Wednesday, February 28, 2024

ad

Homeനാടൻകലനാടൻകല: നൃത്തവും നാടകവും

നാടൻകല: നൃത്തവും നാടകവും

ഡോ. ശശിധരൻ ക്ലാരി

നാടൻ കലകളെ നാടോടി നൃത്തം (Folk dance) നാടോടി നാടകം (folk drama) എന്നിങ്ങനെ വിഭജിയ്ക്കാമെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. എല്ലാ കലകളുടെയും മാതൃത്വം നൃത്തത്തിന് അവകാശപ്പെട്ടതാണ്. മാനവജീവിതത്തിന്റെ ആദ്യഘട്ടത്തിൽ, പക്ഷി-മൃഗാദികളുടെ അനുകരണം നൃത്തത്തിലേക്ക് നയിച്ചു എന്നതാണ് പൊതുവെ അംഗീകരിച്ചിട്ടുള്ള വാദം. ആദിമജീവിതം കൂട്ടായ്മയിൽ ഊന്നിയിട്ടുള്ളതാണ്. ഒന്നിച്ചുപണിയെടുക്കുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്തു കഴിക്കുക, ഒന്നിച്ചു നൃത്തം ചെയ്യുക എന്നിങ്ങനെ. നൃത്തം വികാരപ്രകടനത്തിനുള്ള ഉപാധിയാണ്. കേവല നൃത്തം ഒരാശയത്തേയും പ്രതിഫലിപ്പിക്കുന്നില്ല. മനുഷ്യജീവിതത്തിന്റെ പ്രാകൃതഘട്ടത്തിൽ, സന്തോഷവും സങ്കടവും, നൃത്തത്തിലൂടെ പ്രകടിപ്പിക്കപ്പെട്ടുപോന്നു. ഈ നൃത്തത്തെ ‘പ്രാകൃതനൃത്തം’ (primitive dance) എന്നുപറയാം. എല്ലാവരും ഒ ന്നിച്ചു നൃത്തം ചെയ്യുന്നു എന്ന സവിശേഷതയുണ്ട്. ആദിവാസി ജനതയുടെ മൃഗാനുകരണങ്ങളും നായാട്ടു നൃത്തങ്ങളും ഈ വിഭാഗത്തിൽ വരുന്നവയാണ്. ഏലേലം കരടി (മണ്ണാർക്കാട്), കുറുവർ കളി (വയനാട്), നായ്ക്കർ കളി (വയനാട്) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

പ്രാകൃതനൃത്തത്തിന്റെ കുറേക്കൂടി വികസിച്ച രൂപമാണ് നാടൻ നൃത്തം (folk dance). ശരീര ചലനങ്ങൾക്ക് ബോധപൂർവ്വമായ അനുകരണമാണ് ഇതിന്റെ അടിസ്ഥാനം. ഇത് ഒരു ദേശത്തിന്റെ ജീവിത രീതികളുമായി ബന്ധപ്പെട്ടു നിൽക്കുന്നു. നാടൻ നൃത്തം ഒരു ജനതയുടെ സാംസ്കാരിക വേരുകളെ കണ്ടെത്തുന്നുണ്ട്. സംഗീതത്തിനൊപ്പമുള്ള ശാരീരിക ചലനങ്ങളാണ് നൃത്തമായി പരിണമിക്കുന്നത് എന്ന അഭിപ്രായം, ഈ നൃത്തവിശേഷത്തിനും ബാധകമാണ്. ചുവടുകൾക്കും അംഗചലനങ്ങൾക്കും, താള പ്രാധാന്യവുമുണ്ട്. നാടൻ നൃത്തത്തിന്റെ ധർമ്മം പൊതുവെ വിനോദമാണ്. എന്നാൽ, അനുഷ്ഠാന സാഹചര്യങ്ങളിലെ നൃത്തങ്ങൾ ആരാധനതന്നെയാണ് എന്നുപറയാം. ഒറ്റ നൃത്തം (Single dance), സംഘനൃത്തം (group dance) എന്നിങ്ങനെ നാടൻ നൃത്തത്തിനും പിരിവുകളുണ്ട്. അർജ്ജുനേനൃത്തം, കുംഭനൃത്തം, തിടമ്പു ന ത്തം തുടങ്ങിയവ ഒറ്റ നൃത്തങ്ങളാണ്. കൈകൊട്ടിക്കളി, ചവിട്ടുകളി, മാർഗംക ളി തുടങ്ങിയവ സംഘനൃത്തങ്ങളുമാണ്. സംഘനൃത്തത്തിന് വട്ടനൃത്തം (circle dance), വരിനൃത്തം (Line dance) എന്നീ പിരിവുകളും കാണുന്നു. കേരളത്തിൽ പൊതുവെ വട്ടനൃത്തത്തിനാണ് പ്രാധാന്യം കാണുന്നത്. നാടൻ നൃത്തങ്ങളിൽ പുരുഷനൃത്തം, സ്ത്രീനൃത്തം, സ്ത്രീ-പുരുഷ സംയുക്ത നൃത്തം എന്നിങ്ങനെയും പതിവുണ്ട്. നാടോടി നൃത്തത്തിന്റെ ഒരു തുടർച്ചയായിട്ടുവേണം നാടോടി നാടകത്തെ വിലയിരുത്താൻ. അംഗചലനങ്ങളോടും അഭിനയത്തോടുമൊപ്പം സംഭാഷണങ്ങളിലൂടെ കഥാഗതിയെ വളർത്തിയെടുക്കുകയാണ് നാടോടി നാടകത്തിൽ ചെയ്യുന്നത്. നൃത്തവും അനുഷ്ഠാനവും ഇതിന്റെ ഭാഗമാണ്. കൂടുതലും അനു ഷ്ഠാന പരിസരങ്ങളിൽ, അരങ്ങേറുന്നു എന്നതിനാൽ, ആരാധനക്കുള്ള മാർഗ്ഗം കൂടിയായിട്ടാണ് നാടോടി നാടകങ്ങളെ കരുതുന്നത്. അപൂർവ്വം ചിലത്, വിനോദപരമായിട്ടുള്ളവയുമാണ്. അനുഷ്ഠാനത്തിനിടയ്ക്ക് വിനോദരംഗങ്ങളും ഉള്ള നാടോടി നാടകങ്ങളുമുണ്ട്. ഈ വിനോദരംഗങ്ങളെ ‘പുറാട്ട്’ എന്നാണ് പറയുക. പുറം+ആട്ട് (ആട്ടം) പുറാട്ട്. അനുഷ്ഠാനത്തിനു പുറത്തുള്ള ആട്ടം എന്നാണ് ഇതിനർത്ഥം. മുടിപ്പേച്ച്, മുടിയേറ്റ്, ഐവർകളി, കണ്യാർ കളി, ചവിട്ടുനാടകം, ആര്യന്മാല തുടങ്ങിയവ നാടോടി നാടകങ്ങൾക്ക് ദൃഷ്ടാന്തങ്ങളാണ്.

കേരളത്തിലെ നാടോടി നാടകങ്ങളെക്കുറിച്ചുള്ള കൃതികളും പഠനങ്ങളും നടന്നിട്ടുള്ളത് യഥാർത്ഥത്തിൽ കേരളപ്പിറവി (1956 നവംബർ 1)ക്കു ശേഷമാണ്. വി എ കുട്ടികൃഷ്ണമേനോന്റെ ‘കേരളത്തിലെ ‘കേരളത്തിലെ നടനകല’ (1957), കെ.ആർ പിഷാരോടിയുടെ ‘നമ്മുടെ ദൃശ്യകല’ (1957) എന്നിവയാണ് ഈ രംഗത്തെ ആദ്യകൃതികൾ. ‘തോറ്റംപാട്ട്’ (1958-ജി. ശങ്കരപ്പിള്ള, ‘കേരളത്തിലെ കാളിസേവ’ (1959-ചേലനാട്ട് അച്യുതമേനോൻ) എന്നിവയും നാടോടി നാടകങ്ങളെ പ്രതിപാദിക്കുന്നവയാണ്. എന്നാൽ കേരളത്തിലെ നാടോടി നാടകങ്ങളെ വർഗീകരണ വിധേയമാക്കി അവതരിപ്പിച്ചത് ഡോ. എസ്.കെ നായരാണ്. ‘കേരളത്തിലെ നാടോടി നാടകങ്ങൾ’ എന്ന കൃതിയിൽ അദ്ദേഹം അവയെ നാലായി തിരിച്ചിരിക്കുന്നു. അനുഷ്ഠാനനാടകങ്ങൾ (Ritual plays) അനുഷ്ഠാനാഭാസ നാടകങ്ങൾ (Pseudo ritualistic plays), സാങ്കേതികാഭാസ നാടകങ്ങൾ അനുഷ്ഠാനേതരനാടകങ്ങൾ (Non ritual plays) എന്നിങ്ങനെയാണ്.

ദേവതാപ്രീണനത്തിനുവേണ്ടി നടത്തിവരുന്ന മുടിയേറ്റ്, തിയ്യാട്ട്, അയ്യപ്പൻപാട്ട്, തിറയാട്ടം എന്നിവ അനുഷ്ഠാന നാടകങ്ങളാണ്. ആരാധനയേക്കാൾ വിനോദത്തിനു പ്രാധാന്യം നൽകുന്ന യാത്രാകളി, ഏഴാമത്തുകളി തുടങ്ങിയവയാണ് അനുഷ്ഠാനാഭാസ നാടകങ്ങളിൽ വരുന്നത്. സാങ്കേതികാഭാസ നാടകങ്ങളിൽപ്പെടുന്നത് ക്ലാസിക് കലകളെ അനുകരിച്ച് രൂപപ്പെടുന്ന കംസനാടകം, മീനാക്ഷി കല്യാണം എന്നിവയാണ്. കേവലം വിനോദത്തിനുവേണ്ടി മാത്രം അവതരിപ്പിക്കുന്ന പങ്കാളി, കാക്കാരശ്ശി നാടകം, കുറത്തിയാട്ടം, പുറാട്ട് നാടകം എന്നിവ അനുഷ്ഠാനേതര നാടകവിഭാഗത്തിലും പെടുന്നു. ഇവ ഓരോന്നും ‘കേരളത്തിലെ നാടോടി നാടകങ്ങൾ’ എന്ന കൃതിയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കേരളത്തിലെ നാടോടി നാടകങ്ങളെ മൂന്നായി വിഭജിയ്ക്കാമെന്നാണ് ഡോ. എം.വി. വിഷ്ണുനമ്പൂതിരിയുടെ പക്ഷം; അനുഷ്ഠാനം, വിനോദം, അനുകാരിതം എന്നിങ്ങനെ. ദേവതാപ്രീണനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നവ അനുഷ്ഠാനം (തെയ്യം, തിറ, മുടിയേറ്റ്, തിയ്യാട്ട് തുടങ്ങിയവ); കേവലം വിനോദം മാത്രം ലക്ഷ്യമിടുന്നവ വിനോദം (കാക്കാരശ്ശി നാടകം, കണ്യാർകളി, കുറത്തിയാട്ടം തുടങ്ങിയവ); ശാസ്ത്രീയ കലകളേയും മറ്റും അനുകരിച്ചുകൊണ്ടുള്ളവ അനുകാരിതം (ചവിട്ടുനാടകം, മീനാക്ഷി നാടകം, കല്യാണി നാട കം തുടങ്ങിയവ). ഈ വർഗീകരണം, പക്ഷേ അതിവ്യാപനസാധ്യത കൂടുതൽ ഉള്ളതാണെന്ന നിരീക്ഷണമുണ്ട്.

അനുഷ്ഠാനം, അനുഷ്ഠാനേതരം എന്ന വിഭജനവും എറെ യുക്തിസഹമാണ്. ദേവതാരാധനാപരവും ദേവപ്രീതിപരവുമായ നാടോടി നാടകങ്ങളാണ് അനുഷ്ഠാനം എന്ന വിഭാഗത്തിൽ വരുന്നത്. വിനോദത്തിനും സാമൂഹ്യവിമർശനത്തിനും മുൻഗണന നൽകുന്നവയെ ‘അനുഷ്ഠാനേതരം’ എന്ന ഗണത്തിലും ഉൾപ്പെടുത്തുന്നു. തെയ്യം, തിറ, മുടിയേറ്റ്, പടേനി, തീയ്യാട്ട് തുടങ്ങിയവ ആദ്യഗണത്തിലും വരുന്നു. അനുഷ്ഠാന നാടകങ്ങളിലെ കഥാവസ്തു അലൗകികവും അനുഷ്ഠാനേതര നാടകങ്ങളിലേത് ലൗകികവുമാണ്. അനുഷ്ഠാന നാടകങ്ങൾ അരങ്ങേറുന്നത് ക്ഷേത്രങ്ങൾ കാവുകൾ, മറ്റ് ആരാധനാകേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ്. എന്നാൽ അനുഷ്ഠാനേതര നാടകങ്ങൾക്ക് ആരാധനാ കേന്ദ്രങ്ങളുമായി ദൃഢബന്ധം ഉണ്ടാകണമെന്നില്ല. എന്നാൽ ഇത്തരം നാടകങ്ങളിൽ പൊതുവെ അത്‌ കാണുന്നുമുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × five =

Most Popular