കുറ്റാന്വേഷണ ഗണത്തിൽപെട്ട സിനിമകൾക്ക് വലിയൊരു ആസ്വാദക സമൂഹമുണ്ട്. അത്തരം സിനിമകൾ മിക്കതും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നതാവും. കുറ്റാന്വേഷണ സിനിമകളെ പൊതിഞ്ഞുനിൽക്കുന്ന നിഗൂഢതകളും അതിന്റെ നിർദ്ധാരണവും പ്രേക്ഷകരെ സംത്രാസത്തിൽ നിർത്തും. നിഗൂഢതലങ്ങളുടെ നിർദ്ധാരണം കങ്കഥകൾപോലെ കൗതുകവും ഒരുവനുള്ളിലെ അന്വേഷണത്വരയുടെ പൂർത്തീകരണവുമാണ്. മനുഷ്യർ ചെന്നുപെടുന്ന ദുർഘടസന്ധികൾ അവരിൽ സമ്മർദ്ദമേകും. കുറ്റാന്വേഷണ ചിത്രങ്ങളും പ്രേക്ഷകരിൽ സമ്മർദമക്ഷോക്കും. ഇതു തനിക്കല്ലല്ലോ മറ്റൊരാൾക്കാണല്ലോ സംഭവിക്കുന്നത് എന്ന ആശ്വാസം പ്രേക്ഷകരെ വലിയ ആശ്വാസത്തിൽ കൊണ്ടുചെന്നെത്തിക്കും.
മലയാളത്തിൽ കുറ്റാന്വേഷണ ചിത്രങ്ങൾ ഏറെയാണെങ്കിലും അതിൽ കലാത്മകമായവ വിരളമാണ്. കുറ്റാന്വേഷണത്തിന്റെ പരന്പരാഗത മുൻവിധികളെ മറ്റിമറിച്ച ചിത്രങ്ങൾ പരാജയമടഞ്ഞതും നമുക്ക് അറിയാവുന്നതുമാണ്. കുറ്റാന്വേഷണത്തിന്റെ ശാസ്‌ത്രീയരീതികളെ ഉപയോഗപ്പെടുത്തി നവാഗത സംവിധായകനായ റോബി വർഗീസ് രാജ് ‘മമ്മൂട്ടിക്കന്പനി’ക്കുവേണ്ടി ഒരുക്കിയ ചിത്രമാണ് ‘കണ്ണൂർ സ്‌ക്വാഡ്’. പ്രത്യേക കുറ്റകൃത്യങ്ങൾ അന്വേഷിക്കുവാനായി പൊലീസ് സേനയ്‌ക്കുള്ളിൽ സ്‌പെഷ്യൽ സ്‌ക്വാഡുകൾക്ക് രൂപം നൽകാറുണ്ട്. അത്തരത്തിലൊരു സ്‌ക്വാഡാണ് ‘കണ്ണൂർ സ്‌ക്വാഡ്’. ശ്രീജിത് ഐപിഎസ് കണ്ണൂർ എസ്‌പിയായിരുന്ന കാലത്ത് രൂപീകരിച്ച ‘കണ്ണൂർ സ്‌ക്വാഡി’ന്റെ അന്വേഷണ ഡയറികളെ ആസ്‌പദമാക്കി മെനഞ്ഞെടുത്ത കഥയാണീ സിനിമയ്‌ക്കാധാരം. മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജ് എന്നിവർ ചേർന്നാണ് തിരക്കഥയ്‌ക്ക് രൂപം നൽകിയിരിക്കുന്നത്.
ഈ സ്‌ക്വാഡിന്റെ ‘മോഡസ് ഓപ്പറാണ്ടി’ പരിചയപ്പെടുത്തിക്കൊണ്ടാണ് തുടക്കം. ചില വിവരങ്ങളുടെയും സൂചനകളുടെയും അടിസ്ഥാനത്തിൽ, വനത്തിനുള്ളിൽ താവളമടിച്ച ഒരു ക്രിമിനൽ സംഘത്തെ കീഴ്‌പ്പെടുത്തുന്നതും മറ്റുമാണ് ‘ഇൻട്രോ’യിൽ. സിനിമയുടെ പൊതുഗാത്രത്തിനോട് ചേർന്നുനിൽക്കാത്തതെങ്കിലും നന്നായി എടുത്തിട്ടുള്ള ഒന്നാണ് ഈ ഇൻട്രോ. ദൗത്യനിർവഹണശേഷം പല സ്ഥലങ്ങളിലേക്ക് ടീം അംഗങ്ങൾ മാറ്റപ്പെടുന്നു.
‘സൂപ്പർ ഹ്യൂമൻ’ ഇമേജുള്ളവരല്ല ഈ ടീം അംഗങ്ങൾ. അവരെ അവരവരുടെ തൊഴിൽസ്ഥലങ്ങളിൽ നിർത്തി പരിചയപ്പെടുത്തുന്നുണ്ട് സംവിധായകൻ. പൊലീസ് ദിനസരികളിൽ വ്യാപൃതരും അപ്രസക്തരുമായ മനുഷ്യരാണവർ. ഒരു പിഎഫ് വായ്‌പയ്‌ക്കുവേണ്ടി ഓഫീസ് ക്ലാർക്കിനുമുന്നിൽ കെഞ്ചേണ്ടിവരുന്നവർ, അല്ലറ ചില്ലറ കൈക്കൂലിക്കേസിൽ പെട്ടുപോകുന്നവർ, മറ്റുള്ളവരാൽ അവഗണിക്കപ്പെടുന്നവർ എന്നിങ്ങനെ കഴിഞ്ഞുകൂടുന്നവർ.
അങ്ങനെയിരിക്കുമ്പോഴാണ് വ്യവസായിയും രാഷ്‌ട്രീയ ‘ഹെവി വെയ്‌റ്റു’മായ അബ്ദുൽ വഹാബിന്റെ കാസർകോട്ടെ വീട് കൊള്ളയടിക്കപ്പെടുന്നതും മകൾ ബലാത്സംഗത്തിന് ഇരയാകുന്നതും. കൊള്ളയ്‌ക്കിടയിൽ വഹാബ് കൊല്ലപ്പെടുന്നു.കണ്ണൂർ ജില്ലാ പൊലീസ് സൂപ്രണ്ടായ മനു നീതി ചോളൻ (കിഷോർ) കണ്ണൂർ സ്‌ക്വാഡ് പുനരുജ്ജീവിപ്പിക്കുന്നു. ജോർജ് മാർട്ടിൻ എഎസ്‌ഐ (മമ്മൂട്ടി), ജയകുമാർ സിപിഒ (റോണി ഡേവിഡ് രാജ്), ജോസ് സക്കറിയ സിപിഒ (അസീസ് നെടുമങ്ങാട്), മുഹമ്മദ് ഷാഫി സിപിഒ (ശബരീഷ് വർമ) എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങൾ.
പത്തുദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടിച്ചിരിക്കണമെന്ന ഉഗ്രശാസനത്തിനു കീഴിലെ സമ്മർദത്തിൽ ടീം ശാസ്‌ത്രീയ മാർഗങ്ങൾ അവലംബിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുന്നു. കോൾ ഡീറ്റയിൽസ്, സിസിടിവി ഉൾപ്പെടെ എന്തെല്ലാം മാർഗങ്ങൾ! രക്ഷപ്പെട്ട മുഖ്യപ്രതിക്കുവേണ്ടി അന്വേഷണം പല ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുന്നു. ഒരു ടാറ്റാ സുമോയിൽ പ്രതികൾക്കു പിന്നാലെ കണ്ണൂർ സ്‌ക്വാഡ് നടത്തുന്ന പാച്ചിലാണ് ഈ സിനിമയുടെ ശരീരം.
കണ്ണൂർ, കാസർകോട്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാല, പൂനെ, മുംബൈ, ഉത്തർപ്രദേശ്, ബൽഗാം, മാംഗളൂർ, കോയന്പത്തൂർ എന്നീ സ്ഥലങ്ങളിലൂടെ ടീം യാത്രചെയ്യുന്നു. ക്രൈം ത്രില്ലർ എന്ന ഗണത്തിലോ കുറ്റാന്വേഷണം എന്ന ഗണത്തിലോ പരിഗണിക്കാവുന്ന ഈ ചിത്രത്തെ ‘റോഡ് മൂവി’ എന്നു വിഷേിപ്പിക്കാവുന്നതാവും കൂടുതൽ ഉചിതം.
ഇന്ത്യൻ എന്ന അപാരമായ കാഴ്‌ചയിലേക്ക് കഥാബാഹ്യമായി ഇടപെടാൻ മുഹമ്മദ് റാഹിലിന്റെ ക്യാമറ തയ്യാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും അന്വേഷണ ഉദ്യോഗസ്ഥരെയും വഹിച്ച് ടാറ്റാ സുമോയുടെ പ്രയാണപഥങ്ങൾ അതീവ ആസ്വാദ്യകരമാണ്.
നന്മതിന്മകളുടെ സാമാന്യ കളങ്ങൾക്കുള്ളിൽ നിൽക്കാത്ത സാധാരണ മനുഷ്യരാണ് സ്‌ക്വാഡ് അംഗങ്ങൾ. പൊലീസ് ജീവിതത്തിന് സ്വയം സമർപ്പിച്ചവനാണ് ടീം ലീഡർ ജോർജ് മാർട്ടിനെങ്കിലും ജീവിതത്തിന്റെ പങ്കപ്പാടുകൾ അലട്ടുന്ന സാധാരണ പൊലീസുകാരാണ് മറ്റുള്ളവർ. അവർ സഞ്ചരിക്കുന്നത് ഒരു ടാറ്റാ സുമോയിലാണ്. അജൈവമായ ഒരു വസ്‌തുവിനെ ജൈവമാക്കാൻ കഴിയുന്ന മാജിക്കാണ് സിനിമ. ടീമിന്റെ അന്വേഷണം പലപ്പോഴും മൊബൈൽ ഡാറ്റകളെ ആശ്രയിച്ചാണ് മുന്നോട്ടു നിക്കുന്നത്. ഓരോ മനുഷ്യനും റഡാറിനു കീഴിലാണ് ജീവിക്കുന്നത് എന്ന വസ്‌തുത നമ്മെ ഞെട്ടിപ്പിക്കേണ്ടതുണ്ട്. കുറ്റവാളികളെ പിടികൂടാൻ അതു സഹായകരമാണെങ്കിലും ഓരോ വ്യക്തിയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിരീക്ഷണത്തിന്റെ രാവണൻ കോട്ടയ്‌ക്കകത്താണ്. വിവിധ സംസ്ഥാനങ്ങളിലൂടെ അതതിടങ്ങളിലെ പൊലീസുമായി സഹകരിച്ചാണ് കണ്ണൂർ സ്‌ക്വാഡ് നീങ്ങുന്നത്.
മുംബൈ പോലുള്ള മഹാനഗരത്തിലെ നിരത്തിലിറങ്ങി ഒരു ഫോട്ടോ കാണിച്ച് ഇയാളെ അറിയാമോയെന്നു കണ്ണിൽ കണ്ടവരോടെല്ലാം തിരയുന്നത് അങ്ങേയറ്റം പരിഹാസ്യമായി തോന്നി. ഓരോ നിമിഷവും തെറ്റിമാറുന്ന കുറ്റവാളി അഭയം തേടിയ വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ കണ്ണൂർ സ്‌ക്വാഡ് തദ്ദേശ പൊലീസുകാരനോടൊപ്പം എത്തി സാഹസികത കാണിക്കുന്നത് തികച്ചും അവിശ്വസനീയമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ മുൻനിർത്തി നടത്തുന്ന ചെറുത്തുനിൽപ്പ് ‘മമ്മൂട്ടിയല്ലേ, രക്ഷപ്പെട്ടോളും’ എന്ന പ്രേക്ഷകവികാരത്തെ നന്പി മാത്രം ചിത്രീകരിച്ചിട്ടുള്ളതാണ്. ‘തീരൻ അധികാരം ഒൺട്ര്’, ‘കുറ്റവും ശിക്ഷയും’ എന്നീ സിനിമകളിൽ ഇതുപോലെയുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യൻ ഗ്രാമങ്ങളാകെ കൊള്ളക്കാരുടെയും കുറ്റവാളികളുടെയും ഒളിയിടങ്ങളാണെന്ന ‘നരേറ്റീവ്’ തെറ്റു മാത്രമല്ല തെക്കേ ഇന്ത്യക്കാരുടെ വടക്കേ ഇന്ത്യയെപ്പറ്റിയുള്ള മുൻവിധിയുടെ പ്രകടിത രൂപവുമാണ്. മൂന്നോ നാലോ പൊലീസുകാർ എത്തി അടിച്ചുതകർത്ത് കടന്നുകളയാവുന്ന അത്ര ദുർബലരാണോ വടക്കേ ഇന്ത്യൻ ഗ്രാമനിവാസികൾ. ഇത്തരം പരിപാടികൾ സിനിമാക്കാർ അവസാനിപ്പിക്കേണ്ടതാണ്. യാഥാർഥ്യബോധത്തോടെയും സൂക്ഷ്‌മമായ നിരീഷണങ്ങളുടെ പിൻബലത്തിലും മാത്രമേ ഇത്തരം ‘ഓപ്പറേഷനുകൾ’ ചിത്രീകരിക്കാൻ പാടുള്ളൂ.
ഈ കുറ്റാന്വേഷണ ചിത്രത്തിൽ വിള്ളലുകളും പാളിച്ചകളും നിരവധിയാണ്. കണ്ണൂർ സ്‌ക്വാഡ് എത്തുന്ന ഇടങ്ങളിലെല്ലാം അവർക്കായി വഴിമാറുന്ന സാഹചര്യങ്ങൾ വിശദീകരിക്കാനായിട്ടില്ല. ഇന്തോ‐നേപ്പാൾ അതിർത്തിയിൽ നടക്കുന്ന സംഘട്ടനവും സൈനികരുടെ ഇടപെടലും വിശ്വസനീയമല്ല. പിടികൂടപ്പെട്ട കുറ്റവാളികൾ ഒരു വനമേഖലയിൽവച്ച് ഒരു വഴി ചൂണ്ടിക്കാട്ടി ഇതുവഴിയാണ് ‘അയാൾ’ രക്ഷപ്പെട്ടത് എന്നു പറയുമ്പോൾ ചിരിയടക്കാനായില്ല.
വളർന്നുവരുന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഇന്ത്യയെന്ന അതിവിശാല ഭൂമികയിലേക്ക് ഇറങ്ങിത്തിരിച്ച പൊലീസുകാരുടെ സഞ്ചാരപഥങ്ങൾ കാഴ്‌ചയുടെ ഉത്സവം തീർക്കുന്നു എന്നത് നേരാണ്. അവിശ്വസനീയമെങ്കിലും വീരാരാധനയിലധിഷ്‌ഠിതമെങ്കിലും സംഘട്ടനരംഗങ്ങൾ ചൂടേറിയതാണ്. സാധാരണ പൊലീസുകാർ ഓരോ കേസിനു പിന്നാലെയും പാഞ്ഞ് പ്രതികളെ പിടികൂടാൻ യത്നിക്കുമ്പോൾ സാന്പത്തിക വിനിയോഗത്തിന്റെ തട്ടുകൾ ചൂണ്ടിക്കാട്ടി അവർക്ക് ആധുനിക സഞ്ചാരമാർഗങ്ങൾ നിഷേധിക്കുന്നത് ശരിയായി ചിത്രീകരിച്ചിട്ടുണ്ട്.
സാധാരണ പൊലീസുകാരുടെ അസാധാരണ ജീവിതത്തെ ഫോക്കസ് പോയിന്റിൽ നിർത്തി വികസിപ്പിച്ച് ഒരു മെഗാ പ്രോജക്ടായി വിഭാവനം ചെയ്‌ത് അത്യന്തം ആവേശത്തോടെ കാണാൻ പറ്റിയ ഒരു സിനിമ തന്നെയാണ് കണ്ണൂർ സ്‌ക്വാഡ്. മമ്മൂട്ടി ഉൾപ്പെടെയുള്ള നടന്മാരുടെ സ്വാഭാവികാഭിനയം ഈ സിനിമയുടെ മികച്ച ഘടകങ്ങളിലൊന്നാണ്. ♦