രാജ്യത്തിന്റെ സാമ്പത്തിക മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ശതകോടീശ്വരന്മാരുടെ കീശ വീർക്കുന്നതല്ലാതെ സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുന്നില്ല എന്നു മാത്രമല്ല, കൂടുതൽ ദുഷ്കരമാവുകയുമാണ്. 121 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111-–ാം സ്ഥാനത്താണ്. മാനവവികസന സൂചികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 191 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ 132–ാം സ്ഥാനത്താണ് ഇന്ത്യ. സാമ്പത്തിക അസമത്വ സൂചികയില്‍ 161 രാജ്യങ്ങളുടെ പട്ടികയില്‍ 123-–ാമതാണ് നമ്മള്‍. ആരോഗ്യമേഖലയിലെ പണവിനിയോഗത്തിലാവട്ടെ 157-ാം സ്ഥാനത്താണ് നമ്മള്‍. ഇന്ത്യയ്ക്കു പിന്നില്‍ നാല് രാജ്യങ്ങള്‍ മാത്രമാണുള്ളത്. ഇത്തരം പിന്നാക്കാവസ്ഥകളില്‍ നിന്നു മുന്നേറാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലായെന്നു മാത്രമല്ല, എല്ലാത്തരം സാമൂഹിക ഇടപെടലുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്യുന്നു.
ഈ ദേശീയ സാഹചര്യത്തിലാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബദലിനെ വിലയിരുത്തേണ്ടത്. മാനവവികസന സൂചികയില്‍ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും ഏറെ മുന്നിലാണ് നാം. ലോകം ശ്രദ്ധിക്കുന്ന തരത്തിലുള്ള സാമൂഹിക പുരോഗതി നേടാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമുക്കു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയിലെ രണ്ടും മൂന്നും തലമുറ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ് നമ്മള്‍. ഈ ഘട്ടത്തിലാണ് കേരളം മുന്നേറേണ്ടതില്ല എന്ന തരത്തിലുള്ള സ്ഥാപിതതാത്പര്യത്തോടെയുള്ള ഇടപെടലുകള്‍ ചിലര്‍ നടത്തുന്നത്.
കേരളത്തിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതം പോലും നല്‍കുന്നില്ല. ഉച്ചഭക്ഷണത്തിന് യൂണിയന്‍ ബജറ്റില്‍ നീക്കിവച്ച തുകയുടെ ആദ്യ ഗഡു ബി ജെ പി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ലഭ്യമാക്കിയത്. ഈയിനത്തില്‍ കേരളത്തിന് കേന്ദ്രം അനുവദിക്കേണ്ടത് 284 കോടി രൂപയാണ്. ഇതൊന്നും പറയാതെ കേരളത്തിലെ സര്‍ക്കാരിനുമേല്‍ പഴിചാരാനാണ് ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന് ഡിവിസിബിള്‍ പൂളില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന വിഹിതം കുറച്ചു. 2017-ല്‍ നടപ്പിലാക്കിയ ജി എസ് ടി കേരളത്തിന്റെ നികുതി വരുമാനത്തില്‍ ഗണ്യമായ കുറവാണ് സൃഷ്ടിച്ചത്. നിയമപ്രകാരം ഉറപ്പുനല്‍കിയിരുന്ന സംരക്ഷിത നികുതി വരുമാനം 2022 ജൂണ്‍ 30ന് അവസാനിപ്പിച്ചു. ഇതിന്റെ ഫലമായി സംസ്ഥാനത്തിന് ഈ വര്‍ഷമുണ്ടാകുന്ന കുറവ് 12,000 കോടി രൂപയാണ്.
കോവിഡ് ഘട്ടത്തില്‍ 5 ശതമാനം ഉണ്ടായിരുന്ന കടമെടുപ്പ് പരിധി ഈ സാമ്പത്തിക വര്‍ഷം ജി എസ് ഡി പിയുടെ 3 ശതമാനമാക്കി കുറച്ചു. ഇതിനുപുറമേ കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനിയും എടുക്കുന്ന കടവും പൊതുകടത്തിന്റെ പരിധിയിലാക്കി. ഈ ഇനത്തില്‍ ചുരുങ്ങിയത് 6,000 കോടി രൂപയുടെ കുറവാണ് സര്‍ക്കാരിന്റെ വിഭവ സമാഹരണത്തില്‍ ഈ സാമ്പത്തികവര്‍ഷം ഉണ്ടാവുക. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത് രാജ്യത്തെ ആകെ വരുമാനത്തിന്റെ 64 ശതമാനത്തിലധികവും യൂണിയനാണ് ലഭിക്കുന്നതെന്നും 36 ശതമാനത്തില്‍ താഴെ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂ എന്നുമാണ്. എന്നാലതേസമയം ചെലവിന്റെ 60 ശതമാനത്തിലധികവും വഹിക്കേണ്ടിവരുന്നത് സംസ്ഥാനങ്ങളാണുതാനും.
എന്നാൽ, ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ കേരളം മുന്നോട്ടു കുതിക്കുകയാണ് ചെയ്തത്. 2016 ല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇതിപ്പോള്‍ 10.17 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. അതായത്, കഴിഞ്ഞ 7 വര്‍ഷംകൊണ്ട് 84 ശതമാനം വര്‍ദ്ധനവ്. 2016 ല്‍ കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി അത് ഉയര്‍ന്നിരിക്കുന്നു. 54 ശതമാനത്തിലധികം വര്‍ദ്ധനവ്. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തില്‍ നിന്നും 35 ശതമാനത്തില്‍ താഴെയെത്തിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. നവകേരള സദസ്സ് എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന ഇത്ര വിപുലമായ ഒരു പരിപാടി കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും.
2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്തംബറില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകാരികളും തൊഴിലാളികളും കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും മഹിളകളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരരും അടങ്ങുന്ന മണ്ഡലം ബഹുജന സദസ്സുകള്‍ ആസൂത്രണം ചെയ്യും. അനുബന്ധമായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും.
നവകേരള സദസ്സില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിള, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതി–പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാരർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരിപാടിയുടെ സംസ്ഥാനതല കോഓര്‍ഡിനേറ്ററായി പാര്‍ല മെന്ററികാര്യ മന്ത്രി പ്രവര്‍ത്തിക്കും. ജില്ലകളില്‍ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാര്‍ക്കായിരിക്കും. ജില്ലകളില്‍ പരിപാടിയുടെ സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കും. മണ്ഡലങ്ങളിലെ പരിപാടികളുടെ കണ്‍വീനറായി ഒരു ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കും.
പുതിയ കേരളത്തിനായി നാം ഒത്തൊരുമിച്ച് മുന്നോട്ടു പോവുകയാണ്. ഇന്ന് ഏതു മേഖലയെടുത്താലും ജീവിത നിലവാര സൂചികകളിൽ കേരളം രാജ്യത്തിന്റെ മുൻനിരയിലാണ്. ദേശീയ,- അന്തർദ്ദേശീയ പുരസ്കാരങ്ങൾ നിരന്തരം നമ്മെ തേടിയെത്തുന്നു. നാടിന്റെ നന്മയ്ക്കായി ജനങ്ങളും സർക്കാരും ഒരേ മനസ്സോടെ അരയും തലയും മുറുക്കി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ മാറ്റം. പൊതുവിദ്യാലയങ്ങളിലേയ്ക്ക് മക്കളെ അയക്കാൻ മടിച്ചിരുന്ന, സർക്കാർ ആശുപത്രികളിലേയ്ക്ക് പോകാൻ ഭയപ്പെട്ടിരുന്ന, സാമൂഹ്യപെൻഷനുകൾ മുടങ്ങിക്കിടന്നിരുന്ന കാലം നമ്മൾ മറന്നു തുടങ്ങിയിരിക്കുന്നു. അടിസ്ഥാനസൗകര്യങ്ങൾ താറുമാറായിരുന്ന, വ്യവസായ വികസനം മുരടിച്ചു നിന്നിരുന്ന, കെടുകാര്യസ്ഥതയിൽ മനം മടുത്തു നിന്ന നാടിന്റെ മുഖച്ഛായ നാം മാറ്റിയെടുത്തു. വികസനമുന്നേറ്റത്തിൽ മാത്രമല്ല, പ്രകൃതിദുരന്തങ്ങളേയും കോവിഡ് മഹാമാരിയേയും അതിജീവിക്കുന്നതിനായി സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി അണിനിരന്ന അനുഭവവും ഈ നാടിന്റെ സവിശേഷതയാണ്.
നാടിന്റെ പുരോഗതിയെന്നാൽ ഏറ്റവും സാധാരണക്കാരുടെ ക്ഷേമവും ഉന്നമനവും ഉറപ്പിക്കേണ്ട പ്രക്രിയയാണെന്ന ഉറച്ച ബോധ്യത്തോടെയാണ് നാം പ്രയത്നിച്ചത്. സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിനു മാത്രമേ പുരോഗതി യാഥാർത്ഥ്യമാക്കാൻ കഴിയുകയുള്ളൂ. അടിയുറച്ച ആ ബോധ്യമാണ് ഈ സർക്കാരിന്റെ കരുത്ത്. ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമായി കേരളത്തെ നിലനിർത്താൻ നമുക്ക് കഴിയുന്നതും ആ നിലപാട് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതു കൊണ്ടാണ്. ഇനിയും ഉയരങ്ങളിലേയ്ക്ക് കേരളത്തെ എത്തിക്കേണ്ടതുണ്ട്. അതേറ്റവും നന്നായി നടപ്പാക്കാൻ ജനങ്ങളുടെ സക്രിയമായ പങ്കാളിത്തം അനിവാര്യമാണ്. സംഭാവനകൾ അനിവാര്യമാണ്. അവരുടെ പങ്കാളിത്തവും പിന്തുണയും ഉറപ്പുവരുത്താനും ജനങ്ങളിലേയ്ക്ക് സർക്കാരിനെ കൂടുതൽ അടുപ്പിക്കാനും നവകേരള സദസ്സ് സഹായകമാകും. ♦