Friday, November 22, 2024

ad

Homeരാജ്യങ്ങളിലൂടെഗർഭച്ഛിദ്രത്തിനുള്ള അവകാശത്തിനെതിരെ ക്യൂബയിലെ പ്രതിവിപ്ലവകാരികൾ

ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തിനെതിരെ ക്യൂബയിലെ പ്രതിവിപ്ലവകാരികൾ

ആര്യ ജിനദേവൻ

1961ൽ വിപ്ലവം വിജയിച്ചതിനുശേഷം ക്യൂബ നടപ്പാക്കിയ സമഗ്രമായ നയങ്ങളും പൗരർക്ക് ലഭ്യമാക്കിയ അവകാശങ്ങളുമെല്ലാം ലോകത്താകെ ചർച്ച ചെയ്യപ്പെട്ടതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഗർഭച്ഛിദ്രത്തിനുള്ള അവകാശം അഥവാ ഗർഭച്ഛിദ്രം കുറ്റകരമല്ലാതാക്കുന്ന നിയമം. ലാറ്റിനമേരിക്കയിലും കരീബിയൻ മേഖലയിലും ആദ്യമായി ഗർഭച്ഛിദ്രം നിയമപരമാക്കിയ, അവകാശമാക്കിയ രാജ്യമായി ക്യൂബ മാറി. ക്യൂബൻ സ്ത്രീകളുടെ ചരിത്രപരമായ വിജയമായി ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തെ അവർ കണക്കാക്കി. ഇന്ന് ഈ ചരിത്രപരവും അനിഷേധ്യവുമായ അവകാശത്തിനുനേരെ പ്രതിവിപ്ലവകാരികളും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ചേർന്ന് നിരന്തരമായ ആക്രമണം നടത്തുകയാണ്.

1950കളിൽ മേഖലയിലെ മറ്റെല്ലാ രാജ്യങ്ങളിലെയും പോലെതന്നെ ക്യൂബയിലും ഗർഭച്ഛിദ്രം ഏറെ വിഷമകരമായ, ധനിക കുടുംബത്തിലെ സ്ത്രീകൾക്ക്മാത്രം വിശ്വസിച്ച് ചെയ്യാൻ സാധിച്ചിരുന്ന, അതേസമയം ദരിദ്ര കുടുംബത്തിലെ സ്ത്രീകൾ ഇതിനെതുടർന്ന് മരിച്ചിരുന്ന ഒരു പ്രക്രിയയായിരുന്നു. മറ്റനേകം സൗകര്യങ്ങൾ പോലെ ഇതും ധനിക ദരിദ്ര വ്യത്യാസത്തോടെ നിലകൊള്ളുന്ന ഒന്നായിരുന്നു. സുരക്ഷിതമല്ലാത്ത അബോർഷനുകളെതുടർന്ന് മരണം വരിക്കേണ്ടി വരുന്ന അമ്മമാരുടെ എണ്ണം 100000 ന് 60 എന്ന നിലയിലായിരുന്നു. എന്നാൽ വിപ്ലവം വിജയിച്ച ആദ്യ വർഷങ്ങളിൽ തന്നെ ഈ കണക്ക് പൂജ്യം എന്ന നിലയിലേക്ക് കുറഞ്ഞു. ഇന്ന് ക്യൂബയിൽ അബോർഷന് അടിസ്ഥാനമാകുന്നത് മൂന്ന് തത്വങ്ങളാണ്: ഒന്ന്, അത് സംബന്ധിച്ച തീരുമാനം പൂർണമായും സ്ത്രീയുടേതായിരിക്കണം. രണ്ട്, വൈദഗ്ധ്യം നേടിയ ഡോക്ടർമാരാൽ ഗവൺമെൻറ് ആശുപത്രികളിൽ ഗർഭച്ഛിദ്രം ചെയ്തു കൊടുക്കപ്പെടും; മൂന്ന്, അത് പരിപൂർണ്ണമായും സൗജന്യമായി ചെയ്തുകൊടുക്കപ്പെടും. എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചു ചെയ്യുകയോ സ്ത്രീയുടെ അനുവാദമില്ലാതെ ചെയ്യുകയോ അഥവാ അവളുടെ ആരോഗ്യത്തിനോ ജീവനോ ഭീഷണിയായേക്കാം എന്ന സാഹചര്യത്തിൽ അബോർഷൻ ചെയ്യുകയോ ചെയ്താൽ മാത്രമേ ഗർഭച്ഛിദ്രം ക്യൂബയിൽ ഒരു കുറ്റമാകുന്നുള്ളൂ. അല്ലാത്തപക്ഷം അത് ഒരു അവകാശമാണ്, പരിപൂർണ്ണമായും സ്ത്രീയുടെ തീരുമാനത്തിന് വിടേണ്ട ഒരവകാശം.

ഇന്ന് അബോർഷനുള്ള അവകാശത്തിനു നേരെ യാതൊരു തരത്തിലുള്ള മര്യാദകളുമില്ലാത്ത, തികച്ചും അടിസ്ഥാനരഹിതവും ബീഭത്സവുമായ നുണകളാണ് പ്രതിവിപ്ലവകാരികളും വലതുപക്ഷ മാധ്യമപ്രവർത്തകരും ചേർന്ന് നിരന്തരം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. കാശിനുവേണ്ടി എന്തും എഴുതി വിടുന്ന ക്യൂബൻ ജേണലിസ്റ്റായ ക്യാമില അക്കോസ്ത സ്‌പാനിഷ് പത്രമായ എബിസിയിൽ എഴുതിയ റിപ്പോർട്ടിന്റെ തലക്കെട്ട് “പല്ലുപറിക്കുന്നതുപോലെയാണ് ക്യൂബയിൽ അബോഷൻ” എന്നായിരുന്നു. ക്യൂബയിലെ മുൻതടവുപുള്ളിയും അബോർഷൻവിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്ത ഡോക്ടർ ഓസ്കാർ ഏലിയാസ് ബിസെറ്റിനെ എബിസി പത്രത്തിൽ അവതരിപ്പിക്കുന്നത് മനുഷ്യാവകാശ പ്രവർത്തകനെന്നും ഉത്തമനായ ക്രിസ്ത്യാനി എന്നും മറ്റുമാണ്. ശിശു മരണനിരക്ക് കുറച്ചു കാണിക്കുന്നതിന് വേണ്ടി സങ്കീർണതയുള്ള പ്രഗ്നൻസി കേസുകളിൽ ഗർഭചിത്രം നടത്താൻ സ്ത്രീകൾക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണെന്നാണ് ബിസെറ്റിന്റെ വാദം.

ബേ ഓഫ് പിഗ്‌സ് സംഭവത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ മകളായ മെരിയ വർലോ മുന്നോട്ടുവയ്ക്കുന്നത്, കൂടുതൽ ഭീകരവും ബീഭത്സവുമായ വാദമാണ്; കാര്യമായ റിസ്‌കുള്ള പ്രഗ്നൻസി കേസുകളിൽ സ്ത്രീകളെ അബോർഷന് സമ്മർദ്ദം ചെലുത്തി ഗർഭച്ഛിദ്രം നടത്തുന്നു; അങ്ങനെ ഗർഭച്ഛിദ്രം നടത്തപ്പെടുന്ന ഭ്രുണത്തെ പരീക്ഷണങ്ങൾക്കും മറ്റുമായി ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണത്‌. യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ ഇവർ തെളിവിലെ കണികപോലും മുന്നോട്ടു വയ്‌ക്കാതെ പടച്ചുവിടുന്നത്‌. പ്രതിവിപ്ലവകാരികൾ ഇത്തരത്തിൽ ചില മത വിഭാഗങ്ങളുമായി ചേർന്ന് ക്യൂബയിലെ സ്ത്രീകളുടെ ലൈംഗികവും പ്രത്യുൽപാദനപരവുമായ അവകാശങ്ങൾക്ക് അന്ത്യം കുറിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിരന്തരം നടത്തിവരികയാണ്. അതിനവർ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാധ്യമ മേലാളന്മാർ പടച്ചുവിടുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത മര്യാദകെട്ട അത്യന്തം ബീഭത്സമായ നുണകളും. മറ്റെല്ലാതരം ആക്രമണത്തിലും എന്നപോലെ ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തിനുനേരെ നടക്കുന്ന പ്രതിവിപ്ലവ കടന്നാക്രമണത്തെയും ഫലപ്രദമായി നേരിടുവാൻ ക്യൂബയിലെ ഗവൺമെന്റിനും ജനങ്ങൾക്കും കഴിയും എന്ന് തീർച്ച.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 − one =

Most Popular