വിഴിഞ്ഞത്ത് തുറമുഖം പണിയുക എന്ന ആശയത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്, 30 വര്‍ഷം മുമ്പ് എം വി രാഘവന്‍ യുഡിഎഫ് മന്ത്രിയായിരിക്കെ ഈ ആശയം നടപ്പാക്കുന്നതിന് കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നത് അതിന്‍റെ പഴക്കത്തെ സൂചിപ്പിക്കുന്നു. ഇപ്പോള്‍ ചരക്കുകള്‍ വന്‍തോതില്‍ രാജ്യങ്ങള്‍ തമ്മില്‍ ക്രയവിക്രയം ചെയ്യുന്നത് ഒരു ലക്ഷം ടണ്ണോ അതിലുമേറെയോ കേവുഭാരമുള്ള കൂറ്റന്‍കപ്പലുകള്‍ ഉപയോഗിച്ചാണ്. അത്തരം കപ്പലുകള്‍ക്ക് എല്ലാ തുറമുഖങ്ങളിലും കയറ്റിറക്കിനുകഴിയില്ല. അതിനു വന്‍തുറമുഖങ്ങള്‍ വേണം. ഇന്ത്യയുടെ പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് അത്തരം ഒന്നായാണ് വിഴിഞ്ഞം തുറമുഖം വിഭാവനം ചെയ്യപ്പെട്ടത്. മുംബൈയിലോ കൊച്ചിയിലോ പോലും ഇല്ലാത്ത ചില ഗുണങ്ങള്‍ വിഴിഞ്ഞത്തിനുണ്ട്. തീരത്തുതന്നെ കടലിനു നിലവില്‍ നല്ല ആഴമുണ്ട്. അതിനാല്‍ വന്‍കപ്പലുകള്‍ വന്നണയുന്നതിനായി കപ്പല്‍ച്ചാലിനു ആദ്യവും ഇടയ്ക്കിടെയും ആഴം കൂട്ടേണ്ടി വരില്ല. വിഴിഞ്ഞം നമ്മുടെ നാഷണല്‍ ഹൈവേ പോലെ അന്താരാഷ്ട്ര കപ്പല്‍ച്ചാലിനു തൊട്ടരികിലുമാണ്. ഇപ്പോള്‍ ഇന്ത്യയിലേക്ക് ഈ ചാലില്‍കൂടി മാത്രം സഞ്ചരിക്കുന്ന വന്‍കപ്പലുകളില്‍നിന്നു ദുബായ്, കൊളംബോ തുറമുഖങ്ങള്‍ വഴിക്കാണ് ചരക്കുകളുടെ കയറ്റിറക്ക് നടക്കുന്നത്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഈ കുറവ് നികത്താം.
സ്വാഭാവികമായും ഇക്കാര്യത്തില്‍ കച്ചവടതാല്‍പ്പര്യങ്ങള്‍ ഉടക്കിട്ടിരുന്നു. അതെല്ലാം പരിഹരിച്ചാണ് ഇന്ത്യാ സര്‍ക്കാരിന്‍റെ അനുമതിയോടെ വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം ആരംഭിച്ചത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ഭരണകാലത്തായിരുന്നു അനുമതി നേടി നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചത്. എല്‍ഡിഎഫ് ഈ തുറമുഖം വഴി വരാവുന്ന സംസ്ഥാനത്തിന്‍റെ വികസന സാധ്യത തിരിച്ചറിഞ്ഞ് ഈ പദ്ധതിക്ക് പിന്തുണ നല്‍കി. 2016ല്‍ അധികാരത്തില്‍ വന്നപ്പോള്‍ എല്‍ഡിഎഫ് അതിന്‍റെ നിര്‍മാണം ഊര്‍ജസ്വലവും സമയബന്ധിതവുമാക്കി. അത് അങ്ങനെ മുന്നേറിക്കൊണ്ടിരുന്നപ്പോഴാണ് ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായി സമരം ആരംഭിച്ചത്.
ഈ പദ്ധതി പ്രതികൂലമായി ബാധിക്കുന്ന തൊഴിലാളികള്‍ക്ക് പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട് – ഇതുമൂലം വീടു നഷ്ടപ്പെടുന്നവര്‍ക്ക് സ്വന്തമായി വീടു ലഭിക്കുന്നതുവരെ താല്‍ക്കാലികമായി സൗജന്യതാമസസൗകര്യം നല്‍കും; തീരശോഷണം തടയാന്‍ നടപടികളെടുക്കും; പദ്ധതി പ്രതികൂലമായി ബാധിച്ചവരെ പുനരധിവസിപ്പിക്കും; കടലില്‍ അപകടത്തില്‍പെടുന്നവര്‍ക്ക് മത്സ്യബന്ധനം തുടരാന്‍ സഹായം നല്‍കും; മണ്ണെണ്ണ കുറഞ്ഞ വിലയ്ക്കു നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഉപജീവനപ്രശ്നങ്ങള്‍ പരിഹരിക്കും; മുതലപ്പൊഴി ഹാര്‍ബറിനടുത്ത് ഡ്രെഡ്ജിങ് നടത്തും; കടല്‍ക്ഷോഭംമൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കും.
സമരക്കാര്‍ ഉന്നയിച്ച ആറ് ആവശ്യങ്ങളില്‍ തുറമുഖം പണിനിര്‍ത്തിവയ്ക്കണം എന്ന ആവശ്യം മാത്രമാണ് സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നത്. വിഴിഞ്ഞം ഹാര്‍ബര്‍ ചുറ്റുവട്ടത്തുള്ള തൊഴിലാളികള്‍ക്കു മാത്രം ഗുണം ചെയ്യുന്ന പദ്ധതിയല്ല. കേരളത്തിന്‍റെ ഭാവി വികസനവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതി. അതിനാല്‍ അതുപാടില്ല എന്നത് ഒഴിച്ചുള്ള തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും അവരുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇപ്പോള്‍ അവരുടെ നേതൃത്വം ആവശ്യപ്പെടുന്നത് ഉടന്‍ പണിനിര്‍ത്തിവയ്ക്കണം എന്നാണ്. അവരുടെ ഉപജീവനവുമായി ബന്ധപ്പെട്ട താല്‍ക്കാലികവും ദീര്‍ഘകാലികവുമായ പ്രശ്നങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി ഭാവി കേരളത്തിന്‍റെ വികസനത്തിനു അവശ്യം വേണ്ടതാണ്.
എന്നിട്ടും വിഴിഞ്ഞം ഹാര്‍ബര്‍ പണിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന മത്സ്യത്തൊഴിലാളി നേതൃത്വത്തിന്‍റെ നിലപാട് തൊഴിലാളി താല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയാണ് എന്നു പറയാനാവില്ല. ഇക്കാര്യത്തില്‍ രാജ്യത്തും വിദേശങ്ങളിലുമുള്ള പല സ്ഥാപിത താല്‍പ്പര്യക്കാരും കളിക്കുന്നുണ്ട്. മാത്രമല്ല, വിഴിഞ്ഞം പ്രദേശത്തെ മറ്റു വിഭാഗം തൊഴിലാളികളും നാട്ടുകാരും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം എന്ന് ആവശ്യപ്പെട്ടു സമരരംഗത്തുണ്ട്. രാജ്യത്തിന്‍റെ, പ്രത്യേകിച്ച് സംസ്ഥാനത്തിന്‍റെ, സര്‍വതോമുഖമായ വികസനം ലാക്കാക്കിയുള്ള വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി തീര്‍ക്കുന്നതിനായി എല്ലാ വിഭാഗം ജനങ്ങളും ഊര്‍ജിതമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കൊച്ചി കപ്പല്‍ശാലയേക്കാള്‍ സംസ്ഥാനത്തിന്‍റെ വികസനത്തിന് ഏറെ പ്രയോജനം ചെയ്യുന്നതായിരിക്കും വിഴിഞ്ഞം പദ്ധതി. അതിന്‍റെ നിര്‍മാണപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാവരും ഒന്നിക്കേണ്ടതുണ്ട്