Thursday, September 19, 2024

ad

Homeചിത്രകലഗാന്ധിജിയിലൂടെ ഒരു ശിൽപകലാക്യാമ്പും പ്രദർശനവും

ഗാന്ധിജിയിലൂടെ ഒരു ശിൽപകലാക്യാമ്പും പ്രദർശനവും

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

രവീന്ദ്രൻ തൃക്കരിപ്പൂർ

ല ജനിക്കുന്നത്‌ മനുഷ്യകുലത്തോടൊപ്പവും പിറക്കുന്ന കുട്ടിയുടെ ജന്മഭാഷയായി കല വളരുകയും ചെയ്യുന്നു. ഒരു കുട്ടിയിൽ അവനറിയാതെ തന്നെ കലയുടെ വഴികൾ വികാസം പ്രാപിക്കുന്നു. പാടാനും പറയാനും വരയ്‌ക്കാനും എഴുതുവാനും കളിക്കാനുമുള്ള വാസനകളെല്ലാം ഉൾച്ചേർന്നിരിക്കും. കുട്ടി വളരുന്നതനുസരിച്ച്‌ ചില വാസനകൾ ശക്തമാവുകയും ചിലതു നഷ്ടമാവുകയും ചെയ്യുന്നു. അങ്ങനെ ചിത്രകാരനും ഗായകനും ശിൽപിയും അഭിനേതാവുമൊക്കെയായി കലയിലെ സ്വത്വം തേടുന്നവരായി അവർ വളരുന്നു. ഈ വളർച്ചയുടെ ഘട്ടത്തിലാണ്‌, ഏതു കലാമേഖലയിലാണോ കുട്ടിക്ക്‌ താൽപര്യം അതിൽ പരിശീലനവും പഠനവും നൽകേണ്ടത്‌ (പത്തുവയസ്സിനു ശേഷം). എങ്കിലേ കലാപഠനത്തിന്‌ പ്രയോജനമുണ്ടാകൂ.

കുട്ടികളുടെ കല ചിത്രമായാലും ശിൽപമായാലും നിർവചനങ്ങളില്ലാത്ത അനന്തമായ കാഴ്‌ചയും ചിന്തയും സമ്മാനിക്കുന്നു. പുതിയ രൂപത്തേയും ഭാവത്തേയും തേടിക്കൊണ്ടിരിക്കുന്ന അവരുടെ കല മനസ്സിനെ നവീകരിക്കാനും ശുദ്ധീകരിക്കാനും ഒരു പരിധിവരെ മറ്റ്‌ പഠനങ്ങൾക്കും സഹായകമാവുന്നു. ഇവിടെ ശിൽപകലയാണ്‌ പരാമർശിക്കപ്പെടുന്നത്‌. ഒരു രൂപത്തെ യഥാതഥമായി പകർത്തുമ്പോഴും ശിൽപി അറിയേണ്ട കാര്യങ്ങൾ നിരവധിയാണ്‌. ശിൽപരൂപത്തിന്റെ പശ്ചാത്തലചരിത്രം, ഭൂമിശാസ്‌ത്രം, സംസ്‌കാരം, പ്രാദേശിക സാമൂഹ്യാവസ്ഥകൾ ഇവയൊക്കെ ചേർന്ന അറിവ്‌ ശിൽപി സമാഹരിക്കണം. എങ്കിൽ മാത്രമേ പുതിയ രൂപങ്ങൾ (ക്രിയാത്മക രൂപങ്ങൾ) സ്വീകരിക്കാനുള്ള ധൈര്യവും രൂപനിർമിതിയിലേക്കുള്ള മനസ്സും സ്വരൂപിക്കാനാവൂ.

കേരള ലളിതകലാ അക്കാദമി കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കു മുന്പ്‌ എല്ലാ ജില്ലയിലെയും ഒരു സ്‌കൂളിൽ ശിൽപോദ്യാനം നിർമിക്കാനുള്ള പദ്ധതിക്ക്‌ തുടക്കമിട്ടു. നാലഞ്ച്‌ ജില്ലകളിൽ അത്‌ നടപ്പാക്കുകയും ചെയ്‌തു. ഏത്‌ സ്‌കൂളിലാണോ ശിൽപം ചെയ്യുന്നത്‌ അവിടത്തെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ, ചരിത്രപശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന വിഷയം സ്വീകരിച്ചുകൊണ്ടായിരുന്നു ഇരുപത്‌ അടിയിലധികം വരുന്ന ശിൽപങ്ങൾ നിർമിക്കേണ്ടത്‌. ആറുമാസത്തോളം നീളുന്ന ശിൽപാവിഷ്‌കാരം മറ്റ്‌ സ്‌കൂളിലെ കുട്ടികൾക്കും രക്ഷകർത്താക്കളും വന്നുകാണുവാൻ അവസരമുണ്ട്‌. എങ്ങനെയാണ്‌ നമ്മുടെ നാടിന്റെ സംസ്‌കാരവും ചരിത്രവും ഉൾക്കൊണ്ട്‌ ഒരു ശിൽപം രൂപപ്പെടുന്നതെന്ന്‌ മനസ്സിലാക്കാനും പഠിക്കാനും അവസരമൊരുക്കുന്ന ബൃഹത്തായ പദ്ധതിയായിരുന്നു സ്‌കൂളുകളിലെ ശിൽപോദ്യാനം. കലയുടെ യഥാർഥ ലക്ഷ്യത്തെയും ധർമത്തെയുംപറ്റിയുള്ള അവബോധം കുട്ടികളിലേക്കു പകരുകയെന്നതു കൂടിയായിരുന്നു ഈ പദ്ധതികൊണ്ട്‌ ഉദ്ദേശിച്ചത്‌. ഇതിനോട്‌ ചേർത്തു വായിക്കാവുന്ന ഒരു ശിൽപകലാ ക്യാന്പാണ്‌ കാസർകോട്‌ നടന്നത്‌.

ഇന്ത്യയിൽ ഏറ്റവുമധികം ശിൽപങ്ങളുള്ളത്‌ മഹാത്മാഗന്ധിയുടേതാവും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗാന്ധിജിയുടെ ചെറുതും വലുതുമായ ഛായാചിത്രങ്ങളും ലൈഫ്‌സൈസ്‌ ശിൽപങ്ങളും ധാരാളമായുണ്ട്‌. വെങ്കലശിൽപങ്ങളടക്കം വിഖ്യാതരായ ശിൽപികളുടെ ഗാന്ധിശിൽപങ്ങൾ ഇന്ത്യയ്‌ക്കകത്തും വിദേശരാജ്യങ്ങളിലുമുണ്ട്‌. ഈയൊരു സവിശേഷതയുടെ പിൻബലത്തിലാണ്‌ 2023 ഒക്ടോബർ 2ന്‌ 154‐ാമത്‌ ഗാന്ധിജയന്തി ദിനത്തിൽ 154 ഛായശിൽപങ്ങൾ നിർമിച്ചുകൊണ്ട്‌ രാജ്യത്ത്‌ തന്നെ വേറിട്ട ഒരു ശിൽപകലാ ക്യാന്പ്‌ സംഘടിപ്പിക്കപ്പെട്ടത്‌. കാസർകോട്‌ തൃക്കരിപ്പൂർ സെന്റ്‌ പോൾസ്‌ സ്‌കൂളിന്റെ സഹകരണത്തോടെ ചീമേനി ഗ്രാമപഞ്ചായത്തിലെ ചെമ്പ്രകാനത്ത്‌ പ്രവർത്തിക്കുന്ന ചിത്രശിൽപകലാ അക്കാദമിയാണ്‌ (അക്കാദമി ഡയറക്ടറും പ്രമുഖ ശിൽപിയുമായ രവീന്ദ്രൻ തൃക്കരിപ്പൂരിന്റെ നേതൃത്വത്തിൽ) ശിൽപകലാക്യാന്പും പ്രദർശനവും സംഘടിപ്പിച്ചത്‌. കസർകോട്‌, കണ്ണൂർ ജില്ലകളിലുള്ള ഇരുപതോളം സ്‌കൂളുകളിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട 154 കുട്ടികളാണ്‌ നാലുദിവസം നീണ്ടുനിന്ന ക്യാന്പിൽ പങ്കെടുത്ത്‌ ശിൽപരചന നടത്തിയത്‌‐ ഗാന്ധിജിയുടെ ഛായാശിൽപങ്ങൾ. എങ്ങനെയാണ്‌ ഗാന്ധിശിൽപങ്ങളിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തെ നോക്കിക്കാണേണ്ടത്‌? ഗാന്ധിജിയുടെ എക്കാലത്തെയും പ്രസക്തി എന്താണ്‌? നമ്മെ സ്വാധീനിക്കേണ്ട ഗാന്ധിയൻ ചിന്തകൾ എന്തൊക്കെയാണ്‌? ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളും പ്രതിഫലിക്കുന്ന സെമിനാറുകളും ചർച്ചകളും നടത്തിക്കൊണ്ടാണ്‌ നാലുദിവസം നീണ്ട ക്യാന്പ്‌ സംഘടിപ്പിക്കപ്പെട്ടത്‌. എം രാജഗോപാൽ എംഎൽഎ, കാലടി സർവകലാശാല ഫൈൻ ആർട്‌സ്‌ വിഭാഗം മേധാവി ഡോ. ജ്യോതിലാൽ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, സിസ്റ്റർ ഷീനാ ജോർജ്‌, എം പവിത്രൻ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.

കളിമണ്ണ്‌ മാധ്യമമായി ഉപയോഗിച്ചുള്ള ഗാന്ധിശിൽപരചനയ്‌ക്ക്‌ മേൽനോട്ടം വഹിക്കുന്ന പ്രമുഖ ശിൽപിയും ചിത്രകാരനുമായ രവീന്ദ്രൻ തൃക്കരിപ്പൂർ പാപ്പിനിശ്ശേരി മെഡിക്കൽ കോളേജിലെ ശിൽപകാരനായി ദീർഘകാലം പ്രവർത്തിച്ചിരുന്ന കലാകാരനാണ്‌. കഴിഞ്ഞ പത്തുവർഷത്തിലധികമായി ചെമ്പ്രകാനത്ത്‌ ചിത്രശിൽപകലാ അക്കാദമിയിലൂടെ നൂറോളം കുട്ടികൾക്ക്‌ ചിത്രശിൽപകലയിൽ സൗജന്യ കലാപഠനത്തിന്‌ സ്വന്തം ആർട്ട്‌ ഗ്യാലറിയും സ്റ്റുഡിയോയും തുറന്നിട്ടുകൊണ്ടാണ്‌ കലാപരിശീലനത്തിന്‌ അദ്ദേഹം നേതൃത്വം നൽകുന്നത്‌. കേരള ലളിതകലാ അക്കാദമിയുടെ അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള രവീന്ദ്രന്‌ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ശിൽപങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും കാസർകോട്‌ ജില്ലയിലും പ്രദർശിപ്പിച്ചിട്ടുണ്ട്‌. ഔട്ട്‌ഡോർ ശിൽപങ്ങളുമുണ്ട്‌ നിരവധി.

എക്കാലവും മനസ്സിൽ തെളിയുന്ന രൂപമാണ്‌ ഗാന്ധിജിയുടേത്‌. ശരീരരൂപത്തെ പ്രത്യേകിച്ച്‌ ഗാന്ധിരൂപത്തെ സ്വതന്ത്രമായി സമീപിക്കാനുള്ള കുട്ടികളുടെ കഴിവിനെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ ഈ ക്യാന്പ്‌ രൂപകൽപന ചെയ്‌തതെന്ന്‌ രവീന്ദ്രൻ തൃക്കരിപ്പൂർ പറയുന്നു. മുൻ എംപി പി കരുണാകരൻ, ടി വി രാജേഷ്‌ എംഎൽഎ തുടങ്ങിയവരുടെയൊക്കെയുള്ള സഹകരണവും പിൻബലമായി ഒപ്പമുണ്ടെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു. ഈ ഗാന്ധിശിൽപങ്ങളുടെ പ്രദർശനവും പയ്യന്നൂരിലെ ലളിതകലാ അക്കാദമിയിലും നടത്തുന്നുണ്ട്‌. ഒക്ടോബർ 14ന്‌ അക്കാദമി ഗ്യാലറിയിൽ പയ്യന്നൂർ എംഎൽഎ, ടി ഐ മധുസൂദനൻ ഉദ്‌ഘാടനം ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − twelve =

Most Popular