എൻസിഇആർടി (വിദ്യാഭ്യാസ ഗവേഷണത്തിനും അധ്യാപനത്തിനുമുള്ള ദേശീയ കൗൺസിൽ) 12–ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ്. അതിനായി നിയോഗിക്കപ്പെട്ട സാമൂഹ്യശാസ്ത്ര പാഠപുസ്തക പരിഷ്കരണ സമിതി രാജ്യത്തിന്റെ പേര് ഇന്ത്യക്കുപകരം, ഭാരതമാക്കണം എന്നു നിർദേശിച്ചിരിക്കുന്നു. ഇത് ഒരു സമിതിയുടെ നിർദേശമാണ്. ആ സമിതിയുടെ അധ്യക്ഷൻ കോട്ടയം സിഎംഎസ് കോളേജിലെ മുൻ ചരിത്ര വിഭാഗം പ്രൊഫസർ സി ഐ ഐസക് ആണ്. കേവലം ഒരു പേരുമാറ്റം മാത്രമല്ല ആ സമിതി നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തെ പ്രാചീനം, മധ്യകാലം, ആധുനികം എന്നിങ്ങനെ തരം തിരിച്ചാണ് പഠിപ്പിക്കാറുള്ളത്. ചരിത്രത്തിനു പകരം ക്ലാസിക്കൽ (ചിരസമ്മതം) ചരിത്രം എന്നാണ് വേണ്ടത്, എല്ലാ വിഷയങ്ങൾക്കുമുള്ള പാഠ്യപദ്ധതിയിൽ ഇന്ത്യൻ ജ്ഞാനവ്യവസ്ഥ ഉൾക്കൊള്ളിക്കണം. പാഠപുസ്തകങ്ങളിൽ ഹിന്ദു രാജാക്കന്മാരുടെ വിജയങ്ങൾ എടുത്തുപറയണം, പരാജയങ്ങൾ ഒഴിവാക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളും ഉള്ളതായി വാർത്തകളിൽ കാണുന്നു.
ഈ സമിതി അതിന്റെ നിർദേശങ്ങൾ സമർപ്പിച്ചിട്ടേയുള്ളൂ. അതു സംബന്ധിച്ച് എൻസിഇആർടിയുടെ ഭരണസമിതി തീരുമാനമെടുത്തിട്ടില്ല എന്നാണ് ചെയർമാൻ ദിനേശ് സക്ലാനി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഡോ. സി ഐ ഐസക് ഉൾപ്പെടെ സാമൂഹ്യശാസ്ത്ര സമിതിയിലെ അംഗങ്ങളെല്ലാം ആർഎസ്എസ്–ബിജെപി സൃഷ്ടികളായ പല സംഘടനകളിലും അംഗങ്ങളാണ്. അവർക്ക് നൽകപ്പെട്ട നിർദേശം അവർ പാലിച്ചു എന്നാണ് സമിതി സമർപ്പിച്ച നിർദേശങ്ങൾ വായിക്കുമ്പോൾ തോന്നുക.
സർക്കാർ പാഠപുസ്തകങ്ങൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പേരുകളും കാര്യങ്ങളും ആണ് ഉൾക്കൊള്ളേണ്ടത്. ഇന്ത്യയുടെ ഭരണഘടനയുടെ ഒന്നാമത്തെ അനുച്ഛേദത്തിൽ പറയുന്നത്. ‘‘ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ യൂണിയൻ ആയിരിക്കും’’ എന്നാണ്. ഇന്ത്യയെന്നും തത്സമമായി ഭാരതമെന്നും ഉപയോഗിക്കാം എന്നാണ് അതിന്റെ അർഥം. ഇന്ത്യക്കു പകരം ഔദേ-്യാഗികമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭാരതം എന്നു പ്രയോഗിക്കാൻ തുടങ്ങിയത് ജി 20 രാജ്യത്തലവന്മാരുടെ സമ്മേളനം ഇന്ത്യയിൽ വച്ച് ഈയിടെ നടത്തിയപ്പോഴാണ്. രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിനുപകരം ഭാരതം എന്നുപയോഗിക്കാൻ തുടങ്ങുന്നത് എൻസിഇആർടിയുടെ ഒരു ഉപസമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലല്ല. അങ്ങനെ ചെയ്യുന്നത് ഒരു ‘കള്ളക്കട’ത്താണ്.
രാജ്യത്തിന്റെ പേര് ഇന്ത്യയോ ഭാരതമോ ഇതിലേതാണ് ആകേണ്ടത് എന്ന ചർച്ച ഭരണഘടനാ നിർമാണസഭയിൽ നടന്നിരുന്നു. അത് നിശ്ചയിച്ചത് ഇന്ത്യക്ക് മുൻഗണന നൽകി ഭാരതം തത്സമമായി ഉപയോഗിക്കാമെന്നായിരുന്നു. അതാണ് ഇപ്പോഴും അനുവർത്തിച്ചുപറയുന്നതും. ഇക്കാലമത്രയും എല്ലാ ആധുനിക അവസരങ്ങളിലും രേഖകളിലും ഇന്ത്യ എന്നു തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. സ്കൂൾ തലം മുതൽക്കുള്ള എല്ലാ പാഠപുസ്തകങ്ങളിലും അങ്ങനെ തന്നെ. ഭാരതം എന്ന പേരു പാഠപുസ്തകങ്ങളിൽ ഇങ്ങനെ ഒളിച്ചുകടത്തുന്നതിനെ അംഗീകരിക്കാനാവില്ല. കേവലം ഒരു പേരിന്റെ കാര്യത്തിൽ മാത്രമല്ല ഡോ. ഐസക് അധ്യക്ഷനായ സമിതി ഭേദഗതി നിർദേശിക്കുന്നത്. രാജ്യത്തിന്റെ ചരിത്രം എങ്ങനെ പഠിപ്പിക്കണമെന്നതിലും കൂടിയാണ് ശുപാർശകൾ. ഇന്ത്യാ ചരിത്രം എങ്ങനെ പഠിപ്പിക്കണമെന്നു സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏറെചർച്ച നടന്നു, ഔപചാരികമായും അല്ലാതെയും ചരിത്രം പഠിപ്പിച്ചിരുന്നത് വികലമായ രീതിയിലാണെന്നു പലരും ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് 1961ൽ എൻസിഇആർടി രൂപീകരിക്കപ്പെട്ട ശേഷം സ്കൂൾ ചരിത്ര പാഠപുസ്തകങ്ങൾ പരിഷ്കരിക്കപ്പെട്ടത്. അവയുടെ ഉള്ളടക്കം തീരുമാനിക്കപ്പെട്ടതും റൊമില ഥാപ്പർ, അർജുൻ ദേവ‍്, ആർ എസ് ശർമ, സതീഷ് ചന്ദ്ര, ബിപിൻചന്ദ്ര എന്നീ പ്രശസ്ത ചരിത്രാധ്യാപകരുടെ നേതൃത്വത്തിലായിരുന്നു. ഇന്ത്യാ ചരിത്ര പഠനത്തിനു തങ്ങളുടെ പഠന ഗവേഷണങ്ങളിലൂടെ മതനിരപേക്ഷവും വസ്തുനിഷ്ഠവുമായ ഒരു പുതിയ ദിശാബോധവും രീതിശാസ്ത്രവും വികസിപ്പിച്ചെടുത്തിരുന്നവരാണ് അവർ.
ആ സമീപനത്തെയും രീതിയെയും ഉള്ളടക്കത്തെയുമൊക്കെ സംഘപരിവാർ അനുയായികളായ ഒരു സംഘം അധ്യാപകരെ നിയോഗിച്ച് തിരുത്താനാണ് പോകുന്ന പോക്കിൽ മോദി സർക്കാരിന്റെ നീക്കം. ചരിത്രാധ്യാപകർക്കും സാമൂഹ്യവിദഗ്ധർക്കും ഇടയിൽ ഇതൊക്കെ വിശദമായി ചർച്ച ചെയ്തശേഷം വേണം ഈ മാറ്റം. രാജ്യത്തിന്റെ പേരു മാറ്റുന്നത് കുറേക്കൂടി വിപുലമായ ചർച്ചകയ്ക്കു ശേഷമാകണം. ഓരോ സർക്കാരുകൾ അധികാരത്തിലേറുമ്പോൾ രാജ്യത്തിന്റെ പേരുമാറുന്ന അപഹാസ്യമായ നിലയിലേക്ക് രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തെ വലിച്ചിഴയ്ക്ക-ുകയാണ് മോദി സർക്കാർ. ♦