Monday, May 20, 2024

ad

Homeകവര്‍സ്റ്റോറികാലം സാക്ഷി ചരിത്രം സാക്ഷി

കാലം സാക്ഷി ചരിത്രം സാക്ഷി

മണ്ണിൽ പിറന്നതാണോ എന്റെ കുറ്റം; സഖാവേ’’
ജീവിത യാഥാർഥ്യം ചൊന്നതാകുമോ…..?

ദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലഘട്ടത്തിൽ, 1960നുതൊട്ടുമുമ്പ് ഇങ്ങനെയൊരു ഗാനം കേരളമാകെ പരന്നിരുന്നു; ഉത്സവപ്പറമ്പുകളിലെ കഥാപ്രസംഗകരുടെ ഹാർമോണിസ്റ്റുകൾ പരിപാടിയുടെ ഇടവേളയിൽ പാടിക്കേട്ടിരുന്ന ഈ പാട്ടിന് ഏറെ ആകർഷണീയത ഉണ്ടായിരുന്നു; വളരെ പെട്ടെന്ന് ഈ പാട്ട് എങ്ങും പ്രചരിച്ചു.
ഇതോടൊപ്പം ഇത്തരത്തിൽ കരുത്തും കഴമ്പും ആലാപന സൗഭഗവും ഇണചേർന്ന ഒത്തിരിപ്പാട്ടുകൾ കേൾക്കുന്നുണ്ടായിരുന്നു. പാട്ടിന്റെ അർഥവും സന്ദർഭവും ഒന്നും അറിയാത്തവർപോലും ഈ പാട്ടുകളുടെ ശ്രവണ മാത്രയിൽത്തന്നെ അവയെ നിലമറന്ന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഈ പാട്ടുകളത്രയും ഐതിഹാസികമായ പുന്നപ്ര –വയലാർ സമരത്തിന്റെ ഉപോൽപ്പന്ന സംസ്കൃതികളായിരുന്നുവെന്നത് തിരിച്ചറിയാൻ, പിന്നെയും ഒത്തിരിക്കാലം വേണ്ടിവന്നിരുന്നു.

‘‘ഉണരുക മലനാടേ
വറുതികൾ മാറ്റീടാൻ’’,
‘‘കാടൊക്കെ വെട്ടി നിരത്തി’’,
‘‘മാനത്താമാരിക്കാറുകൾ
വില്ലു വളയ്ക്കുന്ന നേരത്ത്
മയിലാടും കുന്നിലിരുന്നാ
മഞ്ഞക്കുരുവികൾ പാടുന്നു’’

ഇത്തരത്തിൽ നൂറുകണക്കായ, ശ്രുതി സുഭഗമായ പാട്ടുകൾ അന്ന് എങ്ങും സുലഭമായിരുന്നു. ആരാണ് ഇതിന്റെ രചയിതാക്കളെന്നോ, എവിടെയാണ് ഇവ പിറവി കൊള്ളുന്നതെന്നോ ഞങ്ങളാരും അന്വേഷിച്ചിരുന്നില്ല. പിന്നെയും ഒത്തിരിക്കാലം കഴിഞ്ഞാണ് ഇവയത്രയും പുന്നപ്ര – വയലാർ ഊർജസംഭരണിയുടെ സർഗസന്തതികളാണെന്ന നേരറിവ് ഞങ്ങളിൽ ചിലർക്ക് ഉണ്ടായത്.

‘‘രണ്ടു മൺചട്ടികൾ; കരി പറ്റിക്കീറിയ
മുണ്ടുകൾ രണ്ടു പഴങ്കലങ്ങൾ
ഇടയിലൊരമ്മയും രണ്ടു പെൺമക്കളും
ഇവയാണവിടുത്തെ സമ്പാദ്യങ്ങൾ’’

എന്നിങ്ങനെ ആരംഭിക്കുന്ന ഒരു വയലാർ കവിത ഉണ്ടായിരുന്നു. ‘സർഗസംഗീത’ത്തിനു മുമ്പുള്ള ഒരു സമാഹാരത്തിലായിരുന്നു ‘അവർക്കും ഓണമുണ്ടായിരുന്നു’ എന്ന ഈ കവിത ഉൾച്ചേർന്നിരുന്നത്. ഹൈസ്കൂളും കഴിഞ്ഞ് കോളേജിലെ ഒന്നാം വർഷമായപ്പോഴേക്കും വായന ഒന്നുകൂടി പൊലിച്ചു. അക്കാലത്താണ് സാക്ഷാൽ ഒ എൻ വിയുടെ ‘ദാഹിയ്ക്കുന്ന പാനപാത്രം’ എന്ന കവിതാ സമാഹാരം കാണാനിടവന്നത്.

ഞങ്ങളുടെ ഗ്രാമത്തെ നെടുകെ കീറിമുറിച്ച് ഒഴുകുന്ന ഒരു പുഴയുണ്ട്. തോട് എന്നാണ് ഈ പുഴയെ നാട്ടുഭാഷയിൽ അപരിഷ്കൃത ഗ്രാമീണർ വിളിച്ചിരുന്നത്. തോടിനക്കരെയായിരുന്നു ഗ്രാമത്തിലെ ‘സർവകലാശാല’ എന്ന് ഞങ്ങൾ ഇന്നും വിശ്വസിച്ചു പോരുന്ന ഏഴാച്ചേരി നാഷണൽ ലൈബ്രറിയുടെ സ്ഥാനം. തോടിനു കുറുകെയുള്ള തടിപ്പാലം കടന്ന് ആയാസപ്പെട്ട്, മിക്കവാറും പരസഹായത്തോടെയാണ് വായനശാലയിൽ പോയിരുന്നത്.

അവിടെ നടക്കുന്ന ഗ്രാമീണ സദസ്സുകളിൽനിന്നാണ് അങ്ങ് ദൂരെ ആലപ്പുഴയിൽ പുന്നപ്രയെന്നും വയലാർ എന്നും പേരുള്ള രണ്ടു പോരാട്ട ഗ്രാമങ്ങൾ ഉണ്ടെന്ന അറിവ് ലഭിച്ചത്. പിന്നീട് ആ ഗ്രാമങ്ങളെപ്പറ്റി വായിച്ചും കേട്ടും അറിഞ്ഞും പറഞ്ഞും സാമാന്യം ഭേദപ്പെട്ട അറിവുണ്ടായി. ആ അപക്വമായ അറിവിന്റെ മുറിവുകളിലേക്കാണ് ‘ബലികുടീരങ്ങളേ’എന്ന വിശ്രുത ഗാനം പൂവും നീരും വീഴ്ത്തി കാലം സമ്മാനിച്ചത്. ദശകങ്ങൾ എത്ര കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ കൽപനയുടെ ലാവണ്യ വിസ്മയം എന്നെ ഞാനല്ലാതാക്കുന്നു.

ആ പകച്ചുനിൽപ്പിന്റെ നടുപ്പകുതിയിലേക്കാണ് തകഴിയുടെ തലയോട് എന്ന, അത്ര വലുതല്ലാത്ത നോവൽ കടന്നുവരുന്നത്. അന്നൊക്കെ, ഒറ്റയിരിപ്പിലുള്ള വായനയാണ്. വിശപ്പും ദാഹവും ഒക്കെ രണ്ടാം പരിഗണനയിലാണ്. എന്റെ മൂത്ത സഹോദരൻ ഉൾപ്പെടെ വായനശാലയിലെ നിത്യസന്ദർശകരായ ചിലരാണ് പുന്നപ്ര –വയലാറിനെക്കുറിച്ച് ആദ്യം പറഞ്ഞു തരുന്നത്.

‘‘ഹിമഗിരി മുടികൾ – കൊടികളുയർത്തി
കടലുകൾ പടഹമുയർത്തി
യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ
വിരിഞ്ഞു താമര മുകുളങ്ങൾ.
ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു
ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു
ചുണ്ടിൽ ഗാഥകൾ കരങ്ങളിലിപ്പൂ –
ചെണ്ടുകൾ; പുതിയ പൗരനുണർന്നു’’

വയലാർ രാമവർമ
ഒ എൻ വി കുറുപ്പ്‌

ദശകങ്ങൾ എത്ര കഴിഞ്ഞു. ഞങ്ങളുടെ ഗ്രാമത്തിൽ പാട്ട് പഠിപ്പിക്കാൻ വന്നിരുന്ന ഗോപാലനാശാൻ പഠിപ്പിക്കലിന്റെ ഇടവേളയിൽ പുന്നപ്ര –വയലാറിനെപ്പറ്റി പറഞ്ഞു. ബലികുടീരങ്ങളേ എന്ന ഗാനം ഐതിഹാസികമായ പുന്നപ്ര – വയലാറിനെപ്പറ്റിയാണെന്ന് ആരൊക്കെയോ പറഞ്ഞുതന്നു; ആ അറിവ്, എന്നാൽ കഴിയും വിധം പ്രചരിപ്പിക്കുകയും ചെയ്തു.

ദശകങ്ങൾ കഴിഞ്ഞ് തിരുവനന്തപുരത്തെ കരമനയിൽ ദേശീയപാതയ്ക്കരികിലെ ഇരുനില കെട്ടിടത്തിന്റെ വരാന്തയിലിരുന്ന് ആ ഗാനത്തിന്റെ സൃഷ്ടാക്കളിൽ പ്രമുഖനായ സാക്ഷാൽ ദേവരാജൻ മാസ്റ്റർ, ‘ബലികുടീരങ്ങളേ’യെ പ്പറ്റി സവിസ്തരം പറഞ്ഞുതന്നു. 57 ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത്, പാളയത്തെ സ്വാതന്ത്ര്യസമര സ്തൂപം (രക്തസാക്ഷി മണ്ഡപം) ഉദ്ഘാടനം ചെയ്യാൻ, ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് ബാബുരാജേന്ദ്രപ്രസാദ് വരുമ്പോൾ, അദ്ദേഹത്തിന്റെ തിരുസന്നിധിയിൽ പാടാൻ വേണ്ടി തയ്യാറാക്കിയതാണത്രെ ഈ ഗാനം.

പി ഭാസ്‌കരൻ
ജി ദേവരാജൻ മാസ്റ്റർ

ദേവരാജൻ മാസ്റ്ററുടെ നാവിൽ നിന്നു വീണു കിട്ടിയ നേരറിവ് അടുത്ത ലക്കം ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പേരുവെച്ചെഴുതിയ ഒരു ലേഖനത്തിൽ ഞാൻ ചേർത്തു. ആ അറിവിന് വൈകാതെ നല്ല പ്രചാരം കിട്ടി. ദേവരാജൻ മാസ്റ്ററുടെ ചുമതലയിൽ പ്രവർത്തിച്ചിരുന്ന ശക്തി ഗാഥ എന്ന ഗായകസംഘത്തിന്റെ തുടർന്നുള്ള പരിപാടികളിലാകെ ഈ ഗാനത്തിന്റെ പിറവി രഹസ്യം അനൗൺസറായ കരമന ഹരി വിവരിച്ചു; മാലോകർ ആ പരമ നേരിനെ തൊട്ടു.

ദശകങ്ങൾ കഴിഞ്ഞ് സാക്ഷാൽ തകഴി തന്നെ പുന്നപ്ര – വയലാർ എന്ന ഇതിഹാസത്തെ, അതിന്റെ രണ്ടാം വരവിനെ കുറിക്കുന്നതായി ഭാവിച്ച് പുന്നപ്ര –വയലാറിനുശേഷം എന്ന പേരിൽ ഒരു ലഘു നോവൽ എഴുതി. പുന്നപ്ര – വയലാർ സമര സേനാനികളിൽ ഒരാളുടെ മകൻ തീവ്രവാദിയാകുന്നതായിരുന്നു ഇതിന്റെ ഉള്ളടക്കം. നനഞ്ഞ പടക്കം പോലായി ആ നോവലിന്റെ വരവ്.

പുന്നപ്ര – വയലാറിന്റെ അന്തരാത്മാവിലെ ചാലകജ്വാലകൾ സഹസ്രദലശോഭിയായി വിരിഞ്ഞു വിലസിയത് ശരിക്കും പി ഭാസ്കരൻ മാസ്റ്ററുടെ വയലാർ ഗർജിക്കുന്നു എന്ന ലഘു കഥാ കാവ്യത്തിലാണ്.

‘‘ഉയരും ഞാൻ നാടാകെ –
പ്പടരും ഞാനൊരു പുത്ത–
നുയിർ നാട്ടിന്നേകിക്കൊ–
ണ്ടുയരും വീണ്ടും.
അലയടിച്ചെത്തുന്ന
തെക്കൻ കൊടുങ്കാറ്റി –
ലലറുന്ന വയലാറിൻ
ശബ്ദം കേൾപ്പൂ!’’

ഭാസ്കരൻ മാസ്റ്ററുടെ ലഘുകഥാകാവ്യത്തിലെ കുറേ വരികൾ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘പുന്നപ്ര –വയലാർ’ എന്ന സിനിമയിൽ ഗാനമായി പിന്നീടു പ്രത്യക്ഷപ്പെട്ടു. ഐതിഹാസികമായ ഈ സമരം നടന്നിട്ട് എട്ടു ദശകങ്ങൾ പൂർത്തിയാകാൻ ഏതാനും ആണ്ടുകളെ വേണ്ടൂ!.

അൻപതുകളുടെ തുടക്കം മുതൽക്കെങ്കിലും മലയാളത്തിൽ സജീവമായ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ എഴുത്തുകാർ ഒരാൾ പോലും പുന്നപ്ര –വയലാറിനെ തൊടാതെ പോയിട്ടില്ല. വയലാർ രാമവർമ്മ, ഒഎൻവി, പി ഭാസ്കരൻ, തിരുനല്ലൂർ, പുതുശ്ശേരി രാമചന്ദ്രൻ, പുനലൂർ ബാലൻ തുടങ്ങി ഒരു വിധപ്പെട്ട കമ്യൂണിസ്റ്റ് സഹയാത്രികരായ എഴുത്തുകാർ ഒക്കെയും പുന്നപ്ര – വയലാറിന്റെ ഗാഥാകാരന്മാരായി.

‘‘വയലാറിന്നൊരു കൊച്ചു
ഗ്രാമമല്ലാർക്കുമേ
വില കാണാനാവാത്ത കാവ്യമത്രേ’’

എന്ന ഭാസ്കര കവിയുടെ പ്രഖ്യാപനം നേരിന്റെ വാഗ്ദത്ത പത്രികയായി. ഇക്കൂട്ടരിൽ ഏറെ പ്രമുഖനായത് സാക്ഷാൽ വയലാർ തന്നെ.

നിങ്ങൾക്കുള്ളതുപോലെൻ നാട്ടിൽ
ഞങ്ങൾക്കുണ്ടൊരു മുത്തശ്ശി.
കഥപറയാറുണ്ടന്തിക്കോരോ
കവിതകള്‍ മാനത്തുലയുമ്പോള്‍
മാറത്തങ്ങനെ മാറ്റങ്ങൾക്കൊരു
മാതൃകപോലെഴുമാ മുലകൾ
കാലം ചപ്പിച്ചാറുകുടിച്ചവ–
പോലങ്ങിങ്ങായാടുമ്പോൾ
ചിരിപൊട്ടിപ്പോ മാർക്കും വപ്പി–
ക്കിറിയിൽ ചുളിവുകൾ വീഴുമ്പോൾ
*** ***
കൂടും ഞങ്ങള്‍ മുത്തശ്ശിയുമായ്
കൂലിക്കാരുടെ കഥ പറയാന്‍!

‘ഞങ്ങളുടെ മുത്തശ്ശി’ എന്ന വയലാർക്കവിതയുടെ അന്തരാത്മാവിനെ അണിയിച്ചൊരുക്കിയത് പുന്നപ്ര –വയലാറിന്റെ ചുടുനിണത്തുള്ളികളാൽത്തന്നെയാണ്

‘‘പൊന്നരിവാളമ്പിളിയില്
കണ്ണെറിയുന്നോളേ’’

എന്ന അമരത്വം നേടിയ ഒഎൻവി – ദേവരാജൻ കൂട്ടുകെട്ടിന്റെ അനശ്വര ഗാനത്തിനുപിന്നിലും നേരിലും നേരായ നേര് പുന്നപ്ര – വയലാർ ബലി ജ്വാല തന്നെയാണ് എന്നത് കാലം സമ്മതിച്ചു തന്ന സർഗ സത്യമാണ്.

‘‘ഇരവിന്റെ നടുവിലാ – കുടിലിൽനിന്നുയരാറു–
ണ്ടൊരു പടുകിഴവന്റെ തേങ്ങലെന്നും
കൊടിയും പിടിച്ചുകൊണ്ടാർത്തുവിളിച്ചും കൊ–
ണ്ടടിയന്റെ ക്-ടാത്തനും പോയേ!
മുളവടിയ്ക്കടികൊണ്ടു പിടയുന്നോർക്കിടയിലെ
കിഴവന്റെ കുഴിയനും പോയേ’’

ഒഎൻവിയുടെ ആദ്യകാല കവിതാ സമാഹാരങ്ങളിൽ പ്രമുഖമായ ‘ദാഹിക്കുന്ന പാനപാത്ര’ത്തിലെ ഈ കവിതയുടെ രചനയ്ക്കുപിന്നിലും പുന്നപ്ര – വയലാർ സർഗ വിസ്മയം പൂവും നീരും വീഴ്ത്തി നിലകൊള്ളുന്നതുകാണാം.

‘‘എൻ പ്രിയ സഹോദരീ– കർഷക സഹോദരീ
നിൻ വിയർപ്പുചിന്തിയ
നെണ്മണി നീ കൊയ്യുക.
ചേറുനിറഞ്ഞാ പാടത്തെല്ലാം
ഞാറുകൾ നട്ടതു നീ തന്നെ’’

പുനലൂർ ബാലൻ
തിരുനല്ലൂർ കരുണാകരൻ

എന്ന പ്രസിദ്ധമായ ഒരു ഗാനം 1950കളിൽ കേരളമാകെ പ്രചരിച്ചിരുന്നു. അതിപ്രസിദ്ധമായ ഒരു ഹിന്ദി ചലച്ചിത്ര ഗാനത്തിന്റെ ഈണത്തിനൊപ്പിച്ച് രചിച്ചതായിരുന്നു ഈ വിശ്രുത ഗാനം. അരുണ ദശകത്തിലെ കവികളത്രയും മത്സരിച്ചു തന്നെ പുന്നപ്ര –വയലാറിനെ പാടിപ്പുകഴ്ത്താൻ മുന്നോട്ടുവന്നിരുന്നു.
തകഴി, കേശവദേവ്, പൊൻകുന്നം വർക്കി, പി ഭാസ്കരൻ, വയലാർ, ഒഎൻവി, പുതുശ്ശേരി രാമചന്ദ്രൻ, പുനലൂർ ബാലൻ, വൈക്കം ചന്ദ്രശേഖരൻ നായർ, ഇ കെ അയ്-മു തുടങ്ങി എണ്ണമറ്റ എഴുത്തുകാർ 1950കളിൽ അരങ്ങുനിറഞ്ഞു. അവരിൽ ബഹുഭൂരിപക്ഷത്തെയും പ്രചോദിപ്പിച്ച ചാലക ജ്വാല പുന്നപ്ര – വയലാർ തന്നെയായിരുന്നു.

‘‘കരിവെള്ളൂരിലെ മണ്ണിൽ, വിപ്ലവ–
കഥകളിരമ്പും വയലാറിൽ
പൊരുതി മരിച്ച സഖാക്കൾ ഞങ്ങടെ
സമരമുഖത്തിലെ നേതാക്കൾ
(മരിയ്ക്കാൻ ഞങ്ങൾക്കു മനസ്സില്ല)
വാളുറയിലിടൂ കാപാലികരെ
വാളുറയിലിടൂ.

എന്ന പ്രസിദ്ധമായ വയലാർ ചലച്ചിത്ര ഗാനം (നീലക്കണ്ണുകൾ എന്ന സിനിമ) പോലും പിന്നെയും പിന്നെയും വയലാറിനെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
കേരളത്തിന്റെ പാരീസ് കമ്യൂൺ; അതാ–
ണാ വയലാർ വിളിപ്പൂ സഖാക്കളെ!
*** ***
പൊന്തിവന്നു നീ മർദ്ദിത വർഗത്തിൻ
പൊൻകിനാവായി ലോകചരിത്രത്തിൽ!
ഒന്നുരണ്ടല്ല; പിന്നെയും പിന്നെയും
ഇന്ത്യയിൽ ഒരു കൊച്ചു ഗ്രാമത്തിലും
– ഒ എൻ വി

‘കേരളത്തിന്റെ പാരീസ് കമ്യൂൺ’ എന്ന് സ്വയം മറന്ന് ഒഎൻവി വിശേഷിപ്പിച്ച ഈ പോരാട്ടഗാഥയെ, പുന്നപ്ര –വയലാറിനെ, ഒരിയ‍്ക്കലും കാലത്തിനു മറക്കാനാകുന്നില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + 19 =

Most Popular