Sunday, November 24, 2024

ad

Homeലേഖനങ്ങൾവസ്ത്രസ്വാതന്ത്ര്യത്തിന്റെ അർത്ഥതലങ്ങൾ

വസ്ത്രസ്വാതന്ത്ര്യത്തിന്റെ അർത്ഥതലങ്ങൾ

കെ ടി കുഞ്ഞിക്കണ്ണൻ

ട്ടമിടാനും ഇടാതിരിക്കാനുമുള്ള ഓരോ വ്യക്തിയുടെയും ഇഷ്ടം ഭരണഘടനാപരമായ അവകാശമാണ്.

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത്, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയെന്നത് ഒരു സ്വതന്ത്രസമൂഹത്തിലെ പൗരരുടെ ജന്മാവകാശമാണ്. എന്നാൽ മതരാഷ്ട്രവാദികളും ഫാസിസ്റ്റുകളും എല്ലാകാലത്തും എല്ലാ സമൂഹങ്ങളിലും വ്യക്തികളുടെ വസ്ത്രധാരണംതൊട്ട് എങ്ങനെ ഭക്ഷണം കഴിക്കണം, എങ്ങനെ വിസർജ്ജിക്കണം, എങ്ങനെ ഇണചേരണം എന്നൊക്കെ ധർമ്മശാസ്ത്രപരമായി നിബന്ധനകളായി അടിച്ചേൽപ്പിക്കുന്നവരാണ്. ഇപ്പോൾ ഇങ്ങനെയൊരു കുറിപ്പ് ആവശ്യമായത് അഡ്വ.അനിൽകുമാറിന്റെ പ്രസംഗത്തിലെ ഒരു പരാമർശത്തിൽ പിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ ഒരു വ്യക്തതയ്ക്കുവേണ്ടിയാണ്.

സിപിഐ (എം) സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അർത്ഥശങ്കക്കിടയില്ലാത്തവിധം വസ്ത്രസ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമാണ്. കർണാടകയിൽ ഹിജാബ് വിവാദമുയർന്നുവന്ന നാളുകളിൽ ഇക്കാര്യം വിപുലമായ തലങ്ങളിൽ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. രാജ്യത്തിന്റെ ബഹുസ്വരതയെയും ഭരണഘടനയുടെ ആർട്ടിക്കിൾ 25 നൽകുന്ന മതവിശ്വാസവും അതനുസരിച്ചുള്ള സ്വത്വം സംരക്ഷിക്കാനുള്ള വ്യക്തികളുടെ അവകാശവും പരമപ്രധാനമാണെന്നാണ് സിപിഐ (എം) കാണുന്നത്.

അതായത് വ്യക്തികൾക്കും വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങൾക്കും ഭരണഘടന നൽകുന്ന അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള അവകാശം. മനുഷ്യാന്തസ്സോടുകൂടി സ്വന്തം സംസ്‌കാരവും വിശ്വാസവും സംരക്ഷിച്ചുകൊണ്ട് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ പ്രശ്‌നം കൂടിയാണിത്.

ഇസ്ലാമോഫോബിയ പടർത്തുകയെന്ന ഹിന്ദുത്വവാദികളുടെ രാഷ്ട്രീയതന്ത്രത്തിലാണ് ഹിജാബ് വിവാദം ഉയർന്നുവന്നത്. മുസ്ലീം സമുദായത്തിനകത്തെ പരിഷ്‌കരണത്തിന്റെയും ശാക്തീകരണത്തിന്റെയും ഉത്തരവാദിത്വമേറ്റെടുത്താണ് മോഡിയും അമിത്ഷായുമെല്ലാം അങ്ങേയറ്റം വിവേചനപരമായ മുത്തലാഖ് നിരോധനനിയമം അടിച്ചേൽപ്പിച്ചത്. ഇപ്പോൾ ഏകീകൃതസിവിൽകോഡ് കൊണ്ടുവരുമെന്ന ഭീഷണിയുയർത്തിയിരിക്കുന്നു. ആർ.എസ്.എസിന്റെ അജണ്ട ന്യൂനപക്ഷങ്ങളുടെ മതസ്വത്വത്തെയും വിശ്വാസസ്വാതന്ത്ര്യത്തെയും പ്രശ്‌നവൽക്കരിച്ച് സമൂഹത്തിൽ വിവാദങ്ങൾ ഉയർത്തുകയെന്നതാണ്. അതുവഴി വിദ്വേഷം പടർത്തുകയും സമുദായധ്രുവീകരണം ഉണ്ടാക്കുകയെന്നതുമാണ്.

ഓരോ പൗരനും സാമൂഹ്യവിഭാഗങ്ങൾക്കും അവരുടെ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കാൻ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ സംരക്ഷണം ഇന്ന് ഓരോ ജനാധിപത്യവാദിയുടെയും പരമപ്രധാനമായ ഉത്തരവാദിത്വമാണ്. ഹിന്ദുത്വവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുമെല്ലാം വിശ്വാസപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയും വ്യക്തികളുടെ ബഹുസ്വഭാവത്തെയും ഉൾക്കൊള്ളാൻ വിസമ്മതിക്കുന്നവരാണ്. പക്ഷെ നമ്മുടെ ഭരണഘടന വൈവിധ്യങ്ങളെയാകെ ഉൾക്കൊള്ളുന്നതും വ്യക്തിസ്വാതന്ത്ര്യത്തെ പ്രധാനമായി കാണുന്നതുമായ വ്യവസ്ഥകൾ ഉള്ളടങ്ങിയിട്ടുള്ളതാണ്.

ഇസ്ലാമിൽ ഹിജാബ് നിർബന്ധമാണോ ഹൈന്ദവദർശനങ്ങളിൽ സീമന്തരേഖയിൽ സിന്ദൂരമിടുന്നത് നിർബന്ധമാണോ എന്നൊക്കെ അന്വേഷിച്ചുപോകുന്ന വർഗീയവാദികൾ ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ടെന്ന കാര്യം കാണാത്തവരും അംഗീകരിക്കാത്തവരുമാണ്. മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരിൽ വിവേചനങ്ങളൊന്നും പാടില്ലെന്ന് അനുശാസിക്കുന്നതാണ് നമ്മുടെ ഭരണഘടന. വ്യത്യസ്ത ജനവിഭാഗങ്ങൾക്കും അവരുടെ മതപരവും വിശ്വാസപരവുമായ സ്വത്വവും സംസ്‌കാരവും സംരക്ഷിക്കാൻ അവകാശം നൽകുന്നതുമാണ് നമ്മുടെ ഭരണഘടനാവ്യവസ്ഥകൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × four =

Most Popular