Friday, March 29, 2024

ad

Homeകവര്‍സ്റ്റോറിഭരണഘടനയിലെ ലിംഗനീതി

ഭരണഘടനയിലെ ലിംഗനീതി

ഡോ ടി.ഗീനാകുമാരി

ലിംഗനീതിയെ സംബന്ധിച്ച വ്യവഹാരങ്ങളിലെല്ലാം പൊതുവെ ഉയര്‍ന്നുകേള്‍ക്കുന്നത് ഭരണഘടനയില്‍ ഉറപ്പാക്കപ്പെട്ട തുല്യതയെയും വിവേചനരാഹിത്യത്തെയും സംബന്ധിച്ചാണ്. എന്നാല്‍ സൂക്ഷ്മമായ വിശകലനങ്ങളില്‍ ലിംഗനീതിയും സാമൂഹ്യ നീതിയും സ്വായത്തമാക്കാനുള്ള ബോധപൂര്‍വമായ നിര്‍ദ്ദേശങ്ങള്‍ വേണ്ട തരത്തില്‍ പ്രതിപാദിച്ചിട്ടില്ലെന്ന വിമര്‍ശനവുമുണ്ട്. ഭരണഘടനയുടെയും ഭരണകൂടത്തിന്‍റെയും വര്‍ഗ സ്വഭാവത്തെ വിലയിരുത്തിക്കൊണ്ടു വേണം ഏതൊരു വിഭാഗത്തിന്‍റെയും ചൂഷണാത്മകതയെ പരിശോധിക്കേണ്ടത്.

പുതിയ കാലത്തിനനുസരിച്ച്, സ്ത്രീ- പുരുഷ-ട്രാന്‍സ്ജെന്‍ഡര്‍മാരുടെ സാമൂഹിക ഭൂമികകളെ സംബന്ധിക്കുന്ന ഭരണഘടനാപരമായ അടിസ്ഥാന തത്ത്വങ്ങളും ഭരണകൂടത്തിന്‍റെ നയങ്ങളും വിശകലനം ചെയ്യുന്നത് ലിംഗ നീതിയെക്കുറിച്ചുള്ള പഠനത്തിന് കൂടുതല്‍ സഹായകമാണ്.അത്തരം വിശകലനവും അതില്‍  നിന്നുയരുന്ന ചോദ്യങ്ങളും ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ അടിസ്ഥാനപരമായ ലിംഗ വിവേചനത്തെക്കുറിച്ചു ചിന്തിക്കുവാനും ലിംഗവ്യത്യാസത്തിനതീതമായി പൗരരുടെ ഇടം നിര്‍ണയിക്കുന്നതില്‍ ഭരണകൂടത്തിന്‍റെ പങ്ക് എന്താണെന്നു വ്യക്തമാക്കാനും സഹായിക്കും. അത് സൈദ്ധാന്തികവും പ്രായോഗികവുമായ ഇടപെടലിന് ഉതകുകയും ചെയ്യും.

തീര്‍ച്ചയായും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അവികസിത പിന്നാക്ക നിലയിലുണ്ടായിരുന്ന കൊളോണിയല്‍ സമൂഹത്തെ വികസനത്തിന്‍റെയും അഭിവൃദ്ധിയുടെയും നാഗരികതയുടെയും പാതയിലേക്ക് നയിക്കുന്നതിനുള്ള ഉത്തരവാദിത്വം  ഭരണകൂടത്തിനാണ്. അതുതന്നെ ഭരണഘടനയും നയങ്ങളും സമൂഹത്തിലും വ്യക്തിജീവിതത്തിലും പദവിയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു വ്യക്തമായ ധാരണയോടെയുള്ള ഇടപെടലിലൂടെയുമാണ് സാധ്യമാവുന്നത്.ഇന്ത്യന്‍ ജനതയുടെ പകുതിയോളം വരുന്ന സ്ത്രീ ജീവിതത്തെ പുരോഗമനാത്മകമായി മാറ്റിയെടുക്കാന്‍ ഏതു തരത്തിലുള്ള ഇടപെടലുകളാണുണ്ടായതെന്നു പരിശോധിക്കുന്നതും അതില്‍ പ്രധാനമാണ്.

ഇന്ത്യന്‍ ഭരണഘടനയിലും കാര്‍ഷിക വ്യാവസായിക പരിപാടികളിലും പൊതു ആസൂത്രണത്തിലും സ്വാതന്ത്ര്യാനന്തര ഭരണകൂടം സ്വീകരിച്ച വികസനത്തിന്‍റെ പ്രധാന ഊന്നല്‍ മുതലാളിത്ത സമീപനമാണ്. ഈ വര്‍ഗസ്വഭാവം സമൂഹ രൂപീകരണത്തെ മുഴുവന്‍ സ്വാധീനിക്കുന്ന സാമ്പത്തികവും, സാമൂഹികവും സാംസ്കാരികവും ലൈംഗികവും രാഷ്ട്രീയവുമായ നയങ്ങളില്‍ പ്രകടമാണ്. മുതലാളിത്ത രീതിയിലുള്ള വികസനത്തിന്‍റെ പാത പിന്തുടരുന്ന രാഷ്ട്രം ആ പാതയുടെ യുക്തിക്കനുസൃതമായ ലിംഗ നീതിയാണ് നടപ്പിലാക്കുന്നത്. അടിസ്ഥാനജനവിഭാഗത്തിന്‍റെയോ സ്ത്രീയുടെയോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയോ സാമൂഹ്യനീതി പുലര്‍ന്നുകാണാന്‍ മുതലാളിത്ത സാമൂഹ്യരീതിക്കു താത്പര്യമില്ല, അതുകൊണ്ടുതന്നെ ലിംഗനീതി പൂര്‍വ്വകമായ സമൂഹത്തിനായുള്ള യാതൊരു ഇടപെടലും ഭരണകൂടനയത്തിന്‍റെ ഭാഗമായി ഉണ്ടാവുന്നില്ല.

തുല്യാവകാശങ്ങളുടെ
കാര്യത്തില്‍
വിപ്ലവാത്മകമായ ഇടപെടലില്ല

ഭരണഘടനയില്‍ അന്തര്‍ലീനമായിരിക്കുന്ന  സ്ത്രീ – പുരുഷ പദവി സംബന്ധിച്ച തത്ത്വങ്ങള്‍ പരിശോധിക്കുമ്പോള്‍ വിപ്ലവാത്മകമായ യാതൊരു ഇടപെടലും ഉള്ളതായി കാണാനാവില്ല. തുല്യാവകാശങ്ങള്‍ പ്രതിപാദിക്കുന്ന പതിനാലാം ഖണ്ഡികയില്‍ “നിയമത്തിനു മുന്നില്‍ ഓരോ വ്യക്തിക്കും തുല്യ പദവിയുണ്ട്, ഭരണകൂടത്തിന് അത് നിഷേധിക്കാനാവില്ല” എന്ന് വ്യക്തമാക്കുന്നു. പതിനഞ്ചാം ഖണ്ഡിക പ്രകാരം ‘മതത്തിന്‍റെയോ, വര്‍ഗ്ഗത്തിന്‍റെയോ ജാതിയുടെയോ ലിംഗത്തിന്‍റെയോ ജനനസ്ഥലത്തിന്‍റെയോ അല്ലെങ്കില്‍ ഇവയിലേതെങ്കിലുമൊന്നിന്‍റെയോ അടിസ്ഥാനത്തില്‍ ഭരണകൂടം പൗരരോട് വിവേചനം കാണിക്കുകയില്ല’ എന്നാണ് പറഞ്ഞിട്ടുള്ളത്. അതോടൊപ്പം തന്നെ ‘ഈ വകുപ്പിലെ യാതൊന്നും തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതില്‍ നിന്നും ഭരണകൂടത്തെ തടസ്സപ്പെടുത്തുന്നതല്ല’ എന്നുംപറഞ്ഞിട്ടുണ്ട്. പൗരരെന്ന നിലയില്‍ തുല്യാവകാശം നല്‍കുന്ന ഭരണഘടന അവരുടെ സംരക്ഷണത്തിനായി നടപടി സ്വീകരിക്കുന്നതില്‍നിന്ന് രാഷ്ട്രത്തെ വിലക്കുന്നില്ലെന്നുമാത്രം. പാര്‍ശ്വവത്കൃത ജനവിഭാഗത്തിന്‍റെയും സ്ത്രീയുടെയും സാമൂഹ്യ, രാഷ്ട്രീയ,സാമ്പത്തിക ഉന്നമനത്തിനായി ബോധപൂര്‍വമായ ഇടപെടല്‍  നടത്താന്‍  ആരോടും ഭരണഘടന ആവശ്യപ്പെടുകയോ  നിര്‍ബന്ധിക്കുകയോ ചെയ്യുന്നില്ല. നിസ്സംഗമായ നിലപാടാണ് ഇക്കാര്യത്തില്‍ ഭരണഘടന സ്വീകരിച്ചിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ 16 പറയുന്നത്, “ഇന്ത്യയിലെ എല്ലാ പൗരര്‍ക്കും രാഷ്ട്രത്തിന്‍റെ കീഴിലുള്ള ജീവനത്തെയോ അഥവാ  ഏതെങ്കിലും ഉദ്യോഗത്തിനുള്ള  നിയമനത്തെയോ സംബന്ധിച്ച വിഷയങ്ങളില്‍ അവസര  സമത്വം ഉണ്ടായിരിക്കണം” എന്നാണ്. തീര്‍ത്തും അസമത്വപൂര്‍ണമായ ലോകത്ത് തുല്യ അവസരമുണ്ടായിട്ടെന്തു കാര്യം? തുല്യ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തമുള്ളവര്‍ക്കിടയിലല്ലേ തുല്യ അവസരമുണ്ടാവേണ്ടത്? ‘സമന്മാര്‍ക്കിടയിലെ സമത്വം’ അല്ലേ വേണ്ടത്?

അതുപോലെ രാഷ്ട്ര നിര്‍ദേശക തത്ത്വങ്ങള്‍ പ്രതിപാദിച്ചിരിക്കുന്ന നാലാം ഭാഗത്തില്‍ ഭരണകൂടം കൈക്കൊള്ളേണ്ട ചില നയതത്ത്വങ്ങളെക്കുറിച്ചുള്ള സൂചനകളില്‍ സ്ത്രീകളുടെ കാര്യത്തിലുള്ള ആശങ്ക പ്രകടമാണ്. കോടതി മുഖാന്തിരം സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന അവകാശമെന്ന നിലയിലല്ലെങ്കിലും 39 ,42 ,44 എന്നീ ഖണ്ഡികകളില്‍  സ്ത്രീകളെ തുല്യ പൗരരായി കണക്കാക്കുവാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുവാനുള്ള ആഗ്രഹമാണ് പ്രതിഫലിപ്പിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39 അനുസരിച്ച്, മതിയായ ഉപജീവന മാര്‍ഗത്തിന് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ അവകാശമുണ്ടെന്നും, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ വേതനം ഉണ്ടാകണമെന്നും, പൊതു ആവശ്യത്തിനായി വിതരണം ചെയ്യുന്ന സമ്പത്തിന്‍റെയും ഭൗതിക വിഭവങ്ങളുടെയും കേന്ദ്രീകരണത്തിന്  സമ്പദ്വ്യവസ്ഥ കാരണമാകുന്നില്ലെന്നും സംസ്ഥാനം ഉറപ്പാക്കണം. 42-ാം അനുച്ഛേദം അനുസരിച്ച് ജോലിക്കും പ്രസവാനുകൂല്യത്തിനുമുള്ള മാനുഷിക സാഹചര്യങ്ങള്‍ സംസ്ഥാനം ഉറപ്പാക്കണം.

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തുല്യതയെ
അട്ടിമറിക്കുന്നതോ

മൗലികാവകാശങ്ങളെക്കുറിച്ചും രാഷ്ട്ര നിര്‍ദേശകതത്വങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന മൂന്നും നാലും ഭാഗങ്ങള്‍ സ്ത്രീകളെ തുല്യ പൗരരായി കാണുന്നുണ്ടെങ്കിലും ഈ ഭാഗത്തുതന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള  ആര്‍ട്ടിക്കിള്‍ 25  മുതല്‍ 28  വരെയുള്ള മത സ്വാതന്ത്ര്യത്തിനുള്ള അവകാശം തുല്യതയെ അട്ടിമറിക്കുന്ന തരത്തില്‍ ഉപയോഗിക്കപ്പെടുകയാണ്. ഈ 25 മുതല്‍ 28 വരെയുള്ള അവകാശങ്ങള്‍  ഭരണകൂടത്താല്‍ വ്യാഖ്യാനിക്കപ്പെട്ടതനുസരിച്ചും വ്യക്തിനിയമങ്ങളുടെ രൂപത്തില്‍ നിയമമാക്കപ്പെട്ടതനുസരിച്ചും അടിസ്ഥാനപരമായി സ്ത്രീകള്‍ക്ക് ജീവിതത്തിന്‍റെ എല്ലാ തുറകളിലും സമത്വം നിഷേധിക്കുകയാണ് ചെയ്തത്. മാത്രമല്ല; സ്വന്തം ശരീരത്തിന്മേലുള്ള അവകാശവും ചില വിശ്വാസങ്ങളിലും മൂല്യങ്ങളിലും ആദര്‍ശങ്ങളിലും സ്വഭാവ രീതികളിലുമുള്ള തുല്യ അവകാശങ്ങളും സ്ത്രീകള്‍ക്ക് നിഷേധിക്കുന്നു. ലിംഗാടിസ്ഥാനത്തിലും മറ്റു തരത്തിലും വിവേചനങ്ങളെ തടയാന്‍ ബാധ്യതപ്പെട്ട ഭരണകൂടം സ്ത്രീജീവിതത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന മതപരവും പുരുഷാധിപത്യത്തിലധിഷ്ഠിതവുമായ വ്യക്തിനിയമങ്ങള്‍ കൊണ്ടുവരുന്നത് ഒരേസമയം രണ്ടു വള്ളത്തില്‍ കാലിടുന്നത് പോലെയാണ്. സ്വന്തം ശരീരത്തിനുമേലുള്ള അധികാരം, പങ്കാളിയെ തെരഞ്ഞെടുക്കല്‍, സ്വകാര്യ ലൈംഗിക ജീവിതം, പിന്തുടര്‍ച്ചാവകാശം, സ്വത്തവകാശം, ദത്തെടുക്കല്‍ തുടങ്ങിയ തീര്‍ത്തും സ്വകാര്യമായതും സ്വയം നിര്‍ണയശേഷിയെ സ്വാധീനിക്കുന്നതുമായ കാര്യങ്ങളില്‍ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പിന്‍ബലത്തില്‍  വിവേചനം അനുവദിക്കപ്പെടാമോ?

മൗലികാവകാശങ്ങളിലെ ചൂഷണങ്ങള്‍ക്കെതിരെയുള്ള അവകാശങ്ങള്‍ പ്രതിപാദിക്കുന്ന 23, 24 ഖണ്ഡികകളിലും, തങ്ങളുടെ തൊഴില്‍ശക്തി വില്‍ക്കേണ്ടിവരുന്ന ചൂഷിതവര്‍ഗത്തില്‍ നിന്ന് ഉത്പാദനോപാധികളുടെ ഉടമസ്ഥന്‍ ലാഭമായി അപഹരിച്ചെടുക്കുന്ന  മിച്ചമൂല്യം ചൂഷണമായി പരിഗണിക്കുന്നില്ല. ഓരോ കുടുംബത്തിലും ദിവസേനയുണ്ടാകുന്ന സ്ത്രീകളുടെ അധിക ജോലി പരിഗണിക്കുന്നതേയില്ലെന്നു മാത്രമല്ല ഈ അപഹരണത്തെ ചൂഷണമെന്ന  സാങ്കേതിക  സംജ്ഞയില്‍പെടുത്താനും തയ്യാറാകുന്നില്ല.ചരിത്രപരമായി നിര്‍ണ്ണയിക്കപ്പെട്ട തൊഴില്‍ വിഭജനവും അതുമൂലം സ്ത്രീകളുടെ അധ്വാന ശക്തിയെ സ്വന്തം ജീവിതം നിലനിര്‍ത്താന്‍ വേണ്ടുന്നതിലുമധികം ഉപയോഗപ്പെടുത്തുന്നത് ചൂഷണമായി പരിഗണിക്കാനുള്ള നിലപാട് ഭരണഘടന സ്വീകരിക്കുന്നില്ല. അതേസമയം സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഭരണപരമായും മറ്റു പലകാര്യങ്ങളെക്കുറിച്ചും വിപുലമായി പ്രതിപാദിക്കുന്ന ഭരണഘടനയില്‍ സ്ത്രീകള്‍ക്കുമേല്‍ നടത്തുന്ന ചൂഷണത്തെക്കുറിച്ചു നിലപാടെടുത്തിട്ടില്ല എന്നത് അതിന്‍റെ വര്‍ഗപരമായ സ്വഭാവം വ്യക്തമാക്കുന്നു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണം ചെയ്യപ്പെടാതിരിക്കുക എന്ന അവകാശം എന്നിവ ഇന്ന് രാജ്യത്ത് നിലവിലുള്ള പല നിയമങ്ങളിലും പ്രയോഗക്ഷമമായിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാനപരമായ സ്ത്രീ-പുരുഷ വിവേചന സ്വഭാവത്തെ എ.ആര്‍ ദേശായിയെ പോലുള്ള പലരും വിമര്‍ശനവിധേയമാക്കിയിട്ടുണ്ടെങ്കില്‍ പോലും അവ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല.

ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്
മുതലാളിത്തവ്യവസ്ഥയുടെ അടിസ്ഥാനതത്ത്വങ്ങള്‍

സ്ത്രീകളുടെ ആശ്രിതത്വത്തെയും അവരുടെ കാണാപ്പണിയെയും ഭരണഘടനയുടെ സാമ്പത്തിക ധാരണയുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ സാമൂഹിക, സാമ്പത്തിക ചട്ടക്കൂടിനകത്തുള്ള സ്ത്രീ-പുരുഷ വിവേചനം പ്രബലവും പ്രകടവുമാണ്. ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തിലും  മറ്റും രൂപം നല്‍കിയിരിക്കുന്ന ധനകാര്യ വ്യവഹാരങ്ങള്‍ വിലയിരുത്തുമ്പോള്‍ ഉത്പാദനത്തിന്‍റെയും വിതരണത്തിന്‍റെയും മേഖലകളില്‍ മുതലാളിത്ത വ്യവസ്ഥിതിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ തന്നെയാണ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളതെന്നു മനസിലാകും. അതുകൊണ്ടുതന്നെ മുഴുവന്‍ വികസന തന്ത്രങ്ങളും മുതലാളിത്തത്തിന്‍റെ മാതൃകാ തത്വങ്ങള്‍ക്കനുസൃതമായി സ്വീകരിക്കപ്പെട്ടവയുമാണ്. അത്തരം സാമ്പത്തികവീക്ഷണം വിനിമയ മൂല്യമില്ലാത്ത, വില്‍പ്പനയ്ക്കു വേണ്ടിയല്ലാത്ത ഉത്പന്നങ്ങളുടെ ഉത്പാദനം നടത്തുന്ന ഏതൊരു തൊഴിലിനേയും ഉത്പാദനക്ഷമതയില്ലാത്തതെന്നും ലാഭകരമല്ലാത്തതെന്നും മുദ്രകുത്തി തള്ളിക്കളയുന്നു. ഈ ധാരണകള്‍ സ്ത്രീകളുടെ ജോലിയെയോ പ്രത്യേകിച്ചു കുടുംബത്തിനകത്തെ അധ്വാനത്തെയോ കണക്കിലെടുക്കുന്നില്ല. അധ്വാനശേഷി അഥവാ ‘മാനുഷിക മൂലധനം’ ഉത്പാദിപ്പിക്കുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്നതിനുള്ള  ഉപാധിയെന്ന നിലയില്‍ സ്ത്രീയുടെ വേതനമില്ലാത്ത അധ്വാനത്തെ ഉപയോഗപ്പെടുത്തുകയെന്ന മുതലാളിത്തത്തിന്‍റെ തന്ത്രവും ഭരണകൂടത്തിന്‍റെ പങ്കും ഇവിടെ സുപ്രധാനമാണ്. സാമ്പ്രദായിക സ്ഥിതിവിവര കണക്കുകളിലൊന്നും എണ്ണപ്പെടാത്ത ഈ സ്ത്രീകള്‍ മുഴുവന്‍ മുതലാളിത്ത യുക്തിയനുസരിച്ച് ആശ്രിതരാണ്. കുടുംബങ്ങളെയും സമൂഹത്തെയും ആരോഗ്യകരമായി നിലനിര്‍ത്തുന്ന, ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകളെ ‘ആശ്രിതര്‍’ എന്ന് മുദ്രകുത്തുകയാണ് ഭരണകൂടവും നിയമങ്ങളും.

സ്വയംനിര്‍ണയശേഷിയും പൗരാവകാശങ്ങളും പരിമിതപ്പെടുത്തി, പുരുഷാധിപത്യ മതനിഷ്ഠകള്‍ക്കകത്തു തളച്ചിടപ്പെട്ട ആശ്രിതരെ സൃഷ്ടിക്കുന്ന നിയമ നീതിന്യായ സംവിധാനത്തിനപ്പുറം നീതിപൂര്‍വകമായ ജീവിതാവസ്ഥകള്‍ പുരുഷേതര ലിംഗ വിഭാഗത്തിന് സ്വായത്തമാക്കാനാവുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ലിംഗ നീതിയുമായി ബന്ധപ്പെട്ടുണ്ടാവേണ്ടത്

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − ten =

Most Popular