Thursday, April 18, 2024

ad

Homeസാര്‍വദേശീയംപൊരുതുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം

പൊരുതുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം

എം എ ബേബി

പ്രിയ സഖാക്കളെ,
ആദ്യംതന്നെ കമ്യൂണിസ്റ്റ് – തൊഴിലാളി പാര്‍ടികളുടെ 22-ാമത് സാര്‍വദേശീയ സമ്മേളനത്തിന് ഹവാനയില്‍ ആതിഥേയത്വം വഹിക്കുവാനുള്ള ഉത്തരവാദിത്വമേറ്റെടുത്ത കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ക്യൂബയെ (പിസിസി) കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)ന്‍റെ പേരില്‍ അഭിവാദ്യം ചെയ്യട്ടെ. ഇത് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം, ധീരോദാത്തമായ ഈ രാജ്യത്തുവച്ച് നമുക്കെല്ലാവര്‍ക്കും പരസ്പരം മുഖത്തോടുമുഖം കണ്ടുമുട്ടുവാനുള്ള അവസരമൊരുക്കി എന്നതില്‍ ഞാന്‍ അത്യധികം സന്തോഷവാനാണ്.

എന്‍റെ മനസ്സ് 1978ല്‍  നടന്ന ലോക യുവജന വിദ്യാര്‍ത്ഥി മേളയിലേക്ക് തിരിച്ചുപോകുകയാണ്; അന്നാണ് ഞാന്‍ ആദ്യമായി ക്യൂബ സന്ദര്‍ശിക്കുന്നത്; ആവേശകരമായ അനുഭവമായിരുന്നു അത്.

നമ്മുടെയെല്ലാം ഹൃദയത്തില്‍ ക്യൂബയ്ക്ക് എപ്പോഴും സവിശേഷമായൊരു സ്ഥാനമുണ്ട്. സാമ്രാജ്യത്വത്തിന്‍റെ ഹൃദയഭൂമിയായ അമേരിക്കയുടെ മൂക്കിനുതാഴെ സ്ഥിതിചെയ്യുന്ന ഒരേയൊരു സോഷ്യലിസ്റ്റ് രാജ്യമാണത്. സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരപ്പെടുത്തുന്നതിന് അമേരിക്കന്‍ സാമ്രാജ്യത്വം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും, ക്യൂബ വിജയകരമായി ചെറുത്തുനില്‍ക്കുകയും തിരിച്ചടിക്കുകയും,സോഷ്യലിസത്തോടും മാര്‍ക്സിസം-ലെനിനിസത്തോടും അചഞ്ചലമായ പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ട് അതിലുറച്ചുനില്‍ക്കുകയും ചെയ്തു. 1959 തുടക്കം മുതല്‍ ഇന്ന് ഈ ദിവസം വരെ, എണ്ണമറ്റ അട്ടിമറിനീക്കങ്ങളാണുണ്ടായിട്ടുള്ളത് -ബേ ഓഫ് പിഗ്സ് എന്നറിയപ്പെടുന്ന നേരിട്ടുള്ള കടന്നാക്രമണം, വിപ്ലവത്തിന്‍റെ ചരിത്രനായകനും കമാന്‍ഡര്‍-ഇന്‍-ചീഫുമായ ഫിദല്‍ കാസ്ട്രോ റൂസ്സിനെ കൊലപ്പെടുത്തുന്നതിന് നടത്തിയ അഞ്ഞൂറിലധികം ശ്രമങ്ങള്‍, സാധാരണ പൗരര്‍ക്കുനേരെ ബോംബാക്രമണം നടത്തുവാനുള്ള ഭീകരവാദ നീക്കങ്ങള്‍, മനുഷ്യവിരുദ്ധവും നീതിരഹിതവുമായ സാമ്പത്തിക ഉപരോധം, യുഎസ്എസ്ആറിന്‍റെയും കിഴക്കന്‍ യൂറോപ്പിന്‍റെ ശിഥിലീകരണത്തെത്തുടര്‍ന്നുണ്ടായ പ്രത്യേക കാലഘട്ടം, ക്യൂബ ഭീകരവാദത്തിന്‍റെ സ്പോണ്‍സറാണെന്ന വ്യാജേന ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍, ഏറ്റവുമൊടുവില്‍  ഇക്കഴിഞ്ഞ വര്‍ഷം പ്രതിവിപ്ലവ പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ നീക്കങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിശ്രമങ്ങളാണ് സാമ്രാജ്യത്വം ക്യൂബക്കെതിരെ നടത്തിയിട്ടുള്ളത്. ഈ കടന്നാക്രമണങ്ങളെയെല്ലാം ക്യൂബ അതിജീവിച്ചത്, സോഷ്യലിസ്റ്റ് നിര്‍മാണത്തില്‍ സജീവമായി പങ്കാളികളാകുന്ന ജനങ്ങളില്‍ അതിനുള്ള വിശ്വാസംകൊണ്ടാണ്.

ഈ ദുരിതങ്ങള്‍ക്കുപുറമെ, കൊറോണ വൈറസിന്‍റെ വ്യാപനംമൂലമുണ്ടായ മറ്റൊരു പ്രതിസന്ധിയെയും ക്യൂബ അതിജീവിച്ചിരിക്കുന്നു. ഹെല്‍മ്സ്-ബര്‍ട്ടണ്‍ ആക്ടിലെ ടൈറ്റില്‍ III നടപ്പാക്കിക്കൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വം സാമ്പത്തിക ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്തി. എല്ലാ പൗരര്‍ക്കും ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം എന്നിവ ലഭ്യമാക്കുന്ന ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ഈ ആഘാതങ്ങളെയെല്ലാം ക്യൂബ ചെറുത്തുനിന്നു. അതുമാത്രമല്ല. മഹാമാരിയെ ചെറുക്കുന്നതിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ക്യൂബന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കുകയും ക്യൂബ വികസിപ്പിച്ചെടുത്ത അഞ്ച് വാക്സിനുകള്‍ സന്തോഷപൂര്‍വം സൗജന്യമായി ലഭ്യമാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു; ഇത് വ്യക്തമാക്കുന്നത് ക്യൂബന്‍ വിപ്ലവത്തിന്‍റെ നിസ്വാര്‍ഥ സ്വഭാവമാണ്. വാക്സിനുകളുടെ ലഭ്യത നിഷേധിച്ച മുതലാളിത്തരാജ്യങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണിത്. തങ്ങളുടെ രാജ്യത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയെ അട്ടിമറിക്കുവാനുള്ള എല്ലാവിധ വിധ്വംസകപ്രവര്‍ത്തനങ്ങളെയും അതിജീവിക്കുവാന്‍ ക്യൂബയ്ക്കു സാധ്യമായത്, അത് മാര്‍ക്സിസത്തോടും ലെനിനിസത്തോടും ദൃഢബദ്ധമായിട്ടുള്ളതും, ചെ ഗുവേര വിശേഷിപ്പിച്ചതുപോലെ, ‘ഒരു പുതിയ മനുഷ്യനെ’, ഒരു സോഷ്യലിസ്റ്റ് മനുഷ്യനെ വികസിപ്പിക്കുവാനുള്ള പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ ഒരു രാജ്യമായതിനാലാണ്.

സാര്‍വദേശീയതയാണ് ഒരു യഥാര്‍ഥ കമ്യൂണിസ്റ്റിനെ നിര്‍വചിക്കുന്നതെന്ന് മാര്‍ക്സിസത്തിന്‍റെയും ലെനിനിസത്തിന്‍റെയും സ്ഥാപകര്‍ സ്പഷ്ടമായി പറഞ്ഞുവച്ചിട്ടുണ്ട്. ആഭ്യന്തരമായ എല്ലാവിധ ക്ലേശങ്ങള്‍ക്കുമപ്പുറം ക്യൂബ ശരിയായ സാര്‍വദേശീയത പുലര്‍ത്തിക്കൊണ്ടാണ് മുന്നേറുന്നത്. ഈ രാജ്യം തീര്‍ച്ചയായും നമ്മുടെ ഐക്യദാര്‍ഢ്യം അര്‍ഹിക്കുന്നു. ക്യൂബയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നു എന്നതുകൊണ്ട് ക്യൂബയെ പിന്തുണയ്ക്കുന്നു എന്നും അതിനാവശ്യമായ ഘട്ടങ്ങളില്‍ ഒപ്പംനില്‍ക്കുന്നു എന്നും മാത്രമല്ല അര്‍ഥമാക്കുന്നത്. ക്യൂബയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുകയെന്നത് സാമ്രാജ്യത്വത്തിനും അതിന്‍റെ ആഗോളമേധാവിത്വത്തിനുമെതിരായ നമ്മുടെ തന്നെ പോരാട്ടത്തിന്‍റെ ഭാഗമാണ്. ക്യൂബയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുകയെന്നത് പ്രതിസന്ധി നിറഞ്ഞ,ചൂഷണാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയുടെ യഥാര്‍ഥ ബദലായ സോഷ്യലിസത്തിനുവേണ്ടിയുള്ള നമ്മുടെ പോരാട്ടത്തിന്‍റെകൂടി ഭാഗമാണ്.

സാമ്രാജ്യത്വത്തിന്‍റെ അങ്ങേയറ്റം ചൂഷണാധിഷ്ഠിതമായ ഇന്നത്തെ നവലിബറല്‍ ഘട്ടം അതിന്‍റെ അന്ത്യത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ് എന്ന് സിപിഐ എം വിശ്വസിക്കുന്നു. തീര്‍ച്ചയായും, മുതലാളിത്തം സ്വാഭാവികമായ മരണം വരിക്കുമെന്ന് ഇതുകൊണ്ടര്‍ഥമാക്കുന്നില്ല. അതത് രാജ്യങ്ങളിലെ സവിശേഷമായ സാഹചര്യങ്ങള്‍ക്കനുസൃതമായി നിര്‍വചിച്ചിട്ടുള്ള വര്‍ഗസമരത്തിന്‍റെ – കര്‍ഷകജനസാമാന്യവുമായും മറ്റു ചൂഷിതവര്‍ഗങ്ങളുമായും സഖ്യംചേര്‍ന്നുകൊണ്ട് തൊഴിലാളിവര്‍ഗം നയിക്കുന്ന പോരാട്ടം-പോര്‍ക്കളത്തില്‍വച്ച് മുതലാളിത്തം പരാജയപ്പെടുത്തപ്പെടേണ്ടതുണ്ട്.

ഇവിടെ ലെനിന്‍ നടത്തിയ സംക്ഷിപ്തമായ വിശദീകരണം ഏറെ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: “മാര്‍ക്സിന്‍റെ സിദ്ധാന്തത്തെ പൂര്‍ണമായതും അലംഘനീയമായതുമായ ഒന്നായി ഞങ്ങള്‍ കരുതുന്നില്ല; നേരെമറിച്ച്, ജീവിതത്തോടൊപ്പം നടക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ സോഷ്യലിസ്റ്റുകള്‍ എല്ലാ ദിശയിലും വികസിപ്പിക്കേണ്ടതായ ശാസ്ത്രത്തിന്‍റെ സ്ഥാപകശിലയിടുക മാത്രമാണത് ചെയ്തിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കു ബോധ്യമുണ്ട്”. തദനുസൃതമായി പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തുന്നത്, വിപ്ലവപ്രസ്ഥാനത്തിന്‍റെ തകര്‍ച്ചയിലേക്കോ തിരിച്ചടികളിലേക്കോ നയിക്കും.

ഞങ്ങളുടെ രാജ്യത്ത്, വിപ്ലവത്തിന്‍റെ നിലവിലെ ഘട്ടത്തെ, സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്കു നയിക്കുന്ന ജനകീയ ജനാധിപത്യവിപ്ലവമായാണ് ഞങ്ങള്‍ നിര്‍വചിക്കുന്നത്. ലെനിന്‍ പ്രസ്താവിച്ചതുപോലെ, ഈ രണ്ടുഘട്ടങ്ങളെയും വേര്‍തിരിക്കുന്ന ചൈനീസ് മതിലുകളൊന്നുമില്ല. ആദ്യത്തെ ഘട്ടം സാമ്രാജ്യത്വത്തിനും കുത്തക മൂലധനത്തിനും ഫ്യൂഡലിസത്തിനുമെതിരാണ്. ഈ ഘട്ടത്തില്‍ എല്ലാ സാമ്രാജ്യത്വവിരുദ്ധ, കുത്തകവിരുദ്ധ, ഫ്യൂഡല്‍ വിരുദ്ധ ശക്തികളെയും തൊഴിലാളിവര്‍ഗത്തിന്‍റെ നേതൃത്വത്തിന്‍കീഴില്‍ ഒന്നിച്ചണിനിരത്താന്‍ ഞങ്ങള്‍ പ്രയത്നിക്കും.

ഈ യത്നത്തില്‍ വിജയിക്കുന്നതിന് ഞങ്ങളുടെ രാജ്യത്ത് വലതുപക്ഷ, സ്വേച്ഛാധിപത്യ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ അണിനിരക്കാന്‍ തയ്യാറാകുന്ന എല്ലാ ശക്തികളെയും ഒന്നിച്ചുകൊണ്ടുവരുകയാണ് ഞങ്ങളിപ്പോള്‍.  ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ബൂര്‍ഷ്വാ ജനാധിപത്യാവകാശങ്ങളെപ്പോലും ഈ പിന്തിരിപ്പന്‍ വാഴ്ച, വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുകയാണ്. അവര്‍ മത വര്‍ഗീയ ഭിന്നതകള്‍ പടര്‍ത്തിക്കൊണ്ട് വര്‍ഗ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ കപട പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താതെ, സാമ്രാജ്യത്വത്തിനും ആഭ്യന്തര പിന്തിരിപ്പത്വത്തിനുമെതിരായ നമ്മുടെ പോരാട്ടത്തിന് അനിവാര്യമായ വര്‍ഗ ഐക്യം കെട്ടിപ്പടുക്കാന്‍ നമുക്ക് കഴിയില്ല.

ഞങ്ങളുടെ രാജ്യത്തെ 3.5 കോടി ജനങ്ങളെ ഉള്‍ക്കൊള്ളുന്ന സംസ്ഥാനമായ കേരളത്തില്‍ സിപിഐയോടും മറ്റു പാര്‍ടികളോടും ചേര്‍ന്ന് സിപിഐ എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്‍റ് ഒട്ടേറെ ജനപക്ഷ, പുരോഗമന നയങ്ങള്‍ നടപ്പാക്കുന്നു. ചൂഷണാധിഷ്ഠിതമായ വ്യവസ്ഥിതി ഏര്‍പ്പെടുത്തുന്ന പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇടതുപക്ഷം നടപ്പാക്കുന്ന ഈ ബദല്‍ പാത, അധ്വാനിക്കുന്ന ബഹുജനങ്ങളെ അണിനിരത്തുന്നതിന് വലിയതോതില്‍ ഞങ്ങളെ സഹായിക്കുന്നു; തൊഴിലാളികളുടെയും കര്‍ഷകരുടെയും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെയും സമൂഹത്തിലെ മറ്റു പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെയും സ്വതന്ത്രവും സംയുക്തവുമായ പോരാട്ടങ്ങള്‍ക്കൊപ്പം, കേരളത്തിലെ സര്‍ക്കാരിന്‍റെ ബദല്‍ പാതയും അധ്വാനിക്കുന്ന ബഹുജനങ്ങളെ അണിനിരത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടിയുള്ള നമ്മുടെ  പോരാട്ടം എന്നതുകൊണ്ട് മെച്ചപ്പെട്ട കൂലിയും തൊഴില്‍ സാഹചര്യങ്ങളുമെന്നുമാത്രമല്ല അര്‍ഥമാക്കുന്നത്. അത് നമ്മുടെയും ഈ ഭൂമിയുടെയും മെച്ചപ്പെട്ട ഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണ്. സാമ്രാജ്യത്വത്തിനും, പ്രകൃതിമാതാവിനുമേല്‍ അത് നടത്തുന്ന വിപത്കരമായ ചൂഷണത്തിനുമെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതിന്‍റെ അനിവാര്യത എല്ലായിടത്തുമുള്ള ജനങ്ങള്‍ തിരിച്ചറിയുകയാണ്. കാലംതെറ്റി പെയ്യുന്ന മഴ, പ്രളയം, കൊടുങ്കാറ്റ്, അമിതമായ താപനില, ഹിമപിണ്ഡങ്ങളും ഹിമപാളികളും ഉരുകുന്നത് തുടങ്ങിയവയെല്ലാം നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്ന മുതലാളിത്തത്തിന്‍റെ വിനാശകരമായ നയങ്ങളെ കണ്‍മുന്നില്‍ കാണിച്ചുതരുകയാണ്. നമ്മള്‍ നേരിടുന്ന ഈ ബഹുവിധമായ വെല്ലുവിളികള്‍ക്കെല്ലാമുള്ള ഒരേയൊരു ബദല്‍ സോഷ്യലിസമാണ്.

ഇവിടെയാണ് നമ്മള്‍ ഒരിക്കല്‍ക്കൂടി ക്യൂബയില്‍നിന്നും ഒരുപാട് പഠിക്കുന്നത്. നമ്മള്‍ ജനങ്ങളെ വിശ്വസിക്കുകയും അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്താല്‍ എല്ലാവിധ പ്രതിബന്ധങ്ങളെയും മറികടന്ന് വിജയം കൈവരിക്കാനാകും. കമ്യൂണിസ്റ്റുകാരെന്ന നിലയില്‍, ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ എല്ലാ ജനങ്ങളുടെയും ഐക്യം കെട്ടിപ്പടുക്കുകയും, വിമോചനത്തിനും സോഷ്യലിസത്തിനുംവേണ്ടിയുള്ള പോരാട്ടത്തില്‍ അവരെ നയിക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമയാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു.

സംഘടിതരായ ജനങ്ങള്‍ എപ്പോഴും വിജയിക്കും. സംഘടിതരായ ജനങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല!

എല്‍ പുയബ്ലോ ഉണിഡോ, ഹമാസ് സെര ബെന്‍സിഡോ!
നന്ദി •

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × one =

Most Popular