“ലോട്ടറിയും ചാരായവും മാത്രമാണ് കേരളത്തില്‍ ആകെയുള്ള വ്യവസായം”
സാബു ജേക്കബ് / അരവിന്ദ് കെജ്രിവാള്‍ (ട്വന്‍റി20/ആം ആദ്മി പാര്‍ട്ടി) ആരാധകര്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന ഒരു മെസ്സേജിലെ വാക്കുകളാണ്.
ഹമ്പടാ… അപ്പോള്‍ ഇവരുടെ സ്വര്‍ഗഭൂമിയായ ഡല്‍ഹിയില്‍ വ്യവസായങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുകയായിരിക്കുമല്ലോ. ഡല്‍ഹിയുടെ ആഭ്യന്തര ഉത്പാദനത്തില്‍ വ്യവസായ മേഖല വളരെ വലുതായിരിക്കണം, അല്ലേ? കണക്ക് നോക്കിക്കളയാം.
ഉത്പന്ന നിര്‍മാണവും (Manufacturing) നിര്‍മാണമേഖലയും (Construction) ഒക്കെ ഉള്‍പ്പെട്ട ദ്വിതീയ മേഖല (Secondary Sector) കേരളത്തിലും ഡല്‍ഹിയിലും അതത് സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനത്തിന്‍റെ എത്ര ശതമാനം വീതം വരുമെന്ന് നോക്കി.
2019-20ലെ കണക്കു പ്രകാരം:
കേരളത്തില്‍ 25.9%.
ഡല്‍ഹിയില്‍ 12.94%.
കേരളത്തിലെ ദ്വിതീയ മേഖല ഡല്‍ഹിയിലേതിന്‍റെ ഇരട്ടി വലുതാണ്, ശതമാനക്കണക്കില്‍പ്പോലും.
ഉത്പന്ന നിര്‍മാണം മാത്രം നോക്കിയാലോ?
കേരളം 11.1%
ഡല്‍ഹി 5.66%
Oops!
(വലിയ വ്യവസായങ്ങള്‍ ഒരുപാടെണ്ണം ഡല്‍ഹിക്കു പുറത്തേയ്ക്ക് മാറിയിട്ട് കാലമേറെയായി.)
കെജ്രിവാള്‍ കേരളത്തിലെ പ്രസംഗത്തില്‍പ്പറഞ്ഞ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളം ബഹുദൂരം മുന്‍പന്തിയിലാണ് എന്നത് എല്ലാവര്‍ക്കുമറിയാമെങ്കിലും കണക്കുകള്‍ ഇടയ്ക്കിടെ ഓര്‍ക്കുന്നത് നല്ലതാണ്.
ഏറ്റവും പുതിയ ചNational Family Health Survey – 5 (2019 – 21) പ്രകാരം:
ആറ് വയസ്സിനു മുകളിലുള്ള ജനങ്ങള്‍ ശരാശരി എത്ര വര്‍ഷം സ്കൂളിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്?
ഡല്‍ഹി 7.8 വര്‍ഷം
കേരളം 9 വര്‍ഷം
സ്കൂള്‍ ഹാജര്‍ അനുപാതം അതായത്, 6 വയസ്സു മുതല്‍ 17 വയസ്സു വരെ പ്രായത്തിലുള്ള എത്ര ശതമാനം കുട്ടികള്‍ സ്കൂളില്‍ പോകുന്നുണ്ട്?
ഡല്‍ഹി 91.6%
കേരളം 98.4% (ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍)
15 മുതല്‍ 49 വയസ്സു വരെയുള്ള സ്ത്രീകളില്‍ സ്കൂളില്‍ പോയിട്ടില്ലാത്തവരുടെ ശതമാനം:
ഡല്‍ഹി 13.1%
കേരളം 0.8% (ഇന്ത്യയില്‍ ഏറ്റവും കുറവ്)
ഒരു വയസ്സിനു മുമ്പേ മരിച്ചുപോകുന്ന കുട്ടികളുടെ നിരക്ക്:
ഡല്‍ഹി ആയിരത്തില്‍ 24.5
കേരളം ആയിരത്തില്‍ 4.4 (ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ്)
5 വയസ്സിനു മുമ്പേ മരിച്ചുപോകുന്ന കുട്ടികളുടെ നിരക്ക്:
ഡല്‍ഹി ആയിരത്തില്‍ 31
കേരളം ആയിരത്തില്‍ 5.2 (ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറവ്)
വിദഗ്ധ വൈദ്യസഹായം ലഭിക്കുന്ന ഗര്‍ഭിണികളുടെ ശതമാനം:
ഡല്‍ഹി 86.7%
കേരളം 98.0%
ജനിക്കുമ്പോള്‍ രണ്ടരക്കിലോയില്‍ കുറവ് തൂക്കമുള്ള കുഞ്ഞുങ്ങളുടെ ശതമാനം:
ഡല്‍ഹി 22.1%
കേരളം 16.3%
പ്രായത്തിനൊപ്പിച്ച് പൊക്കമില്ലാത്ത കുട്ടികളുടെ ശതമാനം:
ഡല്‍ഹി 31%
കേരളം 23%
2021 ഏപ്രിലില്‍ കോവിഡ് കാലത്ത് ഡല്‍ഹിയിലുണ്ടായ ഓക്സിജന്‍ ക്ഷാമം മറക്കാറായിട്ടില്ല. നിരവധി ആശുപത്രികളില്‍ ഓക്സിജന്‍ തീര്‍ന്നുവെന്ന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയുണ്ടായി. ഒരൊറ്റ ആശുപത്രിയില്‍ മാത്രം 25 പേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവമുണ്ടായി. ആപ്പ് എം.എല്‍.എ. സൗരഭ് ഭരദ്വാജ് കോവിഡ് ബാധിതനായി അഡ്മിറ്റായ ആശുപത്രിയില്‍പ്പോലും ഓക്സിജന്‍ തീരാറായതോടെ കേന്ദ്രസര്‍ക്കാരിനോട് ഓക്സിജന്‍ എത്തിക്കാന്‍ ആവശ്യപ്പെടുന്ന വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സ്വന്തം നിലയില്‍ ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങി ചുമന്നുകൊണ്ടു പോകുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.
ഇടയ്ക്കിടെ ആം ആദ്മി പാര്‍ട്ടി അനുഭാവികള്‍ പറയാറുണ്ട്, ഡല്‍ഹിയില്‍ ബജറ്റ് മിച്ചമുണ്ടാക്കി എന്നൊക്കെ. സര്‍ക്കാര്‍ ബജറ്റ് മിച്ചമുണ്ടാക്കിയിട്ട് കാര്യമില്ല എന്ന് മിനിമം കാര്യങ്ങള്‍ അറിയുന്നവര്‍ക്ക് ബോധ്യമുള്ളതാണ്. തീര്‍ത്തും അപര്യാപ്തമായ പൊതു ആരോഗ്യരക്ഷാ സംവിധാനങ്ങളുള്ള ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ ചെയ്യേണ്ടത് ബജറ്റ് ചെലവ് കുറയ്ക്കുകയല്ല, ആവശ്യത്തിന് പണം ചെലവിടുകയാണ്.
ദശലക്ഷക്കണക്കിനു പേര്‍ പട്ടിണിപ്പാവങ്ങളായ, ദശലക്ഷക്കണക്കിനു പേര്‍ക്ക് മാന്യമായി ജീവിക്കാനുള്ള പാര്‍പ്പിടമോ വരുമാനമോ ഇല്ലാത്ത സംസ്ഥാനമാണ് ഡല്‍ഹി. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് സൗകര്യങ്ങളുണ്ടാക്കാനായി മറ്റു സംസ്ഥാനങ്ങളെ പിഴിഞ്ഞുണ്ടാക്കിയ പണം വലിയതോതില്‍ കൊണ്ടുവന്നിറക്കിയിട്ടുള്ള സ്ഥലം കൂടിയാണ് ഡല്‍ഹി. അതിനാല്‍ത്തന്നെ ഇന്ത്യയില്‍ ഏറ്റവും സമ്പന്നരുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി, സംസ്ഥാനസര്‍ക്കാരിനും ധാരാളം പണമുണ്ട്. ഈ പണം സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ചെലവിടാതെ കേമത്തം നടിച്ചതിന്‍റെ അനന്തരഫലം കൂടിയാണ് ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ദുരന്തം.
ഡല്‍ഹിയിലെ ക്രമസമാധാന പാലനം കേന്ദ്രസര്‍ക്കാരിന്‍റെ ചുമതലയിലായതിനാല്‍ ഡല്‍ഹി സര്‍ക്കാരിന് ആ വകയ്ക്ക് അധികച്ചെലവുകളില്ല. വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തന്നെ മുതല്‍മുടക്കിയിട്ടുണ്ട്. 2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയില്‍ വന്നപ്പോള്‍ പണിത നിരവധി ഫ്ളൈയോവറുകള്‍ ഉദാഹരണം.
കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ സമയത്ത് ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്രം ഡല്‍ഹി സര്‍ക്കാരിനു കൊടുത്തത് 16,560 കോടി രൂപയാണ്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2022ല്‍പ്പോലും ഡല്‍ഹി സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ മൂലധന നിക്ഷേപം ഇതിലും കുറവാണ് 2022- 23 ഡല്‍ഹി ബജറ്റ് പ്രകാരം 12,386 കോടി രൂപ.
കേന്ദ്ര സര്‍ക്കാരിന്‍റെ വകയായി ധാരാളം സ്ഥാപനങ്ങളുമുണ്ട് ഡല്‍ഹിയില്‍.
ഡല്‍ഹി സര്‍ക്കാരിന് ആകെ ചെയ്യാനുള്ളത്, ഇഷ്ടം പോലെയുള്ള വരുമാനമെടുത്ത് നഗരത്തിലെ ജനജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ്. അതില്‍പ്പോലും അമ്പേ പരാജയമാണ് ആം ആദ്മി പാര്‍ട്ടി എന്നതിന്‍റെ ഉദാഹരണമായിരുന്നു ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമവും തത്ഫലമായുണ്ടായ ദുരന്തവും.
കേരളത്തോട് കിടപിടിക്കാന്‍ ഡല്‍ഹി ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട് കെജ്രിവാളേ. ആദ്യം സ്വന്തമായി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നന്നാക്ക്. കേരളത്തില്‍ വരാനാണെങ്കില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇവിടുത്തെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നത് മനസ്സിലാക്കുക. ഡല്‍ഹിയില്‍ ഉപയോഗിച്ച മുദ്രാവാക്യങ്ങളും അവിടുത്തെ ഹിന്ദി ഭാഷയും കൊണ്ട് ഇങ്ങോട്ടു വന്നാല്‍ പച്ചപിടിക്കാന്‍ ബുദ്ധിമുട്ടും.