Wednesday, May 13, 2026

ad

Homeകവര്‍സ്റ്റോറിമാധ്യമരംഗം

മാധ്യമരംഗം

മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. പൗരർക്ക് രാഷ്ട്രവ്യവഹാരത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ള പൂർണസ്വാതന്ത്ര്യം ഇല്ലെങ്കിൽ പിന്നെ ജനാധിപത്യം ഇല്ല.

പക്ഷേ, മാധ്യമബഹുസ്വരതയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിൽ ഉടമസ്ഥതയുടെ കുത്തകവത്ക്കരണം നടന്നുകഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ പൂർണ്ണപിന്തുണയോടെയാണിത്. ഇന്ത്യയുടെ സാംസ്കാരികവൈവിധ്യവും ബഹുസ്വരതയും ഏകശിലാത്മകമായി മാറ്റുന്നതിന് സംഘപരിവാർ ഉൾപ്പടെയുള്ള വർഗീയ ശക്തികൾ ശ്രമിക്കുമ്പോൾ അതിന് പിന്തുണയും സഹായവും ചെയ്യുന്നത് കുത്തകമാധ്യമങ്ങളാണ്.

മാധ്യമ സാന്ദ്രത
മാധ്യമ സാന്ദ്രത ഏറ്റവും ഉയർന്ന സംസ്ഥാനം കേരളമാണ്. ഇന്ത്യയിലെ പത്രപ്രചാരണം ഒരുലക്ഷം ആളുകൾക്ക് 480–-500 കോപ്പികൾ വീതമാണെങ്കിൽ കേരളത്തിൽ അത് 4500-–5000 ആണ്. കേരളത്തിൽ 90-–95 ശതമാനം വീടുകളിൽ ടെലിവിഷനുള്ളപ്പോൾ ദേശീയ ശരാശരി 66 ശതമാനമാണ്. ഇടതുപക്ഷ വിരുദ്ധതയും സർക്കാർ വിരുദ്ധതയുമാണ് ഇന്നത്തെ മുഖ്യധാരാമാധ്യമങ്ങളുടെ മുഖമുദ്ര. സംഘപരിവാറിനെ കേരളത്തിൽ വളർത്തിക്കൊണ്ടുവന്നതിൽ മാധ്യമങ്ങൾ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളുടെ സാധ്യതകൾ
മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുന്ന പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനു കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ അവ റിപ്പോർട്ടു ചെയ്യാൻ പരമ്പരാഗത മാധ്യമങ്ങൾ നിർബന്ധിക്കപ്പെടുന്നു. സിറ്റിസൺ ജേർണലിസത്തിനു പ്രസക്തി വർധിച്ചുവരുന്നു. എന്നാൽ ഇതിനും പരിമിതിയുണ്ട്. ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും കുത്തകകളുടെ നിയന്ത്രണത്തിലാണ്. ആളുകൾ എന്ത് വാർത്ത കാണണമെന്ന് തീരുമാനിക്കുന്നതിൽ അവരുടെ അൽഗോരിതങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.

മാധ്യമസ്വാതന്ത്ര്യം
മാധ്യമ സ്വാതന്ത്ര്യം ഏറ്റവും താഴ്ന്ന നിലയിലുള്ള രാജ്യമാണ് ഇന്ത്യ. റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്സിന്റെ വിലയിരുത്തലിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 180-ൽ 151 മാത്രമാണ്. 2014-ൽ നരേന്ദ്ര മോഡി അധികാരത്തിലെത്തിയശേഷം മാധ്യമ സ്വാതന്ത്ര്യം ഭീകരമായ തോതിൽ തകർന്നു.

മാധ്യമ സാക്ഷരതയാണ് ഏറ്റവും വലിയ പ്രതിരോധം. അതോടൊപ്പം ബദൽ മാധ്യമങ്ങൾക്ക് പരമാവധി പിന്തുണയും പ്രചാരണവും നൽകേണ്ടത് രാഷ്ട്രീയപ്രവർത്തനമായി ഏറ്റെടുക്കണം. ധീരമായും സത്യസന്ധമായും പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പൂർണ പിന്തുണ നൽകണം.

ബദൽ മാധ്യമങ്ങൾ
നിലവിലുള്ള ബദൽ മാധ്യമങ്ങൾക്ക് ശക്തമായ പിന്തുണ നൽകണം. കേരളത്തിലെ പ്രാദേശിക ചാനലുകളുടെ കൂട്ടായ്മ നല്ല ഉദാഹരണമാണ്. ബദൽ ന്യൂസ് പോർട്ടലുകൾ, സംഘടിതമായ സോഷ്യൽമീഡിയ ഇടപെടലുകൾ തുടങ്ങിയവയെല്ലാം ഇന്നത്തെ കാലത്ത് പ്രധാനമായിത്തീർന്നിരിക്കുന്നു. കോൺഗ്രസും ബിജെപിയും അതിഭീമമായ തുക മുടക്കിയാണ് സോഷ്യൽ മീഡിയാ രംഗത്ത് പ്രവർത്തിക്കുന്നത്. ആ മൂലധന ശേഷിയുമായി മത്സരിക്കാൻ കഴിയില്ലെങ്കിലും ഇടതുപക്ഷ പ്രവർത്തകരെ അണിനിരത്താനായാൽ ഈ വെല്ലുവിളിയെ നേരിടാനാകും.

1959-ലെ വിമോചനസമരം മുതൽ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധതയാണ് സ്വീകരിച്ചിട്ടുള്ളത്. അതിനെ ഇടതുപക്ഷം നേരിട്ടത് കേരളത്തിലെ സജീവമായ പൊതുമണ്ഡലങ്ങളിൽ സാധാരണപ്രവർത്തകർ ഇടപെട്ടു പ്രവർത്തിച്ചുകൊണ്ടാണ്. അന്ന് വായനശാലകളും ക്ലബ്ബുകളും ചായക്കടകളും ബീഡിതെറുപ്പു കേന്ദ്രങ്ങളുമെല്ലാം സംവാദവേദികളായി മാറി. എന്നാൽ ഇന്ന് ഇവയെല്ലാം ശുഷ്കിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എല്ലാ ഇടതുപക്ഷ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ കൃത്യമായ ദിശാബോധത്തോടെ ഇടപെടുന്നതിനു തയ്യാറാകണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + 8 =

Most Popular