Tuesday, May 21, 2024

ad

Homeകവര്‍സ്റ്റോറിഅയ്യൻകാളിയും പൊതുഇട നിർമ്മിതിയും

അയ്യൻകാളിയും പൊതുഇട നിർമ്മിതിയും

സച്ചു സോം

ത്വചിന്തകൻ ,ആ തത്വചിന്തയുടെ പ്രയോക്താവ് , സാമൂഹ്യപരിഷ്കർത്താവ്, രാഷ്ട്രീയപ്രവർത്തകൻ എന്നീ നിലകളിൽ ആധുനിക കേരളത്തിന്റെ നിർമിതിയിൽ സവിശേഷമായി ഇടപെട്ടിട്ടുള്ള വ്യക്തിയാണ് മഹാത്മാ അയ്യൻകാളി. ആ ഇടപെടലിന്റെ ഫലമായി ഉണ്ടായിവന്ന കേരളീയ ആധുനികതയെ ചരിത്രപരമായ പ്രക്രിയയിലൂടെ നിർമിച്ചതിന്റെ ഗുണഫലങ്ങൾ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പൊതുമണ്ഡലത്തിൽ ഇന്നും നാം അനുഭവിക്കുന്നുണ്ട്. വിഭവങ്ങളുടെ മേൽ ജാതിമേലാളർക്ക് പൂർണ അധികാരമുണ്ടായിരുന്ന കാലത്ത് അതിനെ വെല്ലുവിളിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ആ അവസ്ഥയെ അയ്യൻകാളി വെല്ലുവിളിക്കുകയും പിന്നീടത് നവോത്ഥാനത്തിന്റെ അടിത്തറയായി തീരുകയുമാണല്ലോ ചെയ്തത്. ജാതിബന്ധങ്ങളാൽ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിൽ അറിവുൽപ്പാദനത്തിന്റെ പ്രാധാന്യം അയ്യൻകാളി സ്വജീവിതത്തിലൂടെയാണ് നമുക്ക് കാണിച്ചുതന്നത്. ലോകത്തിലെ എല്ലാ സമൂഹത്തിനും ഹെജിമോണിക് ആയ ഒരു ആശയധാര പ്രവർത്തിക്കുന്നുണ്ടാകും. ആ ഹെജിമോണിക് ആയ ആശയത്തിനകത്ത് നിന്നുകൊണ്ടാവും സമൂഹത്തിലെ വിനിമയങ്ങൾ സംഭവിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിലത് ജാതിമേൽക്കോയ്മയാണ്. ജാതി ഒരേസമയം ഹെജിമോണിക് ആയ ആശയമായും മൂർത്തയാഥാർഥ്യമായും പ്രവർത്തിക്കുന്നു. ഈ ജാതിബന്ധത്തെ ഇളക്കുക അല്ലെങ്കിൽ പൊളിക്കുക എന്ന ചരിത്രപരമായ ദൗത്യത്തിലൂടെ ഹെജിമോണിക് ശക്തിയെ പ്രയോഗത്തിലൂടെയും അറിവുല്പാദനത്തിലൂടെയും മറികടക്കുന്നതിനു സാധിച്ചു എന്നതാണ് കാലഘട്ടത്തെ അതിവർത്തിക്കുന്ന അയ്യൻകാളിയുടെ പ്രസക്തി. നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുന്ന അസമത്വങ്ങളും അതിനകത്ത് മനുഷ്യർ ജീവിക്കുന്ന മേൽ-കീഴ് ബന്ധങ്ങളുമുണ്ട്. ഈ ബന്ധം സാമൂഹികമായി നിർമിച്ചെടുത്തതുമാണ്. നിലനിൽക്കുന്ന സാമൂഹികമണ്ഡലം ചില ബോധങ്ങളാൽ പരുവപ്പെടുത്തിയെടുത്തതാണ്. ആ ബോധത്തിനാലാണ് കീഴാളർ കീഴാളരായും സവർണർ സവർണരായും വർത്തിക്കുന്നത്. പിന്നീട് ഈ ബോധം അനുദിനജീവിതത്തിൽ സ്വാഭാവികവൽക്കരിക്കപ്പെടുന്നു. പോയകാലത്തിന്റെ ശേഷിപ്പുകൾ ഇന്നും ബോധമായി പോളിറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ശബരിമലയിൽ സ്ത്രീകൾക്കായുള്ള പ്രവേശനവിധി വന്ന സമയത്തുണ്ടായ കോലാഹലങ്ങൾ. സാമൂഹ്യഇടം സാമൂഹ്യനിർമിതിയായി തീരുന്നു. കേരളചരിത്രം നോക്കിയാൽ മേൽതട്ടിലുള്ളവർ കീഴ്-ത്ത-ട്ടിലെ മനുഷ്യനുമേൽ ചെലുത്തിയ അധീശത്വം ഇന്നും അളവിൽ വ്യത്യാസമുണ്ടെങ്കിലും തുടരുന്നുണ്ട്. അതിനെതിരെ നവോത്ഥാനത്തിന്റെ തുടർച്ചയായി സമരങ്ങളും അവകാശപോരാട്ടങ്ങളും നടക്കുന്നുമുണ്ട്. ഇത്തരം അവകാശ പോരാട്ടങ്ങൾക്കും അതിന്റെതായ ചരിത്രമുണ്ട്. ആ ചരിത്രം ചെന്നെത്തിച്ചേരുന്നത് ശ്രീനാരായണ ഗുരിവിലേക്കും അയ്യൻകാളിയിലേക്കും പൊയ്കയിൽ അപ്പച്ചനിലേക്കുമൊക്കെയാണ്. കീഴാളർ അവകാശങ്ങളൊന്നുമില്ലാതെ ജാതിശരീരമായി മാത്രമായി ജീവിക്കേണ്ടിവന്നതിനെ ചോദ്യംചെയ്തുകൊണ്ടാണ് ഇവരെല്ലാം സിവിൽ സമൂഹത്തിൽ ഇടപെട്ടതെന്നും കാണാം. അറിവും അധികാരവും സമ്പത്തും സവർണ മേലാളന്മാരിൽ കേന്ദ്രീകരിച്ചുകൊണ്ടാണ് ജാതി നിലനിന്നു പോന്നത്. ഇവ കീഴാളരിൽ നിഷേധിക്കപ്പെടാൻ എല്ലായ്-പോഴും ഇടപെട്ടുകൊണ്ടേയിരുന്നു. ജാതിമേൽക്കോയ്മ അത്രമേൽ പ്രകടമായിരുന്നു അക്കാലത്ത്. ആ ജാതിഭൂമിയിലേക്കാണ് അയ്യൻകാളിയുടെ വില്ലുവണ്ടി മണിമുഴക്കി ചെന്നത്. പുതിയൊരു ഇടത്തിന്റെ നിർമിതിക്ക് തുടക്കം കുറിക്കുവാൻ പോന്നതായിരുന്നു ആ യാത്ര. ഇത്തരം ആലോചനകൾ എല്ലാം അയ്യൻകാളിയെ കുറിച്ചുള്ള പൊതു ചർച്ചകളിൽ ഉയർന്നു വരാറുള്ളതാണ്. ഈ ലേഖനം ഇത്തരം ആഖ്യാനങ്ങളെയെല്ലാം മുൻനിർത്തി ‘പൊതു’ എന്നൊരു സങ്കൽപം പോലും ഇല്ലാതിരുന്ന കാലത്ത് ‘പൊതുഇട’ത്തെ നിർമിച്ച വ്യക്തിത്വം എന്ന നിലയിലാണ് അയ്യൻകാളിയെ സംബോധന ചെയ്യാൻ ശ്രമിക്കുന്നത്. സമകാലീന ഇന്ത്യയിൽ പൊതുഇടങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പൊതുഇടം എന്ന പരികൽപനയെ വീണ്ടെടുക്കുക എന്ന ആലോചന തന്നെ രാഷ്ട്രീയമായി മാറുന്നു. ജർമൻ തത്വചിന്തകനായ ജുർഗൻ ഹേബർമാസ് പടിഞ്ഞാറൻ ആധുനികതയുടെ അവസാനകാലത്ത് മുന്നോട്ടുവച്ച പരിപ്രേക്ഷ്യമാണ് പൊതുമണ്ഡലം(public sphere)എന്നത്. പൊതുജനാഭിപ്രായം രൂപപ്പെടുത്തിയെടുക്കാനുള്ള ഇടമെന്ന നിലക്കാണ് പൊതുമണ്ഡലത്തെ ഹേബർമാസ് വിശകലനം ചെയ്യുന്നത്. അതായത് വ്യക്തികൾക്ക് ബാഹ്യമായ യാതൊന്നിന്റേയും തടസ്സമില്ലാതെ സ്വതന്ത്രമായി സംവാദം സാധ്യമാകുന്നതിലൂടെ അഭിപ്രായരൂപീകരണം സാധ്യമാകുന്ന ഒരു സ്ഥലകല്പന. ഇന്ന് കാണുന്ന സൈബർഇടത്തിനെപോലും പൊതുമണ്ഡലത്തിന്റെ ഉദാഹരണമായി കാണാവുന്നതാണ്. ഇങ്ങനെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ സാധ്യമാകുന്ന ഭാവനാത്മകമായ ഒരിടത്തിന്റെ നിർമിതിയിൽ കേരളത്തിന്റെ സാഹചര്യത്തിൽ സവിശേഷമായി കലഹിച്ച വ്യക്തിയായി അയ്യൻകാളിയെ വായിക്കാം. എല്ലാ മൂലധനവും ജാതിയിൽ അധിഷ്ഠിതമായി സ്വകാര്യമായിരുന്ന (private) അവസ്ഥയിൽ , ആ അവസ്ഥയെ പൊളിച്ച് പൊതുഇടം ഭൗതികമായും സങ്കൽപനപരമായും നിർമ്മിക്കുന്നതിനുള്ള അടിത്തറ സൃഷ്ടിച്ചത് അയ്യൻകാളിയുടെ മുന്നേറ്റങ്ങളാണ്. അതായത് പ്രൈവറ്റ് സ്പേസിനെ ഇല്ലായ്മ ചെയ്തത് സ്വഭാവികമായി ഉണ്ടായി വന്ന പ്രക്രിയ എന്നതിനേക്കാൾ ഇടിച്ചുകയറി പബ്ലിക് സ്പേസിനെ ഉണ്ടാക്കുകയാണ് ചെയ്തത്. കെ എസ് മാധവൻ വ്യത്യസ്തങ്ങളായ അയ്യൻകാളിയുണ്ട് എന്ന് നിരീക്ഷിക്കുന്നുണ്ട് . “മഹാത്മാ ഗാന്ധി പൗരവകാശത്തിനു വേണ്ടിയും ക്ഷേത്രപ്രവേശനത്തിനു വേണ്ടിയും നടന്ന സമരങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയപ്പോൾ അയ്യൻകാളിയെ പുലയനേതാവായി സ്ഥാനപ്പെടുത്തി. ഇത് പുലയരുടെ പൊതുസ്വത്താക്കി അയ്യൻകാളിയെ ചുരുക്കി . മറ്റൊന്ന് ദളിത്‌ സമുദായികത ഉയർത്തിക്കൊണ്ടുവന്ന ദളിത്‌ വിമോചനത്തിന്റെ പ്രതിനിധാനമായ ഒരു അയ്യൻകാളി എന്ന സങ്കൽപമാണ്. അത് സ്വത്വ രാഷ്ട്രീയത്തിന്റെതാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വ്യവഹാരത്തിൽ അയ്യൻകാളിയെന്നത് കേരളത്തിലെ ആദ്യത്തെ പണിമുടക്ക് നടത്തിയ കർഷകത്തൊഴിലാളികളുടെ നേതാവാണ് . എന്നാൽ തീവ്രകമ്മ്യൂണിസ്റ്റുകളുടെ ആഖ്യാനത്തിൽ അടികൊടുക്കുന്ന, അക്രമം നടത്തുന്ന, തിരിച്ചടിക്കുന്ന ഒരു അയ്യൻകാളിയോടാണ് അവർക്ക് താല്പര്യം. മറ്റൊന്ന് സ്വാതന്ത്ര്യം എന്ന സങ്കല്പത്തെ മുൻനിർത്തിയുള്ള അയ്യൻകാളിയാണ് , ആധുനികതയുടെ ചരിത്രപ്രക്രിയയുടെ ഭാഗമായി ഉണ്ടായി വന്ന വിമർശചിന്തയുടെ ഭാഗമായി ചുറ്റുപാടുകളെ മനസ്സിലാക്കി ഇടപെടുന്ന ഒരു അയ്യൻകാളി. അവസാനമായി കേരളത്തിന്റെ നവോത്ഥാന പ്രക്രിയയിൽ സ്ത്രീകളുടെ കർത്തൃത്വം ഏതെങ്കിലും തരത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അടിത്തട്ട് സമൂഹത്തിൽ നിന്ന് മാത്രമാണ് എന്നതിൽ നിന്നു കേരളത്തിൽ സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കണമെന്ന നിലയ്ക്ക് ഉണ്ടായിട്ടുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിയെന്ന നിലയിൽ ലിംഗനീതിയുടെ രാഷ്ട്രീയത്തിനായി നിലനിന്ന അയ്യൻകാളി’. ഇങ്ങനെ വ്യത്യസ്തങ്ങളായി വായിക്കാൻ സാധിക്കുന്ന വ്യക്തിത്വം എന്ന നിലയ്ക്കുവേണം അയ്യൻകാളിയെ കേരളത്തിന്റെ ചരിത്രത്തിൽ നിന്നും കണ്ടെത്തേണ്ടത്. കീഴ്ജാതിക്കാർക്ക് വഴിനടക്കുവാൻ അവകാശമില്ലാതിരുന്ന കാലത്ത് വില്ലുവണ്ടിയിലൂടെ യാത്രചെയ്തു കൊണ്ട് അയ്യൻകാളി നിർമിച്ചത് പൊതുഇടമാണ്. സാമൂഹ്യഇടം സാമൂഹ്യമായി നിർമിക്കുന്ന ഒന്നാണെന്നു നേരത്തെ പറഞ്ഞുവല്ലോ. അതായത് എല്ലാം പ്രൈവറ്റ് ആയിരുന്ന ഇടത്തിലേക്ക് അയ്യൻകാളി ‘പൊതു’വിനെ അവതരിപ്പിച്ചു. ഫ്രഞ്ച് തത്വചിന്തകനായ ഹെൻറി ലെഫെബേവ് സാമൂഹ്യ ഇടത്തിന്റെ നിർമാണം(production of social space)എന്ന ആലോചന മുന്നോട്ടു വയ്ക്കുന്നുണ്ട്. അതിൽ അദ്ദേഹം ഇടം (space) ഉണ്ടാകുന്നതിനെപ്പറ്റി വിശദീകരിക്കുന്നുണ്ട്. ലെഫെബേവ് ഈ ആലോചന മുന്നോട്ടു വയ്ക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന സമയത്താണ്. മൂന്ന് തരത്തിലുള്ള ഇടത്തെപ്പറ്റി ലെഫെബേവ് പറയുന്നു. ഒന്ന് സാമൂഹ്യ ആചാരങ്ങളിലൂടെയുണ്ടാകുന്ന ഇന്ദ്രിയങ്ങളാൽ അനുഭവേദ്യമാകുന്ന ഇടം. രണ്ട് പ്രതിനിധാനപരമായ ഇടം. മൂന്ന് സാങ്കല്പികമായ ഇടം. ഈ മൂന്ന് അടരുകളിലും അയ്യൻകാളി ദാർശനികമായും പ്രയോഗത്തിലൂടെയും സമൂലമായി ഇടപെട്ടിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഇങ്ങനെ ഉണ്ടായി വരുന്ന ഒരു ഇടത്തെ നിർമിച്ചു എന്നതിലാണ് അയ്യൻകാളിയുടെ പ്രാധാന്യം നിലനിൽക്കുന്നത്. പ്രതിനിധാനപരമായി പ്രതീകങ്ങൾ അയ്യൻകാളിയെ ഇന്നും സമൂഹത്തിൽ ഓർമിപ്പിക്കുന്നു. ഉദാഹരണമായി അയ്യൻകാളിയുടെ തൊപ്പി, വില്ലുവണ്ടി എന്നിവയിലെ എല്ലാം പ്രത്യയശാസ്ത്ര മേൽക്കോയ്മ നിലനിൽക്കുമ്പോൾ പോലും ഇന്നും കീഴാളരുടെ അനുദിനജീവിതത്തിൽ പ്രതിരോധമായി തീരുന്നുണ്ട്. സാമൂഹ്യ ഇടങ്ങളിൽ ഗുണാത്മകമായി ഉണ്ടാകേണ്ട ചർച്ചകൾ പോലും ചുരുങ്ങുകയും അതേസമയം വർഗീയതയും അപര വിദ്വേഷവും പടരുകയും ചെയ്യുന്ന ഇന്നത്തെ സാമൂഹ്യ അവസ്ഥയിൽ അയ്യൻകാളിയെ ഓർക്കുകയും അദ്ദേഹം മുന്നോട്ടുവച്ച ആലോചനകളെ മുഖ്യധാരയിൽ നിരന്തരം ചർച്ച ചെയ്യുന്ന സംവാദമണ്ഡലം ഒരുക്കുകയും ചെയ്യേണ്ടതുണ്ട്. ശബരിമല വിവാദം മുതലിങ്ങോട്ട് കേരളരാഷ്ട്രീയത്തിൽ ഉണ്ടായ വ്യതിയാനം അത് സൂചിപ്പിക്കുന്നു. അതിനുമുൻപ് അതില്ല എന്നർത്ഥം ഇവിടെയില്ല. ഇപ്പോൾ കൂടുതൽ പ്രകടമായിരിക്കുന്നു അവ.ഒപ്പം ഇന്ത്യ ഭരിക്കുന്നത് ജാതിബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ ശക്തികൾ ആണെന്ന യാഥാർഥ്യം കൂടി കൂട്ടിച്ചേർക്കുമ്പോൾ നവോത്ഥാനത്തിന്റെ പിൻബലത്തിൽ കെട്ടിപ്പടുത്ത കേരള സമൂഹത്തിന്റെ അടിത്തട്ടിനു ഇളക്കം തട്ടാതെയിരിക്കണമെങ്കിൽ പ്രതിരോധം സാധ്യമാകണമെങ്കിൽ അയ്യൻകാളിയെപ്പോലുള്ള നവോത്ഥാനനായകരെയും അവരുടെ ആലോചനകളെയും ഓർത്തെടുത്തേ പറ്റൂ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 3 =

Most Popular