കേരളത്തിന്റെ ചരിത്രസന്ദർഭങ്ങൾ കേരളചിത്രകാരുടെ സർഗഭാവനയെ പൊതുവെ ഉണർത്തിക്കണ്ടിട്ടില്ല. അതിനാൽത്തന്നെ, കേരളചരിത്രത്തിലെ രക്തരൂഷിതമായ തൊഴിലാളിവർഗ സമരം ‘പുന്നപ്ര- വയലാറി’ൽനിന്ന് ഊർജ്ജംകൊണ്ട ബാര ഭാസ്കരന്റെ പെയിന്റിങ്ങുകൾ കേരളകലയിൽ പുതിയവഴിയാണ്.
ബ്രിട്ടീഷ് പിന്തുണയുള്ള രാജവാഴ്ചയ്ക്കെതിരെ ഇന്ത്യയിലുണ്ടായ ഏക സംഘടിത തൊഴിലാളിവർഗ്ഗ സായുധകലാപമെന്ന് പുന്നപ്ര- വയലാറിനെ നിർവ്വചിച്ചു ചരിത്രകാരൻ റോബിൻ ജഫ്രി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ഒരുകൊല്ലം മുമ്പ് 1946 ഒക്ടോബറിലായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി നയിച്ച പുന്നപ്ര- വയലാർ സമരത്തിന്റെ മൂർധന്യം. വെടിവയ്പുണ്ടായി. ആയിരത്തിലധികം പേർ മരിച്ചു. ആ ചരിത്രസംഭവത്തിനു 75 കൊല്ലങ്ങൾക്കുശേഷം കേരളത്തിലെ ചിത്രകലാസർഗ്ഗമേഖലയിൽ ബാര ഭാസ്കരന്റെ രചനയിലൂടെ ഇപ്പോൾ പുന്നപ്ര- വയലാർ ചായമണിഞ്ഞിരിക്കുന്നു.
മുൻമാതൃകയില്ലാത്ത ഈ കലാപ്രവർത്തനം കേരളത്തിന്റെ കലാചരിത്രത്തിൽ താൽപര്യമുള്ളവരെ ഏറെ കൗതുകപ്പെടുത്തും.
എട്ട് പെയ്ന്റിങ്ങുകളുടെ പരമ്പരയാണ് ബാര ഭാസ്കരന്റേത്. 180 X 110 സെന്റീമീറ്റർ വലിപ്പമുള്ള രണ്ടും 125 x 90 സെന്റീമീറ്റർ വലിപ്പമുള്ള ആറും പെയ്ന്റിങ്ങുകൾ. ഈ കലാസൃഷ്ടികളുടെ പ്രദർശനം 2021ൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച, ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ്ചെയ്ത ‘ലോകമേ തറവാട് ‘ എക്സിബിഷനിലൂടെയാണ് പ്രദർശിപ്പിക്കപ്പെട്ടത്.
പുന്നപ്ര- വയലാർ സംഭവിക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിന് തൊട്ടരികിലെത്തിയിരുന്നു. ബ്രിട്ടീഷ് ഭരണത്തോടും രാജഭരണത്തോടും ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ ഭരണത്തോടും ഭരണതന്ത്രങ്ങളോടും വിയോജിക്കുന്ന രാഷ്ട്രീയബോധം തിരുവിതാംകൂറിൽ ഉരുത്തിരിഞ്ഞിരുന്നു. ക്ഷാമവറുതി ജനമനസ്സുകളിൽ പ്രതിഷേധമുണ്ടാക്കിയിരുന്നു. കടുത്ത ചൂഷണമുള്ളതായിരുന്നു തൊഴിൽമേഖലകൾ. ജൻമിത്തത്തിന്റെ വിവേകമില്ലായ്മകൾ വെറുക്കപ്പെട്ടു. ജാതിഭേദ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സാമൂഹിക പശ്ചാത്തലങ്ങൾകൂടി അടങ്ങിയിട്ടുള്ള ചിത്രങ്ങളാണ് ബാര ഭാസ്കരന്റേത്.
പെയ്ന്റിങ്ങിലെ അടരുകളെപ്പറ്റി ബാര ഭാസ്കരൻ പറയുന്നു: “ഒരുഭാഗത്തു മാത്രം മൂർച്ചയുള്ള കത്തിയല്ല പുന്നപ്ര- വയലാർ സമരം. ഒറ്റപ്പെട്ട വിഷയമായി പുന്നപ്ര- വയലാറിനെ മനസ്സിലാക്കാനാവില്ല !”
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ തിരുവിതാംകൂറിൽനിന്ന് കയർ കയറ്റുമതി ആരംഭിച്ചിരുന്നു.
ഇരുപതാം നൂറ്റാണ്ടിൽ കയർ വ്യവസായം വളർന്നു. ആലപ്പുഴയിൽ ഉൽപ്പാദിപ്പിച്ച കയറിന് ലോകകമ്പോളത്തിൽ നല്ല മൂല്യമുണ്ടായിരുന്ന കാലമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധകാലത്ത് കയറിന് വലിയ ഡിമാൻഡുണ്ടായി. എന്നാൽ, തൊഴിലാളിയുടെ ജീവിതം ദയനീയമായിരുന്നു. കടുത്ത ചൂഷണം. തൊഴിലിടങ്ങളിലെ മുതലാളി -– തൊഴിലാളി ബന്ധം വഷളായിരുന്നു. തിരുവിതാംകൂറിന്റെ ഭാഗമായ ആലപ്പുഴ ഭരണകേന്ദ്രത്തിൽനിന്ന് അകലെയായിരുന്നു ,ഭരണകേന്ദ്രം ആലപ്പുഴയിലെ ജനങ്ങളുടെ പ്രശ്നങ്ങളെ ഗൗനിച്ചില്ല. ഇക്കാര്യങ്ങൾ അനവധി പുസ്തകങ്ങളിൽനിന്ന് ബാര ഭാസ്കരൻ വായിച്ചെടുത്തത് അദ്ദേഹത്തിന്റെ പെയ്ന്റിങ്ങുകളിൽ പ്രതിഫലിക്കുന്നു.
എന്നാൽ, പുന്നപ്ര- വയലാർ ചരിത്രത്തിന്റെ തനിപ്പകർപ്പല്ല ബാര ഭാസ്കരന്റെ പെയ്ന്റിങ്ങുകൾ. തന്മാത്രകളിലൂടെ കടന്നുപോകുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന് മാറ്റംവരുമെന്ന രാമൻ ഇഫക്റ്റ് സിദ്ധാന്തംപോലെ പുന്നപ്ര- വയലാർ ബാര ഭാസ്കരന്റെ ലാവണ്യബോധത്തിലൂടെ കടന്നുപോയുണ്ടായ സർഗസൃഷ്ടികളാണ് ഈ പെയ്ന്റിങ്ങുകൾ.
ചിത്രനിർമ്മാണത്തിന് ഒരുകൊല്ലത്തിലധികമെടുത്തു. അതിനുമുമ്പ് പുന്നപ്ര- വയലാർ വിഷയപഠനം.
“തോക്കിന് ബദലല്ലാത്ത വാരിക്കുന്തവുമായി ജനങ്ങൾ നയിച്ച സമരം. ജനങ്ങളുടെ കൺമുമ്പിൽ ജനങ്ങൾ വെടിയേറ്റു മരിച്ചു. പുരുഷൻമാർ രക്തസാക്ഷികളായി മരിച്ചപ്പോൾ സ്ത്രീകൾ അരക്ഷിതരായി”, പുന്നപ്ര- വയലാർ പെയ്ന്റിങ്ങുകളിലേക്ക് നയിച്ച വിചാരങ്ങൾ വിവരിക്കുന്നു ബാര ഭാസ്കരൻ.
രചനയ്ക്കു മുന്നോടിയായിട്ടുള്ള പഠനം പുസ്തകങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ലെന്ന് പെയ്ന്റിങ്ങുകൾ വ്യക്തമാക്കുന്നു. പെയ്ന്റിങ്ങിൽ മനുഷ്യരുടെ മുഖം, മുടി, ശരീരം , വസ്ത്രം, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെ ജീവിതബന്ധികളായ കാര്യങ്ങളെ കാലാനുസൃതമായി അടയാളപ്പെടുത്തിയിരിക്കുന്നു.
ഭരണകൂടത്തിന്റെ അധികാരചിഹ്നങ്ങളെയും ജന്മിത്തത്തിന്റെയും ജാതിയുടെയും പ്രതീകങ്ങളെയും ചരിത്രത്തോടും നരവംശശാസ്ത്രത്തോടും കൂറുപുലർത്തി പെയ്ന്റിംഗുകളിൽ അവതരിപ്പിച്ചിരിക്കുന്നു. രചനകളിൽ സ്വീകരിച്ച നിറങ്ങൾ പെയ്ന്റിങ്ങുകളിലെ വിഷയത്തിന്റെ കനവും കാലവും ആസ്വാദകനെ അറിയിക്കുന്നതാണ്.
“1941ലെ സെൻസസ് പ്രകാരം ആലപ്പുഴ കയർമേഖലയിൽ 1,33,000 പണിക്കാരുണ്ടായിരുന്നു. അനേകം സ്ത്രീതൊഴിലാളികൾ. സ്ത്രീകൾക്ക് കുറഞ്ഞകൂലിയാണ് ലഭിച്ചിരുന്നത്. പുന്നപ്ര- വയലാർ സമരങ്ങളിൽ സ്ത്രീപങ്കിനെ ആരും അടയാളപ്പെടുത്തിയില്ല. പുരുഷൻമാർ രക്തസാക്ഷികളായപ്പോൾ സ്ത്രീ ജീവിതങ്ങളെ ആരും പരിഗണിച്ചില്ല. പുന്നപ്ര-വയലാറിന്റെ ഇരകളായ സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദമാണ് ഈ പെയ്ന്റിങ്ങുകൾ!’, ബാര ഭാസ്കരൻ പറയുന്നു.
ഒരു കലാസൃഷ്ടിയുടെ വിഷയം , രീതി, ഉദ്ദേശ്യം എന്നിവ എക്കാലത്തും കലാസ്വാദനത്തിൽ വിലയിരുത്തപ്പെടുന്നു. ബാര ഭാസ്കരന്റെ പുന്നപ്ര- വയലാർ പെയ്ന്റിങ്ങുകളുടെ വിഷയം ചരിത്രബന്ധി. രീതിയും ഉദ്ദേശ്യവും ഉദാത്തം. പുന്നപ്ര- വയലാർ സമരത്തിന്റെ ചരിത്ര-ചിത്രമ്യൂസിയമെന്ന് വിളിക്കാം ഈ പെയ്ന്റിങ്ങുകളെ. ♦