Saturday, November 23, 2024

ad

Homeമുഖപ്രസംഗംലഹരിമുക്ത കേരളത്തിനായി നമുക്കും അണിചേരാം

ലഹരിമുക്ത കേരളത്തിനായി നമുക്കും അണിചേരാം

വംബര്‍ ഒന്നുമുതല്‍ കേരളത്തില്‍ ലഹരി പദാര്‍ഥ ഉപയോഗം വര്‍ജിക്കുന്നതിനു ജനങ്ങളെയാകെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു വലിയ യജ്ഞം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ഇത് ഒരു ദിനാചരണമല്ല. ജനങ്ങള്‍ക്കിടയില്‍ ഗുരുതരമായ തോതില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു മാരണത്തിനെതിരായ, അതുപയോഗിക്കുന്ന ദുശ്ശീലത്തിനെതിരായ നിരന്തരപ്രവര്‍ത്തനത്തിന്‍റെ ആരംഭമാണ്. രണ്ടുമാസങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏതു തോതിലാണ് ലഹരി മരുന്നുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വ്യാപിക്കുന്നത് എന്നതിന്‍റെ ചില കണക്കുകള്‍ വെളിപ്പെടുത്തിയിരുന്നു. 2020ല്‍ ഇത്തരം വിഷയങ്ങളില്‍ 4650 കേസുകളും 2021ല്‍ 5334 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 2022ല്‍ സെപ്തംബര്‍ 1 വരെ (8 മാസക്കാലത്ത്) 20,331 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് കാണിക്കുന്നത് ലഹരിമരുന്നുകളുടെ വ്യാപനം ജനങ്ങള്‍ക്കിടയില്‍ അതിവേഗം പടരുന്നു എന്നാണ്. ഈ വര്‍ഷം ഇക്കാലയളവില്‍ അധികാരികള്‍ പിടിച്ചെടുത്തത് 1364.49 കി.ഗ്രാം കഞ്ചാവും 7.7 കി.ഗ്രാം എംഡിഎംഎയും 23.73 കി.ഗ്രാം കഞ്ചാവ് എണ്ണയും ഹാഷിഷ് ഓയിലുമാണ്. സംസ്ഥാനത്തെ ലക്ഷക്കണക്കിനു ആളുകളെ ലഹരിക്കു കീഴ്പെടുത്താന്‍ ഈ തോതിലുള്ള രാസപദാര്‍ഥങ്ങള്‍ മതി. 2025 ആകുമ്പോഴേക്ക് ഇന്ത്യയില്‍ ആളുകള്‍ മരിക്കുന്നതിനു പ്രധാനകാരണം എംഡിഎംഎ പദാര്‍ഥങ്ങള്‍ ആകാം എന്ന് ഒരു പഠനം കാണിക്കുന്നു.

ആല്‍ക്കഹോള്‍ ഉള്ള വിവിധ മദ്യങ്ങളാണ് ലഹരിക്കായി പരമ്പരാഗതമായി നമ്മുടെ നാട്ടില്‍ വ്യാപകമായി ഉപയോഗിച്ചുവന്നത്. തെങ്ങില്‍നിന്നും, പനയില്‍നിന്നുമുള്ള കള്ള്, അവയില്‍നിന്നും മറ്റു ഉല്‍പ്പന്നങ്ങളില്‍നിന്നുമായി ഉണ്ടാക്കുന്ന ചാരായവും അതുപോലുള്ള ‘ശീമ’മദ്യങ്ങള്‍ എന്നിവയായിരുന്നു ഒരുകാലത്ത് ഏറ്റവും കൂടുതല്‍ പ്രചാരത്തിലിരുന്നത്. അത് ആയിരക്കണക്കിനു കോടി രൂപയുടെ കമ്പോളമാണ്. മദ്യം വര്‍ജിക്കാന്‍ ശ്രീനാരായണഗുരു, മഹാത്മാഗാന്ധി മുതലായ ആത്മീയ-രാഷ്ട്രീയ നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടും, മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടും, മദ്യ ഉപഭോഗം വര്‍ധിച്ചുവരികയായിരുന്നു. അടുത്തകാലത്ത് മദ്യ ഉപഭോഗം കുറയുന്നതായി ഔദ്യോഗിക രേഖകള്‍ കാണിക്കുന്നു. എന്നാല്‍, മറ്റു ലഹരി പദാര്‍ഥങ്ങളുടെ പ്രചാരവും ഉപഭോഗവും കൂടി പരിഗണിക്കുമ്പോള്‍, ലഹരി പദാര്‍ഥങ്ങളോടുള്ള ആസക്തി സംസ്ഥാനത്ത് കുറയുകയല്ല, കൂടുകയാണ് എന്നു വേണം കരുതാന്‍. ഈ പ്രവണത തടയേണ്ടത് ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്കും സാമൂഹ്യപുരോഗതിക്കും അവശ്യവും അനിവാര്യവുമാണ് എന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ കാമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്.

ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം മാനവരാശിയുടെ തുടക്കംമുതല്‍ ആരംഭിച്ചിരുന്നു. പ്രകൃതിയില്‍ കണ്ട വസ്തുക്കളെല്ലാം ഭക്ഷിച്ചുനോക്കിയ നമ്മുടെ പൂര്‍വികര്‍ അവയില്‍ മരണത്തിനിടയാക്കുന്നതും ആരോഗ്യത്തിനു ഹാനികരവുമായ വസ്തുക്കള്‍, ലഹരി നല്‍കുന്ന വസ്തുക്കള്‍, ആരോഗ്യദായകമായവ എന്നിങ്ങനെ പ്രകൃതിയില്‍ കാണുന്നവയെയും അവയില്‍ നിന്നുല്‍പ്പാദിപ്പിക്കാവുന്നവയെയും തരംതിരിച്ച് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സാമൂഹ്യവിപത്തായി മാറി. ഈ വസ്തുത തിരിച്ചറിഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലഹരിവിരുദ്ധ കാംപെയ്ന്‍ ആരംഭിച്ചിട്ടുള്ളത്. പ്രത്യേകിച്ച്, എംഡിഎംഎ, കഞ്ചാവ് എണ്ണ മുതലായ ഗുരുതര ലഹരി ഉണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ക്കെതിരായി.

ഈ പദാര്‍ഥങ്ങള്‍ വളരെ ചെറിയ തോതില്‍ ഉപയോഗിച്ചാല്‍ ചില സന്ദര്‍ഭങ്ങളില്‍ ആരോഗ്യരക്ഷകമായേക്കാം. പാമ്പിന്‍വിഷം ഉള്‍പ്പെടെ ചില വിഷവസ്തുക്കള്‍ അങ്ങനെ ഉപയോഗിക്കാറുണ്ടല്ലൊ. പക്ഷേ, അവയുടെ സാധാരണഗതിയിലുള്ള ഉപഭോഗം ജീവഹാനിതന്നെ ഉണ്ടാക്കാം. ഈ വസ്തുതകള്‍ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. അതിലൂടെ ലഹരിപദാര്‍ഥങ്ങള്‍ ലഹരിക്കായി ഉപയോഗിക്കുന്നതില്‍ നിന്നു ജനങ്ങളെ, വിശേഷിച്ച് വിവേകം ഉറയ്ക്കാത്ത കുട്ടികളെ, രക്ഷിക്കാനും അങ്ങനെ അവരുടെ ആരോഗ്യം കാത്തുരക്ഷിക്കാനും അവരെ പ്രാപ്തരാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലഹരിവസ്തു നിഷേധിച്ചോ അതുപയോഗിക്കുന്നവരെ ശിക്ഷിച്ചോ അല്ല അതിന്‍റെ ഉപഭോഗവും ഉപയോഗവും തടയേണ്ടത്. ജനങ്ങളെ അതിന്‍റെ ഗുണദോഷങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയാണ്. അങ്ങനെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ലഹരിക്കെതിരായി അണിനിരത്താനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. അറിവിനെ ലഹരിക്കെതിരായ ആയുധമാക്കുകയാണ്. അത് വിജയിപ്പിക്കേണ്ടത് ജ്ഞാനസമൂഹ നിര്‍മിതിക്ക് ഒഴിവാക്കാനാവാത്ത ഘടകമാണ്

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − five =

Most Popular