ഒരു സമൂഹത്തില്‍ സ്ത്രീകളുടെ പദവി വിലയിരുത്തുവാന്‍ പല മാര്‍ഗങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്ത്രീകള്‍ നേരിടുന്ന അതിക്രമത്തിന്‍റെ തോതാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സ്ത്രീകള്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും അതിക്രമങ്ങള്‍ കുറയണമെന്നില്ലായെന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് കേരളം. ഒരുപക്ഷേ വിദ്യാഭ്യാസവും അവബോധവും അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നുണ്ടാകാം. എങ്കിലും റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് സ്ത്രീയുടെ പദവി ഏറെ താഴെയാണെന്നു വ്യക്തമാക്കുന്നു. അതിക്രമങ്ങള്‍ മഞ്ഞു മലയുടെ തുമ്പ് മാത്രമാണ്.
അതിക്രമങ്ങള്‍ പെരുകുന്നു
കഴിഞ്ഞ നാലോ അഞ്ചോ ദശാബ്ദങ്ങളില്‍ ലോകത്തെമ്പാടും സ്ത്രീകള്‍ പല മേഖലകളിലും നേട്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ പെരുകുകയാണ്. വംശ, വര്‍ഗ, മതഭേദമെന്യേ സ്ത്രീകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. വീട്ടകങ്ങളിലും തൊഴിലിടങ്ങളിലും തെരുവിലും പൊതുവാഹനങ്ങളിലും കലാലയങ്ങളിലും സ്ത്രീകള്‍ ആക്രമണങ്ങള്‍ക്കു വിധേയരാകുന്നു. എന്നാല്‍ സാമൂഹികമായും സാമ്പത്തികമായും പ്രാന്തവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ ആണ് കൂടുതല്‍ ഇരകള്‍ ആകുന്നത്. പെണ്‍ ഭ്രൂണഹത്യ, സ്ത്രീധന കൊലപാതകം, ലൈംഗികാതിക്രമം, കൊല, തട്ടിക്കൊണ്ടുപോകല്‍, ദുരഭിമാനാക്രമണങ്ങള്‍, വൈവാഹിക ബലാല്‍സംഗം, ശിശ്നഛേദം തുടങ്ങി അക്രമങ്ങള്‍ വിവിധ രൂപങ്ങളില്‍ ആണ്. വര്‍ഗസമൂഹത്തില്‍ സ്ത്രീ ഒരു ഉല്‍പന്നം മാത്രമായിരിക്കുന്നതിനാല്‍ സംഭവിക്കുന്ന കടുത്ത വിവേചനവും അസമത്വവും ആണ് അതിക്രമങ്ങള്‍ക്ക് അടിസ്ഥാനം. കാലാകാലങ്ങളില്‍ സ്ത്രീ അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍ ആഗോള മുതലാളിത്തം മൂര്‍ഛിപ്പിക്കുകയാണ് ചെയ്തത്. നവലിബറലിസത്തിന്‍റെ അധിനിവേശ പ്രക്രിയ സ്ത്രീയെ ക്രൂരമാംവിധം ചരക്കുവല്‍ക്കരിച്ചിരിക്കുന്നു. മുതലാളിത്തം നിലനില്‍ക്കുന്ന അസമത്വങ്ങളെ ദൃഢീകരിക്കുകയും ലാഭത്തിനായി ആധുനികതയുടെ കുപ്പായം ധരിച്ചുകൊണ്ട് സ്ത്രീക്ക് വ്യാജമായ സ്വാതന്ത്ര്യം അനുവദിക്കുകയുമാണ് ചെയ്യുന്നത്. മുതലാളിത്ത വിപ്ലവം നടന്ന രാജ്യങ്ങളിലും ഇന്ത്യ പോലെ അതു സംഭവിക്കാത്ത ദരിദ്ര രാജ്യങ്ങളിലും സ്ത്രീകള്‍ അതിക്രമങ്ങള്‍ നേരിടുന്നതിന്‍റെ കാരണവും ഇതാണ്.
നിയമങ്ങള്‍ ഏട്ടിലെ പശുക്കള്‍
ആഗോള മുതലാളിത്തം സമൂഹത്തെയാകെ ക്രിമിനല്‍വല്‍ക്കരിക്കുന്നതിന്‍റെ ഫലമായി കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ആക്രമണോത്സുകത വല്ലാതെ വര്‍ധിച്ചിരിക്കുന്നു. ഇത് സ്ത്രീകളുടെ നേര്‍ക്കുള്ള ആക്രമണങ്ങളും പെരുകാനിടയാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ 1975 മുതലുള്ള പല പ്രഖ്യാപനങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ തലത്തില്‍ ചില നടപടികള്‍ സ്വീകരിക്കുവാന്‍ ജനാധിപത്യ രാജ്യങ്ങളെ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടുണ്ട്. നിയമനിര്‍മ്മാണങ്ങള്‍ ഒരു നിരന്തര പ്രക്രിയയായി മാറിയിരിക്കുന്നു. ഇന്ത്യയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. നിര്‍ഭയ നിയമം, പോക്സോ, തൊഴിലിടങ്ങളിലെ ലൈംഗിക പീഡന വിരുദ്ധ നിയമം, ഗാര്‍ഹിക പീഡന വിരുദ്ധ നിയമം തുടങ്ങിയവ അടുത്തകാലത്ത് രൂപംകൊണ്ട നിയമങ്ങളാണ്. എന്നാല്‍ നിയമങ്ങള്‍ ഏട്ടിലെ പശുക്കളായി മാറുന്നു എന്നതാണ് കണക്കുകള്‍ വെളിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം. ഇന്ത്യയില്‍ ശക്തമായ വര്‍ഗീയഫാസിസം ദളിത്, ന്യൂനപക്ഷ സ്ത്രീകളുടെ ജീവിതം അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. മാത്രമല്ല. “ആര്‍ഷഭാരത സംസ്കാര”ത്തിന്‍റെ മറവില്‍ സദാചാര ഗുണ്ടായിസം സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2021 ല്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ 15.3% വര്‍ധനയുണ്ടായി. ആകെയുള്ള കേസുകളില്‍ 31.8% ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയും ഭാഗത്തു നിന്നുള്ളവയാണ്. 2021 ല്‍ കൂട്ടബലാല്‍സംഗക്കൊല/ ബലാല്‍സംഗം എന്ന വിഭാഗത്തില്‍ 284 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 12,000 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 28,000 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ‘നിര്‍ബന്ധിത വിവാഹം’ ചെയ്യിച്ചു. ഇത് ഏറ്റവും കൂടുതല്‍ യു.പി.യിലാണ്. തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്‍ നടത്തിയ ഒരു പഠനത്തില്‍ ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യയെയാണ് കണ്ടെത്തിയത്.
സ്ത്രീകള്‍ വളരെക്കൂടുതലായി വീടിന്‍റെ നാലു ചുമരുകള്‍ വിട്ട് ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. വിദ്യാഭ്യാസത്തിനും തൊഴിലിനും വിനോദങ്ങള്‍ക്കും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റനേകം ആവശ്യങ്ങള്‍ക്കും സ്ത്രീകള്‍ പൊതു ഇടങ്ങളിലെത്തുന്നു. അടുക്കളയില്‍ നിന്നും അരങ്ങത്തേക്കു വന്നുവെന്നു പറയാം. എന്നാല്‍ അവര്‍ വന്നെത്തിയ അരങ്ങ് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും പുരുഷാധിപത്യപരവുമാണ്. ഇവിടെയെത്തിയ സ്ത്രീകള്‍ ദൈനംദിനമെന്നോണം സംഘര്‍ഷങ്ങളിലൂടെയും സംഘട്ടനങ്ങളിലൂടെയും കടന്നു പോകുന്നു. അവകാശ ബോധമുള്ള സ്ത്രീകള്‍ അടിച്ചമര്‍ത്തലുകളും വിവേചനങ്ങളും അപമാനങ്ങളും ചെറുക്കുന്നു.
ആക്രമണങ്ങളേറെയും
പരിചയമുള്ളവരില്‍ നിന്നുതന്നെ
അപരിചിതരില്‍ നിന്നല്ല സ്ത്രീകള്‍ ആക്രമണങ്ങള്‍ പ്രധാനമായും നേരിടുന്നതെന്ന് 2017 ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. 93.1% കേസുകളിലും ബലാത്സംഗം ചെയ്തത് സ്ത്രീകള്‍ക്ക് പരിചയം ഉള്ളവര്‍ തന്നെയാണ്. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്തത് ആക്രമണം ഭയന്നാണെന്ന് പറയുന്നതിന്‍റെ വൈരുധ്യമാണത് സൂചിപ്പിക്കുന്നത്. ആക്രമണം പരിചിതരില്‍ നിന്നും അപരിചിതരില്‍ നിന്നുമുണ്ടാകാം എന്നു സാരം. ജീവിത പങ്കാളിയില്‍ നിന്നാണ് കൂടുതല്‍ സ്ത്രീകളും പീഡനം അനുഭവിക്കുന്നത്. ഗാര്‍ഹിക പീഡനം ഒരു പ്രശ്നമായി അംഗീകരിക്കപ്പെട്ടത് അടുത്ത കാലത്ത് മാത്രമാണ്. വൈവാഹിക ബലാല്‍സംഗം ഇന്ത്യ ഇനിയും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ശാരീരികവും മാനസികവും സാമ്പത്തികവും ലൈംഗികവുമായ അതിക്രമങ്ങള്‍ ആണ് ജീവിത പങ്കാളിയില്‍ നിന്ന് സ്ത്രീകള്‍ അനുഭവിക്കുന്നത്. ശാരീരിക ആക്രമണം ഒരിക്കലും തനിയെ സംഭവിക്കുന്നില്ല. അതിനൊപ്പം മാനസിക പീഡനവും ഉണ്ടാകും. വാക്കുകള്‍കൊണ്ടും കായിക ബലം ഉപയോഗിച്ചും നിരന്തരം ഭയവും ഉത്കണ്ഠയും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ജീവിത പങ്കാളിക്ക് ഒപ്പം ജീവിക്കുന്ന സ്ത്രീ അനുഭവിക്കുന്ന നിരാശയും നിസ്സഹായതയും വേദനയും വിവരണാതീതമാണ്. സ്വന്തം വീട്ടുകാരെ അപമാനിക്കുക, എന്തിനും ഏതിനും കുറ്റപ്പെടുത്തുക, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുക, പരസ്യമായി അപമാനിക്കുക, സംശയിക്കുക, കുറ്റബോധം ജനിപ്പിക്കുക, സ്ത്രീത്വത്തെ ചോദ്യം ചെയ്യുക തുടങ്ങി മാനസികവും വൈകാരികവുമായ പീഡനങ്ങള്‍ നിരവധിയാണ്. അണുകുടുംബങ്ങളില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ മോചനമില്ലാതെ ഇത്തരം ബന്ധങ്ങളില്‍ കുരുങ്ങിക്കിടന്ന് ജീവിതം നരകിച്ചു തീര്‍ക്കുന്നു.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളും ധാരാളമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും കീഴ് ജീവനക്കാരും ലൈംഗികാതിക്രമങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്. ലൈംഗിക ചേഷ്ടകള്‍ കാണിക്കുക, ശാരീരികമായി ഉപദ്രവിക്കുക, അശ്ലീല ചിത്രങ്ങള്‍ കാണിക്കുക, ശരീരത്തെയും വസ്ത്രധാരണത്തെയും കുറിച്ച് അശ്ലീലമായ കമന്‍റുകള്‍ പാസാക്കുക, ടൂറിനു വരാന്‍ നിര്‍ബന്ധിക്കുക, ഭീഷണിപ്പെടുത്തുക എന്നിവയാണ് പലപ്പോഴും സംഭവിക്കുന്നത്.
അതിക്രമങ്ങള്‍ ചെറുക്കുന്നതിനോ റിപ്പോര്‍ട്ടു ചെയ്യുന്നതിനോ പല കാരണങ്ങളാല്‍ സാധിക്കാത്തവരാണ് ബഹുഭൂരിപക്ഷം സ്ത്രീകളും. പ്രതീക്ഷയറ്റ്, നിരാശാ രോഗികളായി നിരന്തരമായ ഭയവും ഉത്കണ്ഠയും അനുഭവിക്കുന്ന സ്ത്രീകള്‍ ഒറ്റപ്പെടുകയും താന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരോടും പറയാന്‍ ധൈര്യപ്പെടാതിരിക്കുകയും ചെയ്യുന്നു. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളാകുമ്പോള്‍ തൊഴില്‍ എന്നത് അവരുടെ ജീവിതം നിലനിര്‍ത്തുന്ന ഒരു ഘടകമാകാം. വീട്ടിലെ ഏക വരുമാന മാര്‍ഗമായിരിക്കാം. തൊഴിലിടങ്ങളിലെ അതിക്രമത്തിനെതിരെ ഒരു പോരാട്ടം നടത്തുവാനുള്ള പിന്തുണാ സംവിധാനം സ്വാഭാവികമായും അവര്‍ക്കുണ്ടാകില്ല.
ബലാല്‍സംഗം മുതല്‍ സ്ത്രീധനപീഡനം വരെയുള്ള ഏതു കുറ്റകൃത്യത്തിലും സ്ത്രീ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ് പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നത്. നിര്‍ഭയയും സൗമ്യയും ചില ഉദാഹരണങ്ങള്‍ മാത്രം. ഇര കൊല്ലപ്പെട്ടിട്ടും പ്രതികള്‍ രക്ഷപ്പെട്ട കേസുകള്‍ക്കും ഇന്ത്യയില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. നിയമങ്ങള്‍ പല്ലും നഖവും ഇല്ലാത്ത കടലാസു പുലികള്‍ ആണെന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. നിയമവ്യവസ്ഥയുടെ സ്ത്രീവിരുദ്ധത സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ എന്നും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും സമൂലമായ മാറ്റത്തിനുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. പുരുഷാധിപത്യ മനോഭാവവും സമീപനവുമാണ് പൊലീസിനും കോടതിക്കും ഉള്ളത്. ഒരു സ്ത്രീയ്ക്ക് ധൈര്യമായി കടന്നു ചെല്ലാവുന്ന ഇടമായി പൊലീസ് സ്റ്റേഷനുകള്‍ മാറുന്ന കാലം എന്നാണെന്ന് അറിയില്ല. ഗാര്‍ഹിക പീഡന പരാതിയുമായി ചെല്ലുന്ന സ്ത്രീകളെ വിശ്വാസത്തിലെടുക്കുവാന്‍ പൊലീസിന് ഇനിയും കഴിയുന്നില്ല. ഇരയെ, അതിജീവിതയെ ആക്ഷേപിക്കുകയും അവിശ്വസിക്കുകയും ‘ഒത്തുതീര്‍പ്പിന്’ പ്രേരിപ്പിക്കുകയുമാണ് പൊലീസ് ചെയ്യുന്നത്. നിയമത്തില്‍ വിശദമായി വ്യവസ്ഥകള്‍ അക്കമിട്ട് പറയുമ്പോഴും അത് നടപ്പാക്കുവാന്‍ ബാധ്യതയുള്ള പൊലീസ് പുലര്‍ത്തുന്ന സ്ത്രീവിരുദ്ധമായ അലംഭാവം സ്ത്രീക്ക് നീതി ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിബന്ധമാണ്.
അതിക്രമം പുരുഷാധിപത്യ
വ്യവസ്ഥയുടെ അടവ്
സ്ത്രീയെ “നിലയ്ക്ക് നിര്‍ത്തുവാനുള്ള” പുരുഷാധിപത്യ വ്യവസ്ഥയുടെ അടവാണ് അതിക്രമം. വീട്ടിനകത്തും പുറത്തും അവരുടെ സ്വതന്ത്ര വിഹാരത്തിന്, വളര്‍ച്ചയ്ക്ക് ഇത് വിലങ്ങിടുന്നു. നിരന്തരം ഭയത്തിന്‍റെ നിഴലിലാണ് സ്ത്രീകള്‍. ഏതെങ്കിലും തരത്തിലുള്ള അതിക്രമം ഏതു നിമിഷവും സംഭവിക്കുമെന്ന് കരുതി ജീവിക്കുന്നത് പൗരാവകാശ ലംഘനമാണ്.
‘സ്ത്രീയുടെ അവകാശം മനുഷ്യാവകാശം’ എന്ന മുദ്രാവാക്യം ഐക്യരാഷ്ട്രസഭ ഉയര്‍ത്തിയിട്ട് ഏഴ് പതിറ്റാണ്ട് കഴിയുമ്പോഴും സ്ത്രീകള്‍ പല തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതിന് കാരണം അധികാരത്തിന്‍റെ ഇടനാഴിയില്‍ അവള്‍ക്ക് പ്രവേശനമില്ലാത്തതാണ്. അധികാരം ഇല്ലാത്തവര്‍ അത് സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി ആരായാലും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു.
വര്‍ഗസമൂഹത്തില്‍ അധികാരം കൈയാളുന്നവര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാനും നിയന്ത്രിക്കുവാനും ആണ് അതിക്രമങ്ങളെ ഉപയോഗിക്കുന്നത്. ലിംഗപരമായ വിവേചനം പുരുഷാധിപത്യത്തെ കഠിനവും ആക്രമണോത്സുകവുമാക്കുന്നു. പുരുഷന്‍റെ അനിയന്ത്രിതമായ ലൈംഗികാഭിനിവേശമാണ് ബലാല്‍സംഗത്തിന്‍റെ അടിസ്ഥാനമെന്ന അസംബന്ധം ഇന്നും ആവര്‍ത്തിക്കുന്നവര്‍ വിരളമല്ല. ശാരീരികമായ പ്രത്യേകത അല്ല പുരുഷനെ ബലാല്‍സംഗത്തിനു പ്രേരിപ്പിക്കുന്നത്. മറിച്ച്, പുരുഷാധിപത്യ ബോധമാണ് ലൈംഗികമായി സ്ത്രീയെ അടിച്ചമര്‍ത്തുവാന്‍ അവന് പ്രേരണയാകുന്നത്. തന്‍റെ ജന്മാവകാശമാണ് സ്ത്രീയെ ലൈംഗികാടിമയാക്കുക എന്ന് പുരുഷനെ വിശ്വസിപ്പിക്കുന്ന സാംസ്കാരിക, രാഷ്ട്രീയ, പ്രത്യയശാസ്ത്ര സന്ദേശങ്ങള്‍ കൊണ്ട് സാമൂഹികാന്തരീക്ഷം മലീമസമാക്കപ്പെട്ടിരിക്കുന്നു. അധികാരം എന്നത് സംവരണത്തിലൂടെ ലഭിക്കുന്ന രാഷ്ട്രീയ അധികാരം മാത്രമല്ല. സാമൂഹിക, സാംസ്കാരിക, സ്വകാര്യ മണ്ഡലങ്ങളിലെ അധികാരം കൂടിയാണ്.
സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മാനങ്ങള്‍ ഉണ്ടെന്നു പറയുന്നത് അതുകൊണ്ടാണ്. അതിനാലാണ് ഇതിനുള്ള പരിഹാരവും ലളിതമാകാത്തത്. വര്‍ഗസമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ നടക്കേണ്ട ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ലിംഗപരമായ വിവേചനങ്ങള്‍ സവിശേഷമായും കണക്കിലെടുക്കേണ്ടിയിരിക്കുന്നു. കാരണം മാര്‍ക്സ് പറഞ്ഞതുപോലെ വീട്ടില്‍ പുരുഷന്‍ മുതലാളിയും സ്ത്രീ തൊഴിലാളിയുമാണ്. ഏറ്റവും പുരാതന തൊഴില്‍ വിഭജനം നടന്നത് സ്ത്രീക്കും പുരുഷനുമിടയിലാണ്. ഇതില്‍ മാറ്റം വരണമെങ്കില്‍ വര്‍ഗാധിഷ്ഠിതമായ വ്യവസ്ഥിതിയില്‍ മാറ്റം അനിവാര്യമാണ്•