Monday, May 20, 2024

ad

Homeകവര്‍സ്റ്റോറിവയലാർ ഗർജ്ജിക്കുന്നു

വയലാർ ഗർജ്ജിക്കുന്നു

പി ഭാസ്കരൻ

ഒന്ന്
“ഉയരും ഞാൻ, നാടാകെ–
യുയരും ഞാൻ, വീണ്ടുമ–
ങ്ങുയരും ഞാൻ,’’ വയലാറലറീടുന്നു!

മിഴികളിലാവേശ–
ത്തെളിനാളം, ഹൃദയത്തിൽ
വഴിയുന്ന വിപ്ലവ വീര്യബോധം,

പുതിയതാം ദേശാഭി–
മാനത്താൽ നുരകുത്തും
ചുടുചോരയുടനീളം നാഡികളിൽ

ഇവയോർത്തു മർദ്ദിത–
ജനതയു ‘മിന്നി’ന്റെ
കവികളുമതിശയിച്ചോർത്തു നിൽക്കെ,

അലയടിച്ചെത്തുന്ന
തെക്കൻ കൊടുങ്കാറ്റി–
ലലറുന്ന വയലാറിൻ ശബ്ദം കേൾപ്പൂ:

“ഉയരും ഞാൻ, നാടാകെ–
പ്പടരും ഞാനൊരു പുത്ത–
നുയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും.’’

രണ്ട്
കരുതിപ്രവേശിപ്പി–
നവശർതൻ ചെഞ്ചോര–
ക്കുരുതിയാൽക്കറയറ്റൊരി സ്ഥലത്തിൽ.

അഴകുറ്റ വേണാടി–
നഴിയുന്ന ചുരുൾമുടി–
ത്തഴകണക്കുലയുമക്കായലിങ്കൽ

മഹിതമാം കാലം തൻ-–
കരതാരാൽ ചൂടിച്ച
മലരുപോലങ്ങഴും ദ്വീപു കണ്ടോ?

തലപൊക്കി, സ്സൽക്കരി–
ച്ചീടുവാൻ പച്ചയാം–
കുലകളെ നീട്ടുന്ന തെങ്ങിൻ തൈകൾ,

പവിഴക്കതിരണി–
പ്പുല്ലിനാൽച്ചിരിതൂകി–
പ്പവനനെപ്പുല്-കീടും നെല്-പാടങ്ങൾ,

വരി വരി നില്-ക്കുന്ന
കുടിലുകൾ –പണ്ടത്തെ
വയലാറിന്നർത്ഥമിതായിരുന്നു.

മൂന്ന്
പണിചെയ്തു നൂറ്റാണ്ടായ് –
പ്പശിതിന്നുമവിടത്തെ
ജനതതിയൊരുദിനം “മർത്ത്യരായി!’

നവയുഗക്കതിരോന്റെ
പ്രഭയങ്ങു വീണപ്പോ–
ളവരൊന്നു മൂരി നിവർന്നെണീറ്റു.

മിഴിതുടച്ചവരൊന്നു
നോക്കവേ കാണായി
കഴലിലും കയ്യിലും ചങ്ങലകൾ!

പണിയെടുത്തീടണം
വയലിലും തോപ്പിലും;
പ്രതിഫലം –പട്ടിണി, വറുതിത്തീയും!

കയറുപിരിക്കണം,
വലിയോന്റെ പെട്ടിക്കു
വയറു വീർത്തിടുവാൻ പൊൻപണത്താൽ.

‘ഉരിയാടാൻ പാടില്ല,
തലപൊക്കാൻ പാടില്ല!’
കഴുമരം കാണിച്ചു ഭരണകൂടം!

നാല്
പണിചെയ്-വോർ, വിദ്യാവി–
ഹീനന്മാർ, സംസ്കാര–
ഗുണഗണം തീണ്ടാത്തോരർദ്ധനഗ്നർ,

ചളിയുടെ നിറമുള്ളോർ,
…എങ്കിലും നാടിന്റെ
വിളിയവർ വേണ്ടപോൽ കേട്ടറിഞ്ഞു.

ഉടലുകൾക്കുണ്ടുപോൽ
തൂവിയർപ്പിൻ ഗന്ധ–
മുയിരിൽ ജനസ്നേഹ സൗരഭവും!

‘വലിയവർ’ പേടിച്ച–
രണ്ടപ്പോളിക്കൂട്ടർ
വിളറാതെ നാടിൻ വിളികൾ കേട്ടു.
മുടി ചുറ്റി നാടിന്റെ
മാനം കെടുത്തുന്ന
കുടിലരോടിദ്ധീരർ പോർ നടത്തി!

മരണത്തെക്കൂസാതെ
നാട്ടാരെത്തിന്നുന്ന
ഭരണത്തോടിദ്ധീരരേറ്റുമുട്ടി!

അഞ്ച്
ഒരുനാളും മറയാതെ
കാലത്തിൻ തൂവാല–
ച്ചുരുളിനും മായ്ക്കാൻ കഴിഞ്ഞിടാതെ,

ചിരകാലം രാജ്യത്തി–
നോർമ്മയി ‘ലൊക്ടോബ–
റിരുപത്തിയേഴു’ തെളിഞ്ഞു മിന്നും!

വയലാറിൽ ചെന്നിണ–
ക്കൊതി പൂണ്ട ചെന്നായ്ക്കൾ
വലയം ചെയ്തെത്തിയതദിനമാം,

വയലാറിലിന്ത്യത–
ന്നാശകളൊക്കെയും
വലയം ചെയ്തെത്തിയതദ്ദിനമാം,

വയലാറങ്ങളവറ്റ
ദേശാഭിമാനത്തിൻ–
നിലയനമായതാ നാളിലത്രെ!

ചിതറുന്ന തീ തുപ്പും
തോക്കിന്റെ നേർക്കവർ
കുതറിയടുത്തതാ നാളിലത്രെ!

ആറ്
വെടിവെച്ചു, തുരുതുരെ
ജനതയെക്കൊല്ലുവാൻ
വെടിവെച്ചു ഭരണത്തിൻ കിങ്കരന്മാർ!

അധികാരലഹരിയാ–
ലവരുടെ നാവുകൾ
ചുടുരക്തപാനാർത്ഥം നീളുകയായ്.
അബലകൾ, പൈതങ്ങ–
ളവശന്മാർ, രോഗിക–
ളഖിലരും മരണത്തെപ്പുല്-കുകയായ്!

നരരൂപം കൈക്കൊണ്ട
പേപ്പിശാചുക്കളി–
ലിഴുകിപ്പിടിക്കയായ് നാടിൻ രക്തം!

അവരന്നരിഞ്ഞരിഞ്ഞൊ–
രു കൊയ്-ത്തു കൊയ-്തുപോ–
ലവിടത്തെ ജീവിതചൈതന്യത്തെ,

കുടിലാധികാരമാം
ചുടലപ്പിശാചിന്റെ
മുടിയാട്ടം തുള്ളലാ നാടു കണ്ടു.

ഏഴ്
അതിധീരം കൊലയാളി–
ക്കൂട്ടത്തോടേല്-ക്കയായ്
പതറാതെ വയലാറിൻ പോരണികൾ.

അവരുടെ ചോരയാ–
ലൊഴുകും വിയർപ്പിനാ–
ലനുദിനം തേച്ചിട്ടു മൂർച്ച കൂട്ടി,

കരുതിയോരരിവാളും,
മഴുവു, മാത്തൂമ്പയും
പൊരുതുവാൻ മുന്നോട്ടു പാഞ്ഞനേരം

വിറകൊണ്ടു, ഞെട്ടി വി–
രണ്ടിട്ടബ്ഭീരുക്കൾ
മറതേടി സംഹാര യന്ത്രങ്ങളിൽ.

അവരുടെയസ്ഥികൾ
തീർത്ത കുന്തങ്ങളാ–
രിപുവിന്റെ നേർക്കു കരേറീടുമ്പോൾ

ഗതികിട്ടാൻ വേണ്ടിയാ–
ശ്ശ-്വാനന്മാരൊക്കെയും
പതിനോക്കി,പ്പടനിലം വിട്ടു പാഞ്ഞു!

എട്ട്
ചിരിതൂകും പൊന്നണി
പ്പാടങ്ങളൊക്കെയു–
മരികൾക്കു പട്ടടക്കാടുകളായ്!

തലതാഴ്-ത്തിനില്ക്കുമാ
മൺകുടിലോരോന്നും
മനുജാഭിമാനത്തിൻ കോട്ടയായി.

അടിമുടികോരിത്ത–
രിച്ച മരങ്ങളാ–
‘പ്പടവെട്ടു’ നോക്കിപ്പകച്ചുനിന്നു.

നിലവിട്ടു കായലിൽ
തിരമാലയൊക്കെയും
കലിതുള്ളിക്കരയിലേക്കെത്തിനോക്കി.

പുതിയൊരു ‘ചെങ്കൊടി’–
യേന്തിക്കൊണ്ടന്നന്തി– –
ക്കതിരോനാക്കാഴ്ചയ്-ക്കു സാക്ഷിയായി.

വയലാറിന്നൊരു കൊച്ചു–
ഗ്രാമമാണെങ്കിലു–
മുലകാകെ വയലാർ പരന്നിരമ്പി!

ഒൻപത്
മരണമലറുന്നു.
മാമരക്കൂട്ടത്തിൽ,
മരതകമോഹനപ്പുൽപ്പരപ്പിൽ,

പുകയാം വെൺമേഘങ്ങ–
ളെങ്ങും പരന്നപ്പോൾ,
പുറകിൽ നിന്നിടിനാദമാർത്തലയ്-ക്കെ,

തുരുതുരെപ്പെയ്യുന്നോ-–
രുണ്ടകൾ നാട്ടാർക്കു
ചൊരിയും കുളുർമാരിയായിത്തോന്നി!

പുതുമഴ ചാറുമ്പോൾ,
പാടങ്ങൾ ഞാറിനാൽ–
പ്പുളകമണിഞ്ഞു പുളഞ്ഞിടും പോൽ

അലറും തീയുണ്ടകളു–
ടലിൽ പതിച്ചപ്പോ–
ളവരെല്ലാം കോൾമയിർക്കൊണ്ടിരിക്കാം!

അവിടത്തെധീരത–
യിവിടെപകർത്തുവാൻ
കഴിവറ്റ തൂലികേ ലജ്ജിക്കൂ നീ!

പത്ത്
ഒരു വശം ഘോരവി–
നാശത്തിൻ യന്ത്രങ്ങൾ,
മറുവശം മാറാത്ത മാർത്തടങ്ങൾ

ദയദമിപ്പോരാട്ടം
കണ്ടുകൊണ്ടാകാംക്ഷാ–
ഭരിതനായ് ദിക്കുകൾ നോക്കിനില്-ക്കെ,

ഉടൽപൂണ്ട ധീരത–
പോലെ യുവാവൊരാൾ
പടയണി നോക്കിയിഴയുകയായ്!

മുറിവേറ്റ മാറിന്റെ
മദ്ധ്യത്തിൽ ദീർഘമാ–
മൊരുകയ്യാൽ പേർത്തുമമർത്തിക്കൊണ്ടും,

ജനതയിപ്പോരില–
രുളിയ മായാത്ത
ജയമുദ്രപോൽ മുറിപ്പാടണിഞ്ഞും,

അവിടെ നിരന്നൊര–
പട്ടാളക്കൂട്ടത്തി–
ന്നരികിലാദ്ധീരനിഴഞ്ഞണഞ്ഞു.

ഇടറാത്ത ശബ്ദത്തി–
ലേവം വിളിച്ചോതി, വെടിയുണ്ടപോലുമേ ഞെട്ടും മട്ടിൽ:

“അരുതു സഖാക്കളേ….
നിങ്ങൾക്കും നിങ്ങൾതൻ
ധരണിക്കും വേണ്ടിയാണിസ്സമരം…!’’

പതിനൊന്ന്
മുഴുമിച്ചതില്ലവൻ –
ഒറ്റ വെടിയുണ്ട,
മുരളി,യാവാക്യവിരാമമിട്ടു.

അവനെ പ്രസവിച്ച
മണ്ണിന്റെ മാർത്തട്ടി–
ലനഘമജ്ജീവിതം വീണനേരം.

ഒഴുകിയ രക്തമാ–
ദേഹത്തിലെമ്പാടു–
മഴകിന്റെ ചെമ്പനീർപ്പൂക്കൾ ചാർത്തി.

ഇതുപോലെയൊന്നല്ല
നൂറുകണക്കിനു
ചരിതങ്ങളുണ്ടാച്ചുവന്ന മണ്ണിൽ!

ചുടുരക്തധാരയിൽ
മുങ്ങിയ കുന്തങ്ങൾ
തുടുതുടെ മിന്നിടും വർണ്ണങ്ങളാൽ.

അവിടെക്കുറിച്ച ക–
ഥകൾ പകർത്തുവാൻ
കഴിവറ്റ തൂലികേ ലജ്ജിക്കു നീ!

പന്ത്രണ്ട്
പകലിന്റെ പട്ടട
വെന്തൊടുങ്ങിടുമ്പോൾ,
പകപോക്കാൻ കൂരിരുൾ പാഞ്ഞിടുമ്പോൾ!

മടവിട്ടു നന്നായ്-ച്ചി–
ലച്ചു കൂത്താടുന്നു
കുടിലഹൃദയരാം ചുണ്ടെലികൾ!

ജനതതൻ രക്തത്തിൽ
മുങ്ങിയ ബൂട്ട്സുകൾ
നനവാർന്നു മർദ്ദകൻ നിന്നീടുമ്പോൾ,

കഴുകിത്തുടച്ചവ
നക്കിയ നാവിനാൽ
മൊഴിയുകയാണേവം ചുണ്ടെലികൾ:

“വയലാറിൻ സ്രഷ്ടാക്ക–
ളക്രമശക്തികൾ;
വയലാറിൻ ശത്രുവോ ദൈവദൂതൻ!

കരുതിച്ചതയ്ക്കണേ-
യക്രമിവർഗ്ഗത്ത ചിരകാലം വാഴണേ ദൈവദൂതൻ’

പതിമൂന്ന്
വെകിളിയാൽ,ബ്ഭീതിയാൽ
വെള്ളിനാണ്യങ്ങൾ തൻ
കരൾ കവർന്നിടുന്ന കണ്ണടിയാൽ

ജനനി തൻ ചോര പു–
രണ്ട മുഖത്താകെ
ക്കരിക്കാനെത്തീ കറുത്തകൈകൾ!

അകലത്തൊരാപ്പീസിൽ,–
ച്ചാരുകസേരയി–
ലമരുന്ന നേതാവരുളിയേവം:

‘‘ഭയദമാമക്രമം
കാണിക്കും നാട്ടാരെ
നിയതം ശിക്ഷിപ്പതു ദൈവധർമ്മം!’’

അപരൻ, ഖദർജുബ്ബ–
ച്ചുളിവു നിവർത്തിക്കൊ–
“ണ്ടടവല്-പം തെറ്റിപ്പോ,’’ യെന്നുരച്ചു.

യജമാനൻ തന്നുടെ
കാലുകഴുകിയ
മലിനജലത്തിലായ്-പേനമുക്കി,

ഇളകുന്ന വൈദ്യുത-–
പ്പങ്കയ്ക്കു കീഴിരു- –
ന്നഴകിൽക്കുറിക്കയായ്-പ്പത്രനാഥൻ:

‘അവിടെപ്പതിച്ചതു
ചോരയ,ല്ലീ നാട്ടീ–
ന്നകലുഷാനന്ദത്തിൻ ബാഷ്പധാര!’

പതിനാല്
ജനതതൻയോധരെ–
യൊക്കെ വിഴുങ്ങിയ
വിജനശ്മശാനമേ ഞെട്ടിടായ്ക!

മൊഴിയുമിബ്ഭീരുത
കാണുമ്പോൾ, ഹേ ശവ–
ക്കുഴികളെ വാ പിളർന്നെത്തിടായ്ക!

ചുടലയെ മൂടിയ
വെൺചാരമെ, ഭവാൻ
ചുഴലിക്കാറ്റായിട്ടുയർന്നിടായ്ക!

അണയും പ്രഭാതമേ,
രാവിന്നെലികൾക്കു–
മരുളണേ മാപ്പു നീയെന്തുകൊണ്ടും!

കരുതായ്ക രോഷമീ
‘മാന്യരിൽ നാമെല്ലാം
കുരിശിന്റെ സന്ദേശം കേട്ടോരല്ലീ’!

പതിനഞ്ച്
മിഴികൾ വിറയ്ക്കാതെ,
ഹൃദയം തരിക്കാതെ,
കഴലുകൾ തെറ്റാതെ നോക്കു നിങ്ങൾ!

നിരപരാധിത്വങ്ങൾ
നിണമണിഞ്ഞെങ്ങുമേ
നിരവധി ചിന്നിക്കിടന്നീടുന്നു.

കരിവേപ്പിൻ കാതിന്നു
ചെറുപൂവിൻ തേനുണ്ടു
കുരുവികൾ പാടുമാത്തോപ്പുകളിൽ,

വിരിമാറിൽ താമര–
പൂത്താലി കെട്ടിയ
ചെറുപൊയ്ക തന്നുടെ നീർപ്പരപ്പിൽ

പുറവേലിക്കെട്ടിലായ്
പൂക്കൈത പൂത്തിട്ടു
പരിമളം ചിന്തും വഴിയരികിൽ,

കിളരുന്ന പൂവാംകു–
രുന്നിലടക്കൂട്ടങ്ങൾ
തെളിയിച്ചു കാട്ടും വയൽവരമ്പിൽ,

കുനിയുന്ന ചെന്തെങ്ങിൻ
പട്ടകളൂഴിതൻ
നെറുകയിൽ ചുംബിപ്പാൻ നീളും ദിക്കിൽ

വയലുകൾ കായലിൻ –
കാതിലായ് മർമ്മര–
പ്രണയസംഗീതം പൊഴിക്കും ദിക്കിൽ,

കരൾ കവർന്നീടുന്ന
നെല്ലിപ്പൂക്കൾ നീല–
ക്കസവിടും കൊച്ചുകൈത്തോടുകളിൽ,

എവിടെയും മൃത്യുവെ
വെന്നു ശയിക്കുന്നി–
തവശർക്കായ്-പോർ ചെയ്ത ധീരധീരർ!

തലനരച്ചുള്ളവർ,
തളിരിളം പൈതങ്ങൾ,
തരുണിമാർ –എല്ലാരുമുണ്ടവിടെ.

അവരുടെ രക്തത്താ–
ലൊരുപുത്തനഴകിന്റെ –
യരുണിമ കൈക്കൊണ്ടു മിന്നീ ഗ്രാമം!

പതിനാറ്
അവിടത്തിൽ നാളെക്കു–
രുക്കുന്ന പുല്ലുകൾ
മലനാടിൻ രോമാഞ്ചമായിരിക്കും,

അവിടത്തിൽ വിളയുന്ന
ഫലമെല്ലാം രാജ്യത്തി–
ന്നഭിമാനം വായ്ക്കും നിറക്കുടങ്ങൾ.

അവിടെ വിടരുന്ന
പൂക്കൾ ദേശസ്നേഹ–
പുതുതേൻ കിനിയുന്നതായിരിക്കും.

അവിടത്തെ കുയിലുകൾ
പാടുന്ന പാട്ടിനി
നവയുഗത്തിൻ മുഗ്-ദ്ധവേണുഗാനം.

പവിഴനിറം ചേർന്ന
വിത്തൊന്നിറക്കി പോ–
ലവിടത്തിലാനാട്ടിൻ സന്തതികൾ.

പുതിയൊരു ജീവിതം
നാളത്തെ വേണാടിൻ
തിരുനാളിലവിടന്നു കൊയ്-തെടുക്കാം! 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + 3 =

Most Popular