ബ്രസീലിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ രണ്ടാം റൗണ്ടില്‍, 2022 ഒക്ടോബര്‍ 30ന്, ലുയി ഇനാഷ്യോ ലുല ഡ സില്‍വ വിജയിച്ചു. അവസാനമായപ്പോള്‍ കടുത്ത മത്സരമായി; ലുലയ്ക്ക് 50.9% (6 കോടി വോട്ട് ലഭിച്ചപ്പോള്‍) നിലവിലെ പ്രസിഡന്‍റ് ജെയര്‍ ബൊള്‍സനാരോയ്ക്ക് 49% (5.8 കോടി വോട്ട്) വോട്ട് ലഭിച്ചു. ബ്രസീലിന്‍റെ വടക്കന്‍ പ്രദേശങ്ങളിലും വടക്കു കിഴക്കന്‍ പ്രദേശങ്ങളിലുമുള്ള വോട്ടാണ് ലുലയ്ക്ക് നിര്‍ണായകമായ വിജയം നേടിക്കൊടുത്തത്. ആഫ്രോ – ബ്രസീലിയന്‍ ജനവിഭാഗങ്ങളും തദ്ദേശീയ ജനതയുമാണ് ഈ പ്രദേശങ്ങളിലെ വോട്ടര്‍മാരിലധികവും; അതേസമയം തെക്കന്‍ പ്രദേശങ്ങളിലാണ് ബൊള്‍സനാരോയുടെ സ്വാധീന മേഖലകള്‍. സമ്പന്നരായ ബ്രസീലുകാര്‍ ബൊള്‍സനാരോയ്ക്ക് വോട്ടു ചെയ്തപ്പോള്‍ ദരിദ്രരായ ബ്രസീലുകാര്‍ ലുലയ്ക്ക് വോട്ട് ചെയ്തു – വര്‍ഗാടിസ്ഥാനത്തിലുള്ള വിഭജനം വളരെ ശക്തമാണ്; എന്നാല്‍ യാഥാസ്ഥിതികരായ ഇവാഞ്ചലിക്കല്‍ സഭകളിലെ അംഗങ്ങളായ വോട്ടര്‍മാരുടെ കാര്യത്തിലാകുമ്പോള്‍ ഇത്തരമൊരു വ്യക്തത കാണാനാവില്ല.
ആദ്യറൗണ്ടില്‍, ഒക്ടോബര്‍ രണ്ടിന് മറ്റു സ്ഥാനാര്‍ഥികളെക്കാള്‍ മുന്നിലെത്തിയിരുന്നു ലുല; ബൊള്‍സനാരൊയെക്കാള്‍ 60 ലക്ഷം വോട്ട് അധികം ലഭിച്ചിരുന്നു; പക്ഷേ അദ്ദേഹത്തിന് മൊത്തം പോള്‍ ചെയ്ത വോട്ടിന്‍റെ 50 ശതമാനത്തിലധികം നേടാന്‍ കഴിഞ്ഞില്ല. രണ്ടാം റൗണ്ടായപ്പോള്‍ ലുലയും ബൊള്‍സനാരോയും തമ്മിലുള്ള വോട്ട് വ്യത്യാസം കുറഞ്ഞു; എന്നാല്‍ പ്രസിഡന്‍റ് സ്ഥാനം കൈയടക്കാന്‍ ബൊള്‍സനാരോയ്ക്ക് അതു പോരായിരുന്നു. ബൊള്‍സനാരൊ മണിപവറും മസില്‍ പവറും നുണപ്രചരണങ്ങളും ഉപയോഗിച്ചതിന്‍റെ സ്വാധീനം ഈ ജനവിധിയില്‍ കാണാം; എന്നാല്‍ അതുകൊണ്ടൊന്നും അയാള്‍ക്ക് വിജയിക്കാനായില്ല. 2003 മുതല്‍ 2010 വരെ രണ്ടു തവണ പ്രസിഡന്‍റായിരുന്ന ലുല 2023 ജനുവരി ഒന്നിന് പലാഷ്യോ ഡൊ പ്ലനാള്‍ട്ടൊ (പ്രസിഡന്‍റിന്‍റെ കൊട്ടാരം) യിലേക്ക് ഇനി മടങ്ങിയെത്തും.
മാനവരാശിയുടെ
കഷ്ടപ്പാടുകള്‍
1945ല്‍ ജനിച്ച ലുല കൗമാരപ്രായത്തില്‍ തന്നെ ആട്ടോമൊബൈല്‍ വ്യവസായത്തില്‍ തൊഴിലാളിയായി (19-ാം വയസ്സില്‍ ഫാക്ടറിയിലുണ്ടായ അപകടത്തില്‍ അദ്ദേഹത്തിന്‍റെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു). സൈനിക സ്വേച്ഛാധിപത്യത്തിന്‍റെ (1964-1985) വീര്‍പ്പുമുട്ടിക്കുന്ന നാളുകളില്‍ തൊഴിലാളി പ്രസ്ഥാനവും ജനാധിപത്യത്തിനായുള്ള പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ ലുല പങ്കാളിയായി. 1980ല്‍ ഒരു സംഘം ആളുകള്‍ക്കൊപ്പം ചേര്‍ന്ന് ലുല വര്‍ക്കേഴ്സ് പാര്‍ടി (പി ടി) രൂപീകരിച്ചു – ട്രേഡ് യൂണിയനുകളും മറ്റു ജനകീയ സംഘടനകളും ചേര്‍ന്ന് (1984ല്‍ സ്ഥാപിച്ച ഭൂരഹിത തൊഴിലാളി പ്രസ്ഥാനം – എംഎസ്ടി – ഉള്‍പ്പെടെ) സ്വേച്ഛാധിപത്യത്തിന്‍റെ അന്ത്യംകുറിച്ച വലിയൊരു കാംപെയ്ന്‍ ക്രമാനുഗതമായി വളര്‍ത്തിയെടുത്തു. 1986ല്‍, സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ചശേഷം, ദേശീയതലത്തില്‍ തന്നെ ഏറ്റവുമധികം വോട്ടുനേടി ലുല കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനകീയ ജനാധിപത്യത്തോടും സോഷ്യലിസ്റ്റ് തത്ത്വങ്ങളോടുമുള്ള ലുലയുടെ രാഷ്ട്രീയ പ്രതിബദ്ധത ഈ ആദ്യകാല സമരങ്ങളിലൂടെയാണ് ഊട്ടിയുറപ്പിക്കപ്പെട്ടത്.
താന്‍ പ്രസിഡന്‍റായിരുന്ന കാലത്ത്, പട്ടിണി, നിരക്ഷരത, ഭവനരാഹിത്യം എന്നിങ്ങനെയുള്ള മാനവരാശിയുടെ കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കാനാണ് ലുല പൊരുതിയത്. പട്ടിണിക്ക് അറുതിവരുത്താനുള്ള അതിതീവ്ര പരിശ്രമം – ഫോമെ സീറൊയും (പട്ടിണിയില്ലായ്മ) ബൊള്‍സഫമിലിയയും – പട്ടിണിയെന്ന മഹാവിപത്തിനെ ആട്ടിയോടിച്ചു; ഇത് 2010ല്‍ അദ്ദേഹത്തിന് ഐക്യരാഷ്ട്രസഭയില്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലെ ആഗോള ചാമ്പ്യന്‍ എന്ന പദവി നേടിക്കൊടുത്തു. പൊതുമേഖലയില്‍ സര്‍വകലാശാലകള്‍ സ്ഥാപിച്ചതും രാജ്യത്തിന്‍റെ പശ്ചാത്തല സൗകര്യങ്ങള്‍ – പൊതുപാര്‍പ്പിട സംവിധാനം ഉള്‍പ്പെടെ – പുനര്‍നിര്‍മിക്കാന്‍ പൊതുപണം വിനിയോഗിച്ചതും ബ്രസീലിന്‍റെ വളര്‍ച്ചാനിരക്ക് കുതിച്ചുയരുന്നതിനും രാജ്യത്തെ സാമൂഹിക അസമത്വം കുറയ്ക്കുന്നതിനും ഇടയാക്കി. അദ്ദേഹവും അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായിരുന്ന ദില്‍മാ റൂസേഫും പ്രസിഡന്‍റായിരുന്ന കാലത്തിനുശേഷം ഈ സോഷ്യലിസ്റ്റുകള്‍ കൈവരിച്ച നേട്ടങ്ങളെയാകെ തീവ്രവലതുപക്ഷം തകര്‍ത്തു; അതിലെ ഒരു സൂചികയായ പട്ടിണിനിരക്ക് ഉയര്‍ന്നു (2018നും 2019നുമിടയ്ക്ക് കടുത്ത ഭക്ഷ്യസുരക്ഷാരാഹിത്യം നേരിട്ട ബ്രസീലുകാരുടെ എണ്ണം ഇരട്ടിച്ചു); 1990കളുടെ അവസാനവര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കലും കണ്ടിട്ടില്ലാത്തത്ര രൂക്ഷമായാണ് അതുയര്‍ന്നത്; 2020 ഡിസംബറോടുകൂടി രാജ്യത്ത് ദാരിദ്ര്യദുരിതം അനുഭവിക്കുന്നവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ പകുതിയായി ഉയര്‍ന്നു.
തിരഞ്ഞെടുപ്പിന്‍റെ ഒന്നാം റൗണ്ടിനും രണ്ടാം റൗണ്ടിനുമിടയ്ക്ക് ലുല ‘നാളത്തെ ബ്രസീലിയന്‍ ജനതയ്ക്ക്’ ഒരു കത്തെഴുതി; അതില്‍ അദ്ദേഹം പതിമൂന്ന് പോയിന്‍റുകള്‍ അവതരിപ്പിച്ചു. വിജ്ഞാന മേഖലയുടെ ആധുനികവല്‍ക്കരണവും വ്യവസായവല്‍ക്കരണവും എന്ന തന്ത്രത്തെ ആധാരമാക്കി കെട്ടിപ്പടുക്കുന്ന സമ്പദ്ഘടനയിലെ നവചലനാത്മകതയില്‍ പടുത്തുയര്‍ത്തുന്ന സാമൂഹിക ജീവിത സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്തുമെന്ന പ്രതിജ്ഞയായിരുന്നു അതിന്‍റെ ആധാരശില. അസംസ്കൃത പദാര്‍ഥങ്ങളുടെ കയറ്റുമതിയിലും സംസ്കരിക്കപ്പെട്ട ചരക്കുകളുടെ ഇറക്കുമതിയിലും ആശ്രയിച്ചുനില്‍ക്കുന്ന സമ്പദ്ഘടനയില്‍നിന്നും ബ്രസീലിന് മുന്നോട്ടുപോകേണ്ടതുണ്ട്. ഫോര്‍ഡ് മോട്ടേഴ്സ് ‘സാവൊ ബെര്‍ണാഡൊയിലെ (സാവൊ പോളൊ സംസ്ഥാനം) തങ്ങളുടെ ഫാക്ടറി അടച്ചുപൂട്ടുമെന്ന് പറഞ്ഞപ്പോള്‍ അപവ്യവസായവല്‍ക്കരണത്തിന്‍റെ ആ ദൃഷ്ടാന്തത്തെ സംരക്ഷിക്കില്ലെന്നും ആ ഫാക്ടറിയെ അടച്ചുപൂട്ടലില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഗവണ്‍മെന്‍റ് പണം ഉപയോഗിക്കില്ലയെന്നുമാണ് ബൊള്‍സനാരൊ പറഞ്ഞത്. ബൊള്‍സനാരൊയെ സംബന്ധിച്ചിടത്തോളം സമ്പദ്ഘടനയില്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട നിര്‍ണായക ഘടകം അഗ്രി ബിസിനസ്സാണ്; അതിനാല്‍ത്തന്നെ അയാളുടെ ഭരണകാലത്ത് രാജ്യത്തിന്‍റെ വ്യാവസായിക അടിത്തറയെ അവഗണിച്ചിരിക്കുകയാണ്. (വിമാനങ്ങള്‍ കയറ്റുമതി ചെയ്തിരുന്ന ബ്രസീലിനെ സോയാബീന്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാക്കി മാറ്റിയതില്‍ ഈ ചുവടുമാറ്റമാണ് പ്രതിഫലിക്കുന്നത്). ലുല തന്‍റെ കത്തില്‍ ഇങ്ങനെ എഴുതി: “ബ്രസീല്‍, റെസ്പിറേറ്ററുകളുടെയും (കൃത്രിമശ്വസനോപകരണം) രാസവളങ്ങളുടെയും ഡീസലിന്‍റെയും ഗ്യാസിന്‍റെയും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായിരിക്കരുത്; മൈക്രോ പ്രോസസ്സറുകളുടെയും കൃത്രിമ ഉപഗ്രഹങ്ങളുടെയും വിമാനങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും ഇറക്കുമതിയെ ആശ്രയിക്കേണ്ട ആവശ്യം ബ്രസീലിനില്ല. സോഫ്ട്വെയര്‍, ഡിഫെന്‍സ്, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യാമേഖലകളെ മെച്ചപ്പെടുത്താനുള്ള സാധ്യത നമ്മുടെ രാജ്യത്തുണ്ട്”.
വലതുപക്ഷത്തിന്‍റെ
ആക്രമണം
ബ്രസീലിയന്‍ രാഷ്ട്രീയ വ്യവസ്ഥ 1985ല്‍ പുതിയ റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടതിനുശേഷവും സ്വാഭാവികമായും തൊഴിലാളിവര്‍ഗത്തിനോ കര്‍ഷകജനസാമാന്യത്തിനോ അനുകൂലമായിരുന്നില്ല. രാഷ്ട്രീയ മണ്ഡലത്തിലെ മൂന്നു ചേരികള്‍ – ബീഫ്, ബൈബിള്‍, ബുള്ളറ്റ് – സൈനിക സംവിധാനത്തെയും സുരക്ഷാ സംവിധാനത്തെയും (ബുള്ളറ്റ്) ഇവാഞ്ചലിക്കല്‍ പാര്‍ലമെന്‍ററി മുന്നണിയെയും (ബൈബിള്‍) വനപ്രദേശത്ത് കൃഷിചെയ്യുന്നതിനെതിരെയും വനസംരക്ഷണത്തിനായുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യണമെന്നാഗ്രഹിക്കുന്ന വന്‍കിട അഗ്രിക്കള്‍ച്ചറല്‍ കമ്പനികളെയും (ബീഫ്) അനുകൂലിക്കുന്നതില്‍ വേരുറപ്പിച്ച് നില്‍ക്കുന്നവയാണ്. ഈ മൂന്നു ചേരികളും അവയ്ക്കൊപ്പം കടുത്ത അവസരവാദികളായ മധ്യവര്‍ത്തി (സെന്‍ട്രാവൊ) രാഷ്ട്രീയക്കാരുമാണ് ദേശീയ കോണ്‍ഗ്രസ്സിലും (പാര്‍ലമെന്‍റ്) മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സംവിധാനങ്ങളിലും ആധിപത്യം പുലര്‍ത്തുന്നത്. ലുലയും ദില്‍മയും മുന്നോട്ടുവെച്ച അജന്‍ഡയില്‍ രോഷാകുലരായ ഈ രാഷ്ട്രീയ ശക്തികള്‍ 2016ല്‍ നിയമനിര്‍മാണ സഭാ അട്ടിമറിയിലൂടെ ദില്‍മയെ അധികാരത്തില്‍ നിന്നു പുറത്താക്കാനും 2018ല്‍ ലുലയെ കള്ളക്കേസില്‍ കുടുക്കി 580 ദിവസം ജയിലിലടയ്ക്കാനും ബ്രസീലിനുമേല്‍ കരിമേഘങ്ങളെപോലെ ഒത്തുകൂടി. “നിയമനിര്‍മാണ സഭാ അട്ടിമറി” “നിയമ നടപടികള്‍” എന്നീ പദപ്രയോഗങ്ങള്‍ ബ്രസീലിയന്‍ ജനതയുടെ പദസമുച്ചയത്തിലേക്ക് കടന്നുവന്നു; രാജ്യത്തെ പ്രമാണി വര്‍ഗത്തിന്‍റെയും അവരുടെ കൂട്ടാളികളായ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഏതു മാര്‍ഗത്തെയും ഈ മധ്യവര്‍ത്തി രാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്നത് ബ്രസീലിയന്‍ ജനത ശ്രദ്ധിച്ചു.
ദില്‍മയ്ക്കും ലുലയ്ക്കുമെതിരായ ആക്രമണമാണ് മൈക്കിള്‍ ടെമറിനെ പ്രസിഡന്‍റാക്കിയതിനും (2016-18) 2018ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ബൊള്‍സനാരൊയുടെ വിജയത്തിനും വഴിയൊരുക്കിയത്. രണ്ടു ഘടകങ്ങളാണ് ബൊള്‍സനാരൊ പ്രസിഡന്‍റായിരുന്ന കാലത്തെ നിര്‍വചിക്കുന്നത് – രാജ്യത്തെ പ്രമുഖ പ്രസ്ഥാനമായുള്ള വലതുപക്ഷത്തിന്‍റെ വളര്‍ച്ചയും, മഹാമാരിയെയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെയും നിയന്ത്രിക്കുന്നതില്‍ അയാളുടെ ഗവണ്‍മെന്‍റ് പാടെ പരാജയപ്പെട്ടതും. ശിഥിലീകൃതമായിരുന്ന തീവ്ര വലതുപക്ഷ ശക്തികള്‍ ബൊള്‍സനാരൊയ്ക്കുചുറ്റും ഒത്തുകൂടി; അയാള്‍ അവരുടെ മിശിഹ ആയി മാറി (അയാളുടെ പേരിന്‍റെ രണ്ടാം ഭാഗം – മിഡില്‍ നെയിം – മെസിയാസ് എന്നാണ്); മാന്യതയുടെയും ജനാധിപത്യത്തിന്‍റെയും അടിസ്ഥാന മാനദണ്ഡങ്ങളെയാകെ അയാള്‍ കാറ്റില്‍ പറത്തിയത് രാജ്യത്ത് സ്വീകാര്യമാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ലുല പറഞ്ഞത്, “അധികാരത്തിലിരുന്ന കാലത്ത് 6498 തവണ നുണ പറഞ്ഞ പെരുംനുണയനാണ് ബൊള്‍സനാരൊ” എന്നാണ്. സത്യത്തിനുനേരെ പുറംതിരിഞ്ഞുനിന്നതും അക്രമഭീഷണിയും അക്രമത്തെത്തന്നെയും ഉപയോഗിക്കാനുള്ള ലൈസന്‍സുമാണ് ഈ പുതിയ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. ഭരണസംവിധാനത്തിന്‍റെ പഴയ സ്തംഭങ്ങള്‍ (ബീഫ്, ബൈബിള്‍, ബുള്ളറ്റ്) തെരുവുകളില്‍നിന്നും അവയെ നിയന്ത്രിച്ചിരുന്നവരുടെ കാര്യാലയങ്ങളില്‍നിന്നും പുറത്താക്കപ്പെട്ടിരുന്നില്ല; ബ്രസീലിന്‍റെ ദേശീയ പ്രൊജക്ടെന്ന നിലയില്‍ തങ്ങളുടെ പ്രൊജക്ടിനെ സ്ഥാപിക്കുന്നതിനായിട്ടാണ് വന്‍കിട കര്‍ഷകരുടെയും (അഗ്രി ബിസിനസ് ലോബികള്‍ക്കുവേണ്ടി) ഇവാഞ്ചലിക്കല്‍ സഭകളുടെയും സെക്യൂരിറ്റി ഫോഴ്സുകളുടെയും കൂട്ടുകെട്ട് തെരുവുകളില്‍ അഴിഞ്ഞാടിയത്.
രണ്ട് ബ്രസീലുകളില്ല
അന്യായമായി ക്യൂരിറ്റബയിലെ ജയിലില്‍ അടയ്ക്കപ്പെട്ടിരുന്ന ലുല രാജ്യത്തെ ജനാധിപത്യത്തിന്‍റെയും മാന്യതയുടെയും സ്ഥാപനങ്ങളെയാകെ പുനര്‍നിര്‍മിക്കുന്നതിനുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് പ്രോജക്ട് വികസിപ്പിക്കാനായി രാജ്യത്തെ മധ്യ വലതുപക്ഷവുമായും ഇടതുപക്ഷവുമായും (പ്രത്യേകിച്ചും എംഎസ്ടിയുമായി) കൈകോര്‍ത്തു. ജയിലില്‍നിന്ന് ലുലയെ മോചിപ്പിക്കുന്നതിനുള്ള (ലുല ലിവ്റെ!) സമരം ഉരുവംകൊണ്ടത് ബ്രസീലിനായുള്ള ഈ പ്രൊജക്ടില്‍നിന്നാണ്; 2021 ഏപ്രില്‍ മാസത്തിലെ ഒരു കോടതി വിധിയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹത്തിന് അവസരമൊരുക്കിയത്; ഇതിലേക്ക് നയിച്ചതും ഈ പ്രൊജക്ട് തന്നെ! തിരഞ്ഞെടുപ്പില്‍ ലുലയുടെ വിജയം ഉറപ്പായ ഉടന്‍ സാവൊ പോളൊയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഈ പ്രൊജക്ടിനെ ഇങ്ങനെ നിര്‍വചിച്ചു: “ബ്രസീലിയന്‍ ജനത സുഖമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്; അതിന്‍റെ അര്‍ഥം അവര്‍ക്ക് മറ്റെന്തിലുമുപരി നല്ല ജോലിയും ഗുണനിലവാരമുള്ള പൊതുസേവനങ്ങളും വേണമെന്നാണ്. ബ്രസീലിയന്‍ ജനത പ്രതീക്ഷയോടെ തിരിഞ്ഞുനോക്കാന്‍ ആഗ്രഹിക്കുന്നു; നിയമപുസ്തകങ്ങളില്‍ എഴുതിച്ചേര്‍ക്കാനുള്ള മനോഹരമായ ഒരു വാക്കു മാത്രമല്ല ജനാധിപത്യമെന്നും മറിച്ച് നിത്യജീവിതത്തില്‍ യാഥാര്‍ഥ്യമാക്കാവുന്ന, അനുഭവിച്ചറിയാനാവുന്ന ഒന്നാണെന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്”. ഇതിനെ അദ്ദേഹം “യഥാര്‍ഥത്തിലുള്ള, മൂര്‍ത്തമായ ജനാധിപത്യ”മെന്നാണ് വിശേഷിപ്പിച്ചത്; ചുരുങ്ങിയപക്ഷം അത് പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാനെങ്കിലും കഴിയുന്നതായിരിക്കണം.
നാഷണല്‍ കോണ്‍ഗ്രസ്സില്‍ സെന്‍ട്രാവൊയും ബൊള്‍സനാരൊപക്ഷവും പിടിമുറുക്കിയതാണ് ലുലയുടെ പ്രൊജക്ടിന് തടസ്സമായിരിക്കുന്നത്. പട്ടിണിക്കെതിരായി സര്‍ക്കാര്‍ പണം വിനിയോഗിക്കാനും 160 കോടി ഏക്കര്‍ ആമസോണ്‍ മഴക്കാടുകള്‍ നന്നായി സംരക്ഷിക്കാനുമുള്ള പദ്ധതികള്‍ ഉള്‍പ്പെടെ ലുലയുടെ അജന്‍ഡയിലെ വലിയ ഭാഗവും തടയാന്‍ അവര്‍ തങ്ങളുടെ സ്വാധീനമാകെ ഉപയോഗിക്കും. കോടിക്കണക്കിനു ജനങ്ങളെ തെരുവുകളില്‍ അണിനിരത്തിയ ഇടതുപക്ഷ രാഷ്ട്രീയ സംഘടനകള്‍ മൂലമാണ് ലുല പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്; ലുല തിരഞ്ഞെടുക്കപ്പെടേണ്ടതിന്‍റെയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന അജന്‍ഡയുടെയും നിര്‍ണായകമായ പ്രാധാന്യത്തിലുള്ള തങ്ങളുടെ വിശ്വാസമാണ് ഇങ്ങനെ അണിനിരത്തപ്പെട്ട ജനങ്ങള്‍ തെരുവുകളില്‍ പ്രകടിപ്പിച്ചത്. ലുലയുടെ വിജയാഹ്ലാദത്തിലെ അപകടം, ഈ കോടിക്കണക്കിന് ആളുകളെ ഛിന്നഭിന്നമാക്കാനായി രാഷ്ട്രീയ ശക്തികള്‍ നിരീക്ഷിക്കുമെന്നതാണ്; ബൊള്‍സനാരൊയുടെയും വലതുപക്ഷത്തിന്‍റെയും രാഷ്ട്രീയ ഗൂഢനീക്കങ്ങള്‍ക്കെതിരായ ഇടതുപക്ഷത്തിന്‍റെ അജന്‍ഡ മുന്നോട്ടുവയ്ക്കാന്‍ ആവശ്യമായ സ്ഥിരം ജനസഞ്ചയത്തെ രൂപപ്പെടുത്തിയിട്ടുമില്ല. ഒക്ടോബര്‍ കാംപെയ്ന്‍ കാലത്ത് മധ്യവലതുപക്ഷത്തെ വലിയ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ ലുലയ്ക്ക് സാധിച്ചു (മുന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ബ്രസീലിയന്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റിലെ സൈമണ്‍ തെബെറ്റും ബ്രസീലിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി നേതാവും മുന്‍ പ്രസിഡന്‍റുമായ ഫെര്‍ണാന്‍ഡൊ ഹെന്‍റിക് കര്‍ദോസൊയും ഉള്‍പ്പെടെ). ലുലയുടെ പ്രചരണത്തിനായി കാര്‍ദോസൊ ഒരു വീഡിയോ ചെയ്തു; അതില്‍ സ്വേച്ഛാധിപത്യാനന്തര കാലഘട്ടത്തെ നിര്‍വചിച്ച “ജനാധിപത്യത്തിനും സാമൂഹികമായ ഉള്‍ക്കൊള്ളലിനും വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ചരിത്ര”ത്തിന് തന്‍റെ പരിപൂര്‍ണ പിന്തുണയുണ്ടാകുമെന്ന് കാര്‍ദോസൊ അഭിപ്രായപ്പെട്ടു. ഈ മധ്യ വലതുപക്ഷ ശക്തികളുടെ പങ്ക് – ലുലയ്ക്കൊപ്പം വൈസ് പ്രസിഡന്‍റാകുന്ന ജെറാള്‍ഡൊ അല്‍ക്മിന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് – നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ ലുലയുടെ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പോരാട്ടത്തിന്‍റെ അടുത്തഘട്ടത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
തന്‍റെ വിജയാഹ്ലാദ പ്രകടനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രതീക്ഷയോടെ ലുല ഇങ്ങനെ പറഞ്ഞു: “രണ്ടു ബ്രസീലുകളില്ല. നാം ഒരൊറ്റ രാജ്യമാണ്; ഒരൊറ്റ ജനതയാണ്; ഒരേയൊരു മഹത്തായ രാഷ്ട്രമാണ്. തമ്മിലടിയും മത്സരവും അരങ്ങുവാഴുന്ന ഒരു കുടുംബത്തില്‍ ജീവിക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാവില്ല. കുടുംബങ്ങളെ വീണ്ടും ഒരുമിച്ചുകൊണ്ടുവരാനുള്ള സമയമാണിത്; കുറ്റകരമായ വിദ്വേഷ പ്രചരണംമൂലം തകര്‍ക്കപ്പെട്ട ബന്ധങ്ങള്‍ പുതുക്കാനുള്ള സമയവുമാണിത്. വിഭജിതമായ ഒരു രാജ്യത്ത് ജീവിക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടാവില്ല”. വിഭജിതമായ ഒരു രാജ്യത്ത് ഭരണം നടത്തേണ്ടതായി വരുന്ന ഒരാളിന്‍റെ വാക്കുകളോ തീവ്രവലതുപക്ഷം സൃഷ്ടിച്ച കാര്‍മേഘങ്ങള്‍ക്കു മുകളില്‍ തനിക്ക് സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്‍റെ പ്രതീക്ഷയോ ആയി ഇതിനെ കാണാവുന്നതാണ്
.
ലുലയുടെ സാര്‍വദേശീയത
ബ്രസീലിലെ വിദേശമന്ത്രാലയത്തിലെ (വിദേശ മന്ത്രാലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ പേരുമായി ബന്ധപ്പെടുത്തി അതിനെ ഇറ്റാമറാറ്റി എന്നും വിളിക്കുന്നു) ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞത് ആ ഓഫീസിലെ 80 ശതമാനം സ്റ്റാഫും തിരഞ്ഞെടുപ്പില്‍ ലുല വിജയിക്കുന്നതിന് അനുകൂലമാണെന്നാണ്. ബൊള്‍സനാരൊയുടെ വിചിത്രമായ രാഷ്ട്രീയംമൂലം വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സഹികെട്ടിരിക്കുകയാണ്; ഐക്യരാഷ്ട്രസഭയെന്നാല്‍ “ഉപയോഗമില്ലാത്ത ഒരു സ്ഥാപന”മാണെന്നും അത് “കമ്യൂണിസ്റ്റുകാരുടെ കൂട്ടായ്മ”യാണെന്നും മറ്റുമുള്ള ബൊള്‍സനാരൊയുടെ ജല്‍പനങ്ങളാണ് അവരെ അലോസരപ്പെടുത്തുന്നത്. ബൊള്‍സനാരൊയുടെയും അയാളുടെ വിദേശകാര്യമന്ത്രി ഏണസ്റ്റോ അരൗജോയുടെയും വാചകക്കസര്‍ത്തുകളില്‍ ഏറെയും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഉപദേശകന്‍ സ്റ്റീവ് ബന്നന്‍ എഴുതിയതാണോ ഇതെന്ന് തോന്നിപ്പിക്കുന്നവയാണ്. ‘കാലാവസ്ഥാ വ്യതിയാന’മെന്നത് ‘ഒരു മാര്‍ക്സിസ്റ്റ് ഗൂഢാലോചന’യാണ് എന്നും “സാംസ്കാരിക മാര്‍ക്സിസ്റ്റുകളില്‍”നിന്നും ജൂത – ക്രിസ്ത്യന്‍ സംസ്കാരത്തെ ബൊള്‍സനാരൊ രക്ഷിക്കുമെന്നും അയാള്‍ പുലമ്പി. ബഹുസ്വര സംവിധാനത്തിനെതിരായ ബൊള്‍സനാരൊയുടെ അശ്ലീല വാചകമടികളും ബ്രസീല്‍ ഒപ്പിട്ടിട്ടുള്ള ദീര്‍ഘകാല കരാറുകളെ അയാള്‍ അവഗണിക്കുന്നതും ഇറ്റമറാറ്റിയെ വിസ്മയിപ്പിച്ചു. അവിടെയുള്ള ഉദ്യോഗസ്ഥര്‍ ആഗ്രഹിച്ചത് ലുലയുടെ ആഗോള നേതൃത്വം മടങ്ങിവരണമെന്നാണ്.
നാഷണല്‍ കോണ്‍ഗ്രസ്സിനുമേല്‍ വലതുപക്ഷം പിടിമുറുക്കിയിരിക്കുന്നത് ലുലയുടെ അജന്‍ഡയുടെ അതിപ്രധാന ഭാഗം അദ്ദേഹത്തിന്‍റെ സാര്‍വദേശീയതയായതിനാല്‍ കൂടിയാണ്. ചൈനയ്ക്കെതിരായി അമേരിക്ക നടത്തുന്ന സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്ന നടപടികളില്‍ (പുത്തന്‍ ശീതയുദ്ധം) താന്‍ കക്ഷി ചേരില്ലെന്ന് ലുല ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞു; എന്നാല്‍ റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സമാധാനം സ്ഥാപിക്കുന്നതിന് തന്‍റെ നയതന്ത്ര ചാതുരിയാകെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന അജന്‍ഡ വികസിപ്പിക്കാന്‍ ലുല സഹായിച്ച കാര്യം ഇപ്പോള്‍ വിസ്മരിക്കപ്പെട്ടിരിക്കുകയാണ്; അദ്ദേഹത്തിന്‍റെ കഠിനാധ്വാനം കൊണ്ട് രൂപപ്പെട്ട കരാറിനെ അമേരിക്ക പിന്നീട് തള്ളിക്കളയുകയാണുണ്ടായത്. ചൈനയും റഷ്യയും പോലെയുള്ള പ്രമുഖ രാഷ്ട്രങ്ങളും പാശ്ചാത്യശക്തികളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് തടയുന്നതിന് ഇതേ പ്രതിഭ ആഗോളരംഗത്ത് വീണ്ടും എത്തണം. രണ്ട് വര്‍ഷക്കാലത്തേക്കുള്ള ബ്രസീലിന്‍റെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗത്വം (2023 ഒടുവില്‍ അത് അവസാനിക്കും) ലുലയെ സംബന്ധിച്ചിടത്തോളം പ്രയോജനപ്രദമായ ഒരുപകരണമായിരിക്കും.
ബ്രസീലിലെ മറ്റൊരു പ്രസിഡന്‍റിനും ലുലയ്ക്കുണ്ടായിരുന്നതുപോലെ അന്താരാഷ്ട്ര പ്രശസ്തി ലഭിച്ചിട്ടില്ല; ലുല പ്രസിഡന്‍റായിരുന്ന കാലത്ത് ഒരു സാര്‍വദേശീയ വാദിയെന്ന നിലയില്‍ അദ്ദേഹം വഹിച്ച സുപ്രധാന പങ്കുമൂലമാണ് ഈ ഖ്യാതി ലഭിച്ചത്. ലുലയുടെ നേതൃത്വം മൂലമാണ് 2003 മുതല്‍ 2009 വരെയുള്ള ഏഴ് വര്‍ഷത്തിനിടയില്‍ ബ്രിക്സ് (ബ്രസീല്‍ – റഷ്യ – ഇന്ത്യ – ചൈന – ദക്ഷിണ ആഫ്രിക്ക) ചേരി രൂപപ്പെടുത്തിയതും 2008നും 2010നുമിടയില്‍ കമ്യൂണിറ്റി ഓഫ് ലാറ്റിനമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ സ്റ്റേറ്റ്സ് (സെലാക് – CELAC) രൂപീകരിച്ചതും. ഈ രണ്ട് വേദികളും താന്‍ പുനരുജ്ജീവിപ്പിക്കുമെന്നു ലുല പറഞ്ഞിട്ടുണ്ട്; യുദ്ധത്തിനെതിരെയും, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നതും ജനങ്ങളുടെ യഥാര്‍ഥവും മൂര്‍ത്തവുമായ ആത്മാഭിമാനം സ്ഥാപിക്കുന്നതിന് ശ്രമിക്കുന്നതുമായ ഒരു ലോകം സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പ്രോജക്ടിലേക്ക് അവയ്ക്ക് ദിശാബോധം സൃഷ്ടിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കും. ബഹുസ്വര വ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനും (യൂറേഷ്യയുടെ ഉദ്ഗ്രഥനത്തെ തടയുന്നതിനുള്ള പാശ്ചാത്യ സമ്മര്‍ദത്താല്‍ ദുര്‍ബലമാക്കപ്പെട്ടത്) ലാറ്റിനമേരിക്കയില്‍ റീജിയണലിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ രണ്ടു വേദികളെ – ബ്രിക്സിനെയും സെലാക്കിനെയും – ഉപയോഗിക്കാന്‍ ലുല ശ്രമിക്കുമെന്ന് വ്യക്തമാണ്.
2023ല്‍ ബ്രസീലിന്‍റെ പ്രസിഡന്‍റായി ലുല അധികാരമേല്‍ക്കുമ്പോള്‍ ലോകം മണ്‍റൊ സിദ്ധാന്തത്തിന്‍റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിക്കുകയായിരിക്കും. 1823ല്‍ അമേരിക്കയിലെ ഗവണ്‍മെന്‍റ് പറഞ്ഞത് അമേരിക്കന്‍ ഭൂഖണ്ഡമാകെ വാഷിങ്ടണിന്‍റെ സംരക്ഷണവലയത്തിലായിരിക്കുമെന്നാണ്; 1991നുശേഷം ലോകത്തെയാകെ വിഴുങ്ങുന്നതിനായി ഇതേ സമീപനത്തെയാണ് അമേരിക്ക വിപുലീകരിച്ചത്. ലോകത്തെ പല രാജ്യങ്ങളും ഈ ആഗോള മണ്‍റൊ സിദ്ധാന്തത്തെ പരിഹസിച്ച് തള്ളിക്കളഞ്ഞു; സമാധാനം സ്ഥാപിക്കുന്നതിലുപരി സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിപ്പിക്കുന്നതിനുള്ളതാണ് ഈ സിദ്ധാന്തം. ഈ ആഗോള മണ്‍റൊ സിദ്ധാന്തത്തിനെതിരായുള്ള ലുലയുടെ നേതൃത്വം സ്ഥാപിക്കപ്പെടുന്നത് ബ്രസീല്‍ തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്‍റെ വിജയം ബ്രസീലുകാരെ സംബന്ധിച്ച് പ്രധാനമായിരിക്കെത്തന്നെ, ലോകമാകെയുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളവും അത്രതന്നെ പ്രധാനമാണ്. •