Saturday, November 23, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍ഹോചിമിനും വിയത്നാം വിപ്ലവപാതയും

ഹോചിമിനും വിയത്നാം വിപ്ലവപാതയും

എം എ ബേബി

രോ കമ്യൂണിസ്റ്റ് പാര്‍ടിയിലും ആ നാടിന്‍റെ ചില മുദ്രകള്‍കൂടി പതിയുമ്പോഴാണ് സാമൂഹിക വിപ്ലവശക്തികളുടെ മുന്നേറ്റം സവിശേഷവും വിജയകരവുമാകുന്നത്. ആ രാജ്യത്തിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ പരിണാമങ്ങളുടെ സ്പര്‍ശവും അതിലുണ്ടാവും. അവിടുത്തെ പാര്‍ട്ടിയുടെ കൂട്ടായ നേതൃത്വത്തില്‍നിന്നും ഉയര്‍ന്നുവരുന്ന പ്രധാന നേതൃവ്യക്തിത്വം ഈ പ്രക്രിയയില്‍, തന്‍റേതായ കാഴ്ചപ്പാടിലും തിരിച്ചറിവിലും ചില സുപ്രധാന ഇടപെടലുകള്‍ നടത്തിയ അനുഭവങ്ങളുമുണ്ട്. റഷ്യയില്‍ ലെനിനും ചൈനയില്‍ മൗവും വിയത്നാമില്‍ ഹോചിമിനും ക്യൂബയില്‍ ഫിദല്‍ കാസ്ട്രോയും ചെ ഗുവേരയും ഇത്തരത്തില്‍ പഠനവിധേയമാകുന്നുണ്ട്.

വിയത്നാം വിപ്ലവമുന്നേറ്റത്തില്‍ ഹോചിമിന്‍ നല്‍കിയ സംഭാവനകളില്‍ മുഖ്യം, ഇന്തോ ചൈനയുടെ പ്രത്യേക സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ കൊളോണിയല്‍ തീസിസ് പ്രയോഗത്തില്‍ വരുത്തുവാന്‍ നടത്തിയ നേതൃത്വപരമായ ശ്രമങ്ങളാണ്; അതിന്‍റെ അടിസ്ഥാനത്തില്‍ ദേശീയ വിമോചനത്തിന് നേതൃത്വം നല്‍കാന്‍ വേണ്ട സംഘടന കെട്ടിപ്പടുക്കാനും ഉത്തര വിയത്നാം മോചിപ്പിക്കപ്പെട്ടശേഷം ആ രാജ്യത്തെ സോഷ്യലിസത്തിലേക്ക് നയിക്കാനും അദ്ദേഹം വഹിച്ച പങ്കാണ്. അക്കാരണങ്ങളാലാണ് വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടിയുടെ സൈദ്ധാന്തിക അടിത്തറയായി മാര്‍ക്സിസം –  ലെനിനിസത്തിനൊപ്പം ഹോചിമിന്‍ ചിന്തകളെ കൂട്ടിച്ചേര്‍ത്തത്.

വിയത്നാമിന്‍റെ വിമോചന പോരാട്ടത്തില്‍ സായുധ ഗറില്ലാ സമരത്തിന് അതുല്യമായ പങ്കുണ്ട്. രണ്ട് സാമ്രാജ്യത്വശക്തികളുടെ – ഫ്രാന്‍സിന്‍റെയും അമേരിക്കയുടെയും – സുശിക്ഷിതമായ സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ അവയെ മുട്ടുകുത്തിച്ചാണ് വിയത്നാം ജനത വിമോചനത്തിന്‍റെ പാതയിലേക്ക് മുന്നേറിയത്. ആ സമരതന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയും അത് പ്രാവര്‍ത്തികമാക്കാന്‍ മുന്നില്‍നിന്ന് നയിക്കുകയും ചെയ്തത് വൊ ഗുയെന്‍ ഗ്യാപ് എന്ന പ്രതിഭാശാലിയായ വിപ്ലവകാരിയാണ്. സൈനിക പരിശീലനം ലഭിച്ചിട്ടില്ലാത്ത, ചരിത്രാധ്യാപകനായിരുന്ന ഗ്യാപാണ് പില്‍ക്കാലത്ത് ‘ചുവപ്പന്‍ നെപ്പോളിയന്‍’ എന്ന പേരില്‍ ഗറില്ലാ സമരമുറകളുടെ ആചാര്യനായി അറിയപ്പെട്ടത്. ടി ഇ ലോറന്‍സിനെയും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെയും പോലെയുള്ള ചരിത്രത്തിലെതന്നെ പ്രശസ്തരായ സൈനിക തന്ത്രജ്ഞരെക്കുറിച്ചുള്ള അഗാധമായ അറിവാണ് അദ്ദേഹത്തെ ആ നിലയിലേക്കുയര്‍ത്തിയത്.

1884ല്‍, ഹോചിമിന്‍ ജനിക്കുന്നതിനും അഞ്ചുവര്‍ഷം മുന്‍പാണ്, ഫ്രഞ്ച് സാമ്രാജ്യത്വം വിയത്നാമിനെ പൂര്‍ണമായും സ്വന്തം അധിനിവേശത്തിന്‍കീഴിലാക്കിയത്. വിയത്നാം, ലാവോസ്, കമ്പോഡിയ എന്നീ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന രാജ്യാതിര്‍ത്തികള്‍ മാത്രമല്ല, ആ പേരുകള്‍ തന്നെ അവര്‍ രാഷ്ട്രീയ ഭൂപടത്തില്‍നിന്നും മായ്ച്ചുകളഞ്ഞു. പകരം ഇന്തോ ചൈന എന്ന പേര് ആ പ്രദേശത്തിനുമേല്‍ ചാര്‍ത്തപ്പെട്ടു. വിയത്നാമിനെതന്നെ ടോങ്കിന്‍, അന്നാം, കൊച്ചിന്‍ ചൈന എന്നിങ്ങനെ മൂന്ന് ഭരണമേഖലകളായി തിരിച്ചു. സ്വാതന്ത്ര്യത്തിനായുള്ള ശബ്ദങ്ങളെയെല്ലാം അവര്‍ ഞെരിച്ചമര്‍ത്തി. വിയത്നാമിലെ 90 ശതമാനത്തിലധികം ജനങ്ങളും നിരക്ഷരരും ദരിദ്രരുമായിരുന്നു. ലോകത്തെ സാംസ്കാരികമായ സ്വാധീനത്തില്‍നിന്നും പുരോഗമനാശയങ്ങളുടെ സ്വാധീനത്തില്‍നിന്നും ഫ്രഞ്ച് വിപ്ലവാശയങ്ങളില്‍നിന്നും വിയത്നാം ജനത അകറ്റി നിര്‍ത്തപ്പെട്ടു. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗത്തിന് കൊളോണിയല്‍ ഭരണകൂടം പൂര്‍ണമായും ഒത്താശ നല്‍കി. വിയത്നാമിലെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് ഫ്രാന്‍സിലേക്ക് കടത്തിക്കൊണ്ടുപോവുകയും വിയത്നാം ജനതയുടെ അധ്വാനത്തെ നിഷ്ഠുരമായി ചൂഷണം ചെയ്യുകയും യൂറോപ്യന്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളമാക്കി വിയത്നാമിനെ മാറ്റുകയും ചെയ്തു.

ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിനെതിരെ കര്‍ഷക കലാപങ്ങള്‍ സജീവമായിരുന്ന വിയത്നാമിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഹോചിമിന്‍ ജനിച്ചു വളര്‍ന്നത്. ഫ്രഞ്ച് ഭരണാധികാരികളുടെ അനിതരസാധാരണമായ ക്രൂരതകള്‍ക്ക് കുട്ടിക്കാലത്തുതന്നെ അദ്ദേഹം സാക്ഷ്യം വഹിച്ചിരുന്നു. തന്‍റെ കൗമാരകാലത്തുതന്നെ കൊളോണിയല്‍ കൊള്ളയില്‍നിന്ന് നാട്ടിലെ ജനങ്ങളെ മോചിപ്പിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. തൊഴിലന്വേഷിച്ചു നടന്ന ഹോയ്ക്ക് 21-ാം വയസ്സില്‍ ഒരു കപ്പലിലെ പാചകക്കാരന്‍റെ സഹായിയായി ജോലി ലഭിച്ചു. ആ കപ്പലില്‍ ഹോ ലോകത്തുടനീളമുള്ള – ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും അമേരിക്കയിലെയുമെല്ലാം – തുറമുഖങ്ങളും നഗരങ്ങളും സന്ദര്‍ശിച്ചു. അപ്പോഴെല്ലാം തന്‍റെ രാജ്യത്തിന്‍റെ മോചനമായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സുനിറയെ. ഒടുവില്‍ അദ്ദേഹം ഫ്രാന്‍സില്‍ സ്ഥിരവാസമുറപ്പിച്ചു. അവിടെ അദ്ദേഹം പല ജോലികളും ചെയ്തു; ഒപ്പം പഠനത്തിലുമേര്‍പ്പെട്ടു. ഫ്രഞ്ച് സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍, കോളനിവാഴ്ചയ്ക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടായിരുന്ന ഹോചിമിന്, കൊളോണിയലിസത്തോട് സമരസപ്പെടുന്ന ആ പാര്‍ട്ടിയുടെ നിലപാടില്‍ കടുത്ത അതൃപ്തിയാണുണ്ടായിരുന്നത്. മാത്രമല്ല, ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന ഫ്രഞ്ച് വിപ്ലവത്തിന്‍റെ ആദര്‍ശവും, അതുയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഫ്രഞ്ച് ഭരണവര്‍ഗത്തിന്‍റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യം തുറന്നുകാണിക്കാനും അദ്ദേഹം മടിച്ചില്ല. യൂറോപ്യന്‍ സംസ്കാരത്തെക്കുറിച്ച് അദ്ദേഹം പില്‍ക്കാലത്ത് എഴുതിയത് “ആളെക്കൊല്ലി സംസ്കാരം” (Civilisation That KIlls) എന്നാണ്.

കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലില്‍ ലെനിന്‍ അവതരിപ്പിച്ച കൊളോണിയല്‍ തീസിസും ദേശീയ പ്രശ്നത്തെക്കുറിച്ചുള്ള തീസിസും വായിക്കാനിടയായതാണ് ഹോചിമിന്‍റെ ജീവിതത്തെയാകെ മാറ്റിമറിച്ചത്. കൊളോണിയല്‍ അടിമത്തം നേരിടുന്ന ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നത്തെയും ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്നത്തെയും ശരിയായവിധം അഭിസംബോധന ചെയ്യുന്ന ഒരേയൊരു രാഷ്ട്രീയ സിദ്ധാന്തം മാര്‍ക്സിസമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഇടതുപക്ഷ വിഭാഗത്തോടൊപ്പം നിന്ന, ഹോചിമിന്‍ എന്നറിയപ്പെട്ട ഗുയെന്‍ ഐ ക്വോക്ക് പില്‍ക്കാലത്ത് അതുകൊണ്ടുതന്നെ, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ (1920) നേതൃത്വപരമായ പങ്കുവഹിച്ചു. കോളനി രാജ്യങ്ങളിലെ ജനങ്ങളുടെ ദേശീയ വിമോചനസമരത്തെ സംബന്ധിച്ച ലെനിന്‍റെ കാഴ്ചപ്പാടില്‍ ആകൃഷ്ടനായ ഹോചിമിന്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി 1923ല്‍ മോസ്കോയില്‍ എത്തുകയും, കോമിന്‍റേണിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തു. അവിടെവെച്ചാണ് അദ്ദേഹം ഇന്ത്യന്‍ വിപ്ലവകാരിയും ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഘടകത്തിന്‍റെ സ്ഥാപകനുമായ എം എന്‍ റോയിയുമായി ബന്ധപ്പെട്ടത്.  മോസ്കോയിലെ താമസകാലത്ത് അദ്ദേഹം മാര്‍ക്സിസം – ലെനിനിസത്തിലും ഒക്ടോബര്‍ വിപ്ലവാനുഭവങ്ങളിലും അഗാധമായ അറിവുനേടി. പിന്നീട്, കോമിന്‍റേണ്‍ തീരുമാനപ്രകാരം അദ്ദേഹം ഇന്തോ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാനും ദേശീയവാദികളായ മുഴുവന്‍ വിപ്ലവകാരികളെയും അണിനിരത്തി കൊളോണിയല്‍ വാഴ്ചയ്ക്കെതിരെ പൊരുതാനും സ്വദേശത്തേക്ക് മടങ്ങി. 1924ല്‍ ചൈനയിലെ കാന്‍റണ്‍ നഗരത്തലെത്തിയ അദ്ദേഹം അവിടെ പാര്‍പ്പുറപ്പിച്ചാണ് തന്‍റെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ചൈനയില്‍ കഴിഞ്ഞിരുന്ന വിയത്നാം ചെറുപ്പക്കാര്‍ക്ക് രാഷ്ട്രീയ പരിശീലനം നല്‍കുന്നതിനൊപ്പം കൊറിയ, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ കോളനിവാഴ്ചയിന്‍കീഴിലായിരുന്ന രാജ്യങ്ങളില്‍നിന്ന് അക്കാലത്ത് ചൈനയിലുണ്ടായിരുന്ന ചെറുപ്പക്കാരെ സംഘടിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തി. ഇക്കാലത്തെ തന്‍റെ പ്രഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി THe Revolutionary Path (വിപ്ലവപാത) എന്ന പുസ്തകവും ഹോചിമിന്‍ പുറത്തിറക്കി.

1927ലാണ് വിയത്നാമില്‍ ആദ്യമായി ദേശീയ ബൂര്‍ഷ്വാസിയുടെയും പെറ്റി ബൂര്‍ഷ്വാസിയുടെയും ആശയങ്ങളും ആഗ്രഹാഭിലാഷങ്ങളും പ്രതിനിധാനം ചെയ്യുന്ന ഒരു സംഘടന  രൂപവത്കരിക്കപ്പെട്ടത്. ഹാനോയ്യില്‍ സ്ഥാപിക്കപ്പെട്ട ഈ സംഘടന ഗുയെന്‍ തായ്ഹോക് എന്ന ദേശീയ വിപ്ലവകാരിയുടെ നേതൃത്വത്തില്‍ 1930 ജനുവരി 10ന് കൊളോണിയല്‍ വാഴ്ചയ്ക്കെതിരെ കലാപം ആരംഭിച്ചെങ്കിലും അത് അടിച്ചമര്‍ത്തപ്പെട്ടു. അതിനുമുന്‍പുതന്നെ വിയത്നാമില്‍ പല പ്രദേശങ്ങളിലായി കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ദേശീയവാദികളുടെ സംഘടനയ്ക്കൊപ്പംതന്നെ വിയത്നാമില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപീകരിക്കപ്പെടുകയും സജീവമായി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിരുന്നു. 1930 ഫെബ്രുവരി 3ന് ഹോചിമിന്‍റെ അധ്യക്ഷതയില്‍ ഹോങ്കോങ്ങില്‍ ചേര്‍ന്ന സമ്മേളനത്തിലവതരിപ്പിച്ച പരിപാടിപരമായ പ്രമേയത്തില്‍ വിയത്നാം വിപ്ലവത്തിന്‍റെ ലക്ഷ്യം സംബന്ധിച്ച് ഇങ്ങനെ വ്യക്തമാക്കി, “ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവവും കാര്‍ഷിക വിപ്ലവവും നടത്തി ക്രമേണ കമ്യൂണിസ്റ്റ് സമൂഹമാക്കി വിയത്നാമിനെ മാറ്റുക”. അതിനായി എല്ലാ സാമൂഹിക വര്‍ഗങ്ങളുടെയും പുരോഗമനശക്തികളുടെയും രാജ്യസ്നേഹികളുടെയും കൂട്ടായ്മയായി ദേശീയ മുന്നണി രൂപീകരിക്കാനാണ് ആ സമ്മേളനം തീരുമാനിച്ചത്. അങ്ങനെ ഈ സമ്മേളനത്തില്‍വെച്ചാണ് വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെയെല്ലാം ചേര്‍ത്ത് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്തോ ചൈന (ICP) എന്ന ഒരൊറ്റ പാര്‍ടിയായി മാറുന്നത്.

1935 മാര്‍ച്ച് 27 മുതല്‍ 31 വരെ ചൈനയിലെ മക്കാവൊ ദ്വീപിലാണ്, ഇന്തൊ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒന്നാം കോണ്‍ഗ്രസ് ചേര്‍ന്നത്. സമ്മേളനം പതിമൂന്നംഗ കേന്ദ്ര കമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയായി ലെ ഹോങ് ഫോങ്ങിനെയും തിരഞ്ഞെടുത്തു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ നിലവാരമുയര്‍ത്തുന്നതിനും വിപ്ലവ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ ജനങ്ങളെ അണിനിരത്തുന്നതിനും സാമ്രാജ്യത്വത്തിനും യുദ്ധത്തിനുമെതിരെ പ്രചാരണം സംഘടിപ്പിക്കുന്നതിനും ഈ കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാല്‍ ഒന്നാം കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നിലപാടില്‍ തെറ്റായ ചില സങ്കല്‍പ്പനങ്ങള്‍ മുന്‍കൈ നേടിയിരുന്നു. അതുകൊണ്ടുതന്നെ സാമ്രാജ്യത്വവിരുദ്ധ വിശാല മുന്നണി രൂപീകരണം വൈകി. ഈ സെക്ടേറിയന്‍ നിലപാടിനോട് ഹോചിമിന് വിയോജിപ്പുണ്ടായിരുന്നു. 1935 ജൂലൈയില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ ഏഴാം കോണ്‍ഗ്രസില്‍ വിയത്നാം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിനൊപ്പം ആ സമയത്ത് മോസ്കോയിലെ ലെനിന്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരുന്ന ഗുയെന്‍ ഐ ക്വോക്കും (ഹോചിമിന്‍) പങ്കെടുത്തിരുന്നു. പിന്നീട് 1938ല്‍ ഹോചിമിന്‍ സോവിയറ്റ് യൂണിയനില്‍നിന്ന് ചൈനയിലെത്തുകയും അവിടെ നിന്ന് വിയത്നാമിലെ വിപ്ലവപ്രസ്ഥാനത്തിനു നേതൃത്വം നല്‍കുകയും ചെയ്തു.

1940 സെപ്തംബര്‍ 22നാണ് ജപ്പാന്‍ സൈന്യം ചൈനയില്‍നിന്ന് വിയത്നാമിലേക്കു കടക്കുന്നത്. അതേവരെ അവിടെ ആധിപത്യം പുലര്‍ത്തിയിരുന്ന ഫ്രഞ്ച് സൈന്യം പ്രാണനുംകൊണ്ട് ഒളിച്ചോടി. ജാപ്പനീസ് ഫാസിസ്റ്റ് സേനയില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രാദേശികമായി ചെറുത്തുനില്‍പ്പ് സംഘങ്ങള്‍ക്ക് രൂപംനല്‍കുകയും ഫാസിസ്റ്റ് സേനയെ തുരത്താന്‍ ഒരു വിപ്ലവസേനയ്ക്ക് രൂപംനല്‍കുകയും ചെയ്തു. “വിപ്ലവം പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണെന്നും”, “സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമായി അധികാരം പിടിച്ചെടുക്കാന്‍ മര്‍ദ്ദിത ജനതയെയാകെ ആയുധമണിയിച്ച് അണിനിരത്തുകയെന്ന മഹത്തായ ദൗത്യത്തിന് നേതൃത്വം നല്‍കാനുള്ള ചുമതല പാര്‍ട്ടി ഏറ്റെടുക്കണ”മെന്നും കേന്ദ്ര കമ്മിറ്റിയുടെ ഏഴാം പ്ലീനം വിലയിരുത്തി. 1941 ജനുവരി 28ന് ഹോചിമിന്‍ വീണ്ടും വിദേശത്തുനിന്ന് സ്വദേശത്തേക്ക് മടങ്ങിയെത്തി.

1941 മെയ് 15 മുതല്‍ 19 വരെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയുടെ എട്ടാമത് പ്ലീനം, ഹോചിമിന്‍റെ നിര്‍ദേശപ്രകാരം വിയത്നാം സ്വാതന്ത്ര്യത്തിനായുള്ള ഐക്യമുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചു. സായുധമുന്നേറ്റത്തിന് സജ്ജരാകുകയാണ് അക്കാലത്തെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും വിയത്നാം വിപ്ലവത്തിന്‍റെയും അടിയന്തിരകടമ എന്ന് പ്ലീനം ചൂണ്ടിക്കാണിച്ചു. 1942 ആയപ്പോഴേക്കും ജാപ്പനീസ് സൈനികാക്രമണം കൂടുതല്‍ വ്യാപകമായി. 1943 ഫെബ്രുവരിയില്‍ ചേര്‍ന്ന പാര്‍ടി സെന്‍ട്രല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ഫ്രഞ്ച് കൊളോണിയലിസ്റ്റുകളെയും ജാപ്പനീസ് ഫാസിസ്റ്റുകളെയും തുരത്തുന്നതിന് സാധ്യമായ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് ദേശീയ ഐക്യമുന്നണി കൂടുതല്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു.

ജര്‍മന്‍കാരില്‍നിന്ന് സോവിയറ്റ് ചെമ്പട 1944 ജനുവരിയില്‍ ലെനിന്‍ഗ്രാഡ് മോചിപ്പിച്ചതിനെത്തുടര്‍ന്ന് വിയത്നാമിലെ ജനങ്ങളെയാകെ അഭിസംബോധന ചെയ്ത് ഹോചിമിന്‍ എഴുതിയ കത്തില്‍ ഒന്നോ ഒന്നരയോ വര്‍ഷത്തിനുള്ളില്‍ നമ്മുടെ മോചനവും സാധ്യമാകുമെന്ന് പറയുകയുണ്ടായി. അതിനായുള്ള നീക്കങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിനായി ഹോചിമിന്‍റെ നിര്‍ദേശാനുസരണം ജനറല്‍ വൊ ഗുയെന്‍ ഗ്യാപിന്‍റെ നേതൃത്വത്തില്‍ 1944 ഡിസംബര്‍ 22ന് ദേശീയ വിമോചന സേനയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം നല്‍കി.

1945 മാര്‍ച്ച് 9നാണ് അട്ടിമറിയിലൂടെ ജപ്പാന്‍കാര്‍ ഫ്രഞ്ച് കോളനി മേധാവികളെ വിയത്നാമില്‍നിന്നും പുറത്താക്കുന്നത്. ഈ അട്ടിമറിയെതുടര്‍ന്ന് വിയത്നാം വിപ്ലവത്തിന്‍റെ മുഖ്യശത്രു ജാപ്പനീസ് ഫാസിസ്റ്റുകളായി. പുതിയ സാഹചര്യത്തില്‍, വിയത്നാം വിമോചന സേനയെ ശക്തിപ്പെടുത്താനും പുതിയ താവളങ്ങള്‍ സ്ഥാപിക്കാനും സായുധ സമരത്തിലൂടെ രാജ്യത്തിന്‍റെ അധികാരം പിടിച്ചെടുക്കാന്‍ വേണ്ട സന്നാഹങ്ങളൊരുക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. 1945 ആഗസ്ത് 19ന് ഹാനോയ്യില്‍ ആരംഭിച്ച സായുധ കലാപം ആഗസ്ത് 28ന് രാജ്യത്തിന്‍റെ തെക്കേയറ്റത്തെ പ്രവിശ്യയായ ഹാ തിയെനി(Ha Tien) ലും വിജയിക്കുകയും ജാപ്പ് സൈന്യത്തെ വിയത്നാമില്‍ നിന്നും പുറത്താക്കി അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ഹാനോയ്യിലെ ബാ ദിന്‍ (Ba Dinh) ചത്വരത്തില്‍ ലക്ഷക്കണക്കിന് വിയത്നാംകാരുടെ ആഹ്ലാദാരവങ്ങള്‍ക്കു നടുവില്‍ നിന്നുകൊണ്ട് 1945 സെപ്തംബര്‍ 2ന് ഹോചിമിന്‍ ഐതിഹാസികമായ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി; ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് വിയത്നാം പിറന്നതിന്‍റെ ചരിത്ര പ്രധാനമായ പ്രഖ്യാപനം. അദ്ദേഹം തന്‍റെ പ്രസംഗം തുടങ്ങിയത്, “എല്ലാ മനുഷ്യരും സമന്മാരായാണ് സൃഷ്ടിക്കപ്പെടുന്നത്” എന്ന തോമസ് ജഫേഴ്സന്‍റെ പ്രസിദ്ധമായ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ്.

പുതിയ വിപ്ലവ ഗവണ്‍മെന്‍റിനെതിരെ സര്‍വപിന്തിരിപ്പന്‍ ശക്തികളും മുന്നോട്ടുവന്നു. അതേവരെ മാളങ്ങളില്‍ ഒളിച്ചിരുന്ന മത-വംശീയ രാഷ്ട്രീയ ശക്തികള്‍ വിശ്വാസത്തിന്‍റെയും ആത്മീയതയുടെയും പേരില്‍ വിപ്ലവഗവണ്‍മെന്‍റിനെ അട്ടിമറിക്കാന്‍ അണിനിരന്നു. എന്നാല്‍ വിശ്വാസികളടക്കമുള്ള ജനങ്ങളെയാകെ വിപ്ലവത്തില്‍ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹോചിമിന്‍ കരുനീക്കിയത്. അതുകൊണ്ടാണ് വിയത്നാമില്‍ വിപ്ലവം വിജയം കണ്ടത്.

ഹോചിമിന്‍റെ ശൈലിയുടെ ഒരുദാഹരണം ഏറെ പ്രസിദ്ധമാണ്. വിമോചന പോരാട്ടം സജീവമായിരുന്ന വേളയില്‍ ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ പിതാവ് അന്തരിച്ചു. അദ്ദേഹം ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്നു. പിതാവിന്‍റെ മരണവാര്‍ത്തയറിഞ്ഞ് വിപ്ലവകാരിയായ ആ ചെറുപ്പക്കാരന്‍ ഹോചിമിന്‍റെ അനുമതിയോടെ ഗ്രാമത്തിലേക്ക് പോയി. എന്നാല്‍, ശവസംസ്കാര ചടങ്ങുകള്‍ കഴിഞ്ഞതോടെ അദ്ദേഹം പിതാവിന്‍റെ സ്ഥാനം (വെളിച്ചപ്പാട്) ഏറ്റെടുക്കണമെന്ന് ഗ്രാമീണരൊന്നടങ്കം ആവശ്യപ്പെട്ടു; അതാണ് ഗ്രാമത്തിലെ കീഴ്വഴക്കം. കമ്യൂണിസ്റ്റുകാരനായ അദ്ദേഹം അതിനു വിസമ്മതിച്ച് സമരരംഗത്തേക്ക് മടങ്ങി. എന്നാല്‍ ഇക്കാര്യങ്ങളറിഞ്ഞ ഹോചിമിന്‍ ആ സഖാവിനെ തിരുത്തുകയും, ഗ്രാമത്തിലെ ജനങ്ങളുടെ പൊതുവികാരത്തെ മാനിച്ച് പിതാവ് നിര്‍വഹിച്ചിരുന്ന വെളിച്ചപ്പാടിന്‍റെ ജോലി ഏറ്റെടുക്കണമെന്നും, അങ്ങനെ ചെയ്യുന്നതിലൂടെ ഗ്രാമത്തെ മുഴുവന്‍ നമ്മുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവരാക്കി മാറ്റാമെന്നും ഇല്ലെങ്കില്‍ അവര്‍ നമുക്കെതിരായേക്കാമെന്നും ബോധ്യപ്പെടുത്തി. ഹോചിമിന്‍റെ ഇത്തരത്തിലുള്ള ഇടപെടലുകളും നയങ്ങളും കൂടിയാണ് സാധാരണ മനുഷ്യരെ കമ്യൂണിസ്റ്റ് പാര്‍ടിക്കും ദേശീയ വിമോചന മുന്നണിക്കും ഒപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

1945 മുതല്‍ 1955 വരെ വിയത്നാമിന്‍റെ പ്രധാനമന്ത്രിയും 1955 മുതല്‍ 1969 ല്‍ തന്‍റെ മരണംവരെ ആ രാജ്യത്തിന്‍റെ പ്രസിഡന്‍റുമായിരുന്ന ഹോചിമിന്‍ ജനങ്ങളുടെയാകെ ഹോ അമ്മാവനായാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ സാഹചര്യവും വിയത്നാം സാഹചര്യവും തമ്മില്‍ താരതമ്യപ്പെടുത്തവെ ഹോചിമിന്‍ മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പ്രതികരിച്ചു: “ഇന്ത്യയില്‍ നിങ്ങള്‍ക്കൊരു മഹാത്മാഗാന്ധിയുണ്ട്; ഇവിടെയാകട്ടെ മഹാത്മാഗാന്ധി ഞാന്‍ തന്നെയാണ്”. മറ്റൊരവസരത്തില്‍ അദ്ദേഹം ഇങ്ങനെയാണ് പ്രതികരിച്ചത്: “ഞാനും മറ്റുള്ളവരും വിപ്ലവകാരികളായിരിക്കാം; എന്നാല്‍ ഞങ്ങളെല്ലാവരും മഹാത്മാഗാന്ധിയുടെ ശിഷ്യരുമാണ്, അത് ചിലപ്പോള്‍ പ്രത്യക്ഷത്തിലാകാം, അല്ലെങ്കില്‍ പരോക്ഷമായിട്ടാകാം; എന്തായാലും അതിനപ്പുറമല്ല, അതിലും കുറച്ചുമല്ല.” ഹോചിമിനില്‍ ലെനിന്‍ ചെലുത്തിയിരുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനം പ്രത്യക്ഷത്തിലുള്ളതായിരുന്നു. അതേസമയം മഹാത്മാഗാന്ധിയുടെ സ്വാധീനം പരോക്ഷമായിരുന്നു- അത് ധാര്‍മികതയിലും ലാളിത്യത്തിലുമായിരുന്നു.

ഹോചിമിന്‍റെ ലാളിത്യത്തിന്‍റെ കൃത്യമായ ഒരുദൃഷ്ടാന്തം ഇതാണ്: ഭരണാധികാരിയായി മാറിയ ഹോചിമിന് കൊളോണിയല്‍ വാഴ്ചക്കാലത്തെ വലിയൊരു കൊട്ടാരമായിരുന്നു രാജ്യത്തിന്‍റെ പ്രസിഡന്‍റെന്ന നിലയില്‍ താമസിക്കാനായി നീക്കിവയ്ക്കപ്പെട്ടത്. എന്നാല്‍ ആ കൊട്ടാരം കോണ്‍ഫറന്‍സുകള്‍ നടത്താനുള്ള ഇടമായി നീക്കിവയ്ക്കണമെന്ന് ശഠിച്ച അദ്ദേഹം സ്വന്തം പാര്‍പ്പിടമായി തെരഞ്ഞെടുത്തത് ആ കൊട്ടാരവളപ്പില്‍ തന്നെയുള്ള ജോലിക്കാരുടെ ക്വാര്‍ട്ടേഴ്സുകളിലൊന്നായിരുന്നു. പിന്നീട് സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹത്തിനായി ചെറിയൊരു വീടു നിര്‍മിച്ച് അദ്ദേഹത്തെ അവിടേക്ക് മാറ്റുകയാണുണ്ടായത്; അതുതന്നെ പാര്‍ട്ടി നേതൃത്വത്തിന്‍റെയാകെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങിയുമായിരുന്നു.

സമരഭരിതമായ ജീവിതമായിരുന്നു ഹോചിമിന്‍റേത്. 1945ല്‍ വിയത്നാമിന്‍റെ ഭരണമേറ്റെടുത്തതിനുശേഷവും ആ ജീവിതം പോരാട്ടനിബിഡമായിരുന്നു, മരണംവരെ. 1954 വരെ ഫ്രഞ്ച് കോളനി വാഴ്ചയ്ക്കെതിരെയും പിന്നീട് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയുമുള്ള പോരാട്ടങ്ങള്‍ക്കൊപ്പം ദരിദ്രരും നിരക്ഷരരുമായിരുന്ന സ്വന്തം ജനതയുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പോരാട്ടത്തിലുമായിരുന്നു അദ്ദേഹം. 1945-1946 കാലത്തുതന്നെ നിരക്ഷരതാ നിര്‍മാര്‍ജനം ഒരു ജനകീയ പ്രസ്ഥാനമാക്കി വിജയം വരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1958ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഹോചിമിന് പ്രധാനമന്ത്രി നെഹ്റു നല്‍കിയ ആചാരപരമായ വിരുന്നില്‍ ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അക്കാലത്ത് ആകാശവാണി ജീവനക്കാരിയായിരുന്ന പഞ്ചാബി സാഹിത്യകാരി അമൃത പ്രീതവും ഉണ്ടായിരുന്നു. കവിയെന്ന നിലയില്‍ അമൃത പ്രീതത്തെ പരിചയപ്പെടുത്തിയപ്പോള്‍ ഹോചിമിന്‍ മുന്നോട്ടുവന്ന് അവരുടെ നെറ്റിയില്‍ ചുംബിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഹം ദോനോം സിപാഹി ഹൈം, ദോനോം ദുനിയ കെ ഗലത് മൂല്യോം സെ ലഡ് രഹാ ഹൈം, മേം തല്‍വാര്‍ സെ, തും കലം സെ” (നമ്മള്‍ ഇരുവരും പടയാളികളാണ്. ലോകത്തെ തെറ്റായ മൂല്യങ്ങള്‍ക്കെതിരെയാണ് നാം പൊരുതുന്നത്. ഞാന്‍ വാളുകൊണ്ടും താങ്കള്‍ പേനകൊണ്ടും പടവെട്ടുന്നു). വിയത്നാമീസ്, ചൈനീസ്, ഫ്രഞ്ച് ഭാഷകളില്‍ ഒട്ടനേകം കവിതകളും ലേഖനങ്ങളും മറ്റുമെഴുതിയിട്ടുള്ള, വിപ്ലവകാരിയും ജനനായകനുമായിട്ടുള്ള ഹോചിമിന്‍റെ  എളിമയാണ് ഇവിടെ കാണാനാവുന്നത്. അമൃതപ്രീതത്തിന്‍റെ “രസീതി ടിക്കെറ്റ്” എന്ന ആത്മകഥയിലും 1998ല്‍ അവര്‍ ‘കച്ചാ അംഗണ്‍’ എന്ന പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തിലും ഈ സംഭവത്തെക്കുറിച്ചും കവിതയെക്കുറിച്ചും എഴുതിയിട്ടുണ്ട്.

ഹോചിമിന്‍റെ വ്യക്തിത്വവും ബുദ്ധിശക്തിയും അമൃതയെ ഹഠാദാകര്‍ഷിച്ചു. ആ കൂടിക്കാഴ്ച കഴിഞ്ഞയുടന്‍തന്നെ ഹോചിമിനെയും വിയത്നാമിനെയും കുറിച്ച് അമൃത ഒരു കവിതയെഴുതി. ആ കവിത വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായ നാന്‍ ദാനില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അതിങ്ങനെ തുടങ്ങുന്നു:
“ആരാണീ രാജാവ്?
ആരാണീ സന്ന്യാസി;
അദ്ദേഹത്തിന്‍റെ പ്രസിദ്ധി
ലോകമാകെ പരക്കുകയാണ്”.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 + eighteen =

Most Popular