Thursday, November 21, 2024

ad

Homeപ്രതികരണംഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കി മാറ്റാന്‍

ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കി മാറ്റാന്‍

പിണറായി വിജയന്‍

കേരളത്തിന്‍റെ ഔദ്യോഗിക ഭാഷയാണ് മലയാളം. ആ ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 66 കൊല്ലങ്ങള്‍ പിന്നിട്ടു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളെന്ന ആശയം കേരളത്തില്‍ മാത്രമായി രൂപപ്പെട്ട ഒന്നല്ല. ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോള്‍ തന്നെ സമാന്തരമായി രൂപീകരിക്കപ്പെട്ട ഒന്നാണത്. ഭവാനി സെന്നിന്‍റെ ‘നൂതന്‍ ബംഗാളും’ പി സുന്ദരയ്യയുടെ ‘വിശാല ആന്ധ്രയും’ എല്ലാം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതികളാണ്. പോട്ടി ശ്രീരാമലുവിനെ പോലെയുള്ളവരുടെ രക്തസാക്ഷിത്വവും അതിനു പിന്നിലുണ്ട്. ഇന്ത്യന്‍ യൂണിയനില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി കേരളം മാറിയതിനു പിന്നില്‍ പുന്നപ്ര – വയലാര്‍ പോലെയുള്ള നിരവധി സമരങ്ങളുണ്ട്.
ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിക്കുന്നതില്‍ സുപ്രധാനമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയ കൃതിയാണ് ഇ എം എസ്സിന്‍റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’. ഇ എം എസ്സിന്‍റെ തന്നെ ‘ഒന്നേകാല്‍ കോടി മലയാളികള്‍’ എന്ന കൃതിയും ഇക്കാര്യത്തില്‍ വലിയ തോതിലുള്ള ചലനങ്ങളുണ്ടാക്കി. കേരളത്തെ മലയാളികളുടെ മാതൃഭൂമിയായി അവതരിപ്പിച്ച ഇ എം എസ് തന്നെയാണ് 1957 ല്‍ ഐക്യ കേരളത്തില്‍ അധികാരത്തിലെത്തിയ ആദ്യ സര്‍ക്കാരിനു നേതൃത്വം നല്‍കിയത്. ആ സര്‍ക്കാരിന് മാതൃഭാഷാ പരിപോഷണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു.

അതിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ എഴുത്തുകുത്തുകളും നടപടികളുമെല്ലാം മലയാളത്തിലാക്കുക, മലയാളത്തില്‍ ഒരു വിജ്ഞാനകോശം നിര്‍മ്മിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കപ്പെട്ടത്. കേരളത്തിന്‍റെ ഭരണഭാഷ മലയാളമാക്കി മാറ്റിത്തീര്‍ക്കുന്നതിന് ശ്രീ കോമ്മാട്ടില്‍ അച്യുതമേനോന്‍ അദ്ധ്യക്ഷനായ ഒരു കമ്മിറ്റിയെ നിയമിച്ചതും ആ സര്‍ക്കാര്‍ തന്നെയാണ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ആ സര്‍ക്കാരിനെ പിരിച്ചുവിട്ടതു കൊണ്ടുതന്നെ ഔദ്യോഗിക ഭാഷ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയില്ല.

പിന്നീട് 1967 ല്‍ അധികാരത്തിലെത്തിയ രണ്ടാം ഇ എം എസ് സര്‍ക്കാരാണ് ഔദ്യോഗിക ഭാഷാ ആക്ട് പാസ്സാക്കുന്നത്. അതിനിടെ ഭരണഭാഷ മലയാളമാക്കുന്നതിനായി ഇ എം എസ്സും കമ്യൂണിസ്റ്റു പാര്‍ട്ടിയും നിയമസഭയിലടക്കം ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി. ഔദ്യോഗിക ഭാഷാ ആക്ട് നിലവില്‍ വന്ന് അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും അതിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

ഭരണഭാഷ മലയാളമാക്കുന്നതിന് മുന്‍കൈയെടുത്തത് പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ ഭരണത്തിന്‍റെ എല്ലാ തലങ്ങളിലും മലയാളം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍. അതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിച്ച് നാം മുന്നോട്ടുപോവുകയാണ്.

നമുക്കുള്ളിലെ ആശയങ്ങളെ പ്രകാശിപ്പിക്കാന്‍ മാതൃഭാഷ തന്നെയാണ് ഏറ്റവും അനുയോജ്യം. ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഘടകം തന്നെ ആശയങ്ങള്‍ പ്രകടിപ്പിക്കാനും അവയോട് വിയോജിക്കാനുമുള്ള അവസരമാണ്. ആ നിലയ്ക്ക് നോക്കുമ്പോള്‍ ജനാധിപത്യ പ്രക്രിയയുടെ വളര്‍ച്ചയ്ക്കു തന്നെ അത്യന്താപേക്ഷിതമാണ് മാതൃഭാഷയുടെ സംരക്ഷണവും പരിപോഷണവും. സര്‍ക്കാരും ജനങ്ങളും തമ്മില്‍ ആശയവിനിമയം നടത്തേണ്ടത് പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയിലാണ്.

മലയാളഭാഷയുടെ പരിപോഷണത്തിനായി കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ സ്വീകരിച്ച നടപടികളിലൂടെ കണ്ണോടിച്ചാല്‍ തന്നെ എത്ര കരുതലോടെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ ഈ മേഖലയില്‍ ഇടപെടുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും. കേരളത്തിലെ കുട്ടികളുടെ മാതൃഭാഷാ പഠനം ഉറപ്പുവരുത്തുന്നതിനായി 2017 ലാണ് മലയാള ഭാഷാ പഠന ആക്ട് പാസ്സാക്കിയത്. ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാള രൂപങ്ങളും ചേര്‍ത്ത് ഭരണമലയാളം എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷാ പരിശീലനവും കമ്പ്യൂട്ടിംഗ് പരിശീലനവും നല്‍കിവരുന്നുണ്ട്.

മലയാളത്തിലെ എഴുത്തുരീതികള്‍ക്ക് ഏകീകൃത രൂപം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഭാഷാ മാര്‍ഗ്ഗനിര്‍ദ്ദേശക വിദഗ്ധസമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മലയാളത്തിന്‍റെ എഴുത്തുരീതി എന്ന പേരില്‍ കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍-  പൊതുമേഖലാ ജീവനക്കാരുടെ മലയാള പരിജ്ഞാനം ഉറപ്പുവരുത്താനായി ബിരുദതലം വരെ യോഗ്യത ആവശ്യമായുള്ള പി എസ് സി പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

കേരളത്തില്‍ ഹൈക്കോടതിക്കു കീഴിലുള്ള കോടതികളിലെ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിവരികയാണ്. അതോടൊപ്പം തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പത്താംതരം വരെ മലയാളം പഠിക്കാത്തവരാണെങ്കില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മലയാളഭാഷയില്‍ പ്രാവീണ്യം നേടേണ്ടത് അനിവാര്യമാണെന്ന് ആവശ്യപ്പെടുന്ന നിയമഭേദഗതി വരുത്തിയിട്ടുണ്ട്. ഇങ്ങനെ ഭരണത്തിന്‍റെ സമസ്തതലങ്ങളിലും ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനുള്ള ഇടപെടലുകളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

മലയാളഭാഷയുടെ പരിപോഷണത്തിനായി മലയാളം മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. 50 രാജ്യങ്ങളിലായി മിഷന്‍റെ 71 ചാപ്റ്ററുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിനിയും വര്‍ദ്ധിപ്പിക്കുകയാണ്. അതോടൊപ്പം കേരളത്തിലെ അതിഥി ത്തൊഴിലാളികളെ അവര്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ മലയാളം പഠിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ കൂടി നടപ്പാക്കുകയാണ്. എല്ലാ വിഷയങ്ങളും മലയാളത്തില്‍ പഠിക്കാനും ഗവേഷണം നടത്താനും ഉതകുന്ന സ്ഥാപനമെന്ന നിലയില്‍ മലയാളം സര്‍വകലാശാലയെ വികസിപ്പിക്കുകയും ചെയ്യുന്നു. അതിന്‍റെ ഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വവിജ്ഞാനകോശം എന്നിവയുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണ്.

മാതൃഭാഷയുടെ വ്യാപനവും അതിനെക്കുറിച്ചുള്ള അവബോധവും കേവലം സര്‍ക്കാര്‍തലത്തിലുള്ള ഇടപെടലുകള്‍ കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ല. ദിവസേനെയുള്ള വ്യവഹാരങ്ങളില്‍ മാതൃഭാഷ ഒരു മുഖ്യ വിനിമയോപാധിയായി മാറേണ്ടതുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ എത്രപേര്‍ക്ക് ഇതിനു കഴിയുന്നുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ട ഒന്നാണ്. ഇപ്പോഴും ഫയലുകള്‍ ഇംഗ്ലീഷിലെഴുതുന്നതിലാണ് പലര്‍ക്കും താത്പര്യം. പൊതുജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ നിഷേധമല്ലേ ഇത്. അടിമത്വത്തിന്‍റെ ഏറ്റവും ആദ്യത്തെ ലക്ഷണമാണ് ഭാഷയുടെ നഷ്ടം. അധിനിവേശ വിരുദ്ധ സമരങ്ങളുടെ കൂടി ഭാഗമായി രൂപപ്പെട്ടതാണ് നമ്മുടെ ഭാഷാപരമായ ഐക്യം. ഫയലുകള്‍ പൂര്‍ണ്ണമായി മലയാളത്തില്‍ കൈകാര്യം ചെയ്യാത്തവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാനുള്ള ചട്ടങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഉരുക്കുമുഷ്ടിയിലൂടെയല്ലാതെ ബോധവല്‍ക്കരണത്തിലൂടെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഭാഷ ഒരിക്കലും ചില്ലുകൂട്ടിലിട്ട ചരിത്രസ്മാരകമല്ല. നിരന്തരമായി നവീകരിക്കപ്പെടുന്ന ഒന്നാണത്. അപ്പോള്‍ മാത്രമേ അത് നിലനില്‍ക്കൂ. മറ്റു ഭാഷകളില്‍ നിന്ന് പദങ്ങള്‍ ഉള്‍ക്കൊള്ളാനും മറ്റു ഭാഷകള്‍ക്ക് പദങ്ങള്‍ സമ്മാനിക്കാനും കഴിയുന്നവണ്ണം നമ്മുടെ മാതൃഭാഷ മാറിത്തീരേണ്ടതുണ്ട്. ജനങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന അന്യഭാഷാ പദങ്ങളെ മലയാള പദങ്ങളായിത്തന്നെ കണക്കാക്കിക്കൊണ്ടുള്ള പദസ്വീകാര നയം പിന്തുടരേണ്ടതുണ്ട്. നൂതന സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തിന് അനുസൃതമായിക്കൂടി ഭാഷയില്‍ മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്. ഈ വിധത്തില്‍ നമ്മുടെ ഭാഷയെ കൂടുതല്‍ വിപുലമാക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഏറ്റെടുത്താല്‍ മാത്രമേ നമ്മുടെ മാതൃഭാഷയെ പരിപോഷിപ്പിക്കാന്‍ കഴിയൂ.

സമഗ്രമായ ഒരു വികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നവകേരളം സൃഷ്ടിക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വികസനത്തിന്‍റെ ഗുണം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരുക, അര്‍ഹരായ എല്ലാവര്‍ക്കും ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനം. അതിനായി നാം ആവിഷ്ക്കരിക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഏറ്റവും സുഗമമായ ഉപാധിയാണ് നമ്മുടെ മാതൃഭാഷ. മലയാളം ക്ലാസിക്കല്‍ ഭാഷയായി അംഗീകരിക്കപ്പെട്ടതിന്‍റെ ഭാഗമായി ലഭിക്കേണ്ട ചില ആനുകൂല്യങ്ങളുണ്ട്. അവ വാങ്ങിയെടുക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുകാനും സര്‍ക്കാര്‍ ശ്രമിക്കും.
.
വൈജ്ഞാനിക നൂതനത്വ സമൂഹമാക്കി കേരളത്തെ മാറ്റിത്തീര്‍ക്കുന്നതിലും മാതൃഭാഷക്ക് നിഷേധിക്കാനാവാത്ത പങ്കുണ്ട്. സാര്‍വത്രികമായ വിജ്ഞാന വിതരണത്തില്‍ മാതൃഭാഷയെക്കാള്‍ മികച്ച ഒരു വിനിമയ മാധ്യമം മറ്റേതാണുള്ളത്? ഇക്കാര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കി മാറ്റിത്തീര്‍ക്കുന്നതിലും അങ്ങനെ നവകേരളസൃഷ്ടിക്ക് കൂടുതല്‍ കരുത്തു പകരുന്നതിനും നമുക്കു സാധിക്കണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − two =

Most Popular