Monday, April 21, 2025

ad

Homeകവര്‍സ്റ്റോറികേരളത്തിന്റെ പാരീസ് കമ്യൂൺ

കേരളത്തിന്റെ പാരീസ് കമ്യൂൺ

ഒ എൻ വി കുറുപ്പ്

പൊന്തിവന്നു നീ മർദ്ദിത വർഗത്തിൻ
പൊൻകിനാവായി ലോകചരിത്രത്തിൽ!
ഒന്നുരണ്ടല്ല, പിന്നെയും പിന്നെയു–
മിന്ത്യയിലൊരു കൊച്ചുഗ്രാമത്തിലും!

ധീരതയുടെ മാർത്തടം ചോർത്തിയ
ചോരയിൽ ചെമ്മഷിച്ചാർത്തണിഞ്ഞതാ,
ക്രൂരതയുടെ ഷെല്ലുകൾ ഹാ! തുള–
ച്ചേറിയ കൊച്ചുതെങ്ങുകളാർന്നതാ,

ഭീരുതയുടെ കാക്കിയും പാപ്പാസും
കീറി നൂറായ്-പ്പറത്തിയ കൈകൾതൻ–
ചാര, മച്ചുടുചാരമണിഞ്ഞതി–
ലൂറിനിൽക്കുന്നൊരാവേശമാർന്നതാ,

കേരളത്തിന്റെ പാരീസ് കമ്യൂൺ! അതാ–
ണാവയലാർ! അഭിവാദ്യമേകുക!
ഞാൻ നിവർക്കണോ നാടിന്റെ നാവുകൾ
പാടിനിൽക്കുമാ കാവ്യത്തിന്നേടുകൾ?

ചോരയിൽ ഭാവരൂപങ്ങൾ വർണ്ണവും
ജീവനും ചുടുമാർന്നൊരു കാവ്യമേ!
പൊന്തിവന്നു നീ മർദ്ദിതവർഗ്ഗത്തിൻ–
പൊൻകിനാവായി മാമലനാട്ടിലും!

ഈ വിറയ്ക്കും വിരലുകളാലെ ഞാ–
നാവരികൾ പകർത്തുവതെങ്ങനെ?
ആ വരികളന്നാദ്യമായ് പാരീസിൽ
ആയുധമേന്തിവന്നോർ കുറിച്ചതാം!

ആ വരികളിപ്പാരിൽ പരശ്ശത–
മാഹവങ്ങളിൽ വീണ്ടും തെളിഞ്ഞതാം!
ആ വരികൾ കുറിച്ചിട്ടു പിന്നെയും
ഹാ! വയലാർത്തടങ്ങളിൽ മർദ്ദിതൻ!

ചോരയിൽ ചുടുവേർപ്പി, ലൊളിപ്പോരിൻ–
ധീരതയിൽ, മഹനീയ ത്യാഗത്തിൽ,
ഉജ്ജ്വലസ്നേഹധാരയിൽ, നാടിന്റെ
മുക്തിയെപ്പറ്റിയുള്ളാരാകാംക്ഷയിൽ,

വർഗ്ഗശത്രുവിൻ നേർക്കതിരൂക്ഷമായ്
കത്തിനിൽക്കുന്ന രോഷാഗ്നിജ്ജ്വാലയിൽ,

മൃത്യുവെക്കൂടി വെല്ലുമാ നിശ്ചയ–
ദാർഢ്യമാർന്നുള്ള കർത്തവ്യബോധത്തിൽ

പൊന്തിവന്നു നീ, പൊന്തിനിൽക്കുന്നു നീ
പൊൻകതിർ വീശി ലോകചരിത്രത്തിൽ!

പൊന്തിവന്നു നീ, മർദ്ദിതവർഗ്ഗത്തിൻ
പൊൻകിനാവായി മാമലനാട്ടിലും! 
1950 ഒക്ടോബർ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − sixteen =

Most Popular