രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാണ്. മറ്റൊരു സംസ്ഥാനത്താണ് താമസമെങ്കിലും മലയാളിയാണ് എന്ന് അവകാശപ്പെടുന്നയാളാണ്. ആ നിലയ്ക്ക് അദ്ദേഹം സമകാലിക കേരളജനതയുടെ തനിമകളും സഹജസ്വഭാവവും അറിഞ്ഞിരിക്കേണ്ടതാണ്. വരുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കേരളത്തിൽ വന്നു മത്സരിക്കാൻ പോകുന്നു എന്ന വാർത്ത ശരിയാണെങ്കിൽ പ്രത്യേകിച്ചും. കേന്ദ്ര മന്ത്രി എന്ന നിലയിൽ നിതി ആയോഗ് എന്ന കേന്ദ്ര സർക്കാരിന്റെ സ്ഥാപനം മറ്റു സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളത്തെ എങ്ങനെ വിലയിരുത്തി അടയാളപ്പെടുത്തിയിരിക്കുന്നു എന്ന വസ്തുത ഇതുവരെ മനസ്സിലാക്കിയിട്ടില്ലെങ്കിൽ ഇനിയെങ്കിലും അദ്ദേഹം അതു ചെയ്യണം.
ഒക്ടോബർ 29 ഞായറാഴ്ച കളമശ്ശേരിയിലെ ഒരു ഹാളിൽ ഒരു മതവിഭാഗക്കാരുടെ പ്രാർഥനായോഗത്തിൽ ബോംബ് സ്ഫോടനങ്ങളുണ്ടായി. അത് ചെയ്തത് താനാണെന്ന് ആ വിഭാഗത്തിൽ തന്നെ പെടുന്ന ഒരു വ്യക്തി കൊടകര പൊലീസ് സ്റ്റേഷനിൽ അന്നുതന്നെ ചെന്ന് അറിയിച്ചു. ജനങ്ങളെ താനാണ് അത് ചെയ്തതെന്ന് ഒരു ഫെയ്സ്ബുക്ക് സന്ദേശത്തിലൂടെയും അയാൾ അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കേരള പൊലീസും എൻഐഎയും ഒക്കെ അനേ-്വഷണം നടത്തിവരികയാണ്. സംസ്ഥാനത്തെ പ്രതിപക്ഷം ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ അനേ-്വഷണത്തിലും കെെക്കൊണ്ട നടപടികളിലും തൃപ്തിയും സർക്കാരിനോട് ഇക്കാര്യത്തിൽ സഹകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ തീവ്ര – ഭീകരവാദങ്ങൾക്കും അത്തരം പ്രവർത്തനത്തിനും എതിരായി കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ ഭേദമെനേ-്യ സർക്കാരിന്റെ നിലപാടിനോടും നടപടികളോടും യോജിപ്പ് പ്രകടിപ്പിച്ച വേളയിലാണ്, അതിൽ അസ്വസ്ഥനായതുപോലുള്ള കേന്ദ്ര മന്ത്രിയുടെ പ്രതികരണം; മുഖ്യമന്ത്രി പിണറായി വിജയന്റെ നേരെയുള്ള കുരച്ചുചാട്ടം.
ഇന്ത്യക്കും അതിലെ ഒരു സംസ്ഥാനമെന്ന നിലയിൽ കേരളത്തിനും പലസ്തീൻ പ്രശ്നത്തിൽ ഒരു ഉറച്ച നിലപാടുണ്ട്. അവിടെ ജൂത സ്റ്റേ-റ്റായി രൂപീകരിക്കപ്പെട്ട കാലം മുതൽ ഇസ്രയേൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ചുമലിലേറി പലസ്തീൻകാർക്ക് എതിരായ നിലപാടാണ് വാക്കിലും പ്രവൃത്തിയിലും കെെക്കൊണ്ടുവരുന്നത്. ഇസ്രയേലിന്റെ ആക്രമണത്തെ ചെറുക്കാനായി പലസ്തീൻകാർ പലസ്തീൻ വിമോചന സംഘടന (പിഎൽഒ) രൂപീകരിച്ച കാലത്ത് തന്നെ അതിനെ ഒരു രാഷ്ട്രമായി ഇന്ത്യാ സർക്കാർ അംഗീകരിച്ചിരുന്നു. ആ നിലപാടിനോടും നടപടിയോടും ഇന്ത്യയിലെ മിക്ക പാർട്ടികളും, ഇടതുപക്ഷ പാർട്ടികൾ വിശേഷിച്ച്, ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 7ന് ഇസ്രയേലിനു നേരെ ഹമാസ് ആക്രമണം നടത്തി എന്നതിന്റെ പേരിൽ പലസ്തീൻ രാഷ്-ട്രത്തിനുമേൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടും അത് അവസാനിപ്പിച്ചിട്ടില്ല. ഹമാസ് നടത്തിയ ആക്രമണത്തെ പലസ്തീൻ രാഷ്-ട്രത്തെ ഇല്ലാതാക്കാനുള്ള തഞ്ചമായി കണ്ട് തുടർച്ചയായ ആക്രമണത്തിലാണ് ഇസ്രയേൽ. അതിന്റെ ഹിംസാത്മക നടപടിയെ അനുകൂലിക്കുന്ന ചുരുക്കം ലോക രാഷ്ട്രങ്ങളിൽ ഒന്നാണ് ബിജെപിയുടെ ഭരണത്തിൻകീഴിലുള്ള ഇന്ത്യ ഇപ്പോൾ.
ഈ പശ്ചാത്തലത്തിലാണ് കളമശ്ശേരിയിലെ പ്രാർഥനാ കൺവെൻഷനുനേരെ ആക്രമണം നടന്നത്. ആ പ്രശ്നം എൽഡിഎഫ് സർക്കാർ കെെകാര്യം ചെയ്ത രീതിയെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം അംഗീകരിച്ചു. മുഖ്യമന്ത്രിയുമായി ഈ പ്രശ്നം ഫോണിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇവിടെ സർക്കാർ കെെക്കൊണ്ട നടപടികളുമായി സഹകരിച്ചു പ്രവർത്തിക്കാനാണ് സന്നദ്ധത പ്രകടിപ്പിച്ചത്. അതേസമയമാണ് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സംസ്ഥാനത്തു വന്ന് കേരളത്തെയും സർക്കാരിനെയും കുറിച്ച് തീർത്തും അപക്വമായ ഒരു പ്രസ്താവന നടത്തിയത്, അതും കളമശ്ശേരിയിലെ പ്രാർഥനാ കൺവെൻഷനിൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചത് എന്നു മനസ്സിലാക്കാൻ ശ്രമിക്കാതെ. ഒരു കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ല ആ സമീപനം. ആ സംഭവത്തിൽ ഒരു മതവിഭാഗവും കക്ഷിയല്ല. ഇതേവരെ ലഭിച്ച വിവരം അനുസരിച്ച് ഒരു വ്യക്തി ഒറ്റയ്ക്ക് ചെയ്തതാണ് അത്. രാജീവ് ചന്ദ്രശേഖർ പരാമർശിക്കുന്ന മതവിഭാഗം അതിൽ കക്ഷിയേ അല്ല. എന്നിരിക്കെ അവർക്കുനേരെ അദ്ദേഹം കടന്നാക്രമണം നടത്തിയത് കടുത്ത വർഗീയ വികാരത്താൽ പ്രേരിതനായിട്ടാകാതെ തരമില്ല.
കളമശ്ശേരി പ്രാർഥനാ കൺവെൻഷനിൽ ബോംബ് സ്ഫോടനം ഉണ്ടായപ്പോൾ മുഖ്യമന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലായിരുന്നു. സംഭവ സ്ഥലത്തെത്തി ജനങ്ങൾക്കുവേണ്ട സഹായവും സംരക്ഷണവും നൽകാനും ആവശ്യമായ നടപടികൾ കെെക്കൊള്ളാൻ കേരളത്തിലുള്ള മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും അദ്ദേഹം നിർദേശം നൽകി. ആ പ്രവർത്തനം നടന്നുവരവെയാണ് കൊച്ചിയിൽ ഉണ്ടായിരുന്ന കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. സംസ്ഥാന സർക്കാർ ആ സംഭവത്തിന്റെ കാര്യത്തിൽ എന്തു നടപടികൾ കെെക്കൊള്ളുന്നു എന്നൊന്നും തിരക്കാതെയാണ് കേന്ദ്ര മന്ത്രിയുടെ കടന്നാക്രമണം എന്നു വേണം ധരിക്കാൻ. അഴിമതി ആരോപണങ്ങളുടെ കുരുക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നു കേന്ദ്രമന്ത്രിയായിരിക്കെ പുലമ്പുകയാണ് രാജീവ് ചന്ദ്രശേഖർ. ചിലർ അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾ അതേറ്റുപിടിക്കുന്നത് മനസ്സിലാക്കാം. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഇതൊക്കെ കേന്ദ്രമന്ത്രിമാർ ആയുധമാക്കുന്നതും മനസ്സിലാക്കാം. അങ്ങനെയൊരു സ്ഥിതിവിശേഷം ഇല്ലാതിരിക്കെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മുഖ്യമന്ത്രി ഡൽഹിയിലിരുന്നു ഇസ്രയേലിനെതിരെ പ്രതിഷേധിക്കുകയാണ് എന്ന് ആരോപിക്കുന്നതിന്റെ യുക്തി എന്താണ്? അദ്ദേഹം പരാമർശിക്കുന്നത് സിപിഐ എം നേതാക്കൾ നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭമാകാം. ഇസ്രയേൽ പലസ്തീനുനേരെ നടത്തുന്ന ആക്രമണത്തെ ഇന്ത്യയിൽ ബിജെപി ഒഴിച്ചുള്ള പ്രധാന പാർട്ടികളാക്കെ അപലപിച്ചിട്ടുണ്ട്, അതിനെതിരെ പ്രതിഷേധിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിൽ കുളം വെട്ടുന്നത് ഹമാസിനോടുള്ള വിരോധത്തിനും ഇസ്രയേലിനോടുള്ള വിധേയത്വത്തിനും ഉപരിയായി സംഘപരിവാരത്തിന്റെ വർഗീയ നിലപാടാണ്. കേരളത്തിന്റെ ജിഹാദിന് ആഹ്വാനം നൽകി സിപിഐ എമ്മും കോൺഗ്രസും യുഡിഎഫും ‘ഇന്ത്യ’യും എല്ലാം എന്ന് അദ്ദേഹം പുലമ്പുമ്പോൾ അതിനുപിന്നിൽ കാണാവുന്നത് ഒരു കേന്ദ്രമന്ത്രിയെ അല്ല, ഇസ്രയേലിനു സ്-തുതി പാടുന്ന ഒരു സാമ്രാജ്യത്വവാദിയെയാണ്. നിങ്ങളെ നിങ്ങളുടെ പറമ്പിൽ പാമ്പുകളെ വളർത്തിയാൽ അവ അയൽക്കാരെ മാത്രമേ കടിക്കൂ എന്ന് ഉറപ്പിക്കാനാവില്ല, അവ നിങ്ങൾക്കെതിരായും തിരിയും എന്നൊക്കെ പുലമ്പത്തക്ക മാനസികാവസ്ഥയിലായിരുന്നു ട്വീറ്റ് ചെയ്യുമ്പോൾ കേന്ദ്രമന്ത്രി.
അദ്ദേഹത്തിൽനിന്നു വമിക്കുന്നത് വെറും വിഷമല്ല, കൊടുംവിഷമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് പറയിച്ചത് ഇത്തരത്തിലുള്ള രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണങ്ങളാണ്.
കേരളം ഹിന്ദു, മുസ്ലീം, ക്രൈസ്തവ സമൂഹങ്ങൾ നൂറ്റാണ്ടുകളായി ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ചുവരുന്ന ഒരു പ്രദേശമാണ്. ആർഎസ്എസ് 1925ൽ രൂപീകരിക്കപ്പെട്ടതിനെ തുടർന്ന് പഴയ മലബാറിലും കേരളത്തിന്റെ മറ്റുഭാഗങ്ങളിലും ഈ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതിനു പലപ്പോഴായി കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ശ്രീനാരായണഗുരുവിനെപ്പോലെ ‘‘ഒരു ജാതി, ഒരു മതം, ഒരു ദെെവം മനുഷ്യന്’’ എന്നതുപോലുള്ള മനുഷ്യരെയെല്ലാം ഒരു പോലെ കാണാനും അത്തരത്തിൽ പരസ്പരം ഇടപഴകാനും പഠിപ്പിച്ച നവോത്ഥാന നായകരുടെയും ഒരു പുതിയ സാമൂഹ്യ–രാഷ്ട്രീയ കാഴ്ചപ്പാട് ജനങ്ങളെ പഠിപ്പിച്ച ഇടതുപക്ഷത്തിന്റെയും പ്രവർത്തനം കേരളത്തിലെ ജനങ്ങളെ എല്ലാ സങ്കുചിത ചിന്താഗതികളിൽ നിന്നും ഉയർന്നുനിൽക്കാനും പ്രവർത്തിക്കാനും പഠിപ്പിച്ചു. അവരെ പഴയ സങ്കുചിത ചിന്തയിലേക്കും പെരുമാറ്റങ്ങളിലേക്കും തിരിച്ചു കൊണ്ടുപോകാനാണ് രാജീവ് ചന്ദ്രശേഖർ പ്രതിനിധാനം ചെയ്യുന്ന വർഗീയവാദികൾ നിരന്തരം യത്നിക്കുന്നത്. എട്ടു പതിറ്റാണ്ടിലേറെക്കാലമായി അവർ നിരന്തരം പ്രവർത്തിച്ചിട്ടും ആ ചിന്താഗതിക്ക് ഇവിടെ കാറ്റുപിടിച്ചിട്ടില്ല. ആർഎസ്എസിനെപ്പോലുള്ള വിവിധ സംഘടനകൾ മറ്റു പല സംസ്ഥാനങ്ങളിലും ഭീകരവാഴ്ച നടത്തുമ്പോൾ കേരളത്തിൽ അത് സംഭവിക്കാത്തത് മേൽപറഞ്ഞ തരത്തിലുള്ള ഒരു രാഷ്ട്രീയവും ധർമബോധവും സമീപനശെെലിയും ഇവിടെ പ്രബലമായി നിലനിൽക്കുന്നതുകൊണ്ടാണ്. അതിനെ തകർക്കാനാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ള വർഗീയവാദികളുടെ നീക്കം. അതിനെ അർഹിക്കുന്ന വിധത്തിൽ കാണാനും അതിനോട് പ്രതികരിക്കാനും സാധിക്കുന്ന മതനിരപേക്ഷ ജനാധിപത്യത്തിനു കേരളത്തിൽ ആഴത്തിൽ വേരോട്ടമുണ്ട്. അവിടെ രാജീവ് ചന്ദ്രശേഖർമാരുടെ ദുഷ്ടലാക്കുകൾ പരാജയപ്പെടുകയേ ഉള്ളൂ. തീർച്ച. അതാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ♦