്ഥാപിക്കുകയും അനിയന്ത്രിതമായവിധം അക്രമങ്ങളിലേർപ്പെടുകയും ചെയ്തു. 1920കളിലും 30കളിലും ബെൻഗുറിയോണും ജബോട്ടിൻസ്കിയും വിരുദ്ധചേരിയിലായിരുന്നു. പിന്നീട്, പ്രത്യേകിച്ച് രണ്ടാം ലോകയുദ്ധകാലത്തും അതിനുശേഷവും പലസ്തീനുമേലുള്ള ലീഗ് ഓഫ് നേഷൻസ് നൽകിയ അധികാരം ഉപേക്ഷിക്കാൻ ബ്രിട്ടൻ മടിച്ചുനിന്നതും പലസ്തീൻ പൂർണമായി ജൂതർക്ക് ഏൽപിക്കാനുള്ള വിസ്സമതവുംമൂലം ജൂത ഏജൻസി, ഇസ്രയേൽ എന്ന അവരുടെ പൊതുസ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഭീകരരുമായി സഹകരിക്കാൻ മുന്നോട്ടുവന്നു.

ഇവരുടെ ഭീകര പ്രവർത്തനങ്ങളിൽ ഇവയെല്ലാം ഉൾപ്പെടുന്നു: കുഴിബോംബുകൾ സ്ഥാപിക്കൽ, നമ്മളിപ്പോൾ IED എന്നു വിളിക്കുന്നവയുൾപ്പെടെ നൂറുകണക്കിനുള്ള സ്ഫോടകവസ്തുക്കൾ സംഭരിക്കുകയും അവ ഉപയോഗിക്കുകയും ചെയ്യൽ; റെയിൽവെ ലെെനുകൾ, റെയിൽവെ പാലങ്ങൾ, റെയിൽ ഡിപ്പോകൾ, ഗുഡ്സ് യാർഡുകൾ, ലോക്കോ ഷെഡുകൾ, റെയിൽവെ ഫാക്ടറികൾ എന്നിവയിൽ സ്ഫോടനങ്ങൾ നടത്തുന്നു. തുറമുഖങ്ങളിൽ അട്ടിമറിനടത്തുന്നത് ഇവരുടെ പ്രതേ-്യകതയായിരുന്നു. പൊലീസ് ലോഞ്ചുകളിൽ ലിമ്പറ്റ് മെെനുകൾ ഘടിപ്പിക്കുകയും ആയുധങ്ങൾ കയറ്റിവരുന്ന സർക്കാർ വാഹനങ്ങൾ പതിയിരുന്ന് ആക്രമിക്കുകയും ചെയ്തു. ഇവർ തദ്ദേശീയമായി നിർമ്മിക്കുന്ന വിനാശകരമായ മോർട്ടാറുകൾ ഉപയോഗിച്ചു. ലണ്ടൻ, കവൻട്രി, മറ്റ് ബ്രിട്ടീഷ് നഗരങ്ങൾ എന്നിവയ്ക്കുനേരെ മിന്നലാക്രമണം നടത്താൻ ഹിറ്റ്ലർ ഉപയോഗിച്ച V 15, V25 എന്നീ നശീകരണ ഉപകരണങ്ങളെ ഓർമിച്ചുകൊണ്ട് പൊലീസ് ആ മോർട്ടാറുകളെ ‘‘V35’’ എന്നു വിളിക്കുകയായിരുന്നു. അവർ അറബികളും ബ്രിട്ടീഷുകാരുമായ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയോ വെടിവച്ചുകൊല്ലുകയോ ചെയ്തു. ബാങ്കുകളിലേക്കു പണവുമായി പോകുന്ന വാഹനവ്യൂഹങ്ങൾ തട്ടിയെടുക്കുകയും പൊലീസിന്റെയും സെെന്യത്തിന്റെയും ആയുധങ്ങൾ കൊള്ളയടിക്കുകയും അവരെ അനുഗമിക്കുന്ന ഗാർഡുകളെ യാതൊരു ദയയുമില്ലാതെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 1944 നവംബർ 6ന്, മുൻ കൊളോണിയൽ സെക്രട്ടറിയായിരുന്ന മൊയ്നെ പ്രഭുവിന്റെ നേർക്ക് ലെഹി ഭീകരവാദികൾ നിറയൊഴിക്കുകയും അദ്ദേഹം അന്നു മരണപ്പെടുകയും ചെയ്ത സംഭവം, പലസ്തീനിലേക്കുള്ള സയണിസ്റ്റ് കുടിയേറ്റത്തെ ശക്തമായി പിന്തുണച്ചിരുന്ന ചർച്ചിലിനെ പ്രകോപിതനാക്കി. എന്നിരുന്നാലും ഈ ഭീകരപ്രവർത്തനങ്ങളിൽ വച്ച് ഏറ്റവും നാടകീയമായത്, 1946 ജൂലെെയിൽ ജറുസലേമിലെ കിങ് ഡേവിഡ് ഹോട്ടൽ തകർത്ത സംഭവമാണ്. മാൻഡേറ്റിന്റെ സെക്രട്ടറിയറ്റും സെെന്യത്തിന്റെ ആസ്ഥാനവുമായിരുന്നു ഹോട്ടൽ. 1948ൽ യുഎൻ മീഡിയേറ്ററായി പ്രവർത്തിച്ചിരുന്ന ബർണാഡോട്ടെപ്രഭുവിനെ കൊലപ്പെടുത്തി. സയണിസ്റ്റ് ഭീകരതയ്ക്കെതിരയാക്കിയവരിൽ എണ്ണമറ്റ അറബ് വംശജരും അനേകം ജൂത വിരുദ്ധരും എതിരാളികളായ ജൂത ഭീകരവാദികളും ബ്രിട്ടീഷ് പൊലീസുകാരും പട്ടാളക്കരും പേരറിയാത്ത നിരപരാധികളും ഉൾപ്പെടുന്നു.

അങ്ങനെയാണ് ഭീകരതയിൽനിന്ന് ഇസ്രയേൽ ജന്മം കൊണ്ടത്. മെനാചെം ബെഗിന്റെ നേതൃത്വത്തിൽ 1948 ഏപ്രിൽ 10ന്റെ ദെയർ യാസിൻ കൂട്ടക്കൊല നടന്ന കാലത്തുതന്നെയാണ് യുഎൻ ഉത്തരവിലൂടെ ഇസ്രയേൽ ഒരു രാഷ്ട്രമായത്. അതിന്റെ മുഖ്യ ദേശീയ സുരക്ഷാ സംവിധാനം, പലസ്തീൻകാരെ വാസസ്ഥലങ്ങൾ ഉപേക്ഷിച്ചുപോകുന്നതിന് ഭീകരതയുടെ അന്തരീക്ഷം സൃഷ്ടിച്ചു. അതുപോലെ ഇസ്രയേലിൽ നിന്നും പലായനം ചെയ്യാൻ കഴിയാത്തവരും അല്ലാത്തവരുമായ അറബികളും ഈ ഭീക്ഷണി നേരിട്ടു. വെസ്റ്റ് ബാങ്കിലെ അധിനിവേശപ്രദേശങ്ങളിലോ ഗാസ ചീന്തിലോ ഇസ്രയേലിനകത്തോ എവിടെ ജീവിച്ചാലും പലസ്തീൻകാർക്കു നേരെയുള്ള നയങ്ങളുടെ ഇപ്പോഴും തുടരുന്ന ഏക ഘടകം ഈ ഭയപ്പെടുത്തലാണ്.

അതുകൊണ്ടാണ് 1967 ലെ ‘സമാധാനത്തിനായുള്ള ഭൂമി’ എന്ന യുഎൻ പ്രമേയം – ഇസ്രയേലിനോടൊത്തുചേർന്ന് ഐക്യത്തോടെ കഴിയുന്ന സ്വതന്ത്ര പലസ്തീൻ രാഷ്ട്രം എന്നു വിഭാവനം ചെയ്യപ്പെട്ട പ്രമേയം നടപ്പാക്കുന്നതിനെ ഇസ്രയേൽ ശക്തമായി എതിർത്തത്. 1993ലെ ഓസ്-ലോ കരാറും അതേ വർഷംതന്നെ വെെറ്റ് ഹൗസ് റോസ് ഗാർഡൻ കരാറും ആത്മാർഥമായി നടപ്പിലാക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടു. ഇതു രണ്ടും നടപ്പാക്കുമെന്ന് യാസർ അറഫാത്ത് സ്വയം പ്രതിജ്ഞ ചെയ്തിരുന്നതാണ്. ഇതാകട്ടെ വെസ്റ്റ് ബാങ്കിൽ പ്രത്യേകിച്ച് 2004ൽ അറാ-ഫത്തിന്റെ മരണശേഷം ഇൻതിഫദാകളടെ ഒരു പരമ്പരയ്ക്ക് തുടക്കമിട്ടു. റാമള്ളയിൽ പലസ്തീൻ അതോറിറ്റി കീഴടക്കിയപ്പോൾ ഗാസയിൽ ഹമാസ് ജനകീയ വോട്ടുനേടി വിജയം കെെവരിച്ചു. ഇസ്രയേലിനെ മെഡിറ്ററേനിയനിലേക്ക് തുരത്താൻ ആദ്യം തീരുമാനിച്ച ഹമാസ്, പിന്നീട് ദ്വിരാഷ്ട്ര പ്രമേയം അംഗീകരിച്ച് തങ്ങളുടെ നിലപാട് മയപ്പെടുത്തി. എന്നാൽ അപ്പോഴും അതംഗീകരിക്കാൻ ഇസ്രയേൽ തയാറായില്ല. അങ്ങനെയാണ് ഇസ്രയേലി ഭീകരത പലസ്തീൻ ഭീകരതയ്ക്ക് തിരികൊളുത്തിയത്. സമവായ ചർച്ചകളിലൂടെ മാത്രമേ സമാധാനം സ്ഥാപിക്കാനാവൂ. അക്രമം വർധിപ്പിച്ചുകൊണ്ടല്ല അവസാനിപ്പിച്ചുകൊണ്ടാണ്, എല്ലാവർക്കും നീതി ഉറപ്പാക്കിക്കൊണ്ടാണ് സമാധാനം സ്ഥാപിക്കേണ്ടത്. 

(കടപ്പാട്: ദി ഇന്ത്യൻ എക്സ്പ്രസ് 25/10/2023)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 5 =

Most Popular