Monday, September 23, 2024

ad

Homeകവര്‍സ്റ്റോറിശ്രീമൂലം പ്രജാസഭയിലെ അധഃസ്ഥിതരുടെ ശബ്ദം

ശ്രീമൂലം പ്രജാസഭയിലെ അധഃസ്ഥിതരുടെ ശബ്ദം

ഡോ. പ്രസീത കെ (റിസര്‍ച്ച് അസിസ്റ്റന്റ്, സഭാ ടിവി)

മേലാളര്‍ക്ക് തങ്ങളുടെ അധികാരവും സമ്പത്തും നിലനിര്‍ത്താന്‍ എന്നും ഒരു അധഃസ്ഥിതവിഭാഗം ആവശ്യമായിരുന്നു. അവരുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്തല്ലാതെ മേലാളര്‍ക്ക് നിലനില്‍പ്പില്ല.‍ ജാതീയമായ നീചത്വം ആരോപിച്ച്, ഭൂമിയും ആരാധനാലയങ്ങളും പൊതുനിരത്തും വിദ്യാഭ്യാസസ്ഥാപനങ്ങളും എന്നുവേണ്ട സകല പൊതുയിടങ്ങളും നിഷേധിച്ചുകൊണ്ട് മാത്രമേ കീഴാളരുടെ അധഃസ്ഥിതി എന്നെന്നേയ്ക്കുമായി ഉറപ്പാക്കാനാവൂ എന്ന് ജാതി-ജന്മി-നാടുവാഴി തുടങ്ങിയ മേലാളവിഭാഗങ്ങള്‍ മനസ്സിലാക്കിയിരുന്നു. ജന്മസിദ്ധമായ ജാതിയുടെയും ആരാധനാധികാരങ്ങളുടെയും ശക്തിയിലാണ് സാമ്പത്തിക- അദ്ധ്വാന ചൂഷണങ്ങള്‍ നടത്തുന്നത് എന്ന് തിരിച്ചറിഞ്ഞ ശ്രീനാരായണഗുരുവിനെ പോലുള്ള പല നവോത്ഥാനനായകരും ആത്മീയമായ തത്വങ്ങളിലൂടെ ജാതിയേയും അസമത്വങ്ങളേയും നീക്കാന്‍ ശ്രമിച്ചു. ആ ശ്രമങ്ങള്‍ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ പൊതുയിടങ്ങളും ഭൂമിയും വിദ്യാഭ്യാസവും തുടങ്ങി തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന ഭൗതികസാഹചര്യങ്ങളാണ് മേലാളരുടെ ശക്തി എന്ന് തിരിച്ചറിയുകയും അതിനായി നേരിട്ട് പോരാട്ടത്തിനിറങ്ങുകയും ചെയ്തുകൊണ്ട് അയ്യൻകാളി കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ പ്രായോഗികരാഷ്ട്രീയത്തിന്റെ മുഖമായി. വില്ലുവണ്ടിസമരവും കല്ലുമാല സമരവും നടത്തിയതും വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതും ഊരൂട്ടമ്പലം പ്രക്ഷോഭവുമെല്ലാം അധഃസ്ഥിതരുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പോരാട്ടങ്ങളായിരുന്നു. സാമൂഹികമായ മാറ്റങ്ങള്‍ക്ക് സമാന്തരമായി രാഷ്ട്രീയമായ മാറ്റങ്ങളും നിയമനിര്‍മ്മാണങ്ങളും കൂടി സംഭവിക്കുമ്പോഴാണ് ആധുനിക ജനാധിപത്യരാഷ്ട്രം സാധ്യമാവുന്നത് എന്നതിന് മികച്ച ഉദാഹരണമാണ് അയ്യൻകാളിയടക്കമുള്ള നവോത്ഥാന നായകര്‍ കേരളത്തിന്റെ നിയമനിര്‍മ്മാണസഭയില്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍.

കേരളത്തിന്റെ സാമൂഹികമുന്നേങ്ങളുടെ പ്രതിഫലനമെന്ന നിലയ്ക്ക് കാണാവുന്ന ഒന്നാണ് തിരുവിതാംകൂറിലെ നിയമനിര്‍മ്മാണസഭയുടെ പരിണാമം. അതില്‍ പ്രധാനചുവടുവയ്പായി പറയാവുന്നതാണ് 1904ല്‍ ശ്രീമൂലം പ്രജാസഭ ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവരും സംഘടനകള്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവും ഭരണകൂടം നാമനിര്‍ദ്ദേശം ചെയ്യുന്നവരുമായ ആകെ 100 ആയിരുന്നു പ്രജാസഭയിലെ അംഗസംഖ്യ. തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലാണ് നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിരുന്നത്. ശ്രീമൂലം പ്രജാസഭയ്ക്ക് അതിനുള്ള അധികാരമുണ്ടായിരുന്നില്ലെങ്കില്‍ കൂടി, വര്‍ഷാവര്‍ഷം ചേരുന്ന സമ്മേളനങ്ങളില്‍ അംഗങ്ങള്‍ക്ക് ഉപക്ഷേപങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം നല്കപ്പെട്ടു. 1911 ഫെബ്രുവരി 18ന് ചേര്‍ന്ന ഏഴാം സമ്മേളനത്തില്‍, പുലയരുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന പി കെ ഗോവിന്ദപ്പിള്ള എന്ന അംഗം, ദിവാന് മുമ്പില്‍ ഒരു അപേക്ഷയറിയിച്ചു-: പുലയരുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരാളെ അംഗമാകാന്‍ അനുവദിക്കണമെന്നതായിരുന്നു അത്. എതിരഭിപ്രായമില്ലാത്തതിനാല്‍ ദിവാന്‍ അതിന് സമ്മതമറിയിച്ചു. അതുപ്രകാരം, 1912 ഫെബ്രുവരിയില്‍ ശ്രീമൂലം പ്രജാസഭയില്‍ പുലയരെ പ്രതിനിധീകരിച്ചുകൊണ്ട് അയ്യൻകാളി സഭയിലെത്തി.

1912 ഫെബ്രുവരി 27 ന് ശ്രീമൂലം പ്രജാസഭയില്‍ അയ്യൻകാളി ആദ്യമായി തന്റെ ഉപക്ഷേപം അവതരിപ്പിച്ച് സംസാരിച്ചു. തങ്ങള്‍ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തിന്റെ പൊതുവായ ആവശ്യം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കാണാന്‍ അവസരം നല്കുന്ന ഉപക്ഷേപം അയ്യൻകാളി തന്റെ നിയമസഭാംഗകാലത്തുടനീളം ഏറ്റവും അര്‍ത്ഥവത്തായി വിനിയോഗിച്ചു എന്ന് കാണാം. അദ്ദേഹത്തിന്റെ ആദ്യ ഉപക്ഷേപം പുതുവല്‍ പാട്ടഭൂമിക്കു വേണ്ടിയുള്ളതായിരുന്നു (അന്നത്തെ സഭാനടപടികളില്‍ ഇത്തരം ഉപക്ഷേപങ്ങളും മറ്റും അത് അവതരിപ്പിക്കുന്നവരുടെ വാക്കുകളിലല്ല, മറിച്ച് മിനിറ്റ്സ് രൂപത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്തിരുന്നത് എന്നതുകൊണ്ട് അയ്യൻകാളി എങ്ങനെ വിഷയം അവതരിപ്പിച്ചു എന്നത് അറിയാന്‍ കഴിയുന്നില്ല). നെയ്യാറ്റിന്‍കര, വിളവന്‍കോട്, തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളില്‍ കരം പിരിവില്ലാതെ തരിശായി കിടക്കുന്ന ഭൂമി പുതുവല്‍ ആയി പതിച്ചുനല്കാന്‍ ആവശ്യപ്പെട്ട് നല്കിയ നിവേദനങ്ങള്‍ക്കൊന്നും ഫലമുണ്ടായില്ലെന്നും റവന്യു ഉദ്യോഗസ്ഥരും ഉന്നതവിഭാഗങ്ങളും അതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നെന്നും അയ്യൻകാളി സഭയില്‍ തുറന്നടിച്ചു. പുലയര്‍ വാസയോഗ്യവും ഉല്പാദനക്ഷമവുമാക്കിയ, അവര്‍ക്ക് ജീവിക്കാന്‍ അനുവദിച്ച് ഭൂമിയില്‍ നിന്നുപോലും അവരെ പുറത്താക്കിയെന്നും റാന്നി – ചെങ്ങന്നൂർ താലൂക്കിലെ വലിയകാവുങ്കൽ, ചങ്ങനാശേരി താലൂക്കിലെ ആലപ്ര മുറി, തിരുവല്ല താലൂക്കിലെ പെരുമ്പത്ത് മുറി തുടങ്ങിയ ഇടങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചില പണക്കാരുടെ ഒത്താശയോടെ പുലയര്‍ താമസിച്ചിരുന്ന വനഭൂമികളില്‍ നിന്ന് അവരെ പുറത്താക്കുകയും അതേ സമയം അവ കയ്യേറാന്‍ മറ്റുപലരേയും അനുവദിക്കുകയും ചെയ്യുന്ന അനീതിയെ അദ്ദേഹം സഭയില്‍ വിശദീകരിച്ചു. പുതുവല്‍ രജിസ്ട്രേഷന് ലഭിച്ച 779 അപേക്ഷകളില്‍ 769 എണ്ണവും വിതരണം ചെയ്യാനാവാത്ത പുറമ്പോക്ക് ഭൂമിയാണെന്നും വിളപ്പില്‍ പകുതിയില്‍ 500 ഏക്കറിലധികം ഭുമി പതിച്ചുനല്കാനാവുമെന്നും അത് സമ്മതമെങ്കില്‍ പുലയര്‍ക്ക് പേഷ്കാറെ സമീപിക്കാമെന്നുമാണ് അന്ന് ദിവാന്‍ മറുപടി നല്കിയത്. തുടര്‍ന്ന് അടുത്ത സമ്മേളനത്തില്‍ പള്ളിപ്പുറം, കഴക്കൂട്ടം പകുതികളിലെ വീടില്ലാത്തവര്‍ക്കും ഭൂമി നല്കണമെന്ന് ആവശ്യപ്പെടുന്ന അയ്യൻകാളിയെ നമ്മള്‍ കാണുന്നു. അതിലപ്പുറം, കോട്ടയം ഭാഗത്തുനിന്നുള്ള പുലയര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്നതിന് അവിടെ നിന്നുള്ള പുലയര്‍ക്ക് ഒരു പ്രതിനിധിയെ അനുവദിക്കണമെന്ന ആവശ്യം കൂടി അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു. അങ്ങനെയാണ് 1914ല്‍ ടി.ചോതി കോട്ടയം ഡിവിഷനിലെ പുലയരെ പ്രതിനിധീകരിച്ച് ശ്രീമൂലം പ്രജാസഭയിലെത്തിയത്. അയ്യൻകാളിക്ക് മുമ്പ്, പുതുവല്‍ ഭൂമി പതിച്ചുകിട്ടാന്‍ പാര്‍പ്പിടവും ഭൂമിയുമില്ലാത്ത പുലയര്‍ സമര്‍പ്പിച്ച അപേക്ഷകള്‍,‍ അവര്‍ക്കുവേണ്ടി പി കെ ഗോവിന്ദപ്പിള്ള സഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ പുലയര്‍ക്ക് ഭൂമി ലഭ്യമാക്കണമെന്നും അതിന് നേരിടുന്ന തടസ്സങ്ങളെ കുറിച്ചും ആദ്യമായി ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിച്ച അവരുടെ തന്നെ പ്രതിനിധി അയ്യൻകാളിയാണ്. പുലയരുടെ സര്‍വതോമുഖമായ ഉന്നമനത്തിനു വേണ്ടി നിരന്തരം സഭയ്ക്ക് മുമ്പാകെ വാദിച്ച അയ്യൻകാളി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ വിശാലാര്‍ത്ഥത്തില്‍ എല്ലാ അധഃസ്ഥിതവര്‍ഗങ്ങൾക്കും ഗുണപ്രദമായി മാറ്റാനാവുന്നതായിരുന്നു.

സാധുജനപരിപാലന സംഘത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണ് അദ്ദേഹം സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്. പുലയരുടെ പ്രതിനിധിയായിട്ടാണ് അദ്ദേഹം സഭയെ അഭിസംബോധന ചെയ്തത്. എന്നാല്‍ കൃഷിഭൂമിയില്‍ അതിലദ്ധ്വാനിക്കുന്നവര്‍ക്ക് യാതോരു അവകാശവുമില്ലെന്നും നിയമപരമായി അവര്‍ക്ക് കൃഷിയ്ക്കും താമസത്തിനുമായി ഭുമി ലഭിക്കണമെന്നും അയ്യൻകാളി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആദ്യ സബ്മിഷന് നല്കിയ 500 ഏക്കര്‍ ഭൂമി പതിച്ചുനല്കല്‍ എന്ന വാഗ്ദാനം ഭാഗികമായി മാത്രമേ നടപ്പിലായുള്ളൂവെന്ന കാര്യം നിരന്തരം സഭയിലുന്നയിച്ചു. 1915 ഫെബ്രുവരി 24 ന് ചേര്‍ന്ന സമ്മേളനത്തില്‍ വിളപ്പില്‍ പകുതിയിലെ 500 ഏക്കര്‍ ഭൂമിയുടെ വിതരണം നാലോ അഞ്ചോ വര്‍ഷം മുമ്പ് പറഞ്ഞതാണെന്നും ഇനിയും അത് പൂര്‍ത്തിയായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തവര്‍ഷം, 1916ലെ സമ്മേളനത്തില്‍ പുലയര്‍ക്ക് അവരുടെ വിഭാഗത്തില്‍ നിന്ന് ആദ്യമായി ഒരു പ്രതിനിധിയെ അനുവദിച്ചതിനു ശേഷം ആദ്യമായി സമര്‍പ്പിക്കപ്പെട്ട ഉപക്ഷേപത്തിന് മറുപടിയായി ദിവാന്‍ പറഞ്ഞതാണ് വിളപ്പില്‍ പകുതിയിലെ 500 ഏക്കര്‍ ഭൂമി പതിച്ചുകൊടുക്കുമെന്നത്; എന്നാൽ പുലയര്‍ക്ക് അത് വേണ്ടവിധത്തില്‍ വിതരണം ചെയ്തുകിട്ടിയില്ലെന്നു മാത്രമല്ല, ഉന്നതരായ പലരും അവരുടെ സ്വാധീനം ഉപയോഗിച്ച് അതിലേറെ കൈക്കലാക്കുക കൂടി ചെയ്തെന്നുമുള്ള തുറന്ന വിമര്‍ശനം അദ്ദേഹം ഉന്നയിക്കുകയുണ്ടായി. അധഃസ്ഥിതരുടെ അവകാശങ്ങള്‍ നേടിയെടുക്കും വരേയ്ക്കും അതിനായി പോരാടിക്കൊണ്ടിരിക്കുക എന്ന അയ്യൻകാളിയുടെ സ്വഭാവം നിയമസഭാംഗമായപ്പോള്‍ ആ വ്യവസ്ഥയ്ക്കകത്തും തുടര്‍ന്നു എന്നുള്ളതാണ് ഇത് വ്യക്തമാക്കുന്നത്. പുലയര്‍ക്ക് പ്രാതിനിധ്യം അനുവദിക്കുകയും ഉപക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്കുകയും പല പ്രദേശങ്ങളിലെ പുലയരെ പ്രതിനിധീകരിച്ച് അയ്യൻകാളിക്കു ശേഷം ശരദന്‍ സോളമന്‍, ടി. ചോതി തുടങ്ങിയവര്‍ സഭയിലെത്തുകയും ചെയ്തിട്ടും അവരുടെ ആവശ്യങ്ങള്‍ ദിവാന്‍ “കുറിച്ചെടുത്തു” എന്ന് മുറയ്ക്ക് പ്രഖ്യാപിച്ചിട്ടും പുലയരുടെ സാമൂഹികാവസ്ഥയില്‍ പുരോഗതി മന്ദഗതിയിലായിരുന്നു എന്നുള്ളതാണ് വസ്തുത. എന്നാല്‍ അയ്യൻകാളിയുടെ നിരന്തരമായ ഇടപെടലില്‍ ഏറെ പേര്‍ക്ക് തറവില ഒഴിവാക്കിയും പുതുവലായും മറ്റും ഭൂമി പതിച്ച് കിട്ടുകയും പുതുവല്‍ ഭൂമി ലഭ്യമാക്കുന്നതിനുള്ള നിയമം അതിന്റെ അന്തിമരൂപത്തില്‍ വരുമ്പോള്‍ അയ്യൻകാളി ഉന്നയിച്ച കാര്യങ്ങള്‍ പലതും ഉള്‍ക്കൊള്ളിക്കാമെന്ന ഉറപ്പ് ദിവാനില്‍ നിന്ന് ലഭ്യമാക്കാനുമായി എന്നത് അന്നത്തെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളില്‍ എളുതല്ലാത്ത നേട്ടമാണ്.

1912ലെ ആദ്യ സമ്മേളനത്തില്‍ മാര്‍ച്ച് 4ന് വീണ്ടും ഒരു സബ്മിഷനുള്ള അവസരം അയ്യൻകാളിക്ക് ലഭിച്ചപ്പോള്‍ അദ്ദേഹം പുലയരുടെ വിദ്യാഭ്യാസസംബന്ധമായ വിഷയമാണുന്നയിച്ചത്. തുടക്കം മുതലേ താന്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് ഭരണപരമായ സാധ്യത ആരായുകയായിരുന്നു അദ്ദേഹം. വെങ്ങാനൂര്‍ എലിമെന്ററി സ്കൂളില്‍ പുലയവിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചതിന് നന്ദി രേഖപ്പെടുത്തിയതിനൊപ്പം നിലവില്‍ ഏഴ് സ്കൂളുകളിലേ പുലയര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്ന് അറിയിക്കുകയും എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും പുലയര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലും സ്ഥാനം നേടിയ ആനി ബസന്റും മറ്റു പല പുരോഗമനാശയക്കാരും ഉന്നതവര്‍ഗത്തില്‍പ്പെട്ട കുട്ടികളോടൊപ്പം അധഃസ്ഥിതവര്‍ഗത്തിലെ കുട്ടികള്‍ പഠിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും കീഴാളസമുദായങ്ങള്‍ക്ക് അവരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ വിദ്യാലയങ്ങള്‍ ആരംഭിക്കാം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തപ്പോഴും എല്ലാവര്‍ക്കും പ്രവേശനം സാധ്യമാകുന്ന വിദ്യാലയം എന്ന ആശയത്തെ മുറുകെപ്പിടിച്ച അയ്യൻകാളി, പുലയര്‍ക്ക് പഠിക്കാനാകില്ലെങ്കില്‍ മേലാളരുടെ പാടങ്ങളില്‍ മൊട്ടപ്പുല്ല് മുളപ്പിക്കുമെന്ന് പറഞ്ഞ് കേരളത്തിലെ ആദ്യ പണിമുടക്കിന് നേതൃത്വം കൊടുത്ത അയ്യൻകാളി- കീഴാളരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള നിയമനിര്‍മാണങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയതിന്റെ വിളംബരമായി അദ്ദേഹത്തിന്റെ ആദ്യ സഭാസമ്മേളനങ്ങള്‍ മാറി.

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും പുലയവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ആവശ്യപ്പെട്ട് ഉപക്ഷേപമവതരിപ്പിച്ച അയ്യൻകാളിക്ക് ദിവാന്‍ നല്കിയ മറുപടി, ഈഴവര്‍ക്ക് പ്രവേശനം അനുവദിച്ച വിദ്യാലയങ്ങളിലെല്ലാം പുലയര്‍ക്കും പ്രവേശനം നല്കാം എന്നാണ്. അയ്യൻകാളിയുടെ ആവശ്യങ്ങള്‍ അവിടെ തീര്‍ന്നില്ല, തങ്ങളേക്കാള്‍ ഏറെ മെച്ചപ്പെട്ട സാമൂഹിക പരിതഃസ്ഥിതിയുള്ള മുഹമ്മദീയര്‍ക്കുപോലും പഠനത്തിനുള്ള ഫീസില്‍ ഇളവ് അനുവദിച്ചിരിക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന അവസ്ഥ ദിവാന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അതിന് പരിഹാരം കാണുകയും, എന്തിനേറെ വിദ്യാഭ്യാസം, എ‍ഞ്ചിനീയറിംഗ്, മെഡിക്കല്‍ വിഭാഗങ്ങളിലും പുലയര്‍ക്ക് നിയമനം ലഭിക്കണമെന്നും ഇപ്പോള്‍ തന്നെ വിദ്യാഭ്യാസമേഖലയില്‍ നിയമിക്കപ്പെടാന്‍ തക്ക യോഗ്യതയുള്ളവര്‍ തങ്ങളുടെ വിഭാഗത്തില്‍ ഉണ്ടെന്നും കൂടി അദ്ദേഹം സഭയെ ധരിപ്പിച്ചു. രാജകീയവിളംബരം ഉണ്ടായിട്ടും പൊതുനിരത്തുകള്‍ തങ്ങള്‍ക്കിപ്പോഴും നിഷിദ്ധമാണെന്ന് പറഞ്ഞ് വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്ന ഉറപ്പുകൂടി അദ്ദേഹം ദിവാനില്‍ നിന്ന് നേടിയെടുത്തു.

പുലയര്‍ക്ക് ഭൂമിയും വിദ്യാഭ്യാസവും നിഷേധിച്ചിരുന്നതിന്റെ പ്രധാന ഉദ്ദേശ്യം, അവരെക്കൊണ്ട് ഊഴിയവേല ചെയ്യിക്കുക എന്നതാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോള്‍ ഓരോ പുലയന്റെയും അടുത്ത തലമുറയും അച്ഛനമ്മമാരോടൊപ്പം അടിമവേലയിലേക്ക്, അല്ലെങ്കില്‍ കുടിയായ്മയിലേക്ക് തന്നെ കടക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവില്‍ ഉണ്ടായിരുന്നത്. ആ കാലത്താണ്, തങ്ങളില്‍ യോഗ്യതയുള്ളവര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ എന്ന ആവശ്യം അയ്യൻകാളി മുന്നോട്ട് വച്ചത്. സ്വയം കൃഷി ചെയ്യാനും താമസിക്കാനുമുള്ള ഭൂമിയുടെ അവകാശികളാകുക എന്നതിനൊപ്പമോ ഒരു പക്ഷേ അതിലേറെയോ പ്രാധാന്യം അയ്യൻകാളി കൊടുത്തത് വിദ്യാഭ്യാസത്തിനും അതുവഴി സാധ്യമാക്കുന്ന വിമോചനത്തിനുമാണ്. 1913 ഫെബ്രുവരി 22ന് പുലയരുടെ തൊഴില്‍സാധ്യതകളെ മുന്‍നിര്‍ത്തിയാണ് അയ്യൻകാളി സഭയില്‍ സംസാരിച്ചത്. അക്കാലത്ത് ഗവണ്‍മെന്റ് പ്രസ്സില്‍ കൂലിവേല ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും പൊതുമരാമത്ത് വകുപ്പില്‍ കൂലിക്ക് പണിയെടുക്കുന്നവരില്‍ മതിയായ വിദ്യാഭ്യാസയോഗ്യതയുള്ളവരെ മേസ്തിരിയായി നിയമിക്കാനും പുലയ വാര്‍ഡുകളിലുള്ള ആശുപത്രികളില്‍ ആവുന്നത്ര പുലയര്‍ക്ക് തൊഴില്‍ നല്കാന്‍ എന്ത് ചെയ്യാനാകുമെന്ന് നോക്കാനും അയ്യൻകാളി തന്റെ ഉപക്ഷേപത്തിലൂടെ അപേക്ഷിച്ചു. ഫലപ്രദമായി പുലയരെ നിയോഗിക്കാവുന്ന തൊഴിലുകള്‍ സ്കൂളുകളിലും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ, വനംവകുപ്പില്‍ വാച്ചര്‍മാരായും ഗാര്‍ഡുമാരായും പുലയരെ നിയമിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയും ദിവാന് അത് കൂടുതല്‍ സ്വീകാര്യമായി തോന്നുകയും ചെയ്തു. ഇങ്ങനെ അടിമയും മുഖവും നടുവും കുനിച്ച് ‘റാന്‍ മൂളി’യുള്ള നില്‍പ്പില്‍ നിന്ന് മനുഷ്യാന്തസ്സിലേയ്ക്ക് തന്റെ നാട്ടിലെ കീഴാളരാക്കിവയ്ക്കപ്പെട്ടിരുക്കുന്ന വിഭാഗം മാറണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി എല്ലാ വഴികളും നോക്കുകയും ചെയ്ത ആളാണ് അയ്യൻകാളി.
പുലയര്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം സര്‍ക്കാര്‍ അനുവദിച്ചെങ്കിലും അത് തടഞ്ഞുവയ്ക്കുന്ന നടപടി പലരില്‍ നിന്നും ഉണ്ടാകുന്നുവെന്ന് അദ്ദേഹം ഓരോ ദുരനുഭവം ഉണ്ടാകുമ്പോഴും സഭയില്‍ ധരിപ്പിച്ചുകൊണ്ടിരുന്നു. 1915 ഫെബ്രുവരി 22ന് ചേര്‍ന്ന യോഗത്തില്‍ ചില അദ്ധ്യാപകര്‍ പുലയവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കുന്നില്ലെന്നും ഈ കാര്യത്തിലെ ഗവണ്‍മെന്റിന്റെ നിലപാട് അവരെ അറിയിക്കണമെന്നും അവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്കണമെന്നു കൂടി അയ്യൻകാളി സഭയിലാവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങള്‍ അന്വേഷിക്കാന്‍ വിദ്യാഭ്യാസവകുപ്പില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന അഭിപ്രായവും അദ്ദേഹം മുന്നോട്ടുവച്ചു. വേണ്ടത്ര ഔപചാരിക വിദ്യാഭ്യാസത്തിന് അവസരമില്ലാതിരുന്ന അയ്യൻകാളി 1917 ഫെബ്രുവരി 23ന് ചേര്‍ന്ന സഭാസമ്മേളനത്തില്‍ ഉന്നയിച്ച ആവശ്യം ശ്രദ്ധേയമാണ്. പുലയവിഭാഗക്കാര്‍ക്ക് വേണ്ടത്ര കഴിവുകള്‍ ഇല്ലാതിരിക്കുന്ന സാമൂഹികാവസ്ഥയെ കുറിച്ച് പറഞ്ഞുകൊണ്ട്, പുലയവിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്ക് കൃഷിയിലും മറ്റ് കുടില്‍വ്യവസായങ്ങളിലും ശാസ്ത്രീയമായ പരിശീലനം നല്കി അവരെ കൂടുതല്‍ ഉല്പാദനക്ഷമതയുള്ളവരാക്കണമെന്നും പരിശീലനത്തിന് ആവശ്യമായ സ്കോളര്‍ഷിപ്പ് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തികമായ സ്വാശ്രയത്വമാണ് ചൂഷിതവര്‍ഗ്ഗമായി തുടരുന്നതില്‍ നിന്ന് മോചനം നേടുന്നതിനുള്ള ആദ്യപടിയെന്നും അതിനുതകുന്ന വിദ്യാഭ്യാസം നേടേണ്ടതുണ്ടെന്നുമുള്ള ദര്‍ശനമാണ് അയ്യൻകാളിയെ വഴിനടത്തിയത്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് സവിശേഷമായ നയങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട് എന്ന് വാദിച്ചിരുന്ന അയ്യൻകാളി സംവരണതത്വത്തിന്റെ ആദ്യരൂപം അവതരിപ്പിച്ചത് 1926ലാണ്. പുലയരിലും അതുപോലെ അടിച്ചമര്‍ത്തപ്പെട്ട മറ്റുസാമൂഹികവിഭാഗങ്ങളിലും വിദ്യാഭ്യാസയോഗ്യത കുറവായവരെ പ്യൂണുകളായി നിയമിക്കാമെന്നും താലൂക്ക് കച്ചേരികള്‍, വനംവകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇത്തരം വിഭാഗങ്ങളില്‍ നിന്ന് ഒരു പ്യൂണിനെയെങ്കിലും നിയമിക്കണമെന്നും അയ്യൻകാളി ശ്രീമൂലം പ്രജാസഭയില്‍ വാദിക്കുകയുണ്ടായി. ഇതിന് ദിവാന്‍ കൊടുത്ത മറുപടിയും പരിശോധനാര്‍ഹമാണ്. വനംവകുപ്പിലും ഹുസുര്‍ ഓഫീസുകളിലും പ്യൂണുകളായി പുലയരെ നിയമിക്കാന്‍ ഉത്തരവ് നല്കിയിട്ടുണ്ടെന്നും പുലയരെന്ന് കരുതി അവര്‍ക്ക് എന്തെങ്കിലും കുറവുകളുള്ളതായി കരുതാതെ തുല്യമായി പരിഗണിക്കണമെന്നുമാണ് ദിവാന്‍ നല്കിയ മറുപടി. ഇളവ് അനുവദിച്ച ഫീസ് പോലുമടയ്ക്കാന്‍ തക്ക സാമ്പത്തികശേഷി ഇല്ലാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ആവാത്ത, ചൂഷണം ചെയ്യപ്പെട്ടുവന്നിരുന്ന വിഭാഗത്തെ യോഗ്യതയുടെ കാര്യത്തില്‍ തുല്യമായി പരിഗണിക്കണം എന്ന നിര്‍ദ്ദേശം ഫലത്തില്‍ അവസരനിഷേധമാകുമെന്ന് പറയേണ്ടതില്ലല്ലോ! താന്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ പലതും ഭാഗികമായി മാത്രമേ നടപ്പിലാക്കപ്പെടുന്നുള്ളൂവെന്നും ഗവണ്‍മെന്റ് നല്കുന്ന പല ആനുകൂല്യങ്ങളും പൂര്‍ണമായ രീതിയില്‍ അല്ലാത്തതിനാല്‍ ഉപയോഗശൂന്യമാകുന്നുവെന്നും 1930ലെ സഭാസമ്മേളനത്തില്‍ അയ്യൻകാളി തുറന്നടിക്കുന്നുണ്ട്.

1919ല്‍ അയ്യൻകാളി ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിച്ച കാര്യങ്ങളാണ് ഇപ്പോഴും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ പലതും എന്നത് അദ്ദേഹം അന്ന് എത്രകണ്ട് ആഴത്തില്‍ ചിന്തിച്ചുകൊണ്ടാണ് ആവശ്യങ്ങള്‍ അവതരിപ്പിച്ചത് എന്ന് വ്യക്തമാക്കുന്നു. പ്രധാനമായും ഏഴ് കാര്യങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

1. പുലയ വിദ്യാര്‍ത്ഥികളെ‍ ഫീസില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണം
2. പുലയ വിദ്യാര്‍ത്ഥികളെ കൃഷിയും മറ്റ് കൈവേലകളും അഭ്യസിപ്പിക്കണം
3. പുലയവിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം നല്കണം
4. പുലയരുടെ വിദ്യാഭ്യാസചെലവിനു വേണ്ട തുക ഓരോ വര്‍ഷത്തെ ബജറ്റിലും പ്രത്യേകം വകയിരുത്തുകയും അത് പ്രസ്തുത ചെലവിനായി മാത്രമേ വിനിയോഗിക്കപ്പെടുന്നുള്ളൂവെന്ന് ഉറപ്പാക്കുകയും വേണം.
5. പുലയവിഭാഗത്തിലെ കുട്ടികള്‍ക്ക് കൈവേലകള്‍ അഭ്യസിപ്പിക്കാന്‍ പ്രത്യേകം പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുകയും സൗജന്യതാമസത്തിനുള്ള ക്വാർട്ടേഴ്സുകള്‍ ലഭ്യമാക്കുകയും വേണം.
6. എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും അവര്‍ക്ക് പ്രവേശനം സാധ്യമാക്കണം
7. പുലയ വിദ്യാര്‍ത്ഥികളില്‍ ആവുന്നത്ര കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യമാക്കണം.

1920 മാര്‍ച്ച് 2 ന് ചേര്‍ന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസസംബന്ധമായ നിയമനിര്‍മ്മാണത്തെ മുന്‍നിര്‍ത്തി അയ്യൻകാളി അവതരിപ്പിച്ച ഉപക്ഷേപത്തില്‍ നിന്ന് മേല്പറഞ്ഞ ആവശ്യങ്ങളില്‍ ഫീസിളവിന്റെ കാര്യത്തില്‍ പോലും ഭാഗികമായ പരിഗണനയേ ലഭിച്ചുള്ളൂവെന്ന് മനസ്സിലാക്കാം. പകുതി ഫീസിളവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഫീസില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കേണ്ട അത്രയും സാമ്പത്തികമായ പരാധീനത പുലയവിഭാഗത്തിനുണ്ട് എന്നദ്ദേഹം സഭയെ ധരിപ്പിച്ചു (അടുത്ത വര്‍ഷം തന്റെ ഉപക്ഷേപത്തില്‍ പുലയവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 295 പേരുടെ കുറവ് സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫീസില്‍ നിന്ന് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വാദിക്കുന്നുണ്ട്). വിദ്യാര്‍ത്ഥികള്‍ ഒരു വരുമാനം സാധ്യമാവുന്ന തരത്തില്‍ അവര്‍ക്ക് കൃഷി-, കൂടില്‍വ്യവസായം എന്നിവയില്‍ ഉല്പാദനക്ഷമത കൈവരിക്കാന്‍ വേണ്ട പരിശീലനം നല്കുന്നത് ഗൗരവമായി എടുക്കണമെന്നും അയ്യൻകാകളി പറഞ്ഞു . അതിലുപരി വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ഒരു പക്ഷേ ഇപ്പോഴും പിന്നാക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തില്‍, പ്രത്യേകിച്ച് ട്രൈബല്‍ മേഖലയിലെ വിദ്യാഭ്യാസത്തില്‍ പ്രസക്തമായ ഒന്ന്- തന്റെ വിഭാഗത്തില്‍ വിദ്യാഭ്യാസപുരോഗതി ഉണ്ടാകണമെങ്കില്‍, കൂടുതല്‍ കുട്ടികള്‍ വിദ്യാഭ്യാസമേഖലയില്‍ മുന്നേറണമെങ്കില്‍ അവരുടെ വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം എന്നത് അടിയന്തരമായി പരിഗണിക്കണം എന്നദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഇതൊരു പ്രധാനപ്പെട്ട വിഷയമാണ്. കേരളത്തെ സംബന്ധിച്ച് ജാതീയമായ വേര്‍തിരിവുകളും പല സാമൂഹികവിലക്കുകളും ഭാഷയില്‍ പ്രകടമായിരുന്നു. മലയാളത്തില്‍ പോലും പലതും തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടതാണ് എന്നു വിശ്വസിച്ച് വളര്‍ന്നിരുന്ന പുലയവിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഭാഷ വിദ്യാഭ്യാസത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

അയിത്തജാതികളെന്ന് കല്പിച്ച് ആരാധനാലയങ്ങള്‍ വിലക്കപ്പെട്ടവര്‍ക്കായി ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തി ആരാധനാലയങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ഈഴവരുടെ സാമൂഹികപദവിയില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന സാമൂഹികപശ്ചാത്തലത്തിലാണ് അയ്യൻകാളി ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. പുലയരെ അയിത്തജാതിക്കാരായി കരുതുന്ന അതിനുമുകളിലുള്ള ഈഴവരടക്കമുള്ള മറ്റു അയിത്തജാതിക്കാര്‍- കേരളത്തിന്റെ സങ്കീര്‍ണവും ശ്രേണീബദ്ധവുമായ ജാതിവ്യവസ്ഥയില്‍ മാറ്റം വരുത്താനുളള ഭൗതികാടിത്തറ സജ്ജമാക്കാനാണ് അയ്യൻകാളി മുന്‍തൂക്കം നല്കിയത്. പൊതു ആരാധനാലയം എന്ന അയ്യൻകാളിയുടെ ആവശ്യം നിഷേധിക്കുകയാണ് ദിവാന്‍ ചെയ്തത്. വൈക്കം സത്യാഗ്രഹമടക്കമുള്ള മുന്നേറ്റങ്ങളും അയിത്തോച്ചാടനവിഷയത്തില്‍ കോണ്‍ഗ്രസ്സ് അടക്കം നിലപാടുകള്‍ കൈക്കൊണ്ട സാമൂഹിക, -രാഷ്ട്രീയ പശ്ചാത്തലത്തിലാണ് അയ്യൻകാളി ഇങ്ങനെയൊരു ആവശ്യം സഭയിലുന്നയിച്ചത് എന്നത് ശ്രദ്ധേയമാണ്.

ഇപ്രകാരം, തന്റെ കാലത്തെ സാമൂഹിക,- രാഷ്ട്രീയ പരിതഃസ്ഥിതികളോട് പ്രതികരിച്ച് പുലയര്‍ക്കു മാത്രമല്ല, അധഃസ്ഥിതവിഭാഗത്തിനാകെ ഗുണമാകുന്ന തരത്തില്‍ പാര്‍പ്പിടം, കൃഷിഭൂമി, വിദ്യാഭ്യാസം, തൊഴില്‍ എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടിക്കൊണ്ടിരുന്ന വ്യക്തിത്വമാണ് അയ്യൻകാളിയുടേത്. തന്റെ സമുദായം മറ്റു പല ഉന്നതജാതികളേയും ആശ്രയിച്ചുകഴിയേണ്ട അവസ്ഥയാണെന്നും സ്വയംപര്യാപ്തതയിലേക്ക് അധഃസ്ഥിത ജനവിഭാഗങ്ങളെ നയിക്കാന്‍ തക്ക നിയമപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും തിരുവിതാംകൂറിനെ തന്റെ നീണ്ട സഭാംഗത്വകാലയളവില്‍ മുഴുവന്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. ഇന്നും തുടരുന്ന സമത്വത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട ചരിത്രമുഹൂര്‍ത്തങ്ങളായി അയ്യൻകാളിയുടെ സഭാംഗത്വ കാലയളവിനെയും സഭയിലെ ഇടപെടലുകളെയും മനസ്സിലാക്കേണ്ടതുണ്ട്. സാമൂഹികമായ പരിവര്‍ത്തനത്തിനും അതിനുള്ള തന്റെ പോരാട്ടങ്ങള്‍ക്കും ഭരണപരമായ നീക്കുപോക്കുകള്‍ കൂടി ആവശ്യമാണെന്നും സാര്‍ത്ഥകമായ നിയമനിര്‍മ്മാണങ്ങളിലൂടെ മാത്രമേ ആധുനികജനാധിപത്യസമൂഹത്തില്‍ മുന്നേറാന്‍ കഴിയൂ എന്നും തന്റെ ഇടപെടലുകള്‍ കൊണ്ട് ഉദാഹരിച്ച ധിഷണാശാലിത്വത്തിന്റെയും മാനവികബോധത്തിന്റെയും പേരാണ് അയ്യൻകാളി. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 2 =

Most Popular