Monday, May 20, 2024

ad

Homeകവര്‍സ്റ്റോറിപുന്നപ്ര വയലാര്‍- 
സിനിമാജനപ്രിയതയുമായുള്ള 
മുഖാമുഖങ്ങള്‍

പുന്നപ്ര വയലാര്‍- 
സിനിമാജനപ്രിയതയുമായുള്ള 
മുഖാമുഖങ്ങള്‍

ജി പി രാമചന്ദ്രന്‍

പുന്നപ്ര വയലാർ എന്ന സിനിമ നിർമ്മിക്കുന്നതിനു മുമ്പുതന്നെ ഉദയാ സ്റ്റുഡിയോയുമായി ഒരു ബന്ധം പുന്നപ്ര വയലാർ സമരത്തിനുണ്ട്. 1122 തുലാം എട്ടിനു നടത്തിയ വെടിവെപ്പിനെതിരായി സമരഭടന്മാർ ഉജ്വലമായ ചെറുത്തുനില്പ് നടത്തി. പട്ടാളക്കാരുടെ ധൈര്യം ചോർന്നുപോവുകയും അവർ പിൻവലിയുകയും ചെയ്തു. പുന്നപ്ര സമരത്തിന്റെ മുഖ്യ നേതാക്കളിലൊരാളായ സഖാവ് കെ എസ് ബെൻ എഴുതുന്നു:

‘‘കാട്ടൂരിൽ നിന്നു പിന്മാറിയ പട്ടാളം ഉദയാ സ്റ്റുഡിയോയിൽ ക്യാമ്പു ചെയ്തു.

പട്ടാള ഭരണം പ്രഖ്യാപിച്ചിട്ടും രണ്ടു ദിവസം കഴിഞ്ഞു മാത്രമാണ് ഉദയാ സ്റ്റുഡിയോയിൽ ക്യാമ്പു ചെയ്തിരുന്ന പട്ടാളം കാട്ടൂർ രണഭൂമിയിൽ കാലുകുത്തിയത്’’.

(പുന്നപ്ര- വയലാർ സമരം അനുഭവങ്ങളിലൂടെ-, എഡിറ്റർ ഫാ അലോഷ്യസ് ഡി ഫെർണാണ്ടസ്/പേജ് 48, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം).

തീർന്നില്ല പുന്നപ്ര വയലാർ സമരത്തിന്റെ സിനിമാ കണക്ഷൻ. കെ കെ കൊച്ചു നാരായണൻ എഴുതുന്നു: ‘‘കൊച്ചു നാരായണനെ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തിയത് പിൽക്കാലത്ത് അതുല്യനടനെന്ന പ്രശസ്തി സമ്പാദിച്ച സബ് ഇൻസ്പെക്ടർ സത്യനേശൻ നാടാരാണ് (സത്യൻ). അവിടെ ഓടിക്കൂടിയ നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ സത്യനേശനുമായി ഏതാനും മിനുറ്റുകൾ നീണ്ട ഒരു മൽപ്പിടുത്തം നടന്നു. തുടർന്ന് കൈകൾ പുറകോട്ടു പിടിച്ചു കെട്ടി, നരാധമനെന്ന പേരു സമ്പാദിച്ച സത്യനേശൻ കൊച്ചു നാരായണനെ അതിക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിന്റെ ഒരു ഘട്ടത്തിൽ കുത്തിപ്പിടിച്ച മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് പറിഞ്ഞ് സത്യനേശന്റെ കൈയിലായി. എന്നിട്ടും അദ്ദേഹത്തിന്റെ ആത്മധൈര്യത്തിന് കുറവേതുമുണ്ടായില്ല. ചവിട്ടടിയിൽ കിടന്നിരുന്നപ്പോഴും ചുണയുണ്ടെങ്കിൽ കൈയിലെ കെട്ടഴിച്ചു ഒറ്റയ്ക്കൊറ്റയ്ക്കു നോക്കെടാ പട്ടീ എന്നു പറയുക മാത്രമല്ല, എസ് ഐയുടെ മുഖത്തു കാർക്കിച്ചു തുപ്പുകയും ചെയ്തു. സത്യനേശൻ (മഹാനായ സത്യൻ എന്ന നടൻ) കുറേ നേരത്തേക്ക് അസ്തപ്രജ്ഞനായിപ്പോയി. അതിക്രൂരമായി അടിച്ചമർത്തിയിട്ടും മുഖത്തു തുപ്പിയവനെ ശരിക്കും ഒരു പാഠം പഠിപ്പിക്കാൻ തന്നെ സത്യനേശൻ തയ്യാറായി. എന്നാൽ മേലുദ്യോഗസ്ഥനായ പൊന്നയ്യാ നാടാർ അതിൽ നിന്ന് അയാളെ തടഞ്ഞു. തന്റെ കീഴുദ്യോഗസ്ഥൻ ഒരു കൊലക്കേസിലെ ഒന്നാം പ്രതിയാകേണ്ട എന്ന് അദ്ദേഹം കരുതിക്കാണും. (അതേ പുസ്തകം പേജ് 91,92)

ഉദയായുടെ സ്ഥിരം നായകനായ സത്യന്‍ അഭിനയിച്ചില്ല എന്നതാണ് ‘പുന്നപ്രവയലാറി’നെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകമെന്ന് ഡോക്കുമെന്ററി സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ബൈജു ചന്ദ്രന്‍ പറഞ്ഞു. പൊലീസ് ഓഫീസറായിരിക്കെ കമ്യൂണിസ്റ്റുകാരായ തൊഴിലാളികളെ വേട്ടയാടിയ ആളാണ് സത്യന്‍. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉദയായുടെ പുന്നപ്രവയലാര്‍ പ്രോജക്ടില്‍ സത്യന്‍ നായകനാകുമോ എന്ന ആകാംക്ഷ നിലനിന്നിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നും സ്വയം മാറിനില്‍ക്കാന്‍ സത്യന്‍ തീരുമാനിക്കുകയായിരുന്നു. തിരക്കഥാകാരനായ എസ് എല്‍ പുരത്തെയും ശാരംഗപാണി(ഉദയായുടെ നിരവധി സിനിമകളെഴുതി, വിശേഷിച്ച് വടക്കന്‍ പാട്ടുസിനിമകള്‍)യെയും സത്യന്‍ ഭീകരമായി മര്‍ദ്ദിച്ചിട്ടുണ്ട്. ബൈജു ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മുടിയനായ പുത്രനില്‍ സത്യനെ നായകനാക്കാന്‍ രാമു കാര്യാട്ട് തീരുമാനിച്ചപ്പോള്‍ തോപ്പില്‍ ഭാസി എതിര്‍ത്തിരുന്നു. എന്നാല്‍ 1970ലെ കുഞ്ചാക്കോ നിര്‍മ്മിച്ച് തോപ്പില്‍ ഭാസി സംവിധാനം ചെയ്ത നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയില്‍ സത്യന്‍ നായകനായി രംഗത്തെത്തി. (ചുവന്ന സിനിമകളിലൂടെ-, സാജു ഗംഗാധരന്റെ ദേശാഭിമാനി ലേഖനം/ 2021 ജൂലൈ 12).

പുന്നപ്ര വയലാർ സമരം നടന്ന് ഏതാണ്ട് ഇരുപത് വർഷത്തിനു ശേഷം ഉദയാ സ്റ്റുഡിയോ പുന്നപ്ര വയലാർ എന്ന പേരിൽ (1968) സിനിമ പ്രദർശനത്തിനെത്തിച്ചു.

ഈ രണ്ടു പതിറ്റാണ്ടിനിടയിൽ കമ്യൂണിസ്റ്റ്/തൊഴിലാളി/കർഷക സമരബോധം ആർജ്ജിച്ച പൊതുബോധ ജനപ്രിയതയാണിവിടെ തെളിയുന്നത്.

ജനപ്രിയ സിനിമാശൈലിയിൽ; സാജു ഗംഗാധരന്റെ വാക്കുകളനുസരിച്ച്, കമ്പോള സിനിമയുടെ പതിവ് ചേരുവകൾ ഉപേക്ഷിയ്ക്കാതെ നിർമ്മിക്കപ്പെട്ട പല ചിത്രങ്ങളിലൊന്നാണ് പുന്നപ്ര വയലാർ.

സാജു ഗംഗാധരന്റെ ദേശാഭിമാനി ലേഖനം തുടരുന്നു (ചുവന്ന സിനിമകളിലൂടെ,- 2021 ജൂലൈ 12).

തിരുവിതാംകൂറിൽ ഉത്തരവാദിത്ത ഭരണത്തിനും സി പി രാമസ്വാമി അയ്യരുടെ ദുർഭരണത്തിനുമെതിരെ നടന്ന ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തെ അധികരിച്ചാണ് ആലപ്പുഴക്കാരൻ കൂടിയായ കുഞ്ചാക്കോ പുന്നപ്ര വയലാർ എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചരിത്ര സിനിമ എന്നതിലുപരി ചരിത്ര സംഭവത്തിന്റെ പശ്ചാത്തലത്തിൽ തികച്ചും ഭാവനാത്മകമായ കഥ പറയാനാണ് കുഞ്ചാക്കോ ശ്രമിച്ചത്.

ജാതി ജന്മി നാടുവാഴിത്തം എന്ന് ഇ എം എസ്‌ വിശേഷിപ്പിച്ച ചൂഷണാധിഷ്ഠിത സമൂഹമാണ് അക്കാലത്തെ തിരുവിതാംകൂറിലുണ്ടായിരുന്നത്. കൊച്ചിയിലും മലബാറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടി ഈ അവസ്ഥയെക്കുറിച്ച് കൃത്യമായ വിശകലനം നടത്തുകയും ജനങ്ങളെ സംഘടിപ്പിച്ച് ചെറുത്തുനില്പു സമരങ്ങളുമായി മുന്നേറുകയും ചെയ്തു.

ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങളും തൊട്ടുകൂടായ്മകളും മാറ്റിനിർത്തലുകളും അവഹേളനങ്ങളും അക്കാലത്ത് നാട്ടുനടപ്പായിരുന്നു എന്നത് പുന്നപ്ര വയലാർ എന്ന സിനിമയിൽ വിശദമായി തുറന്നു കാണിച്ചിട്ടുണ്ട്. അച്യുതൻ കയർ ഫാക്റ്ററി മുതലാളിയും സ്കൂൾ മാനേജറും ദിവാൻ ഭരണത്തിന്റെ അനുകൂലിയുമാണെങ്കിലും നായർ ജാതിക്കാരനും ജന്മിപ്രമാണിയുമായ മാളികവീടൻ (തിക്കുറിശ്ശി) അയാളെ തന്റെ വീട്ടുമ്മറത്ത് കയറ്റാതെ മിറ്റത്താണിരുത്തുന്നത്. ഇതിനായി, അച്യുതൻ പുരയിടപ്പടിയ്ക്കലെത്തുമ്പോഴേയ്ക്കും കാര്യസ്ഥന്മാരെക്കൊണ്ട് കസാരകൾ മിറ്റത്തേയ്ക്കെത്തിയ്ക്കും.

മാളികവീടൻ ജന്മിയുടെ കുടിയാനായ കൊച്ചു നാണു (പി ജെ ആന്റണി) വിന്റെ മകനായ പ്രഭാകരൻ അഭ്യസ്തവിദ്യനായ കഥാനായകൻ ആണ്. അക്കാലത്തെ മുഖ്യതാരമായിരുന്ന പ്രേംനസീറാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. നസീറിന്റെ ഇഷ്ടജോഡിയായ ഷീല, ചെല്ലമ്മ എന്ന ദളിത് തൊഴിലാളി സ്ത്രീയായി അഭിനയിച്ചു. ഇവർ തമ്മിലുള്ള പ്രണയബന്ധം സിനിമയുടെ മുഖ്യ പ്രമേയങ്ങളിലൊന്നാണ്. നായരായ മാളികവീടന് ഈഴവനായ അച്യുതനോട് അയാൾ മുതലാളിയും മാനേജറുമാണെങ്കിലും ജാത്യകലം ഉള്ളതുപോലെ, ഈഴവനായ കൊച്ചു നാണുവിന് തന്റെ മകന്റെ പ്രണയിനിയായ ചെല്ലമ്മ, ദളിത് തൊഴിലാളി ആണെന്നതിനാൽ ആ ബന്ധം ഉൾക്കൊള്ളാനാവുന്നില്ല.

ചെല്ലമ്മ, പ്രഭാകരന്റെ പ്രേമഭാജനം മാത്രമല്ല, അച്യുതൻ മുതലാളിയുടെ കയർ ഫാക്റ്ററിയിലെ തൊഴിലാളി യൂണിയൻ കൺ വീനറുമാണ്. ഉജ്വലയായ സഖാവ് എന്ന നിലയ്ക്കാണ് അവളെ ഈ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കുന്നത്. ജോലിസമയം ക്ലിപ്തമായി പാലിച്ച് എല്ലാരും പണി നിർത്തി വീട്ടിലേയ്ക്ക് മടങ്ങുമെന്നും ഇത് യൂണിയൻ തീരുമാനമാണെന്നും മൂപ്പനോട് (സൂപ്പർവൈസർ/ബഹദൂർ) സധൈര്യം പറയുന്നതവളാണ്.

ജന്മി കുടിയാൻ വ്യവസ്ഥ, തൊഴിലാളി മുതലാളി ബന്ധം, മാനേജർ അദ്ധ്യാപിക ബന്ധം എന്നിങ്ങനെ വർഗപരമായ വൈരുദ്ധ്യങ്ങൾ കൃത്യമായി വ്യവഛേദിച്ചിരിക്കുന്നു.

സ്ത്രീ – പുരുഷന്മാർ തമ്മിലുള്ള പ്രണയ ബന്ധത്തിന്റെ സൗകുമാര്യത്തിന് വിപരീതമായി; ജന്മി, മുതലാളി, പൊലീസ് എന്നീ ആണധികാരികൾ തൊഴിലാളികളും കീഴ് ജാതിക്കാരുമായ സ്ത്രീകളെ കാമപൂർത്തീകരണത്തിനും അധികാര സ്ഥാപനത്തിനു മായി ബലാത്സംഗം ചെയ്യുന്നതും മർദനവ്യവസ്ഥയുടെ സ്ഥിരപ്രവണതയാണ്. ഇക്കാര്യവും പല സന്ദർഭങ്ങളിലായി സിനിമയുടെ ഉള്ളടക്കത്തെ സംഘർഷഭരിതമാക്കുന്നു. പ്രഭാകരന്റെ സഹോദരി മാലതി (ശാരദ) യാണ് പലരാലും കാമ-വേട്ടയാടപ്പെട്ട പ്രധാന ഇര.

ഇന്ത്യൻ റിപ്പബ്ലിക്കിൽ ചേരാതെ സ്വതന്ത്ര തിരുവിതാംകൂർ എന്ന വേറിടലാണ് ദിവാൻ സിപി രാമസ്വാമി അയ്യർ മുന്നോട്ടു വെച്ചത്. ഇതിനെ തൊഴിലാളി വർഗത്തെയും കർഷകരെയും അണിനിരത്തി കമ്യൂണിസ്റ്റ് പാർട്ടി ചെറുത്തതെങ്ങനെ എന്നതാണ് പുന്നപ്ര വയലാർ വിപ്ലവ മുന്നേറ്റ ത്തിന്റെ ചരിത്രപരമായ പ്രസക്തി. ഈ ഉജ്വലസമരത്തിലേയ്ക്ക് പട്ടിണിക്കാരും തൊഴിലാളികളും കർഷകരും സ്ത്രീകളും പിന്നോക്ക ജാതിക്കാരും ദളിതരുമായ സാധാരണക്കാർ എന്തുകൊണ്ട് അണിനിരന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് പുന്നപ്ര വയലാർ എന്ന സിനിമാക്കഥ‌.

‘ഇനി ഞങ്ങള്‍ 6 മണി കഴിഞ്ഞാല്‍ ജോലി ചെയ്യില്ല. അത് ഞങ്ങടെ യൂണിയന്റെ തീരുമാനമാ’.. എന്ന് ചെല്ലമ്മ മൂപ്പനോട് പറയുന്നതും, ‘നീലാണ്ടന് തെങ്ങു കയറാനെന്ന് പറഞ്ഞു പോയാല്‍ തെങ്ങു കയറുകയല്ല തെങ്ങീ കയറുന്നവരെ സംഘടിപ്പിക്കലാ ജോലി’ എന്ന് ചെല്ലമ്മയുടെ അമ്മ കാളിക്കുട്ടി പറയുന്നതും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായ വയലാറിലെ സാമൂഹ്യ രാഷ്ട്രീയ അവസ്ഥയുടെ ചിത്രീകരണമാണെന്നും സാജു ഗംഗാധരന്‍ പറയുന്നു. ‘ആലപ്പുഴയിലെ യൂറോപ്യന്‍ കമ്പനിയില്‍ കിട്ടുന്ന കൂലിയുടെ പകുതി പോലും ഇവിടെ കിട്ടുന്നില്ല, കൂലി കൂട്ടിക്കൊടുക്കണം’ എന്ന് കയര്‍ ഫാക്ടറി യൂണിയന്‍ സെക്രട്ടറിയായ പ്രഭാകരന്‍ പറയുന്നുണ്ട്. എന്നാല്‍ അധികം കളിച്ചാല്‍ ഫാക്ടറി അടച്ചു പൂട്ടും എന്ന ഭീഷണിയാണ് മുതലാളി മുഴക്കുന്നത്. 1940കളോടെ ശക്തിപ്പെട്ട തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന്റെയും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും കേരളീയ യാഥാര്‍ത്ഥ്യത്തെ പശ്ചാത്തലവത്ക്കരിക്കുകയും അതിന്റെ ജനപ്രിയാടിത്തറകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തുകൊണ്ട് കമ്പോള രുചികളിലുള്ള ഒരു ആഖ്യാനം നടത്തുകയായിരുന്നു കുഞ്ചാക്കോ എന്നതാണ് വാസ്തവം.

പുന്നപ്ര വയലാര്‍ സമരം പ്രമേയമായി സ്വീകരിച്ച രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന സിനിമ 1998ലിറങ്ങി. അപ്പോഴേക്കും പുന്നപ്ര വയലാര്‍ സമരം നടന്നിട്ട് അമ്പതിലധികം വര്‍ഷം പിന്നിട്ടിരുന്നു. കേരള സമൂഹത്തിലെന്നതു പോലെ മലയാള സിനിമയിലും വമ്പിച്ച മാറ്റങ്ങളുണ്ടായി. നസീറിനും സത്യനും പകരം മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചു. മോഹന്‍ലാലും സുരേഷ് ഗോപിയും മുരളിയും സുകന്യയും നെടുമുടി വേണുവും മറ്റുമാണ് രക്തസാക്ഷികള്‍ സിന്ദാബാദില്‍ അഭിനയിച്ചത്. വേണു നാഗവള്ളി സംവിധാനം ചെയ്ത ഈ സിനിമയുടെ കഥയെഴുതിയത് ചെറിയാന്‍ കല്പകവാടിയും തിരക്കഥ തയ്യാറാക്കിയത് ചെറിയാനും വേണുവും ചേര്‍ന്നുമായിരുന്നു. ജനപ്രിയ കമ്പോള സിനിമയുടെ രൂപഭാവത്തില്‍, വളിപ്പന്‍ തമാശകളും മറ്റുമായുള്ള ഈ സിനിമയ്ക്ക് മലയാള സിനിമാ ചരിത്രത്തില്‍ വലിയ സ്ഥാനം ലഭിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. മാര്‍ക്‌സ് എന്ന സായിപ്പിന് ഏംഗല്‍സ് എന്ന മദാമ്മയിലുണ്ടായ കുട്ടിയാണ് മാര്‍ക്‌സിസം എന്ന തരത്തിലുള്ള പാര്‍ടിക്ലാസൊക്കെ എടുക്കുന്ന സൈനുദ്ദീന്‍ കഥാപാത്രമൊക്കെ ഏറെ അസഹനീയമാണ്. അറബിക്കഥയില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെ പുഴുക്കളായും പ്രാണികളായും ചൈനീസിലേയ്ക്ക് മൊഴിമാറ്റിക്കൊടുക്കുന്ന സംഭാഷണമാണ് പിന്നെ ഇതേ ശൈലിയില്‍ മലയാള സിനിമയില്‍ വന്നത്.

1946 ഒക്ടോബര്‍ 22 മുതല്‍ തൊഴിലാളി പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ താന്‍ വിളിച്ചിട്ട് സന്ധി സംഭാഷണത്തിന് എത്തിയ തിരുവിതാംകൂര്‍ ഐക്യ ട്രേഡ് യൂണിയന്‍ നേതാക്കളായ ടി വി തോമസ്, എന്‍ ശ്രീകണ്ഠന്‍ നായര്‍, കണ്ണന്‍തോടത്ത് ജനാര്‍ദ്ദനന്‍ നായര്‍ എന്നിവരോട് ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ മുഴക്കിയ ഭീഷണി ഇങ്ങനെയാണ്: എണ്ണായിരം പോലീസും നാലായിരം പട്ടാളക്കാരും ഉള്ള തിരുവിതാംകൂറിന്റെ തലവനായിട്ടാണ് ഞാന്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?- (സാജു ഗംഗാധരനോട് കടപ്പാട്)

ഈ രംഗം രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന സിനിമയില്‍ പുനരാവിഷ്‌ക്കരിക്കുമ്പോള്‍ ശിവസുബ്രഹ്മണ്യം (മോഹന്‍ലാല്‍), മാപ്ലശ്ശേരി ഉറുമീസ് തരകന്‍ (സുരേഷ് ഗോപി) എന്നീ കമ്യൂണിസ്റ്റ് നേതാക്കളോട് ദിവാന്‍ (നാസര്‍) സംസാരിക്കുന്നതായാണ് കാണിക്കുന്നത്. ഉറുമീസ് തരകന് മദ്രാസില്‍ ഉയര്‍ന്ന ജോലിയും ശിവസുബ്രഹ്മണ്യത്തിന് മൈസൂരില്‍ ആയിരം ഏക്കര്‍ മുന്തിരിത്തോട്ടവുമായുള്ള വാഗ്ദാനമായാണ് ഈ പുനരാവിഷ്‌ക്കാരം. ദിവാന്റെ വാഗ്ദാനത്തെ നേതാക്കള്‍ പുഛിച്ചു തള്ളിയെങ്കിലും; മര്‍ദക ഭീഷണിയെ കേവലവാഗ്ദാനങ്ങളായി മാറ്റുന്നതിലൂടെ ദിവാനോടുള്ള സിനിമ കാണുന്നവരുടെ നിലപാടിലും വ്യത്യാസം വരുമെന്നതാണ് വാസ്തവം.

ഈ രണ്ടു സിനിമകളുടെയും കാഴ്ചാ അനുഭവം ഓര്‍മ്മിപ്പിക്കുന്നത്, പുന്നപ്ര വയലാര്‍ എന്ന കേരള വിപ്ലവചരിത്രത്തിലെ ഉജ്വലമായ ഏട് മികച്ച സിനിമയാക്കാനുള്ള സാധ്യത എന്തുകൊണ്ടും ബാക്കി നില്‍ക്കുന്നു എന്നതാണ്. കയ്യൂര്‍ സമരത്തെക്കുറിച്ച് ലെനിന്‍ രാജേന്ദ്രന്‍ എടുത്ത മീനമാസത്തിലെ സൂര്യന്‍ പരിമിതികളോടെയാണെങ്കിലും മുഖ്യപ്രമേയത്തില്‍ ഊന്നി നിന്നതുകൊണ്ട് പ്രസക്തമായ സിനിമയായി അനുഭവപ്പെട്ടു. ജോണ്‍ ഏബ്രഹാം കയ്യൂരിനെക്കുറിച്ച് സിനിമയെടുക്കാന്‍ തിരക്കഥ തയ്യാറാക്കിയെങ്കിലും ചിത്രീകരണം നടന്നില്ല.

മാറിക്കൊണ്ടിരിക്കുന്ന ഭാവുകത്വത്തിനനുസരിച്ച്, ഉന്നതമായ നിലവാരത്തില്‍ പുന്നപ്ര വയലാര്‍ അടക്കമുള്ള കേരള വിപ്ലവ മുന്നേറ്റങ്ങള്‍ ചലച്ചിത്രവത്കരിക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും കേരളത്തിലെയും പുറത്തെയും സഹൃദയ-ജനാധിപത്യ സമൂഹം തയ്യാറാകുമെന്നതുറപ്പാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 6 =

Most Popular