Friday, December 13, 2024

ad

Homeകവര്‍സ്റ്റോറിപുന്നപ്ര വയലാർ സമരത്തിലെ സ്ത്രീ സാന്നിധ്യവും ഉഷ്ണരാശി 
എന്ന നോവലും

പുന്നപ്ര വയലാർ സമരത്തിലെ സ്ത്രീ സാന്നിധ്യവും ഉഷ്ണരാശി 
എന്ന നോവലും

കെ വി മോഹൻകുമാർ/
ജി വിജയകുമാർ

പുന്നപ്ര വയലാർ സമരത്തിന്റെ സമഗ്രമായ ചരിത്ര പശ്-ചാത്തലത്തിൽ എഴുതപ്പെട്ടതാണ് 
കെ വി മോഹൻകുമാറിന്റെ ഉഷ്ണരാശി
കരപ്പുറത്തിന്റെ ഇതിഹാസം 
എന്ന നോവൽ. സമര ചരിത്രത്തിലെ സ്ത്രീകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് 
ഈ നോവൽ. നോവലിസ്റ്റ് 
കെ വി മോഹൻകുമാറുമായി 
ജി വിജയകുമാർ 
നടത്തിയ അഭിമുഖം.

ഷ്ണരാശി എന്ന നോവൽ എഴുതുന്നതിനിടയാക്കിയ സാഹചര്യം എന്താണ്?

പുന്നപ്ര വയലാർ സമരകാലത്ത് സജീവമായി രംഗത്തുണ്ടായിരുന്നതും മലയാള സാഹിത്യത്തിലെ മുൻനിരക്കാരുമായ, ഇടതുപക്ഷ –തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടായിരുന്ന പി കേശവദേവിനെയും തകഴിയെയും പോലുള്ള സാഹിത്യനായകർ കേരളത്തിലെ പാരീസ് കമ്യൂണന്നു പോലും അറിയപ്പെട്ട പുന്നപ്ര വയലാർ സമരത്തെക്കുറിച്ച് സമഗ്രമായ ഒരു നോവൽ രചനയ്ക്കു തയ്യാറായില്ല എന്ന അറിവിൽ നിന്നാണ് ആ വിഷയത്തിൽ കേന്ദ്രീകരിച്ച് ഒരു നോവൽ രചിക്കണമെന്ന ആശയം മനസ്സിലുദിച്ചത്. ഇതുപറയുമ്പോൾ കേശവദേവിന്റെ ഉലക്ക, തകഴിയുടെ തലയോട് തുടങ്ങിയ കൃതികളെ വിസ്മരിക്കുന്നില്ല. പക്ഷേ അതൊന്നും ആ സമരത്തിന്റെ സമഗ്രതയിൽ എഴുതപ്പെട്ടവയായിരുന്നില്ല.

ഈ പശ്ചാത്തലത്തിലാണ് എന്റെ അനേ-്വഷണം ആരംഭിക്കുന്നത്. എം ടി ചന്ദ്രസേനൻ എഴുതിയ പുന്നപ്ര വയലാർ ജ്വലിക്കുന്ന അധ്യായങ്ങൾ എന്ന കൃതിയിലെ കാളി അരയത്തി എന്ന അധ്യായം വായിച്ചപ്പോൾ അതിലെ കഥാനായിക, എന്റെ കുട്ടിക്കാലത്തെ ഓർമകളിൽ ഭയം വിതച്ചിരുന്ന കാളിപ്രാന്തിയെയാണ് എന്നെ ഓർമിപ്പിച്ചത്. അത് ഈ നോവൽ രചനയ്ക്ക് വലിയ പ്രചോദനമായി. വളരെക്കാലം നീണ്ട അനേ-്വഷണവും പഠനവും ഇതിനായി വേണ്ടിവന്നു. സമരത്തിൽ പലതരത്തിൽ പങ്കുവഹിച്ച അറിയപ്പെടുന്നവരും അല്ലാത്തവരുമായ ജീവിച്ചിരുന്ന ആളുകളെയാകെ കണ്ടെത്തി കാര്യങ്ങൾ മനസ്സിലാക്കാൻ വളരെയേറെക്കാലം വേണ്ടിവന്നു. അങ്ങനെ വസ്തുനിഷ്ഠമായ ഒരു പഠനത്തിൽനിന്നുകൊണ്ട് ഉരുവം കൊണ്ടതാണ് ഉഷ്ണരാശി എന്ന എന്റെ നോവൽ. ഇതിൽ ചരിത്രവും ഭാവനയും ഇഴകലർന്നു വരുന്നു. നോവലിന്റെ കഥ പറയുന്നത് ഡൽഹിയിൽനിന്ന് സ്വന്തം വേരുകൾ തേടി കേരളത്തിലെത്തിയ അപരാജിത എന്ന വിദ്യാർഥിനിയാണ്. യഥാർഥത്തിൽ എന്റെ ചരിത്രാനേ-്വഷണമാണ് ഈ കഥാപാത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

പുന്നപ്ര വയലാർ സമരത്തെക്കുറിച്ചു പറയുമ്പോൾ അധികമാരും ചർച്ച ചെയ്യാത്ത കാര്യമാണ് അതിലെ സ്ത്രീ സാന്നിധ്യം; അതേകുറിച്ചു പറയാമോ?

സ്ത്രീകളെപ്പറ്റി പറയുകയാണെങ്കിൽ കെെത്തറ പാപ്പി എന്ന കഥാപാത്രത്തെയാണ‍് ഞാൻ ചരിത്രത്തിൽനിന്ന് എടുത്തിട്ടുള്ളത്. കെ സി ജോർജിന്റെ പുന്നപ്ര വയലാർ എന്ന പുസ്തകത്തിൽ നിന്നാണ് എനിക്കത് കിട്ടിയത്. പാവപ്പെട്ട തൊഴിലാളികളുടെയും കർഷകരുടെയും വീടുകളിൽ പൊലീസും ജന്മിമാരുടെ ഗുണ്ടകളും കയറിയിറങ്ങി വീടുതല്ലിപ്പൊളിക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്ത് ജീവിക്കാൻ പറ്റാതായ ഒരു ഘട്ടത്തിൽ ചെറുത്തുനിൽപ്പിന്റെ ഭാഗമായി പാപ്പിയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ ഒരു ജാഥ പൊലീസ് ക്യാമ്പിലേക്ക് നീങ്ങി. ഈ ജാഥയ്ക്ക് നേതൃത്വം നൽകിയ പാപ്പിയെ പൊലീസ് പിന്നീട് പിടികൂടി ഏതാനും ദിവസങ്ങൾ രാപാർപ്പിച്ചു. ദിവസങ്ങളോളം നിരവധി ഉദേ-്യാഗസ്ഥരുടെ പീഡനങ്ങൾക്കിരയായ പാപ്പി എങ്ങനെയോ രക്ഷപ്പെട്ട് രക്തത്തിൽ കുളിച്ച് അവശനിലയിലായി കിടക്കുന്നത് സഖാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. അവിടെനിന്നും അവർ അവരെ രക്ഷപ്പെടുത്തി. പാപ്പിയുടെ പിൽക്കാല ജീവിതത്തെക്കുറിച്ചൊന്നും കൃത്യമായി അറിയാൻ കഴിഞ്ഞില്ല. അവരുടെ ജീവിതത്തിന്റെ ബാക്കി ഭാഗം ഭാവനയിൽ നിന്നാണ് നോവലിൽ വികസിപ്പിച്ചിട്ടുള്ളത്.

പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട പ്രധാന പേരുകാരിലൊരാളാണ് കാളിക്കുട്ടി ആശാട്ടി. കുട്ടികളെ തിരുവാതിരക്കളി പഠിപ്പിച്ചിരുന്നു അവർ. പടപ്പാട്ടുകൾ തിരുവാതിരക്കളിയായി ചിട്ടപ്പെടുത്തി ആ കാലത്ത് അവർ അവതരിപ്പിച്ചു. മഹിളാസംഘത്തിന്റെ മുൻനിര പ്രവർത്തകയുമായിരുന്നു അവർ. കെ മീനാക്ഷി, ദേവയാനി എന്നിവരെല്ലാം മഹിളാ സംഘപ്രവർത്തനത്തിലും വിമോചന ആശയ പ്രചരണത്തിനായി തിരുവാതിരക്കളിയെ ഉപയോഗിക്കുന്നതിലും സജീവമായിരുന്നു. ഇന്നു ജീവിച്ചിരിക്കുന്ന, സജീവമായി രംഗത്തുള്ള 93 വയസ്സു പിന്നിട്ട വിപ്ലവഗായിക മേദിനിച്ചേച്ചിയെ തിരുനക്കര മെെതാനത്തിൽ പാട്ടുപാടിയതിനു അക്കാലത്ത് അറസ്റ്റുചെയ്തിരുന്നു. അന്നു ചേച്ചിക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അനസൂയയാണ് ഈ ഗായകസംഘത്തിലുണ്ടായിരുന്ന മറ്റൊരു മഹിളാസംഘം പ്രവർത്തക. മീനാക്ഷി, ഗോമതി, ഏലിയാമ്മ കെ കെ കമലാക്ഷി എന്നീ തൊഴിലാളി സ്ത്രീകളും മഹിളാസംഘത്തിലും സമരത്തിലും സജീവമായിട്ടുണ്ടായിരുന്നവരാണ്. കയർതൊഴിലാളിയായിരുന്ന ഏലിയാമ്മ പെൺ ചെറുത്തുനിൽപ്പിന്റെ ഉജ്വല മാതൃകകളിലൊന്നാണ്.പൊലീസുകാർ വീടുകൾ തോറും കയറിയിറങ്ങി സ്ത്രീകളെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. തന്റെ വീട്ടിൽ കയറിവന്ന് തന്നെ കടന്നുപിടിക്കാൻ ശ്രമിച്ച പൊലീസുകാരനെ തേങ്ങ തൊലിക്കുന്ന പാരകൊണ്ട് അടിച്ചുവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു ഏലിയാമ്മ. (ഈ വിവരങ്ങൾ മേദിനിച്ചേച്ചി, കെ വി മോഹനൻകുമാറുമായി ഫോണിൽ പങ്കുവച്ചതിലൂടെ ലഭിച്ചതാണ്.ഈ അഭിമുഖത്തിനിടെയാണ് അദ്ദേഹം മേദിനിച്ചേച്ചിയുമായി ഫോണിൽ ബന്ധപ്പെട്ടത്) സ്ത്രീ സാന്നിധ്യത്തിന്റെ കാര്യത്തിൽ എടുത്തുപറയേണ്ടത് ക്യാമ്പുകളുടെ നടത്തിപ്പിൽ സ്ത്രീകൾ വഹിച്ച പങ്കാണ്. അതിൽ എടുത്തു പറയേണ്ട ഒരു പേര് ദേവകി കൃഷ്ണന്റേതാണ്– കോൺഗ്രസ് നേതാവായ വയലാർ രവിയുടെ അമ്മ. അവർ ചേർത്തല താലൂക്ക് മഹിളാസംഘത്തിന്റെ പ്രസിഡന്റായിരുന്നു. ആ നിലയിൽ ക്യാമ്പുകൾ നടത്തുന്നതിൽ വലിയ പങ്ക് അവർ വഹിച്ചിട്ടുണ്ട് ഒപ്പം സ്ത്രീകളെ സംഘടിപ്പിക്കുന്നതിലും.

ഇതുപോലെതന്നെ എടുത്തു പറയേണ്ട ഒരാളാണ് കെ വി പത്രോസിന്റെ അമ്മ അന്ന റോസ. കെ വി പത്രോസായിരുന്നു പുന്നപ്ര ക്യാമ്പുകളുടെ ഡിക്ടേറ്റർ. അദ്ദേഹത്തിന്റെ അമ്മ എല്ലാ സമര സഖാക്കളുടെയും അമ്മ കൂടിയായിരുന്നു. വീട്ടിലെത്തുന്ന സഖാക്കളോടെല്ലാം നിങ്ങൾ ഭക്ഷണം കഴിച്ചോ എന്നാണ് അവർ ആദ്യം ചോദിക്കുന്നത്. ആ നേരം ആ അമ്മ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമായിരുന്നില്ല. എന്നാലും അയൽവീടുകളിൽനിന്നും അരിയോ ഭക്ഷണസാധനങ്ങളേതെങ്കിലുമോ കടം വാങ്ങിവന്ന് സഖാക്കൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുമായിരുന്നു. താൻ ഭക്ഷണം കഴിച്ചിട്ടില്ലെന്ന കാര്യം അവർ ഓർമിക്കുമായിരുന്നില്ല. അങ്ങനെ സ്വയം പട്ടിണി കിടന്ന് സമര സഖാക്കൾക്ക് ഭക്ഷണം നൽകിയ അമ്മമാരുടെ പങ്കും ഈ പോരാട്ടത്തിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ടതാണ്.

ആലപ്പുഴ ജില്ലയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായ ഭെെമി സദാശിവന്റെ പേരും എടുത്തു പറയേണ്ടതാണ്.

ചേർത്തല ഭാഗത്തെ എടുത്തുപറയേണ്ട മറ്റൊരു പേരാണ് കിഴക്കേ തെക്കാളിയിൽ നാരായണിയമ്മയുടേത്. ‘മദർ’ എന്നാണ് അവർ അറിയപ്പെട്ടത്. അതായത് എല്ലാവരുടെയും അമ്മ. പിൽക്കാലത്ത് ജനയുഗം പത്രത്തിന്റെ പ്രവർത്തകനായ പ്രകാശന്റെ അമ്മയാണവർ. പാർട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത് സഖാക്കൾക്ക് ഒളിത്താവളം ഏർപ്പെടുത്തുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചിരുന്നു. ഇ എം എസ്സിനെപ്പോലുള്ള പ്രമുഖ നേതാക്കൾക്കു പോലും പുന്നപ്ര വയലാർ സമരകാലത്ത് ഒളിവിൽ കഴിയാൻ അവൻ സഹായം നൽകിയിരുന്നു.

സ്വന്തം മക്കളെ നഷ്ടപ്പെട്ടവർ, പൊലീസിന്റെയും പട്ടാളത്തിന്റെയും ജന്മി ഗുണ്ടകളുടെയും പീഡനങ്ങളേറ്റു വാങ്ങിയവർ അങ്ങനെ നിരവധി സ്ത്രീകളെ പുന്നപ്ര വയലാർ സമരവുമായി ബന്ധപ്പെട്ട് കാണാൻ കഴിയും. മക്കളെ നഷ്ടപ്പെട്ടവരിലൊരാളാണ് കാളി അരയത്തി എന്ന കാളിയമ്മ. പുന്നപ്ര വയലാർ സമരം കഴിഞ്ഞ് മാസങ്ങളോളം ആലപ്പുഴ കടപ്പുറത്ത് കണ്ടവരോടെല്ലാം തന്റെ മക്കളായ കൃഷ്ണനെയും ഗോപാലനെയും കണ്ടവരുണ്ടോ എന്ന് അവർ അനേ-്വഷിക്കുമായിരുന്നു. യഥാർഥത്തിൽ ആ രണ്ടു മക്കളും വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു. പക്ഷേ ഇതറിയുന്ന ആരും വേദന കൊണ്ട് അവരുടെ മനസ്സു തകരാതിരിക്കാൻ ആ വിവരം അവരോട് വെളിപ്പെടുത്തിയില്ല. ഒടുവിൽ രണ്ട് സിഐഡി പൊലീസുകാരാണ് അവരോട് മക്കൾ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. അതോടെ ആ അമ്മ മനസ്സുതകർന്ന് മുഴുഭാന്ത്രിയായി മാറുകയായിരുന്നു. ആ കാളിയമ്മയാണ് എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടിരുന്ന കാളിപ്രാന്തി.

കൊല്ലപ്പെട്ട സ്ത്രീകളെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാമോ?

ഉത്തരം: ഔദ്യോഗിക കണക്കനുസരിച്ച് 194 പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കെ സി ജോർജിന്റെ പുസ്തകത്തിൽ 500ലേറെപ്പേർ കൊല്ലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചരിത്രകാരനായ റോബിൻ ജെഫ്രി എഴുതുന്നത് 2000ത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. ഏതാണ്ടത്രയും പേർ കൊല്ലപ്പെട്ടിട്ടുണ്ടാവാനിടയുണ്ട്. വയലാറിൽ രക്തസാക്ഷി സ്തൂപം നിൽക്കുന്നതിനടുത്ത് വെടിക്കുന്ന് എന്നു പറയുന്ന ഒരു സ്ഥലമുണ്ട്. വെടിയേറ്റ് കൊല്ലപ്പെട്ടവരെയും പാതിജീവനുണ്ടായിരുന്നവരെയും കൂട്ടിയിട്ട് മണ്ണിട്ടു മൂടിയിരുന്ന സ്ഥലമാണത്. അതിനടുത്തുള്ള കുളങ്ങളിലെല്ലാം വെടിയേറ്റവരെയും /പാതി ജീവൻ അവശേഷിച്ചവരെയും വലിച്ചിഴച്ച് തള്ളുകയാണുണ്ടായത്. പിൽക്കാലത്ത് അതിനടുത്ത് സ്ഥലം വാങ്ങിയ ഒരാൾ അവിടെ കുളം വൃത്തിയാക്കാനായി മണ്ണ് മാറ്റിയപ്പോൾ നിരവധി തലയോടുകളും അസ്ഥികൂടങ്ങളും അവിടെനിന്നും കണ്ടെത്തുകയുണ്ടായി. അതോടെ അദ്ദേഹം ആ ശ്രമമുപേക്ഷിച്ചു. ഇങ്ങനെ അഞ്ചോ ആറോ കുളങ്ങളുള്ളതായാണ് എന്റെ അറിവ്.

മറ്റൊരു കാര്യം ചേർത്തല താലൂക്കിൽ പല ഭാഗത്തും പൊലീസിന്റെയും ഗുണ്ടകളുടെയും അഴിഞ്ഞാട്ടം മൂലം ആളുകൾക്ക് സ്വന്തം വീടുകളിൽ കഴിയാൻ പറ്റുമായിരുന്നില്ല. പുരുഷന്മാരെല്ലാം ഒളിവിൽ പോകാൻ നിർബന്ധിതരായി. വീടുകളൊക്കെ തല്ലിത്തകർക്കപ്പെട്ടതിനെത്തുടർന്ന് ഭക്ഷണം പാകം ചെയ്യാനാകാതെ കൊടും പട്ടിണിയിലായി. ഈ സാഹചര്യത്തിലാണ് പട്ടിണികിടക്കുന്ന മനുഷ്യരെ രക്ഷിക്കാനായി സി കെ കുമാരപ്പണിക്കർ മുൻകെെയെടുത്ത് ക്യാമ്പുകൾ ആരംഭിച്ചത്. ഈ ക്യാമ്പുകളിൽ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. വെടിവെപ്പിൽ ഇവരാകെ കൊല്ലപ്പെടുകയോ ജീവനോടെ കുഴിച്ചുമൂടപ്പെടുകയോ ഉണ്ടായി. ഈ വെടിവെപ്പിനെ തുടർന്നുള്ള ദിവസങ്ങളിൽ പുന്നപ്രയിലെയും വയലാറിലെയും വീടുകളാകെ തീയിട്ടു നശിപ്പിച്ചു. അവയിൽ പലതിലും ആളുകളുണ്ടായിരുന്നതായാണറിയുന്നത്.

ഇതു സംബന്ധിച്ച ഡോക്യുമെന്റേഷൻ നടത്താൻ അതിനെ തുടർന്നുള്ള കാലത്ത് ശ്രമങ്ങളുണ്ടായിരുന്നോ?

ഉത്തരം: ഇല്ല. അക്കാലത്ത് അത് അസാധ്യമായിരുന്നു. കാരണം പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ജീവനോടെ അവശേഷിച്ചിരുന്നവരെല്ലാം ഒന്നുകിൽ പൊലീസ് കസ‍്റ്റഡിയിലായിരുന്നു അല്ലെങ്കിൽ ഒളിവിൽ ആയിരുന്നു. സ്വാതന്ത്ര്യാനന്തരമാണ്, ഏതാണ്ടൊരു വർഷത്തിനുശേഷം ഒളിവിലിരുന്നവരെല്ലാം നാട്ടിൽ തിരിച്ചുവന്നത്. അപ്പോഴേക്കും കൽക്കട്ട തീസിസിനെത്തുടർന്ന് ഇന്ത്യാ ഗവൺമെന്റ് കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. കമ്യൂണിസ്റ്റ് പ്രവർത്തകരാകെ വീണ്ടും ഒളിവിൽ പോകാൻ നിർബന്ധിതരായി. രണ്ടുവർഷത്തിലേറെക്കഴിഞ്ഞാണ് ആ നിരോധനം നീക്കുന്നത്. അതാണ് ആ സമയത്ത് കൃത്യമായൊരു ഡോക്യുമെന്റേഷൻ നടത്താൻ കഴിയാതെ വന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + ten =

Most Popular