സവിശേഷ പരിസ്ഥിതി പ്രാധാന്യമുള്ളതായി കരുതപ്പെടുന്ന മേഖലയാണ് കേരളത്തിലെ പശ്ചിമഘട്ടം. കേരളത്തിന്റെ ഏകദേശം 48 ശതമാനം വരുന്ന ഈ ഭൂപ്രദേശം സംസ്ഥാനത്തിന്റെ വികസന വാഹകശേഷി നിർണയിക്കുന്നതിൽ വളരെ നിർണായക സ്വാധീനം ചെലുത്തുന്നു. പശ്ചിമഘട്ട മലനിരകൾ കേരളത്തിലെ കാലാവസ്ഥയെയും ജലചക്രത്തെയും ശക്തമായി സ്വാധീനിക്കുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ പശ്ചിമഘട്ടപ്രദേശങ്ങൾ ലോകത്തിലെ എട്ട് വംശനാശസാധ്യതയേറിയ ജൈവവൈവിധ്യ മേഖലകളിൽ ഏറ്റവും ശ്രദ്ധവേണ്ട ഇടമായി കരുതപ്പെടുന്നു.
കുടിയേറ്റവും ഭൂപ്രശ്നങ്ങളും
ഉയർന്ന പ്രദേശങ്ങളിലും പീഠഭൂമികളിലും തോട്ടകൃഷി ആരംഭിച്ചതോടെയാണ് ആധുനിക കാലഘട്ടത്തിലെ കുടിയേറ്റം ആരംഭിച്ചത്. പലഘട്ടങ്ങളിലായി സർക്കാരിന്റെ മുൻകൈയോടെയും നടന്നിട്ടുള്ള കുടിയേറ്റങ്ങളും വേണ്ടത്ര രേഖകൾ ഇല്ലാതെ നൽകിയിട്ടുള്ള പാട്ടങ്ങളും പാട്ടക്കാലാവധിക്ക് ശേഷവും കൃഷിക്കാരെ അവിടെത്തന്നെ തുടരാൻ അനുവദിച്ചതും പാട്ടവ്യവസ്ഥയിൽ നിന്നു വ്യത്യസ്തമായ ഭൂവിനിയോഗവും തുടങ്ങി നാനാവിധ പ്രശ്നങ്ങൾ മൂലം ഭൂപ്രശ്നങ്ങൾ വളരെ സങ്കീർണമാണ്.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെയുള്ള കേരളത്തിലെ പുതിയ ഭൂപതിവ് നിയമം (Land Assignment Act) നിലവിലുള്ള നിയമങ്ങളെ പരിഷ്കരിച്ച്, കൈവശാവകാശങ്ങൾ ക്രമീകരിക്കുന്നതിലും (regularization), ഭൂമി കൈമാറ്റത്തിലെ പിഴവുകൾ പരിഹരിക്കുന്നതിലും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൈവശമുള്ളഭൂമിക്ക് ന്യായവിലയുടെ 1% മുതൽ 50% വരെ ഫീസ് ഈടാക്കി പട്ടയം നൽകാനും, മുൻഗണന പട്ടികജാതി-, പട്ടികവർഗക്കാർക്കും ഭൂരഹിതർക്കും നൽകാനും, വ്യവസ്ഥകൾ ലംഘിച്ചവർക്ക് പിഴയടച്ച് ക്രമീകരിക്കാനും (Regularization) വ്യവസ്ഥ ചെയ്തിരിക്കുന്നു. നിലവിൽ കൈവശം വെച്ചിരിക്കുന്നതും നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടതുമായ ഭൂമികൾക്ക് ഫീസ് ഈടാക്കി പട്ടയം നൽകുന്നതിനും ഭൂമിയില്ലാത്തവർക്ക് രേഖകൾ ലഭ്യമാക്കുന്നതിനും ഇത് സഹായിക്കുന്നു. ഭൂമിയുടെ ഉപയോഗം, വലുപ്പം എന്നിവ അനുസരിച്ച് ന്യായവിലയുടെ (Fair Value) 1% മുതൽ 50% വരെ ഫീസായി ഈടാക്കുന്നതിനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
1971 ആഗസ്ത് 1-ന് മുൻപ് കൈവശം വെച്ചവർക്ക് മുൻഗണന, ഭൂരഹിതർക്ക് പ്രയോജനം, നിശ്ചിത അളവിൽ കൂടുതൽ ഭൂമി കൈവശം വെക്കുന്നവർക്ക് പരിധി എന്നിവ നിലനിർത്തുന്ന രീതിയിലാണ് പട്ടയം ലഭിക്കാനുള്ള വ്യവസ്ഥകൾ ക്രമീകരിച്ചിട്ടുള്ളത്.
പശ്ചിമഘട്ട സംരക്ഷണം
നിരോധനങ്ങളിൽ ഊന്നിക്കൊണ്ടുള്ള ഗാഡ്‌ഗിൽ, – കസ്തൂരിരംഗൻ റിപ്പോർട്ടുകൾ മുഴുവൻ കൃഷിക്കാരെയും ശത്രുപക്ഷത്താക്കി. അതുമൂലം ശാസ്ത്രീയമായ പരിഹാരം ദുഷ്കരമാക്കി. പാരിസ്ഥിതിക ദുർബലതയും, അപകടസാധ്യതയും (ഹസാർഡ്), മാറ്റാനാവാത്ത അവസ്ഥയും (ഇർറിവേഴ്സിബിലിറ്റി) അനുസരിച്ച് ഭൂപ്രകൃതിയെ തരംതിരിക്കുകയും അതിനനുസരിച്ചുള്ള നടപടികൾ നിർദ്ദേശിക്കുകയും ആണ് ഗാഡ്‌ഗിൽ ചെയ്തത്.
നിലവിലുള്ള ജനസംഖ്യയ്ക്ക് ആ ദുർബലത സജീവമായി കുറയ്ക്കാൻ കഴിയുന്ന എഞ്ചിനീയറിംഗ്, പാരിസ്ഥിതിക അല്ലെങ്കിൽ സാമൂഹിക-, സാങ്കേതിക മാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കുകയാണെങ്കിൽ പാരിസ്ഥിതിക ലോല സ്വഭാവമുള്ള ജനവാസ പ്രദേശങ്ങളിൽ പാരിസ്ഥിതിക ദുർബലത കുറയ്ക്കാനും പ്രകൃതി സൗഹാർദ്ദപരമായ പ്രവർത്തനങ്ങൾ നടത്തി മേഖലയെയാകെ സംരക്ഷിക്കാനും കഴിയുമെന്നതിന്റെ ശാസ്ത്രീയ സാധ്യതകൾ അന്വേഷിക്കേണ്ടതുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, പാരിസ്ഥിതിക ശാസ്ത്രത്തെ മനുഷ്യ ഏജൻസിയുമായും അഡാപ്റ്റീവ് ഇടപെടലുമായും സംയോജിപ്പിച്ച് പാരിസ്ഥിതിക ദുർബലാവസ്ഥ ലഘൂകരിക്കാനും ദീർഘകാലയളവിൽ മെച്ചപ്പെട്ട നിലയിൽ പരിരക്ഷിക്കാനും കഴിയുന്നതാണ്. l



