Friday, March 29, 2024

ad

Homeപ്രതികരണം'എന്‍റെ ഭൂമി' കേരളീയ സമൂഹത്തിന് വന്‍പുരോഗതിയേകുന്ന ഡിജിറ്റല്‍ റീസര്‍വേ പദ്ധതി

‘എന്‍റെ ഭൂമി’ കേരളീയ സമൂഹത്തിന് വന്‍പുരോഗതിയേകുന്ന ഡിജിറ്റല്‍ റീസര്‍വേ പദ്ധതി

പിണറായി വിജയന്‍

ഭൂമിയുടെ വിതരണം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഭൂപരിഷ്കരണം മുതല്‍ ഇക്കാലം വരെ വിപ്ലവകരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് അതിനായി പാര്‍ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുള്ളത്. ആ ചരിത്രത്തെ ഉള്‍ക്കൊണ്ടും സമകാലിക സാഹചര്യത്തില്‍ ഭൂവിതരണം ഫലപ്രദമായി നടപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ആ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ‘എന്‍റെ ഭൂമി’ എന്ന ഡിജിറ്റല്‍ റീസര്‍വേ പദ്ധതി. കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച പദ്ധതിക്ക് 858 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 438 കോടി രൂപ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ നിന്നും അനുവദിച്ചു കഴിഞ്ഞു. റീസര്‍വേ നടപടിക്രമങ്ങളിലെ മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്ത റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്.

നമ്മുടെ ഭൂമിയെ അളന്നു തിട്ടപ്പെടുത്തുന്നതിനു ഡിജിറ്റല്‍ സങ്കേതങ്ങളെ പ്രയോജനപ്പെടുത്തുന്നത് തെറ്റുകളും കാലതാമസവും ഉണ്ടാവുന്നില്ല എന്ന് ഉറപ്പുവരുത്തും. അതാകട്ടെ ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നു എന്നും സര്‍ക്കാരിന്‍റെ ഭൂവിനിയോഗവും ഭൂമിയില്‍ നിന്നുള്ള വരുമാനവും കുറ്റമറ്റതായിരിക്കും എന്നും ഉറപ്പുവരുത്തും. അതുകൊണ്ടുതന്നെ വളരെ പ്രധാനപ്പെട്ട ഒരു നടപടിയാണ് ഡിജിറ്റല്‍ റീസര്‍വേ.

ഐക്യകേരളത്തിന്‍റെ രൂപീകരണ ചരിത്രത്തില്‍ ആദ്യമായാണ് കേരളം പൂര്‍ണ്ണമായും അളക്കുന്ന നടപടിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. നമ്മുടെ സംസ്ഥാനത്ത് റീസര്‍വെ നടപടികള്‍ 1966 ല്‍ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതികവിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വര്‍ഷത്തോളം പിന്നിട്ടിട്ടും റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ‘എന്‍റെ ഭൂമി’ എന്ന പേരില്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വെ ആരംഭിക്കാനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡിജിറ്റല്‍ റീസര്‍വേ പദ്ധതിയുടെ ആരംഭം മുതല്‍ അവസാനം വരെയുള്ള എല്ലാ നടപടികളും സുതാര്യമായിരിക്കും. ഇതിന്‍റെ ഭാഗമായി പദ്ധതിയുടെ എല്ലാ വിവരങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് എന്‍റെ ഭൂമി എന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. സര്‍വെ, റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങള്‍ ഒരു ഏകജാലക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഈ ഡിജിറ്റല്‍ റീസര്‍വേയുടെ സുപ്രധാന സവിശേഷത. അങ്ങനെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയും. ആ നിലയ്ക്കു നോക്കുമ്പോള്‍ ഏറെ ജനോന്മുഖമായ ഒരു പദ്ധതിയാണ് ഈ ഡിജിറ്റല്‍ റീസര്‍വേ നടപടി.

ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാവശ്യമായ തോതില്‍ ഉപയോഗയോഗ്യമായ ഭൂമിയില്ലാത്ത ഒരു നാടാണ് നമ്മുടേത്. ആകെയുള്ള ഭൂവിസ്തൃതിയുടെ 30 ശതമാനത്തോളം വനാവരണമാണ്. ശേഷിക്കുന്ന ഭൂമിയില്‍ തന്നെ ഉപയോഗയോഗ്യമായതില്‍ നിന്നുവേണം സ്വകാര്യ ആവശ്യങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുമെല്ലാം ഭൂമി കണ്ടെത്താന്‍. അതുകൊണ്ടുതന്നെ ഭൂവിനിയോഗത്തിനായി കൃത്യമായ രൂപരേഖ തയ്യാറാക്കിത്തന്നെ നമ്മള്‍ മുന്നോട്ടുപോകേണ്ടതുണ്ട്. അതിന്‍റെ ഭാഗമായാണ് ഡിജിറ്റല്‍ റീസര്‍വെ പോലെയുള്ള പദ്ധതികള്‍ നടപ്പാക്കി വരുന്നത്.

കഴിഞ്ഞ ആറര വര്‍ഷംകൊണ്ട് രണ്ടേകാല്‍ ലക്ഷത്തോളം പട്ടയങ്ങളാണ് കേരളത്തില്‍ വിതരണം ചെയ്തത്. സാധ്യമായ അത്രയും പട്ടയങ്ങള്‍ വിതരണം ചെയ്ത്, ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിക്കുവേണ്ടി ശേഖരിച്ച കണക്കുപ്രകാരം കേരളത്തിലെ ഭൂരഹിതരുടെ എണ്ണം 3,41,095 ആണ്. ഇത്രയും കുടുംബങ്ങള്‍ക്ക് മൂന്ന് സെന്‍റ് ഭൂമി വീതമെങ്കിലും അനുവദിക്കുന്നതിന് 10,500 ഏക്കര്‍ ഭൂമിയാണ് ആവശ്യമായി വരിക. വിവിധ ലാന്‍റ് ബോര്‍ഡുകളിലെ കേസുകള്‍ തീര്‍പ്പാക്കിയാല്‍ 8,210 ഏക്കര്‍ വിതരണത്തിന് ലഭ്യമാകും. ഇതിനു പുറമെ 77 താലൂക്ക് ലാന്‍റ് ബോര്‍ഡുകളില്‍ നിലവിലുള്ള മിച്ചഭൂമി കേസുകള്‍ കൂടി തീര്‍പ്പാക്കിയാല്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമി ലഭ്യമാകുമെന്നാണ് നമ്മള്‍ കണക്കാക്കുന്നത്.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ആപ്തവാക്യമാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അതിന്‍റെകൂടി ഭാഗമായി വേണം ഡിജിറ്റല്‍ റീസര്‍വ്വേ നടപടികളെ കാണാന്‍. കഴിഞ്ഞ 55 വര്‍ഷം കൊണ്ട് 55 ശതമാനം വില്ലേജുകളില്‍ മാത്രമാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നമുക്കായത്. നിലവിലെ രീതിയില്‍ തുടരുകയാണെങ്കില്‍ സംസ്ഥാനത്തിന്‍റെ റീസര്‍വേ പൂര്‍ത്തിയാക്കുന്നതിന് ചുരുങ്ങിയത് 50 വര്‍ഷമെങ്കിലും ഇനിയും വേണ്ടിവരും. ആ വലിയ കാലതാമസം വികസനക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധി മറികടക്കുന്നതിനു വേണ്ടിയാണ് ഡിജിറ്റല്‍ റീസര്‍വേ പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്ത് ആകെയുള്ള 1,666 വില്ലേജുകളില്‍ 1,550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വേ അടുത്ത 4 വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി കൃത്യമായ രേഖകള്‍ തയ്യാറാക്കും. ഇതിനാവശ്യമായി വരുന്ന സാങ്കേതിക വിഭാഗം ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 1,500 സര്‍വേയര്‍മാരും 3,200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4,700 ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന നിയമിക്കും. ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായി റവന്യൂ വകുപ്പിന് ആവശ്യമുള്ള വിവരങ്ങള്‍ക്കു പുറമെ കേരളത്തിന്‍റെ ഭൂപ്രകൃതി വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും പ്രയോജനകരമാകുന്ന ഒരു ഡാറ്റാബേസ് കൂടി തയ്യാറാക്കും.

അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ഭൂപ്രശ്നങ്ങള്‍ എന്നെന്നേക്കുമായി പരിഹരിക്കാന്‍ പാകത്തിലുള്ള ഒരു സെറ്റില്‍മെന്‍റ് സംവിധാനം കൂടി എന്‍റെ ഭൂമി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് ഡിജിറ്റല്‍ റീസര്‍വേയെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായാണ് സര്‍വേ സഭകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

അണ്‍ സര്‍വെയ്ഡ് വില്ലേജുകള്‍, നാളിതുവരെ റീസര്‍വെ പൂര്‍ത്തിയാകാത്ത വില്ലേജുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി സംസ്ഥാനത്തിന്‍റെ ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കുന്നതിനാണ് നിലവില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. പദ്ധതിയുടെ ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 400 വില്ലേജുകള്‍ വീതവും, നാലാം വര്‍ഷം 350 വില്ലേജുകളും സര്‍വെ ചെയ്ത് ആകെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വെ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

സംസ്ഥാനത്തിന്‍റെ 70 ശതമാനം വരെ സ്ഥലങ്ങളില്‍ ഞഠഗ റോവര്‍ മെഷീന്‍റെ സഹായത്താലും, താരതമ്യേന സാറ്റലൈറ്റ് സിഗ്നലുകള്‍ ലഭ്യമല്ലാത്ത 20 ശതമാനം സ്ഥലങ്ങളില്‍ റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ മെഷീനുകളും, ഏറ്റവും തുറസ്സായ 10 ശതമാനം സ്ഥലങ്ങളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയും ഡിജിറ്റല്‍ സര്‍വെക്കായി ഉപയോഗിക്കും.

ആദ്യ ഘട്ടമായി 200 വില്ലേജുകളിലാണ് ഇത്തരം സഭകള്‍ സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ സര്‍വേയുടെ പ്രാധാന്യവും അത് നടപ്പാക്കുന്നതില്‍ ജനങ്ങളുടെ പങ്കും വിശദീകരിക്കുന്ന മാര്‍ഗ്ഗരേഖ ഇതിനോടകംതന്നെ ആ വില്ലേജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് മറ്റു വില്ലേജുകളിലും നടപ്പാക്കും. ആരോഗ്യ, വിദ്യാഭ്യാസ  പാര്‍പ്പിട മേഖലകളിലെ ജനകീയ ഇടപെടലുകളിലൂടെ രാജ്യത്തിന് നാം കാട്ടിക്കൊടുത്ത മാതൃക ഡിജിറ്റല്‍ റീസര്‍വേ പദ്ധതിയിലും പ്രതിഫലിക്കേണ്ടതുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 − 4 =

Most Popular