Saturday, May 18, 2024

ad

Homeകവര്‍സ്റ്റോറിപുന്നപ്ര വയലാര്‍ സമരവും കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റവും

പുന്നപ്ര വയലാര്‍ സമരവും കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റവും

എം വി ഗോവിന്ദന്‍

കേരളത്തിന്റെ സമരചരിത്രത്തില്‍ ഉജ്ജ്വലമായ സ്ഥാനമുള്ള പ്രക്ഷോഭമാണ് പുന്നപ്ര–വയലാര്‍ സമരം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഉണ്ടായ വിപ്ലവ മുന്നേറ്റത്തിന്റെ ഭാഗമായി നടന്ന ബഹുജന സമരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രൂപം കൈക്കൊണ്ട ഒന്നായാണ് പുന്നപ്ര –വയലാര്‍ സമരത്തെ ഇ.എം.എസ് വിലയിരുത്തിയത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന ഇ.എം.എസിന്റെ പ്രസിദ്ധമായ പുസ്തകത്തില്‍ പുന്നപ്ര þ വയലാര്‍ സമരത്തിന്റെയും തെലങ്കാന സമരത്തിന്റെയും പൊതുവായ സവിശേഷതകളെ കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നുണ്ട്: ‘‘തിരുവിതാംകൂറും ഹൈദരാബാദും നാട്ടുരാജ്യങ്ങളാണ്. രണ്ടിടത്തും ഉത്തരവാദ ഭരണപ്രക്ഷോഭം മുന്നേറുകയായിരുന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പു തന്നെ രൂപംപ്രാപിക്കാന്‍ തുടങ്ങിയതും യുദ്ധകാലത്ത് വളര്‍ച്ച പ്രാപിച്ചതുമായ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടിടത്തും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ്, കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് എന്നിവയുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ സ്വന്തം പദവി ഉറപ്പിക്കുന്നതിന് രണ്ടിടത്തെയും രാജകീയ ഭരണാധികാരികള്‍ ശ്രമിക്കുകയായിരുന്നു. ഇതിനെതിരായി പ്രക്ഷോഭം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്ക് കമ്യൂണിസ്റ്റ് ഇതരരായ ജനാധിപത്യവാദികള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു’’.

ഭാഷാടിസ്ഥാനത്തില്‍ ഒന്നായി നില്‍ക്കുന്ന സംസ്ഥാന രൂപീകരണത്തിന് അടിത്തറയിട്ട രക്തരൂഷിതമായ സമരം കൂടിയായിരുന്നു പുന്നപ്ര–വയലാര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വൈവിധ്യമാര്‍ന്ന മുന്നേറ്റത്തില്‍ സവിശേഷ സ്ഥാനം നേടിയതാണ് ഈ പ്രക്ഷോഭം. ഇന്ത്യയുടെ ഐക്യം തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ മുന്നോട്ടുവച്ച ആശയങ്ങളായിരുന്നു ദ്വിരാഷ്ട്രവാദ സിദ്ധാന്തവും നാട്ടുരാജ്യങ്ങളുടെ സ്വതന്ത്രപദവി എന്ന ആശയവും. തിരുവിതാംകൂറിന്റെ സ്വതന്ത്ര രാഷ്ട്രമെന്ന കാഴ്ചപ്പാടിനെ പ്രതിരോധിച്ചതിലൂടെ പുന്നപ്ര വയലാര്‍ സമരം സാമ്രാജ്യത്വ കാഴ്ചപ്പാടുകള്‍ക്കെതിരായുള്ള പോരാട്ടമെന്ന നിലയില്‍ കാണേണ്ടതുണ്ട്.

പുന്നപ്ര വയലാര്‍ സമരത്തിന് നേതൃത്വം കൊടുത്തത് തൊഴിലാളികളും കര്‍ഷകരുമായിരുന്നു. തൊഴിലാളികള്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ക്കൊപ്പം രാഷ്ട്രീയമായ മുദ്രാവാക്യങ്ങളിലേക്ക് അടിസ്ഥാന ജനവിഭാഗങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ഏറ്റവും ശക്തമായ ഇടപെടലായി പുന്നപ്ര – വയലാര്‍ സമരം മാറുകയായിരുന്നു. ശക്തമായ തൊഴിലാളി പ്രസ്ഥാനത്തിന് കരുത്തായി മാറുന്നതിനും ഈ സമരത്തിന് കഴിഞ്ഞു.

ആധുനിക കേരളം രൂപപ്പെടുത്തുന്നതിന് അടിസ്ഥാനമിട്ടത് നവോത്ഥാന പ്രസ്ഥാനങ്ങളാണ്. അതിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് തൊഴിലാളി– കര്‍ഷക പ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലാണ് ഇന്നത്തെ കേരളം സൃഷ്ടിക്കുന്നതിന് ഇടയായിട്ടുള്ളത്. മൂന്ന് ഭാഗങ്ങളായി കിടന്ന കേരളത്തെ ഐക്യ കേരളമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ യോജിപ്പിച്ചെടുക്കുന്നതിനും ഈ പോരാട്ടം കരുത്തു പകര്‍ന്നു.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ഇത് കരുത്തു പകര്‍ന്നു. ഭാഷാ സംസ്ഥാനമെന്ന ആശയം രൂപീകരിക്കപ്പെട്ടതോടെ അവ എങ്ങനെയാകണമെന്നതു സംബന്ധിച്ചും പിന്നീട് ചര്‍ച്ചയുണ്ടായി. കൊച്ചി രാജാവിന്റെ നേതൃത്വത്തില്‍ സാമ്രാജ്യത്വവും ജന്മിത്വവുമെല്ലാം നിലനില്‍ക്കുന്ന ഐക്യകേരളമെന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയും വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ അവ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഐക്യ കേരളമെന്നത് അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ കൂടി സംരക്ഷിക്കുന്ന വിധത്തില്‍ രൂപപ്പെടുത്തുക എന്ന കാഴ്ചപ്പാടിലേക്ക് നാടിനെ നയിക്കുന്ന വിധം മുന്നോട്ടുപോകുന്നതിന് ഇത് ഇടയാക്കി. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇടപെടുന്ന പ്രസ്ഥാനം എന്ന രീതിയിലേക്ക് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഇത്തരം പോരാട്ടങ്ങള്‍ കരുത്തുപകര്‍ന്നു. കേരളത്തില്‍ വലതുപക്ഷ ശക്തികള്‍ പലതരത്തില്‍ വികസിപ്പിക്കാന്‍ ശ്രമിച്ച ജാതിക്കും വര്‍ഗ്ഗീയമായ ചിന്തകള്‍ക്കും അതീതമായി ജീവിത പ്രശ്നങ്ങളുടെയും രാഷ്ട്രീയമായ സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് മതനിരപേക്ഷ ബോധത്തിലേക്ക് ജനതയെ ആകെ നയിക്കുന്നതിന് ഈ പോരാട്ടം കരുത്തുപകര്‍ന്നു. നവോത്ഥാന കേരളത്തിന്റെ മുദ്രാവാക്യങ്ങളെ വികസിപ്പിക്കുന്നതിന് ഈ ഇടപെടലിലൂടെ സാധ്യമാവുകയും ചെയ്തു.

കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങളും അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങളും പരസ്പരം പൊരുത്തപ്പെടുത്തിക്കൊണ്ടുള്ള വികസന കാഴ്ചപ്പാടിന് രൂപം നല്‍കുന്നതിന് ഇത് ഇടയാക്കി. തൊഴിലാളികളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ കൂടിയാണ് ഈ പ്രക്ഷോഭത്തിന് കാരണമായിത്തീര്‍ന്നത്. അതുകൊണ്ടു തന്നെ തൊഴിലാളികളുടെ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് ആര്‍ക്കും മുന്നോട്ടുപോകാനാകില്ലെന്ന ശക്തമായ സന്ദേശവും മുന്നോട്ടുവയ്ക്കുന്നതിന് ഈ പ്രക്ഷോഭത്തിലൂടെ സാധ്യമായി. സംസ്ഥാനത്ത് ആകമാനമുള്ള തൊഴിലാളി പ്രസ്ഥാനത്തിന് കരുത്തും ആവേശവുമായി മാറാന്‍ ഇതിന് കഴിഞ്ഞു. പുന്നപ്ര þ വയലാറിന്റെ സമര പാഠങ്ങള്‍ ഇന്ത്യയിലെ പോരാട്ടങ്ങള്‍ക്കും കരുത്തായി വര്‍ത്തിച്ചു.

ഭാവി കേരളത്തെ രൂപപ്പെടുത്തുന്ന ഘട്ടത്തില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ അവഗണിക്കാന്‍ പറ്റാത്ത ഒന്നായി മാറ്റുന്നതിനും ഈ പ്രക്ഷോഭത്തിന് സാധ്യമായിട്ടുണ്ട്. ഇത്തരം പ്രക്ഷോഭങ്ങളുടെ ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട് വളര്‍ന്നുവികസിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വികസന സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഇത്തരം പോരാട്ടങ്ങള്‍ക്ക് സുപ്രാധാനമായ പങ്കുണ്ടെന്ന് കാണാം.

1956 ൽ സംസ്ഥാന രൂപീകരണത്തിനുമുമ്പുതന്നെ, കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടുത്തിയ വികസന കാഴ്ചപ്പാടില്‍ അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ സജീവമായ ഒന്നായി ഉയര്‍ന്നുവന്നു. ‘പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍’ എന്ന വികസന രേഖ പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. 1957 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രകടനപത്രികയ്ക്ക് ആധാരമായതും ഈ വികസന സങ്കല്‍പ്പമായിരുന്നു.

1957 ലെ ഒന്നാമത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ നടത്തിയ പരിഷ്-കാരങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ക്കുന്നതിന് പര്യാപ്തമായ വിധം ഭൂപരിഷ്-കരണ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിക്കുന്ന നടപടികള്‍ക്ക് നേതൃത്വം കൊടുക്കാനും ഈ സര്‍ക്കാരിന് കഴിഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും സംസ്ഥാനത്തുടനീളം സംവരണം ഉറപ്പുവരുത്താനുള്ള നിയമനിര്‍മ്മാണത്തിനും കഴിയുകയുണ്ടായി. എം.എസ്.പി പോലുള്ള പൊലീസ് സംവിധാനങ്ങളില്‍ മുസ്ലീം ജനവിഭാഗത്തെ മാറ്റി നിര്‍ത്തിയ നടപടി ഇല്ലാതാക്കാനും ഈ കാലത്ത് കഴിഞ്ഞു. ഇങ്ങനെ അടിസ്ഥാന ജനവിഭാഗത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളിലും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ഇടപെടലിലും കേരളം എത്തിച്ചേര്‍ന്നത് ഇത്തരത്തിലുള്ള രാഷ്ട്രീയ പോരാട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കാഴ്ചപ്പാടിന്റെയും രാഷ്ട്രീയമായ ബോധത്തിന്റെയും ഭാഗം കൂടിയായിരുന്നു.

കേരളത്തില്‍ പില്‍ക്കാലത്തുവന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ ഭരണപരിഷ്-കാരങ്ങള്‍ ഇതിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു. മണ്ണില്‍ പാവപ്പെട്ടവന് അവകാശം ഉറപ്പുവരുത്തുന്ന നിയമഭേദഗതികള്‍ ഇതിന്റെ തുടര്‍ച്ചയായി നടക്കുകയുണ്ടായി. ക്ഷേമ പദ്ധതികള്‍ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് നടത്തിയ ഇടപെടല്‍ രാജ്യത്തിനാകെത്തന്നെ മാതൃകയായിത്തീര്‍ന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ രൂപപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ഈ ഘട്ടത്തില്‍ കേരളത്തിന്റെ വികസന നേട്ടങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പാര്‍ടിക്ക് കഴിഞ്ഞു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയാകുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. നവകേരള സൃഷ്ടിക്കുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനും ഇതിന്റെ തുടര്‍ച്ചയില്‍ സാധ്യമായി.

സംസ്ഥാനത്ത് ലഭിച്ച അധികാരമുപയോഗിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ തന്നെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടങ്ങളും തുടര്‍ന്നു. അതുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ നേട്ടങ്ങളാകമാനം തകര്‍ക്കാന്‍ യു.ഡി.എഫിന് ഒരു ഘട്ടത്തിലും കഴിയാതിരുന്നത്. പാര്‍ലമെന്റും പാര്‍ലമെന്റേതരവുമായ ഇടപെടലുകളിലൂടെ രാജ്യത്തെതന്നെ ഏറ്റവും മികച്ച ജീവിത നിലവാരം പുലര്‍ത്തുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന് സിപിഐ എമ്മിനും എൽഡിഎഫിനും കഴിയുകയുണ്ടായി. കേരളത്തില്‍ ഒരു ഇടതുപക്ഷ മനസ്സ് രൂപപ്പെടുത്തുന്നതിന് പുന്നപ്ര വയലാര്‍ ഉള്‍പ്പടെയുള്ള പ്രക്ഷോഭങ്ങള്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 5 =

Most Popular