ഊഷരജന്മമരങ്ങൾ ചിരിക്കാ–
നൂർവ്വര സംഗര സാഫല്യത്തിരി–
നാളം കേവല മർത്ത്യമനസ്സി–
ലുണർന്നു ചിലച്ച തുലാമാസങ്ങൾ,
ആരോ ചുടലവിളക്കു കൊളുത്തി–
വിളിക്കെപ്പുതിയ ചരിത്രമരത്തിൽ
നേരാൺമക്കൊടിയേറ്റമിതെന്നു
പ്രയത്നവിശുദ്ധികളെഴുതിക്കാട്ടിയ–
തകനിറവോടിവർ വായിക്കുമ്പോൾ,
ഉയിരിന്മേലൊരു തായമ്പകയുടെ
വയലാർച്ചെങ്കതിരോളം പിന്നെയു–
മഴകിൽചൂണ്ടുകയാണുദയത്തൊടി–
തല്ലോ നമ്മുടെ രക്തം; നമ്മൾ
തിരിച്ചറിയും പ്രിയരക്തം,
2
ഇല്ലായ്മകൾ തന്നീറ്റില്ലങ്ങൾ
അല്ലിനുമഴലിനുമൊരുപോൽത്തേകി–
ക്കണ്ണീരുപ്പു വിളഞ്ഞതിനാലേ
കാറ്റു കലമ്പിയ കയർ വീടുകളിൽ.
ഒന്നാംവെട്ട, മിണങ്ങരൊടൊപ്പ–
മിടംകാലുന്നിയ കായലിറമ്പിൽ,
അന്നേക്കന്നേക്കന്നമിണക്കാ–
നെന്നും കുന്നും പാങ്ങും പാകവു–
മില്ലാ ദൈന്യത വാരിക്കുന്ത–
മെടുത്തു വകഞ്ഞ കനൽച്ചാലുകളിൽ,
ആരലകാർന്ന പ്രതിജ്ഞയുരുക്കിനൊ–
ടാഹവമാടിയ ബലിനേരുകളുടെ
സാഹസ മോചന പത്രികയാമിതി –
ഹാസം പുന്നപ്രക്കാരെഴുതിയ
ഗാഥകൾ; മുന്നോട്ടാഞ്ഞുകുതിക്കാ–
നായുധസഞ്ചയ, മങ്കച്ചമയ–
ച്ചേലുകൾ പാടുകയാണനുവേലമി –
തല്ലോ നമ്മുടെ രക്തം; നമ്മൾ
തിരിച്ചറിയും ചുടുരക്തം.
3
ചൊരിമണലീണം ചേർത്തുലയൂതിയ
ചലനവിശപ്പാൽ ഭക്തിവിലാസ–
ക്കെടുനിലവറയിലെ മന്ത്രവിരിപ്പിൽ
കരിനീരാളികൾ ഞെട്ടിവിറച്ചു;
ഇടിമിന്നലുകൾക്കിടയിലൊരിന്ത്യ
ചുവന്നുണരുന്നതു വിന്ധ്യ ഹിമാചല
മുടികളിലീറൻ പരമാർത്ഥങ്ങൾ
ബലിക്കല്ലുകളിൽ തൊട്ടറിയിച്ചു;
നവസന്തുഷ്ടിക,ളപകാലത്തിൻ
ചപല ജനുസ്സിനെ വെല്ലുവിളിച്ചു;
‘അരുതുക’ളിന്മേലാകാശത്തി–
തിരിൽ സൂര്യവരമ്പുകൾ തോറും
പുതുഭാവുകതപ്പൂക്കൈതകൾ നാം
നട്ടു, നന്മ പൊതിഞ്ഞ വികാസ –
കരിമൺമൊന്തയിൽ നേരും ചിരിയും
ഇടയരിടങ്ങൾ കറന്നു നിറയ്ക്കെ–
ച്ചിതറിയ സഫലത ചേർത്തുവിളക്കിയു–
മടിവരയിട്ടും സർഗ്ഗാത്മകതാ –
വിരുതുകൾ, കുട്ടികൾ, വായിക്കുകയാ –
ണാത്മാർത്ഥതയുടെ നാനാർത്ഥങ്ങളി –
തല്ലോ നമ്മുടെ രക്തം; നമ്മൾ
തിരിച്ചറിയും ബലിരക്തം.
4
തലയോടുകളുടെ മലമുകളിൽ വ–
ന്നിളവേൽക്കും കഴുകന്മാർ നമ്മുടെ
മിഴിയും വഴിയും കൊത്തിയുടച്ചു
ജപിച്ചെറിയും വിഷമായപ്പൂക്കൾ,
കാവിത്തേറ്റ, കരിന്തുടൽ, ശൂലം
ചരടും കുരിശും ചന്ദ്രക്കലയും
വേറേ വേറേ നിൽക്കാൻ നമ്മോ–
ടോരോ കുടിലത വന്നു വിളിക്കെ –
പ്പോകരുതാവഴിയെന്നു വിലക്കാൻ
തീറാധാരം കിട്ടിയ പൈതൃക
ധീരത കുരുതിത്തറകൾ വലംവെ–
ച്ചാരാൽ വന്നു നിരക്കെപ്പിന്നെയും–
മുയിരിടുമലകായുധസംഘങ്ങൾ
ഏറെയുറക്കെയുറക്കെപ്പാടുമി- –
തല്ലോ നമ്മുടെ രക്തം; നമ്മൾ
തിരിച്ചറിയും തുടുരക്തം. ♦