ഇസ്രായേൽ സേന ഇപ്പോൾ അവരുടെ രാജ്യാതിർത്തി കടന്ന് ഗാസയെ, അവിടത്തെ ജനങ്ങളെ ആക്രമിക്കുകയാണ്. രണ്ടാഴ്ചയായി നടത്തുന്ന വ്യോമാക്രമണം തുടരുകയുമാണ്. അതിനുംപുറമേ ഗാസയെ സമ്പൂർണ്ണ ഉപരോധത്തിലാക്കി അവിടെ അധിവസിക്കുന്ന 20 ലക്ഷത്തിലധികം വരുന്ന മനുഷ്യർക്ക് കുടിവെള്ളവും ഭക്ഷണവും മരുന്നുകളും നിഷേധിക്കുകയുമാണ്. വൈദ്യുതി സംവിധാനങ്ങളാകെ തകർത്ത് സമ്പൂർണ്ണമായും ആ ജനതയെ ഇരുട്ടിലാക്കിയിരിക്കുകയാണ്. അത്യാസന്നനിലയിലായ രോഗികൾക്കുപോലും അവശ്യംവേണ്ട ചികിത്സ നിഷേധിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഈജിപ്‌തുവഴി റഫ ഇടനാഴിയിലൂടെ ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കുന്ന നടപടിയെപോലും റഫ ഇടനാഴിയിൽ ബോംബ് വർഷിച്ചുകൊണ്ട് ഇസ്രായേൽ തടഞ്ഞിരിക്കുന്നു.
ഇസ്രയേലിന്റെ ആക്രമണംമൂലം ഇതേവരെ 5000 ത്തോളം പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഇതിൽ 40 ശതമാനവും കുട്ടികളാണ്; പതിനയ്യായിരത്തോളം മനുഷ്യർക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്; അതിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകാനും മരണത്തിൽ നിന്ന് രക്ഷിക്കാനും വേണ്ട സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനെപോലും ഇസ്രായേൽ ഭീകര ഭരണകൂടം തടയുകയാണ്. ഹമാസ് ഭീകരതയ്ക്കെതിരായ ചെറുത്തുനിൽപ്പ് യുദ്ധമാണ് ഇസ്രയേൽ പട്ടാളം നടത്തുന്നത് എന്ന് വാദിക്കുന്നവർ മറുപടി പറയേണ്ടത്, ഗാസയിൽ മരിച്ചുവീഴുന്ന പരിക്കുപറ്റി ഗുരുതരാവസ്ഥയിൽ കഴിയുന്ന കുരുന്നുകളാണോ സ്ത്രീകളും വൃദ്ധരും രോഗികളുമായ മനുഷ്യരാണോ ഭീകരർ എന്ന ചോദ്യത്തിനാണ്.
ഗാസയ്ക്കുള്ളിൽ ഇസ്രായേൽ സൈന്യവും ഹമാസും തമ്മിൽ ഏറ്റുമുട്ടുകയാണെന്ന് പറയുമ്പോൾ പലസ്തീന് സ്വന്തമായ സേനയോ ഭരണസംവിധാനമോ കഴിഞ്ഞ 75 വർഷത്തിനിടയിൽ ഉണ്ടാക്കാനായില്ല എന്നാണ് മനസ്സിലാക്കേണ്ടത്. പലസ്തീൻ ഭൂപ്രദേശത്തെ വിഭജിച്ച് ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കാൻ തീരുമാനിച്ച ഐക്യരാഷ്ട്ര പ്രമേയം പലസ്തീൻ ജനതയ്ക്ക് ഒരു രാഷ്ട്രം – സ്വതന്ത്രപരമാധികാര രാഷ്ട്രം സ്ഥാപിക്കാൻ കൃത്യമായ തീരുമാനം ഉണ്ടാക്കിയില്ല എന്നതിനാലാണ് ഈ സ്ഥിതി സംജാതമായത്. അപ്പോൾ ഇതിനുത്തരവാദികൾ ആ പ്രമേയത്തിന് പിന്നിൽ നിന്ന് ചരടുവലിച്ച സാമ്രാജ്യത്വ ശക്തികൾതന്നെയാണ്.
ഇപ്പോൾ ഇസ്രയേലിലെ സിയോണിസ്റ്റ് ഭീകര ഭരണകൂടം അയൽരാജ്യങ്ങളായ ലബണനു നേരെയും സിറിയയ്ക്കുനേരെയും ബോംബ് ആക്രമണം നടത്തുകയാണ്. അങ്ങനെ ഇത് പശ്ചിമേഷ്യയെയാകെ ബാധിക്കുന്ന ഒരു മേഖലാ യുദ്ധം ആക്കാനും പലസ്തീൻ ജനതയെ പൂർണമായും തുടച്ചുനീക്കാനുമുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നത്. അതിനവർക്ക് ധൈര്യം നൽകുന്നതാകട്ടെ, അമേരിക്കയുടെയും സാമ്രാജ്യത്വ ചേരിയിലെ മറ്റു രാജ്യങ്ങളുടെയും പിന്തുണയുമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗാസയിൽ വെടിനിർത്തണമെന്നും ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് ആദ്യം റഷ്യയും പിന്നീട് ബ്രസീലും കൊണ്ടുവന്ന പ്രമേയങ്ങൾ പാസാക്കാൻ പറ്റാത്തത് അമേരിക്ക വീറ്റോ പ്രയോഗിച്ച് അത് തടഞ്ഞത് മൂലമാണ് എന്നത്.
70 ലക്ഷം പലസ്തീൻകാർ രാഷ്ട്രീയമായ സമ്പൂർണ്ണ സ്വാതന്ത്ര്യമോ പരമാധികാരമോ ഉറപ്പാക്കാനാവാതെ ഇസ്രായേലിലെ സിയോണിസ്റ്റ് ഭീകരവാഴ്ചയ്ക്ക് വിധേയമായി കഴിയേണ്ടതായി വരുന്നിടത്തോളം പലസ്തീനിലും ഇസ്രായേലിലും എന്നല്ല, ലോകത്ത് തന്നെ സമാധാനം അന്യമായിരിക്കും. സമാധാനത്തിനുനുള്ള നടപടികൾ സ്വീകരിക്കാതെ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്ക തന്നെയാണ് ഇപ്പോൾ ആയിരത്തോളം ഇസ്രയേലുകാരുടെയും അയ്യായിരത്തോളം പലസ്തീൻകാരുടെയും ജീവൻ നഷ്ടപ്പെടാൻ കാരണം.
1967ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയം 242ഉം പിന്നീട് 1973ലെ 338‐ാം നമ്പർ പ്രമേയവും നടപ്പാക്കാൻ, അതായത് ഇസ്രായേൽ അവരുടെ 1967ലെ ആറുദിന യുദ്ധത്തിനു മുൻപത്തെ അതിർത്തിയിലേക്ക് പിന്മാറണമെന്ന പ്രമേയം അംഗീകരിച്ച് നടപ്പാക്കാൻ, ഇസ്രയേൽ ഇന്നേവരെ തയ്യാറായിട്ടില്ല. മാത്രമല്ല, ഇപ്പോഴും പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാൻ ഇസ്രായേൽ വിസമ്മതിക്കുന്നത് അമേരിക്കയുടെ ഒത്താശയോടെ മാത്രമാണ്. 1978ലെ കേമ്പ് ഡേവിഡ് ഉടമ്പടിയും 1993ലെയും 1995ലെയും ഓസ്ലോ കരാറും അംഗീകരിക്കാൻ പലസ്തീൻ വിമോചന സംഘടന (പിഎൽഒ) തയ്യാറായപ്പോൾ (ഇസ്രയേലും പലസ്തീനും രണ്ട് സ്വതന്ത്രപരമാധികാര രാഷ്ട്രമായി തുടരണമെന്ന ദ്വിരാഷ്ട്ര സിദ്ധാന്തം) അത് നടപ്പാക്കാതെ ഒഴിഞ്ഞുമാറിയത് ഇസ്രായേലാണ്. 1998ൽ വീണ്ടും അമേരിക്കയിലെ മേരിലാന്റിൽ പ്രസിഡന്റ് ക്ലിന്റൺന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം ഓസ്ലോകരാർ നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ആവർത്തിച്ചുറപ്പിച്ചിട്ടും അതനുസരിച്ച് ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ ഇസ്രായേൽ തയ്യാറായില്ല. എന്നിട്ടും അമേരിക്ക ഇപ്പോഴും ഇസ്രായേലിന് പിന്തുണ നൽകുകയാണ്.
ഈ കരാറുകൾക്കും സമാധാന ചർച്ചകൾക്കുമേല്ലാം ശേഷവും ഇസ്രായേൽ പലസ്തീൻ ജനതയ്ക്കുനേരെ, ഗാസക്ക് നേരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ഒന്ന് പരിശോധിക്കാം.
2008‐2009ൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 1400 ലധികം പലസ്തീൻകാർ കൊല്ലപ്പെട്ടു. 2014ൽ 2100ലധികം പലസ്തീൻകാരും 73 ഇസ്രായേലുകാരും (ഇതിൽ 90% അധികവും പട്ടാളക്കാരാണ്) കൊല്ലപ്പെട്ടു. ആറായിരത്തിലധികം ബോംബുകളാണ് അന്ന് വർഷിച്ചത്. അമേരിക്കൻ നിർമ്മിതമായ, ഇസ്രായേലിന് അമേരിക്ക കൊടുത്ത എഫ് – 13 ബോംബര്‍ വിമാനങ്ങളിൽ നിന്നാണ് ഗാസയ്ക്കുമേൽ ഇസ്രായേൽ ഇത് വർഷിച്ചത്. അമേരിക്കൻ നിർമ്മിതമായ എം – 109 ഹോവിറ്റ്‌സർ ടാങ്കുകളിൽ നിന്നാണ് ഇസ്രായേൽ ഗാസയിലേക്ക് 49500 ഷെല്ലുകൾ വർഷിച്ചത്. പിന്നീട് 2018ലും 2019ലും 2020 ലും 2021 ലും ഏറ്റവുമൊടുവിൽ 2023 മെയ് മാസത്തിലും വരെ തുടരെത്തുടരെ ഇസ്രായേൽ പലസ്തീൻ ജനതയെ ആക്രമിച്ചുകൊണ്ടിരുന്നു. ഇവയിൽ നൂറുകണക്കിന് പലസ്തീൻകാർ കൊല്ലപ്പെട്ടിട്ടുമുണ്ട്.
ആക്രമണങ്ങളെല്ലാം നടത്താൻ ഇസ്രായേലിനു വേണ്ട സാമ്പത്തികവും സൈനികവുമായ സഹായങ്ങൾ നൽകുന്നത് അമേരിക്കയാണ്. ഇസ്രയേൽ രാഷ്ട്രം നിലവിൽ വന്നതുമുതൽ 2020 നവംബർവരെ 14600 കോടി ഡോളറാണ് സൈനിക ആവശ്യങ്ങൾക്കുള്ള വിദേശ സഹായമായി അമേരിക്ക നൽകിയത്. ഇപ്പോൾ പ്രതിവർഷം 380 കോടി ഡോളർ ഇസ്രായേലിന് അമേരിക്ക സൈനിക സഹായമായി നൽകുന്നുണ്ട്. ഇതിനുപുറമേ അമേരിക്കയാണ് ഇസ്രയേലിന് ഏറ്റവുമധികം ആയുധങ്ങളും നൽകുന്നത്. അമേരിക്കൻ നിർമ്മിതമായ 362 എഫ് – 16 യുദ്ധവിമാനങ്ങളും മറ്റുതരത്തിലുള്ള 100 സൈനിക വിമാനങ്ങളും ഇപ്പോഴും ഇസ്രായേലിൽ ഉണ്ട്. ഇതിനുപുറമേ പുതുതായി അമേരിക്ക നിർമിച്ച എഫ് – 35 യുദ്ധവിമാനങ്ങൾ, ആക്രമണത്തിനായി ഉപയോഗിക്കുന്ന 45 അപ്പാച്ചേ ഹെലികോപ്റ്ററുകൾ, 600 എം. 109 ടാങ്കുകൾ, 64 എം. 270 റോക്കറ്റ് ലോഞ്ചറുകൾ എന്നിവയും അമേരിക്ക ഇസ്രായേലിന് നൽകിയിട്ടുണ്ട്. ഈ മാരകമായ, വലിയ നശീകരണശേഷിയുള്ള ആയുധങ്ങൾ പ്രയോഗിച്ചാണ് ഇസ്രയേലിന്റെ ഭീകര ഭരണം ദിനംപ്രതി ഗാസയിൽ മരണം വിതച്ചുകൊണ്ടിരിക്കുന്നത്. ഇതിനെല്ലാം ഉപരിയാണ് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കും കരാർ ലംഘനങ്ങൾക്കും അന്താരാഷ്ട്ര വേദികളിൽ അമേരിക്ക നയതന്ത്ര സംരക്ഷണം ഒരുക്കുന്നത്. അപ്പോൾ ഗാസയിലെ ദുരന്തങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്നല്ലാതെ പിന്നെന്തു പറയാനാകും? ♦