Tuesday, September 17, 2024

ad

കയ്യൂർ വീരഗാഥ

കെ ബാലകൃഷ്‌ണൻ

തൊള്ളായിരത്തിനാല്പത് ആദ്യം പി.കൃഷ്ണപിള്ള കെ.മാധവന് നൽകിയ ഉപദേശം നീലേശ്വരം കേന്ദ്രീകരിച്ച് ഹിന്ദി ക്ലാസ് സംഘടിപ്പിക്കാനാണ്. കൃഷ്ണപിള്ളയും മാധവനും ഹിന്ദിയുടെ ആളുകൾ. പുറമെ ഹിന്ദിക്ലാസും അകമേ പാർട്ടിപ്രവർത്തനവുമാണ് ഉദ്ദിഷ്ടം. കമ്യൂണിസ്റ്റ് പാർട്ടിയുടെ കാസർക്കോട് താലൂക്ക് ഘടകം 1939ൽ കെ മാധവൻ സെക്രട്ടറിയായി രഹസ്യപ്രവർത്തനം ആരംഭിച്ചിട്ടുണ്ടായിരുന്നു. രണ്ടാംലോകയുദ്ധത്തോടെ നിരോധിക്കപ്പെട്ടതിനാൽ പരസ്യമായി കമ്യൂണിസ്റ്റ് പാർട്ടിപ്രവർത്തനം അസാധ്യം. കാസർകോട് താലൂക്കിൽ പാർട്ടിയും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കാൻ നീലേശ്വരം മേഖലയിലാണ് ആദ്യം കേന്ദ്രീകരിക്കേണ്ടതെന്നാണ് കൃഷ്ണപിള്ളയുടെ പ്ലാൻ. അതനുസരിച്ചാണ് കെ മാധവനോട് ഹിന്ദി ക്ലാസ് തുടങ്ങാൻ ആവശ്യപ്പെട്ടത്. നീലേശ്വരം രാജാസ് ഹൈസ്കൂളിൽ ഹെഡ്മാസ്റ്റരുടെ സമ്മതത്തോടെ സായാഹ്ന ക്ലാസ് തുടങ്ങി. തൊട്ടടുത്തുള്ള വായനശാലയിലും ക്ലാസ്. താമസം സ്കൂളിൽത്തന്നെ. ആ ക്ലാസിൽ പഠിക്കാനെത്തിയ എൻ.ഗണപതി കമ്മത്ത്, എൻ.കെ.കുട്ടൻ, ചന്തൂട്ടി എന്നിവരെ സ്വാധീനിച്ച് നീലേശ്വരത്തെ കമ്മ്യൂണിസ്റ്റ് സെല്ലുണ്ടാക്കുന്നു. അതിവേഗം മുഴവൻസമയ പ്രവർത്തകനായ ഗണപതിയുടെ നേതൃത്വത്തിൽ പരിസരമേഖലയിലാകെ കർഷകരെ സംഘടിപ്പിക്കുന്നു. സ്കൂളിൽ പുലർച്ചെ അഞ്ച് മണിക്കുള്ള ഹിന്ദി ക്ലാസിൽ പങ്കെടുക്കാനെത്തിയ ഒരാൾ കുളുകുന്ത ശിവറാവുവായിരുന്നു. സ്കൂളിൽ പഠിക്കാനായി കർണാടകത്തിലെ സുള്ള്യയിൽനിന്ന് നീലേശ്വരത്ത് വന്നതാണ് ശിവറാവു. അടിയുറച്ച ഗാന്ധിയനായ റാവു ഖദർ വസ്ത്രവും ഗാന്ധിത്തൊപ്പിയും ധരിച്ചാണ് ക്ലാസിനെത്തുക. നീലേശ്വരത്തെ ഒരുവീട്ടിന്റെ തിണ്ണ മാസത്തിൽ എട്ടണ വാടകയ്ക്കെടുത്ത് താമസിക്കുകയാണ് റാവവും അമ്മയും. ആ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മനസ്സിലാക്കിയ മാധവൻ ട്യൂഷൻഫീസ് നിരസിക്കുന്നു. അതിൽ കുറച്ചിൽ തോന്നിയ ശിവറാവു ക്ലാസിൽ പോകാതായി. ഗണപതി കമ്മത്ത് മുഖേന മാധവൻ ശിവറാവുവിനെ വിളിച്ചുവരുത്തുന്നു. പണത്തിനുവേണ്ടിയല്ല താൻ ക്ലാസെടുക്കുന്നതെന്ന രഹസ്യം മാധവൻ റാവുവിനെ അറിയിക്കാൻ നിർബന്ധിതനായി. അദ്ഭുതാദരങ്ങളോടെ നിൽക്കുകയായിരുന്ന റാവുവിന് കമ്മ്യൂണിസ്റ്റ് മാനഫെസ്റ്റോവിന്റെ ഒരു കോപ്പി നൽകുകയാണ് മാധവൻ..

ആ വിദ്യാർഥിയാണ് പിന്നീട് നിരഞ്ജനയെന്നറിയപ്പെട്ട പ്രശസ്ത കന്നട നോവലിസ്റ്റ്. കയ്യൂർ കേസിൽ മംഗലാപുരം കോടതിയിൽ വിചാരണനടക്കുമ്പോൾ ശ്രോതാവായി നിരഞ്ജനയുണ്ടാകുമായിരുന്നു. നാട്ടിലെ സംഭവങ്ങൾ എൻ ജി കമ്മത്ത് സ്ഥിരമായി അദ്ദേഹത്തെ അറിയിക്കുയും ചെയ്തു. അങ്ങനെയാണ് കയ്യൂർസംഭവത്തെക്കുറിച്ചുള്ള ചിരസ്മരണയെന്ന നോവലിന്റെ പിറവി. കയ്യൂർകേസിന്റെ വിചാരണനടക്കുമ്പോൾ നിരഞ്ജന മംഗലാപുരത്തെ രാഷ്ട്രബന്ധു പത്രത്തിന്റെ ലേഖകനായിരുന്നു. സ്വന്തം പത്രത്തിൽ എഴുതുന്നതിനൊപ്പം അതിന്റെ ഇംഗ്ലീഷ് പരിഭാഷ മാതൃഭൂമിക്ക് അയക്കാൻ കെ.മാധവൻ ഏർപ്പാടാക്കിയിരുന്നു.

ചിരസ്മരണയിലെ മാഷാണ് കെ മാധവൻ. കയ്യൂരിൽ കർഷകസംംഘത്തിന്റെ ഘടകമുണ്ടാകുന്നത് 1937ലാണ്. താലൂക്ക് കർഷകസംഘം പ്രസിഡന്റ് ടി എസ് തിരുമുമ്പും സെക്രട്ടറി കെ.മാധവനും എൻ.എസ്.നമ്പൂതിരിയും കയ്യൂരിൽപ്പോയി കൃഷിക്കാരെ വിളിച്ചുചേർത്ത് സംഘമുണ്ടാക്കുകയായിരുന്നു. അതിനുമുമ്പുതന്നെ കോൺഗ്രസ്സിന്റെ ഒരു ഘടകം ടി വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ അവിടെയുണ്ടായിരുന്നത് കർഷകപ്രസ്ഥാനം സംഘടിപ്പിക്കാൻ സാഹയകമായി. കൂക്കോട്ട് അമ്പാടി പ്രസിഡന്റ്‌ കെ പി വെള്ളുങ്ങ സെക്രട്ടറിയുമായി കർഷകസംഘം. കർഷകപ്രസ്ഥാനത്തിന്റെ വരവോടെ കയ്യൂർ ഉണർന്നു. ജന്മിത്തചൂഷണത്തിനെതിരെയും രാഷ്ട്രീയസ്വാതന്ത്ര്യത്തിനുവേണ്ടിയുമുള്ള പ്രവർത്തനം ശക്തിപ്പെട്ടു. വിമുക്തഭടന്മാരുടെ നേതൃത്വത്തിൽ വോളന്റിയർ പരിശീലനം കയ്യൂരിലും ക്ലായിക്കോടും പരിസരങ്ങളിലും വ്യാപകമായി. ബ്രാഹ്മണനും ജന്മിയുമായ തിരുമുമ്പും മാധവനും വീടുവീടാന്തരം കയറിയിറങ്ങുകയും വീട്ടുമുറ്റങ്ങളിലിരുന്ന് ക്ലാസെടുക്കുകയും ചെയ്യുന്നത് വലിയ അദ്ഭുതമാണ് ആ പുഴയോരഗ്രാമത്തിൽ സൃഷ്ടിച്ചത്. സംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രവർത്തകരായി നിരവധിപേർ വളർന്നുവന്നു. അക്രമപ്പിരിവുകൾക്കെതിരെ മംഗലാപുരത്തേക്ക് നടന്ന താലൂക്ക് കർഷകജാഥയിൽ കയ്യൂരിനായിരുന്നു വലിയ പ്രാതിനിധ്യം.

1940 സെപ്റ്റംബർ 15ന്റെ മൊറാഴ സംഭവത്തെ തുടർന്ന് ചിറക്കൽ താലൂക്കിലെ നേതാക്കളായ എ.വി.കുഞ്ഞമ്പു, ഇ.കെ.നായനാർ, സുബ്രഹ്മണ്യഷേണായി എന്നിവർ ഒളിവിൽകഴിയാനെത്തിയത് കയ്യൂർമേഖലയിലാണ്. ക്ലായിക്കോട്, പാലായി, തിമിരി എന്നിവിടങ്ങളിൽ എ.വി.യും നായനാരും പാർട്ടി ക്ലാസുകളുമായി പ്രവർത്തനംതുടങ്ങി. മൊറാഴ കേസിലെ പ്രതികളെ വിട്ടയക്കണമെന്നും പോലീസ് മർദനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 1942 മാർച്ച് 12ന് കയ്യൂരിലും നീലേശ്വരത്തും പരിസരപ്രദേശങ്ങളിലും പ്രകടനംനടന്നു. കടുത്ത ദാരിദ്ര്യത്തിലുള്ള ജനങ്ങളിൽനിന്ന് യുദ്ധഫണ്ടിലേക്ക് റവന്യു ഉദ്യോഗസ്ഥർമുഖേന അക്രമപ്പിരിവുനടക്കുന്നുണ്ടായിരുന്നു. യുദ്ധത്തിനെതിരെ പ്രചരണം നടത്തുന്നതും ഫണ്ട് നിഷേധിക്കുന്നതും രാജ്യദ്രോഹമായി മുദ്രകുത്തിയാണ് പൊലീസ് നടപടികൾ.

യുദ്ധഫണ്ട് പിരിവിനെതിരെ ഒറ്റയടിപ്പാതയിലൂടെ ജാഥ നടക്കുമ്പോൾ എതിരെ റവന്യൂ ഇൻസ്‌പെക്ടർ നടന്നുവരുന്നത് കണ്ടിട്ടും മുദ്രാവാക്യംവിളി നിർത്തിയില്ല. കോയിത്താറ്റിൽ ചിരുകണ്ഠനും ടി.വി.കുഞ്ഞമ്പുവുമടക്കം ആറുപേരേ ജാഥയിലുണ്ടായിരുന്നുള്ളു. യുദ്ധഫണ്ട് പിരിവിനെത്തിയ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള റിപ്പോർട്ടാണ് റവന്യു ഇൻസ്‌പെക്ടർ സർക്കാരിനെ അറിയിച്ചത്. മാർച്ച് 30ന് (1942) ജന്മിയായ നീലേശ്വരം രാജാവിന് നിവേദനംനൽകാൻ കർഷകസംഘം തീരുമാനിച്ചിട്ടുണ്ടായിരുന്നു. വാരമടക്കമുള്ള അക്രമ പിരിവുകൾക്കെതിരെയായിരുന്നു സമരം. നിവേദനം നൽകാനായി കോവിലകത്തേക്ക് വലിയ ജാഥ നടത്താനാണ് തീരുമാനം. ആ സമരത്തിന്റെ പ്രചരണംകൂടി ലക്ഷ്യമാക്കിയുള്ള ജാഥക്കെതിരെയാണ് റവന്യു ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകിയത്.

തുടർന്ന് വലിയ പൊലീസ് സംഘം കയ്യൂരിലെത്തി ക്യാമ്പ് ചെയ്യുകയായിരുന്നു. പാർട്ടി‐കർഷകസംഘം നേതാക്കളായ ടി.വി.കുഞ്ഞമ്പു, കെ.പി.വെള്ളുങ്ങ, ടി.വി.കുഞ്ഞിരാമൻ, ചൂരിക്കാടൻ കൃഷ്ണൻനായർ, കോയിത്താറ്റിൽ ചിരുകണ്ഠൻ, കോയിത്താട്ടിൽ വളപ്പിൽ രാമൻ എന്നിവർക്കെതിരെ ഡി.ഐ.ആർ. പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വാറന്റ് നൽകാനെത്തിയ പോലീസുകരനെ ആക്രമിച്ചുവെന്നപേരിൽ മഠത്തിൽ അപ്പുവിനെതിരെ കേസെടുത്തു. പോലീസിന്റെ നീക്കത്തെ പ്രതിരോധിക്കാൻ പ്രവർത്തകർ പ്രത്യേക ക്യാമ്പുണ്ടാക്കി താമസിക്കുകയായിരുന്നു. ആ ക്യാമ്പ് വളഞ്ഞ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ സമരനേതാവായ ടി.വി.കുഞ്ഞമ്പു, ടി.വി.കുഞ്ഞിരാമൻ എന്നിവരെ വീടുകളിൽപോയി അറസ്റ്റ് ചെയ്തു. രാത്രി വീടുകളിൽകയറി നരനായാട്ടുനടത്തുകയായിരുന്നു എസ്.ഐ. നിക്കോളാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം. കർഷകസംഘം പ്രവർത്തകനായ മഠത്തിൽ അപ്പുവിന്റെ കട ആക്രമിച്ചു. തന്നെ മർദിച്ച പോലീസുകാരെ അപ്പു തിരിച്ചടിച്ചു. കയ്യൂരിൽ പോലീസിന്റെ ഏറ്റവും വലിയ നോട്ടപ്പുള്ളിയായി അപ്പു… ഈ സംഭവങ്ങൾ നടന്നതിന്റെ പിറ്റേന്ന് അപ്പുവിന്റെ വീടായ മഠത്തിൽ പൂരക്കളിയുടെ ഭാഗമായി പൊന്നുവെക്കുന്ന ദിവസമാണ്. പൂരക്കളിയിൽ പ്രധാനിയാണ് കായികാഭ്യാസികൂടിയായ അപ്പു. എന്നാൽ അന്ന്, അതായത് മാർച്ച് 28ന് പൂരക്കളിയേക്കാൾ പ്രധാനം പ്രതിഷേധജാഥയായിരുന്നു. തലേദിവസം രാത്രി നേതാക്കളെ അറസ്റ്റ് ചെയ്തുകൊണ്ടുപോയതിലും വീടുകളിൽ കയറി അക്രമം നടത്തിയതിനുമെതിരെ ജാഥ. പൂരക്കളി നടക്കുന്ന സ്ഥലത്തേക്ക് പലകേന്ദ്രങ്ങളിൽനിന്നായി ജാഥ. ചെറിയാക്കരയിൽനിന്ന് പുറപ്പെട്ട ജാഥയ്ക്കുമുമ്പിൽ പോലീസുകാരനായ സുബ്ബരായൻ എത്തിപ്പെട്ടതോടെ ജാഥ അക്രമാസക്തമാവുകയായിരുന്നു. തലേദിവസം അറസ്റ്റിനും മർദനത്തിനും നേതൃത്വംനൽകിയ സുബ്ബരായനെക്കണ്ടപ്പോൾ പ്രവർത്തകരുടെ രോഷം അണപൊട്ടുകയായിരുന്നു. സുബ്ബരായന്റെ തല്ലുകൊണ്ട് തലപൊട്ടിയ അപ്പുവടക്കമുള്ള ജാഥയാണ്. എന്നാൽ ഒരാൾപോലും സുബ്ബരായനെ തല്ലിയില്ല. പകരം ചെങ്കൊടിയും പിടിച്ച് ജാഥയുടെ മുമ്പിൽനടക്കാൻ നിർബന്ധിക്കുകയായിരുന്നു. കള്ളുകുടിച്ച് മത്തനായ സുബ്ബരായൻ മറ്റുമാർഗമില്ലാതെ ജാഥയുടെ മുമ്പിൽ ജാഥാംഗത്തെപ്പോലെ നടന്നു. പിന്നീട് പെട്ടെന്ന് കൊടി വലിച്ചെറിഞ്ഞ് അയാൾ ഓടുകയായിരുന്നു. എന്നാൽ എതിരെ വറ്റൊരു ജാഥ വരുന്നുണ്ടായിരുന്നു. പേടി മൂത്ത സുബ്ബരായൻ പുഴയിലേക്കെടുത്തുചാടി. അതോടെ രോഷാകുലരായ പ്രവർത്തകരിൽ ചിലർ കല്ലെടുത്തെറിയുകയായി. ലഹരിയിലായതിനാൽ സുബ്ബരായന് നീന്താനുമായില്ല… അയാൾ മുങ്ങിമരിച്ചു.

കയ്യൂർക്കേസിൽ 61 പേരാണ് പ്രതിചേർക്കപ്പെട്ടത്. ഒന്നാം പ്രതി മഠത്തിൽ അപ്പു, രണ്ടാം പ്രതി കർഷകസംഘം നേതാവായ വി.വി.കുഞ്ഞമ്പു, മൂന്നാംപ്രതി ഇ.കെ.നായനാർ, നാലാം പ്രതി പയ്യൻ കേളുനായർ… മഠത്തിൽ അപ്പു, പൊടോര കുഞ്ഞമ്പുനായർ, കോയിത്താറ്റിൽ ചിരുകണ്ഠൻ, പള്ളിക്കൽ അബൂബക്കർ, ചൂരിക്കാടൻ കൃഷ്ണൻ നായർ എന്നിവർക്ക് വധശിക്ഷ.. മറ്റുള്ളവർക്ക് വിവിധകാലയളവിൽ തടവുശിക്ഷ.. മൂന്നാം പ്രതിയായ ഇ.കെ.നായനാരെയും 28‐ാം പ്രതിയായ വേങ്ങയിൽ മാലിങ്കനെയും പിടികിട്ടാത്തതിനാൽ അവരെ ഒഴിവാക്കിയുള്ള കുറ്റപത്രമാണ് കോടതിയിൽ നൽകിയത്. ചൂരിക്കാടൻ കൃഷ്ണൻനായർ മൈനറായതിനാൽ ദുർഗുണപരിഹാരപാഠശാലയിലേക്കയക്കാനാണ് കോടതി വിധിച്ചത്. ചൂരിക്കാൻ വധശിക്ഷയിൽനിന്ന് ഒഴിവായി.

മംഗലാപുരം സെഷൻസ് കോടതിയുടെ വിധിക്കെതിരെ എല്ലാതലത്തിലും അപ്പീൽപോവുകയും രാഷ്ട്രീയമായി പരിശ്രമിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ബ്രിട്ടീഷ് പാർലമെന്റിലടക്കം കയ്യൂർ സഖാക്കൾക്കുവേണ്ടി ശക്തമായ സമ്മർദമുണ്ടായി. മരണശിക്ഷ ഒഴിവാക്കാൻ പ്രിവി കൗൺസിലിന് മുന്നിൽ അപ്പീൽപോയപ്പോൾ ലോകപ്രശസ്ത അഭിഭാഷകനായ ഡി.എൻ.പ്രിറ്റ് ഫീസ് വാങ്ങാതെയാണ് ഹാജരായത്. അദ്ദേഹത്തെ സഹായിക്കാൻ വി.കെ.കൃഷ്ണമേനോനും. എന്നാൽ ഭരണകൂടം ഉറച്ചനിലപാടിലായിരുന്നു.

അപ്പീലുകളെല്ലാം തള്ളിയതിനെ തുടർന്ന് തൂക്കുമരംകാത്തുകഴിയുന്ന ധീരവിപ്ലവകാരികളെ കാണാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി.സി.ജോഷിയും പി.സുന്ദരയ്യയും പി.കൃഷ്ണപിള്ളയും കണ്ണൂർ സെൻട്രൽ ജയിലിലെത്തി. വധശിക്ഷ നടപ്പാക്കുന്നതിന് ആറുദിവസംമാത്രം മുമ്പായിരുന്നു അത്. ആ വികാരനിർഭരമായ കൂടിക്കാഴ്ചയെക്കുറിച്ച് പി.കൃഷ്ണപിള്ള 1943 ഏപ്രിൽ നാലിന്റെ ദേശാഭിമാനിയിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിൽ എഴുതി: 12 മണിക്ക്( മാർച്ച് 23) സെൻട്രൽ ജയിലിൽചെന്ന് സഖാവ് ജോഷി രക്തസാക്ഷികളെ കണ്ടു (തൂക്കിക്കൊല നടന്നശേഷമാണെഴുതിയതെന്നതിനാൽ രക്തസാക്ഷികളെ കണ്ടു എന്ന് എഴുതിയതാവും). ജോഷിയെ ഞാൻ അവർക്കു പരിചയപ്പെടുത്തിക്കൊടുത്തു. അവർ തങ്ങളുടെ നേതാവിനെ അഭിവാദ്യംചെയ്തു. അതിനുശേഷം ഇന്ത്യയുടെ നാനഭാഗത്തുനിന്നും അവർക്കു പാർട്ടി ഘടകങ്ങളും വ്യക്തികളും അയച്ചിട്ടുള്ള കത്തുകൾ അവരെ വായിച്ചുകേൾപ്പിച്ചു. സഖാവ് ജോഷി ഹൃദയഭേദകമായ വിധം, ചുരുക്കം വാക്കുകളിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മർദിതരുടെ അവകാശസ്ഥാപനത്തിനുംവേണ്ടി ജീവത്യാഗംചെയ്യുന്ന അവർക്ക് പാർട്ടിയുടെ അഭിനന്ദനംനൽകി. അവരുടെ പാർട്ടി ശക്തിപ്പെട്ടിട്ടുള്ളത് എടുത്തുകാട്ടി, അവരെ ആവേശംകൊള്ളിച്ചു. അവരെപ്പോലുള്ള ധീരയോദ്ധാക്കളെ കിട്ടിയതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഭിമാനംകൊള്ളുന്നുവെന്ന് പറഞ്ഞു. സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ തൊണ്ട ഇടറി, കണ്ണുനീർ പുറത്തേക്കുചാടി. സഖാക്കൾ ഓരോരുത്തരും തങ്ങൾ മരിക്കാൻ തയ്യാറാണെന്നും നാടിനുവേണ്ടി മരിക്കുന്നതിൽ തങ്ങൾ അഭിമാനംകൊള്ളുന്നുവെന്നും തങ്ങൾ മരിച്ചാലും പാർട്ടി അവസാനംവരെ ഈ സമരം മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞു. സഖാവ് ചിരുകണ്ഠൻ തനിക്ക് ഒരുപ്രാവശ്യം മാത്രമല്ലേ നാടിനുവേണ്ടി മരിക്കാൻ സാധിക്കുന്നുള്ളുവല്ലോ എന്ന് വ്യസനിച്ചു. തങ്ങളുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും കഴിയുന്ന സഹായങ്ങൾ ചെയ്തുകൊടുക്കാനും സഖാക്കൾ ആവശ്യപ്പെട്ടു. അതിനുശേഷം ഞങ്ങളെല്ലാം ജയിലറുടെ സമ്മതപ്രകാരം സഖാക്കളുടെ കൈപിടിച്ചു. പി്ന്നീട് മുഷ്ടി ചുരുട്ടി അവസാനത്തെ അഭിവാദ്യം ചെയ്തശേഷം മടങ്ങി.” പിന്നീട് ജോഷിയും സുന്ദരയ്യയും കൃഷ്ണപിള്ളയും കയ്യൂർസഖാക്കളുടെ നാട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

കയ്യൂർസംഭവം കഴിഞ്ഞ് കൃത്യം രണ്ടുവർഷത്തിനുശേഷമാണ് കണ്ണൂർ സെൻട്രൽജയിലിൽ ആ കൊടുംപാതകംനടന്നത്. 1943 മാർച്ച് 29ന് പുലർച്ചെ അപ്പുവിനെയും ചിരുകണ്‌ഠനെയും കുഞ്ഞമ്പുനായരെയും അബൂബക്കറിനെയും തൂക്കിക്കൊന്നു. കണ്ണൂർ സെൻട്രൽജയിലിലെ മൂന്നാം ബ്ലോക്കിലായിരുന്ന താൻ 29ന് പുലർച്ചെ പ്രിയസഖാക്കളുടെ അവസാനത്തെ ഇങ്കിലാബ് വിളി കേട്ടുവെന്ന് വധശിക്ഷയിൽനിന്ന് ഒഴിവായ ചൂരിക്കാടൻ കൃഷ്ണൻനായർ പിന്നീട് രേഖപ്പെടുത്തി.

കയ്യൂർസംഭവത്തെ തുടർന്ന് കാസർകോട് താലൂക്കിലാകെ കമ്മ്യൂണിസ്റ്റ് കർഷകപ്രസ്ഥാനത്തെ നാമാവശേഷമാക്കിക്കളയാമെന്ന മോഹത്തോടെയള്ള ഭീകരവാഴ്ചയാണ് പൊലീസ് നടത്തിയത്. പാർട്ടിയും ബഹുജനസംഘടനകളും പുറമേക്ക് പ്രവർത്തനരഹിതമായി. എന്നാൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ മർദനവാഴ്ച അവസാനിപ്പിക്കുന്നതിന് ഒരു കാരണമുണ്ടായി. അതേക്കുറിച്ച് ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമകൾ എന്ന കൃതിയിൽ കെ.മാധവൻ എഴുതി “മാതൃഭൂമിയുടെ നീലേശ്വരം ലേഖകൻ പി.കെ.നാരായണൻ നമ്പ്യാർ പോലീസിന്റെ കിരാതമർദനത്തെക്കുറിച്ചയച്ച റിപ്പോർട്ട് മാതൃഭൂമി വലിയ തലക്കെട്ടിൽത്തന്നെ പ്രസിദ്ധീകരിച്ചു. കോൺഗ്രസ് പ്രവർത്തകനായ സി.കെ. രാഘവൻനമ്പ്യാരെ മർദിക്കാനുള്ള നീക്കത്തയും ആ റിപ്പോർട്ടിൽ പരമർശിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ജമേദാർ മാതൃഭൂമി ലേഖകനായ നാരായണൻ നമ്പ്യാരെ അദ്ദേഹത്തന്റെ വീട്ടിൽച്ചെന്ന് പിടിച്ച് നീലേശ്വരം മുതൽ ചെറുവത്തൂർവരെ നടത്തിച്ച് കണ്ടമാനം മർദിച്ചു. ഈ ഭീകരവാഴ്ച കണ്ട് കോൺഗ്രസ്സുകാർക്കും ഞെട്ടലുണ്ടായി. രാഘവൻ നന്പ്യാർക്കാണെങ്കിൽ പുറത്തിറങ്ങിക്കൂടാ. ജമേദാർ അദ്ദേഹത്തിന് വേണ്ടി കുറുവടി ഏന്തിനടക്കുകയാണ്. ഈ സംഭവം മാതൃഭൂമി ഒരു പ്രശ്നമാക്കിയെടുത്ത് പൊക്കിപ്പിടിച്ചു. ഇതോടുകൂടി കേളപ്പനെപ്പോലുള്ളവർക്ക് അടങ്ങിയിരിക്കാനായില്ല. അതുവരെ പൊലീസിന്റെ വൈതാളികരായി നടന്ന കോൺഗ്രസ്സുകാരും അനുചരന്മാരും മർദനത്തെ പരസ്യമായി ആക്ഷേപിക്കാൻ രംഗത്തിറങ്ങി. അന്വേഷണമായി. കളക്ടർ കാഞ്ഞങ്ങാട്ടു കേമ്പുചെയ്തു. പരസ്യമായി തെളിവു ശേഖരിച്ചു. സംഗതി ബോധ്യമായ കളക്ടർ പൊലീസ് മർദനം പാടേ നിർത്തിച്ചു….’

കയ്യൂർ കേസിൽ ഇ.കെ.നായനാർ പ്രതിയായിരുന്നില്ലെന്നും നായനാർ കയ്യൂർസമരനായകനെന്ന് കളവുപറയുകയാണെന്നും ദീർഘകാലം കൊണ്ടുപിടിച്ച പ്രചരണം നടക്കുകയുണ്ടായി. നായനാർക്ക് കയ്യൂർ സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാനെന്നോണം ഒരു പുസ്തകവും പുറത്തിറങ്ങുകയുണ്ടായി. എന്നാൽ കാസർക്കോട് താലൂക്കിലെ അക്കാലത്തെ പാർട്ടി സെക്രട്ടറിയായ കെ.മാധവൻ ആ നുണപ്രചരണത്തെ പൊളിച്ചടുക്കി. നായനാരടക്കമുള്ളവർക്ക് ആ മേഖലയിൽ ഒളിസങ്കേതമൊരുക്കിയതും രഹസ്യക്ലാസ് ചുമതലനൽകിയതും കെ.മാധവൻ വിശദീകരിച്ചു. നാല്പതുകളുടെ ആദ്യം ആ മേഖലയിൽ ഒളിവിൽകഴിഞ്ഞ് പ്രവർത്തിച്ചതിനാൽ പിൽക്കാലത്ത് അവിടുത്തെ ജനതയുമായി സവിശേഷമായ ബന്ധമാണ് നായനാർക്കുണ്ടായിരുന്നത്. നായനാർ കയ്യൂർക്കേസിൽ മൂന്നാം പ്രതിയായിരുന്നുവെന്ന് വി.വി.കുഞ്ഞമ്പു എഴുതിയ കയ്യൂർ സമരചരിത്രത്തിൽ മാത്രമല്ല രേഖപ്പെടുത്തിയത് (അത് എഴുതിയത് 1965‐ലും പ്രസിദ്ധപ്പെടുത്തിയത് 1972‐ലുമാണ്). 1941 മെയ് രണ്ടിന്റെയും ജൂൺ നാലിന്റെയും മാതൃഭൂമി പത്രത്തിൽ അതുസംബന്ധിച്ച റിപ്പോർട്ടുകളുണ്ട്. കയ്യൂർ കേസിൽ പിടികിട്ടാത്തതിനാൽ നായനാർ, വി.വി.കുഞ്ഞമ്പു, വേങ്ങയിൽ മാലിങ്കൻ, അമ്പാടിക്കുഞ്ഞി എന്നിവരെ പിടികിട്ടായ്കയാൽ അവരുടെ ഇളകുന്ന സ്വത്തുകൾ ജപ്തിചെയ്യാൻ ഹോസ്ദുർഗ് മജിസ്ട്രേട്ട് കല്പന പുറപ്പെടുവിച്ചിരിക്കുന്നുവെന്നാണ് മെയ് രണ്ടിന്റെ വാർത്ത. ജൂൺ നാലിന്റെ വാർത്തയിൽ നായനാരെയും മാലിങ്കനെയും ഒഴികെയുള്ളവരെയെല്ലാം പിടികിട്ടി എന്ന് വ്യക്തമാക്കുന്നു.

മൊറാഴ കേസിൽ പ്രതിയാണെന്ന് കരുതിയാണ് നായനാരെ പി.കൃഷ്‌ണപിള്ള കയ്യൂർ, ക്ലായിക്കോട്, ചെറുവത്തൂർ മേഖലയിൽ ഒളിവിൽകഴിഞ്ഞ് പ്രവർത്തിക്കാൻ നിയോഗിച്ചയക്കുന്നത്. കെ.പി.ആർ ഗോപാലനെ തൂക്കാൻ വിധിച്ച ഘട്ടത്തിൽ പി.കൃഷ്ണപിള്ള എഴുതിയ ലഘുലേഖയിൽ (കേരളത്തിലെ ബോൾഷെവിക് വീരൻ‐ 1942 ഡിസമ്പർ) “കേരളവിദ്യാർഥിഫെഡറേഷന്റെ സെക്രട്ടറിയായിരുന്ന, ഇപ്പോൾ കയ്യൂർക്കേസിൽ പ്രതിയായി പിടികിട്ടാതിരിക്കുന്ന കൃഷ്ണൻ നായനാർ കെ.പി.ആറിന്റെ ഒരു അടുത്ത ചാർച്ചക്കാരനും കല്യാശ്ശേരിയുടെ ഒരു യഥാർഥ സന്താനവുമാണ്. ഓരോദിവസംചെല്ലുന്തോറും കെ.പി.ആറിന്റെ ജന്മനാട്ടിൽനിന്ന് അധികമധികം വീരന്മാർ‐അവരുടെ ഗുരുഭൂതനും നേതാവുമായ കെ.പി.ആറിന്റെ ആവേശംകൊള്ളിക്കുന്ന മാതൃകയെ പിന്തുടരുന്ന വീരന്മാർ‐ വിപ്ലവത്തിന്റെ ചേരിയിലേക്കു ചേർന്നുകൊണ്ടിരിക്കുന്നു” .. ഇത്രയെല്ലാം സംസാരിക്കുന്ന തെളിവുകളുണ്ടായിരുന്നിട്ടും കയ്യൂർക്കേസുമായി നായനാർക്ക് ബന്ധമേയില്ലെന്ന് പ്രചരണകോലാഹലം നടത്തിയത് അത്രയൊന്നും മുമ്പല്ല!

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − 9 =

Most Popular