ഇസ്രായേലും ഹമാസും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചിട്ട് ഒരു മാസത്തോളമായി. ഒക്ടോബർ 7നു ആയിരുന്നു അതിന്റെ തുടക്കം. ഇസ്രായേലിലെ നെതന്യാഹു പ്രധാനമന്ത്രിയായ സർക്കാർ തീവ്രവലതുപക്ഷ സ്വഭാവമുള്ളതാണ്. നെതന്യാഹുവിന്റെ പാർട്ടി കൂടുതൽ തീവ്ര സ്വഭാവമുള്ള ചില പാർട്ടികളെയും മറ്റും പിന്തുണയോടെയായിരുന്നു സർക്കാർ രൂപീകരിച്ചിരുന്നത്. ആ സർക്കാരും തൊട്ട് അയൽപ്പക്കത്തുള്ള പലസ്തീനിലെ ചില സായുധ സംഘങ്ങളും തമ്മിൽ ഒട്ടും സ്വരച്ചേർച്ചയിലായിരുന്നില്ല. സൗദി അറേബ്യപോലെ അമേരിക്കയോട് കൂടുതൽ ആഭിമുഖ്യമുള്ള അറബ് സർക്കാരുകളുമായി ഇസ്രായേൽ സൗഹൃദത്തിലായിരുന്നു. അതേ സമയം അന്നന്നത്തെ നിലനിൽപ്പിനുവേണ്ടി കഷ്ടപ്പെടുന്ന പലസ്തീൻകാരുമായി നിരന്തരം ഏറ്റുമുട്ടലിലുമാണ്. അത് മൂർഛിച്ചു വന്നതിന്റെ ഒരു ഘട്ടത്തിലാണ് ഗാസ ഭരിക്കുന്ന ഹമാസ് എന്ന സായുധ അറബി സംഘം ഇസ്രായേലിനെ തിരിച്ചടിച്ചത്. കുറെ ഇസ്രായേലുകാർ, ചില സായുധസേനാംഗങ്ങൾ ഉൾപ്പെടെ, ഹമാസിന്റെ പിടിയിലായി. അതിലേറെ പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
എന്നാൽ ഹമാസിന്റെ നേരെയുള്ള തിരിച്ചടിയെന്നപേരിൽ പലസ്തീൻ പ്രദേശങ്ങൾക്കും അവിടെ പാർക്കുന്നവർക്കും നേരെ ഇസ്രായേൽ പട കടുത്ത ആക്രമണം നടത്തി. മരണം, കുഞ്ഞുകുട്ടികളുടെയും വയസ്സരുടെയും സ്ത്രീകളുടെയും ഉൾപ്പെടെ, അയ്യായിരത്തിലേറെയായി. അതിലേറെ പേർ മുറിവേറ്റവർ. ഇസ്രായേലിന്റെ അനുമതിയോടെ മാത്രമേ പലസ്തീനിലേക്ക് എന്തു സാധനവും എത്തിക്കാൻ കഴിയൂ. മരുന്നും ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും വരെ. ലക്ഷക്കണക്കിനാളുകളാണ് പലസ്തീനിൽ പാർക്കുന്നത്. ആഴ്ചകളോളം അവിടേക്ക് ഒന്നും കടത്തിവിടാതെ ഇസ്രായേൽ മുട്ടാളത്തം കാട്ടി. ഒടുവിൽ ലോക പൊതുജനാഭിപ്രായം അവർക്കെതിരെ രൂക്ഷമായപ്പോൾ ഈജിപ്ത് വഴി വെള്ളവും ഭക്ഷ്യവസ്തുക്കളും മരുന്നും ചെറിയ തോതിൽ എത്തിക്കുന്നതിന് അവർ അനുവദിച്ചു. ദിവസേന 300 ലോറി ലോഡിൽ കൂടുതൽ സാധനങ്ങൾ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾവരെ ആകെ എത്തിയത് 10 ലോഡിൽ താഴെ. പ്രശ്നത്തിന്റെ രൂക്ഷത വ്യക്തം.
അതേസമയം അമേരിക്ക ധൃതിപ്പെടുന്നത് ഇസ്രായേലിലേക്ക് പടക്കോപ്പുകൾ എത്തിക്കാനാണ്. വിപുലമായ കപ്പൽപടയെ അമേരിക്കയുടെ പ്രസിഡന്റ് ബെെഡൻ അങ്ങോട്ടു നിയോഗിച്ചിരിക്കുന്നു, അറബ് നാടുകൾക്ക് ഭീഷണിയായി. പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ചു. അവിടെ ഇതിനകം ഒരു യുദ്ധകാല സർക്കാർ രൂപീകരിച്ചിട്ടുണ്ട്.
രണ്ടാം ലോകയുദ്ധത്തിനുശേഷം, നേരത്തെയുള്ള വാഗ്-ദാനത്തിന്റെ അടിസ്ഥാനത്തിൽ ഐക്യശക്തികൾ പലസ്തീനിൽ നിന്ന് ഒരു പ്രദേശം മുറിച്ചെടുത്ത് ലോകത്തെങ്ങുമുള്ള ജൂതർക്കായി ഒരു രാഷ്ട്രം രൂപീകരിക്കാൻ സഹായിച്ചു. അതാണ് ഇസ്രായേൽ. അയൽരാജ്യങ്ങളും അതുമായി നിരന്തരശത്രുതയിലുമായി. ഇസ്രായേലായി മാറ്റപ്പെട്ട പ്രദേശത്തുനിന്നു ലക്ഷക്കണക്കിനു പലസ്തീൻകാർ ആട്ടിയോടിക്കപ്പെടുകയോ ഓടിപ്പോവുകയോ ചെയ്തു. അതാണ് അതിനോട് അറബികൾക്ക് രോഷം തോന്നാൻ കാരണം. ഇസ്രായേലിൽ സിയോണിസ്റ്റ് എന്ന തീവ്ര ജൂത മതസംഘടനയുടെ പ്രവർത്തനം ജൂത–മുസ്ലീം സംഘർഷത്തിന്റെ മറ്റൊരു മാനം ഇസ്രായേലും അയൽക്കാരുമായുള്ള സംഘർഷത്തിനു നൽകി. അമേരിക്ക– ബ്രിട്ടൻ–സോവിയറ്റ് യൂണിയൻ എന്നീ മൂന്നു രാജ്യങ്ങളാണ് മുക്കാൽ നൂറ്റാണ്ടുമുമ്പ് ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തിനു രക്ഷാധികാരിത്വം നൽകിയതെങ്കിലും, തുടർന്നുള്ള കാര്യങ്ങളിൽ ഇസ്രായേലിന്റെ പക്ഷം പിടിച്ചത് അമേരിക്കയും ബ്രിട്ടനും മറ്റുമായിരുന്നു. അമേരിക്കയിലെ ഏറ്റവും സമ്പന്നരും ശക്തരുമായ പലരും ജൂതരാണ്. ഇപ്പോൾ അമേരിക്ക ഇസ്രായേലിനു കപ്പൽപ്പടയും ആയുധങ്ങളും എത്തിക്കുന്നതിലും മറ്റും കാണുന്നത് ആ സ്വാധീനമാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങൾ ആദ്യം മുതൽക്കേ പലസ്തീൻകാരുടെ പക്ഷത്തായിരുന്നു, ഐക്യരാഷ്ട്ര സഭാ തീരുമാനങ്ങളിലും മറ്റും. ഇപ്പോൾ പ്രധാനമന്ത്രി മോദി ഇന്ത്യയെ അമേരിക്കൻ ക്യാമ്പിലെന്നപോലെ ഇസ്രായേൽ പക്ഷത്തും കൊണ്ടു കെട്ടിയിരിക്കയാണ്. ഇതിനോട് ജനാധിപത്യപരവും സാമ്രാജ്യത്വ വിരുദ്ധവുമായ നിലപാടെടുക്കുന്ന ആർക്കും യോജിക്കാനാവില്ല. പലസ്തീൻകാർക്കു നീതി ലഭിക്കണം. പലസ്തീൻകാർക്ക് സമാധാനപരമായും സുരക്ഷിതമായും ജീവിക്കാൻ കഴിയുന്ന സ്ഥിതി പശ്ചിമേഷ്യയിൽ ഉണ്ടാകണം. അതിന് ഇസ്രായേൽ സർക്കാരും അമേരിക്കയും മറ്റും അനുവദിക്കണം. ചേരിചേരാ പ്രദേശമായി സമാധാനത്തോടെ ഇസ്രായേലും പലസ്തീനും വർത്തിക്കണം. അതിന് ഇസ്രായേൽ ആദ്യം ആക്രമണം അവസാനിപ്പിക്കുകയാണ് വേണ്ടത്. ♦