Monday, September 23, 2024

ad

Homeകവര്‍സ്റ്റോറി"Organise, Agitate for Education''
അയ്യൻകാളിയുടെ സന്ദേശം

“Organise, Agitate for Education”
അയ്യൻകാളിയുടെ സന്ദേശം

ഡോ. പ്രഭാകരൻ കെ മൂന്നാർ

യ്യൻകാളിക്ക് മുമ്പ് വെറും സിദ്ധാന്തമായി മാത്രം നിലനിന്നിരുന്ന നവോത്ഥാനം എന്ന സങ്കല്പത്തെ പ്രവൃത്തിപഥത്തിലേക്ക് എത്തിച്ചത് അയ്യൻകാളിയാണ്. യൂറോപ്പിൽ നവോത്ഥാനം ജനിച്ചതോടു കൂടി ലോകമെമ്പാടുമുള്ള യുക്തിബോധങ്ങളിലും ചിന്തകളിലും മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. അയ്യൻകാളിയുടെ കാലത്തിന് തൊട്ടുമുമ്പുള്ള ചിന്തകരായ കാറൽ മാർക്സ്, ചാൾസ് ഡാർവിൻ, അയോധ്യ ദാസ പണ്ഡിതർ എന്നിവരും പിന്നീട് അംബേദ്കറും ലോകത്തിന്റെ വ്യത്യസ്തമായ കോണുകളിൽ നിന്നും സാമൂഹിക മാറ്റത്തെ പ്രവചിക്കുകയും ചിന്തിക്കുകയും ആ ചിന്തകളെ പ്രാവർത്തികമാക്കുകയും ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യയിൽ ജ്യോതി റാവു ഫുലെയാണ് സാമൂഹിക മാറ്റം ആവശ്യമാണെന്നുള്ള വാദം ആദ്യമായി ഉന്നയിക്കുകയും സമൂഹത്തിന്റെ അസമത്വത്തെ കൃത്യമായി അടയാളപ്പെടുത്തുകയും ദളിതരും മറ്റും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമായ ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ജനങ്ങളെ ഏകോപിപ്പിച്ചു നിർത്തി പോരാടിയത്. അദ്ദേഹത്തി ന്റെ ഭാര്യ കൂടിയായ സാവിത്രി ഭായി ഫുലെ സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസത്തിന് മുൻഗണന നൽകണമെന്ന് നിരന്തരം ആവശ്യപ്പെടുകയും അവരെ സംഘടിപ്പിച്ച് പോരാടുകയും ചെയ്തു. ആ കാലയളവിൽ തെന്നിന്ത്യയിൽ അയോധ്യ ദാസ പണ്ഡിതർ എന്ന തമിഴ് ചിന്തകൻ ആദ്യമായി സനാതന ധർമ്മം, ബ്രാഹ്മണിസം തുടങ്ങിയവയെ എതിർക്കുകയും അതിനെതിരായി ഇന്ത്യയിലുള്ള മറ്റു ചിന്തകരെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. തെന്നിന്ത്യ അല്ലെങ്കിൽ ദ്രവീഡിയൻ സംസ്-കാരം എന്ന ആശയം ആദ്യമായി ഉന്നയിക്കുന്നത് ഇദ്ദേഹമാണ്. മനുസ്മൃതിയിൽ പരാമർശിക്കുന്ന ചാതുർവർണ്യത്തെ എതിർത്ത് ആദ്യമായി ശബ്ദിക്കുകയും ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്ത ചിന്തകനാണ് അയോധ്യ ദാസ പണ്ഡിതർ. ഇന്ത്യയിൽ തന്നെ ആദ്യമായി ജാതി വിരുദ്ധ സമരം നയിച്ചവരിൽ പ്രധാനപ്പെട്ട ചിന്തകരാണ് ജ്യോതി റാവു ഫുലെയും അയോധ്യ ദാസ പണ്ഡിതരും. അയോധ്യ ദാസൻ പറയർ സമുദായത്തിൽ ജനിച്ച വ്യക്തിയാണ്. അന്ന് തമിഴകത്തിൽ പറയർ, പള്ളർ, ചക്കിലിയർ തുടങ്ങിയവരെ ഉയർന്ന ജാതിക്കാർ അയിത്ത ജാതിയായാണ് കണ്ടിരുന്നത്. വിദ്യാഭ്യാസം മാത്രമാണ് സാമൂഹിക മാറ്റത്തിന് ഏക പോംവഴി എന്ന് തിരിച്ചറിഞ്ഞ അയോധ്യ ദാസ പണ്ഡിതർ എന്തൊക്കെ അവകാശങ്ങൾ സാധുജനങ്ങൾക്ക് തിരസ്കരിക്കപ്പെട്ടുവോ ആ അവകാശങ്ങളെല്ലാം തന്നെ നേടിയെടുക്കാൻ ശ്രമിക്കുകയും ആ ശ്രമത്തിന്റെ ഫലമായി നാളിതുവരെ ഉണ്ടായിരുന്ന അറിവിന്റെ ഉടമസ്ഥാവകാശത്തെ ബ്രാഹ്മണരിൽ നിന്നും കൈവശപ്പെടുത്തുകയും അനവധി ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. ആ കാലഘട്ടത്തിലെ തമിഴകത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ഏറ്റവും വലിയ വിപ്ലവകരമായ പ്രവർത്തനമായാണ് കണക്കാക്കപ്പെട്ടിരുന്നത്. അത് പിന്നീട് സാധുജനങ്ങൾക്ക് ഊർജ്ജമായി. അങ്ങനെയാണ് തെന്നിന്ത്യയിൽ നവോത്ഥാനം എത്തിപ്പെടുന്നത്. കാത്തവരായൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ആദി ദ്രാവിഡർ എന്നറിയപ്പെടുന്ന തമിഴകത്തിലെ ദളിത് വിഭാഗങ്ങൾക്കുവേണ്ടി രാഷ്ട്രീയമായും സാമൂഹികമായും സാഹിത്യപരമായും അദ്ദേഹം പ്രവർത്തിച്ചു. സനാതന ധർമ്മത്തെ ഇല്ലായ്മ ചെയ്യണമെങ്കിൽ നാം ബുദ്ധമതത്തെ സ്വീകരിക്കണമെന്ന് ഉദ്ഘോഷിച്ചു. ജാതിയിൽ ഉയർന്നവരായ ബ്രാഹ്മണരും പിള്ളമാരും കൈവശം വെച്ചിരുന്ന തമിഴ് സാഹിത്യ ശാഖയെയും രാഷ്ട്രീയ, സാമൂഹിക ഘടകങ്ങളെയും ചിന്തകളിലൂടെയും പ്രവൃത്തിയിലൂടെയും അട്ടിമറിച്ചു. സാധു ജനങ്ങൾക്കുവേണ്ടി സംഘങ്ങൾ രൂപീകരിച്ച് മദ്രാസ് പ്രസിഡൻസിയിലെ ബ്രാഹ്മണർക്ക് എതിരായി ഒറ്റയാൾ പോരാട്ടം നടത്തി. സമാനമായ പോരാട്ടമാണ് അയ്യൻകാളി കേരളത്തിൽ നടത്താൻ ശ്രമിച്ചത്. പുലയ സമൂഹത്തിൽ ജനിച്ച ഇദ്ദേഹം ജാതി മേൽക്കോയ്മക്കെതിരെ ധീരമായി പോരാടി. സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള അവകാശം പോലും നിഷേധിച്ച മേൽ ജാതിക്കാർക്കെതിരെ അവരുടെ തെരുവിലൂടെ തന്നെ വില്ലുവണ്ടി ഓടിച്ചു. ഈ പ്രവൃത്തിയാണ് മറ്റുള്ള ചിന്തകരിൽ നിന്നും അയ്യൻകാളിയെ വേറിട്ടുനിർത്തുന്നത്. ലോക തൊഴിലാളി വർഗ വിമോചനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന കാറൽ മാർക്സിനെപോലെതന്നെയാണ് പണിയെടുക്കുന്നരുടെ മോചനത്തെക്കുറിച്ച് അയ്യൻകാളിയും ചിന്തിച്ചിരുന്നത്. അവഗണിക്കപ്പെട്ടവരെ, മാറ്റിനിർത്തപ്പെട്ടവരെ, ചൂഷിതരെ അവരുടെ അവകാശങ്ങളെപ്പറ്റി ആദ്യം ബോധ്യപ്പെടുത്തുക ;ശേഷം അവരെ സംഘടിപ്പിച്ചു അവകാശങ്ങൾക്ക് വേണ്ടി പോരാടുക എന്ന തത്വമാണ് മാർക്സിനെയും അയ്യൻകാളിയെയും ഒരുമിപ്പിക്കുന്നത്. പാരീസിലെയും ജർമ്മനിയിലെയും ഇംഗ്ലണ്ടിലെയും മറ്റു രാജ്യങ്ങളിലെയും തൊഴിലാളികളെ ഏകോപിപ്പിച്ച് അവർ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുക്കുകയും അതിൽനിന്നും തൊഴിലാളികളുടെ അവകാശ പോരാട്ടം ഉയർന്നുവരണമെന്നു മാർക്സ് ആഗ്രഹിച്ചു. അതുപോലെ തന്നെയാണ് കേരളത്തിലെ ജാതി മാടമ്പികൾക്ക് എതിരായി അയ്യൻകാളി തിരിഞ്ഞത്. തിരുവിതാംകൂറിലെ കടുത്ത ജാതി വ്യവസ്ഥയ്ക്കെതിരെ അയ്യൻകാളി നിരന്തരമായി ആഞ്ഞടിച്ചു. അങ്ങനെയാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ കർഷക സമരം ആരംഭിച്ചതും. 1913 ൽ തുടങ്ങിയ കണ്ടല, പള്ളിച്ചൽ, മുടവൻ പാറ, വിഴിഞ്ഞം, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിഭൂമികളെ തരിശു നിലമാക്കി “പാഠമില്ലെങ്കിൽ പാടത്തേക്ക് ഇല്ല’ എന്ന മുദ്രാവാക്യം തൊഴിലാളികൾ ഏറ്റെടുത്തു. നാലു വർഷത്തിലേറെ ഈ പോരാട്ടം തുടർന്നു. 1917 ലാണ് റഷ്യയിലെ ബോൾഷെവിക്ക് വിപ്ലവം അരങ്ങേറിയത്. ഈ ചരിത്രപ്രസിദ്ധമായ പോരാട്ടത്തിന് മുമ്പേതന്നെ കേരളത്തിൽ കർഷകരുടെ പോരാട്ടം അരങ്ങേറി. ഭൂപ്രഭുക്കൾ നിരന്തരമായി ദളിതരെ വേട്ടയാടുകയും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പ്രായവ്യത്യാസം ഇല്ലാതെ സാധാരണ ജനങ്ങളെ അധികാരം പ്രയോഗിച്ച് വേട്ടയാടുകയും അവരെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുകയും ചെയ്തു. പക്ഷേ ഈ സമരത്തെ വിജയത്തിലേക്ക് എത്തിച്ചതും തൊഴിലാളികൾ ആ സമരത്തിൽ അവസാനംവരെ പൊരുതി നിൽക്കാൻ കഴിഞ്ഞതും. അയ്യൻകാളിയുടെ സംഘാടനാ ശേഷിയുടെ മികവ് കൊണ്ടുമാത്രമാണ്. ബ്രിട്ടീഷുകാരുടെ സഹായത്തോടെ ജാതി മാടമ്പികൾ സംഘടിതമായി പുലയ തൊഴിലാളികളെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ ഒരിക്കലും ആ സമരത്തിൽ നിന്ന് അവർ പിന്നോട്ടേക്കില്ല എന്ന് ഉറച്ച് നിന്നു. ഇത്തരത്തിൽ ആയുധങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒരു കർഷക വിപ്ലവം നടന്നത് കേരളത്തിൽ മാത്രമായിരിക്കും. ചരിത്രത്തിൽ ഉടനീളം പരിശോധിച്ചു നോക്കുമ്പോൾ നാളിതുവരെ നടന്ന കർഷക പോരാട്ടങ്ങളിൽ സംഘാടന ശേഷി, തിരിച്ചറിവ്, നിരന്തര ഇടപെടൽ എന്നിവയിലൂടെ സാമൂഹിക മാറ്റം എന്ന യുക്തിബോധത്തിലേക്ക് വിദ്യാഭ്യാസം, അജ്ഞരായ ഒരു കൂട്ടം അടിമ ജനങ്ങളിലേക്ക് എത്തിച്ചതിൽ അയ്യൻകാളി നിർണായകമായ പങ്കുവഹിച്ചു. 1860 കളിൽ മാർക്സും എംഗൽസും സമാനമായ പോരാട്ടം നടത്തിയിട്ടുണ്ട്. ആ സമയങ്ങളിൽ മാർക്സ് ഇങ്ങനെയാണ് പറയുന്നത്: ‘‘തൊഴിലാളികളെ ഏകോപിപ്പിക്കുക എന്നത് ഒരുപാട് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. കാരണം തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം എപ്പോഴും പ്രകടമായിരുന്നു. അതുകൊണ്ട് ജർമൻ തൊഴിലാളികളും മറ്റു രാജ്യങ്ങളിലെ തൊഴിലാളികളും തമ്മിൽ എപ്പോഴും വൈരുദ്ധ്യം നിലനിന്നിരുന്നു’’. നിരന്തരമായ ഇടപെടലുകളിലൂടെയാണ് തൊഴിലാളികളുടെ ഐക്യം സാധ്യമായത് . അതുപോലെ ജാതി വ്യവസ്ഥിതിയെ നേരിടാൻ ഇന്ത്യയിലെ ചിന്തകർക്ക് ഒരുപാട് വിയർപ്പ് ഒഴുക്കേണ്ടി വന്നു. അയ്യൻകാളിയും ഇത്തരത്തിലുള്ള നിരന്തരമായ ഇടപെടലുകൾ കൊണ്ടുമാത്രമാണ് പുലയരുടെ ഐക്യം സ്ഥാപിച്ചെടുത്ത് ജന്മികൾക്കെതിരെ പോരാട്ടം നടത്തിയത്. പുലയർ അല്ലാതെ മറ്റുള്ള ജനവിഭാഗങ്ങൾ ഈ സമരത്തിൽ എത്രത്തോളം പങ്കെടുത്തു എന്നത് അവ്യക്തമാണ്.

ജ്യോതിറാവു ഫുലെ, സാവിത്രിറാവു ഫുലെ

സമാനമായ പ്രശ്നത്തെ ചൂണ്ടിക്കാണിച്ചാണ് അംബേദ്കറിന്, താൻ മഹർ ജാതിക്കാരുടെ തൊട്ടുകൂടായ്മയെ എതിർത്താണ് സമരം ചെയ്യുന്നത് മറ്റുള്ളവർക്ക് വേണമെങ്കിൽ ഈ സമരത്തിൽ പങ്കുചേരാം എന്ന് പ്രഖ്യാപിക്കേണ്ടി വന്നത്. സമാനമായ മറ്റൊരു കാര്യം തമിഴകത്തിലും ഉണ്ടായി. പറയർ സമുദായത്തിൽ ജനിച്ചവർക്കുവേണ്ടിയാണ് അയോധ്യദാസ പണ്ഡിതർ അവകാശ പോരാട്ടങ്ങൾ നയിക്കുന്നത് എന്ന് ജാതി മാടമ്പികൾ ദളിത് വിഭാഗത്തിലെ മറ്റുള്ള ജാതിക്കാരെ തെറ്റിദ്ധരിപ്പിച്ചു. പുലയർ എന്നാൽ കർഷകർ എന്ന അർത്ഥത്തിലാണ് എടുക്കേണ്ടത് അല്ലാതെ ചാതുർവർണ്യം അടിച്ചേൽപ്പിച്ച ശൂദ്ര വിഭാഗത്തിലെ ഒരു ജാതിയെന്ന് കരുതരുത്. അങ്ങനെയാണ് തമിഴകത്തിലെ പുരോഗമന ചിന്തകനായിരുന്ന ഇ വി രാമസ്വാമി എന്ന പെരിയാർ നമ്മെ ഉൽബോധിപ്പിച്ചത്. അയോധ്യ ദാസ പണ്ഡിതർക്ക് ശേഷം അയ്യൻകാളിയും അയ്യൻകാളിക്ക് ശേഷം ഇ വി രാമസ്വാമിയും ആണ് ജാതിയുടെ പേരിലുള്ള അയിത്തത്തെയും ചൂഷണത്തെയും ഇത്രമേൽ തുറന്നു കാണിച്ചത്. പക്ഷേ മറ്റുള്ള ചിന്തകരിൽ നിന്നും അയ്യൻകാളിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം താൻ ജനിച്ച സമൂഹം നേരിട്ടിരുന്ന ചൂഷണങ്ങൾക്കെതിരായി വിപ്ലവത്തിലേക്ക് ജനങ്ങളെ സംഘടിപ്പിച്ച് നയിച്ചതുകൊണ്ടാണ്. അതുകൊണ്ടാണ് ഇന്ത്യൻ നവോത്ഥാന നായകരിൽ വളരെ വ്യത്യസ്തമായ ഒരു ഇടം അയ്യൻകാളി അർഹിക്കുന്നത്.

ജ്യോതി റാവു ഫുലെ ഇന്ത്യയിലെ നവോത്ഥാന നായകരിൽ വിദ്യാഭ്യാസം എന്ന ആശയത്തെ മുന്നോട്ട് ഉയർത്തിപ്പിടിച്ച മറ്റൊരു ചിന്തകനാണ് . ഫുലെയും അദ്ദേഹത്തിന്റെ ഭാര്യ സാവിത്രി ഭായിഫുലെയും ദളിതു, പിന്നാക്കക്കാർ, സ്ത്രീകൾ തുടങ്ങിയവർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതുവരെ സാമൂഹിക പരിഷ്കരണം സാധ്യമല്ല എന്നു തിരിച്ചറിഞ്ഞവരാണ്. തെന്നിന്ത്യയിൽ ആ ആശയം നടപ്പിലാക്കുന്നത് അയ്യൻകാളിയുടെ ചിന്തകൾ കൊണ്ടു മാത്രമാണ്. അതിന് മുമ്പും ശേഷവും സമകാലഘട്ടത്തിലും ഒരുപാട് ചിന്തകർ എല്ലാവർക്കും വിദ്യാഭ്യസം എന്ന ആശയം മുന്നോട്ടു വെച്ചിട്ടുണ്ട്. ജന്മികൾക്ക് എതിരായി ആദ്യമായിപണിമുടക്കു സമരത്തിൽ സാധുജനതയെ നയിച്ചതു കൊണ്ടാണ് മറ്റുള്ള ചിന്തകരിൽ നിന്നും അയ്യൻകാളി വ്യത്യസ്തനാവുന്നത്. തിരുവിതാംകൂറിലെ ജാതി മാടമ്പികൾക്കെതിരെ പട പൊരുതി ഒറ്റയാൾ പോരാട്ടം നയിച്ച അയ്യൻകാളി വ്യക്തിത്വം കൊണ്ട് തെന്നിന്ത്യയിൽ മറ്റുള്ള ചിന്തകരിൽ നിന്നും വേറിട്ടു നിൽക്കുന്നു. സമാനമായ ചിന്തകൾ മദ്രാസ് പ്രസിഡൻസിയിലെ അയോധ്യ ദാസ പണ്ഡിതർ എന്ന ദളിത് ചിന്തകൻ ഉയർത്തിപ്പിടിച്ചു എങ്കിലും തൊഴിലാളികളെ സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. സൈദ്ധാന്തികമായി പൊരുതി നിൽക്കാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. ഉയർന്ന ജാതിക്കാർക്കു മാത്രമേ വിദ്യാഭ്യാസം പാടുള്ളൂ എന്ന ചിന്താഗതിയെ അപ്പാടെ അദ്ദേഹം തള്ളിക്കളഞ്ഞു.

മാത്രമല്ല വ്യാകരണം, ഭാഷാശാസ്ത്രം, സിദ്ധവൈദ്യം തുടങ്ങിയ മേഖലകളിലും ഒരുപാട് പുസ്തകങ്ങൾ എഴുതി. ആ കാലഘട്ടത്തിൽ കേരളത്തിൽ ജീവിച്ചിരുന്ന പോരാളിയായിരുന്നു അയ്യൻകാളി. അയ്യൻകാളിയും അയോധ്യ ദാസനും തമ്മിലുള്ള സമാനതകൾ ഏറെയാണ്. എങ്കിലും അയ്യൻകാളിയാണ് സിദ്ധാന്തത്തെ പ്രയോഗവൽക്കരിക്കുക എന്ന ആശയത്തിനൊത്ത് ചിന്തിച്ചതും ജീവിച്ചതും. ഉപ്പ് എന്ന വാക്കുപോലും ഉച്ചരിക്കാൻ അവകാശമില്ലാത്ത ജനതയാണ് തെന്നിന്ത്യയിലെ ദളിതർ. ഉപ്പ് ഉപയോഗിച്ചു ഭക്ഷണം കഴിച്ചാൽ അവർക്ക് ശാരീരികമായി കരുത്ത് വർദ്ധിക്കും, പിന്നെ അവരെ കീഴ്പ്പെടുത്താൻ കഴിയാതെ പോകും എന്ന ഭയത്തിലാണ് ഉപ്പ് രുചിക്കാൻ ദളിതരെ സവർണർ അനുവദിക്കാതിരുന്നത്. അന്നത്തെ കാലത്ത് നാട്ടു മരുന്നുകളിൽ ഉപ്പു ചേരുവയെ ‘‘ചോത്തുക്ക് പോടത്’’ (ചോറിൽ ഇടുന്നത്) രഹസ്യമായി ദളിത് കുടുംബങ്ങൾ ഉപ്പ് കഴിച്ചിരുന്നു എന്നതിന്റെ തെളിവാണ്. ഉപ്പ് കഴിക്കുന്ന ദളിതരെ കൊന്നുകളയും എന്ന ഭീഷണി പ്രാചീന ഇന്ത്യയിൽ ഉണ്ടായിരുന്നു. ഉപ്പുകഴിക്കാനുള്ള അവകാശത്തെ അക്ഷരാർത്ഥത്തിൽ സമരത്തിലൂടെ നേടിയെടുത്തത് അല്ലെങ്കിൽ അതിനുവേണ്ടി പടപൊരുതിയത് അയ്യൻകാളി എന്ന ചിന്തകൻ മാത്രമാണ്. അയോധ്യ ദാസ പണ്ഡിതർ അക്കാദമിക് ലോകത്ത് തഴയപ്പെട്ടിരുന്ന ദളിതരുടെ വിദ്യാഭ്യാസത്തിന് വേണ്ടി പൊരുതുകയും ചെയ്തു; പോരാടുകയും അറിവ് തങ്ങൾക്കുകൂടി അവകാശപ്പെട്ടതാണെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു. പക്ഷേ അയ്യൻകാളിയുടെ പോരാട്ടം അതിൽ നിന്നും വ്യത്യസ്തമായിരുന്നു. പുലയരെ മനുഷ്യരായി കാണുക, അവരെ വിമോചനത്തിലേക്ക് നയിക്കുക എന്നതിൽ ശ്രദ്ധാകുലനായിരുന്നു അയ്യൻകാളി. ജർമ്മനിയിലെ തൊഴിലാളികളെയും ഫ്രാൻസിലെ തൊഴിലാളികളെയും കൂട്ടിയോജിപ്പിക്കാൻ മാർക്സ് നടത്തിയ പോരാട്ടത്തെപ്പോലെയാണ് അയ്യൻകാളി പാടത്ത് പണിയെടുക്കുന്നവരെ കൂട്ടിയോജിപ്പിക്കാൻ ഒറ്റയാൾ പോരാട്ടം നയിച്ചത്. സാമൂഹിക പരിഷ്കരണം എന്നത് മനുഷ്യ ബുദ്ധിയുടെ സമത്വം കൂടിയാണ് എന്നാണ് അദ്ദേഹം തെളിയിക്കാൻ ശ്രമിച്ചത്. ‘പാഠം ഇല്ലെങ്കിൽ പാടത്തേക്ക് ഇല്ല’ എന്ന മുദ്രാവാക്യം ആദ്യമായി ഇന്ത്യയിൽ ഉയർന്നു കേട്ടത് കേരളത്തിലാണ്. മറ്റുള്ള സംസ്ഥാനങ്ങളിൽ നവോത്ഥാനം വലിയ തോതിൽ സംസാര വിഷയമായി മാറിയെങ്കിലും കേരളത്തിൽ മാത്രമാണ് അതൊരു പോരാട്ടമായി വളർന്നത്. അന്നത്തെ കാലത്ത് പോരാട്ടത്തെ ഇത്ര സൂക്ഷ്മമായി നയിച്ചത് അയ്യൻകാളിയുടെ സാമൂഹ്യ കാഴ്-ചപ്പാടുകളെ കൃത്യമായി സൂചിപ്പിക്കുന്നു. ചിന്തിക്കാൻ പോലും ശേഷിയില്ലാത്ത, തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ടിരുന്ന ഒരു ജനതയെ പോരാട്ടത്തിലേക്ക് നയിച്ചത് അത്ഭുതകരമാണ്. വിശപ്പ് ആയിരുന്നു അന്നത്തെ കാലത്ത് സാധാരണ ജനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി. എല്ലാം ആഹാരത്തിനു വേണ്ടി മാത്രമാണ് എന്ന് ചിന്തിച്ചിരുന്ന ആ കാലഘട്ടത്തിൽ എന്ത് അടിമപ്പണിയും ചെയ്യാൻ അന്നത്തെ ദളിത് വിഭാഗത്തിൽ പെട്ട ജനങ്ങൾ തയ്യാറായിരുന്നു. വാസ്തവത്തിൽ മറ്റുള്ള പോരാട്ടങ്ങളിൽ നിന്നും വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടിയുള്ള അയ്യൻകാളിയുടെ പോരാട്ടത്തെ ചരിത്ര പോരാട്ടമായി അടയാളപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിനായി സംഘടിക്കുക, പോരാടുക എന്ന തത്വത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് അയ്യൻകാളി എന്ന് ഈ പോരാട്ടം തെളിയിക്കുന്നു. വടക്കേ ഇന്ത്യയിൽ സമാനമായ പോരാട്ടങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു പോരാട്ടത്തിന് സാധുജനങ്ങളെ തയ്യാറാക്കി എടുക്കാൻ അവിടത്തെ ചിന്തകർക്ക് കഴിഞ്ഞില്ല. അതിന് ഏറ്റവും വലിയ കാരണം അയ്യൻകാളി അതേ സമയത്തുതന്നെ ചിന്തകനും ഒരേ സമയത്ത് പോരാളിയും ആയിരുന്നു എന്നതാണ്. അതുകൊണ്ടാണ് Educate, Agitate, organise എന്ന അംബേദ്കറുടെ ചിന്തകൾക്ക് മുമ്പേ അയ്യൻകാളി organise Agitate for Education എന്ന ഫോർമുലയെ ഉപയോഗിച്ച് ഒരേസമയത്ത് സാധാരണക്കാരെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെടുത്താനും അവരെ വിദ്യാഭ്യാസത്തിലേക്ക് നയിക്കാനും ശ്രമിച്ചത്. അതുകൊണ്ട് ആദ്യമായി സാധുജന പരിപാലനസംഘം രൂപപ്പെടുത്തിയെടുത്ത് അതിലൂടെ ദളിത് വിഭാഗത്തിൽ പെട്ട ജനങ്ങളെ ഒന്നിപ്പിച്ച് നിർത്തുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. തിരുവിതാംകൂറിൽ അങ്ങോളമിങ്ങോളം ചിതറിക്കിടന്ന പുലയരെ ഒരുമിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. വർഷങ്ങളായി തുടർന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ഏതൊരു വിധ മാറ്റവും സമൂഹത്തിൽ സാധ്യമാവും എന്ന് അയ്യൻകാളി തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചത്.മാത്രമല്ല സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുന്ന ദളിത് സമൂഹത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഹോസ്റ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതും അയ്യൻകാളിയാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമാണ് സാമൂഹിക പരിഷ്കരണം സാധ്യമെന്ന് കേരളത്തിൽ ആദ്യമായി തിരിച്ചറിഞ്ഞതും അതിനു വേണ്ടി സമരം ചെയ്തതും അയ്യൻകാളി ആണ്. അതുകൊണ്ടുതന്നെയാണ് അയ്യൻകാളിയെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് എന്ന് നായനാർ അടയാളപ്പെടുത്തിയത്. ദളിതരുടെ മേൽ അടിച്ചേൽപ്പിച്ച കുലത്തൊഴിൽ സമ്പ്രദായത്തെ ഇല്ലാതാക്കാൻ വിദ്യാഭ്യാസമാണ് വേണ്ടത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു ബഹുജന സമരം ആണ് വിദ്യാഭ്യാസം നേടിയെടുക്കാനുള്ള പോംവഴി എന്ന തിരിച്ചറിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് തിരുവിതാംകൂർ മന്ത്രിസഭയിൽ സാധു ജനങ്ങളെ പ്രതിനിധീകരിച്ച് 20 കൊല്ലത്തിലേറെ അവരുടെ അവകാശങ്ങൾക്കു വേണ്ടി മാത്രം ജീവിതം നയിച്ചത്. അധികാരത്തിന്റെ രാഷ്ട്രീയത്തെ അധികാരം കൊണ്ട് നേരിടുക എന്നതായിരുന്നു അയ്യൻകാളിയുടെ തന്ത്രം. അതുകൊണ്ട് മാത്രമാണ് അധികാരത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും പങ്കു വേണം എന്ന് അദ്ദേഹം നിരന്തരമായി പറയുകയും അതിനുവേണ്ടി പോരാടുകയും ഒരു പരിധിവരെ അത് നേടിയെടുക്കുകയും ചെയ്തത്. നവോത്ഥാനം എന്ന് പേരിൽ കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ച രാമലിംഗഅടികൾ (വള്ളലാർ), ചട്ടമ്പിസ്വാമികൾ തുടങ്ങിയവർ ആത്മീയ കർമ്മങ്ങൾ പഠിപ്പിക്കാൻ വേണ്ടിയാണ് അത്തരത്തിലുള്ള കുടിപ്പള്ളിക്കൂടങ്ങളെ ഉപയോഗിച്ചത്. നിഷേധിക്കപ്പെടുന്നത് തന്റെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം വില്ലുവണ്ടി ഓടിക്കുകയും,ഉടുപ്പ് ധരിക്കുകയും ചെയ്തു. അവർണർക്ക് അവഗണിക്കപ്പെട്ട സനാതന ധർമ്മം ഒരുതരത്തിൽ നീതി നിഷേധമാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അവർണരെ മനുഷ്യരായി കണക്കാക്കുക എന്നതിലേക്കു മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതുകൊണ്ടാണ് സമൂഹത്തിലെ ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയും സാമൂഹിക മുന്നേറ്റത്തിനുവേണ്ടിയും കുടിപ്പള്ളിക്കുടങ്ങൾ സ്ഥാപിച്ചത്. തെന്നിന്ത്യയിലെ മറ്റൊരു വിപ്ലവകാരിയായ പെരിയാറും പിന്നീട് സമാനമായ സമരങ്ങളാണ് തമിഴ്നാട്ടിൽ നയിച്ചത്. ദളിതരുടെ വിദ്യാഭ്യാസത്തിനായി വിപ്ലവകരമായ കളം ഒരുക്കിയനവോത്ഥാന നായകനാണ് അയ്യൻകാളി. അതുകൊണ്ടാണ് ഇന്ത്യൻ നവോത്ഥാന ചരിത്രത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ഇന്നും ഊർജ്ജമാകുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 − 16 =

Most Popular