പാടത്ത് പണിയെടുത്ത് വിയര്‍ക്കുമ്പോള്‍ തൊഴിലാളിയുടെ വിയര്‍പ്പ് ഒപ്പിയെടുക്കാനെന്നവണ്ണം വെളിയില്‍ നിന്നും ചെറിയ കാറ്റ് വീശുമായിരുന്നു. അതിന്‍റെ കുളിര്‍മയില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞുകൊണ്ട്, പാട്ടുപാടിക്കൊണ്ട് കുടുംബാംഗങ്ങള്‍, സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായി സമയത്തിന്‍റെയോ അധികാരിയുടെയോ സമ്മര്‍ദമില്ലാതെ, പണിയെടുത്തിരുന്നു. അതില്‍ നിന്നു മാറി, വ്യവസായവല്‍ക്കരണത്തോടെ, നഗരത്തിലെ മില്ലിന്‍റെയോ ഫാക്ടറിയുടെയോ നാലാം നിലയില്‍, കാറ്റും വെളിച്ചവുമില്ലാത്ത മുറികളില്‍, യന്ത്രങ്ങളുടെ ചൂട് സഹിച്ച്, കസേരയിട്ടിരുന്നു നിരീക്ഷിക്കുന്ന സൂപ്പര്‍വൈസര്‍മാരെ പേടിച്ചു പേടിച്ചു പണിയെടുക്കുകയും അങ്ങോട്ടുകൊടുക്കുന്ന അധ്വാനത്തില്‍ പകുതിപോലും പ്രതിഫലം ലഭിക്കാതെ, തിരിച്ചുപോരുന്ന പുതിയ കൂലിത്തൊഴിലാളി മൂലധനത്തെ വളര്‍ത്തുകയായിരുന്നു. അതുമല്ലെങ്കില്‍ ആ തൊഴിലാളിയുടെ അധ്വാനത്തിലൂടെ മൂലധനം വളരുകയായിരുന്നു”
Making of The English Working Class എന്ന കൃതിയില്‍ ഇ പി തോംസണ്‍ നടത്തിയ നിരീക്ഷണമാണിത്. കൃഷിഭൂമിയില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍ക്കുണ്ടായ നഷ്ടമാണ് മുതലാളിത്തത്തെ വളര്‍ത്തിയത്. അതാണ് മൂലധന സമാഹരണമായി വളര്‍ന്നത്. ഇത്തരത്തില്‍ പുറന്തള്ളപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. മൂലധനവളര്‍ച്ചയുടെ ഭാഗമായി അധ്വാനം വില്‍ക്കുന്നതോടെ, തൊഴിലാളികള്‍ ‘അന്യവല്‍ക്കരണ’ത്തിന് വിധേയരാവുന്നു എന്നതാണ് മാര്‍ക്സിന്‍റെ നിരീക്ഷണം. ഈ നിരീക്ഷണം പ്രത്യക്ഷത്തില്‍, പ്രകടമായി അനുഭവേദ്യമാവുന്ന രീതിയിലാണ് തൊഴില്‍രംഗത്ത് മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നത്.
മാറ്റത്തിന്‍റെ മൂന്നു ഘട്ടങ്ങള്‍
മൂന്നുഘട്ടങ്ങളായി നമുക്ക് ഈ മാറ്റത്തെ കാണാം: കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ നിന്ന് വ്യവസായവല്‍ക്കരണത്തിലേക്കുള്ള മാറ്റം. മുതലാളിത്ത വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കാര്‍ഷികരംഗത്ത് തൊഴിലിടവും പാര്‍പ്പിടവും തമ്മില്‍ വേര്‍തിരിക്കപ്പെട്ടിരുന്നില്ല. തൊഴിലിടങ്ങളില്‍ ലിംഗപരമായ തൊഴില്‍ വിഭജനമുണ്ടായിരുന്നില്ല. നാട്ടിന്‍പുറങ്ങളില്‍ ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നം നഗരങ്ങളില്‍കൊണ്ടുപോയി വില്‍ക്കുവാന്‍ തുടങ്ങി. നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാന്‍ സ്ത്രീകള്‍ക്കു കഴിഞ്ഞില്ല. ചെറുകിട കച്ചവടക്കാരുടെ മത്സര ബുദ്ധിക്കനുസൃതമായി പുരുഷന്മാര്‍ നഗരത്തിലേക്ക് ചേക്കേറി. ഗ്രാമപ്രദേശങ്ങളില്‍ കിട്ടുന്ന ചെറിയ ജോലികള്‍ ചെയ്യാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായി. നഗരത്തിലേക്ക് മാറിയവര്‍, പുരുഷന്‍റെ പകുതി വേതനത്തിന് അധ്വാനിക്കാന്‍ നിര്‍ബന്ധിതരായി. കാരണം യന്ത്രവത്കൃത ഉല്‍പ്പാദനം സ്ത്രീകള്‍ക്കന്യമായിരുന്നു. സ്ത്രീകളെ പ്രതികൂലമായി ബാധിച്ച ഈ സമ്പദ്വ്യവസ്ഥ സ്ത്രീകള്‍ക്കിടയില്‍പോലും രണ്ട് വര്‍ഗത്തെ സൃഷ്ടിച്ചു. കൂടാതെ, തൊഴില്‍ സമയം നിര്‍ണയിക്കപ്പെട്ടു. തൊഴിലിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തി. തൊഴിലിടത്തില്‍ ആപേക്ഷിക സ്വാതന്ത്ര്യം, പ്രത്യേകിച്ച് സംഘടനാ സ്വാതന്ത്ര്യം പൊരുതി നേടി. നൈപുണി വികസനത്തിന് സാധ്യതയുണ്ടായിരുന്നു. തൊഴിലാളികള്‍ ഒരു കൂരയ്ക്കു കീഴില്‍ കൂട്ടായ്മയോടെ പണിയെടുത്തു. മുതലാളി-തൊഴിലാളി ബന്ധങ്ങള്‍ നിലവിലുണ്ടായിരുന്നു. കൂലി കുറവായിരുന്നെങ്കിലും സംഘടിക്കാനും പോരാടാനുമുള്ള വേദികള്‍ ഉണ്ടായിരുന്നു. (നമ്മള്‍ അഭിമാനത്തോടെ സ്മരിക്കാറുള്ള സ്ത്രീ തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍, ലേബര്‍ കോ-ഓപ്പറേറ്റീവ് എന്നിവ തൊഴിലവകാശങ്ങള്‍ അക്കമിട്ട് നിരത്തി പോരാടാന്‍ കെല്‍പ്പുള്ളവയായിരുന്നു)
അറുപതുകളില്‍ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളുടെ ഉദയവും, സമ്പദ്ഘടനയില്‍ അതുണ്ടാക്കിയ പ്രശ്നങ്ങളും, തൊഴില്‍രംഗത്ത് പലതരം പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടു. സമൂഹത്തില്‍ നിലനിന്നിരുന്ന ലിംഗവിവേചനം, തൊഴില്‍രംഗത്തും പ്രകടമായിത്തുടങ്ങി. ജൈവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ തൊഴില്‍ നിയന്ത്രണത്തിനും, തൊഴിലവകാശങ്ങള്‍ക്കും വഴിതെളിക്കുന്ന രീതിയില്‍ ലിംഗപരമായ തൊഴില്‍ വിഭജനം പ്രകടമായി. ആവര്‍ത്തനവിരസതയുള്ളതും സ്ത്രൈണവുമായ തൊഴിലുകളാണ് സ്ത്രീകളെ കാത്തിരുന്നത്. വിദ്യാഭ്യാസം നേടിയവര്‍പോലും പല സ്ഥാപനങ്ങളിലെയും ആകര്‍ഷണവസ്തുക്കളായും അലങ്കാരവസ്തുക്കളായും നിയമിക്കപ്പെട്ടു. കരാര്‍ ജോലികളും കരുതല്‍സേനാസങ്കല്‍പ്പവും ചര്‍ച്ച ചെയ്തിരുന്ന കാലമായിരുന്നു അത്.
ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും സാമ്പത്തികരംഗത്തെ കീഴടക്കിയതോടെ, പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായി. കരാറടിസ്ഥാനത്തില്‍ത്തന്നെ കരുതല്‍സേനയെപ്പോലെ, തൊഴില്‍ സുരക്ഷിതത്വമില്ലാത്ത മേഖലകളില്‍ കുറഞ്ഞ കൂലിക്ക് അധ്വാനം വില്‍ക്കുകയും, മലിനീകരിക്കപ്പെട്ട പണിശാലകളില്‍ യാതൊരുവിധ തൊഴില്‍ സംവിധാനങ്ങളുമില്ലാതെ, സ്ത്രീകള്‍ തൊഴിലെടുക്കുകയും ചെയ്തു. വൈദഗ്ധ്യ പരിശീലനം ചില മേഖലകളില്‍ മാത്രമായി ഒതുങ്ങിനിന്നു. അസംഘടിത മേഖല എന്ന പ്രതിഭാസം വളര്‍ന്നു പെരുകി. ഘടനാപരമായ മാറ്റങ്ങളും ആഗോളവല്‍ക്കരണവും ഏറെ അവകാശവാദങ്ങള്‍ മുന്നോട്ടുവച്ചു കൊണ്ടാണ് പ്രവേശിച്ചത്. തൊഴില്‍സാധ്യതകള്‍ കൂടുതലായി സൃഷ്ടിക്കപ്പെട്ടു.
വേതനം കുറവുള്ള രാജ്യങ്ങളിലേക്ക് ഉല്‍പ്പാദനം മാറ്റിക്കൊണ്ടാണ് മുതലാളിത്തം ഈ ദൗത്യം നിര്‍വഹിച്ചത്. അമേരിക്കയിലെ ടെക്സ്റ്റൈല്‍ മേഖല, 1990 ഓടുകൂടി മെക്സിക്കോയിലേക്ക് മാറ്റപ്പെട്ടു. നിലവിലുണ്ടായിരുന്ന തൊഴിലാളികളെ പിരിച്ചുവിട്ടു. പുതിയ സ്ഥലത്ത് കൂലി കുറേക്കൂടി കുറഞ്ഞു കിട്ടി.
ഇതേപോലെതന്നെ തുണിവ്യവസായം, കയറ്റുമതി, സംസ്കരണം എന്നിവ ഹോണ്ടുറാസ്, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലാണ് കൂടുതലായി വളര്‍ന്നുവന്നത്. മറ്റൊരു രാജ്യത്തിലേക്ക് ഉല്‍പ്പാദനം പറിച്ചുനടുമ്പോള്‍ കൂലി കുറയുന്നതുമാത്രമല്ല, മുതലാളിക്ക് തൊഴിലിടം, തൊഴില്‍ അവകാശങ്ങള്‍, തൊഴില്‍ ആനുകൂല്യങ്ങള്‍ എന്നിങ്ങനെയുള്ള ചെലവുകള്‍ എല്ലാംതന്നെ ലാഭമായി.
ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലുകള്‍ക്ക് ചില പ്രത്യേകതകളുണ്ടായിരുന്നു.
ډ അവ അധികമായ അധ്വാനം ആവശ്യപ്പെടുന്നവയായിരുന്നു.
ډ യന്ത്രവല്‍കൃതത്തില്‍ നിന്ന് ഒരുപടികൂടി ഉയര്‍ന്ന്, അസംബ്ലിലൈന്‍ തൊഴിലുകളായിരുന്നു.
ډ സംഘടനകളില്ല- ട്രേഡ് യൂണിയന്‍ ഒട്ടും തന്നെ ഇല്ല, പാടില്ല.
ډ ഗര്‍ഭധാരണത്തിന് സാധ്യതയുള്ള വിവാഹിതര്‍ക്ക് മുന്‍ഗണന. കാരണം, പിരിച്ചുവിടാനും പുതിയ തൊഴിലാളികളെ നിയമിക്കാനും സാധ്യത കൂടുതലാണ് (കരുതല്‍ സേന സങ്കല്പം തുടരുന്നു). അതുകൊണ്ട് ലാഭിക്കാവുന്നത്, തൊഴില്‍ ആനുകൂല്യങ്ങളായ പിഎഫ് ഗ്രാറ്റുവിറ്റി, പെന്‍ഷന്‍, ഓവര്‍ ടൈം എന്നിങ്ങനെയുള്ള വിവിധ ആനുകൂല്യങ്ങള്‍ ആയിരുന്നു.
ډ കൂലി വളരെ കുറച്ചു കൊടുത്താല്‍ മതി (അമേരിക്കയിലെ അസംബ്ലിലൈന്‍ തൊഴിലാളിക്ക് ഒരു മണിക്കൂറില്‍ 5-20 ഡോളര്‍ വരെ വേതനം കൊടുക്കേണ്ടി വരുമ്പോള്‍, പറിച്ചുനടപ്പെട്ട രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരാഴ്ചയിലെ കൂലിയായി 5-10 ഡോളര്‍ വരെ കൊടുത്താല്‍ മതിയായിരുന്നു).
ډ സമയബന്ധിതമല്ല- എത്ര സമയം വരെയും പണിയെടുപ്പിക്കാം. ക്വാട്ട തീരുമാനിച്ച് അതിനനുസരിച്ചാണ് പണിയും കൂലിയും. തൊഴില്‍ സമയമായിരുന്ന 8 മണിക്കൂര്‍ അധ്വാനത്തിനല്ല (100 രൂപ വിലയ്ക്കു വില്‍ക്കുന്ന ജീന്‍സ് 100 എണ്ണം ദിവസേന തുന്നുന്ന തൊഴിലാളി സ്ത്രീക്ക് ഒരു ജീന്‍സ് വാങ്ങാനുള്ള തുകപോലും കൂലിയായി ലഭിക്കാറില്ല)
ډ തൊഴില്‍ സുരക്ഷിതത്വമില്ല.
ډ നൈപുണി വര്‍ധിപ്പിക്കാനുള്ള സാധ്യതയില്ല. നൈപുണിയുള്ളവരെ നിയമിക്കുമെന്നല്ലാതെ നൈപുണി വികസിപ്പിക്കാനുള്ള സാധ്യത കുറവാണ്.
ډ വിലപേശാനുള്ള സാധ്യതകള്‍ ഇല്ലാതാക്കി.
ډ തൊഴിലിന്‍റെ അനിശ്ചിതവല്‍ക്കരണം/സാമാന്യവല്‍ക്കരണം സംഭവിച്ചു.
ആഗോളവല്‍ക്കരണം
മാന്ത്രികവടിയോ?
മാറ്റങ്ങള്‍ ദ്രുതഗതിയിലായിരുന്നു. വിദ്യാഭ്യാസത്തിന്‍റെ കുറവും സാമ്പത്തിക ആശ്രിതത്വവുമാണ് വികസ്വരരാജ്യങ്ങളിലെ സ്ത്രീകളുടെ സാമൂഹികപദവി ഉയരാത്തതിനു കാരണമെന്നും, അതിനുള്ള മാന്ത്രികവടിയാണ് ആഗോളവല്‍ക്കരണമെന്നും പ്രചരിപ്പിച്ചുകൊണ്ടാണ് പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കപ്പെട്ടത്. കാള്‍ സെന്‍ററുകളിലൂടെയും കയറ്റുമതി സംസ്കരണ മേഖല, പ്രത്യേക സാമ്പത്തികമേഖല എന്നിവയിലൂടെയും ധാരാളം സ്ത്രീകള്‍ തൊഴില്‍ രംഗത്തെത്തി. ആഗോളവല്‍ക്കരണത്തിനല്ലാതെ മറ്റൊന്നിനും സ്ത്രീകളുടെ തൊഴില്‍ വര്‍ധിപ്പിക്കാനാകില്ല എന്ന പുകമറ സൃഷ്ടിക്കപ്പെട്ടു (മലേഷ്യയില്‍ 80% സ്ത്രീകള്‍ സംസ്കരണ മേഖലയില്‍ തൊഴിലെടുത്തിരുന്നു).
വിശാലമായ പാടശേഖരങ്ങളില്‍, ഫാക്ടറികള്‍ക്കുള്ളില്‍ വിയര്‍പ്പൊഴുക്കിയിരുന്ന സ്ത്രീകള്‍, മുള്ളു കമ്പികള്‍, വേലികെട്ടിയ ജയിലറകള്‍ പോലുള്ള തൊഴിലിടങ്ങളില്‍ പണിയെടുത്തു തുടങ്ങി. പുറത്തുനിന്നുള്ളവര്‍ അകത്തുകടക്കാതെ സെക്യൂരിറ്റിയും പൊലീസും. തൊഴിലാളികള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. അതിക്രമിച്ചു കടക്കുന്നവരെ അറസ്റ്റ് ചെയ്യുക, മര്‍ദ്ദിക്കുക എന്നീ ഏര്‍പ്പാടുകളും നിലവിലുണ്ട്. അതിനകത്തുള്ള തൊഴില്‍ സാഹചര്യം/സൗകര്യം പുറത്താരുമറിയില്ല, പറയുകയുമില്ല. സ്വതന്ത്ര വ്യവസായ മേഖലകളില്‍ കസ്റ്റംസിന്‍റെ നിയന്ത്രണമില്ലാതെ അസംസ്കൃതവസ്തുക്കള്‍ എത്തിക്കാനുള്ള സൗകര്യങ്ങളുണ്ട്. അപകടസാധ്യത നിറഞ്ഞ രാസവസ്തുക്കളുടെ സാന്നിധ്യത്തിലാണ് സ്ത്രീകള്‍ പണിയെടുക്കുന്നത്. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇത്തരം തൊഴിലിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ഞി, നാര്, പൊടി എന്നിവ ശ്വാസകോശത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍, ഇലക്ട്രോണിക് രംഗത്ത് കാന്‍സര്‍ സാധ്യത സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ അതിപ്രസരം, വായുസഞ്ചാരമില്ലാത്ത മുറികള്‍, ലീവില്ല, രോഗ അവധി (Sick Leave) പോലുമില്ല- ഇങ്ങനെ തൊഴിലെടുക്കുന്ന സ്ത്രീകളുടെ ആരോഗ്യം ചര്‍ച്ചാവിഷയമാവാറില്ല. കമ്പനി തരുന്ന ക്വാട്ട തീര്‍ക്കാനുള്ള നിര്‍ബന്ധം കാരണം മാനസിക സമ്മര്‍ദ്ദത്തിലാണ് സ്ത്രീകള്‍ എന്ന് പഠനങ്ങള്‍ പറയുന്നു.
ഒരോ വ്യക്തിയും ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ ബ്രാന്‍ഡുകള്‍ നല്‍കി വില്‍പ്പന നടത്തുന്നു. ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സബ് കോണ്‍ട്രാക്ടര്‍മാരെ നിയമിച്ചുകൊണ്ടാണ് സ്ത്രീതൊഴിലാളികളെ കണ്ടെത്തുന്നത്. സബ് കോണ്‍ട്രാക്ടര്‍മാരുടെ ദയയിലാണ് പിന്നീട് സ്ത്രീ തൊഴിലാളികള്‍. കുഞ്ഞുങ്ങളുള്ള അമ്മമാരെയാണ് നിയമിക്കുന്നതെങ്കില്‍ (ബംഗ്ലാദേശ്) കുട്ടികളെ വളര്‍ത്തണമെന്നതിനാല്‍ അവര്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും പണിയെടുക്കാന്‍ തയ്യാറായിരിക്കും.ജോലി നഷ്ടപ്പെടുത്താന്‍ കഴിയാത്തതുകൊണ്ട് നിശ്ശബ്ദമായി പണിയെടുത്തുകൊള്ളും. ആര്‍ക്കു വേണ്ടി പണിയെടുക്കുന്നുവെന്നോ, ആരാണ് മുതലാളി എന്നതുപോലുമോ ഇവരറിയില്ല. അതുകൊണ്ടുതന്നെ അവകാശങ്ങള്‍, ആവശ്യങ്ങള്‍ ആരോടു പറയാന്‍? മുതലാളി ആര് എന്നതറിയാത്തതില്‍നിന്ന് മുതലാളി ഏത് രാജ്യത്തെയാണ് എന്നുപോലും അറിയാത്ത അവസ്ഥ. മൂലധന ചംക്രമണത്തിന്‍റെ ഭാഗമായി ഇത്തരം മേഖലകളില്‍ ആഗോളതലത്തില്‍ തൊഴിലുമായി ബന്ധപ്പെട്ടു കുടിയേറ്റം നടക്കുന്നുണ്ട്. പ്രാദേശിക ഏജന്‍റുമാരെ മാത്രമേ തൊഴിലാളികള്‍ അറിയാറുള്ളൂ.
ഇത്തരത്തിലുള്ള അന്തര്‍ദേശീയ തൊഴില്‍ കുടിയേറ്റം കാരണം ബുദ്ധിമുട്ടുന്നതും സ്ത്രീകള്‍ തന്നെ. അങ്ങനെ വളര്‍ന്നുവന്നവരാണ് സേവന വ്യവസായത്തില്‍ 90 % സ്ത്രീകളും. വ്യവസായ പൂര്‍വ സമൂഹത്തില്‍ ഗാര്‍ഹികതൊഴില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. 1990 കാലത്ത് കിഴക്കന്‍ യൂറോപ്പില്‍നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 20 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഗാര്‍ഹികവൃത്തിക്കായി പോയിരുന്നു. ഇന്നും ഇന്ത്യ,ഫിലിപ്പൈന്‍സ്, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പോലുള്ളവയില്‍നിന്ന് വ്യാപകമായി ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്നു. അമേരിക്കയില്‍ ഇപ്പോള്‍ പൊതു ശിശുസംരക്ഷണകേന്ദ്രങ്ങള്‍ ഇല്ലാതായിവരികയാണ്. അന്യരാജ്യത്ത് നിന്നുള്ള ആയമാരെയും നഴ്സുമാരെയും ഗാര്‍ഹിക തൊഴിലാളികളെയും നിയമിക്കുന്നതില്‍ മതപരമായ/വംശീയപരമായ വേര്‍തിരിവുണ്ട്.
ലാറ്റിനമേരിക്കയിലെ കറുത്തവര്‍ഗക്കാരും, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ന്യൂനപക്ഷമതവിഭാഗങ്ങളുമാണ് കൂടുതലായും അന്യരാജ്യങ്ങളിലേക്കു പോകുന്നത്. അന്യരാജ്യങ്ങളില്‍ നിന്നുതന്നെ ഇത്തരം കെയര്‍ വര്‍ക്കിന് സ്ത്രീകളെ വേണമെന്ന് പറയാന്‍ കാരണം, തിരിച്ചു പോകാന്‍ അവര്‍ക്ക് കഴിയാത്തതിനാല്‍ അവര്‍ എന്ത് പീഡനവും സഹിച്ച് അവിടെത്തന്നെ കഴിയും എന്നതാണ്.
ഗിഗ് തൊഴിലാളികള്‍
ഇതിനുപുറമെയാണ് ഇന്ന് പുതിയതായി തൊഴില്‍ രംഗത്ത് പ്രത്യക്ഷപ്പെടുന്ന ഗിഗ് തൊഴിലാളികള്‍. അസംഘടിതമേഖലയേക്കാള്‍ ദരിദ്രവല്‍ക്കരിക്കപ്പെട്ട, തൊഴിലിടം പോലുമില്ലാത്ത, തൊഴിലിന്‍റെ പേരോ വിറ്റഴിക്കുന്ന ഉല്‍പ്പന്നമോ, എന്തെന്നോ ആര്‍ക്കെന്നോ, ആര് നിര്‍മ്മിച്ചതെന്നോ അറിയാത്ത രീതിയിലുള്ള തൊഴില്‍രംഗമാണ് ഗിഗ് തൊഴിലാളികളുടേത്. ആഗോള ഭക്ഷണരീതികള്‍ വ്യാപകമായതോടെ ഉണ്ടായ സൊമാറ്റോ, സ്വിഗി പോലുള്ളവയില്‍ നിന്ന് തുടങ്ങിയ ഈ തൊഴില്‍രംഗത്ത് ഭൂരിപക്ഷവും സ്ത്രീകളാണ്. ഊബര്‍ പോലുള്ള ടാക്സിക്കാരും ഇവരില്‍പെടുന്നു. ഇന്ന് ഈ രംഗത്ത് വിപുലീകരിക്കപ്പെട്ട പ്ലാറ്റ്ഫോം തൊഴിലാളികള്‍, പല ആശുപത്രികളിലായി പണിയെടുക്കുന്ന ഡോക്ടര്‍മാര്‍, ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ വീടുകളിലെത്തിക്കുന്നവര്‍ എന്നിങ്ങനെ പല തട്ടിലായി ഗിഗ്വര്‍ക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. മറ്റെല്ലാ മേഖലകളിലുമെന്നപോലെ ചൂഷണം നിലനില്‍ക്കുകയും, സ്വന്തമായി തൊഴിലിടം പോലുമില്ലാത്ത തൊഴിലാളിവര്‍ഗമായി ഇവര്‍ മാറ്റപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. മാര്‍ക്സ് സൂചിപ്പിച്ച ‘അന്യവല്‍ക്കരണ’ത്തിന്‍റെ മൂര്‍ത്തീകരണമാണ് ഇന്നത്തെ തൊഴില്‍ രംഗം. മാര്‍ക്സ് സൂചിപ്പിച്ച “ഉല്‍പാദനത്തിലും ഉപഭോഗത്തിലുമുള്ള അന്യവല്‍ക്കരണം” ഇന്ന് വിതരണരംഗത്തുമെത്തിയിരിക്കുന്നത് ആശങ്കാജനകമാണ്.
വാര്‍പ്പുമാതൃകകള്‍
ചുരുക്കത്തില്‍, ആഗോളവല്‍ക്കരണം മൂലധനാധിഷ്ഠിതമാണ്. സൃഷ്ടിക്കപ്പെട്ട വിപണിയും തൊഴിലുമെല്ലാം മൂലധനാധിഷ്ഠിതമാണ്. വികസിത രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് തൊഴില്‍മേഖല വിപുലീകരിക്കപ്പെട്ടിട്ടുള്ളത്. വിപണിയും സമ്പത്തും കൈയടക്കുന്നത് വികസിത രാജ്യങ്ങളും, അവയില്‍ തൊഴിലെടുക്കുന്നവര്‍ വികസ്വരരാജ്യങ്ങളിലെ തൊഴിലാളികളും എന്ന വിഭജനം നിലനില്‍ക്കുന്നതുപോലെത്തന്നെ, പുതിയ തൊഴില്‍മേഖലകളിലെ സൂപ്പര്‍വൈസര്‍മാരും സബ് കോണ്‍ട്രാക്ടര്‍മാരും മാനേജര്‍മാരും പുരുഷന്മാരും തൊഴിലാളികള്‍ ഭൂരിപക്ഷവും സ്ത്രീകളുമാണെന്നത് ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ തൊഴില്‍രംഗം ലിംഗപദവിപരവുമാണ് എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്