പൊതുമേഖലയോടൊപ്പം സഹകരണ മേഖലയും സാമ്പത്തിക രംഗത്ത് സാമൂഹ്യ ഇടപെടലിന്റെ ഒരു പ്രധാനപ്പെട്ട ഏജൻസിയാണ്. ഏതാണ്ട് എല്ലാ വികസന മേഖലകളിലും സഹകരണ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങൾ നിലവിലുണ്ട്. കേരളത്തെ ധനകാര്യമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ സഹകരണ പ്രസ്ഥാനത്തിന്റെ ധനകാര്യ ഇടപെടൽശേഷി അതീവപ്രാധാന്യം അർഹിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ ഭീഷണി
അതേസമയം, സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കുവാനുള്ള നീക്കമാണ് ആർഎസ്എസും കേന്ദ്രസർക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാ നിബന്ധനകളെ മറികടക്കുന്നതിനുവേണ്ടി അന്തർസംസ്ഥാന സഹകരണ സംഘങ്ങളുടെ മറവിലും നിധികളുടെ മറവിലും സമാന്തര സംവിധാനങ്ങൾ അവർ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളെയും കേന്ദ്ര ധനഏജൻസികളെയും സംസ്ഥാന സഹകരണ സംഘങ്ങളെ മെരുക്കാൻ അവർ ദുരുപയോഗം ചെയ്യുകയാണ്. കഴിഞ്ഞ പത്തു വർഷക്കാലത്തിനിടയിലാണ് ഈ നടപടികൾ മറനീക്കി പുറത്തുവന്നത്. ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നുള്ളത് ചർച്ച ചെയ്യേണ്ട ഗൗരവമായ വിഷയമാണ്.
അർബൻ ബാങ്കുകളുടെമേൽ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ റിസർവ്വ് ബാങ്കിനു കൈമാറി. അടുത്തതായി വൈദ്യനാഥൻ കമ്മിറ്റി നിർദ്ദേശിച്ച പരിഷ്കാരങ്ങളെല്ലാം നമ്മുടെ സഹകരണ ബാങ്കുകൾക്കു ബാധകമാക്കാനാണ് നീക്കം.
അക്ഷരശ്രീയിലൂടെ കുടുംബശ്രീയെ വിഴുങ്ങാനാണ് ശ്രമം. കേന്ദ്ര പിന്തുണയോടെ FPO-കളും നിധികളും ഹിന്ദു ബ്രാൻഡഡ് സൂപ്പർ മാർക്കറ്റുകളും സാർവത്രികമായി ആരംഭിക്കാനുള്ള ശ്രമം നടക്കുന്നു. ഈ നീക്കങ്ങൾക്കെതിരായിട്ടുള്ള പ്രചാരണവും ചെറുത്തുനില്പും ഉണ്ടാകണം.
ഒരു ദശാബ്ദക്കാലത്തെ നേട്ടങ്ങൾ
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ നേട്ടങ്ങൾ വളരെ വലുതാണ്. ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല സഹകരണ നയം ആവിഷ്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സഹകരണ സംഘ നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചു. ഭരണകാര്യക്ഷമത, ഓഡിറ്റ്, പരിശോധന, ലിക്വിഡേഷൻ തുടങ്ങിയ മേഖലകളിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് ഈ ഭേദഗതികൾ മുന്നോട്ടുവയ്ക്കുന്നത്. സമൂലമായ ഡിജിറ്റലൈസേഷനാണ് സഹകരണ മേഖലയിൽ നടപ്പിലാക്കിവരുന്നത്.
പുഴുക്കുത്തുകൾ
സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ ഭാവിയിൽ ഉണ്ടാകില്ലായെന്ന് ഉറപ്പുവരുത്തുന്നതിന് സർക്കാർ നിയമത്തിലും മാന്വലിലും ഓഡിറ്റിങ്ങിലും നിർവഹണ സംവിധാനത്തിലും വരുത്തിയ മാറ്റങ്ങൾ സഹായകരമാണ്. അതോടൊപ്പം ക്രമക്കേടുകൾ നടന്നൂവെന്നു ഡിപ്പാർട്ട്മെന്റ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ള സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. അവിടുത്തെ നിക്ഷേപകർക്ക് നിക്ഷേപ ഗ്യാരണ്ടി സ്കീമിന്റെ അടിസ്ഥാനത്തിൽ ഗഡുക്കളായി പണം തിരിച്ചുനൽകാനുള്ള നടപടി ശക്തിപ്പെടുത്തണം.
കേരള ബാങ്ക്
എൻആർഐ ഡെപ്പോസിറ്റുകളിലൂടെ കേരള ബാങ്കിന്റെ വിഭവശേഷി ഉയർത്തുകയും അത് പൂർണ്ണമായും നാട്ടിലെ സംരംഭങ്ങൾക്കുവേണ്ടി വായ്പ നൽകാൻ ഉപയോഗിക്കുകയും വേണം. വായ്പ മാത്രമല്ല സംരംഭങ്ങൾ വിജയിപ്പിക്കുന്നതിന് കൺസൾട്ടൻസി വഴിയും മറ്റും പിന്തുണ നൽകുന്ന ഏജൻസിയായി കേരള ബാങ്ക് മാറണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണസംഘങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഏകോപിതവും പ്രവർത്തനക്ഷമവുമാക്കാൻ ശ്രമിക്കണം.
ഇങ്ങനെ, സമൂഹത്തിന്റെ സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി ആവശ്യങ്ങളെ ഒരുമിച്ചു പരിഗണിച്ച് സഹകരണമേഖലയെ കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിന്റെ മുഖ്യചാലകശക്തിയാക്കി മാറ്റുകയാണ് ഭാവി പ്രവർത്തന അജൻഡയുടെ ലക്ഷ്യം. l



