Thursday, May 2, 2024

ad

Homeനാടകംപുതിയ മേഖലകൾ തേടുന്ന നാടകവേദി

പുതിയ മേഖലകൾ തേടുന്ന നാടകവേദി

ബഷീർ മണക്കാട്‌

തിരുവനന്തപുരം നഗരമധ്യത്തുള്ള അട്ടക്കുളങ്ങരയിലെ കുടുസ്സുമുറിയിലിരുന്ന് നാടകാചാര്യനായ പി.കെ.വേണുക്കുട്ടൻ നായർ തന്റെ ഉള്ളിലെ ഒരു വലിയ സ്വപ്നത്തെക്കുറിച്ച് ആവർത്തിച്ച് പറയുമായിരുന്നു: “ബ്രിട്ടനിലെ റോയൽ കോർട്ട് തിയേറ്ററിലും ,സോവിയറ്റ് യൂണിയനിലെ മോസ്ക്കോ ആർട്ട് തിയേറ്ററിലും, അമേരിക്കയിലെ ബ്രോഡ് വേയിലും നടന്ന മാതിരി ഒരു സ്ഥിരം നാടകശാല. അതിനുള്ളിൽ നാടക റിഹേഴ്സലിന് വേണ്ട സ്ഥലം. നാടക പഠനങ്ങൾക്കായി ഒരു വായനശാല. ‘‘ഈ സ്വപ്നസാക്ഷാത്കാരത്തിനായി പലപ്പോഴായി കരുതിവെച്ച പണമെല്ലാം അമച്വർ നാടക അവതരണങ്ങൾക്കായി ചോർന്നുപോയി. സ്വപ്നം മാത്രം ബാക്കിയായി മുറിവേറ്റ മനസ്സോടെ അദ്ദേഹം യാത്രയായി.

ഇവിടെ പുതിയ നാടകസങ്കേതങ്ങളും ഭാവങ്ങളും ഉൾക്കൊണ്ട് കാലത്തിനനുസൃതമായ രംഗപരീക്ഷണങ്ങൾ അരങ്ങേറുന്നുണ്ട്. നല്ല നാടകങ്ങളുണ്ടാകുന്നുണ്ട്. സിനിമാശാലകളിലെന്നപോലെ പണം കൊടുത്ത് നാടകം കാണാൻപ്രേക്ഷകരുണ്ട്. പക്ഷേ, നാടകാചാര്യൻ സ്വപ്നം കണ്ട മാതിരി ഒരു സ്ഥിരം നാടകശാലയും നാടകത്തെ ഗൗരവപൂർവം സമീപിക്കുന്നവർക്ക് നാടകമൊരുക്കാനുള്ള റിഹേഴ്സൽ സ്ഥലം, നാടകപഠനങ്ങൾക്കായി മാത്രം ഒരു ലൈബ്രറി ഇതെന്തേ ഉണ്ടാകുന്നില്ല? ഈ ആവശ്യങ്ങൾ സർക്കാരിന്റെ മുന്നിലെത്തിക്കാൻ ആരും ശ്രമം നടത്തുന്നുമില്ല.

പ്രൊഫഷണൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വാണിജ്യ നാടക സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും നാടക മുതലാളിമാരും ഏജൻസികളും മത്സരിക്കുമ്പോൾ നാടകവളർച്ചയ്ക്ക് കാരണക്കാരായ അമച്വർനാടകസംഘങ്ങൾക്ക് ലഭിക്കുന്നത് അവഗണന മാത്രം. അവർ നാടക റിഹേഴ്സലിനായ് മുമ്പ് ലൈബ്രറികളെയാണ് ആശ്രയിച്ചിരുന്നത്.ആ ഇടമെല്ലാം ഇന്ന് നഷ്‌ടമായി. റിഹേഴ്സലിനായി ഒരു സ്ഥിരംഇടമില്ലാത്ത അവസ്ഥയിലായി. മാത്രമല്ല കടം വാങ്ങിയ പണം കൊണ്ട് നാടകമൊരുക്കിയാൽ ഒറ്റക്കളിയിൽ ഒതുങ്ങുക എന്നതാണ് പല നാടകസംഘങ്ങളുടെയും ദയനീയ സ്ഥിതി.

സിനിമയെ വളർത്താനും സിനിമാശാലകൾ മത്സരിച്ചു പണിതുയർത്താനും പേരെടുക്കാനും നിരവധി പേരുണ്ട്. സിനിമാ താരമായാൽ ജനശ്രദ്ധ അധികമാണ്.

അധികാരസ്ഥാനങ്ങളിൽ പോലും സിനിമാക്കാർക്ക്‌ സ്ഥാനമുണ്ട്‌. അവർക്ക് ജനശ്രദ്ധ ലഭിക്കുമെന്ന മുരട്ടു വാദവുമുണ്ട്. സാമൂഹികമായ സ്വീകാര്യതയുമുണ്ട്. എന്നാൽ നാടകത്തിനും അതിന്റെ പ്രവർത്തകർക്കും ഇത്തരത്തിലൊരു പരിഗണന ലഭിക്കുന്നില്ല എന്നതാണ്‌ യാഥാർഥ്യം.

നാടിന്റെ സാമൂഹ്യ മാറ്റത്തിനുംവളർച്ചയ്ക്കും കാരണമായ ഈ നേരിന്റെ കലാരൂപത്തിനും എന്തുകൊണ്ട്‌ ഇങ്ങനെ അവഗണിക്കപ്പെട്ടു എന്നത്‌ ചിന്തിക്കേണ്ടതാണ്‌.

നാടകമെന്ന നാട്ടുകലയുടെ കരുത്തറിയാനോ അതിനുവേണ്ടി വാദിക്കാനോ, നാടകക്കാരുടെ ദുരിത ജീവിതം കാണാനോ ആരുമില്ലാത്ത അവസ്ഥയാണിന്ന്‌. ജില്ലകൾ തോറും കുറഞ്ഞ നിരക്കിൽ നാടകം അവതരിപ്പിക്കാൻ പറ്റുന്ന ഒരു നാടകശാല എന്ന ആവശ്യം ഉയർന്നുവരണം.

നാടകകൃതിയുടെ ഘടനയിലും അവതരണത്തിലും, അഭിനയത്തിലും സാങ്കേതിക വിഭാഗങ്ങളിലുമെല്ലാം വിപ്ലവാത്മകമായ പരീക്ഷണങ്ങളും ചലനങ്ങളും നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കൂട്ടായ്മയുടെ സൗന്ദര്യശാസ്ത്രത്തിലൂന്നിയുള്ള നിരവധി രംഗാവതരണങ്ങൾ നടക്കുന്നു. പരീക്ഷണശീലരായ മികച്ച തിയേറ്റർ ആക്ടിവിസ്റ്റുകളുണ്ട്. ആധുനിക സാങ്കേതിക വിദ്യയെ അരങ്ങുമായി ലയിപ്പിക്കുന്ന നവമായ രംഗഭാഷകളൊരുങ്ങുന്നു. അടച്ചിട്ട നാടകശാലകളിൽ നിന്നും നിലവിലിരുന്ന സങ്കല്പങ്ങളെ പൊളിച്ചെഴുതി സിനിമയെ വെല്ലുന്ന തരത്തിൽ നൂതനമായ സാധ്യതകളുപയോഗിച്ച് വിശാലമായ തുറസ്സരങ്ങുകളിൽ നാടകമെത്തി പ്രേക്ഷകരെ നാടകത്തോടടുപ്പിക്കുകയാണ്.

നാടകത്തിന്റെ ഈ ഉയിർപ്പിനായി സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നാടക മേളകളും ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലുകളും ഉത്സവത്തിമിർപ്പോടെ അരങ്ങേറുന്നുണ്ട്. ഇതുവഴി അന്യസംസ്ഥാന നാടകങ്ങളും കേരളത്തിലെ നവ ചലനങ്ങളും കണ്ടറിയാനും പഠിക്കാനും നാടകക്കാർക്ക് സാധിക്കുന്നു.

നടൻ മുരളി ചെയർമാനായിരിക്കെ അന്നത്തെ മന്ത്രി എം.എ.ബേബിയുടെ ശ്രമഫലമായി നടപ്പിലായ ഇറ്റ്ഫോക്ക് അതിൻ്റെ എല്ലാവിധ വളർച്ചയോടും മുന്നേറുകയാണ്.ഇത് മലയാള നാടകവേദിക്ക് കരുത്തുപകരുകയും പ്രേക്ഷക പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തിൽ അമച്വർ നാടകവേദി പുതിയ മേഖലകൾ തേടി വളരുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + nine =

Most Popular