ഗ്രീസിൽ ഒക്ടോബർ 8ന് പ്രവിശ്യകളിലേക്കും മുൻസിപ്പാലിറ്റികളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (KKE) വോട്ടിംഗ് ശതമാനം വർദ്ധിച്ചു. രാജ്യത്തെ 13 പ്രവിശ്യകളിലേക്കും 262 മുൻസിപ്പാലിറ്റികളിലേക്കും മത്സരിച്ച ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി “ജനങ്ങളുടെ അണിനിരക്കൽ’ (People’s Rallying) എന്ന മുദ്രാവാക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പുറത്തുവന്ന ഫലങ്ങൾ അനുസരിച്ച് ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി 10 ശതമാനത്തിലധികം വോട്ട് നേടി. അതായത് 2019 ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച 6.86% വോട്ടിനെക്കാളും ഇക്കഴിഞ്ഞ ജൂണിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലഭിച്ച 7.69% വോട്ടിനേക്കാളും ജനപിന്തുണ കൂടിയിരിക്കുന്നു എന്നർത്ഥം.
പീപ്പിൾസ് റാലിയിങ് എന്ന മുദ്രാവാക്യം ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആറ്റിക്ക പ്രവിശ്യയിൽ 14 ശതമാനത്തോളം വോട്ടാണ് ലഭിച്ചത്. അതേസമയം തെസ്സാലിയിൽ വോട്ട് വിഹിതം ഇരട്ടിയാക്കുവാനും സാധിച്ചു. സെൻട്രൽ മാസിഡോണിയ പ്രവിശ്യയിലെ രണ്ട് ശതമാനത്തിലധികം വോട്ട് വർദ്ധനവും സുപ്രധാനമാണ്.
മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ, ഏതൻസിൽ 12.9 ശതമാനം വോട്ട് കിട്ടിയത് വളരെ നിർണായകമായി. ഇക്കാറിയ ദ്വീപിൽ തിരഞ്ഞെടുപ്പിൽ ഒരു കമ്മ്യൂണിസ്റ്റ് മേയർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം രാജ്യത്ത് മൂന്നാമത്തെ വലിയ നഗരമായ പത്രാസിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മേയറിന് 41 ശതമാനത്തിൽ അധികം വോട്ട് ലഭിക്കുകയുമുണ്ടായി. ഇനിയുമേറെ മുൻസിപ്പാലിറ്റികളിൽ രണ്ടാംഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിർണായക പോരാട്ടം നയിക്കുവാനും വോട്ടുകൾ നേടുവാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുതലാളിത്ത താൽപര്യങ്ങൾ ക്രമേണ ശക്തിപ്പെടുന്നുണ്ട് എങ്കിലും ബൂർഷ്വാ പാർട്ടികളിൽ നിന്നും തൊഴിലാളി വർഗ്ഗത്തെയും ജനങ്ങളെയും വേർപെടുത്തുവാൻ ഒരു പരിധിവരെ സാധിക്കുന്നുണ്ട് എന്നാണ് ഗ്രീക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ വിജയം കാണിക്കുന്നത്. ഗ്രീസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള വിശ്വാസവും പാർട്ടിയുടെ ശക്തിയും വർദ്ധിച്ചുവരികയാണ്; രാജ്യത്താകമാനം ജനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ബന്ധവും വളർന്നുവരുന്നു എന്ന് ഈ തിരഞ്ഞെടുപ്പ് കാണിക്കുന്നു. ♦