ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ രണ്ടാമത്തെ ലക്ഷ്യം 2030 ഓടുകൂടി വിശപ്പില്ലാത്ത ലോകം സൃഷ്ടിക്കുകയെന്നതാണ്. ആഗോള പട്ടിണി സൂചിക 2025 പ്രകാരം 123 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 102 ആണ്. എന്നാൽ കേരളത്തെ ഈ രാഷ്ട്രങ്ങളുടെ നിരയിൽ സാങ്കൽപ്പികമായി പട്ടികപ്പെടുത്തുകയാണെങ്കിൽ കേരളത്തിന്റെ റാങ്ക് 15നും 25നും ഇടയിലായിരിക്കും.
കേരളത്തിലെ ഭക്ഷ്യ ഭദ്രതാവ്യവസ്ഥ നാല് പ്രധാന തൂണുകളിലാണ് നിലനിൽക്കുന്നത്– ശക്തമായ പൊതുവിതരണ സംവിധാനം, സപ്ലെെകോ മുഖേനയുള്ള വിപണി ഇടപെടൽ; സഹകരണ സംഘങ്ങൾ വഴിയുള്ള ഇടപെടൽ; സൗജന്യ ഭക്ഷണ വിതരണ പരിപാടികൾ.
ഇന്ത്യയിൽ സാർവത്രിക റേഷനിങ് നടപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. 1957നുശേഷമാണ് സുശക്തവും സുസംഘടിതവുമായ പൊതുവിതരണ സമ്പ്രദായം നിലവിൽ വന്നത്. ഒന്നാം കമ്യൂണിസ്റ്റു മന്ത്രിസഭയുടെ സുപ്രധാനമായ ഇടപെടലുകളിൽ ഒന്നായിരുന്നു ഇത്. 1964 നവംബർ ഒന്നുമുതലാണ് കേരളത്തിൽ സാർവത്രിക റേഷൻ നടപ്പിലാക്കിയത്. ഇതിനുകാരണമായത് എകെജിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രക്ഷോഭമാണ്.
1980 മുതൽ പ്രവർത്തനമാരംഭിച്ച കേരള സംസ്ഥാന സിവിൽ സപ്ലെെസ് കോർപറേഷനാണ് പൊതുവിതരണ സമ്പ്രദായത്തിന്റെ മറ്റൊരു സുപ്രധാന ഏജൻസി. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ ഫെ-ഡറേഷന്റെ ത്രിവേണി സ്റ്റോറുകളുടെയും നീതി സ്റ്റോറുകളുടെയും വിപുലമായ ശൃംഖല വഴിയുള്ള പ്രവർത്തനമാണ് പൊതുവിതരണത്തിന്റെ മൂന്നാമത്തെ തലം.
1989 വരെ രാജ്യത്തെ തന്നെ മികച്ച പൊതുവിതരണ സംവിധാനമായി കേരളത്തിലെ ന്യായവില റേഷനിങ് സംവിധാനം നിലനിന്നു. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് പ്രതിമാസ വിഹിതമായി 13.8 കിലോഗ്രാം (460 ഗ്രാം പ്രതിദിനം) ഭക്ഷ്യവിഭവം ഉറപ്പാക്കുന്ന സ്ഥിതിയിൽ കേരളം എത്തി. എന്നാൽ നവഉദാരവത്ക്കരണ നയ സമീപനങ്ങൾ കേരളത്തിന്റെ മാതൃകാപ്രവർത്തനങ്ങളിലൊന്നായ പൊതുവിതരണ ശൃംഖലയെ ദുർബലപ്പെടുത്തി. കേന്ദ്ര സർക്കാർ സ്വീകരിച്ച നയപരമായ മാറ്റത്തിലൂടെ സാർവ്വത്രിക ഭക്ഷ്യവിതരണമെന്നത് ലക്ഷ്യാധിഷ്ഠിത (ടാർഗറ്റഡ്) ഭക്ഷ്യവിതരണ സംവിധാനമായി മാറി. അതോടെ ഗുണഭോക്താക്കൾ എപിഎൽ, ബിപിഎൽ വിഭാഗങ്ങളായി വേർതിരിക്കപ്പെട്ടു. ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ കേരളത്തിന് ലഭ്യമാക്കാമെന്ന ഉറപ്പ് കേന്ദ്രം ലംഘിച്ചതോടെ സാർവത്രിക റേഷൻ സമ്പ്രദായം അവസാനിപ്പിക്കപ്പെട്ടു.
റേഷൻ കാർഡ് ഉടമകളെ ആറ് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. 5.9 ലക്ഷം വരുന്ന അന്തേ-്യാദയ അന്നയോജന പ്രകാരമുള്ള മഞ്ഞകാർഡ് ഉടമകളും 36.3 ലക്ഷം ചുവന്ന കാർഡുള്ള മുൻഗണനാ കുടുംബങ്ങളും 22.3 ലക്ഷം വരുന്ന മുൻഗണനാ ലിസ്റ്റിൽ പെടാത്ത സബ്-സിഡിക്ക് അർഹരായ നീല കാർഡുകാരും 30.1 ലക്ഷം വരുന്ന വെള്ള കാർഡുള്ള മുൻഗണനാ ലിസ്റ്റിൽപെടാത്തവരുമുണ്ട്. പുറമെ, 0.3 ലക്ഷം വരുന്ന, അഗതി മന്ദിരങ്ങളിലും മറ്റും താമസിക്കുന്ന ബ്രൗൺ കാർഡുകാരുമുണ്ട്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അന്തേ–്യാദയ/ മുൻഗണനാ വിഭാഗങ്ങൾക്ക് ധാന്യം സൗജന്യമായി കേന്ദ്രം നൽകുന്നു. മുൻഗണനേതര വിഭാഗങ്ങൾക്ക് കിലോയ്ക്ക് 8.30 രൂപ വിലയ്ക്ക് കേന്ദ്രത്തിൽനിന്ന് ധാന്യം വാങ്ങണം. കടത്തുകൂലിയും സംസ്ഥാനം വഹിക്കണം. മുൻകാലങ്ങളിൽ എഫ്സിഐ ഓപ്പൺ മാർക്കറ്റ് സെയിൽസ് വഴി മിച്ച ധാന്യം സംസ്ഥാനങ്ങൾക്ക് ലേലത്തിൽ നൽകുമായിരുന്നു. ലേലത്തിൽ പങ്കെടുത്ത് കേരളം കിലോയ്ക്ക് 26/29 രൂപ നിരക്കിൽ അരി വാങ്ങി സപ്ലെെകോ വഴി 23/25 രൂപ നിരക്കിൽ വിതരണം ചെയ്തത് വിപണി വില നിയന്ത്രിക്കാൻ സഹായിച്ചു. എന്നാൽ എഫ–്സിഐ ഇത് നിർത്തലാക്കി.
ഭക്ഷ്യഭദ്രത ഉറപ്പാക്കണമെങ്കിൽ ആഭ്യന്തര ഉൽപ്പാദനം കുറയാതെ നോക്കണം. കേരളം വലിയ തോതിൽ സാമ്പത്തിക സഹായം ചെയ്തുകൊണ്ടാണ് നെൽകൃഷി സംരക്ഷിക്കാൻ ശ്രമിക്കുന്നത്. എന്നാൽ കൃഷിക്കാർക്ക് കൂടുതൽ ധനസഹായം നൽകുന്നതിനെ കേന്ദ്രം വിലക്കുകയാണ്.
കേരളത്തിനാവശ്യമായ റേഷന്റെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ക്വാട്ട പുനഃപരിശോധിക്കാനുള്ള പ്രക്ഷോഭം ഉയർത്തണം. കടത്തുകൂലിയിലെ കേന്ദ്ര പങ്കാളിത്തം വർധിപ്പിക്കണം. എഫ്സിഐയുടെ ഓപ്പൺ മാർക്കറ്റ് സ്കീം പുനരാരംഭിക്കണം. ആഭ്യന്തര ഭക്ഷേ-്യാൽപ്പാദനം വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. കമ്പോള ഇടപെടൽ ശക്തിപ്പെടുത്തണം. പോഷക സുരക്ഷയ്ക്കായി പയർ വർഗങ്ങളും മില്ലെറ്റുകളും കൂടി റേഷനിൽ ഉൾപ്പെടുത്തണം. കേരളം പൊതുവിതരണ സംവിധാനം സാർവത്രികമാക്കാനുള്ള സാധ്യത പരിശോധിക്കണം. കേരളത്തിലെ പൊതുവിതരണ സംവിധാനം സാമൂഹ്യനീതിയുടെ രാഷ്ട്രീയ പ്രസ്താവന കൂടിയാണ്. l



