ഫാസിസത്തിന്‍റെ കാലം സത്യത്തിനുനേരെ കണ്ണടയ്ക്കുകയും നുണ നൂറ്റൊന്നാവര്‍ത്തിക്കുകയും ചെയ്യുന്ന മാധ്യമശൈലിയുടെകൂടി കാലമാണ്. എപ്പോഴും സത്യം വിളിച്ചു പറയുന്നവര്‍, ഫാസിസ്റ്റുകളുടെ ഹിതാനുവര്‍ത്തികളായി പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ തയ്യാറാകാത്തവര്‍ നിരന്തരം ക്രൂശിക്കപ്പെടുന്ന കാലവുമാണ്. കേരളത്തില്‍ ഇപ്പോള്‍ രാജ്ഭവന്‍ കേന്ദ്രീകരിച്ച് അരങ്ങേറുന്ന പൊറാട്ടുനാടകങ്ങളെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. സംസ്ഥാന സര്‍ക്കാരിനെയും സംസ്ഥാനത്തെ ജനങ്ങളെയും എന്തിന്, മാധ്യമങ്ങളെത്തന്നെയും അപഹസിക്കുന്ന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍റെ നിലപാടുകള്‍ക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ എന്നറിയപ്പെടുന്നവയിലെ മുന്‍നിരക്കാര്‍ തന്നെ അരുനില്‍ക്കുകയോ അവയ്ക്കെല്ലാം നേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നതാണ് നാം ഇന്ന് കാണുന്നത്.
മാധ്യമങ്ങളുമായി ബന്ധപ്പെട്ട ആരിഫ് മൊഹമ്മദ് ഖാന്‍റെ മൂന്ന് പ്രസ്താവനകള്‍ ചേര്‍ത്തുവെച്ചോ അല്ലാതെയോ ചര്‍ച്ചയില്‍ വരുന്നുണ്ട്. ഒന്ന്, കൈരളി ടിവി, ദേശാഭിമാനി പത്രം എന്നിങ്ങനെ ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് ഗവര്‍ണറുടെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയില്ല. രണ്ട്, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെല്ലാം കാഡര്‍മാരാണ്, സത്യസന്ധതയില്ലാത്തവരാണ്, അതുകൊണ്ട് താനിനി അവരുമായി സംസാരിക്കില്ല. മൂന്ന്, ഏഴാം തീയതി ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍നിന്ന്, ഔദ്യോഗികമായി ക്ഷണിക്കപ്പെട്ട് വന്ന രണ്ട് ദൃശ്യ മാധ്യമങ്ങളിലെ – കൈരളി ടിവി, മീഡിയ വണ്‍ – പ്രവര്‍ത്തകരെ “ഗെറ്റൗട്ട്” അടിച്ച് പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ മാധ്യമ സമ്മേളനം ബഹിഷ്കരിച്ചു. ഇത്രയുമാണ് സംഭവങ്ങള്‍. ഇവിടെ ഒടുവില്‍ നടന്ന ഗെറ്റൗട്ടിന്, ഗവര്‍ണറോട് മുഖദാവില്‍ പ്രതിഷേധിക്കാന്‍ മുഖ്യധാരക്കാരാരും തയ്യാറായില്ല എന്നതാണ് നാണക്കേടായത്. ആത്മാഭിമാനമുള്ള മാധ്യമ പ്രവര്‍ത്തകര്‍ മുതലാളീടെ നിലപാടു നോക്കാതെതന്നെ ഗവര്‍ണറുടെ ധിക്കാരംനിറഞ്ഞ ഫാസിസ്റ്റ് നടപടിക്കെതിരെ അത് ബഹിഷ്കരിച്ച് പ്രതിഷേധിക്കണമായിരുന്നു. അങ്ങനെ ചെയ്താല്‍ പണിപോകുമെന്ന ഭീതിയില്‍ വാര്‍ത്താ സമ്മേളനം സങ്കടത്തോടെ കവര്‍ ചെയ്തവരും ഉണ്ടാകും. അതാണ് നമ്മുടെ മാധ്യമ ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥ.
8-ാം തീയതി മലയാള മനോരമയുടെയും മാതൃഭൂമിയുടെയും പ്രൈം ന്യൂസ് ഇതായില്ല. പകരം അവരുടെ പ്രൈംന്യൂസ് 10% സാമ്പത്തിക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ റിപ്പോര്‍ട്ടാണ്. മനോരമയുടെ മാസ്റ്റര്‍ ഹെഡ്ഡിന് തൊട്ടു താഴെയായി 8 കോളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്, “കത്ത് ക്രൈം ബ്രാഞ്ചും സിപിഎമ്മും അന്വേഷിക്കും” എന്ന സാധനമാണ്. അതുക്കും താഴെ സാമ്പത്തിക സംവരണത്തിന്‍റെ ഇടത്തായി ” ‘കടക്കുപുറത്ത്’ ഗവര്‍ണര്‍ വക” എന്ന ശീര്‍ഷകത്തില്‍ സംഭവത്തെ പിടിപ്പിച്ചിരിക്കുന്നു. അതില്‍ കൊടുത്തിരിക്കുന്ന ബൈജൂന്‍റെ കാര്‍ട്ടൂണാണ് ബഹുജോര്‍! ഗവര്‍ണര്‍ ഖാന്‍ കൈചൂണ്ടി ആക്രോശിക്കുന്നു, അദ്ദേഹത്തിന്‍റെ നിഴല്‍ പിണറായിയുടെ രൂപസാദൃശ്യം കൈവരിച്ച് പുറത്തേക്ക് വിരല്‍ ചൂണ്ടുന്നു. മനോരമേടെ ജനം അന്തം വിട്ട് പറയുന്നു “രണ്ടും കേഡര്‍ പാര്‍ടികളാ….” എന്ന്. അതായത് മുഖ്യമന്ത്രി മാപ്രകളോട് “കടക്കു പുറത്തെ”ന്ന് പറഞ്ഞല്ലോ, അത്രേ ഗവര്‍ണറും ചെയ്തുള്ളൂന്ന്.
കൂടുതല്‍ വ്യക്തതയ്ക്കായി നമുക്ക് 8-ാം തീയതി മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഒന്നു നോക്കാം. ആരിഫ് മൊഹമ്മദ് ഖാന്‍ കഴിഞ്ഞ കുറേനാളായി കേരള സമൂഹത്തെത്തന്നെ, തിരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനത്തെത്തന്നെ, അപഹസിക്കുകയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തപ്പോഴെല്ലാം അതിയാന്‍റെ പെട്ടിപ്പാട്ടുകാരായി ശിങ്കിയടിച്ചു നിന്ന മലയാള മാധ്യമങ്ങളില്‍ (പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഗവര്‍ണറെ നിശിതമായി വിമര്‍ശിച്ചിട്ടും) ഒന്നാം നിരക്കാരന്‍ ഇക്കാര്യത്തിലെങ്കിലും വാതുറന്നല്ലോ പടച്ചോനേ! എന്തായാലും അത് ഒന്നൊന്നര മുഖപ്രസംഗം തന്നെ! ശീര്‍ഷകം “ജനാധിപത്യവിരുദ്ധം ഈ മാധ്യമ വിലക്ക്”. വൈകിയാണെങ്കിലും ഗവര്‍ണറുടെ തോന്ന്യാസങ്ങള്‍ക്കെതിരെ മനോരമ പ്രതികരിച്ചല്ലോന്ന് ആശ്വസിക്കാം.
ആ മുഖപ്രസംഗത്തില്‍ ഒരു വരി ഒന്നാം പേജിലെ കാര്‍ട്ടൂണിനെ ഓര്‍മിപ്പിക്കുന്നു. അതിങ്ങനെ: “അഞ്ചുവര്‍ഷം മുന്‍പ് മാധ്യമ പ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ ആട്ടിപ്പുറത്താക്കിയതിന്‍റെ തുടര്‍ച്ച തന്നെയായി വേണം ഇന്നലെ ഗവര്‍ണര്‍ പറഞ്ഞ ‘ഗെറ്റൗട്ടി’നെയും കാണാന്‍”. ആടിനെ പട്ടിയാക്കുന്ന മാധ്യമ നുണയന്മാരുടെ സൃഷ്ടിയാണ്, ‘കടക്ക് പുറത്ത്’ എന്ന പദപ്രയോഗവുമായി ബന്ധപ്പെട്ട സംഭവം. എന്താത്? തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തി സമാധാനം സ്ഥാപിക്കുന്നതിനായി ഒരു കൂടിയാലോചന നടത്തുന്നു. അവിടേക്ക് മാധ്യമങ്ങളെയൊന്നും ആരും ക്ഷണിച്ചിരുന്നില്ല, എന്തായാലും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ ആരെയും ക്ഷണിച്ചിരുന്നില്ല. എന്നിട്ടും അവിടെ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഫോട്ടോയൊക്കെ എടുത്തു കഴിഞ്ഞെങ്കില്‍ ഇനി നിങ്ങള്‍ പുറത്തുപോകണം എന്ന് സൗമ്യമായി പറഞ്ഞതിനെത്തുടര്‍ന്ന് മിക്കവാറും മാധ്യമ പ്രവര്‍ത്തകര്‍ പുറത്തുപോയി. അപ്പോഴും ഒന്നോ രണ്ടോ പേര്‍ അവിടെ ചുറ്റിപ്പറ്റി നിന്നപ്പോഴാണ് “എന്താ നിങ്ങള്‍ക്ക് പറഞ്ഞത് മനസ്സിലായില്ലേ? പുറത്തിറങ്ങ്” എന്നു പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. ഏത് യോഗം നടക്കുമ്പോഴും ഏത് കൂടിക്കാഴ്ച നടക്കുമ്പോഴും അവിടെയെല്ലാം പതിയിരിക്കാനുള്ള സ്വാതന്ത്ര്യത്തിന്‍റെ പേര് മാധ്യമ സ്വാതന്ത്ര്യമെന്നല്ല മനോരമേ! മുഖ്യമന്ത്രിയോട് എന്തെങ്കിലും ചോദ്യം ചോദിച്ചതിന്‍റെ പേരിലല്ല, ക്ഷണിച്ചിട്ട് വന്ന മാധ്യമ പ്രവര്‍ത്തകരോടുമല്ല പുറത്തുപോകാന്‍ പറഞ്ഞത് എന്നും ഓര്‍ക്കുക. ക്ഷണിച്ചുവരുത്തിയിട്ട് ചോദ്യം ചോദിച്ചപ്പോള്‍ അതിനുത്തരമില്ലാതായപ്പോള്‍ “ഗെറ്റൗട്ട്” പറഞ്ഞതുമല്ല.
മാത്രമല്ല, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇപ്പോള്‍ ഗവര്‍ണര്‍ ചെയ്തതുപോലെ ദേശാഭിമാനി, കൈരളി ലേഖകരോട്, “മിണ്ടാതിരുന്നില്ലെങ്കില്‍ പിടിച്ചു പുറത്താക്കു”മെന്ന് ധിക്കാരപൂര്‍വം ആക്രോശിച്ചതിനെ മനോരമാദികള്‍ നിസ്സാരവല്‍ക്കരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്തതിനും നാം സാക്ഷ്യം വഹിച്ചതാണ്.
2-ാം തീയതിയിലെ മാതൃഭൂമിയൊന്ന് നോക്കാം. മനോരമ കൊടുത്തതിലും വളരെ കുറച്ച് സ്ഥലത്തായി ഗവര്‍ണറുടെ ജനാധിപത്യനിഷേധത്തെ ഒതുക്കിയിരിക്കുന്നു- ഒന്നാം പേജില്‍ ഇടത്തേയറ്റത്ത് രണ്ട് കോളം. അതും ഇങ്ങനെ: “മാധ്യമങ്ങളോട് കടക്കുപുറത്ത് പറഞ്ഞ് ഗവര്‍ണറും.” ഇവിടെ “ഗവര്‍ണറും” എന്ന പ്രയോഗംകൊണ്ട് മുന്‍പാരോ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ “ഗവര്‍ണറും” പറഞ്ഞുവെന്നും നിസ്സാരവല്‍ക്കരിക്കുകയാണ്. മാത്രമല്ല, മാസ്റ്റര്‍ ഹെഡ്ഡിനു താഴെയായി മറ്റൊരു സ്റ്റോറി നല്ല സ്റ്റൈലായി പ്ലാന്‍റ് ചെയ്ത് ഗവര്‍ണറെ വെള്ളപൂശുന്നുമുണ്ട്: “വീണ്ടും മാധ്യമനിയന്ത്രണത്തിന് സര്‍ക്കാര്‍. മിണ്ടരുത്!” പുതിയൊരു നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നൂന്ന് പറഞ്ഞുള്ള കലാപരിപാടി ഗവര്‍ണര്‍ക്ക് ചൂട്ടുപിടിക്കാന്‍ പടച്ചതാണെന്ന് വ്യക്തം. മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും നഗ്നമായി വെല്ലുവിളിക്കപ്പെട്ടിട്ടും അതിന് കുടപിടിക്കുന്നത് സ്വാതന്ത്ര്യസമരത്തിന്‍റെ പാരമ്പര്യം പറയുന്ന ഒരു പത്രത്തിന് ഭൂഷണമേയല്ല! പക്ഷേ ഇന്ന് ആ പത്രം സംഘിചാണകക്കുഴിയില്‍ മുങ്ങിക്കിടക്കുകയാണ്. അതാണ് മാതൃഭൂമിക്ക് മാധ്യമസ്വാതന്ത്ര്യത്തിനെതിരായി ഉയര്‍ന്ന ഈ വെല്ലുവിളിക്കെതിരെ പേരിനൊരു മുഖപ്രസംഗംപോലും എഴുതാന്‍ കഴിയാതിരുന്നത്.
ഏഴാം തീയതി മനോരമ ഒന്നാം പേജ് അലങ്കരിക്കുന്നത് എട്ടുകോളം നിറഞ്ഞ്, മാസ്റ്റര്‍ ഹെഡ്ഡിനു താഴെയായി ഇങ്ങനെയൊരു ഗമണ്ടന്‍ തലവാചകം കൊണ്ടാണ്: “കത്ത് വ്യാജമോ, ആരെഴുതി, എങ്ങനെ ചോര്‍ന്നു? അറിയില്ല. വിവാദകത്ത് സിപിഎമ്മും പൊലീസും അന്വേഷിക്കും; താന്‍ എഴുതിയതല്ലെന്ന് മേയര്‍”. അഞ്ചാം തീയതിമുതല്‍ മനോരമാദി പത്രങ്ങളും ചാനലുകളും ആഘോഷിക്കുന്ന വിഷയമാണ്, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂരിന് നഗരസഭയിലെ താല്‍ക്കാലിക ജോലികളിലേക്ക് അപേക്ഷിച്ച തൊഴിലന്വേഷകരില്‍ പാര്‍ട്ടി സഖാക്കളുടെ പ്രയോറിറ്റി ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തെഴുതിയെന്ന സ്റ്റോറി. തനിക്ക് അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ആനാവൂരും താന്‍ അങ്ങനെയൊരു കത്ത് എഴുതുകയോ അയക്കുകയോ ചെയ്തിട്ടില്ലെന്ന് മേയറും പറയുകയും മേയര്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും അന്വേഷണ ടീമിനെ തീരുമാനിക്കുകയും ചെയ്തു. അതോടെ സങ്കതി തീരേണ്ടതാണ്. എന്നാല്‍ പാഞ്ചാലിയുടെ അഴിക്കപ്പെട്ട ചേലപോലെ അതങ്ങനെ അനന്തമായി തുടരുകയാണ്. സിപിഐ എമ്മിനെതിരായി മറ്റൊരൈറ്റം കിട്ടുംവരെ അത് തുടരുകയും ചെയ്യും.
താന്‍ കത്തെഴുതിയിട്ടില്ലെന്നും പ്രചരിപ്പിക്കപ്പെടുന്ന കത്തിലെ ഒപ്പ് താനിട്ടതല്ലെന്നും മേയര്‍ പ്രസ്താവിച്ചതോടെ അത് വ്യാജമാണെന്ന് വ്യക്തമാണ്. എന്നാല്‍ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റാദികളുടെ ആവര്‍ത്തിച്ചുള്ള ചോദ്യം എന്തുകൊണ്ട് മേയര്‍ ‘വ്യാജകത്ത്’ എന്ന് പറയുന്നില്ലായെന്നാണ്. തോക്കെടുത്ത് വെടിവച്ചാല്‍ പോര ‘ഠേ’ന്നു പറയുകയും കൂടി വേണമെന്നാണ് മ്മളെ മാധ്യമശിങ്കങ്ങള്‍ പറേണത്. എന്നാല്‍ നുണപറയുന്ന ഈ മാധ്യമങ്ങളില്‍ ഒന്നായ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നവംബര്‍ 6ന്‍റെ ബുള്ളറ്റിന്‍ നോക്കൂ: “എന്നാല്‍ കത്ത് വ്യാജമെന്ന മേയറുടെ വാദം സിപിഎം ജില്ലാ സെക്രട്ടറി ഇന്നും ഏറ്റെടുത്തില്ല.” ചര്‍ച്ചയിലും വാര്‍ത്തയിലും മേയര്‍ “കത്ത് വ്യാജം” എന്ന് ഡയറക്ടായി പറഞ്ഞില്ല എന്ന് പറയുന്നവര്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ അത് മാറ്റി “മേയര്‍ പറഞ്ഞത് ജില്ലാ സെക്രട്ടറി ഏറ്റെടുത്തില്ല” എന്ന വ്യാജനെ പടച്ചുവിടുകയാണ്. വ്യാജരേഖ ചമച്ചത് ആരെന്നതടക്കം അന്വേഷിക്കാനാണല്ലോ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നു പറഞ്ഞാലൊന്നും ഇവറ്റകള്‍ക്ക് സ്വീകാര്യമാവില്ല. അവര്‍ക്ക് അന്വേഷണവും സത്യം കണ്ടെത്തലുമല്ല വേണ്ടത്, സിപിഐ എമ്മിനെതിരെ പ്രചാരണം നടത്തുക മാത്രമേ ലക്ഷ്യമുള്ളൂ.
ഇതിനിടയില്‍ ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ പിഎസ്സി റാങ്ക് ഹോള്‍ഡറെക്കൂടി കൊണ്ടുവന്ന് അവതരിപ്പിക്കുന്നുണ്ട്. പിഎസ്സി ലിസ്റ്റിലുള്ളവരുടെ തൊഴില്‍ തട്ടിയെടുക്കുകയാണ് പാര്‍ട്ടിക്കാര്‍ എന്ന പ്രതീതി ജനിപ്പിച്ച് അവരെയും സര്‍ക്കാരിനെതിരാക്കലാണ് ലക്ഷ്യം. എന്നാല്‍ പിഎസ്സി ലിസ്റ്റിലുള്ളവര്‍ക്ക് വിജ്ഞാപനം ചെയ്യപ്പെട്ട സ്ഥിരം ലാവണത്തിലല്ലാതെ താല്‍ക്കാലിക തസ്തികകളിലേക്ക് നിയമനം ലഭിക്കില്ലെന്നതുകൂടി മറച്ചുപിടിക്കപ്പെടുകയാണ്; അങ്ങനെ സിപിഐ എം വിരുദ്ധ പുകമറ സൃഷ്ടിക്കാനാണ് വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്.
കേരളത്തെ സംബന്ധിച്ചും എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചും പറയേണ്ട എന്തെങ്കിലും കാര്യം വാര്‍ത്തയായാല്‍ അത് മൂടിവയ്ക്കുകയോ വളച്ചൊടിക്കുകയോ ആണ് കേരളത്തില്‍ മുഖ്യധാരക്കാര്‍ ചെയ്യുന്നത്. സെമി സംഘിപത്രമായ മാതൃഭൂമി പൊതുവിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ കേരളം കൈവരിച്ച മികവിന് ലഭിച്ച ദേശീയ അംഗീകാരത്തെ, ഒന്നാം സ്ഥാനത്തെ വക്രീകരിച്ച് രണ്ടാമതാക്കിയതാണ് ഒരു ദൃഷ്ടാന്തം. “കേരളം മറ്റ് ആറ് സംസ്ഥാനങ്ങള്‍ക്കൊപ്പം രണ്ടാം സ്ഥാനത്ത്” എന്നാണ് മാതൃഭൂമി സംഭവത്തെ അവതരിപ്പിച്ചത്. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടിലെ ഒന്നാം സ്ഥാനത്തെയാണ് രണ്ടാം സ്ഥാനമാക്കി മാതൃഭൂമി ആത്മനിര്‍വൃതി അടയുന്നത്. ആയിരത്തില്‍ 928 പോയിന്‍റ് നേടി ഒന്നാം സ്ഥാനത്തെത്തിയ കേരളം 901 മുതല്‍ 950 വരെ പോയിന്‍റ് നേടിയവര്‍ക്കുള്ള ലെവല്‍ രണ്ട് ഗ്രേഡും നേടിയിരുന്നു. 2017ല്‍ ഇങ്ങനെ ഗ്രേഡിങ് തുടങ്ങിയതുമുതല്‍ ഒരു സംസ്ഥാനത്തിനും ഗ്രേഡ് ഒന്ന് ലഭിച്ചിരുന്നില്ല. കേരളത്തിനു ലഭിച്ച ഈ ലെവല്‍ രണ്ട് ഗ്രേഡിനെയാണ് മാതൃഭൂമി മറ്റ് ആറു സംസ്ഥാനങ്ങള്‍ക്കൊപ്പം രണ്ടാം സ്ഥാനം എന്നാക്കി മാറ്റിയത്.
അതുപോലെതന്നെ ശിശുമരണത്തിന്‍റെ കാര്യത്തില്‍ കേരളം 2030 ല്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത് ഇതിനകംതന്നെ കൈവരിച്ചുകഴിഞ്ഞുവെന്ന നിതി ആയോഗിന്‍റെ റിപ്പോര്‍ട്ട് മലയാള മാധ്യമങ്ങളാകെ തമസ്കരിക്കുകയായിരുന്നു. ആരോഗ്യസൂചികയില്‍ എല്ലാ കാര്യങ്ങളിലും കേരളം ഒന്നാമതാണെന്ന നിതി ആയോഗിന്‍റെ കണ്ടെത്തലും മലയാള മാധ്യമങ്ങളുടെ കണ്ണില്‍പെട്ടിട്ടില്ല. അവരുടെ കണ്ണില്‍ കത്തുകൊണ്ടുള്ള കുത്തുപോലുള്ളതല്ലേപെടൂ.