Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെപലസ്തീന് ഐക്യദാർഢ്യവുമായി ലോകജനത

പലസ്തീന് ഐക്യദാർഢ്യവുമായി ലോകജനത

ഷിഫ്‌ന ശരത്‌

ലസ്തീനുമേൽ ഇസ്രായേൽ നടത്തുന്ന ഭീകരതയ്ക്ക് ഇനിയും അറുതിയായിട്ടില്ല. അത്യന്തം നീചമായ കടന്നാക്രമണത്തിൽ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച കുരുന്നുകൾ ഉൾപ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഒക്ടോബർ 7ന് പുലർച്ചെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ചുവടുപിടിച്ച് ഇസ്രായേൽ ഇപ്പോൾ പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്നത് നഗ്നമായ വംശഹത്യയല്ലാതെ മറ്റൊന്നുമല്ല. ഒക്ടോബർ 17ന് 500 പേർ കൊല്ലപ്പെട്ട ബാപ്റ്റിസ്റ്റ് ആശുപത്രിയിലെ ബോംബാക്രമണത്തിന് തൊട്ടുമുമ്പ് ഇസ്രായേൽ ഉദ്യോഗസ്ഥർ വംശഹത്യയെ അനുകൂലിക്കുന്ന പ്രസ്താവനകൾ തുടർച്ചയായി ഇറക്കുകയുണ്ടായി. പലസ്തീനിയൻ ജനതയെ “ഇരുട്ടിന്റെ മക്കൾ’ എന്നും “കാടിന്റെ നിയമം പിന്തുടരുന്നവർ’ എന്നും മറ്റും വിളിച്ചുകൊണ്ടുള്ള ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ട്വീറ്റടക്കം അതിൽ ഉൾപ്പെടുന്നു. പലസ്തീനെ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാക്കുക എന്നതാണ് ഇസ്രയേലിന്റെ ആത്യന്തിക ലക്ഷ്യം. നിഷ്കളങ്കരായ ജനതയ്ക്കുമേൽ അമേരിക്കയുടെയും മറ്റ് സാമ്രാജ്യത്വ ശക്തികളുടെയും പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന ഈ കൂട്ടക്കുരുതി, എന്ത് ന്യായം പറഞ്ഞാലും, മാപ്പ് അർഹിക്കുന്നതല്ല.

അതുകൊണ്ടുതന്നെ ലോകത്തകെയുള്ള ജനങ്ങൾ പലസ്തീനിലെ അടിച്ചമർത്തപ്പെടുന്ന ജനങ്ങൾക്ക്, ഗാസയ്ക്ക് ഐക്യദാർഢ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. പൂർണ്ണമായും ഇസ്രായേലിന് അനുകൂലമായ നിലപാടെടുക്കുന്ന സാമ്രാജ്യത്വ‐സാമ്രാജ്യത്താനുകൂല രാജ്യങ്ങളിലടക്കം വിവിധ ജനവിഭാഗങ്ങൾ പലസ്തീന് ഐക്യദാർഢ്യവുമായി രംഗത്ത് വന്നിരിക്കുന്നു. യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും എല്ലാമുള്ള രാജ്യങ്ങളിൽ പലസ്തീൻ ഐക്യദാർഢ്യവുമായി തെരുവിൽ പ്രകടനം നടക്കുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അവിടുത്തെ ഭരണസംവിധാനംതന്നെ നേരിട്ട് പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സഹായഹസ്തങ്ങൾ എത്തിച്ചു നൽകുവാൻ തയ്യാറാവുകയും ചെയ്യുന്നു. വേനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഥുറോയുടെ നേതൃത്വത്തിൽ ഗാസ മുനമ്പിലേക്ക് 30 ടണ് സഹായ വസ്തുക്കളാണ് എത്തിച്ചു നൽകിയത്. ലോകത്തകെയുള്ള നൂറോളം കലാസാംസ്കാരിക പ്രവർത്തകർ പലസ്തീന് നേരെയുള്ള ഇസ്രായേൽ ഭീകരതയ്ക്കെതിരായി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള കത്തിൽ ഒപ്പിടുകയുണ്ടായി. പലസ്തീനിയൻ ജനങ്ങൾക്കും രാജ്യത്തിനും എതിരായി നടത്തുന്ന അടിച്ചമർത്തലിനെ എതിർക്കുകയും അതിനെതിരായി ശബ്ദമുയർത്തുകയും ചെയ്യുവാനുള്ള കടമ കലാകാരർ എന്ന നിലയ്ക്ക് തങ്ങൾക്കുണ്ട് എന്ന് അവർ ആവർത്തിച്ചു പറയുന്നു. റോക്ക്സ്റ്റാർ താരം റോജർ വാട്ടേഴ്‌സ്, R&B ഗായിക കെഹ്‌ളാണി, ബ്ളാക്ക് പാന്തർ കലാകാരൻ ഇമോറി ഡഗ്ളസ് തുടങ്ങി നിരവധി കലാസാംസ്കാരിക പ്രവർത്തകർ ഇതിൽ ഒപ്പ് വച്ചിട്ടുണ്ട്.

ഇസ്രായേലുമായി പൂർണ്ണമായ സാധാരണ ബന്ധം പുലർത്തുന്ന അറബ് രാജ്യങ്ങളിൽ ഒന്നാണ് ജോർദാൻ. ജോർദാനിൽ പലസ്തീൻ അതിർത്തിയിലേക്ക് ഐക്യദാർഢ്യവുമായി മാർച്ച് ചെയ്ത ആയിരക്കണക്കിനാളുകളെ സുരക്ഷാസേനകൾ ആക്രമിച്ചു. ഇറാഖിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബാഗ്ദാദിലെ തഹരീർ ചത്വരത്തിൽ ആയിരങ്ങൾ അണിനിരന്നു. ഇറാനിലെ ടെഹ്റാനിലും യമനിലെ സാദയിലും സമാനമായ പ്രതിഷേധങ്ങൾ
ഗാസയ്ക്കെതിരായി ഇസ്രായേൽ നടത്തുന്ന യുദ്ധഭീകരതയെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നതും ഇസ്രായേലിന് വേണ്ട സഹായഹസ്തങ്ങൾ കൃത്യമായി എത്തിക്കുകയും ചെയ്യുന്ന അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലും പലസ്തീനെ അനുകൂലിച്ചുകൊണ്ട് ആയിരങ്ങൾ അണിനിരക്കുകയുണ്ടായി. തടയാൻ ഉദ്യോഗസ്ഥ വൃന്ദങ്ങൾ പരമാവധി ശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. പലസ്തീന് ഐക്യദാർഢ്യം നേർന്നുകൊണ്ട് ന്യുയോർക്കിൽ ആയിരങ്ങളാണ് സംഘടിച്ചത്.

ടൈംസ് സ്ക്വയർ, ന്യുയോർക്ക്

“പലസ്തീനെ സ്വതന്ത്രമാക്കുക” എന്ന ബാനറുകളുമേന്തി ആയിരക്കണക്കിന് പതിനായിരക്കണക്കിന് ആളുകളാണ് ഒക്ടോബർ 15ന് പാകിസ്ഥാനിലെ കറാച്ചിയിൽ അണിനിരന്നത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രകടനത്തെ മറ്റു മതവിഭാഗങ്ങൾക്കും രാഷ്ട്രീയ വിഭാഗങ്ങൾക്ക് ഒപ്പം രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകൾ പിന്തുണയ്ക്കുകയുണ്ടായി. സിന്ധ് ഫാർമേഴ്‌സ് ഫ്രണ്ട്, പാകിസ്ഥാൻ സ്റ്റീൽ ലേബർ ഓർഗനൈസേഷൻ, നാഷണൽ ലേബർ ഫെഡറേഷൻ തുടങ്ങിയ ട്രേഡ് അസോസിയേഷനുകൾ അതിൽപ്പെടുന്നു.

പാകിസ്ഥാൻ

യുദ്ധം കൂടുതൽ കനക്കുകയും മരണസംഖ്യ കൂടുതൽ വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ, യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിലും പലസ്തീൻ ഐക്യദാർഢ്യപ്രകടനങ്ങൾ ശക്തമായി നടക്കുകയുണ്ടായി. ഒക്ടോബർ 17ന് ഇസ്രയേൽ ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിൽ നടത്തിയ ആക്രമണത്തെ തുടർന്ന് 500 പേർ കൊല്ലപ്പെട്ടത് ബ്രിട്ടനിലെ ജനങ്ങളുടെ രോഷം കൂടുതൽ വർദ്ധിപ്പിക്കാൻ ഇടയാക്കി. പലസ്തീൻ സോളിഡാരിറ്റി ക്യാമ്പയിൻ ഭാഗമായി ഒക്ടോബർ 21ന് ലണ്ടനിൽ ദേശീയ മാർച്ച് സംഘടിപ്പിക്കുകയുണ്ടായി. ആയിരക്കണക്കിന് ജനങ്ങളാണ് ഈ മാർച്ചിൽ പങ്കെടുത്തത്.

ബ്രിട്ടൻ

ഇതിനിടയിൽ ഫ്രാൻസിലെ ആഭ്യന്തരമന്ത്രി പലസ്തീൻ അനുകൂല പ്രകടനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വിലക്കേർപ്പെടുത്തിക്കൊണ്ട് ഉത്തരവിടുകയുണ്ടായി. എന്നാൽ അതൊന്നുംതന്നെ പലസ്തീന് ഐക്യദാർഢ്യം നേർന്നുകൊണ്ടുള്ള ഫ്രാൻസിലെ ജനങ്ങളുടെ സമരോത്സുകതയെ തടസപ്പെടുത്തിയില്ല. പലസ്തീൻ അനുകൂല പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെതിരായ വിമർശനങ്ങൾ വലിയതോതിൽ ഉയർന്നുവരികയും ഈ വിലക്കൊന്നും വകവയ്ക്കാതെ ആയിരക്കണക്കിന് ജനങ്ങൾ പലസ്തീനെ അനുകൂലിച്ചുകൊണ്ട് റാലികൾ നടത്തുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം പലസ്തീൻ അനുകൂല പ്രകടനത്തെ ഉദ്യോഗസ്ഥർ തടയുകയുണ്ടായി. ബ്രിട്ടൻ ഹോം സെക്രട്ടറിയും ഡച്ച് ഗവൺമെന്റും അവിടങ്ങളിലെ പലസ്തീൻ അനുകൂല പ്രകടനങ്ങളെയും ക്യാമ്പയിനുകളെയും തടയാൻ നിർദ്ദേശം കൊടുക്കുകയുണ്ടായി. അതേസമയം ഫ്രാൻസിലോ ബ്രിട്ടനിലോ ഈ രാജ്യങ്ങളിൽ ഒന്നുംതന്നെ ഇസ്രായേൽ അനുകൂല പ്രകടനങ്ങൾക്ക് യാതൊരുവിധ വിലക്കുകളോ പ്രതിബന്ധങ്ങളോ ഏർപ്പെടുത്തുകയുണ്ടായില്ല.

ഫ്രാൻസിലെ യുവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം (Young Communist Movement of France) പലസ്തീൻ പൗരർക്കുനേരെയുള്ള കടന്നാക്രമണത്തെയും കൂട്ടക്കൊലയേയും അപലപിക്കുകയും അടിയന്തര വെടി നിർത്തൽ അവിടെ നടപ്പാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, പലസ്തീനിലെ കോളനിവത്കരണം അവസാനിപ്പിക്കണം, ഇസ്രായേലിന്റെ അപ്പാർത്തീഡ് നയങ്ങൾക്ക് അന്ത്യം കുറിക്കണം, പലസ്തീൻ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം, 1967ലെ അതിർത്തിപ്രകാരം കിഴക്കൻ ജെറുസലേം തലസ്ഥാനമാക്കി പലസ്തീൻ എന്ന രാഷ്ട്രത്തെ അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും യങ് കമ്മ്യൂണിസ്റ്റ് മൂവ്മെന്റ് ഓഫ് ഫ്രാൻസ് മുന്നോട്ടുവച്ചു.

ഏതൻസിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യ പ്രകടനത്തിൽ ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ദിമിത്രിസ്‌ കൗസമ്പാസ് മനുഷ്യവിരുദ്ധമായ ഈ കൂട്ടക്കൊലകൾക്ക്‌ പിന്തുണ നൽകുന്ന നിലപാടിൽ നിന്നും ഗ്രീസിലെ ഗവൺമെൻറ് പിന്മാറണമെന്നും പലസ്തീന് സ്വാതന്ത്ര്യം അനുവദിക്കുന്നതിനുവേണ്ടി എല്ലാവരും ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു.

ഗ്രീസ്

യൂറോപ്പിൽ പലസ്തീനിയൻ ജനത ഏറ്റവും കൂടുതലുള്ള രാജ്യമാണ് ജർമ്മനി. ഏതാണ്ട് 80000ത്തോളം പാലസ്തീൻ വംശജരാണ് ജർമ്മനിയിലുള്ളത്. ഇസ്രായേലിനോടുള്ള തങ്ങളുടെ അസന്നിഗ്ധമായ പിന്തുണയ്ക്ക് പലസ്തീൻ ജനവിഭാഗം ഒരു ശല്യമാണ് എന്ന് കാണുന്ന ജർമൻ അധികാരികൾ തങ്ങളുടെ രാജ്യത്ത് അഭയം പ്രാപിച്ചിട്ടുള്ള ഈ ജനസമൂഹത്തെ വർഷങ്ങളായി ശ്വാസംമുട്ടിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് ഒക്ടോബർ 7നുശേഷം പുതിയൊരു മാനം കൈവന്നിരിക്കുകയാണ്. രാജ്യത്തെ പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രവൃത്തിയെയാകെ ക്രിമിനൽവത്കരിച്ചിരിക്കുകയാണ്. സെൻസർഷിപ്പും മറ്റുംകൊണ്ട് ജനങ്ങളെ കൂടുതൽ ശ്വാസംമുട്ടിച്ചിരിക്കുന്നു. എന്നിരുന്നാലും അതിനെ അതിജീവിക്കുവാനുള്ള ശ്രമം അവിടുത്തെ ജനങ്ങൾ നടത്തിവരുന്നുണ്ട്. “ഗാസയിലെ കുഞ്ഞുങ്ങൾക്ക് സഹായം ആവശ്യമുണ്ട്”, “ഗാസാ മുനമ്പിലെ ജനതയോട് ഐക്യദാർഢ്യം’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കുന്ന പ്രകടനങ്ങൾ എല്ലാംതന്നെ വീണ്ടും വീണ്ടും നടന്നുവരികയും ഭരണാധികാരികൾ അതിനെയെല്ലാംതന്നെ വിലക്കുകയുമാണ്. വ്യാപകമായ പോലീസ് പെട്രോളിങ്ങും സാമൂഹ്യമാധ്യമങ്ങളിൽ അടക്കം പലസ്തീൻ അനുകൂലമായി പോസ്റ്റുകൾ ഇടുന്നവരെ നിഷ്ഠൂരമായ അറസ്റ്റ് ചെയ്യുന്നതും പതിവായിരിക്കുന്നു.

ബെർലിൻ
ടുണീഷ്യ

പലസ്തീനിലെ ചെറുത്തുനിൽപ്പിനെ പിന്തുണയ്ക്കുന്നതിനുള്ള ദേശീയ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 21ന് ടുണീസിൽ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് ജനങ്ങൾ ആണ് പലസ്തീന് ഐക്യദാർഢ്യം നേർന്നുകൊണ്ട് അണിനിരന്നത്. ടുണീഷ്യയിൽ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് പലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭമാണിത്.”The people want to criminal use normalisation”, “ജനങ്ങൾക്ക് പലസ്തീനെ മോചിപ്പിക്കേണ്ടതുണ്ട്”, “ഈ യുദ്ധവറിയുടെ കാരണക്കാർ ഫ്രഞ്ചുകാരും അമേരിക്കക്കാരും ആണ്” തുടങ്ങിയ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ടാണ് ടുണീഷ്യയിൽ ഈ പ്രകടനം നടന്നത്. അറബ് രാജ്യങ്ങളിലും നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലും പലസ്തീൻ അനുകൂലമായ ജനവികാരം ശക്തമായി ഉയർന്നുവരികയും ഐക്യദാർഢ്യപ്രകടനങ്ങളും പ്രക്ഷോഭങ്ങളും കൂടുതൽ ശക്തമായി വരികയും ചെയ്യുന്നുണ്ട് യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും അറേബ്യയിലും ലാറ്റിനമേരിക്കയിലും എന്തിന് അമേരിക്കയിൽ പോലും പലസ്തീൻ ഐക്യദാർഢ്യ പ്രകടനം ശക്തമായി വരികയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen + 19 =

Most Popular