Friday, December 13, 2024

ad

Homeവിശകലനംസർക്കാർ ചെലവിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം

സർക്കാർ ചെലവിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം

സി പി നാരായണൻ

പ്രിൽ –മെയ് മാസങ്ങളിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് 18–ാം ലോക്-സഭയെ തിരഞ്ഞെടുക്കാനുള്ളതാണ്. ലോകത്ത് പാർലമെന്ററി ജനാധിപത്യം വലിയ കോട്ടംകൂടാതെ നിലനിൽക്കുന്ന രാജ്യങ്ങളിൽ അപൂർവം ഒന്നാണ് ഇന്ത്യ. ഇത് പറയുമ്പോൾ മറന്നുകൂടാത്ത ഒരു വസ്തുതയാണ് ഇന്ത്യയിലെ ജനാധിപത്യം വലിയ വെല്ലുവിളികളെ നേരിടുന്നു എന്ന കാര്യം. ഭരണാധികാരികൾ തന്നെയാണ് അതിനു നേതൃത്വം നൽകുന്നത് എന്നതാണ് ഉൽക്കണ്ഠ ജനിപ്പിക്കുന്ന വസ്-തുത.

പത്തുവർഷത്തോളം തുടർച്ചയായി അധികാരത്തിൽ ഇരുന്നപ്പോഴേക്ക് ജനങ്ങൾക്ക് മോദി വാഴ്ച മടുത്തിരിക്കുന്നു. മറ്റൊന്നും കൊണ്ടല്ല. പ്രസംഗവേദികളിൽ നിന്നു ജനങ്ങൾക്ക് വായും കെെയും നിറയെ നൽകുന്ന വാഗ്ദാനങ്ങളെല്ലാം വായ്-പാട്ടുകൾ മാത്രമാണ് എന്നു ജനങ്ങൾക്ക് അനുഭവത്തിൽനിന്നു ബോധ്യമായിരിക്കുന്നു. 2014ലെ ലോക്-സഭാ തിരഞ്ഞെടുപ്പു കാലത്ത് എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു നരേന്ദ്രമോദിയും ബിജെപിയും ജനങ്ങൾക്ക് വാരിക്കോരി നൽകിയത്! ഓരോ വോട്ടറുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ തങ്ങൾ അധികാരത്തിൽ വന്നാൽ നിക്ഷേപിക്കും എന്നു തുടങ്ങി എന്തെല്ലാം? പഴയൊരു മലയാള സിനിമയിൽ അടൂർഭാസി അവതരിപ്പിച്ച കഥാപാത്രം നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ഓർമിപ്പിക്കുന്നു 2014ലെ തിരഞ്ഞെടുപ്പു കാലത്ത് മോദിയും ബിജെപിയും നൽകിയ മോഹനസുന്ദര വാഗ്ദാനങ്ങൾ. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചു കൊണ്ട് പ്രധാനമന്ത്രി മോദി പിന്നീട് ഒരു രാത്രി ചെയ്ത രാഷ്ട്രത്തിനോടുള്ള പ്രസംഗം എന്തായിരുന്നു? അന്നു നൽകിയ വാഗ്ദാനങ്ങളെല്ലാം മഞ്ഞുപോലെ മാഞ്ഞുപോയി.

ജനങ്ങൾക്ക് തൊഴിലില്ല, വരുമാനമില്ല, ദശലക്ഷക്കണക്കിനു ആളുകൾ പട്ടിണികിടക്കുന്നു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ സാമ്പത്തിക പുരോഗതി കെെവരിച്ചുകൊണ്ടിരിക്കുന്നു എന്നു ധനമന്ത്രി പറയുന്നു. അതിനൊപ്പിച്ച കണക്കുകളും അവതരിപ്പിക്കുന്നു. അത് ശരിയാണോ തെറ്റാണോ എന്നറിയുക വളരെ പ്രയാസമാണ് ഇന്ന്. കാരണം മോദി വാഴ്ച തുടങ്ങിയശേഷം, പ്രത്യേകിച്ച് കോവിഡ് ബാധ ഉണ്ടായ ശേഷം, അതേവരെ പതിവുണ്ടായിരുന്ന രീതിയിൽ കേന്ദ്ര സർക്കാർ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നില്ല. തങ്ങളുടെ അവകാശവാദം ന്യായീകരിക്കുന്നതിനു ആവശ്യമായ വസ്തുതകൾ സർക്കാരിന്റെ സ്ഥിതിവിവരക്കണക്കു വകുപ്പ് ശേഖരിക്കുന്നുണ്ടോ എന്നു സംശയമാണ്. എല്ലാ പതിറ്റാണ്ടുകളുടെയും തുടക്കത്തിൽ സെൻസസ് നടത്തുന്നത് ഇന്ത്യാ സർക്കാരിന്റെ പതിവായിരുന്നു 2011 വരെ. കോവിഡിന്റെ പേരിൽ 2021ലെ സെൻസസ് നിർത്തിവച്ചു. കോവിഡിന്റെ ആഘാതത്തെ നാട് അതിജീവിച്ചശേഷം സെൻസസ് എടുക്കാൻ മോദി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കണക്കുണ്ടെങ്കിലല്ലേ സർക്കാരിനെ വസ്തുതകൾ വച്ച് വിമർശിക്കാനും പ്രതികൂട്ടിൽ നിർത്താനും കഴിയു? ഇതായിരിക്കാം മോദി സർക്കാരിന്റെയും ബിജെപിയുടെയും നിലപാട്. ആ കണക്ക് ശേഖരിക്കുന്നത് സർക്കാരാണ്. നമ്മുടെ നാട്ടിൽ മാത്രമല്ല, ലോക രാജ്യങ്ങളിലാകെ. ലോക പ്രശസ്തി നേടിയ നമ്മുടെ ആ പതിവാണ് ഇപ്പോൾ മോദി സർക്കാർ നിർത്തിവച്ചിരിക്കുന്നത്.

സ്വാതന്ത്ര്യലബ്ധിയെതുടർന്ന് നെഹ്റു സർക്കാർ രാജ്യത്ത് പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ ആരംഭിച്ചു. അതിനു ഒഴിച്ചുകൂടാനാവാത്തതാണ് സ്ഥിതിവിവരക്കണക്ക്. പി സി മഹാലനോബിസ്, പി വി സുഖാത്-മെ, സി ആർ റാവു മുതലായ ലോക പ്രശസ്ത സ്ഥിതിവിവരക്കണക്കു വിദഗ്ധർ അന്ന് ഇവിടെ ഉണ്ടായിരുന്നു. അവരെല്ലാം ചേർന്നാണ് പത്തുവർഷംതോറും സെൻസസ്, അയ്യഞ്ചുവർഷം കൂടുമ്പോൾ വിവിധ ജനവിഭാഗങ്ങളെയും അവരെ ബാധിക്കുന്ന വിഷയങ്ങളെയും മറ്റും സംബന്ധിച്ച സർവെകൾ മുതലായവ നടത്തിയിരുന്നത്. സർക്കാരിനു ഭരണകാര്യങ്ങളിൽ ഉപയോഗിക്കാനും മറ്റുള്ളവർക്ക് സർക്കാരിനെ വിമർശിക്കാനും ഈ കണക്കുകൾ പ്രയോജനപ്പെട്ട വസ്തുതകളായിരുന്നു– മോദി സർക്കാർ അത്തരം കണക്കെടുപ്പെല്ലാം നിർത്തിവച്ചിരിക്കുകയാണ്. മോദി സർക്കാരിനു ആ കണക്കുകൾ ആവശ്യമല്ല, അനാവശ്യമാണ്. അത്തരം കണക്കുണ്ടെങ്കിലല്ലേ പ്രതിപക്ഷങ്ങൾക്കും മറ്റും സർക്കാരിനെ വിമർശിക്കാൻ കഴിയൂ.

തൊഴിലിന്റെയും വരുമാനത്തിന്റെയും കാര്യത്തിൽ മാത്രമല്ല മൊത്തത്തിലാണ് തകർച്ച. അദാനിയെപ്പോലുള്ള വൻകിട കുത്തകകളുടെയും വൻ ഭൂപ്രഭുക്കളുടെയും മുതൽ ഓരോ മേഖലയിലെയും ഏറ്റവും സമ്പന്നരുടെ സ്വത്തും വരുമാനവുമൊക്കെ മോദി വാഴ്ചയിൽ വർധിച്ചു. ഇത് നെഹ്റു, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, വാജ്പേയി, മൻമോഹൻസിങ് മുതലായവരുടെ മന്ത്രിസഭകളുടെ കാലത്തെല്ലാം സംഭവിച്ചിട്ടുണ്ട്. അത് ആവർത്തിക്കുക മാത്രമല്ല മോദി വാഴ്ചയിൽ ഉണ്ടായത്. കുറഞ്ഞ വരുമാനക്കാരുടെ, തൊഴിലില്ലാത്തവരുടെ, തൊഴിൽ നഷ്ടപ്പെടുന്നവരുടെ, ഭൂമി നഷ്ടപ്പെടുന്നവരും ഭൂമിയില്ലാത്തവരുമായ കൃഷിക്കാരുടെ, പട്ടിണിക്കാരുടെ എല്ലാം എണ്ണവും തോതും വലിയതോതിൽ വർധിച്ചു മോദി വാഴ്ചയിൽ.

മോദിയുടെ വാചകക്കസർത്തിൽ, വാഗ്ദാനപ്പെരുമഴയിൽ ഒക്കെ ആദ്യനാളുകളിൽ മിക്ക ആളുകളും വ്യാമോഹിതരായിരുന്നു. എന്നാൽ, വർഷങ്ങൾ കഴിയുംതോറും പറഞ്ഞു മോഹിപ്പിച്ചതൊന്നുമല്ല സംഭവിക്കുന്നതെന്നു മോദിയുടെ വിമർശകർ മാത്രമല്ല, അന്ധമായി ആരാധിക്കുന്നവർപോലും തിരിച്ചറിയുന്ന കാലം വന്നു. അമേരിക്കയുടെ പ്രസിഡന്റ് ബെെഡൻ, ബ്രീട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, റഷ്യൻ പ്രസിഡന്റ് പുടിൻ എന്നിവരുടെയെല്ലാം സുഹൃത്തു മാത്രമല്ല, ഗുരു കൂടിയാണ്, വിശ്വഗുരുവാണ് മോദി എന്നെല്ലാമുള്ള ചപ്പടാച്ചികളെല്ലാം പടിപ്പടിയായി കൊഴിഞ്ഞുവീണു. ‘‘എല്ലാം ഞമ്മളാ’’ എന്നു പറയുന്ന ബഷീറിന്റെ കഥാപാത്രത്തെയാണ് മോദി അനുസ്മരിപ്പിക്കുന്നത് എന്നു കൂടുതൽ കൂടുതൽ പേർക്ക് ബോധ്യമാകാൻ തുടങ്ങി.

ജനസാമാന്യത്തിന്റെ ജീവിതനിലവാരം, പ്രത്യേകിച്ച് അധഃസ്ഥിതരുടെ മുമ്പൊരുകാലത്തും ഇല്ലാത്ത വിധത്തിൽ ഇടിഞ്ഞു താഴാൻ തുടങ്ങി. മോദിയുടെ സാമ്പത്തികനയം ജനങ്ങൾ തമ്മിൽ സമ്പത്തിലുള്ള വിടവ് കുറയ്ക്കുകയല്ല, മുമ്പില്ലാത്തവിധം വർധികപ്പി്കുകയാണ് ചെയ്തത്.

സമൂഹത്തിൽ വർഗീയ വിദേ-്വഷം കുത്തിപ്പൊക്കുന്ന കാര്യത്തിൽ അയോധ്യയിലെ രാമക്ഷേത്രം പോലെ ജനങ്ങളെ സാമുദായികാടിസ്ഥാനത്തിൽ തമ്മിൽ പോരടിപ്പിക്കാൻ കഴിയുന്നത്ര സംഭാവന അവർ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. മോദിയുടെയും സഹപ്രവർത്തകരുടെയും പരമായ ലക്ഷ്യം ജനങ്ങൾക്കിടയിൽ സാമുദായികമായും വർഗീയമായും ശത്രുത വളർത്തലാണ് എന്ന ബോധം ജനങ്ങൾക്കിടയിലുണ്ട്.

ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ വരാൻ പോകുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വിജയം നേടാൻ കഴിയുമോ എന്ന ആശങ്ക മോദിക്കും സഹപ്രവർത്തകർക്കുമുണ്ട്. തങ്ങൾ പ്രചരണം നടത്തിയാൽ ജനങ്ങൾ വിശ്വസിച്ചേക്കില്ല എന്ന സംശയം മോദി പ്രഭൃതികൾക്കു പ്രബലമായുണ്ട്. അതിനാൽ, സർക്കാർ ഉദ്യോഗസ്ഥരെ തന്നെ തങ്ങളുടെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനായി മോദി സർക്കാർ നിയോഗിക്കുകയാണ്. അതിന്റെ വിശദമായ നിർദേശങ്ങൾ നൽകിക്കഴിഞ്ഞതായി അറിയുന്നു.

രാജ്യത്താകെ 765 ജില്ലകളുണ്ട്. രണ്ടര ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളും നവംബർ 20 മുതൽ ജനുവരി 25 വരെയുള്ള 76 ദിവസങ്ങളിൽ ഇവിടങ്ങളിൽ മോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കാനായി കേന്ദ്ര സർവീസിലെ പട്ടാളക്കാർ ഉൾപ്പെടെയുള്ള ഉയർന്ന ഉദേ-്യാഗസ്ഥരെ നിയോഗിക്കുകയാണ് മോദി സർക്കാർ എന്നാണ് വാർത്ത. ഇതിനായി ഓരോ ജില്ലയ്ക്കും രണ്ടു വീതം രഥങ്ങൾ തയ്യാറാക്കിവിടും. ഓരോ രഥവും മൂന്നു പഞ്ചായത്തുകളിൽ വീതം ഓരോ ദിവസം പ്രചരണം നടത്തും. ഓരോ രഥത്തിലും ജിപിഎസും ഡ്രോണും എൽഇഡി സ്ക്രീനും ഒക്കെയായി നാലോ അഞ്ചോ സർക്കാർ ഉദേ-്യാഗസ്ഥർ വീതമെങ്കിലും ഉണ്ടാകും.

മോദിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രവർത്തകരും മറ്റും പ്രചരണത്തിനു ഇറങ്ങുംമുമ്പ് ഇത്തരം ഔദേ-്യാഗിക പ്രചരണം സംഘടിപ്പിക്കുന്നത് പിന്നീട് മോദിയുടെ നേതൃത്വത്തിൽ ബിജെപിയും പരിവാരവും നടത്തുന്ന രാഷ്ട്രീയ പ്രചരണത്തിനും അവകാശവാദങ്ങൾക്കും വിശ്വാസ്യത വർധിപ്പിക്കാനാണ്. പ്രതിപക്ഷം ഇന്ത്യ എന്ന കൂട്ടായ്മയായി സംഘടിച്ച് മത്സരിച്ചാൽ ബിജെപി വളരെ ദയനീയമായ പരാജയമാണ് നേരിടേണ്ടി വരിക എന്ന ബോധ്യം ഉണ്ടായതോടെയാണ് പാർലമെന്ററി ജനാധിപത്യത്തിലെ സകല തിരഞ്ഞെടുപ്പ് വഴക്കങ്ങളെയും മാതൃകകളെയും മര്യാദകളെയും മാനദണ്ഡങ്ങളെയും കാറ്റിൽപറത്തിക്കൊണ്ട് ഒൗദേ-്യാഗിക സംവിധാനത്തെ മുന്നിൽ നിർത്തിക്കൊണ്ടുള്ള ഈ പ്രചരണ പരിപാടിക്ക് മോദിയും സഹപ്രവർത്തകരും കൂടി രൂപംനൽകിയത്.

ഭരണകക്ഷിയുടെയും അതിന്റെ വെെതാളികരുടെയും ഉപകരണവും രക്ഷാകവചവുമായി അവരുടെ സങ്കുചിത ലക്ഷ്യസാധ്യത്തിനു ഭരണകൂട സംവിധാനത്തെ മാറ്റിയെടുക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് ആർഎസ്എസും ബിജെപിയും കൂടി മോദിയെ മുന്നിൽ നിർത്തിക്കൊണ്ട് പയറ്റാൻ മുതിരുന്നത്. ഇന്ത്യയിൽ മതനിരപേക്ഷതയും ജനാധിപത്യവും സ്വാതന്ത്ര്യവും സമത്വവും നീതിയും സാഹോദര്യവും അടിസ്ഥാനമാക്കിയുള്ള റിപ്പബ്ലിക് ആണ് ജനങ്ങൾ ഭരണഘടനയിലൂടെ സ്ഥാപിച്ചത്; അത് രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനങ്ങളിൽ നിന്നു ഒഴിഞ്ഞുനിൽക്കുമെന്നും . അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 76 വർഷങ്ങൾക്കിടയിൽ ഈ രാജ്യവും അതിലെ ജനങ്ങളും കൂടുതൽ സമത്വത്തിലേക്കും നീതിയിലേക്കും സാഹോദര്യത്തിലേക്കും പുരോഗമിച്ചത്. അതിനുവേണ്ടിയാണ് രാഷ്ട്രീയ പ്രവർത്തനത്തെ രൂപപ്പെടുത്തിയത്. ഭരണഘടനക്കു രൂപം നൽകിയ നാളുകളിൽ അതിനെ എതിർത്ത ഇന്ത്യയിലെ ഏകവിഭാഗമായിരുന്നു ആർഎസ്എസ്. അതിന്റെ കാർമികത്വത്തിലാണ് ഇപ്പോൾ സ്വതന്ത്രമായ തിരഞ്ഞെടുപ്പു സംവിധാനത്തെ അട്ടിമറിച്ചുകൊണ്ട് അധികാരം പിടിച്ചടക്കാനുള്ള നീക്കം. ഇതിനെ പറ്റെ പരാജയപ്പെടുത്താൻ ജനങ്ങൾ ഒന്നാകെ അണിനിരക്കേണ്ടതാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × five =

Most Popular