Monday, May 20, 2024

ad

Homeകവര്‍സ്റ്റോറിപുന്നപ്ര വയലാർ സമരം

പുന്നപ്ര വയലാർ സമരം

ഡോ. ടി എം തോമസ്‌ ഐസക്‌

കേരളത്തിലെ മേധാശക്തിയായി 1950-കളുടെ മദ്ധ്യം ആയപ്പോഴേക്കും കമ്യൂണിസ്റ്റ് പാർട്ടി വളർന്നു. ഇതിന്റെ പിന്നിൽ പുന്നപ്ര- വയലാർ സമരവും വടക്കേ മലബാറിലെ കർഷക കലാപങ്ങളും വഹിച്ചപങ്ക് നിർണ്ണായകമാണ്. ഇവയിലൂടെ കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലേക്കു കമ്യൂണിസ്റ്റ് പാർട്ടി വളർന്നു. ദേശീയ വിമോചനസമരം സംബന്ധിച്ച ലെനിന്റെ കാഴ്ചപ്പാട് ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ പ്രദേശങ്ങളിൽ ഒന്നാണ് കേരളം.

എന്തായിരുന്നു ലെനിന്റെ നിലപാട്? കൊളോണിയൽ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ബൂർഷ്വാ നേതൃത്വത്തിലുള്ള ദേശീയ വിമോചനസമരങ്ങളുമായി സഹകരിക്കുകയും പങ്കെടുക്കുകയും വേണം. എന്നാൽ അതോടൊപ്പം തൊഴിലാളികളുടെയും കൃഷിക്കാരുടെയും വർഗസംഘടനകൾ കെട്ടിപ്പടുക്കണം. പടിപടിയായി തൊഴിലാളി വർഗത്തെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലേക്ക് ഉയർത്തണം.

ലെനിനിസ്റ്റ് കാഴ്ചപ്പാടും 
ഇന്ത്യയിലെ അനുഭവവും
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ലെനിന്റെ നിലപാടാണ് അംഗീകരിച്ചതെങ്കിലും 1930-കളുടെ മദ്ധ്യംവരെ കോൺഗ്രസിനോടു സ്വീകരിച്ച നിലപാടിൽ സെക്ടേറിയനിസം ഉണ്ടായിരുന്നു. ഇതു തിരുത്തിയപ്പോഴാകട്ടെ മറുകണ്ടംചാടി കോൺഗ്രസിന്റെ വാലാകുന്ന സ്ഥിതിയുമുണ്ടായി. കേരളത്തിലാവട്ടെ കോൺഗ്രസ് സോഷ്യലിസത്തിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടി ആവിർഭവിച്ചത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയും ലെനിന്റെ കാഴ്ചപ്പാട് ഫലപ്രദമായി നടപ്പാക്കി. അതിനു പുറമേ ജാതിക്കെതിരായിട്ടുള്ള സമരങ്ങളിൽ പങ്കാളികളാവുക മാത്രമല്ല ആ ദൗത്യവും വർഗബഹുജന സംഘനടകൾ ഏറ്റെടുക്കുകയും ചെയ്തു.

ഈ ക്രിയാത്മകമായ നിലപാടിന്റെ ഏറ്റവും നല്ല അനുഭവങ്ങളിലൊന്നാണ് ആലപ്പുഴ തൊഴിലാളി പ്രസ്ഥാനവും അതിന്റെ നേതൃത്വത്തിൽ പുന്നപ്ര- വയലാറിൽ നടന്ന പോരാട്ടവും. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇന്ത്യയുടെ പല ഭാഗങ്ങളിൽ സായുധപോരാട്ടങ്ങൾ നടക്കുകയുണ്ടായി. അവയുടെ നേതൃത്വം കമ്യൂണിസ്റ്റ് പാർട്ടിക്ക് ആയിരുന്നെങ്കിലും ആലപ്പുഴയിലാണ് ദാർശനികനിലയ്ക്കപ്പുറം കായികമായി തൊഴിലാളിവർഗം സായുധ പോരാട്ടത്തിനു നേതൃത്വം നൽകുന്ന അനുഭവമുണ്ടായത്. ഈ അനുഭവത്തിന്റെ പശ്ചാത്തലവും പോരാട്ടത്തിലെ സംഭവഗതികളും ചുരുക്കി വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. വിസ്തരിച്ച വിശകലനത്തിന് ഒരു ഗ്രന്ഥം തന്നെ വേണ്ടിവരും. തയ്യാറാക്കിക്കൊണ്ടിരിക്കുന്ന വിശദമായ ഒരു ഗ്രന്ഥത്തിന്റെ അധ്യായങ്ങളുടെ തലക്കെട്ടുകളാണ് ഈ ലേഖനത്തിന്റെ ഉപതലക്കെട്ടുകളായി നൽകിയിട്ടുള്ളത്.

വ്യവസായ വളർച്ചയും
 തൊഴിലാളി വർഗത്തിന്റെ 
ആവിർഭാവവും
18-–ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ആലപ്പുഴ തുറമുഖ പട്ടണത്തിന്റെ ആവിർഭാവം. അവിടെ 1859-ലാണ് ജെയിംസ് ഡാറ ആദ്യത്തെ കയർ ഉൽപന്ന ഫാക്ടറി സ്ഥാപിക്കുന്നത്. ആദ്യകാലങ്ങളിൽ വളരെ പതുക്കെയായിരുന്നു വ്യവസായത്തിന്റെ വ്യാപനം. 1922-ൽ ആലപ്പുഴയിൽ നിന്നും 10,000 ടൺ കയർ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്നത് 1939 ആയപ്പോഴേക്കും 25,000 ടൺ ആയി വർധിച്ചു. തൊഴിലാളികളുടെ എണ്ണം ഏതാണ്ട് 30,000 ആയി ഉയർന്നു.

ആദ്യം തൊഴിലാളികൾ ആലപ്പുഴയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നാണു റിക്രൂട്ട് ചെയ്യപ്പെട്ടത്. പിന്നീട് 30-കളിലെ സാമ്പത്തിക തകർച്ചയുടെ കാലമായപ്പോഴേക്കും തിരുവിതാംകൂറിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ അഭയകേന്ദ്രമായിത്തീർന്നു ആലപ്പുഴ.

തൊഴിലാളികളിൽ എല്ലാ ജാതിമതസ്ഥരും ഉണ്ടായിരുന്നു. എങ്കിലും 75 ശതമാനത്തിലേറെ ഈഴവ സമുദായത്തിൽ നിന്നായിരുന്നു. കയർ തൊഴിലാളികൾക്കു പുറമേ ഓയിൽ മില്ലുകൾ, സ്പൈസസ് കളങ്ങൾ, തുറമുഖം, ചരക്കുകടത്ത് വള്ളങ്ങൾ തുടങ്ങിയവയിലെല്ലാം പണിയെടുക്കുന്ന പതിനായിരത്തോളം തൊഴിലാളികൾ ആലപ്പുഴയിൽ ഉണ്ടായിരുന്നു.

യൂണിയൻ: 
സാരോപദേശ സംഘത്തിൽ നിന്ന് 
സമരോത്സുക സംഘടനയിലേക്ക്
1922-ലാണ് തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപീകൃതമായത്. അപ്പുസേട്ടിന്റെ എംപയർ വർക്സിലെ മൂപ്പനായിരുന്ന വാടപ്പുറം ബാവയാണിതിനു മുൻകൈയെടുത്തത്. വാടപ്പുറം ബാവയുടെ പ്രചോദനം ശ്രീനാരായണ ചിന്തകളായിരുന്നു. തൊഴിൽ അവകാശങ്ങളേക്കാൾ സന്മാർഗ്ഗ ഉപദേശങ്ങൾക്കായിരുന്നു പ്രാധാന്യം. എന്നാൽ 1920-കളുടെ അവസാനമായപ്പോഴേക്കും വ്യവസായം സംഘർഷഭരിതമായിത്തീർന്നു. രൂക്ഷമായ കച്ചവടമത്സരംമൂലം കയർ ഉല്പന്നങ്ങളുടെ വിലകൾ കുറയ്ക്കേണ്ടിവന്നു. കൂലിയും കുറയ്ക്കപ്പെട്ടു. 1925-നും 1937-നും ഇടയ്ക്കു ചില ഇനം കൂലികളിൽ 75 ശതമാനംവരെ കുറവുണ്ടായി. മൂപ്പൻമാരുടെ ചൂഷണവും ഏറി.

യൂണിയന്റെ വിലക്കുകൾ വകവയ്ക്കാതെ തൊഴിലാളികൾ മുൻകൈയെടുത്ത് തൊഴിൽസമരങ്ങൾ സംഘടിപ്പിച്ചുതുടങ്ങി. മനസ്സില്ലാമനസ്സോടെ യൂണിയൻ ഈ സമരങ്ങളെ നയിക്കാൻ നിർബന്ധിതമായി. യാഥാസ്ഥിതികരായ ഭാരവാഹികൾ ഒന്നൊന്നായി ഭാരവാഹിസ്ഥാനത്തു നിന്നു മാറ്റപ്പെട്ടു. 15 വർഷത്തെ ലേബർ അസോസിയേഷന്റെ ചരിത്രത്തിൽ 14 പ്രാവശ്യം സെക്രട്ടറിമാർ മാറേണ്ടിവന്നു എന്നതു ശ്രദ്ധേയമാണ്. യൂണിയൻ സ്ഥാപകനായ പി.കെ. ബാവ തന്നെ എംപയർ കയർ ഫാക്ടറിയിൽ സ്വീകരിച്ച സമരവിരുദ്ധ നിലപാടുമൂലം യൂണിയൻ നേതൃത്വത്തിൽ നിന്നും നീക്കംചെയ്യപ്പെട്ടു.

ഈ കാലയളവിലെ സ്ഥാനമാറ്റങ്ങളും യൂണിയനുള്ളിലെ സംഘർഷങ്ങളും പരിശോധിക്കുന്ന ഒരാൾക്കു കാണാൻ കഴിയുന്നത് അണികളുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി രൂപംകൊള്ളുന്ന പുതിയ നേതൃത്വത്തെയാണ്. പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകരുടെ ഇടപെടൽ ഈ നേതൃമാറ്റത്തിനു നിർണ്ണായകമായി. 1935-ൽ താൻ തൊഴിലാളിയായി ജീവിതം തുടങ്ങിയ പട്ടണത്തിൽ ഇക്കാലത്ത് പി. കൃഷ്ണപിള്ള തിരിച്ചെത്തിയത് മലബാറിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനായിട്ടാണ്.

തൊഴിലാളികളുടെ ദൈന്യാവസ്ഥയെക്കുറിച്ചു രാജാവിനു മെമ്മോറാണ്ഡം നല്കാൻ കാൽനടയായി പോകാൻ ശ്രമിച്ച യൂണിയൻ നിവേദക സംഘത്തെ അറസ്റ്റുചെയ്യുകയും ജാഥയെ നിരോധിക്കുകയും ചെയ്ത കാലമായിരുന്നു അന്ന്. ഈ സാഹചര്യത്തിൽ അവകാശങ്ങൾ നേടാൻ പൊതുപണിമുടക്ക് അല്ലാതെ മാറ്റുമാർഗ്ഗമില്ലായെന്നു പി. കൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു.

പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത തെെത്തറ രാമൻകുട്ടി

ആലപ്പുഴയിൽ രൂപീകരിക്കപ്പെട്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി യൂണിറ്റുകൾ പൊതുപണിമുടക്കിനായി പ്രചാരവേലയും ആരംഭിച്ചു. അവസാനം 1938 മാർച്ചിൽ യൂണിയൻ പൊതുപണിമുടക്കിനു തീരുമാനമെടുത്തു. സർക്കാരിന്റെ പ്രതികരണം നിശിതമായിരുന്നു. യൂണിയൻ നേതാക്കളായ ആർ. സുഗതൻ, പി.എൻ. കൃഷ്ണപിള്ള തുടങ്ങിയവരെ അറസ്റ്റുചെയ്തു. ഇതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ തൊഴിലാളികളെ പൊലീസ് ലാത്തിച്ചാർജ്ജ് ചെയ്തു. ഗരുഡൻ ബാവ എന്ന തൊഴിലാളി രക്തസാക്ഷിയായി.

 

ശ്രീനാരായണ 
സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളും
ആലപ്പുഴയിലെ തൊഴിലാളികളും
ആലപ്പുഴ തൊഴിലാളി സമരരംഗത്ത് ഇറങ്ങുന്നത് ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെയാണ്. സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിലെ വിവിധ ചിന്താസരണികൾ തൊഴിലാളി പ്രസ്ഥാനത്തെ ഗാഢമായി സ്വാധീനിച്ചിട്ടുണ്ട്. ശ്രീനാരായണ ധർമ്മ പരിപാലനയോഗം 1927-ൽ ആലപ്പുഴയിൽവച്ച് ടി.കെ. മാധവന്റെ ഉത്സാഹത്തിൽ നടന്ന സമ്മേളനത്തിൽ അംഗത്വ ഫീസ് കുറച്ച് ഒരു ജനകീയ സംഘടനയായതോടെ സാധാരണക്കാരും തൊഴിലാളികളും അംഗങ്ങളും പ്രവർത്തകരുമായി മാറി. യോഗത്തിന്റെ ബോർഡിലേക്കു തൊഴിലാളികളുടെ പ്രതിനിധികളായി ഒന്നോ രണ്ടോ പേരെ തെരഞ്ഞെടുക്കുന്നതും പതിവായി.

എസ്എൻഡിപി യോഗം ക്രമേണ രാഷ്ട്രീയ നിലപാടുകളും സമരോത്സുക പരിപാടികളും സ്വീകരിച്ചു തുടങ്ങി. ഈ പ്രവർത്തനങ്ങളിലെല്ലാം ആലപ്പുഴ തൊഴിലാളികൾ സജീവമായിപങ്കെടുത്തു. എന്നാൽ തൊഴിലാളി യൂണിയൻ എല്ലാ ജാതി-മതസ്ഥരും ഉൾക്കൊള്ളുന്നവയാണ്. ഈ വൈരുധ്യം എങ്ങനെ പരിഹരിക്കാം?
ആലപ്പുഴയിൽ നിലവിൽവന്ന സമവായം ഇതായിരുന്നു: എല്ലാ ജാതിമതസ്ഥരും ഉൾക്കൊള്ളുന്ന യൂണിയനുള്ളിൽ സാമുദായിക പരിഗണനകൾ ഒഴിവാക്കണം, തൊഴിലാളികളുടെ കൂലി, സേവന വ്യവസ്ഥകൾ തുടങ്ങിയ പൊതു ആവശ്യങ്ങളെ ആസ്പദമാക്കിയാണ് യൂണിയൻ പ്രവർത്തിക്കുക. ഫാക്ടറിക്കു പുറത്തു നാട്ടിൽ തൊഴിലാളികൾ സാമുദായിക സംഘടനകളിൽ സജീവമായി പ്രവർത്തിക്കും. ഇങ്ങനെ ഒരർത്ഥത്തിൽ ഒരു ഇരട്ടജീവിതമായിരുന്നു തൊഴിലാളികളുടേത്.

ആലപ്പുഴ തൊഴിലാളികൾ 
ദേശീയപ്രസ്ഥാനത്തിൽ
വൈക്കം സത്യാഗ്രഹത്തിനു ശേഷമുള്ള ഒരു ദശാബ്ദക്കാലം പൊതുദേശീയ പ്രസ്ഥാനത്തിനു പകരം പിന്നാക്ക സമുദായങ്ങളുടെ സംഘടനകളുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംയുക്ത രാഷ്ട്രീയസഭയുടെ നേതൃത്വത്തിൽ ആനുപാതിക പ്രാതിനിധ്യത്തിനായുള്ള നിവർത്തന പ്രസ്ഥാനത്തിന്റെ കാലമായിത്തീർന്നു. ഈ സ്ഥിതിവിശേഷത്തിന് ഒരു മുഖ്യകാരണം നാട്ടുരാജ്യങ്ങളിൽ കോൺഗ്രസ് സംഘടന വേണ്ടെന്ന ഗാന്ധിജിയുടെ നിലപാടായിരുന്നു. എങ്കിലും സവർണമേധാവിത്വത്തിനെതിരെ സാമൂഹ്യതുല്യതയ്ക്കുവേണ്ടിയുള്ള പ്രസ്ഥാനമെന്ന നിലയിൽ നിവർത്തനപ്രസ്ഥാനം പുരോഗമനപരമായ രാഷ്ട്രീയ ചലനമായിരുന്നു. ആലപ്പുഴ തൊഴിലാളികൾ നിവർത്തനപ്രസ്ഥാനത്തിൽ സജീവമായിരുന്നു.

1938-ലെ ഹരിപുര കോൺഗ്രസ് സമ്മേളനം നാട്ടുരാജ്യങ്ങളുടെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ തീരുമാനിച്ചു. തിരുവിതാംകൂറിലാകട്ടെ നിവർത്തനപ്രസ്ഥാനം മുഖ്യലക്ഷ്യങ്ങൾ നേടുകയും ചെയ്തിരുന്നു. സംയുക്ത രാഷ്ട്രീയസഭ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ആയി രൂപാന്തരപ്പെട്ടു. പഴയ സാമുദായിക ചേരിതിരിവുകളുടെ ശക്തമായ സ്വാധീനം പുതിയ സംഘടനയിലും പ്രതിഫലിച്ചെങ്കിലും എല്ലാ വിഭാഗങ്ങളുമടങ്ങുന്ന ദേശീയപ്രസ്ഥാനമായിരുന്നു സ്റ്റേറ്റ് കോൺഗ്രസ്.

ദിവാൻ ഭരണം അവസാനിപ്പിച്ച് ഉത്തരവാദിത്തഭരണം സ്ഥാപിക്കണമെന്നതായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ മുദ്രാവാക്യം. 1938 ആഗസ്റ്റ് 26-ന് ഉത്തരവാദിത്തഭരണത്തിനുവേണ്ടി സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭം ആരംഭിച്ചു. നിരോധനാജ്ഞകൾ ലംഘിച്ചു നടത്തിയ യോഗങ്ങൾക്കെതിരെ ലാത്തിച്ചാർജ്ജും വെടിവയ്പുകളും പതിവായി. ആലപ്പുഴയിൽ കണിച്ചുകുളങ്ങരയിൽ വെടിവയ്പ് നടന്നു. സ്റ്റേറ്റ് കോൺഗ്രസ് നിരോധിക്കപ്പെട്ടു. തൊഴിലാളികൾ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിനു പിന്തണയുമായി പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് അക്കാമ്മ ചെറിയാൻ നയിച്ച ജാഥയുടെ മുന്നിൽ ആലപ്പുഴയിലെ 25 തൊഴിലാളി റെഡ് വോളന്റിയർമാർ ചിട്ടയായി പാട്ടുപാടി മാർച്ച് ചെയ്തിരുന്നു.

മർദ്ദനംകൊണ്ടു സമരത്തെ തോല്പിക്കാനാവില്ലായെന്നു തിരിച്ചറിഞ്ഞ ദിവാൻ ഭിന്നിപ്പിച്ചു തകർക്കാൻ തീരുമാനിച്ചു. രാജാവിന്റെ ജന്മദിനം പ്രമാണിച്ചു സ്റ്റേറ്റ് കോൺഗ്രസ് തടവുകാരെ വിട്ടയച്ചു. നേതാക്കൾ സമരം പിൻവലിച്ചു. യൂത്ത് ലീഗുകാർ ഉത്തരവാദിത്തഭരണത്തിനായുള്ള പ്രക്ഷോഭം തുടരണമെന്നു ശക്തിയായി ആവശ്യപ്പെട്ടെങ്കിലും നേതൃത്വം ജയിൽ വിമോചിതർക്കുള്ള സ്വീകരണ പരിപാടികളിൽ പ്രക്ഷോഭത്തെ ഒതുക്കി. അങ്ങനെ കടുത്ത ഇച്ഛാഭംഗത്തിനിരയായ യൂത്ത് ലീഗുകാരുടെ മുന്നിൽ ഒരു ധ്രുവനക്ഷത്രം പോലെ ആലപ്പുഴ തെളിഞ്ഞുനിന്നു. ആലപ്പുഴ തൊഴിലാളികൾ സമരത്തിൽ ഉറച്ചുനിന്നു. ഒക്ടോബർ 21-ന് ഉത്തരവാദിത്തഭരണത്തിനും തങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കുംവേണ്ടി തുടങ്ങിയ സമരത്തിൽ അവർ ഉറച്ചുനിന്നു.

1938-ലെ പൊതുപണിമുടക്ക് ഒരു വഴിത്തിരിവ്
1938 മാർച്ചിൽ ലേബർ അസോസിയേഷന്റെ ജനറൽബോഡിയോഗം പൊതുപണിമുടക്കിനു തയ്യാറെടുക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ ആർ. സുഗതൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതുമൂലം മലബാറിൽ നിന്നെത്തിയ കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രവർത്തകരാണ് പണിമുടക്ക് തയ്യാറെടുപ്പുകൾക്കു നേതൃത്വം നൽകിയത്.

ഒക്ടോബർ 21-ന് പണിമുടക്ക് ആരംഭിച്ചു. തിരുവനന്തപുരത്തുനടന്ന സ്റ്റേറ്റ് കോൺഗ്രസ് ഘോഷയാത്രയോട് എടുത്ത സമീപനത്തിൽനിന്നു വ്യത്യസ്തമായി ഒക്ടോബർ 23-ന് ആലപ്പുഴയിൽ നടന്ന ഘോഷയാത്ര കഴിഞ്ഞു മടങ്ങിപ്പോയ തൊഴിലാളികളെ പട്ടാളം ഭീകരമായി മർദ്ദിച്ചു. ഒരു തൊഴിലാളി രക്തസാക്ഷിയായി. ആലപ്പുഴ പട്ടാളത്തിന്റെയും റൗഡികളുടെയും നരനായാട്ടായിരുന്നു. ഭയം പണിമുടക്കിൽ ചോർച്ച സൃഷ്ടിച്ചു.

ഈയൊരു സാഹചര്യം നേരിടുന്നതിനു പി. കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം ഉശിരൻ സി.എസ്.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ഫാക്ടറി പിക്കറ്റിംഗ് ആരംഭിച്ചു. അവർ ഭീകരമർദ്ദനത്തിന് ഇരകളായി. പ്രതിഷേധവികാരം പണിമുടക്കിനെ വീണ്ടും സമ്പൂർണ്ണമാക്കി.

എന്നാൽ ജയിൽ വിമോചിതരായി ആലപ്പുഴയിൽ എത്തിയ യൂണിയൻ നേതാക്കൾ പണിമുടക്ക് പിൻവലിക്കണമെന്ന പക്ഷക്കാരായിരുന്നു. സ്ട്രൈക്ക് കമ്മിറ്റി ഇതിനെതിരും. പി. കൃഷ്ണപിള്ളയും സഖാക്കളും പണിമുടക്ക് തുടരണമെന്ന പക്ഷക്കാരായിരുന്നു. അങ്ങനെ പണിമുടക്ക് തുടർന്നു.

പക്ഷേ, സ്ട്രൈക്ക് കമ്മിറ്റിയെ അറിയിക്കാതെ മാനേജിംഗ് കമ്മിറ്റി നേതാക്കളിൽ ചിലർ സന്ധിസംഭാഷണങ്ങൾ തുടരുന്നുണ്ടായിരുന്നു. ഒരണ അധിക കൂലിയും കയർ വ്യവസായത്തിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്ന ഉറപ്പിലും സമരം പിൻവലിക്കാൻ ഈ നേതാക്കൾ പ്രസ്താവനയിറക്കി. പി. കൃഷ്ണപിള്ളയുടെയും എകെജിയുടെയും ശക്തമായ നിലപാടുകൊണ്ട് ഈ ഘട്ടത്തിൽ സമരം പിൻവലിച്ചു. പ്രസ്ഥാനത്തിന്റെ ഐക്യം നിലനിർത്തി.

ഈ പണിമുടക്ക് ആലപ്പുഴ തൊഴിലാളികൾക്കു വലിയൊരു രാഷ്ട്രീയ പാഠശാലയായി പരിണമിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ ഒത്തുതീർപ്പു രാഷ്ട്രീയത്തേയും മുതലാളി പക്ഷപാതിത്വത്തെയും അവർ തിരിച്ചറിഞ്ഞു. പഴയ മാനേജിംഗ് കമ്മിറ്റി നേതാക്കൾ പുറംതള്ളപ്പെട്ടു. ആർ. സുഗതനെ പോലുള്ളവരാകട്ടെ സമരകാലത്തെടുത്ത നിലപാടുകൾ തിരസ്കരിച്ച് ഇടത്തോട്ടു നീങ്ങി. സമുദായത്തിലെ മുതലാളിമാരോടൊപ്പം നിന്ന എസ്എൻഡിപിയേയും തൊഴിലാളികൾ തള്ളിപ്പറഞ്ഞു. എല്ലാറ്റിലുമുപരി ഇടതുപക്ഷ രാഷ്ട്രീയ നിലപാട് ആലപ്പുഴ തൊഴിലാളികളുടെ മുഖമുദ്രയായി ത്തീർന്നു.

രണ്ടാംലോക യുദ്ധവും 
പുതിയ ട്രേഡ് യൂണിയൻ നയവും
രണ്ടാംലോക യുദ്ധത്തെ തുടർന്നു കയർ കയറ്റുമതി സ്തംഭിച്ചു. യുദ്ധകാല ഓർഡറുകൾ തിടുക്കത്തിൽ പൂർത്തീകരിക്കാൻ ഒട്ടേറെ താൽക്കാലിക ജോലിക്കാരെ നിയമിക്കേണ്ടിവന്നു. ഇതുമൂലം സ്ഥിരം തൊഴിലാളികളുടെ പണി കുറഞ്ഞു. വിലക്കയറ്റം രൂക്ഷമായി. ഭക്ഷണക്രമത്തിൽ കപ്പയുടേയും പിണ്ണാക്കിന്റെയും പ്രാധാന്യമേറി. നാട്ടിൻപുറത്തു ക്ഷാമ സമാനമായ സ്ഥിതിവിശേഷം സംജാതമായി.

പി കൃഷ്ണപിള്ള

സോവിയറ്റ് യൂണിയൻ യുദ്ധത്തിൽ ചേർന്നതിനുശേഷമുള്ള ജനകീയ യുദ്ധകാലത്ത് യുദ്ധാവശ്യങ്ങൾക്കുള്ള “ഉല്പാദന വർദ്ധന നയം” ആലപ്പുഴയിൽ വലിയ അസംതൃപ്തി സൃഷ്ടിച്ചില്ല. ഉല്പാദന വർദ്ധന നയം യാന്ത്രികമായി നടപ്പാക്കുന്നതിനു പകരം ലാഭക്കൊതിയന്മാരായ മുതലാളിമാരെ തുറന്നുകാട്ടുന്നതിനും തൊഴിലാളി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി 1938-ലെ സമരത്തിന്റെ ഫലമായി ആലപ്പുഴയിൽ രൂപംകൊണ്ട അനുരഞ്ജന സംവിധാനങ്ങളെയും ബഹുജന സമ്മർദ്ദ തന്ത്രങ്ങളേയും യൂണിയൻ ഫലപ്രദമായി ഉപയോഗപ്പെടുത്തി. യുദ്ധകാലത്തുപോലും കൂലി പലതവണ പുതുക്കി.

എ കെ ഗേപാലൻ
ആർ സുഗതൻ

യൂണിയൻ സംഘടന ശക്തിപ്പെട്ടു. എല്ലാ ഫാക്ടറികളിലും ഫാക്ടറി കമ്മിറ്റികളും വലിയ ഫാക്ടറികളിൽ ഡിപ്പാർട്ട്മെന്റൽ കമ്മിറ്റികളും രൂപീകരിക്കപ്പെട്ടു. തൊഴിലാളികളുടെ വമ്പിച്ച രാഷ്ട്രീയവല്കരണത്തിന്റെ കാലമായിരുന്നു 1940-കൾ. 1938-ലെ സമരകാലത്തു രൂപംകൊണ്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി യൂണിറ്റുകൾ കമ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങളായി. റാഡിക്കൽ ഗ്രൂപ്പിലെ അംഗങ്ങളിൽ നല്ലൊരു വിഭാഗം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. യൂണിയൻ അംഗത്വം 1939-ൽ 8,309 ആയിരുന്നത് 1945-–46-ൽ 18,549 ആയി ഉയർന്നു. (ചേർത്തല, – മുഹമ്മ,- അരൂർ യൂണിയനുകളുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല)

തൊഴിലാളി വർഗ 
വിപ്ലവ സംസ്കാരത്തിന്റെ വളർച്ച
ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തിന്റെ സവിശേഷത സാംസ്കാരിക പ്രവർത്തനങ്ങൾക്കു നല്കിയ പ്രാധാന്യമാണ്. തൊഴിലാളികളെ രാഷ്ട്രീയവല്കരിക്കുന്നതിനും പ്രക്ഷോഭകാരികളാക്കുന്നതിനും നിസ്തുലമായ പങ്കുവഹിച്ചിട്ടുള്ള മൂന്ന് സ്ഥാപനങ്ങളുണ്ട്. ഒന്നാമത്തേത്, 1924 മുതൽ 1938 വരെ പ്രസിദ്ധീകരിച്ചിരുന്ന തൊഴിലാളി വാരികയാണ്. രണ്ടാമത്തേത്, യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടത്തിയിരുന്ന വായനശാലകളും നിശാപാഠശാലകളുമായിരുന്നു. മൂന്നാമത്തേത്, പഠന കലാ കേന്ദ്രങ്ങളാണ്. ഈ കേന്ദ്രത്തിലെ 40-ൽപ്പരം കലാപ്രവർത്തകർ നാടകം, നൃത്തം, പാട്ട് എന്നിവ ആലപ്പുഴയിലെ യോഗങ്ങളിൽ മാത്രമല്ല കണ്ണൂരും മദിരാശിയിലുമെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. ഇതേപോലെ മറ്റൊരു കേന്ദ്രം കൊമ്മാടി പാലത്തിനു സമീപവും പ്രവർത്തിക്കുന്നുണ്ടായിരുന്നു.

ആലപ്പുഴ തൊഴിലാളികൾ സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യത്തിന് ഉടമകളായിരുന്നു. ഈഴവ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന പുതിയ മലയാള സാഹിത്യം അവരിൽ വളരെയധികം സ്വാധീനം ചെലുത്തി. മരണവീടുകളിൽ പുരാണ പാരായണത്തിനു പകരം വീണപൂവും പ്രരോദനവുമെല്ലാം പാരായണം ചെയ്യുന്ന സമ്പ്രദായത്തിന് ഇവർ തുടക്കംകുറിച്ചു. ഇത്തരം പാരമ്പര്യങ്ങൾ യൂണിയൻ പൊതുയോഗങ്ങളിലെ കവിത ചൊല്ലലായും പ്രകടനങ്ങളിലെ പടപ്പാട്ടുകളായും തുടർന്നു. കാട്ടൂർ ജോസഫും കൂട്ടരും പുലർച്ചെ ആലപ്പുഴയിലേക്കു ജോലിക്കു പോവുക പടപ്പാട്ടുകളുടെ പ്രഭാതഭേരിയോടെയായിരുന്നു.

പി കേശവദേവ്

തൊഴിലാളികളുടെ ഇടയിൽനിന്നു കവികളും കഥാകൃത്തുകളും ഉയർന്നുവന്നു. അവരുടെ കൃതികൾ തൊഴിലാളി പത്രത്തിലൂടെ വെളിച്ചംകണ്ടു. ഇത്തരം കവിതകൾ സമാഹാരങ്ങളായി അച്ചടിച്ചു പാടി നടന്നു വില്ക്കുക പതിവായിരുന്നു.

പുതിയ സാഹിത്യ പ്രവണതകൾക്കു മുന്നിൽ നിന്നത് കേശവദേവും കെടാമംഗലം പപ്പുക്കുട്ടിയുമായിരുന്നു. കെടാമംഗലത്തിന്റെ ‘പ്രഥമ കവിതാസമാഹാരമായ’ ആശ്വാസ നിശ്വാസം പ്രസിദ്ധീകരിച്ചത് ആലപ്പുഴ ട്രേഡ് യൂണിയൻ പ്രവർത്തകരായിരുന്നു. 1935-ലെ വാർഷികത്തിൽ ആലപ്പുഴ തൊഴിലാളികൾ കെടാമംഗലത്തിനു സുവർണ്ണമുദ്ര സമ്മാനിച്ച് തൊഴിലാളിവർഗ കവിയായി ആദരിച്ചു. ഈ പുതിയ സാഹിത്യവും കലയും സൃഷ്ടിച്ച സാംസ്കാരിക അന്തരീക്ഷത്തിലാണ് ആലപ്പുഴ തൊഴിലാളിയുടെയും വർഗബോധം ഉരുത്തിരിഞ്ഞു വന്നത്.

കെടാമംഗലം പപ്പുക്കുട്ടി
സി കേശവൻ

ഇതോടൊപ്പം എടുത്തു പറയേണ്ടുന്ന ഒരു മാറ്റമാണ് വിപ്ലവ രാഷ്ട്രീയം തൊഴിലാളികളുടെ വീടുകളിലേക്കു കടന്നുചെന്നത്. യൂണിയനുള്ളിൽ സ്ത്രീ തൊഴിലാളികളെ പ്രത്യേകമായി സംഘടിപ്പിക്കാൻ തുടങ്ങി. 1944–45-ൽ 30 സ്ത്രീകൾവരെയുള്ള ഫാക്ടറി കമ്മിറ്റികൾ ഉണ്ടായിരുന്നു. 794 ഫാക്ടറി കമ്മിറ്റി അംഗങ്ങളിൽ 125 പേർ സ്ത്രീകളായിരുന്നു. യൂണിയൻ വാർഷികങ്ങൾക്കൊപ്പം മഹിളാ സമ്മേളനങ്ങളും നടത്തുക പതിവായി. ഇത്തരമൊരു യോഗത്തിലാണ് 1944-ൽ അമ്പലപ്പുഴ താലൂക്ക് മഹിളാസംഘം രൂപീകരിക്കപ്പെട്ടത്. തൊഴിലാളി സ്ത്രീകളെ മാത്രമല്ല മറ്റു സ്ത്രീകളെയും സ്ത്രീകളുടെ സവിശേഷമായ പൊതുപ്രശ്നങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുകയായിരുന്നു ഈ മഹിളാ സംഘത്തിന്റെ ലക്ഷ്യം.

നാട്ടിൻപുറത്തെ 
ജനസാമാന്യത്തിനുമേൽ 
തൊഴിലാളിവർഗ അധീശത്വം
ആലപ്പുഴ തൊഴിലാളികൾക്കു നാട്ടിൻപുറങ്ങളിലെ മറ്റെല്ലാ വിഭാഗങ്ങളെയും തങ്ങളോടൊപ്പം അണിനിരത്താൻ കഴിഞ്ഞു. ഇതും വളരെ പ്രധാനപ്പെട്ട സംഭവവികാസമായിരുന്നു. തൊഴിലാളിവര്‍ഗത്തിന് ആലപ്പുഴയിലെ ഇതര കീഴാള വര്‍ഗങ്ങളുടെമേല്‍ അധീശത്വം സ്ഥാപിക്കാന്‍ എങ്ങനെ കഴിഞ്ഞു?

നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളുടെ തൊഴില്‍ സംഘടനകള്‍ കെട്ടിയുയര്‍ത്തുന്നതിന് നേതൃത്വം നല്കിയത് കയർ മേഖലയിലെ ഉശിരന്മാരായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായിരുന്നു. മത്സ്യത്തൊഴിലാളികള്‍, മരപ്പണിക്കാര്‍, കയറുപിരിക്കാര്‍, തെങ്ങുകയറ്റക്കാര്‍, ചെത്തുതൊഴിലാളികള്‍ എന്നിവരുടെയെല്ലാം പ്രത്യേക യൂണിയനുകള്‍ വളര്‍ത്തിയെടുത്തത് അവരായിരുന്നു. ഇതിലവര്‍ പ്രകടിപ്പിച്ച ഉത്സാഹവും ത്യാഗമനോഭാവവും കയര്‍ത്തൊഴിലാളികളെ ഗ്രാമീണ ജനതയുടെ നേതാക്കളാക്കി.

ഗ്രാമീണ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരം ചെയ്യുന്നതിനും കയര്‍ത്തൊഴിലാളികള്‍ തയ്യാറായി. നാട്ടിന്‍പുറത്തെ തൊഴിലില്ലാത്തവര്‍ക്ക് പൊതുമരാമത്ത് റിലീഫ് പണികള്‍ നടത്തുന്നതിനും റേഷന്‍ വിതരണത്തിലെ അപാകതകള്‍ നീക്കുന്നതിനും വേണ്ടി തൊഴിലാളികള്‍ പണിമുടക്കടക്കമുള്ള – പ്രത്യക്ഷസമരങ്ങള്‍ – സംഘടിപ്പിച്ചു. ക്ഷാമനിവാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

ചുരുക്കത്തില്‍ ഗ്രാമീണ ജനങ്ങള്‍ കയര്‍ തൊഴിലാളികളെ അവരുടെ വിമോചകരും നേതാക്കളുമായി വീക്ഷിക്കാന്‍ തുടങ്ങി. ഗ്രാമപ്രദേശത്തെ കുടുംബപരവും സ്വത്തുസംബന്ധവും എന്നുവേണ്ട ഒട്ടെല്ലാ സാമൂഹ്യതര്‍ക്കങ്ങള്‍ക്കും തീര്‍പ്പുകല്പിക്കുന്ന ആര്‍ബിട്രേഷന്‍വേദിയായി ട്രേഡ് യൂണിയന്‍ കമ്മിറ്റികള്‍ നാല്പതുകളില്‍ രൂപാന്തരപ്പെട്ടു.

പുന്നപ്ര വയലാർ സമരത്തിലേക്ക് –
സമരത്തിന്റെ തന്ത്രം

കുമ്പളത്ത് ശങ്കുപ്പിള്ള
പി ടി പുന്നൂസ്
അക്കമ്മ ചെറിയാൻ

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തിരുവിതാംകൂറിൽ സങ്കീർണ്ണമായ ഒരു രാഷ്ട്രീയ സാഹചര്യമാണു രൂപംകൊണ്ടത്. ഉത്തരവാദിത്വഭരണത്തിനു പകരം ഇന്ത്യൻ യൂണിയനിൽ നിന്നു സ്വതന്ത്രമായി അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം ദിവാൻ മുന്നോട്ടുവച്ചു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. 1938-ലെപോലെ ഒരു ദേശീയപ്രക്ഷോഭത്തിനു തിരുവിതാംകൂറിൽ കളമൊരുങ്ങി.

1946 ആഗസ്റ്റ് ആയപ്പോഴേക്കും കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ അവിടെവിടെയായി പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയിരുന്ന ഭാഗിക സായുധസമരങ്ങളെ കൂട്ടിയോജിപ്പിച്ച് രാഷ്ട്രീയ അധികാരത്തിനുവേണ്ടിയുള്ള മുന്നേറ്റമാക്കി മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുന്നപ്ര- വയലാർ സമരം രൂപംകൊണ്ടത്.

ടി വി തോമസ്
എം ടി ചന്ദ്രസേനൻ
കെ സി ജോർജ്

ആലപ്പുഴ ഗ്രാമപ്രദേശങ്ങളില്‍ മൂര്‍ച്ഛിച്ചുകൊണ്ടിരുന്ന വര്‍ഗ്ഗസംഘര്‍ഷങ്ങളെയും ജനങ്ങളുടെ സ്വയം പ്രതിരോധസന്നാഹങ്ങളെയും 1946-ലെ പുതിയ രാഷ്ട്രീയ ലൈനിനനുസൃതമായി ദിവാന്‍ ഭരണത്തിനെതിരായുള്ള അവസാന കടന്നാക്രമണ യുദ്ധവുമായി ബന്ധപ്പെടുത്തുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടി പദ്ധതി തയ്യാറാക്കി. ദിവാന്‍ സ്വപ്നം കണ്ട സ്വതന്ത്ര തിരുവിതാംകൂര്‍ ഭരണഘടനയില്‍നിന്നും സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ച ഒത്തുതീര്‍പ്പ് ചാഞ്ചാട്ടങ്ങളില്‍ നിന്നും വേറിട്ട് ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പാര്‍ട്ടി മുന്നിട്ടിറങ്ങി. 1938-ലെ പോലെ ദേശവ്യാപകമായ ഒരു പ്രക്ഷോഭം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ 1938-ല്‍ നിന്ന് വ്യത്യസ്തമായി ദേശവ്യാപകമായ ഒരു പൊതു പണിമുടക്കിലൂടെ തൊഴിലാളികളായിരിക്കും ഈ സമരത്തെ നയിക്കുക. അതുകൊണ്ടാണ് ഈ പ്രക്ഷോഭത്തിന് “1938-ന്റെ പുതിയ പതിപ്പ്” എന്ന് ഇഎംഎസ് നാമകരണം ചെയ്തത്.

സ്റ്റേറ്റ് കോൺഗ്രസ് 
പ്രക്ഷോഭത്തിന്റെ സാധ്യത
തിരഞ്ഞെടുക്കപ്പെട്ട നിയമസഭയോട് ഉത്തരവാദിത്വമുള്ള എക്സിക്യുട്ടീവിനു പകരം അമേരിക്കയിലെപോലെ നിയമസഭയിൽ നിന്നും സ്വതന്ത്രമായ എക്സിക്യുട്ടീവിനെ വ്യവസ്ഥാപിതമാക്കുന്ന ഭരണഘടന, ദിവാൻ മുന്നോട്ടുവച്ചു. അതനുസരിച്ച് ദിവാൻ ആയിരിക്കും ഈ എക്സിക്യുട്ടീവ്. സ്വാഭാവികമായും ഇന്ത്യയിൽ വിഭാവനം ചെയ്തിരുന്ന ജനാധിപത്യ വ്യവസ്ഥയിൽ നിന്നു വ്യത്യസ്തമായ ഈ ഭരണകൂടം രൂപീകൃതമാകണമെങ്കിൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ നിന്നും സ്വതന്ത്രമായേ തീരൂ. ഈ സ്വതന്ത്ര തിരുവിതാംകൂർ നിലപാടിനെതിരെ തിരുവിതാംകൂറിലെ ദേശീയപ്രസ്ഥാനം ആഞ്ഞടിക്കുമെന്നാണല്ലോ പ്രതീക്ഷിക്കേണ്ടത്. എന്നാൽ പട്ടം താണുപിള്ള, ടി എം വർഗീസ് പ്രഭൃതികൾക്കു പുതിയ ഭരണഘടന ഒന്നു പരീക്ഷിച്ചുനോക്കിയാലെന്ത് എന്ന ചിന്തയായിരുന്നു. സി. കേശവൻ, കുമ്പളത്ത് ശങ്കുപ്പിള്ള തുടങ്ങിയവർ അമേരിക്കൻ മോഡൽ ഭരണഘടനയ്ക്കെതിരെ ഉറച്ചനിലപാട് സ്വീകരിച്ചു.

രണ്ടാമതു പറഞ്ഞ പുരോഗമനപക്ഷത്തിനു സ്റ്റേറ്റ് കോൺഗ്രസിനെയാകെ 1938-ലെ പോലെ സമരത്തിലേക്കു കൊണ്ടുവരാനാകുമെന്ന ഉറച്ചവിശ്വാസം ഉണ്ടായിരുന്നു. സി. കേശവൻ നടത്തിയ പരസ്യപ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: “അടുത്ത വർക്കിംഗ് കമ്മിറ്റിയിൽ സമരത്തിനുള്ള തീരുമാനം എടുക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എന്നാൽ നിങ്ങളോട് ഒരു കാര്യം ഞാൻ പറയാം (നെഞ്ചിൽ കൈവച്ചുകൊണ്ട്). സ്റ്റേറ്റ് കോൺഗ്രസ് ഈ അവസരത്തിൽ സമരം തുടങ്ങാൻ തീരുമാനിച്ചാലും ഇല്ലെങ്കിലും ശരി ഞാനും കുമ്പളവും സമരരംഗത്തുണ്ടാകും. ഈ രാജ്യത്തിലെ 75 ശതമാനം യുവജനങ്ങളും നമ്മുടെകൂടെ ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

പട്ടം പ്രഭൃതികൾ സമരത്തിന് ഇറങ്ങിയില്ലെങ്കിലും സമരത്തിനു തിരികൊളുത്തി കഴിഞ്ഞാൽ അതു തിരുവിതാംകൂറിലാകെ പടർന്നുപിടിക്കുമെന്ന ഉറച്ചവിശ്വാസമാണ് സി. കേശവന്റെയും മറ്റും പ്രസ്താവനകളിൽ പ്രതിഫലിച്ചിരുന്നത്.

തിരുവിതാംകൂർ പൊതുപണിമുടക്ക്
സമരത്തെ നേരിടാൻ കൊല്ലം, പുനലൂർ, ആലപ്പുഴ, കോട്ടയം, ആലുവ എന്നിവിടങ്ങളിൽ ദിവാൻ പട്ടാളത്തെയും പൊലീസിനെയും സജ്ജരാക്കി. തിരുവിതാംകൂർ ഒട്ടാകെ ഘോഷയാത്രകളും പണിമുടക്ക് യോഗങ്ങളും നിരോധിച്ചു. പി.ടി. പുന്നൂസ്, അക്കാമ്മ ചെറിയാൻ തുടങ്ങിയ പല നേതാക്കളെയും അറസ്റ്റ് ചെയ്തു. സമരവാർത്തകളൊന്നും പത്രങ്ങളിൽ അച്ചടിക്കരുതെന്നു ദിവാൻ നിർദ്ദേശിച്ചു.

രാജ്യത്തെ സ്ഥിതിവിശേഷത്തെക്കുറിച്ച് ആലോചിക്കുന്നതിന് 1946 സെപ്തംബർ 1-ന് കൊല്ലത്തുവച്ചും സെപ്തംബർ 9-ന് ആലപ്പുഴവച്ചും അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ വർക്കിംഗ് കമ്മിറ്റി ചേർന്നു. സർക്കാരിനു നിവേദനം നൽകുന്നതിനും ദിവാൻ വിളിച്ച ത്രികക്ഷി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും തീരുമാനിച്ചു. മർദ്ദനങ്ങൾക്കെതിരെ 1946 സെപ്തംബർ 15-ന് തിരുവിതാംകൂറിലെ മുഴുവൻ തൊഴിലാളികളും ഒരുദിവസ പണിമുടക്ക് നടത്തി.

സെപ്തംബർ 24-ാം തീയതി ആലപ്പുഴയിൽ വീണ്ടും ട്രേഡ് യൂണിയൻ സമ്മേളനം ചേർന്നു. 55 യൂണിയനുകളെ പ്രതിനിധീകരിച്ച് 83 പ്രതിനിധികൾ പങ്കെടുത്തു. ഈ പ്രതിനിധി സമ്മേളനം ചർച്ചകൾക്കുശേഷം പൊതുപണിമുടക്കിന്റെ അനിവാര്യത അംഗീകരിച്ചു. എന്നാൽ സി. കേശവന്റെ അഭ്യർത്ഥന പരിഗണിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം കഴിഞ്ഞ് ഒക്ടോബർ 11-നു ശേഷമേ പണിമുടക്ക് പ്രഖ്യാപനം നടത്തുകയുള്ളൂവെന്നു ധാരണയായി. പണിമുടക്കിന്റെ ദിവസം തീരുമാനിക്കുന്നതിന് ഒരു ആക്ഷൻകൗൺസിലിനും രൂപം നൽകി.

എൻ പി തണ്ടാർ
സി കെ കുമാരപ്പണിക്കർ
പി കെ ചന്ദ്രാനന്ദൻ

ഒക്ടോബർ ആദ്യം സിപി വിളിച്ചുകൂട്ടിയ ത്രികക്ഷി സമ്മേളനത്തിൽ ലാഭം ഉണ്ടെങ്കിലും ഇല്ലെങ്കിലും 4 ശതമാനം ബോണസ് നൽകണമെന്ന ആവശ്യം അംഗീകരിച്ചു. എന്നാൽ ഉത്തരവാദിത്ത ഭരണത്തെക്കുറിച്ച് ഒരുറപ്പും നൽകാൻ ദിവാൻ തയ്യാറായിരുന്നില്ല. അതിനുവേണ്ടി ശഠിച്ച ടി.വി. തോമസും ശ്രീകണ്ഠൻനായരും അടങ്ങുന്ന പ്രതിനിധി സംഘത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കെ.കെ. കുഞ്ഞൻ പറഞ്ഞതുപോലെ “അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം അംഗീകരിച്ച് കീഴടങ്ങുക. അല്ലെങ്കിൽ എന്തുവിലയും കൊടുത്ത് ഇതിനെതിരെ പോരാടുക. എന്നീ രണ്ടു മാർഗങ്ങളാണ് തൊഴിലാളികളുടെയും മറ്റു പുരോഗമനവാദികളുടെയും മുന്നിൽ അവശേഷിച്ചത്.” തൊഴിലാളികൾ സമരത്തിന്റെ മാർഗം തെരഞ്ഞെടുത്തു. ആക്ഷൻകൗൺസിൽ ഒക്ടോബർ 22-ന് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു.

സമരത്തിന്റെ സംഘടന
അതിവേഗത്തിൽ പണിമുടക്കിന്റെയും സമരത്തിന്റെയും സംഘടന ആലപ്പുഴയിൽ രൂപീകരിക്കപ്പെട്ടു. ഫാക്ടറി കമ്മിറ്റികളെല്ലാം യോഗം ചേർന്നു. പണിമുടക്കിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.

പുന്നപ്ര- വയലാർ സമരത്തിനു നേതൃത്വം നൽകിയത് 54 വാർഡുകളിലായി രൂപീകരിക്കപ്പെട്ട ട്രേഡ് കൗൺസിലുകളാണ്. ആ പ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ ട്രേഡ് യൂണിയനുകളുടെയും പൊതുസമരവേദിയായിരുന്നു ട്രേഡ് കൗൺസിൽ, വിപ്ലവ റഷ്യയിലെ സോവിയറ്റുകളെപ്പോലെ. ഇതിനുപുറമേ സമര വോളന്റിയർമാരുടെ ക്യാമ്പുകളും ഉണ്ടായിരുന്നു.

സി ജി സദാശിവൻ
കെ വി പത്രോസ്
കെ ദാസ്

ഈ ക്യാമ്പുകൾ, പ്രത്യേകിച്ചു ചേർത്തല താലൂക്കിലെ ക്യാമ്പുകൾ, ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി സ്വയം ഉയർന്നുവന്നവയാണ്. നാട്ടിൻപുറത്ത് കർഷകത്തൊഴിലാളികൾക്കും യൂണിയൻ പ്രവർത്തകർക്കുമെതിരെ ജന്മിമാരും ഗുണ്ടകളും പിന്നീട് പൊലീസും ചേർന്നു നടത്തിയ ക്രൂരമർദ്ദനങ്ങളിൽനിന്നു രക്ഷനേടുന്നതിനു പാവപ്പെട്ടവർ ഒന്നിച്ചുചേർന്നു താമസിക്കാൻ തുടങ്ങിയതാണ് ക്യാമ്പുകളായി രൂപപ്പെട്ടത്. ഈ ക്യാമ്പുകളെ പിന്നീട് ഒരു സമരസംഘടനാ രൂപമായി അംഗീകരിച്ച് വ്യാപിപ്പിച്ചു. പ്രധാന ക്യാമ്പുകളിൽ ആളുകളുടെ എണ്ണം പരിധിവിട്ട് ഉയർന്നപ്പോൾ പലയിടങ്ങളിലും ഉപക്യാമ്പുകളും രൂപംകൊണ്ടു.

ക്യാമ്പുകളിൽ വാരിക്കുന്തങ്ങൾ തയ്യാറാക്കി. വെടിവയ്ക്കുന്ന പൊലീസിനടുത്തേക്ക് നിലത്ത് കമിഴ്ന്നുകിടന്ന് ഇഴഞ്ഞുനീങ്ങി എത്തുന്നതിനും കുന്തം ഉപയോഗിക്കുന്നതിനും പരിശീലനം നൽകി. ബയണറ്റ് ചാർജ്ജിൽ നിന്നും ഒഴിഞ്ഞുമാറി പട്ടാളക്കാരനെ മറിച്ചിടാനുള്ള പരിശീലനവും നൽകി. എക്സ് സർവ്വീസുകാരായിരുന്നു പരിശീലകർ. തീവ്രമായ രാഷ്ട്രീയവിദ്യാഭ്യാസവും ക്യാമ്പിന്റെ ദിനചര്യ ആയിരുന്നു. എം.ടി. ചന്ദ്രസേനന് ആയിരുന്നു രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ ചുമതല.

സി കെ കരുണാകരപ്പണിക്കർ
കെ കെ കുഞ്ഞൻ
പി ജി പത്മനാഭൻ

സമരത്തിനാകെ നേതൃത്വം നൽകാൻ കെ.വി. പത്രോസ്, കെ.സി. ജോർജ്, പി.ജി. പത്മനാഭൻ, സി.ജി. സദാശിവൻ, കെ.കെ. കുഞ്ഞൻ എന്നിവരുടെ കേന്ദ്ര ആക്ഷൻകൗൺസിൽ രൂപീകരിച്ചു. ഈ കൗൺസിൽ ആര്യാട് ഒളിവു കേന്ദ്രത്തിലാണു പ്രവർത്തിച്ചിരുന്നത്. ഇതിനു പുറമേ മാരാരിക്കുളം പ്രദേശത്തിനുവേണ്ടി മുഹമ്മ ആസ്ഥാനമാക്കി കുമാരപ്പണിക്കരുടെയും എൻ.കെ. അയ്യപ്പന്റെയും നേതൃത്വത്തിൽ ഒരു ആക്ഷൻകൗൺസിലും, വയലാർ മേഖലയ്ക്കുവേണ്ടി സി.കെ. കരുണാകരപ്പണിക്കർ, എൻ.പി. തണ്ടാർ, കെ.ആർ. സുകുമാരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മറ്റൊരു ആക്ഷൻ കൗൺസിലുംകൂടി നിലവിലുണ്ടായിരുന്നു. വിവിധ ക്യാമ്പുകളെയും കേന്ദ്രങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള സന്ദേശസംവിധാനവും ശത്രുവിന്റെ നീക്കങ്ങളെ തടയാനുള്ള സെൻട്രികളും ഉണ്ടായിരുന്നു.

പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണം
പുന്നപ്ര ക്യാമ്പിന്റെ നായകൻ പി കെ ചന്ദ്രാനന്ദൻ ആയിരുന്നു. പുന്നപ്രയിൽ മത്സ്യത്തൊഴിലാളികളും അവിടുത്തെ പ്രമാണിമാരും തമ്മിലുള്ള സംഘർഷങ്ങൾ ബലപ്രയോഗത്തിലും തീവയ്പിലും എത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഒരു പുതിയ പൊലീസ് ക്യാമ്പ് തീരപ്രദേശത്ത് സ്ഥാപിച്ചു. ഈ ക്യാമ്പ് ഒറ്റപ്പെട്ടു കിടക്കുന്നതായതുകൊണ്ടും സമരത്തിനു ജനങ്ങളുടെ പൂർണപിന്തുണ ഉണ്ടാകുമെന്ന് ഉറപ്പുള്ളതുകൊണ്ടും ഈ ക്യാമ്പ് ആക്രമിച്ച് പൊലീസിനെ കീഴ്പ്പെടുത്തി തോക്കുകൾ പിടിച്ചെടുക്കുന്നതിന് ആക്ഷൻകൗൺസിൽ തീരുമാനിച്ചു.

തീരുമാനപ്രകാരം ഒക്ടോബർ 24-ന് മൂന്ന് പ്രകടനങ്ങളാണ് പൊലീസ് ക്യാമ്പ് ആക്രമിക്കുന്നതിനായി നീങ്ങിയത്. സിഗ്നലിംഗിന്റെ അടിസ്ഥാനത്തിൽ ഏകോപിച്ചായിരുന്നു നീക്കം. ഈ പ്രകടനങ്ങൾ നീങ്ങുന്ന വേളയിൽതന്നെ എക്സ് സർവ്വീസുകാരുടെ നാലാമതൊരു സംഘം മെയിൻ റോഡിലൂടെ വടക്കോട്ട് പട്ടണത്തിലേക്കു നീങ്ങുന്നുണ്ടായിരുന്നു. പട്ടണത്തിൽ നിന്നു പുന്നപ്ര ക്യാമ്പിലുള്ളവരെ സഹായിക്കാൻ നടത്തിയേക്കാവുന്ന പട്ടാള നീക്കത്തെ തടയുകയായിരുന്നു ലക്ഷ്യം. പട്ടാളവുമായി ഏറ്റുമുട്ടലിൽ തിരുവമ്പാടിയിൽ 2 പേർ കൊല്ലപ്പെട്ടു. തുടർന്നു പട്ടാളം പിൻവാങ്ങി. ഈ മാർഗതടസ്സം ഉണ്ടായിരുന്നില്ലെങ്കിൽ പുന്നപ്രയിലെ ആൾനാശം വളരെ വലുതാകുമായിരുന്നു.

പൊലീസ് ക്യാമ്പ് ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ പുന്നപ്രയിൽ മരണസംഖ്യ ചെറുതായിരുന്നു. എന്നാൽ വെടിയുണ്ട തീർന്നപ്പോൾ പൊലീസ് വീടിനുള്ളിലേക്കു പിൻവാങ്ങി. ഇതു മനസ്സിലാക്കി വീടിനുള്ളിലേക്ക് ഇരച്ചുകയറാനുള്ള ശ്രമത്തിലാണ് കൂടുതൽ അപകടമുണ്ടായത്. വെടിയുണ്ട തീർന്നതു ശരിയായിരുന്നെങ്കിലും വീടിനുള്ളിൽ മറ്റൊരു പെട്ടി തിരയുണ്ടായിരുന്നു. ജനാലകൾ വഴി പൊലീസ് സമരക്കാർക്കു നേരെ വെടിയുതിർത്തു. ഇതു കനത്ത ആൾനാശമുണ്ടാക്കി. കുന്തംകൊണ്ട് വീടിനുള്ളിൽ മറഞ്ഞിരിക്കുന്നവരെ ആക്രമിക്കാനാകില്ലയെന്ന സ്ഥിതിയുണ്ടായപ്പോൾ കിട്ടിയ തോക്കുകളും പരിക്കേറ്റുകിടന്ന ഒട്ടേറെ പേരുമായി സമരയോദ്ധാക്കൾ പിൻവാങ്ങി. പൈതൃക പദ്ധതി ഡയറക്ടറി പ്രകാരം പുന്നപ്ര സമരത്തിൽ 35 പേർ രക്തസാക്ഷികളായി.

കാട്ടൂർ മാരാരിക്കുളം ഏറ്റുമുട്ടലുകൾ
മുഹമ്മ കയർ ഫാക്ടറി യൂണിയന്റെ അതിർത്തിയിൽപ്പെട്ട പ്രദേശങ്ങളായിരുന്നു സമരത്തിന്റെ മദ്ധ്യമേഖല. പുന്നപ്ര വെടിവയ്പിനെ ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാ വെടിവയ്പുകളും ക്യാമ്പുകളിലോ ക്യാമ്പുകൾക്കു സമീപമോ ആണ് ഉണ്ടായത്. പുന്നപ്രയിൽ പൊലീസ് താവളം സമരസേനാനികൾ കടന്നാക്രമിക്കുകയായിരുന്നു. ബാക്കിയെല്ലായിടത്തും പട്ടാള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നു.

പുന്നപ്രയിലെ ക്യാമ്പ് ആക്രമണം കഴിഞ്ഞാൽ മറ്റു ക്യാമ്പുകൾക്കുനേരെ പട്ടാളനീക്കം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതു തടയാൻ ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയ്ക്കുള്ള ഏതാണ്ട് എല്ലാ കലിങ്കുകളും പാലങ്ങളും പൊളിക്കപ്പെട്ടു. ഇതെല്ലാം നടന്നത് ഒക്ടോബർ 24–-ാം തീയതി തന്നെയാണ്. 25-–ാം തീയതി കാട്ടൂർ പ്രദേശത്തു പൊളിച്ച പാലങ്ങൾ സംബന്ധിച്ച് അന്വേഷിക്കാൻ റോന്തുചുറ്റിയ പട്ടാള സ്ക്വാഡിന്റെ വെടിയേറ്റ് കാട്ടൂർ ജോസഫ് ഉൾപ്പെടെ 2 പേർ രക്തസാക്ഷികളായി.

ആലപ്പുഴ – ചേർത്തല റൂട്ടിലെ മാരാരിക്കുളത്ത് ഉണ്ടായിരുന്ന പാലം പുനർനിർമ്മിച്ചതു മൂന്നാംവട്ടം പൊളിക്കാൻ സന്നദ്ധഭടന്മാർ വന്നപ്പോഴാണു മറഞ്ഞിരുന്ന പട്ടാളം ഒക്ടോബർ 26-നു വെടിവച്ചത്. 8 പേർ രക്തസാക്ഷികളായി എന്നതായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ പൈതൃക പദ്ധതി ഡയറക്ടറി പ്രകാരം 13 സമരഭടന്മാർ രക്തസാക്ഷികളായിട്ടുണ്ട്.

മേനാശ്ശേരി, ഒളതല, വയലാർ

കെ സി വേലായുധൻ, കെ കെ കമലാക്ഷി

പാലങ്ങൾ പൊളിഞ്ഞതു പട്ടാളനീക്കത്തെ തടസ്സപ്പെടുത്തിയെങ്കിലും 27–-ാം തീയതി പട്ടാളം ബോട്ട് മാർഗേണ വയലാർ പ്രദേശത്തിറങ്ങി. ഇവിടെയുള്ള ക്യാമ്പുകളെ വളഞ്ഞ് വെടിവയ്ക്കുകയായിരുന്നു ലക്ഷ്യം. ഇവിടുത്തെ ക്യാമ്പുകളിൽ സമീപപ്രദേശങ്ങളിൽ നിന്നെല്ലാം ഒട്ടേറെ കർഷകത്തൊഴിലാളികളും പാവപ്പെട്ടവരും സമരത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ എത്തിച്ചേർന്നിരുന്നു. സാധാരണഗതിയിൽ ക്യാമ്പിൽ ഉള്ളവരുടെ പേരുവിവരങ്ങൾ കൃത്യമായി സൂക്ഷിക്കുമായിരുന്നു. എന്നാൽ പുതിയതായി എത്തിച്ചേർന്നവരുടെ പേരുവിവരം കൃത്യമായി അറിയില്ല. അതുകൊണ്ട് ഇവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ചു വലിയ ആശയക്കുഴപ്പമുണ്ട്.

മൂന്ന് ക്യാമ്പുകളിലെയും കൊല്ലപ്പെട്ടവരുടെ എണ്ണം പരിശോധിക്കുമ്പോൾ ഒളതല ക്യാമ്പ് വയലാറിൽ നിന്നും മേനാശ്ശേരിയിൽ നിന്നും വളരെ വ്യത്യസ്തപ്പെട്ടു നിൽക്കുന്നതായി കാണാം. എൻ.പി. തണ്ടാർ ആയിരുന്നു ഇവിടുത്തെ ക്യാപ്റ്റൻ. ഒളതല ക്യാമ്പിനുചുറ്റും കിടങ്ങുകൾ കുഴിച്ച് പ്രതിരോധം തീർത്തിരുന്നു. പട്ടാളം വെടിവയ്പ് തുടങ്ങിയപ്പോൾ സമരസേനാനികളെല്ലാം കിടങ്ങിൽ സുരക്ഷിതരായി ഒളിച്ചു. തണ്ടാർ മാത്രം വലിയൊരു മാവിന്റെ മറവിൽനിന്ന് ഒരാളും തലപൊക്കരുത്, കിടങ്ങിനു പുറത്തുള്ളവർ നിലത്തു കമിഴ്ന്നുതന്നെ കിടക്കണമെന്നു വിളിച്ചു കൂവിക്കൊണ്ടിരുന്നു. ഈ ആഹ്വാനം കേൾക്കാതിരുന്നവർക്കാണു വെടിയേറ്റത്. നാലുമണിക്കൂർ നേരത്തെ വെടിവയ്പിനുശേഷം തിരകൾ തീർന്നപ്പോൾ പട്ടാളം പിൻവാങ്ങി. ഈ സന്ദർഭത്തിൽ സമരപോരാളികൾ അവരെ കടന്നാക്രമിച്ച് ഓടിക്കുകയാണുണ്ടായത്. ഒളതലയിൽ 15 പേർ രക്തസാക്ഷികളായിയെന്നാണു പൈതൃക പദ്ധതി ഡയറക്ടറിയുടെ മതിപ്പുകണക്ക്. 9 പോരാളികളുടെ വിവരങ്ങൾ ശേഖരിക്കാനായിട്ടുണ്ട്.

മേനാശ്ശേരിയിലും കിടങ്ങുകൾ കുഴിക്കുന്ന പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ പൂർത്തീകരിച്ചിരുന്നില്ല. ഇവിടെ ബോട്ടിൽ വന്നിറങ്ങിയ പട്ടാളം തോടിന്റെ ചിറയിലൂടെ ക്യാമ്പിലേക്ക് വെടിയുതിർത്തുകൊണ്ട് മാർച്ച് ചെയ്യുകയായിരുന്നു. അവരുമായി ഏറ്റുമുട്ടുന്നതിനു കുന്തവുമായി മുന്നേറിയപ്പോൾ സമരസേനാനികളിൽ വലിയ ആൾനാശമുണ്ടായി. ക്യാമ്പിനെ പൂർണ്ണമായും പട്ടാളം കീഴ്പ്പെടുത്തി. അവിടുത്തെ വടക്കേ അയ്യൻകാട് വീടിന്റെ അറയിൽ അഭയംപ്രാപിച്ചവരിൽ 2 പേരെ ഒഴികെ മുഴുവൻ പേരെയും പട്ടാളം വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 150 നും 200 നും ഇടയിൽവരുമെന്നാണു പൈതൃക പദ്ധതി ഡയറക്ടറിയുടെ മതിപ്പുകണക്ക്. 33 രക്തസാക്ഷികളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

വയലാറിൽ പട്ടാളം ഇറങ്ങിയപ്പോൾ ക്യാമ്പിൽ ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പായിരുന്നു. പട്ടാളത്തെ നേരിടുന്നതിനു മുന്നോട്ടുനീങ്ങിയ വോളന്റിയർമാർ വെടിയേറ്റു വീണു. കമിഴ്ന്നുവീണു മുന്നോട്ടു നീങ്ങിയ സമരഭന്മാർക്കുനേരെ ആദ്യം മുട്ടുകുത്തിയിരുന്നും പിന്നീട് കമിഴ്ന്നുകിടന്നും പട്ടാളം വെടിവച്ചു. യന്ത്രത്തോക്കുകളും ഉപയോഗിച്ചു. ഏറ്റവും കൂടുതൽ രക്തസാക്ഷികളായത് വയലാറിലാണ്. രക്ഷപ്പെടാൻ കുളത്തിൽ കിടന്നവരെപ്പോലും പട്ടാളം അവിടെ വെടിവച്ചുകൊന്നു.
പട്ടാളം ക്യാമ്പിൽ എത്തുംമുമ്പ് പിൻവാങ്ങിയവർക്കും തോട്ടിലെ പോളകളിൽ മറഞ്ഞിരുന്നു നീന്തി വെടിവയ്പു പ്രദേശത്തിനു പുറത്തു കടക്കാൻ കഴിഞ്ഞവർക്കുമേ രക്ഷപ്പെടാനായുള്ളൂ. മേനാശ്ശേരിയിലും വയലാറിലും പരിക്കേറ്റു കിടന്നിരുന്നവരെ പട്ടാളം തോക്കിന്റെ പാത്തികൊണ്ട് അടിച്ചും ബയണറ്റ് ചാർജ്ജ് ചെയ്തും കൊലപ്പെടുത്തുകയായിരുന്നു. 200-–250 പേർ ഇവിടെ രക്തസാക്ഷികളായിയെന്നാണു പൈതൃക പദ്ധതി ഡയറക്ടറിയുടെ മതിപ്പുകണക്ക്. 68 പേരുടെ പേരുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പാളിച്ചകൾ എവിടെ?
എന്നാൽ പ്രതീക്ഷിച്ചതുപോലെ അല്ല കാര്യങ്ങൾ നീങ്ങിയതെന്നു വ്യക്തം. ആലപ്പുഴയിലെ പ്രസ്ഥാനത്തെ വളഞ്ഞിട്ട് ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനു തിരുവിതാംകൂർ പട്ടാളത്തിനു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനകാരണം തൊഴിലാളികൾക്കു നൽകിയ ഉറപ്പ് സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ പാലിക്കാൻ തയ്യാറായില്ലായെന്നതാണ്. സമരത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്ന വേളയിലും ഔപചാരികമായ പ്രഖ്യാപനം അവസാനനിമിഷംവരെ വച്ചുതാമസിപ്പിച്ചത് സ്റ്റേറ്റ് കോൺഗ്രസ് നേതക്കളിൽ ഒരു ശക്തമായ വിഭാഗത്തിന്റെ അഭ്യർത്ഥനമൂലമാണ്. അതിനുള്ളിൽ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ആരംഭിക്കുമെന്ന ഉറപ്പാണ് അവർ നൽകിയത്. എന്നാൽ സമരത്തെ വഞ്ചിച്ചുകൊണ്ട് അവരെല്ലാവരും പിൻവാങ്ങി.

അതുപോലെതന്നെ അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കൗൺസിലാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. എന്നാൽ അതിന്റെ നേതാക്കളിൽ ശ്രീകണ്ഠൻ നായരെപ്പോലെയുള്ളവർ കൊല്ലം മേഖലയിൽ പണിമുടക്കിനു നേതൃത്വം നൽകാൻ വിസമ്മതിച്ചു. ആലപ്പുഴയിലെ തൊഴിലാളികൾ ഒറ്റപ്പെട്ടു.

പുന്നപ്ര- വയലാർ സമര പോരാളികളുടെ സൈനിക അടവുകളും പരിശോധിക്കേണ്ടതുണ്ട്. ഗറില്ലാ യുദ്ധതന്ത്രങ്ങൾ സ്വീകരിക്കാതിരുന്നതിനെക്കുറിച്ച് വിമർശനപരമായി തെലങ്കാന സഖാക്കൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെ.വി. പത്രോസ് അടക്കമുള്ള തിരുവിതാംകൂറിൽ നിന്നുള്ള ഒരു ചെറുസംഘം രണ്ടാംലോക യുദ്ധ കാലത്ത് പൂനെയിൽ സൈനിക പരിശീലനം നേടിയിരുന്നു. എക്സ് സർവ്വീസുകാരുടെ സേവനം വ്യാപകമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

എന്നാൽ പുന്നപ്ര കടന്നാക്രമണത്തിലെ അപ്രതീക്ഷിതമായ ആൾനാശവും പട്ടാളനീക്കങ്ങളും പരിഭ്രാന്തി സൃഷ്ടിച്ചുവെന്നുവേണം കരുതാൻ. പിടിച്ചെടുത്ത തോക്കുകൾ ഉപയോഗപ്പെടുത്തുന്നതിന് ആയില്ല. പുന്നപ്ര ഏറ്റുമുട്ടലിനുശഷം ക്യാമ്പുകൾ പിരിച്ചുവിടുന്നതിന് ആക്ഷൻ കൗൺസിൽ തീരുമാനിച്ചെങ്കിലും അറിയിപ്പ് തക്കസമയത്ത് ചേർത്തലയിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. മുകളിൽ നിന്നുള്ള നിർദ്ദേശം ഇല്ലാതെതന്നെ ക്യാമ്പുകൾ പിരിച്ചുവിടുന്നതിനു വയലാർ പ്രദേശത്ത് കുമാരപ്പണിക്കർ മുന്നോട്ടുവന്നെങ്കിലും അണികൾ ശക്തമായി അതിനെ എതിർക്കുകയായിരുന്നു. മാരാരിക്കുളത്തെ വെടിവയ്പിനുശേഷം പകരം ചോദിക്കണമെന്ന വാശിയിലായിരുന്നു ക്യാമ്പ് അംഗങ്ങൾ.

സ്റ്റേറ്റ് കോൺഗ്രസിന്റെ വഞ്ചനമൂലം തിരുവിതാംകൂർ പൊതുരാഷ്ട്രീയം നിശബ്ദമായിരുന്നു. ഇതു തന്റെ സേനയെ ആലപ്പുഴയിൽ കേന്ദ്രീകരിക്കാൻ ദിവാനു സഹായകമായി. വഞ്ചിച്ചവർ പിന്നീട് വഞ്ചിക്കപ്പെട്ട വേണാട് വ്യാഖ്യാനവുമായി രംഗപ്രവേശനം ചെയ്തു. ദിവാനാകട്ടെ ആലപ്പുഴയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇനി തലപൊക്കില്ലെന്നും അഹങ്കരിച്ചു.

ആലപ്പുഴയിലെ ഭരണകൂടഭീകരത
ഏറ്റവും പൈശാചികമായ ഭരണകൂടഭീകരതയാണ് തുടർന്നുള്ള വർഷങ്ങളിൽ ആലപ്പുഴയിൽ നടമാടിയത്. യൂണിയനുകളെല്ലാം നിരോധിക്കപ്പെട്ടു. യൂണിയൻ ഓഫീസുകൾ തല്ലിത്തകർത്ത് റെക്കോർഡുകളെല്ലാം നശിപ്പിച്ചു. ഒക്ടോബർ 31-ന് ടി വി തോമസ് പണിമുടക്ക് പിൻവലിച്ചു. പരസ്യമായി സമരകാലത്ത് പുറത്തുനിന്നു നേതൃത്വം നൽകിയിരുന്ന ടി വി തോമസിനെയും ടി കെ പത്മനാഭനെയും അറസ്റ്റ് ചെയ്തു.

2000ത്തിൽപ്പരം സമരസേനാനികളുടെ ഒരു ഡയറക്ടറി ഞാൻ എഡിറ്റ് ചെയ്യുന്നുണ്ട്. അതിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒരാളുപോലും ലോക്കപ്പിൽ മർദ്ദനമേൽക്കാതിരുന്നിട്ടില്ല. കെ.സി. ജോർജിന്റെ പുസ്തകത്തിൽ ചേർത്തല ലോക്കപ്പിലും ആലപ്പുഴ ലോക്കപ്പിലും നടത്തിയിരുന്നു ഭീകരമർദ്ദനമുറകളുടെ വിസ്തരിച്ചുള്ള പ്രതിപാദനമുണ്ട്.

ലോക്കപ്പ് മർദ്ദനത്തിൽ മരണത്തിന്റെ വക്കിലെത്തുന്നവരെ തുറന്നുവിടുക എന്നൊരു നയമാണ് പൊതുവിൽ സ്വീകരിച്ചിരുന്നത്. അവരിൽ പലരും ജീവശ്ശവങ്ങളായി മരണമടയുകയാണുണ്ടായിട്ടുള്ളത്. ഇവരുടെ എണ്ണവുംകൂടി കണക്കിലെടുത്താൽ 25 പേരെങ്കിലും ലോക്കപ്പ് മർദ്ദനംമൂലം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൈതൃക പദ്ധതി ഡയറക്ടറിയുടെ മതിപ്പുകണക്ക്. 8 പേരുടെ പേരുകൾ ശേഖരിക്കാൻ കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രമുഖൻ സെൻട്രൽ ജയിലിൽ മർദ്ദനമേറ്റു മരിച്ച മുഹമ്മ അയ്യപ്പനാണ്.

ആയിരത്തിലേറെ പ്രവർത്തകർ തിരുവിതാംകൂറിനകത്തും പുറത്തും ഒളിവിൽപോകാൻ നിർബന്ധിതരായി. ഒളിവിൽപോയവരുടെ വീടുകൾ പൊലീസ് നിരന്തരം റെയ്ഡ് ചെയ്തു. സ്ത്രീകളെ ഉപദ്രവിക്കുകയും ജംഗമവസ്തുക്കൾ ജപ്തി ചെയ്യുകയും ചെയ്തു.

ഉയർത്തെഴുന്നേൽപ്പ്
ഈ ഭീകരതാണ്ഡവത്തിനിടയിലും ഒട്ടനവധി സഖാക്കൾ ആലപ്പുഴയിൽ തന്നെ ഒളിവിലിരുന്നു പ്രവർത്തിച്ചു. 10 മാസം കഴിഞ്ഞ് 1947 സെപ്തംബർ മാസത്തിൽ അരശ്ശേരിമൈതാനത്ത് 30,000 തൊഴിലാളികൾ പങ്കെടുത്ത മഹായോഗം നടന്നു. രണ്ട് ഘോഷയാത്രകളായിട്ടാണ് തൊഴിലാളികൾ യോഗത്തിൽ പങ്കെടുത്തത്. ഈ ഘോഷയാത്രകൾക്കു നേതൃത്വം നൽകിയത് പുതിയതായി രൂപീകരിച്ച കയർ ഫാക്ടറി തൊഴിലാളി കമ്മിറ്റികളായിരുന്നു. മിക്ക കമ്പനികളിലും ഫാക്ടറി കമ്മിറ്റികൾ പുനരുജ്ജീവിപ്പിക്കപ്പെട്ടു.

പുന്നപ്ര- വയലാർ സമരത്തിന്റെ ഒന്നാംവാർഷികം ഒക്ടോബർ 24-ന് ആലപ്പുഴയിൽ കൊണ്ടാടി. തെക്കുനിന്നും പി ടി പുന്നൂസും വടക്കുനിന്നും ആർ സുഗതനും നേതൃത്വം നൽകിയ രണ്ട് ഗംഭീരജാഥകൾ കിടങ്ങാംപറമ്പ് മൈതാനത്ത് ഒത്തുചേർന്ന് 50,000 ആളുകൾ പങ്കെടുത്ത യോഗം നടത്തി. വയലാറിലും മുഹമ്മയിലും ഇതുപോലെ പ്രകടനങ്ങൾ നടന്നു. ആലപ്പുഴ തൊഴിലാളി പ്രസ്ഥാനം ഉയർത്തെഴുന്നേറ്റു.

1951 ഏപ്രിൽ മാസത്തിൽ തിരു-കൊച്ചിയിലെ ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ സമ്മേളനം യൂണിയൻ ഓഫീസിൽ ചേരുകയും തിരു-കൊച്ചി ട്രേഡ് യൂണിയൻ ഐക്യ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇതിന്റെ സമാപനവുമായി ബന്ധപ്പെട്ട് കിടങ്ങാംപറമ്പിൽ വമ്പിച്ചൊരു റാലിയും പൊതുയോഗവും നടത്തി. ഈ ഉശിരൻ പ്രകടനത്തോടെ തൊഴിലാളികൾ സ്ഥിരമായി യൂണിയൻ ഓഫീസിൽ വരാൻ തുടങ്ങി. ബോണസ് വർദ്ധനയ്ക്കും കുടിശ്ശികയ്ക്കും വേണ്ടിയുള്ള പ്രക്ഷോഭം വിജയകരമായി വളർത്തിയെടുത്തു.

നേതാക്കളെ മോചിപ്പിക്കുന്നതിന് ഒരു ഡിഫൻസ് കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതി ഡിഫൻസ് കമ്മിറ്റിയുടെ കേസ് തള്ളിയെങ്കിലും അപ്പീലിൽ 1951 മെയ് മാസത്തിൽ സുപ്രീംകോടതി കരുതൽതടങ്കൽ നേതാക്കളെ മുഴുവൻ മോചിപ്പിക്കാൻ ഉത്തരവിട്ടു. 1952-ലെ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും ടി വി തോമസും പി ടി പുന്നൂസും വിജയിച്ചതോടെ ഒരു അരണ്ടകാലഘട്ടത്തിനു തിരശ്ശീല വീണു.

പുന്നപ്ര വയലാർ സമരവും വടക്കേ മലബാറിലെ കാർഷിക കലാപങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കുയർത്തി. ഈ നേതൃത്വപദവി തുടർന്നുള്ള ദശകത്തിൽ പ്രസ്ഥാനത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയ്ക്ക് അടിത്തറയിട്ടു. 1950-കളുടെ ആദ്യംപോലും 10 ശതമാനത്തിൽ താഴെ പിന്തുണയുണ്ടായിരുന്ന പാർട്ടിക്ക് 1956-ൽ 40 ശതമാനത്തോളം വോട്ട് ലഭിച്ചു. പുന്നപ്ര- വയലാർ രക്തസാക്ഷികളും പോരാളികളും അവരുടെ ഹൃദയരക്തംകൊണ്ടാണ് ഈ മുന്നേറ്റത്തിനു അടിത്തറ ഉറപ്പിച്ചത്. 

ഇവർ രക്തസാക്ഷികൾ

പുന്നപ്ര
1 കണ്ടച്ചൻ പ്രമാണി
2 കണ്ടച്ചൻ സിന്ധ്യാപുരയിടം
3 കെ. കണ്ടച്ചൻ പഴവീട്
4 കരുണാകരൻ (എക്സ് സർവ്വീസ്)
5 കെ.കെ. കരുണാകരൻ കാക്കരിയിൽ വീട്,
6 കറുത്തച്ചൻ പ്രമാണി ദേവസ്വംപുരയിടം
7 വി.കെ. കിട്ടൻ വടക്കേകുളങ്ങര താഴ്ചയിൽ വീട്
8 കുട്ടൻ ഏലിയാസ് ഇട്ടൻ പൊള്ളേച്ചിറ
9 കുട്ടൻ വടക്കേകുളങ്ങരയില്‍
10 കൃഷ്ണൻ
11 കെ.എസ്. കൃഷ്ണൻ തൈപ്പറമ്പിൽ
12 കൃഷ്ണൻകുഞ്ഞ് ഓലന്തറ
13 കെ.എസ്. ഗോപാലൻ തൈപ്പറമ്പിൽ
14 പി. ഗോപാലൻ മാമനാട്ടുചിറ
15 കുന്തം ജോസഫ്
16 ജോസഫ് കുരുശിങ്കൽ
17 എച്ച്.കെ. തങ്കച്ചൻ ഹനുമാൻപറമ്പ്
18 എച്ച്.എസ്. തങ്കപ്പൻ ഹനുമാൻപറമ്പ്
19 പി.ആർ. തങ്കപ്പൻ പടിഞ്ഞാറെ തയ്യിൽ വീട്
20 റ്റി.പി. തങ്കപ്പൻ തൈപ്പറമ്പിൽ വീട്
21 തോമസ് കൊച്ചുതറവീട്ടില്‍
22 വി.ആർ. ദാമോദരൻ പരപ്പിൽവട്ടത്തറ
23 ദാവീദ് തോമസ് അരീപ്പുരത്തു വീട്
24 ദേവസി കാക്കരിയിൽ
25 എം. ദേവസി പ്രമാണി അരശർകടവ്
26 കെ. നാണു ചങ്ങൻകുളങ്ങര
27 വി.സി. നാരായണൻ വഴക്കുപുരയിടം
28 നാരായണന്‍ തൈപ്പറമ്പില്‍ വീട്ടില്‍
29 കെ. പത്മനാഭൻ ആയിരംതൈവളപ്പ്
30 റ്റി.സി. പത്മനാഭൻ തൈപ്പറമ്പ്
31 കെ.വി. പത്രോസ്
32 പി.വി. പത്രോസ് പൊള്ളേപറമ്പിൽ
33 പരമേശ്വരൻ ആശാരി മണ്ണുകാട് വീട്
34 പാപ്പു ജോർജ്ജ് വേലിയകത്തു പുരയിടം
35 എം.എം. പുരുഷൻ മറ്റത്തിൽ വീട്
36 ഗ്രിഗറി പുളിക്കൽ
37 ഫ്രാൻസിസ് മണ്ണാപറമ്പിൽ
38 മമ്മർ പള്ളിക്കൽ
39 സി.കെ. മാധവൻ വടക്കേറ്റത്തുവെളി
40 കെ. രാമചന്ദ്രൻ
41 വട്ടയാൽ രാമൻകുട്ടി
42 റ്റി.റ്റി. ലിയോൺ
43 വാവർ വട്ടയാൽ
44 വെങ്കൻ ജോൺ കൊച്ചുണ്ണിത്തറ
45 പി.സി. ശിവരാമൻ ചിറത്തറ
46 കെ.എ. സുകുമാരൻ തൈപ്പറമ്പിൽ വീട്

തിരുവമ്പാടി
47 പി.കെ. കരുണാകരൻ
48 ദാമോദരൻ (എക്സ് സർവ്വീസ്)

കാട്ടൂർ
49 ആന്റണി പള്ളിപ്പറമ്പിൽ
50 കാട്ടൂർ ജോസഫ്

മാരാരിക്കുളം
51 അന്തോണി പള്ളിപ്പറമ്പിൽ
52 ആശാരി കുമാരൻ തോട്ടത്തുശ്ശേരിൽ
53 തോപ്പിൽ കുമാരൻ
54 പോരെവെളി കുമാരൻ
55 റ്റി.കെ. കുമാരൻ തോട്ടത്തുശ്ശേരി
56 ഗോവിന്ദൻ മാങ്കൂട്ടത്തിൽ
57 തറയിൽ ശങ്കരൻ
58 തോപ്പിൽ കുമാരൻ
59 ദാമു പൊട്ടശ്ശേരിവെളി
60 പി.എന്‍. നാരായണന്‍ പുളിക്കൽ
61 പത്മനാഭൻ
62 പാടത്ത് രാമൻകുട്ടി
63 പോരെവെളി കുമാരൻ
64 പൊട്ടച്ചാൽവെളി ഭാനു
65 ഭാനു തോട്ടത്തുശ്ശേരി
66 പാടത്ത് രാമൻകുട്ടി
67 വാവ തൈപ്പറമ്പിൽ
68 എന്‍. ശങ്കരൻ ഊടാംചേരിയില്‍

ഒളതല
69 ഗംഗാധരൻ ചേർത്തിൽ
70 നാരായണൻ ചക്രക്കാരൻ
71 പണ്ടാരി നാരായണൻ കണ്ണന്തര
72 രാജപ്പൻ പുതുമനച്ചിറയിൽ
73 വാസു ഇടക്കുളത്ത്
74 വാസു മുണ്ടേംപള്ളിൽ
75 വെളുത്ത ഇടയത്ത്
76 വേലായുധൻ തീക്കര
77 വേലായുധൻ (എക്സ് സർവ്വീസ്)

മേനാശ്ശേരി
78 അനഘാശയൻ കോനാട്ടുശ്ശേരി
79 ഇട്ടാമൻ താണിശ്ശേരി വീട്ടിൽ
80 കണ്ടച്ചി അയ്യൻകുഞ്ഞ് കൂട്ടുംതറയിൽ
81 കരുണാകരൻ വെളിയില്‍ വീട്ടില്‍
82 കുഞ്ഞിപ്പെണ്ണ്
83 കുഞ്ഞുകൃഷ്ണ പണിക്കർ മടത്തിക്കുളങ്ങര
84 കുഞ്ഞുകൃഷ്ണൻ കൊച്ചുകുഞ്ഞ് നിവർത്ത് വീട്ടിൽ
85 കേശവൻ പുത്തൻതറയിൽ
86 കൊച്ചുനാരായണൻ
87 ഗംഗാധരൻ കണ്ണേക്കാട്ടു നികർത്തിൽ
88 ഗോപാലൻ കുടിയാംശ്ശേരി
89 എം.എ. ദാമോദരൻ
90 നാരായണൻ ശങ്കരത്തു നികർത്തിൽ
91 നാരായണൻ ശ്രീധരൻ മംഗലശ്ശേരി
92 എൻ.കെ. നാരായണൻ മേനാശ്ശേരി
93 പപ്പൻ കൈനിക്കര
94 പരമേശ്വരൻ അത്തിക്കാട്
95 പരമേശ്വരൻ കൈതത്തറ വീട്ടിൽ
96 പ്രഭാകരൻ കോനാട്ടുശ്ശേരി
97 മാധവൻ നാരായണി കണ്ണന്തറ വീട്ടിൽ
98 മൈലൻ മുത്തിയമ്മ തറയിൽ
99 രാഘവൻ മേനാശ്ശേരി
100 രാജൻ രാമൻചിറയിൽ
101 രാമൻ കേശവൻ പാഴുക്കൽചിറ വീട്
102 രാമൻ ചെല്ലപ്പൻ കൂട്ടുങ്കൽ വീട്ടിൽ
103 രാമൻകുഞ്ഞ് തിരുവാതിക്കൽ
104 വാസു കൊടിയനാട്ടുവീട്ടിൽ
105 വേലായുധൻ കൊല്ലേച്ചുവീട്ടിൽ
106 ശങ്കരൻ ഉള്ളൂരുപറമ്പ്
107 ശ്രീധരൻ ചിറയിൽ വീട്ടിൽ

വയലാർ
108 അഗ്നീസ് ലോനപ്പൻ പുതുവൽ
109 അയ്യൻകുഞ്ഞ് ചെല്ലപ്പൻ നടുവിലക്കരയിൽ
110 അയ്യന്‍കുഞ്ഞ് നികർത്തിൽ
111 അയ്യപ്പൻ വാവ കൊച്ചില്ലത്തുവീട്
112 അയ്യപ്പി വേലായുധൻ നിവർത്തിൽ
113 അയ്യരു നടേശൻ കൂട്ടുങ്കൽകരി
114 ആഗ്നസ് ലോലൻ പുതുവൽ നികർത്തിൽ
115 ഇട്ടിയത്ത് രാമൻ
116 ഇറ്റാമൻ തൈത്തറ
117 കട്ടാട്ടു കുഞ്ഞൻ
118 കണ്ടൻ കുഞ്ഞ് തിരുത്തിവെളി വീട്ടിൽ
119 കരുണാകരൻ
120 കരുണാകരൻ താഴത്തുകര
121 കരുണാകരൻ തെക്കനാം തുരുത്തി
122 കുഞ്ഞൻ നാരായണൻ വലിയകരിയിൽ വീട്ടിൽ
123 കുഞ്ഞുകൃഷ്ണൻ
124 കുട്ടൻ ഗംഗാധരൻ വെളിയിൽ വീട്ടിൽ
125 കുമാരൻ (എക്സ് സർവ്വീസ്)
126 കൃഷ്ണൻ കിക്കര
127 കെ. കൃഷ്ണപ്പൻ പള്ളാത്തിശ്ശേരി കരി
128 കൃഷ്ണപ്പനാശാൻ വല്യയ്ക്കൽ
129 കേളപ്പൻ മുരിക്കുംതറ
130 കേശവൻ ഇലഞ്ഞിത്തറ
131 കൊച്ചുകുഞ്ഞ് കുമാരൻ ചെമ്മാത്തറ വീട്ടിൽ
132 കൊച്ചുപാപ്പി ശങ്കരന്‍ കൊടിയംക്കാട്ടു വീട്ടിൽ
133 ഗംഗാധരൻ വേലിക്കകത്ത്
134 ഗോവിന്ദൻ ചെമ്പകശ്ശേരി
135 ഗോവിന്ദൻ വെറുംങ്ങോട്ടുവഴി വീട്ടിൽ
136 ഗോവിന്ദൻ ചെമ്മാശ്ശേരി
137 ഗോവിന്ദൻ കണ്ടത്തിൽപറമ്പിൽ
138 ഗോവിന്ദൻ പുത്തൻപറമ്പിൽ
139 ഗോവിന്ദൻ വടക്കുംമുറി വെളിയിൽ
140 ഗൗരി കോമനേഴത്ത്
141 തങ്കപ്പൻ
142 തങ്കപ്പൻ കൊല്ലംപറമ്പ്
143 തൈക്കൽ കുമാരൻ
144 കെ. ദാസ് പനക്കി
145 നാരായണൻ വെറുംങ്ങോട്ടുവഴി വീട്ടിൽ
146 നാരായണൻ പരമേശ്വരൻ ചാലത്തുവെളിയിൽ
147 നീലകണ്ഠൻ പുളിക്കത്തറ
148 പങ്കജാക്ഷൻ കരിയിൽ
149 പത്മനാഭൻ കണ്ണേക്കാറ്റു ചിറയിൽ
150 പത്മാക്ഷൻ കൂട്ടുങ്കൽ
151 പപ്പൻ മൂശാരിപ്പറമ്പിൽ
152 പമേശ്വരൻ മൂപ്പൻ കളത്തിൽ
153 പുരുഷൻ തകിടിവെളിയിൽ
154 പുരുഷോത്തമൻ മൂക്കുചിറയിൽ
155 പുരുഷോത്തമൻ ഇലഞ്ഞിത്തറ വീട്ടിൽ
156 പുരുഷോത്തമൻ മേനാശ്ശേരിയിൽ വീട്ടിൽ
157 പ്രഭാകരൻ ഈരക്കരിയിൽ
158 പ്രഭാകരൻ കുന്തിരിശ്ശേരിൽ
159 കെ.ഡി. പ്രഭാകരന്‍ കൊച്ചിട്ടപ്പറമ്പ്
160 കെ. ഭാസി പനക്കി
161 മാത്തൻ നെടുംചിറ വീട്ടിൽ
162 രാഘവൻ കൈക്കോളം പറമ്പിൽ
163 രാമൻ കടവിൽ കോവിലകത്ത്,
164 രാമൻകുഞ്ഞ് കുറ്റിക്കാട്ടുചിറയിൽ
165 വാവ ദൈവത്തുങ്കല്‍
166 വാസു അനന്തൻവെളി
167 വാസു പുത്തൻവീട്ടിൽ
168 വാസുദേവൻ പുത്തൻവെളി
169 വേലൻ ശങ്കരൻ
170 വേലപ്പൻ കാണിപെള്ളി
171 വേലപ്പൻ നിവർത്തിൽ
172 വേലു രാമൻ പുതുവാൾ നികർത്തിൽ
173 ശങ്കരൻ വാരനാട് കളത്തില്‍
174 ശങ്കരൻ കൈതച്ചിറ
175 ശങ്കരൻ മാളിയേക്കൽ
176 ശങ്കരൻ കിഴക്കേക്കര
177 ശൗരി ഉപ്പളയിൽ
178 ശൗരി എപ്പള്ളി വീട്ടിൽ
179 ശ്രീധരൻ മുടിയാചിറ
180 ശ്രീധരൻ പുല്ലംപറമ്പില്‍

ജയിൽ/ലോക്കപ്പ്
181 മുഹമ്മ എൻ.കെ. അയ്യപ്പൻ (സെൻട്രൽ ജയിൽ)
182 കുട്ടി അമ്പലത്തറ
183 ഗോവിന്ദൻ വൈദ്യൻ (ആലപ്പുഴ ജയിൽ)
184 ജനാർദ്ദനൻ (ആലപ്പുഴ പൊലീസ് സ്റ്റേഷൻ മാർച്ച്)
185 തേവൻ മീൻതറ
186 നാരായണൻ പുത്തനങ്ങാടി 
 (ചേർത്തല ലോക്കപ്പ്)
187 നീലകണ്ഠൻ പനിക്കിക്കരി
188 നീലകണ്ഠൻ ഈരക്കരിയില്‍
189 രാമകൃഷ്ണൻ ആലിശ്ശേരി (ആലപ്പുഴ ലോക്കപ്പ്)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + 9 =

Most Popular